ജനസംസ്‌കാര ചലച്ചിത്രകേന്ദ്രം വിവിധ ഫിലിം സൊസൈറ്റികളുടെയും സാംസ്‌കാരികസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തൃശൂർ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം 2006 ഒക്‌ടോബർ 27 മുതൽ നവംബർ 2 വരെ തൃശൂർ നഗരത്തിലെ കൈരളി, ശ്രീ, റീജിയണൽ തിയ്യേറ്ററുകളിലായി നടക്കുന്നു. അടൂർ ഗോപാലകൃഷ്‌ണൻ അഡ്വൈസറി ബോർഡ് ചെയർമാനും ടി.വി.ചന്ദ്രൻ ഫെസ്‌റ്റിവൽ ഡയറക്‌ടറും കെ.സുരേഷ് കുറുപ്പ് എം.പി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും ചെറിയാൻ ജോസഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ സംഘാടകസമിതിയാണ് മേളയെ നയിക്കുന്നത്.
സമകാലീനസിനിമക്ക് പ്രാധാന്യം നൽകുന്ന ഒന്നായാണ് ഫെസ്‌റ്റിവലിന്റെ വിഭാവനം. ലോകവ്യാപകമായി നിശിതമായ സമസ്യകളെ അഭിമുഖീകരിക്കുന്ന ‘ദേശവും സ്വാതന്ത്ര്യ’വുമാണ് ഫെസ്‌റ്റിവലിന്റെ കേന്ദ്രപ്രമേയം. നിരവധി വർഷങ്ങൾ പാലസ്‌തീനിൽ ചെലവഴിച്ച പ്രസിദ്ധ സംവിധായകൻ ഡൊമിനിക് ഡുബോയ്‌സ് തന്റെ പാലസ്‌തീൻ പാക്കേജുമായി തൃശൂർ മേളയിൽ നേരിട്ടെത്തുന്നു. പാലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം അറിയിക്കാൻ തൃശൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പൊതുജനറാലിയും സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.
ലബനോൺ, സിറിയ, ഇറാക്ക്, അൾജീരിയ, ടുണീഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങളിൽ നിന്നുളള അറബ് പാക്കേജ് ഉണ്ടായിരിക്കും. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വാർഷികസ്‌മരണയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുളള സിനിമകളും ഗാന്ധിജിയെക്കുറിച്ച് ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നു. കുട്ടികൾക്കായി ഔട്ട് ഓഫ് സിലബസ്, ബുദ്ധന്റെ 2550-ാം ജന്മവർഷത്തിൽ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമകളടങ്ങിയ പ്രബുദ്ധം, നാടകത്തെ അധികരിച്ച് നിർമ്മിച്ച സിനിമകളടങ്ങുന്ന തിയ്യറ്റർ ഫിലിംസ്, കന്നഡ നവതരംഗസിനിമ, സ്‌റ്റാൻലി ക്വാൻ, റോബർട്ട് ബ്രെസ്സോൺ, അടൂർ ഗോപാലകൃഷ്‌ണൻ എന്നിവരുടെ റെട്രോസ്‌പെക്‌ടീവ്‌സ്, മാസ്‌റ്റേഴ്‌സ്&ക്ലാസിക്്സ്, സമകാലീന ലോക-ഇന്ത്യൻ സിനിമകൾ, ഹോമേജ് എന്നിവയാണ് പ്രധാന പാക്കേജുകൾ.
സാർക്ക് രാജ്യങ്ങളിലെ യുവസംവിധായകർക്ക് മത്സരവിഭാഗം ഇത്തവണത്തെ പ്രത്യേകതയാണ്. ഒന്നംസമ്മാനമായ സത്യജിത് റേ അവാർഡ് ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായ കെ.ഡബ്ല്യു. ജോസഫ് അവാർഡ് അമ്പതിനായിരം രൂപയും സമ്മാനത്തുക ഉൾക്കൊളളുന്നതാണ്.
ഡോക്യുമെന്ററി&ഹ്രസ്വചിത്രങ്ങളുടെ ലോകോത്തരമേളയായ, അമ്പതാണ്ട് തികഞ്ഞ ഒബർഹോസൺ മേളയിൽ ഇതഃപര്യന്തം കാണിച്ച ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്തവ പ്രദർശിപ്പിക്കുന്നു. ആ മേളയുടെ ഡയറക്‌ടർ ഏഞ്ചലാ ഹാർട്ട്, ശബ്‌നാ ആസ്‌മി, ശ്യാം ബെനഗൽ, അപർണ്ണാ സെൻ തുടങ്ങിയ സിനിമാപ്രവർത്തകരും വിമർശകരും ഡെലിഗേറ്റുകളോട് സംവദിക്കാനായി തൃശൂരിലെത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.
സമകാലീന സിനിമ നേരിടുന്ന പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്താരാഷ്‌ട്രപ്രശസ്‌തി നേടിയവർ നടത്തുന്ന പവിത്രൻ സ്‌മാരക പ്രഭാഷണം ഇക്കൊല്ലം മുതൽ ആരംഭിക്കുന്നു. ബുദ്ധചിന്ത, ദേശവും സ്വാതന്ത്ര്യവും എന്നീ വിഷയങ്ങളിൽ രണ്ട് ദേശീയ സെമിനാറുകളും തിരക്കഥാ ശില്‌പശാലയും ക്യാമ്പസുകളിലേക്ക് ടൂറിങ്ങ് ഫെസ്‌റ്റിവലും ഏഴ് മീറ്റ് ദ ഡയറക്‌ടേഴ്‌സ് ചടങ്ങുകളും ഫെസ്‌റ്റിവൽ ബുക്കും മേളയുടെ ഭാഗമായി ഒരുക്കുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായി, സിനിമയുടെ അന്താരാഷ്‌ട്രഭൂപടത്തിൽ തൃശൂരിനെ അടയാളപ്പെടുത്താൻ സഹായിച്ചത് ചലച്ചിത്രപ്രേമികളുടെ അകമഴിഞ്ഞ സഹായമാണ്. ഡെലിഗേറ്റ് പാസ്, സ്‌റ്റുഡന്റ്‌സ് പാസ്, ഫാമിലി പാസ് എന്നിവക്കുളള അപേക്ഷാഫോറത്തിനായി നേരിട്ടോ, 0487 3207726, 9388462148, 9349191925 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ 300&150&500 രൂപയുടെ ഡി.ഡി സഹിതം ഡയറക്‌ടർ, ഐ.എഫ്.എഫ്.ടി. 2006, ചിരിയങ്കണ്ടത്ത് ബിൽഡിംഗ്‌സ്, പോസ്‌റ്റ് ഓഫീസ് റോഡ്, തൃശൂർ-1 എന്ന വിലാസത്തിൽ തപാലിലോ, നേരിട്ടോ എത്തിക്കേണ്ടതാണ്.
Generated from archived content: news1_sept11_06.html