സാമ്യമകന്നോരുദ്യാനമേ

മേശപ്പുറത്ത് ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ക്ഷണക്കത്തു കിടക്കുന്നതു കണ്ടപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനില്‍ ആരുടേയും പിറന്നാള്‍ ഈ ഏപ്രില്‍ മാസത്തിലില്ലല്ലോ എന്ന ചിന്തയോടെ ഞാനത് എടുത്തു പൊട്ടിച്ചു.

റയന്റെയും ബ്രയന്റെയും പത്താം പിറന്നാള്‍ പാര്‍ട്ടി!!

റോക്സ്ബോറോ ബോളിംഗ് ആലിയില്‍ – ശനിയാഴ്ച രാവിലെ പത്തുമണിക്ക് കുടുംബസമേതം ചെല്ലണമെന്ന് .

എന്റെ ദൈവമേ! എങ്ങനെ ഞാനിതു മറന്നു ? ഇരട്ടകളിലൊന്നിന്റെ തലതൊട്ടപ്പന്‍ ഞാനായിരിക്കെ ? ഞാന്‍ ശരിക്കും വയസനാവുകയാണോ?

റോബര്‍ട്ടിന്റെ മൂന്നാം നിലയിലുള്ള മുറിയിലേക്ക് ഞാന്‍ ചെന്നു . കമ്പ്യൂട്ടറില്‍ കണ്ണും നട്ട് നിശ്ചലനായി ഇരിക്കയാണവന്‍ . വാതിലില്‍ മുട്ടിയപ്പോള്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. ‘’ കമിന്‍’‘

‘’ പിറന്നാള്‍ ഇന്‍വിറ്റേഷനു നന്ദി ‘’ വാതില്‍ക്കല്‍ നിന്ന് ഞാന്‍ പറഞ്ഞു. റോബര്‍ട്ട് തിരിഞ്ഞു നോക്കി ചിരിച്ചു.

‘’ അകത്തേക്കു വാ ഡാനിയല്‍ ‘’ അവന്റെ കണ്ണുകള്‍ തിളങ്ങി . ‘’ ഞാനിപ്പോള്‍ ഒരു പോട്ട് കോഫിയിട്ടതേയുള്ളൂ. വന്ന് ഒരു കപ്പ് കോഫി കുടിക്ക് പ്ലീസ്’‘

പേപ്പര്‍ കപ്പില്‍ കാപ്പിയെടുത്ത് ഒരു കൂട് സ്പ്ലെന്‍ഡ ചേര്‍ത്ത് ഞാന്‍ അടുത്തു കിടന്ന കസേരയിലിരുന്നു.

‘’ എന്തെങ്കിലും സഹായമാവശ്യമായി വന്നാല്‍ പറയണം ‘’ ഞാന്‍ ഓഫര്‍ ചെയ്തു ‘ ഐ ആം ആള്‍ യുവേഴ്സ് ‘’

‘’ താങ്ക്യു മാന്‍ ‘’ അവന്‍ ചിരിച്ച് തലയാട്ടി ‘’ പിറന്നാള്‍ പാര്‍ട്ടി സ്റ്റെഫനിയുടെ അധികാര മേഖലയിലുള്ളതാ. ഞാനതില്‍ കൈ കടത്തില്ല. എല്ലാം അവള്‍ നോക്കിക്കൊള്ളും ചോദിച്ചതിന് നന്ദി’‘

‘ എന്തു സമ്മാനമാവും കുട്ടികള്‍ക്കിഷ്ടം ? അവരെന്തെങ്കിലും സൂചിപ്പിച്ചോ? ഞാന്‍ ചോദിച്ചു.

“നിനക്കിഷ്ടമുള്ളത് ഡാന്‍, എന്റെ ഡാഡിയും നീയുമാണല്ലോ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അവര്‍ക്കു കൊടുക്കുന്നത്’‘

‘’ ഞങ്ങള്‍ തലതൊട്ടപ്പന്മാര്‍ ഞങ്ങളുടെ കടമ നിര്‍വഹിക്കുന്നതേയുള്ളു’’

കുട്ടികളുടെ പിറന്നാള്‍ മറന്നുപോയ നല്ല തലതൊട്ടപ്പന്മാര്‍ എന്ന് ഞാന്‍ മനസില്‍ കുറ്റപ്പെടുത്തി.

‘’ സ്റ്റെഫനി എന്തു പറയുന്നു? ഒരു വര്‍ഷമായി ഞാനവളെ കണ്ടിട്ട് ‘’

”അവള്‍ സന്തോഷവതിയാണ് ഡാന്‍. മക്കളെയവര്‍ക്ക് ജീവനാണ്. ഒന്നു മടിച്ചിട്ട് അവന്‍ തുടര്‍ന്നു ‘’ ഡോണായെ ഇന്നും എനിക്കു മറക്കാന്‍ കഴിഞ്ഞിട്ടില്ല ഐ വാസ് ഇന്‍ ലവ് വിത്ത് ഹര്‍. ഡാനിയേല്‍ നിനക്കത് നന്നായറിയാം . സ്റ്റഫനി മനസിലാക്കിയിരുന്നോ എന്നെനെനിക്കറിഞ്ഞു കൂടാ. മനസിലാ‍ക്കിയിരുന്നെങ്കില്‍ പോലും അവളെന്നോടൊന്നും ചോദിച്ചിട്ടില്ല പറഞ്ഞിട്ടുമില്ല’‘

”ശനിയാഴ്ച നമുക്ക് കാണാം’‘ മറുപടി പറയാതെ സംഭാഷണമവസാനിപ്പിച്ച് ഞാന്‍ അവന്റെ മുറിയില്‍ നിന്നിറങ്ങി.

മക്കളെ സ്റ്റെഫനിക്ക് ജീവനാണ് .. അപ്പോള്‍ ഡോണയോ ? അവള്‍ക്ക് ആ കുഞ്ഞുങ്ങളോടുള്ള സ്നേഹമോ? അവരെ ഒരു നോക്ക് കാ‍ണാനവള്‍ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടാകും എന്ന് റോബിയും സ്റ്റെഫിയും ഒരു നിമിഷം ചിന്തിച്ചു കാണുമോ?

ഞാന്‍ എന്റെ ക്യൂബിക്കിളിലേക്കു വന്ന് ഇന്‍വിറ്റേഷന്‍ കാര്‍ഡ് തുറന്ന് റയന്റെയും ബ്രയന്റെയും ഫോട്ടോ കാര്‍ഡില്‍ പ്രിന്റ് ചെയ്തതിലേക്ക് നോക്കി.

