മെയ് 14 മുതൽ 25 വരെ ഫ്രാൻസിലെ ക്യാൻസിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ “ഷോർട്ട് ഫിലിം കോർണ്ണറിൽ” എക്‌സ്‌പെരിമെന്റൽ വിഭാഗത്തിലാണ് മലയാളകവിയും ചലച്ചിത്രകാരനുമായ ജയൻ കെ.സിയുടെ “ഇന്നർ സൈലെൻസ് ഓഫ് ദ് ടുമുൾട്ട്” എന്ന ഹൃസ്വചിത്രം പ്രദർശിപ്പിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ഒരു കശാപ്പുകടയിൽ പകലന്തിയോളം പണിയെടുക്കുന്ന ഒരു കുടിയേറ്റത്തൊഴിലാളിയുടെ ആന്തരികജീവിതത്തിന്റെയും ആത്മാന്വേഷണങ്ങളുടെയും ആവിഷ്‌കരണമാണ് എട്ടു മിനിട്ട് ദൈർഘ്യമുളള ഈ ചിത്രം.
സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിന്റെ ഹണ്ടർ കോളജിൽനിന്നും സിനിമയിലും ക്രീയേറ്റീവ് റൈറ്റിങ്ങിലും ബിരുദങ്ങളെടുത്തിട്ടുളള ജയൻ ഹോളിമാസ്സ്, ട്രീ ഓഫ് ലൈഫ്, ക്യാപ്‌ച്ചറിങ്ങ് ദ് സൈൻ ഓഫ് ഗോഡ്, ഹിഡെന്റിറ്റി, സിമുലക്ര ദ് റിയാലിറ്റി ഓഫ് ദ് അൺറിയൽ, സോൾ ഓഫ് സോളമൻ എന്നിങ്ങനെ നിരവധി ഹ്രസ്വ ചിത്രങ്ങളെടുത്തിട്ടുണ്ട്. 2007 മാർച്ചിൽ ഹണ്ടർ കോളജിൽ പ്രശസ്‌ത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിയരോസ്താമി നയിച്ച് ചലച്ചിത്ര ശിൽപശാലയിൽ പങ്കെടുത്തു. ആയോധനത്തിന്റെ അച്ചുതണ്ട് (1996), അയനം വചനരേഖയിൽ (1999), പോളിമോർഫിസം (2002), പച്ചക്ക് (2006) എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് (2002), പുത്തങ്കാവ് മാത്തൻ തരകൻ അവാർഡ് (1996), മലയാളപത്രം അവാർഡ് (1996-97), ഫൊക്കാന അവാർഡ് (1994, 96) എന്നിവ ലഭിച്ചിട്ടുണ്ട്.
Generated from archived content: news1_may9_08.html
Click this button or press Ctrl+G to toggle between Malayalam and English