സാറാ

ഉച്ചവെയിൽ ഉരുകി വീണുകൊണ്ടിരുന്ന മുറ്റത്ത്‌ പറന്നു കളിക്കുന്ന വലിയ തുമ്പികളെ നോക്കി സാറാ ഇരുന്നു. തുമ്പികളെ അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോൾ അവ പറക്കുന്നത്‌ വെയിലിൽ വരച്ച ഒരു വരയിലൂടെയാണെന്ന്‌ സാറായ്‌ക്ക്‌ തോന്നി. പടിതൊട്ട്‌ പൂമുഖംവരെ നീളുന്ന വരയിൽനിന്നും തെന്നിമാറാതെ എത്ര ശ്രദ്ധിച്ചാണ്‌ അവ കളിക്കുന്നത്‌. വരയ്‌ക്ക്‌ ഒരൽപ്പംകൂടി നീളമുണ്ടായിരുന്നെങ്കിൽ തുമ്പികൾക്ക്‌ സാറായെ വന്ന്‌ തൊടാമായിരുന്നു. പക്ഷെ സാറായുടെ അടുത്ത്‌ വരാതെ തുമ്പികൾ പടിക്കലേക്ക്‌ മടങ്ങുകയാണ്‌. ഈ വെയിലത്ത്‌ ഇവറ്റയുടെ ഒരു കളി. സാറായ്‌ക്ക്‌ ചിരിക്കണമെന്ന്‌ തോന്നി.

