മകളേ മറക്കരുത്
പുരുഷന്റെയൊളിപ്പിച്ച ക്യാമറക്കണ്ണുകൾ
ചതിയുടെ ബ്ലൂട്ടൂത്തുകൾ പതിയിരിക്കാം
അവന്റെ പ്രണയത്തിലും
പിന്നെ മനസ്സിലും…..
അവരിൽ ചിലർക്കിത് തമാശ,
അല്ലെങ്കിലൊരു പന്തയലഹരി
പ്രണയപത്‌മവ്യൂഹത്തിലൊരു
ചിറകറ്റ ശലഭം നീ…..നീയതറിഞ്ഞതില്ല
നഷ്‌ടമായ നിൻ സ്വകാര്യത
ഒരു ചിത്രത്തിലും അവന്റെ മുഖമില്ല
ഉള്ളത് നിന്റെ മുഖവും, നഗ്‌നമേനിയും.
പിന്നെ പുഴുവരിച്ച നിന്നുടൽ
നഗ്‌നമാക്കുന്നത്
മരിക്കാത്ത കുടുംബത്തെ മാത്രം….
മോർച്ചറിപരിസരത്തും
കോടതിവളപ്പിലും
നാലുപേർകൂടുന്ന നാൽക്കവലകളിലും
അഭയമില്ലാത്ത ജന്മങ്ങൾ
അലയുമിനിയുമനാഥമായി……
പുരോവർഗ്ഗത്തിന് ഹിതമനുഷ്‌ടിക്കാൻ
ഇനിയുമേറെപുരോഹിതർ
നരബലിക്കിനിയും പെൺപൂവേണം;
മതമേതാകിലും നിറമേതാകിലും
അമ്മിഞ്ഞമണക്കുന്ന കുരുന്നാകിലും…
വിരുന്നൊരുക്കാനും വിളമ്പാനും
പിന്നെ വിരുന്നായ്‌മാറാനുമവൾവേണം
മനുസ്‌മൃതിതൻ തണലിലൊരു
ചെന്നായ് മയങ്ങുന്നു
അവന്റെ ചുണ്ടിലെപ്പോഴും ചോരമണം
ദുർഗ്ഗയായിനിയും
നീ പുനർജ്ജനിക്ക……
വിഛേദിക്ക
നിന്നെ വിവസ്‌ത്രമാക്കിയ എല്ലാകരങ്ങളും
ദഹിപ്പിക്ക
നീ പങ്കുവയ്‌ക്കപ്പെട്ട ഓരോ തീരവും….
നൃത്തമാടട്ടെ ആ കബന്ധങ്ങൾ
ഓരോതെരുവിലും
പിന്നെ ജീവക്ക നീ
എല്ലാ ഋതുവിലും പുഷ്‌പിതയായി.
Generated from archived content: poem1_nov2_09.html Author: nelson_sasthamkotta
Click this button or press Ctrl+G to toggle between Malayalam and English