റോബര്‍ട്ടിന്റെയും സ്റ്റെഫനിയുടെയും മക്കള്‍.

ശാസ്ത്ര പുരോഗതിയുടെ ജീവനുള്ള പ്രതീകങ്ങള്‍!!

പുതിയ ഡവലപ്മെന്റിലെ വീടുകളിലൊന്നില്‍ താമസിച്ചിരുന്ന പഴയകാലത്തേക്ക് എന്റെ മന‍സ് പാഞ്ഞു. റോബര്‍ട്ടും ഞാനും അന്ന് കോളേജ് വിദ്യാര്‍ത്ഥികളാണ്. റോബര്‍ട്ടിന്റെ അയല്‍ക്കാരിയായിരുന്നു സ്റ്റെഫനിയെന്ന സുന്ദരി . ഞാനവന്റെ വീട്ടില്‍ നിന്ന് ഒരു പത്തുവീടിനകലെ താമസിക്കുന്ന അവന്റെ ഉറ്റ സുഹൃത്തും. ചാര്‍ട്ടേഡ് അക്കൌണ്ടന്റും സുന്ദരിയായുമായ സ്റ്റെഫനിയുമായി റോബി കടുത്ത പ്രേമത്തിലായി. ഹെഡ് ഓവര്‍ ഹീല്‍സ്. റോബി മാത്രമല്ല ഞാനും. ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ പ്രായത്തിലുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും സ്റ്റെഫനിയോട് പ്രേമമായിരുന്നു.

സ്റ്റെഫനിക്ക് അവനേക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള കാരണം റോബിയുടെ പ്രേമബന്ധം അവന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയത് കയ്പ്പ് രസം മാത്രം ‘’ ഷീ ഈസ് ടൂ ഓള്‍ഡ് ഫോര്‍ യു’’ അവര്‍ അനിഷ്ടം പ്രകടമാക്കി.

‘’എന്നേക്കാള്‍ മച്ച്വര്‍ ആണവള്‍ ‘’ റോബി വാദിച്ചു. ‘’ അവളുടെ പ്രായം ആരുടേയും ബിസിനസല്ല ഐ ലവ് ഹെര്‍ എനിക്കൊരു ജോലികിട്ടിയാലുടന്‍ ഞാനവളെ വിവാഹം കഴിക്കും. പിന്നെ നിങ്ങള്‍ സംശയിക്കുന്നതു പോലെ സ്റ്റെഫനിയുടെ ബയോളജിക്കല്‍ ക്ലോക്ക് നിന്നു പോയിട്ടുന്നുമില്ല’’

ആ സമ്മറില്‍ റോബര്‍ട്ടും സ്റ്റെഫനിയും വിവാഹിതരായി . അവന്റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പ്.

മുട്ടക്കു മുന്‍പ് കൂട് സ്റ്റെഫനിക്കു നിര്‍ബന്ധം.

ഒരു വലിയ വീട് അവര്‍ വാങ്ങി. കുട്ടികള്‍ക്ക് കളിക്കാന്‍ വലിയ ബാക്ക് യാര്‍ഡുള്ള മനോഹരമായ വീട് . വീടിനു പിറകില്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ അവര്‍ കുളങ്ങള്‍ നിര്‍മ്മിച്ചു.

എന്നാല്‍ ഒരു കുഞ്ഞിനെ പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കാനുള്ള കഴിവ് സ്റ്റെഫനിക്കില്ല എന്ന തിരിച്ചറിവ് അവരെ തകര്‍ത്തു. ‘’ ഇത് മൂന്നാം പ്രാവശ്യമാ സ്റ്റെഫിയുടെ ഗര്‍ഭമലസിപ്പോയത് ‘’ അവന്‍ രഹസ്യമായി എന്നോടു പറഞ്ഞു ‘’ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നെണ്ണം’‘

പുറമെ തെളിനീരൊഴുകുന്നതായി കാണപ്പെടുമെങ്കിലും കൂലംകുത്തിയൊഴുക്കും ചുഴികളുമുള്ള നദിയായി അവരുടെ ജീവിതം വഴിമാറിയൊഴുകിയതും ഞാന്‍ മാത്രമറിഞ്ഞു.

‘’ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് ദത്തെടുത്തു കൂടെ? ‘’ ഞാന്‍ ചോദിച്ചു.

‘’ എടുക്കാം, ഞങ്ങള്‍ അതേക്കുറിച്ചു സംസാരിച്ചിട്ടില്ല ‘ അവനെന്റെ കണ്ണുകളിലേക്കു നോക്കി ‘ എന്നാല്‍ അതു എന്നും ഞങ്ങളുടേതായിരിക്കില്ല. വലുതാകുമ്പോള്‍ സ്വന്തം മാതാപിതാക്കളെ അന്വേഷിച്ചു പോകും. അങ്ങനെ എത്ര കേസുകള്‍ നമുക്കറിയാം’’

‘’ ഏതായാലും നീ പഠിത്തം പൂര്‍ത്തിയാക്കാന്‍ ശ്രമിക്ക് റോബി’ ഞാനവനെ ഉപദേശിച്ചു. ‘ നിനക്കൊരു നല്ല ജോലി വേണം യൂ നീഡ് ഓക്കിപൈ യുവര്‍ സെല്‍ഫ് . നിന്റെ ശ്രദ്ധ പഠിത്തത്തില്‍ കേന്ദ്രീകരിക്ക്. നീ സ്റ്റെഫനിയോട് സംസാരിക്ക് . ഞാന്‍ പറയാം.”

എന്റെ ഉപദേശം ഇരുവര്‍ക്കും സമ്മതമായി.

ആയിടക്കാണ് റോബിയുടെ വീടിനടുത്ത് റോഡിനക്കരെ വില്‍പ്പനക്കിട്ടിരുന്ന വീട്ടില്‍ പുതിയ താമസക്കാര്‍ വന്നത്. ഇരുപഞ്ച് വയസില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ഒരു യുവതിയും ഒരു കൊച്ചു പെണ്‍കുട്ടിയും ഒരു കൂറ്റന്‍ പട്ടിയും.