തുമ്പികളുടെ ഇടയിലൂടെ പടിയ്‌ക്കപ്പുറത്ത്‌ ഇടവഴിയിലേക്ക്‌ സാറാ കണ്ണുകൾ നീട്ടി. ഇടവഴി മയങ്ങി കിടക്കുന്നു. ആരെങ്കിലും ഈ വഴിയിലൂടെ നടന്നു പോയിരുന്നെങ്കിലെന്ന്‌ സാറാ കൊതിച്ചു. എന്തിനാ ഇങ്ങനെയൊരു വഴി ആർക്കും വേണ്ടാണ്ട്‌…. ഈ മനുഷ്യരൊക്കെ ഏത്‌ വഴിയിലൂടെയാണാവോ നടക്കണത്‌. സാറായ്‌ക്ക്‌ അതിശയം തോന്നി. ഭാസ്‌ക്കരന്റെ പറമ്പില്‌ ആരോ നിൽക്കണ്‌ണ്ട്‌. സാറാ കണ്ണുകൾ കൂർപ്പിച്ച്‌ വെയിലിലേക്ക്‌ നോക്കി. കണ്ണിൽ ഇരുട്ട്‌ വീഴുന്നു. ഇല്ല, ആരെന്ന്‌ മനസ്സിലാവണില്ല. ഭാസ്‌ക്കരനാണോ, ആരോ ഒരാള്‌ അവിടെ നിൽപ്പുണ്ട്‌. ഇനി യാക്കോബാണോ? ആരാ, ക്ലാരയല്ലേ പറഞ്ഞത്‌ യാക്കോബ്‌ ഭാസ്‌ക്കരന്റെ പറമ്പില്‌ പണിക്ക്‌ വരണുണ്ടെന്ന്‌. ചെലപ്പോ യാക്കോബായിരിക്കും. അവനാണെങ്കി ഇവിടെ ഒന്നു വരാതിരിക്കോ. അവൻ അവിടെ എന്ത്‌ പണിയാ ചെയ്യണത്‌? നോക്കി, നോക്കി സാറായുടെ കണ്ണുകഴച്ചു. കാഴ്‌ച കലങ്ങി. സാറായുടെ കണ്ണിൽ ഭാസ്‌ക്കരനോ, യാക്കോബോ തെളിഞ്ഞുവന്നില്ല. ഉച്ചവെയിലും വിശ്രമമില്ലാതെ പറക്കുന്ന ഒരുപറ്റം തുമ്പികളും മാത്രമായിരുന്നു ആ കാഴ്‌ചവട്ടത്തിൽ. സാറാ ആ തുമ്പികളെ തന്നെ നോക്കിയിരുന്നുകൊണ്ട്‌ ഓർമ്മകൾക്കുചുറ്റും പരവശത്തോടെ കറങ്ങാൻ തുടങ്ങി. പാടവരമ്പത്ത്‌ നിന്ന്‌ ഒരു വെളുത്ത കൊക്ക്‌ പേടിച്ച്‌ പറന്നുപൊങ്ങുന്നു. പരലുകൾ തുടിക്കുന്ന തോട്‌ ഒഴുകിയൊഴുകി പോകുന്നു….കൈതക്കാടിന്റെ മറവിൽനിന്ന്‌ നീണ്ടുവരുന്ന കണ്ണുകൾ…കതിരിട്ട നെൽച്ചെടികൾ ചാഞ്ഞു വീഴുന്നു….ഓർമ്മകളുടെ കെട്ടുകളിൽ കുരുങ്ങിക്കിടന്ന്‌ സാറാ ദയനീയമായി പിടഞ്ഞു. ഒന്നു വെയർത്തിരുന്നെങ്കി…ഇലകളീന്ന്‌ ഒരു കാറ്റ്‌ വന്നെങ്കി…ഭാസ്‌ക്കരന്റെ പറമ്പീന്ന്‌ ആരെങ്കിലും എറങ്ങിവന്നെങ്കി….എടവഴിയിലൂടെ ആരെങ്കിലും ഒന്നു പോയിരുന്നെങ്കി…ഒരു കിളിപോലും മിണ്ടുന്നില്ലല്ലോ…ഈ തുമ്പികള്‌ മാത്രം എന്താണിങ്ങനെ. ഭാസ്‌ക്കരന്റെ പറമ്പില്‌ എന്തായാലും ഒരാള്‌ നിൽപ്പുണ്ട്‌. യാക്കോബ്‌ തന്നെ അല്ലാതാരാ? നെനക്ക്‌ എന്തെങ്കിലും വിളിച്ച്‌ ചോദിക്കാലോ… നിന്റെ കൈയ്‌ക്ക്‌ ഇപ്പഴും നല്ല ബലണ്ട്‌ല്ലേ…ആ വെളളകൊക്ക്‌ പേടിച്ച്‌ പറന്നതെന്തിനാർന്നു? ഉവ്വ, എന്റെ ഓർമ്മകള്‌ തെളിയണ്‌ണ്ട്‌…കുറ്റികൊണ്ട്‌ എന്റെ ചോരയൊഴുക്കീത്‌, ഞാൻ വേദന കടിച്ചമർത്തീത്‌…പിന്നെ…സാറാ പിടഞ്ഞു. തൊണ്ട വരളുന്നു. ക്ലാര അപ്പുറത്തെങ്ങാനുണ്ടാവോ? സാറാ പതുക്കെ തല ചരിച്ചു. അടുക്കളേന്ന്‌ ഒച്ചയൊന്നും കേൾക്കാനില്ല.

