മുത്തശ്ശിക്കഥയിലെ
മണ്ണാങ്കട്ട ഞാൻ;
നീയോ കരിയില…..
ഏതോതരുവിന്റെ തനയയാം നിന്നെ
കാലം തല്ലിക്കൊഴിച്ചതോ,
അതോ സ്വയം അടർന്നതോ
അതുമല്ലെങ്കിൽ
എനിക്കായൊരു പുതുജന്മമോ….
ഏതുവഴിവക്കിലെന്നോ
നാം കണ്ടുമുട്ടി
ഏതോനിമിത്തങ്ങൾ
നമ്മെ ചേർത്തണച്ചു.
കഥകൾപറഞ്ഞും കണ്ണീർ പങ്കിട്ടും
കാലം കടന്നുപോയ്…..
കോരിച്ചൊരിഞ്ഞൊരുപെരുമഴയത്ത്
നിന്റെ ഓർമ്മകൾ
എനിക്ക്‌മേലൊരു കുടനിവർത്തി
ഞാനലിയാതെ കാവലായ് നീ.
മറ്റൊരിക്കൽ
ഒരുപവനനും പറത്താനാകാത്തവിധം
നിന്റെമേൽ ഞാനമർന്നിരുന്നു….
നാമൊന്നുചേർന്നു….
ഇന്ന് നീയുംഞ്ഞാനും ഭയക്കുന്നു
എപ്പോഴാണ്
കാറ്റുംമഴയും ഒരുമിച്ചെത്തുക?
കലിപൂണ്ടദൈവത്തിന്റെ വിധിയുമായ്…..
ഒടുക്കം പഞ്ചഭൂതങ്ങളി-
ലൊന്നാകുമെന്ന
സ്വപ്‌നത്തിൻപുതപ്പിൽ നമുക്കൊളിക്കാം
നമ്മെ കാണായ്‌കയാൽ
മരണം നമ്മെ മറന്നേക്കും
എന്നേയ്‌ക്കുമായ് മറന്നേക്കും…
Generated from archived content: poem1_sep2_10.html Author: nelson_sasthamkotta