മുറ്റത്തെ പുല്‍ത്തകിടിയില്‍ യുവതി മകളോടോപ്പം കെട്ടി മറിയുന്നതും കളിക്കുന്നതും ആര്‍ത്ത് ചിരിക്കുന്നതും ബെഡ്റൂമിന്റെ ജനാലയിലൂടെ സ്റ്റെഫനി നോക്കി നില്‍ക്കും. ലിവിംഗ് റൂമിലെ ജനാലക്കരികില്‍ റോബിയും. ഒരു ദിവസം ആ യുവതി കുട്ടിയുമായി സ്റ്റെഫനിയുടെ വീട്ടുമുറ്റത്ത് വന്ന് ഡോര്‍ ബെല്ലടിച്ചു. റോബി കതകു തുറന്നു ‘’ ഹായ് ഞാന്‍ ഡോണ ഇതെന്റെ മകള്‍ നടാഷ’ അവള്‍ തങ്ങളെ പരിചയപ്പെടുത്തി. ‘’ എനിക്കീ വീട്ടിലെ ലേഡിയോടു സംസാരിക്കാന്‍ പറ്റുമോ പ്ലീസ് ?’’

സ്റ്റെഫനി താഴേക്കിറങ്ങി ചെന്ന് പറഞ്ഞു ‘’ അകത്തു വരു’’

സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് ആദ്യമായി ഞാന്‍ ഡോണയെ കാണുന്നതും പരിചയപ്പെടുന്നതും. ഗ്രോസറി ബാഗുകള്‍ കാര്‍ട്ടില്‍ വച്ച് കുഞ്ഞിനെ കാര്‍ട്ടിന്റെ മുന്നിലിരുത്തി കാറിനരുകിലേക്ക് ഉന്തിക്കൊണ്ടു പോകുകയായിരുന്നു അവള്‍ .

‘’ഹലോ …’’ ഞാന്‍ പിറകില്‍ നിന്നു വിളിച്ചു . ഡോണ തിരിഞ്ഞു നോക്കി . ‘’ റോബര്‍ട്ടിന്റെയും സ്റ്റെഫനിയുടെയും വീടിനെതിരെയല്ലേ നിങ്ങള്‍ താമസിക്കുന്നത്?’‘

‘’ അതെ” അവള്‍ ചിരിച്ചു. ‘’ നിങ്ങളാരാ?’’

‘’ ഞാന്‍ അവരുടെ ഫാമിലി ഫ്രണ്ടാ . ഹായ് ഐ ആ‍ം ഡാനിയേല്‍. റോബര്‍ട്ട് നിങ്ങളെക്കുറിച്ച് ഒരു നൂറുവട്ടം പറഞ്ഞിട്ടുണ്ട്. ഞാനും അവിടെ അടുത്താ താമസം”

റോബര്‍ട്ടിന്റെ വീട്ടിലെ വാരാന്ത്യ സന്ദര്‍ശകരായി ഡോണയും കുട്ടിയും. സെറാമിക് ഭരണികളില്‍ നടാഷക്ക് കാന്‍ഡി സ്റ്റെഫനി കരുതി വച്ചു . സ്റ്റെഫനിയുടെ നെഞ്ചിലെ വേദന അവള്‍ പറയാതെ തന്നെ ഡോണ മനസിലാക്കി.

ഒരു ദിവസം ഡോണ എന്റെ വീട്ടിലേക്ക് വന്നു . ഒരു പാടുനേരം ഞങ്ങള്‍ സംസാരിച്ചു . സ്റ്റെഫനിയെ സഹായിക്കാന്‍ എന്തും ചെയ്യാനവള്‍ സന്നദ്ധയാണെന്നു പറഞ്ഞു. ‘‘ റോബര്‍ട്ടിനോടു സംസാരിക്കു ഡാനിയേല്‍ ‘ അവള്‍ ആവശ്യപ്പെട്ടു. ‘’ അവര്‍ക്കായി ഒരു ‘ സാറോഗേറ്റ്’ മദര്‍ ആവാന്‍ ഞാന്‍ തയ്യാറാണ്. ഇന്‍ വീറ്റോ ഫെര്‍ട്ടിലൈസേഷന്‍ സാറോഗേറ്റ് മദറും സംഭാഷണ വിഷയമാക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ സ്റ്റെഫനി ഒഴിഞ്ഞു മാറുകയാണ്. എനിക്കവരെ സഹായിക്കാന്‍ കഴിയും ഇരുപതിനായിരം ഡോളര്‍ എനിക്കു തന്നാല്‍’’

ഒരക്ഷരം ശബ്ദിക്കാതെ ഞാന്‍ കേട്ടിരുന്നതേയുള്ളു ഇരുപതിനായിരം ഡോളര്‍ കൊടുക്കാന്‍ റോബര്‍ട്ട് തയാറാവുമെന്ന് എനിക്ക് തോന്നിയില്ല പക്ഷെ സ്റ്റെഫനി?

ഞാന്‍ ഈ കാര്യത്തില്‍ ഇടപെടില്ല എന്നു മനസിലായപ്പോള്‍ സ്റ്റെഫനിയോട് നേരിട്ട് സംസാരിക്കാന്‍ ഡോണ തീരുമാനിച്ചു.

‘’ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. എത്ര പ്രാവശ്യം വേണമെങ്കിലും ഞാന്‍ ശ്രമിക്കാം. കുഞ്ഞു ജനിച്ച ശേഷം എനിക്ക് ഡോളര്‍ തന്നാല്‍ മതി . എന്റെ നടാഷക്കായി ഞാനാ തുക ബാങ്കിലിടും. അവളുടെ കോളേജ് വിദ്യാഭ്യാസത്തിനു അത് ഉതകും. നിങ്ങള്‍ക്ക് നടാഷയോട് സ്നേഹമുണ്ടെങ്കില്‍ , പ്ലീസ് റോബര്‍ട്ടുമായി സംസാരിക്കു”.

സ്റ്റെഫനിയുടെ ഉള്ളില്‍ നേരിയ ഒരാശ . തനിക്ക് പ്രായമേറുന്നു. തന്റെയും റോബര്‍ട്ടിന്റെയും ഒരു കുഞ്ഞിനെ കിട്ടിയാല്‍ ….ഐ ക്യാന്‍ സേവ് മൈ മാര്യേജ് . എന്റെ റോബി എന്നെ ഉപേക്ഷിച്ച് പോവുകയില്ല.

‘’ അമ്പോ!! 20,000 ഡോളറോ?’ റോബര്‍ട്ടിന്റെ കണ്ണു തുറിച്ചു ‘ അവള്‍ക്കെന്താ നമ്മളെ പാപ്പരാക്കണോ?’ ഈസ് ഷീ ട്രയിംഗ് ടു റിപ്പ് അസ് ഓഫ്? 20, 000 ഡോളര്‍ ?’’

‘’ ചിന്തിക്ക് റോബി , നിന്റെയും എന്റെയും കുഞ്ഞ് . ബാങ്കില്‍ കുറെ പണം കിടന്നതുകൊണ്ട് എന്തു പ്രയോജനം, അതനുഭവിക്കാനൊരു കുഞ്ഞില്ലെങ്കില്‍ ? നമുക്ക് സന്തോഷമില്ലെങ്കില്‍?”