ക്ലാര ഇവിടെയില്യേ….നര വീശിയ ശിരസ്സ്‌ മെലിഞ്ഞ്‌ വിളറിയ കൈകൾകൊണ്ട്‌ അമർത്തി വെയിൽനാളങ്ങളിലേക്ക്‌ തന്നെ സാറാ നോക്കിയിരുന്നു. മുറ്റത്തിന്‌ തീ പിടിച്ചിരിക്കുന്നു. തുമ്പികൾ സഞ്ചരിക്കുന്ന വര സാറായുടെ കണ്ണുകൾ വരെ നീണ്ടിരിക്കുന്നു. മുറ്റത്തിന്റെ പകുതിയും കഴിഞ്ഞ്‌ തുമ്പികൾ മുന്നോട്ട്‌ വരുന്നു. അവയ്‌ക്ക്‌ വല്ലാതെ വലുപ്പം വച്ചിരിക്കുന്നതായി സാറാ കണ്ടു. കണ്ണുകൾ ജ്വലിക്കുന്നു, പല്ലുകൾ തിളങ്ങുന്നു. നിരനിരയായി അവ അടുത്തു വരുകയാണ്‌. സാറാ ക്ലാരയെ വിളിക്കാൻ ശ്രമിച്ചു. ശബ്‌ദം പുറത്ത്‌ വരാതെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. തുമ്പികൾ ഒന്നൊന്നായി സാറായുടെ കണ്ണുകളെ തുളച്ച്‌ തലയിലേക്ക്‌ കയറുകയാണ്‌. സാറാ കണ്ണുകൾ ഇറുക്കിയടച്ചു. തലയ്‌ക്കുളളിൽ തുമ്പികളുടെ ചിറകടിയൊച്ചകളും, മൂളലുകളും. ഞരമ്പുകൾ കടിച്ചു പൊട്ടിക്കുന്നു, ചോരയൊലിക്കുന്നു….ക്ലാരേ, നീ ഈ തലയൊന്നു വെട്ടി ദൂരേയ്‌ക്കെറിയ്യോ. നീ കണ്ടില്ലേ, ഇവിടെ പറന്ന്‌ നടന്ന തുമ്പികളൊക്കെ എന്റെ തലേല്‌ കയറീത്‌…ഇതിന്‌ വേണ്ടിയായിരുന്നു ഇവറ്റകള്‌ ഇത്രേം നേരം ഈ വെയ്‌ലത്ത്‌ മുങ്ങാംകുഴിയിട്ട്‌ കളിച്ചത്‌. എന്റെ തലയ്‌ക്ക്‌ തീ പിടിച്ചിരിക്കണു, കൊറച്ച്‌ വെളളമെടുത്ത്‌ നീ തലേല്‌ കമഴ്‌ത്ത്‌…എന്തിനാ ഈ സാധനങ്ങളൊക്കെ ഓരോ ദെവസോം എന്റെ തലേല്‌ എരച്ച്‌ കയറണത്‌…ഇന്നലെയല്ലേ ആ വേലീന്ന്‌ കൊമ്പുളള പ്രാണികള്‌ നിര നിരയായി വന്നത്‌….മിനിഞ്ഞാന്ന്‌…മിനിഞ്ഞാന്ന്‌ എന്തായിരുന്നു? അതിനുമുൻപ്‌ പടിഞ്ഞാറെ പാടത്തെ ഞണ്ടുകള്‌ മുഴുവനും കൊമ്പുവിടർത്തികൊണ്ട്‌ വന്നുകയറി….അതിനുമുൻപ്‌…എനിയ്‌ക്കൊന്നും ഓർമ്മേല്യ ക്ലാരേ. നിനക്കൊക്കെ ഓർമ്മേണ്ടല്ലോ. എന്റെ തലേല്‌ ഓരോ ദെവസോം, ഓരോന്ന്‌ വന്ന്‌ കയറാൻ തൊടങ്ങീട്ട്‌ എത്ര വർഷായി. ന്നാ, കൊറച്ച്‌ ദിവസം മുൻപ്‌ നീ നിന്റെ കൂട്ടുകാരിയോട്‌ പറഞ്ഞത്‌? ഞാനതും മറന്നു. ഓർത്ത്‌ വെച്ചതാർന്നു. എന്തൊക്കെയായാലും നീയെന്നെ കാര്യായിട്ട്‌ നോക്കണുണ്ടല്ലോ. സ്‌നേഹിക്കുന്നുണ്ടല്ലോ…ഞാനറിഞ്ഞു….നിന്റെ ആ ആലോചനേം ഞാൻ കാരണം മൊടങ്ങീത്‌ ഞാനറിഞ്ഞു. നീയെത്ര വാ മൂടിയാലും നിന്റെ അപ്പൻ എന്നെ ശപിക്കണത്‌ ഞാൻ കേൾക്കാതിരിക്കോ…ക്ലാരമ്മേ നീയവിടെ എന്തെടുക്കാണ്‌? എന്റെ തല പിളരുന്നു, നീ ഈ കഴുത്തൊന്ന്‌ പിരിക്ക്‌….എനിയ്‌ക്ക്‌ കൊറച്ച്‌ വെളളമെങ്കിലും താ….

