മലേഷ്യൻ കമ്പനിയുടെ പ്രൊജക്‌ട് മാനേജർ ലീയുടെ മരണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനാണെന്ന് കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. ആലുവായിൽ കേരള കോൺഗ്രസ് ജില്ലാ ക്യാമ്പ് ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറംഃ- പ്രിയ ജോസഫ് സാറേ, മാസം ആറുകഴിഞ്ഞു. ഇനിയും യു.ഡി.എഫിനെ പ്രാകി കാലം കഴിച്ചാൽ മതിയോ? ധന-പൊതുമരാമത്ത് വകുപ്പുകളിലെ അഴിമതിമൂലമാണ് ലീ തന്റെ ജീവൻ വെടിഞ്ഞതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. കിടത്തി ഉറക്കുകയില്ല ലീയുടെ ആത്‌മാവ്. വിമാനത്തിൽ നിന്നിറങ്ങി, പാട്ടുപാടി നടന്ന് ഏതാണ്ട് പ്രാന്തുപിടിച്ച അവസ്ഥയിലാണ് ലീയുടെ ആത്മഹത്യ ഇടിവെട്ടുപോലെ ജോസഫിന്റെയും പിന്നെ കുരുവിള മന്ത്രിയുടേയും മുന്നിൽ വെട്ടിവീണത്. ഏതായാലും കേരളത്തിലെ റോഡ് നന്നാക്കാൻ വന്ന വിദേശിയുടെ ഗതി ഇങ്ങനെയാണെങ്കിൽ നാട്ടുകാരുടെ സ്ഥിതി എന്തായിരിക്കും. രക്തസാക്ഷികളെ സൃഷ്ടിക്കാൻ എന്നും കേമൻമാരാണല്ലോ നമ്മൾ. ലീയും വയനാട്ടിൽ ആത്മഹത്യ ചെയ്‌ത കർഷകരും ഒരേ തൂവൽ പക്ഷികൾ തന്നെ.
Generated from archived content: news1_nov27_06.html