നിരവധി ടെസ്റ്റുകള്‍ ഡോക്ടര്‍മാര്‍ മൂവരിലും നടത്തി . പൂര്‍ണ്ണ ആരോഗ്യമുള്ളവരെന്ന് സര്‍ട്ടിഫിക്കറ്റും നല്‍കി . സ്റ്റെഫനിയുടെ ആശക്കു ചിറകുമുളച്ചു.

ഇന്‍വീട്രൊ ഫെര്‍ട്ടിലൈസേഷനെക്കുറിച്ച് ഡോക്ടര്‍മാര്‍ മൂവര്‍ക്കും ക്ലാസ്സുകള്‍ നല്‍കി. റീസേര്‍ച്ച് പേപ്പറുകള്‍ വായിക്കാന്‍ കൊടുത്തു. ‘’ എല്ലാം നന്നായി മനസിലാക്കിയിട്ടു മാത്രമേ പരീക്ഷണത്തിന് മുതിരാവൂ . ഒരു പാട് പണച്ചെലവുള്ള കാര്യമാണ് പരീക്ഷണം നൂറു ശതമാനം വിജയമാകണമെന്നില്ല. നമുക്ക് ശ്രമിക്കാമെന്നേ ഞങ്ങള്‍ പറയു’’.

സ്റ്റെഫനിക്കതു സമ്മതമായിരുന്നു.

‘’ സ്റ്റെഫനിയുടേയും , റോബര്‍ട്ടിന്റെയും രണ്ടു ഫെര്‍ട്ടിലൈസ്ഡ് എംബ്രിയോകള്‍ ഞങ്ങള്‍ ഡോണയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും ‘ ഡോക്ടര്‍ പറഞ്ഞു . ‘ ഒരെണ്ണമെങ്കിലും ജീവിക്കണമെന്ന പ്രതീക്ഷയോടെ . ഭാഗ്യത്തിന് രണ്ടും ജീവിച്ചാല്‍ ഡോണ ഇരട്ടക്കുട്ടികളെ പ്രസവിക്കേണ്ടി വരും ഡോണ എന്തു പറയുന്നു?’’

ഡോണ ചിരിച്ചു ‘’ നോ പ്രോബ്ലം’’

”രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചാല്‍ ഇരട്ടി പണം തരുമെന്ന് മോഹിക്കരുത് ‘’ റോബര്‍ട്ട് തീര്‍ത്തു പറഞ്ഞു .’ ഞങ്ങള്‍ തരാന്‍ പോകുന്നില്ല പറഞ്ഞേക്കാം’’

‘’ഇറ്റ് ഈസ് ഓകെ റോബര്‍ട്ട് . ഞാന്‍ കൂടുതല്‍ ചോദിക്കില്ല . എനിക്ക് എന്റെ നടാഷയുടെ വിദ്യാഭ്യാസച്ചിലവിനായി 20000 ഡോളര്‍ സമ്പാദിക്കണം അതുമാത്രമാണെന്റെ ലക്ഷ്യം’’.

”എങ്കില്‍ നമുക്കൊരു ലോയറുടെ ഉപദേശം തേടണം” റോബര്‍ട്ട് പറഞ്ഞു ‘’ എത്രയും വേഗം . ഡോണാ നീയെന്തു പറയുന്നു? നിനക്ക് എന്തെങ്കിലും ഫ്രണ്ടുണ്ടോ ? നീ പറയുന്ന ലോയറേക്കാണാന്‍ ഞങ്ങള്‍ തയ്യാറാണ്.”

”എനിക്ക് ആകെ അറിയുന്നത് ഒരു ഡൈവോഴ്സ് ലോയറേയാണ്. നിങ്ങള്‍ തന്നെ ഒരു ലോയറെ ഏര്‍പ്പാടാക്കിക്കൊള്ളു’’

‘’ ഒരു കോംബ്ലിക്കേഷനുമില്ലാതെയാണ് നടാഷ ജനിച്ചത് . ഞാന്‍ ആരോഗ്യവതിയാണ്” ഡോണ എന്നോടു പറഞ്ഞു. ഏതു ജോലി ചെയ്താലാണ് നിയമപരമായി 20, 000 ഡോളര്‍ പത്തു മാസത്തിനുള്ളില്‍ സമ്പാദിക്കാന്‍ സാധിക്കുന്നത്? എനിക്കിതു ചെയ്യണം ഡാനിയേല്‍ , സ്റ്റെഫനിയെ സഹായിക്കണം അതാണ് മുഖ്യം അതുകഴിഞ്ഞേ നടാഷക്കു വേണ്ടി പണം ബാങ്കിലിടുന്ന കാര്യം ഞാന്‍ ചിന്തിക്കുന്നുള്ളു. അഥവാ കുഞ്ഞിനെ കിട്ടിയ ശേഷം പണം തരാനവര്‍ വൈമുഖ്യം കാട്ടിയാലും ഞാന്‍ ആ വഴിക്കു പോവില്ല. ഇതു സത്യം.”

ഞാനവളെ കണ്ണിമക്കാതെ നോക്കി . ഇത്രയും ഹൃദയവിശാലത ഏത് യുവതി കാട്ടും? അതും തന്റെ ആരുമല്ലാത്ത രണ്ടു പേര്‍ക്കായി?

പ്രൊസീഡിയര്‍ നടന്ന ശേഷം മുള്ളിന്മേലായിരുന്നു നടന്നത്. എന്നിട്ടും സ്റ്റെഫനിയെ ധൈര്യപ്പെടുത്താന്‍ എന്നും ഡോണ ശദ്ധിച്ചു . ”ഇത് സക്സസ് ആവും സ്റ്റെഫനി അഥവാ ആയില്ലെങ്കില്‍ നമ്മള്‍ പിന്നെയും ശ്രമിക്കും . സക്സസ് ആവുന്നതുവരെ ശ്രമിക്കും.”