ഓരോ ചുവടും വെച്ച്‌ വേദനയുടെ കൊടുമുടിയിലെത്തിയപ്പോൾ സാറാ പതുക്കെ കണ്ണുകൾ തുറന്നു. ഇഴഞ്ഞിഴഞ്ഞ്‌ ഇവിടെവരെ എത്തുവാനാണ്‌ പ്രയാസം. പിന്നെ സാറായും, വേദനയും ഒന്നായി മാറുന്നു. പതിമൂന്ന്‌ സ്ഥലങ്ങളിലേയും യാതനകൾ അനുഭവിച്ചുകൊണ്ട്‌ മലമുകളിലെ പതിനാലാം സ്ഥലത്ത്‌ എത്തിയവനെപ്പോലെ സാറാ ആശ്വസിച്ചു. കണ്ടില്ലേ…സാറാ നോക്കി. മുറ്റത്ത്‌ ഒരൊറ്റ തുമ്പിയുമില്ല. അതുങ്ങള്‌ നടന്ന വരേം കാണാനില്ല. തലയ്‌ക്കുളളിലിരുന്ന്‌ അവ തലച്ചോറല്ലേ തിന്നണത്‌. തിന്നട്ടെ…എത്ര തിന്നാലും ബാക്കീണ്ടാവും എന്റെ തലേല്‌. നാളേം വന്നു കയറണവർക്ക്‌ വേണ്ടേ? ഭാസ്‌ക്കരന്റെ പറമ്പില്‌ ആരുംല്യ. കണ്ണ്‌ ഇപ്പോ തെളിഞ്ഞു. യാക്കോബ്‌ ചോറുണ്ണാൻ പോയോ? ക്ലാരയല്ലേ പറഞ്ഞത്‌, അവളല്ലാതെ ആരാ പറയാൻ, യാക്കോബ്‌ അവിടെ പണിക്ക്‌ വരണ്‌ണ്ട്‌ന്ന്‌. വൈകീട്ട്‌ അവൻ ഇവിടെവരെ ഒന്നു വരാതിരിക്ക്യോ? നീ ഇപ്പഴും പടിഞ്ഞാറെ പാടോം കയറിയാണോ പോണത്‌? ആ തോടും നീന്തി…കുന്നത്തുകാരുടെ കണ്ടങ്ങളും, പൊന്തക്കാടും കടന്ന്‌….

‘അമ്മായി എന്താ ഈ പിറുപിറുക്കണേ?“

സാറ ഒന്നു ഞെട്ടി.

ക്ലാര സാറായുടെ അടുത്ത്‌ വന്ന്‌ തലയിൽ മെല്ലെ തലോടി.

”ഇപ്പോ തലവേദനയുണ്ടോ? സമയം, എത്രയായീന്നാ അമ്മായീടെ വിചാരം? ചോറുവേണ്ടേ?“

ക്ലാര സാറായുടെ കൈയ്യിൽ പിടിച്ചു. ’വാ എണീക്ക്‌…‘

സാറാ ക്ലാരയെ സൂക്ഷിച്ചുനോക്കി. ക്ലാര പൂത്തുലഞ്ഞ്‌ നിൽക്കുന്നു. അവളുടെ നെഞ്ചിലെ കുടുക്കുകൾ പൊട്ടാൻ പോകുന്നു. പൊട്ടിച്ചിതറാൻ പോകുന്ന പഞ്ഞികായ്‌കളെ അപ്പോൾ സാറയ്‌ക്ക്‌ ഓർമ്മവന്നു.

”അമ്മായി എന്തായിങ്ങനെ തുറിച്ച്‌ നോക്കണെ?“ ക്ലാര ഒരൽപ്പം അസ്വസ്ഥതയോടെ സാറായുടെ കൈവിട്ടു.

