പുറകിലൂടാരെന്റെ മുഖം പൊത്തുന്നു……..
നിമിഷങ്ങൾ –
നീല ഞരമ്പായ് പിടയ്‌ക്കുമ്പോൾ –
വെയിൽ ചായുമോർമ്മയിൽ
ദിശകൾ മറയുമ്പോൾ
ആരു വന്നെൻ നിഴൽ കണ്ണുകൾ
മൂടുന്നൂ…….
അകലത്തെ കാഴ്‌ചയായ്
അലകടൽ തേങ്ങുമ്പോൾ
വ്രണങ്ങളിൽ നഖമാഴ്‌ത്തി
രസങ്ങളെ കവരുമ്പോൾ
തൊണ്ട തടയും കരൾപ്പാട്ടാ-
യാരെന്റെ – കേൾവിയിലുടക്കുന്നൂ……..?
കരിയിലയിലമരുന്നൊ-
രറിയാത്ത ഭീതിയും
കരുവണ്ടു മുരളുന്ന ചിന്തയും
ഇനിയും ചിരിക്കാത്ത നനവാർന്ന മിഴികളും
മാറോടടുക്കുമ്പോൾ
പുറകിലൂടാരെന്നെ തൊട്ടു മറയുന്നൂ……?
വേനൽവരൾച്ചയിൽ വർഷമേഘങ്ങൾ പടിയിറങ്ങുമ്പോൾ
ഇടറും വസന്തത്തി-
ന്നിതളുകളടരുമ്പോൾ
ആരുവന്നെൻ കൺതടങ്ങളി-
ലോർമ്മ തൻ
കനലുരുക്കുന്നൂ….
കാഴ്‌ച്ചകളലറിക്കരയുന്ന
ഇരുൾ വീണ വഴികളിൽ
ഉലയുന്ന മൺചെരാ-
തുടയുന്ന മൗനത്തിൽ
കാൽവഴുക്കും പടിത്തിണ്ണയി-
ലാര്……?
എൻ കാഴ്‌ചകൾ
മറയുന്നൂ…………..
Generated from archived content: poem2_jan15_07.html Author: nikhila_nl
Click this button or press Ctrl+G to toggle between Malayalam and English