ആദ്യത്തെ അള്‍ട്രാ സൗണ്ട് കാണുന്നതുവരെ തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് റോബര്‍ട്ട് വിശ്വസിച്ചില്ല . ഇമ്പ്ലാന്റ് ചെയ്ത റണ്ടു എംബ്രിയോകളും വളരുകയാണ് ഡോണയുടെ ഉദരത്തില്‍. ഒരായിരം ചോദ്യങ്ങളാണ് റോബര്‍ട്ടിന് ഗൈനക്കോളജിസ്റ്റിനോട് ചോദിക്കാനുള്ളത്. ഡോണ അവളുടെ മകളോടൊപ്പം ഓടിയാല്‍ , അവളുമയി കെട്ടിമറിഞ്ഞാല്‍ അയാള്‍ക്ക് ആധിയായി . ‘’ ഡോണാ ബീ കെയര്‍ ഫുള്‍ . ആദ്യത്തെ ട്രൈമെസ്റ്റര്‍ അപകടം പിടിച്ചതാണ്. വളരെ സൂക്ഷിക്കണം’’

”ബീ കൂള്‍ മാന്‍”. അവളയാളെ കളിയാക്കി.” ഐ ആം ഗോയിഗ് ടു ബി റൈറ്റ് . ഞാന്‍ ആരോഗ്യവതിയാണ്. നീ വറി ചെയ്യണ്ട.”

പറയാനെന്തെളുപ്പം! റോബര്‍ട്ട് വറി ചെയ്തുകൊണ്ടേയിരുന്നു.

അഞ്ചാം മാസം രണ്ടാമത്തെ അള്‍ട്രാസൌണ്ട് രണ്ടു ആണ്‍കുഞ്ഞുങ്ങള്‍!!!!

എന്നും ജോലി കഴിഞ്ഞ് റോബര്‍ട്ട് സ്വന്തം വീട്ടില്‍ കയറാതെ അയലത്തെ വീട്ടില്‍ പോയി. ഡോണയുടെ റൂമില്‍ റോസാപ്പൂക്കളും കിച്ചണില്‍ പഴവര്‍ഗങ്ങളും അയാള്‍ ഭംഗിയില്‍ അടുക്കിവെച്ചു. ‘ ഈ പഴങ്ങളെല്ലാം നീ തിന്നണം. ബേബികള്‍ക്കു വേണ്ടി . അവള്‍ക്കയാള്‍ സില്‍ക്കിന്റെ മറ്റേണിറ്റി ഡ്രസ്സുകള്‍ വാങ്ങി. കാലുകള്‍ക്ക് സോഫ്റ്റ് മൊക്കേഷന്‍സും . സ്ട്രെച്ച് മാര്‍ക്കുകളകറ്റാന്‍ വിലകൂടിയ ക്രീമുകളും.

ചെറുപ്പക്കാരിയായ ഡോണയില്‍ റോബര്‍ട്ട് അനുരക്തനാവുകയാണോ ? സ്റ്റെഫനിയുടെ ഉള്ളം നടുങ്ങി. സ്ത്രീ പൂര്‍ണ്ണയാവുന്നത് അവള്‍ അമ്മയാവുമ്പോഴാണ്. അപ്പോഴാണ് ഭാര്യക്ക് ബഹുമാനം ലഭിക്കുന്നത്. ഭര്‍ത്താവിനവള്‍ മക്കളെ പ്രസവിച്ച് കൊടുക്കുമ്പോഴാണ് . റോബിക്ക് തന്നോടുള്ള സ്നേഹം മങ്ങിയെങ്കില്‍ അതിശയിക്കാനൊന്നുമില്ല. കോംപ്ലിക്കേഷനൊന്നുമില്ലാതെ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ മതിയായിരുന്നു . തനിക്കവര്‍ എന്നുമുണ്ടാവും.

അയല്‍പക്കത്തെ സ്ത്രീകള്‍ക്ക് റോബര്‍ട്ടിന്റെ പെരുമാറ്റം തീരെ ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്വൈര്യം നശിച്ചു. പാതിരാത്രിയായാലും അയാള്‍ ആ പെണ്ണിന്റെ വീട്ടില്‍ നിന്നിറങ്ങില്ല. ആ പെണ്ണ് ഗര്‍ഭിണിയാണ് അയാളുടെ ഭാര്യക്ക് പ്രതിഷേധമില്ലെങ്കില്‍ വേണ്ടാ. നമ്മുടെ പ്രതിഷേധം നമുക്കവളെ അറിയിച്ചേ തീരു.

സംഘടിതരായി അവര്‍ ഡോണയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു.

‘’ ഇത് ദൈവഭയമുള്ളവര്‍ താമസിക്കുന്ന നൈബര്‍ ‍ഹുഡാണ്. ഇത്തരം അനാശാസ്യ പ്രവര്‍ത്തികള്‍ ഞങ്ങള്‍ സഹിക്കില്ല. ഒന്നുകില്‍ ഇതു നിര്‍ത്തണം അല്ലെങ്കില്‍ നിങ്ങള്‍ ഇവിടം വിട്ടു പോകണം’ .

റോബര്‍ട്ട് തനിക്കും ഒരു ശല്യമായിത്തീരുകയാണെന്ന് ഡോണക്കും തോന്നിത്തുടങ്ങിയിരുന്നു. ‘’ തന്റെ വീട്ടില്‍ അയാളുടെ അനാവശ്യമായ വരവും ഇടപെടലുകളും അവളെ അസ്വസ്ഥയാക്കി. എന്റെയും എന്റെ ഒരേ ഒരു മകളുടെയും ജീവിതത്തില്‍ അയാള്‍ അതിക്രമിച്ചു കടക്കുകയാണ് . ഞങ്ങളെ തമ്മിലകറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ‍ അയല്‍പക്കക്കാര്‍ തന്നെക്കുറിച്ച് അപവാദം പറയാനയാള്‍ ഇടയാക്കി . ഐ വാണ്ട് ഹിം സ്റ്റോപ്പ് കമിംഗ് ടു മൈ ഹൗസ്.

പിറ്റേന്ന് ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്കു വന്ന റോബര്‍ട്ടിനെയവള്‍ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല ‘’ നിനക്ക് ഒരു വീടുണ്ട് നിന്റെ ഭാര്യ അവിടെയുണ്ട് . ഐ ഡോണ്ട് വാണ്ട് യു ടു കം ടു മൈ ഹൗസ് എനിമോര്‍ . ഐ മീന്‍ ഇറ്റ്’’.

‘’ നിന്റെയും എന്റെ കുഞ്ഞുങ്ങളുടേയും സുഖമന്വേഷിക്കാനാണ് ഞാന്‍ വന്നത്. നിനക്കതിന് മറ്റാരുമില്ല.അമ്മയോ സഹോദരിമാരോ ആരും.’

‘’ എന്നെക്കുറിച്ച് വറി ചെയ്യണ്ട. ഞാന്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ് ദയവായി എന്നെ വിട്ടേക്ക്’’

‘’നോ , എനിക്കങ്ങനെ ചെയ്യാന്‍ പറ്റില്ല. എന്റെ കുഞ്ഞുങ്ങള്‍ നിന്റെ വയറ്റില്‍ കിടക്കുന്നേടത്തോളം കാലം ഞാനിവിടെ വരിക തന്നെ ചെയ്യും ‘’. അയാ‍ള്‍ക്ക് ദേഷ്യം വന്നു.