സാറാ വീണ്ടും വീണ്ടും അവളെ നോക്കി. കുടുക്കുകൾ പൊട്ടുന്നു, പഞ്ഞിക്കാഴ്‌കൾ ചിതറുന്നു….

ആ ആലോചനേം….നീയെന്താ തലോടല്‌ നിർത്തീത്‌ ക്ലാരേ? തടവി, തടവി ഈ തലയൊന്ന്‌ പിരിക്ക്‌….സാറായ്‌ക്ക്‌ പറയണമെന്നുണ്ടായിരുന്നു. ’ചോറ്‌ വെളമ്പി വെച്ചിട്ടുണ്ട്‌, വിളിച്ചാമതി….ഞാനൊന്ന്‌ മയങ്ങാൻ പോണു.” അകത്തേക്ക്‌ മറയുന്നതിനു മുൻപ്‌ അവൾ ഓർമ്മപ്പെടുത്തി.

‘അപ്പച്ചൻ വരണേന്‌ മുൻപ്‌ അവിടെന്ന്‌ ഒന്ന്‌ എണീക്കിട്ടോ.’

ക്ലാരേ നീ പോവാണോ, എന്റെ തൊണ്ട നനയ്‌ക്കാൻ ഒരിറ്റുവെളളം നീ തന്നില്ലല്ലോ. കൊറച്ചുനേരം കൂടി നീയെന്റെ അടുത്ത്‌ നിന്നില്ലല്ലോ അൽപ്പം നേരംകൂടി എന്റെ തലയൊന്ന്‌ നിനക്ക്‌ തടവി തരാർന്നൂലോ. നിന്റെയപ്പൻ വരാറായില്ലല്ലോ. അതുവരെ ഞാനിവിടെ തന്നെയൊന്നു ഇരുന്നോട്ടെ. അകത്തെ ഇരുട്ടില്‌ കണ്ണടച്ച്‌ കെടക്കാൻ രാത്രിയൊന്നും ആയില്ലല്ലോ. ഈ വഴിയിലൂടെ ആരെങ്കിലും പോയാ എനിയ്‌ക്കൊന്ന്‌ കാണാലോ. ഒരു കാറ്റെങ്ങാനും ഊതാണെങ്കി ആ തെങ്ങുകള്‌ ഒന്നനങ്ങണത്‌ കാണാലോ…പിന്നെ ക്ലാരേ, നീയല്ലേ പറഞ്ഞത്‌ നീയല്ലാതെ ആരാ പറയ്യാൻ? യാക്കോബ്‌ ഭാസ്‌ക്കരന്റെ പറമ്പില്‌ പണിക്ക്‌ വരണ്‌ണ്ട്‌ന്ന്‌. അവൻ ഇവിടെവരെ ഒന്നു വരാതിരിക്കോ? ക്ലാരേ ദാ നോക്ക്‌ എന്റെ തലയ്‌ക്കകത്ത്‌ വീണ്ടും ഒച്ചകൾ കൂടുന്നു. ആ തുമ്പികളുടെ വിശപ്പ്‌ കെടണില്ല. എന്റെ തല തൊരന്ന്‌ തിന്നിട്ടും ഇവറ്റകളുടെ കൊതി തീരണില്ലല്ലോ. തുമ്പികളൊക്കെ ഇപ്പോ തലച്ചോറാണോ തിന്നണത്‌? എനിയ്‌ക്കൊന്നും അറിയില്ല ക്ലാരേ ഒന്നും….

