റിയാദ്‌ഃ ഈ വർഷത്തെ പൊൻകുന്നം വർക്കി സ്‌മാരക നവലോകം ചെറുകഥാ പുരസ്‌കാരം പ്രവാസി എഴുത്തുകാരനായ ജോസഫ് അതിരുങ്കലിന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘മോഡൽ’ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിനർഹമായത്. പത്തനംതിട്ട അതിരുങ്കൽ സ്വദേശിയായ ജോസഫ് റിയാദിൽ അൽ രാജ്‌ഹി ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ധാരാളം ചെറുകഥകൾ എഴുതിയിട്ടുളള ജോസഫിന്റെ ആദ്യ കഥാസമാഹാരം ‘പ്രതീക്ഷയുടെ പെരുമഴയി’ലാണ്. പുരസ്‌കാരം നേടിയ കഥ ഉൾപ്പെടുത്തി രണ്ടാമത്തെ പുസ്‌തകമായ ‘പുലിയും പെൺകുട്ടിയും’ ഈ മാസം റയിൻബോ ബുക്‌സ് പ്രസിദ്ധീകരിക്കും. അജ്‌മാൻ പ്രതീക്ഷ, ദുബൈ കൈരളി കലാകേന്ദ്രം, ഖത്തർ ഐ.സി.ആർ.സി, റിയാദ് പ്രിയദർശിനി കൾച്ചറൽ ഫോറം, കേളി കലാ സാംസ്‌കാരിക വേദി, റിയാദ് കൈരളി ആർട്‌സ്, ദമാം പളളിക്കൂടം സാംസ്‌കാരിക വേദി എന്നിവയുടെ ചെറുകഥാ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. റിയാദിലെ ചെരാത് സാഹിത്യ സുഹൃത്‌വേദിയുടെ പ്രസിഡന്റും കൈരളി ടി.വി. വ്യൂവേഴ്‌സ് ഫോറം റിയാദ് ഘടകം ചെയർമാനും ‘ഇല’ ഇൻലന്റ് മാഗസിൻ പത്രാധിപ സമിതിയംഗവുമാണ്. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ലൈബ്രറി ജീവനക്കാരിയായ ജീജ ജോസഫാണ് ഭാര്യ. ക്രിസ്, സ്വേത എന്നിവർ മക്കൾ.
Generated from archived content: news_mar17_06.html