ഡോണയുടെ നെറ്റിയിലെ ഞരമ്പുകള്‍ മുറുകി. വരികതന്നെ ചെയ്യുമെന്നോ? ആരാണയാള്‍ക്കതിനു അനുമതി നല്‍കിയത്? ‘’ നിങ്ങളെന്റെ പ്രോപ്പര്‍ട്ടിയില്‍ കാലെടുത്ത് കുത്തിയാല്‍ ഞാന്‍ പോലീസിനെ വിളിക്കും” അവള്‍ വിരല്‍ അയാളുടെ മുഖത്തേക്ക് നീട്ടി ഭീക്ഷണിപ്പെടുത്തി.

റോബര്‍ട്ട് സ്തംഭിച്ചു നിന്നു പോയി.

‘’ പോലീസിനെ വിളിക്കുമെന്നോ ? അത്രക്കായോ നീ ? എങ്കില്‍ വിളിക്ക് എനിക്കും ആവശ്യമുണ്ട് പോലീസിനെ . കരാറില്‍ ഒപ്പിട്ടതൊക്കെ മറന്നോ , നീ വഹിക്കുന്ന എന്റെ കുഞ്ഞുങ്ങള്‍ക്ക് ഹാനി വരുത്തുന്നതൊന്നും ചെയ്യില്ലെന്ന്? നടാഷയെ നീ വലിച്ചെടുത്ത് പോന്നതും നീയവളോടൊപ്പം കിടന്നു മറിയുന്നതും തടയാനാണ് ഞാനിവിടെ വന്നത്’’

ബഹളം കേട്ട് സ്റ്റെഫനി ഓടിയെത്തിയതു കാരണം രംഗം കൂടുതല്‍ വഷളാകാതെ കഴിഞ്ഞു.

‘’ അര്‍ഹിക്കുന്ന ബഹുമാനം തന്ന് ഞാന്‍ പറയുകയാണ് സ്റ്റെഫനീ’’ ഡോണ അവളുടെ ഉയര്‍ന്ന വയറ്റില്‍ അമര്‍ത്തിപ്പിടിച്ചു ‘ ഐ നീഡ് ടു ഗറ്റ് എ റെസ്ട്രൈനിംഗ് ഓര്‍ഡര്‍. റോബര്‍ട്ട് ഈസ് ബോദറിംഗ് മി ടു നോ എന്‍ഡ് . എന്റെയും നടാഷയുടെയും ഇടയില്‍ കയറി ഞങ്ങളെ ഭരിക്കാന്‍ ശ്രമിച്ചാല്‍ അത് സഹിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല . അവന്‍ എന്റെ പ്രോപ്പര്‍ട്ടിയില്‍ ഇനി കയറരുത്. അവന്റെ ഇന്റെര്‍ഫീയറന്‍സ് ഞാന്‍ സഹിക്കണമെന്ന് കരാറില്‍ പറഞ്ഞിട്ടില്ല’’ അവള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ഗര്‍ഭസ്ഥ ശിശുക്കളെക്കുറിച്ചുള്ള ആധിയാണോ അതോ നിന്റെ മനസില്‍ ഡോണ കയറിക്കൂടിയിട്ടാണോ നീയിങ്ങണെ വാലില്‍ തീപിടിച്ച കുരങ്ങനെപ്പോലെ പെരുമാറുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോളവന്‍ ചിരിച്ചു ‘‘ സന്തോഷവതിയായ ഒരു സ്ത്രീയില്‍ ഗര്‍ഭധാരണം വരുത്തുന്ന മാറ്റങ്ങള്‍ അത്ഭുതത്തൊടെ കാണുന്നവനാണ് ഞാന്‍ ഡാനിയേല്‍ . അവളുടെ തൊലി തിളങ്ങുന്നു അവളുടെ തലമുടി തഴച്ച് മിന്നുന്നത് , ഹെര്‍ ബ്രസ്റ്റ്സ് ബികെയര്‍ഫുള്‍ . അവള്‍ എന്റെ കുഞ്ഞുങ്ങളേയാ ഗര്‍ഭം ധരിച്ചിരിക്കുന്നത് . എനിക്കവളെ എപ്പോഴും തൊട്ടുകൊണ്ടിരിക്കണം , ഐ വാണ്ട് ടു ഹോള്‍ഡ് ലിപ്സ് . ഞാനവളെ പ്രേമിക്കുന്നു ഡാനിയേല്‍ . ഐ കനോട്ട് ഹെല്‍പ്പ് ഇറ്റ്.’’

‘’ നിന്റെ ബേബികളല്ല ഡോണയുടെ വയറ്റില്‍ കിടക്കുന്നത്.” എനിക്ക് നീരസം തോന്നി. ‘’ സ്റ്റെഫനിയുടെയും നിന്റെയും കൂടിയുള്ള ബേബികളാണ് ,ഷീ ഈ കാരിയിംഗ് ദി ബേബീസ് ഫോര്‍ മണി . ഷീ ഈ റെന്റിംഗ് ഹെര്‍ വുബ് മാന്‍ . ബിലീവ് മീ അവള്‍ക്ക് പണമാണാവശ്യം , നിന്നെയല്ല യൂ ബെറ്റര്‍ സ്റ്റോപ്പ് ദിസ് നോണ്‍സെന്‍സ്’’

ഡോണയുടെ പ്രസവമടുത്ത സമയം റോബി വെക്കേഷന്‍ എടുത്ത് വീട്ടിലിരുന്നു ‘ എനിക്ക് അവളുടെ മേല്‍ എപ്പോഴും ഒരു കണ്ണു വെച്ചേ മതിയാവൂ ‘ അവന്‍ ന്യായം കണ്ടെത്തി . ഡോണയുടെ വീടിനഭിമുഖമായ ജനാലക്കരുകില്‍ കര്‍ട്ടനു പിന്നില്‍ ഒളിച്ചിരുന്നു.

ഒരു പാതിരാത്രി, വീടിനു മുന്നില്‍ പോലീസ് വാഹനത്തിന്റെ സൈറന്‍ കേട്ട് സെറ്റെഫനി ഞെട്ടിയുണര്‍ന്നു . റോബീ… വിളിച്ചുകൊണ്ടവള്‍ ബെഡ്ഡില്‍ നിന്ന് ചാടിയേണീറ്റു. റോബി കിടക്കയിലില്ല ഡോണ പോലീസിനെ വിളിച്ചു കാണും. ആ ഭ്രാന്തനെക്കൊണ്ട് എനിക്ക് മതിയായി ‘ പിറുപിറുത്ത് അവള്‍ കോണിപ്പടികളിറങ്ങി.