കൈകൾകൊണ്ട്‌ തലയ്‌ക്ക്‌ താങ്ങുകൊടുത്ത്‌ സാറാ ഇരുന്നു. മുറ്റത്ത്‌ വെയിൽ തിളച്ച്‌ പൊന്തുന്നു. ഭാസ്‌ക്കരന്റെ പറമ്പിലെങ്ങാനും ഒരു കാറ്റ്‌ വീശുന്നുണ്ടോ. സാറാ കണ്ണുകൾ അടയ്‌ക്കുകയും, തുറക്കുകയും ചെയ്‌തു. സമയമെന്തായി കാണും? ക്ലാരയല്ലേ പറഞ്ഞത്‌ സമയം കൊറെയായെന്ന്‌. അവളുടെ അപ്പൻ വരാറായോ? സാറാ മുറ്റത്തേക്കും ഇടവഴിയിലേക്കും സൂക്ഷിച്ചു നോക്കി. വെയിലിൽ സമയം മരിച്ചു കിടക്കുന്നു. ക്ലാരയുടെ അപ്പൻ വരണമെങ്കി വെയിലാറണം. മുറ്റത്ത്‌ നിന്ന്‌ ഇന്ന്‌ വെയില്‌ പോവില്ല. യാക്കോബിന്‌ പോലും ഇന്ന്‌ ഉച്ച കഴിയില്ല…ക്ലാരേ നീ സുഖായി മയങ്ങിക്കോ…എനിയ്‌ക്ക്‌ അൽപ്പം വെളളം വേണം തലയൊന്നു തണുപ്പിക്കാൻ, തൊണ്ടയൊന്ന്‌ നനയ്‌ക്കാൻ…ഇന്ന്‌ ഉച്ച തിരിയില്ല, പിന്നെങ്ങനാ എന്റെ തല ഒന്നാറണത്‌? ക്ലാരമ്മേ, എനിയ്‌ക്ക്‌ ദാഹിക്കുന്നു…പക്ഷെ നീ ഒറങ്ങിക്കോ….സുഖായി മയങ്ങിക്കോ….

സാറാ വിറച്ച്‌ വിറച്ച്‌ കൊണ്ടെണീറ്റു. കാലുകൾ കുഴയുന്നു. ശരീരം വിറയ്‌ക്കുന്നു. തൂണിൽ അൽപ്പനേരം പിടിച്ചു നിന്നുകൊണ്ട്‌ സാറാ നടക്കല്ലിൽ ചവിട്ടി. ഇനി മുറ്റത്തേക്കാണ്‌. സാറാ കാലുകൾ പതുക്കെയെടുത്ത്‌ ചുട്ടുപൊളളുന്ന മുറ്റത്ത്‌ വെച്ചു. തീക്കനലിൽ ചവിട്ടിയതുപോലെ സാറാ ഞെട്ടി. പാദങ്ങൾക്ക്‌, ഇപ്പോൾ തീ പിടിക്കും. കണ്ണിൽ ഇരുട്ട്‌ കയറുന്നു. ഒരാന്തലിൽ സാറാ ചുവടുകൾ വച്ചു. മുറ്റം മുറിച്ചു കടക്കുമ്പോൾ സാറായുടെ കണ്ണുകൾ ഇടവഴിയും കഴിഞ്ഞ്‌ നീണ്ടു. ഭാസ്‌ക്കരന്റെ പറമ്പിൽ ആരുമില്ല. ക്ലാരയല്ലേ പറഞ്ഞത്‌. അവളല്ലാതെ ആരാ പറയാൻ? യാക്കോബ്‌…

മുറ്റം കടന്ന്‌ തെക്ക്‌ വശത്തേക്ക്‌ തിരിഞ്ഞപ്പോൾ കാലുകൾ ഉറച്ച്‌ തുടങ്ങി. കണ്ണുകൾ തെളിഞ്ഞു വരുന്നുണ്ട്‌. തല താഴ്‌ത്തി നിൽക്കുന്ന തെങ്ങുകളും, ഇലകളില്ലാത്ത പാഴ്‌മരങ്ങളും കഴിഞ്ഞ്‌ സാറാ നടന്നുകൊണ്ടിരുന്നു. തല പുകയുന്നു, ശരീരം പൊളളുന്നു, തൊണ്ട പൊട്ടുന്നു. കൊറച്ച്‌ വെളളം…സാറാ കിതച്ചു. വെയിലിൽ ആളികത്തിയതുപോലെ പരിഭ്രാന്തിയോടെ ചുവടുകൾ വെച്ച്‌ തെക്കേ കുളത്തിന്റെ കരയിൽ സാറാ ചെന്നുനിന്നു. മുകളിൽ സൂര്യൻ ശൗര്യത്തോടെ ജ്വലിച്ചു നിന്നിട്ടും, വെളളം നിറഞ്ഞുനിൽക്കുന്ന കുളത്തേയും, ഓരത്ത്‌ പൂത്ത്‌ നിൽക്കുന്ന സുന്ദരിച്ചെടികളേയും കണ്ടപ്പോൾ സാറായുടെ കണ്ണുകൾ വിടർന്നു. കുളം സാറായെ സ്‌നേഹത്തോടെ മാടി വിളിച്ചു. സാറായ്‌ക്ക്‌ കൊതിയായി.