‘’ വാട്ടീസ് ഗോയിംഗ് ഓണ്‍ ?’ മുറ്റത്ത് പൈജാമയില്‍ നില്‍ക്കുന്ന റോബിയോടവള്‍ ചോദിച്ചു.

‘’ ഡോണ , അവള്‍ ഒളിച്ചോടാ‍ന്‍ തുടങ്ങുകയായിരുന്നു. ഞാനാണ് പോലീസിനെ വിളിച്ചത്. കരയുന്ന ഡോണയെ നോക്കി സ്റ്റെഫനി ചോദിച്ചു ‘ ഈ രാത്രിയില്‍ നീയെങ്ങോട്ടു പോകുന്നു?

‘’എന്റെ അമ്മയുടെ അടുത്തേക്ക്. നിന്റെ ഭര്‍ത്താവ് ഒരു മെന്റെല്‍ പേഷ്യന്റാണ്. ഒരു അപസര്‍പ്പകന്റെ പണി ചെയ്യുകയാണവനിപ്പോള്‍ . ഏതു സമയവും ജനാലയിലൂടെ അവനെന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കും ഞാന്‍ മടുത്തു. എനിക്കിനി വയ്യ ഇവിടെ നിന്നാലെനിക്കു ഭ്രാന്തു പിടിക്കും.”

‘’ എവിടെയാ നിന്റെ അമ്മയുടെ വീട്”

”കുറച്ചകലെ പിറ്റ്സ് ബര്‍ഗില്‍’’

‘’പിറ്റ്സ് ബര്‍ഗില്‍” റോബര്‍ട്ട് അലറി.” ഇവിടെ നിന്ന് എത്ര മയില്‍ ദൂരമാണ് പിറ്റ്സ് ബര്‍ഗിലേക്ക് എന്നറിയാമോ ? നമ്മുടെ കുഞ്ഞുങ്ങളെയും കൊണ്ടവള്‍ ഓടിക്കളയാന്‍ ശ്രമിച്ചതാണ്. പ്ലീസ് അറസ്റ്റ് ഹെര്‍ ഓഫീസേഴ്സ്” അവന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

‘’ ഓ ഗോഡ് എനിക്കു വയ്യ!’ ഡോണ വയറമര്‍ത്തിപ്പിടിച്ചു . ”ഞാനിപ്പോ പ്രസവിക്കും ഐ ആം ഹാവിംഗ് ദി പെയ്ന്‍ . എല്ലാം ആ റോബര്‍ട്ട് കാരണം . എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോകൂ സ്റ്റെഫനി പ്ലീസ് . ഐ ഡോണ്ട് വാണ്ട് യു നീയര്‍ മീ റോബര്‍ട്ട് ‘’ അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ‘ യൂ ഹീയര്‍ മീ’ പോലീസുകാര്‍ ആമ്പുലന്‍ന്സിനെ വിളിച്ചു . വസ്ത്രം മാറി , നിലവിളിച്ചു കരയുന്ന നടാഷയേയും കൂട്ടി റോബര്‍ട്ടും സ്റ്റെഫനിയും പിന്നാലെ ആശുപത്രിയിലേക്കു പോയി.

സിസ്സേറിയന്‍ ആയിരുന്നു.

മയക്കത്തില്‍ നിന്നു ഡോണ ഉണരും മുന്‍പേ കരാറിന്‍ പ്രകാരം സ്റ്റെഫനിയും , റോബര്‍ട്ടും കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി. അവരുടെ ലോയറും ഒപ്പമുണ്ടായിരുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ദിവസം താന്‍ പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാനാഗ്രഹിച്ച് ഡോണ വീട്ടിലേക്കോടി . സ്റ്റെഫനി താമസിച്ചിരുന്ന വീട് പൂട്ടിക്കിടക്കുന്നു . തൊട്ടടുത്ത വീട്ടില്‍ നിന്ന് നടാഷ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു. “ റോബര്‍ട്ട് ആന്‍ഡ് സ്റ്റെഫനി ലെഫ്റ്റ് മമ്മീ, മിസിസ് മര്‍ഫിയുടെ വീട്ടില്‍ എന്നെ ഏല്‍പ്പിച്ചിട്ട് അവര്‍ നമ്മുടെ ബേബികളെയും കൊണ്ട് പോയി . എവിടെപ്പോയെന്ന് ഞാന്‍ ചോദിച്ചിട്ട് പറഞ്ഞില്ല’’

സേഞ്ച്വറി 21 ന്റെ ‘’ ഫോര്‍ സെയില്‍” ബോര്‍ഡില്‍ നോക്കി ഡോണ തളര്‍ന്ന് തറയിലിരുന്നു . ‘’ മൈ ബേബീസ് ‘’ അവള്‍ വാവിട്ട് കരഞ്ഞു . ‘ ഓ എന്റെ ദൈവമെ, അവരെ ഒന്നു കാണാനുള്ള അവകാശം പോലും എനിക്ക് സ്റ്റെഫനി തന്നില്ലല്ലോ’’

‘’ ഡാനിയേല്‍ , സ്റ്റഫനി കുഞ്ഞുങ്ങളേയും എടുത്ത് എങ്ങോട്ടു പോയി?” അവള്‍ എന്റെ വീട്ടുമുറ്റത്ത് വന്നു നിന്നു ചോദിച്ചു ‘’ എനിക്കവരെ കാണണം’’

‘’ നിനക്ക് കിട്ടാനുള്ള പണം മുഴുവന്‍ തന്നോ അവര്‍ ?’’ ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.

‘’തന്നു. കഴിഞ്ഞ മാസം”

ഞാന്‍ എന്റെ വാതില്‍ അവള്‍ക്ക് നേരെ കൊട്ടിയടച്ചു.

‘’ ഡാനിയേല്‍ പ്ലീസ് ഓപ്പണ്‍ ദി ഡോര്‍ ‘ അവള്‍ വാതിലില്‍ മുട്ടി.