വെളളം…തല തണുപ്പിക്കാൻ, തൊണ്ട നനയ്‌ക്കാൻ. സാറായ്‌ക്ക്‌ ധൃതിയായി.

വെളളത്തെ തൊട്ടപ്പോൾ സാറാ കോരിത്തരിച്ചു. സാറാ കൈകൾ വിടർത്തി. കുളം സാറായെ കെട്ടിപുണർന്നു. കുളത്തിന്റെ ആഴങ്ങളിലേക്ക്‌ മുങ്ങിതാഴുമ്പോൾ, വെളളം നാലുവശത്തുനിന്നും ചുറ്റിപിടിക്കുമ്പോൾ ശിരസ്സിനുളളിലെ തീ അണയുന്നതും, കടന്നലുകളും പഴുതാരകളും വലിയ കൊമ്പുകളുളള പ്രാണികളും കൂർത്ത പല്ലുകളുളള തുമ്പികളും പുറത്തേക്ക്‌ പായുന്നതും സാറയറിഞ്ഞു. ആ ഒരു നിമിഷത്തിൽ സാറയുടെ ഓർമ്മകൾ പൂർണ്ണമായി തെളിഞ്ഞു.

നെൽച്ചെടികൾ ചാഞ്ഞുവീഴുന്നു…ഒരു വെളളകൊക്ക്‌ ആകാശത്തേക്ക്‌ ചിറകടിച്ചു…യാക്കോബിന്റെ കൊതിപിടിച്ച ചുണ്ടുകളും കരുത്തുളള കൈകളും വിരുന്നുണ്ണുന്നു….

മരണത്തിലേയ്‌ക്കുളള വേലി കടക്കുമ്പോൾ സാറാ വിതുമ്പി…എന്നാലും യാക്കോബേ, പാതിവഴിക്ക്‌ അന്ന്‌ നീയെന്നെ ഉപേക്ഷിച്ചല്ലോ. ഇത്രയും, ഇത്രയും നാളുകൾ ഒരു കന്യകയായി ഈ ലോകത്ത്‌ ഞാൻ ജീവിച്ചില്ലേ….സാറായുടെ നെടുവീർപ്പുകൾ ഒന്നൊന്നായി ജലോപരിതലത്തിൽ വന്ന്‌ പൊട്ടിച്ചിതറിക്കൊണ്ടിരുന്നു.

Generated from archived content: story-feb6.html Author: nelson-palliyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleധേനുയോഗം
Next articleനീലിമ
അങ്കമാലിക്കടുത്ത്‌ കറുകുറ്റിയിൽ ജനനം. ആലുവ യു.സി.കോളേജിലും, എറണാകുളം മഹാരാജാസ്‌ കോളേജിലുമായി വിദ്യാഭ്യാസം. ചരിത്രത്തിൽ മാസ്‌റ്റർ ബിരുദം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. ആദ്യകഥാസമാഹാരം ‘വെറോനയിലെ രാത്രികൾ’ 2000-ൽ പ്രസിദ്ധീകരിച്ചു. വിലാസം നെൽസൺ ജി.പളളിയാൻ, പളളിയാൻ വീട്‌, കറുകുറ്റി പി.ഒ. അങ്കമാലി. Address: Phone: 0484 2612313 Post Code: 683 576

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here