എങ്ങനെയെങ്കിലും അവളെ സമാധാനപ്പെടുത്തി പറഞ്ഞയക്കണമല്ലോ എന്നോര്‍ത്ത് ഞാന്‍ വാതില്‍ തുറന്നു ‘‘ നീ ആവശ്യപ്പെട്ട പണം അവര്‍ നിനക്കു തന്നു. ഇനിയെന്തിനാണ് നീയവരെ അന്വേഷിക്കുന്നത് അവരുടെ കുട്ടികളെയുമെടുത്ത് ആരോടും പറയാതെ പോയതിന്റെ കാരണം എന്തായിരിക്കുമെന്ന് നീ ഒന്നാലോചിച്ചു നോക്ക്. അവര്‍ക്ക് നിന്നോടു പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട് . യൂ മെയ്ഡ് ദെം ഹാപ്പി ഫോര്‍ എ പ്രൈസ്. പക്ഷെ ഇനിയവര്‍ക്ക് അവരുടെ കുടുംബം അവരുടെ ജീവിതം. ലീവ് ദെം എലോണ്‍.

”എത്ര നിസാരമായി നീ പറഞ്ഞു അവരെ വെറുതെ വിട്ടേക്കാന്‍ ! ഡോണയുടെ മുഖം ചുവന്നു ഫെര്‍ട്ടിലൈസ്ഡ് എഗ്ഗ് മാത്രമായിരുന്നപ്പോള്‍ ആ കുഞ്ഞുങ്ങള്‍ എന്റെ ഉദരത്തില്‍ പറ്റിപ്പിടിച്ചതാണ് ഡാനിയേല്‍ . അവരെങ്ങനെ എന്റെ ഉള്ളില്‍ വളര്‍ന്നു എന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ സ്പന്ദനങ്ങള്‍ അറിഞ്ഞത് ഞാനാണ്. എന്റെ രക്തത്തിലെ പോഷകങ്ങളുപയോഗിച്ചാണവര്‍ വളര്‍ന്നത്. ഒരു വികാരവുമില്ലാത്ത ഹൃദയാമാണ് എനിക്കുള്ളതെന്നു നിങ്ങള്‍ കല്‍പ്പിച്ചു അല്ലേ? എന്റെ നെഞ്ചില്‍ വിങ്ങുന്ന പാല്‍ എനിക്കവരോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ് ഡാനിയേല്‍ . എനിക്കവരെ കാണണം. കാണാന്‍ പാടില്ല എന്ന് കോണ്‍ട്രാക്റ്റില്‍ പറഞ്ഞിട്ടില്ല’’

‘’ എനിക്കറിയില്ല അവരെവിടെ പോയെന്ന്” ഞാന്‍ കൈമലര്‍ത്തി ‘ ഐ സ്വയര്‍’

‘’ എനിക്കവരെ കാണണം . ഒരൊറ്റ പ്രാവശ്യമെങ്കിലും ഒരു വഴി കാണു ഡാനിയേല്‍. എനിക്ക് നിങ്ങളോടപേക്ഷിക്കാനല്ലാതെ മറ്റൊന്നും കഴിയില്ല’’

എനിക്ക് ഡോണയോടു തോന്നിയ ദേഷ്യം അലിഞ്ഞ് ഇല്ലാതാവുന്നതുപോലെ. ‘’ ഞാന്‍ ശ്രമിക്കാം അത്രയേ എനിക്കു പ്രോമിസ് ചെയ്യാന്‍ സാധിക്കു. നീയെന്നെ ഫോണില്‍ വിളിച്ചും ഈ വീട്ടില്‍ വന്നു ശല്യപ്പെടുത്തില്ല എങ്കില്‍ മാത്രം’’

അവള്‍ വാക്കു പാലിച്ചു. എന്നെ വിളിക്കയോ , എന്റെ വീടിനു മുന്നില്‍ വരികയോ ചെയ്തില്ല . വഴിയില്‍ വച്ചെങ്ങാന്‍ കണ്ടാല്‍ ഒഴിഞ്ഞു മാറി പോയി. സ്റ്റെഫനിയുടെ കുഞ്ഞുങ്ങളെ കാണാന്‍ അവള്‍ക്കുള്ള ആഗ്രഹം എത്ര മാത്രമാണെന്ന് എനിക്കു മനസിലായി. വയറ്റിലിട്ട് വളര്‍ത്തിയ കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാന്‍ അവളെന്തും ചെയ്യും. അവളും ആ കുഞ്ഞുങ്ങളുടെ അമ്മയാണ്.

എന്റെ വിവാഹശേഷം ഒരിക്കല്‍ എന്റെ ഭാര്യയുമായി ഷോപ്പിംഗിനിറങ്ങിയപ്പോള്‍ ഞങ്ങളവളെ സിയേഴ്സില്‍ വെച്ച് കണ്ടു . ഞാനെന്റെ ഭാര്യയെ അവള്‍ക്ക് പരിചപ്പെടുത്തി ‘’ വിവാഹത്തിന് നീ എന്നെ ക്ഷണിച്ചില്ല ഡാനിയേല്‍” അവള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ‘’ എന്നാല്‍ എനിക്ക് തീര്‍ച്ചയാണ് റോബര്‍ട്ടും സ്റ്റെഫനിയും അവരുടെ കുട്ടികളും നിന്റെ വിവാഹത്തിനു വന്നു കാണുമെന്ന് നിനക്കറിയാം അവരെവിടെയാണെന്ന്. നീ എന്നോടു പറഞ്ഞ വാക്ക് പാലിച്ചില്ല”

എന്റെ കുറ്റബോധം പുറത്തു കാട്ടാതെ ഞാനവളോടു പറഞ്ഞു ‘’ അവരുടെ പത്താം പിറന്നാളിന് നിനക്കവരെ ഞാന്‍ കാണിച്ചു തന്നിരിക്കും . ഐ പ്രോമിസ് . മതിയോ?’’

‘’ മരിക്കുന്നതിനു മുന്‍പ് എന്നെങ്കിലും” അവളുടെ കണ്ണുകള്‍ നിറഞ്ഞു . കുട്ടികളുടെ പത്താം പിറന്നാള്‍ വരെ ഞാന്‍ ജീവിക്കുമോ എന്നു പോലും ആരറിഞ്ഞു മനുഷ്യരല്ലേ നാമെല്ലാം? എനിക്കെഞെങ്കിലും സംഭവിച്ചാല്‍ എനിക്കായി നീയൊരു ഉപകാരം ചെയ്യണം സ്റ്റെഫനി എനിക്കു തന്ന 20,000 ഡോളര്‍ നീയെന്റെ കുട്ടികള്‍ക്ക് തിരികെ കൊടുക്കണം നടാഷ അതു നിന്നെ ഏല്‍പ്പിക്കും”

‘’ആ പണം നടാഷയുടെ വിദ്യാഭ്യാസത്തിനുള്ളതല്ലേ‘’

‘’ പണത്തിനു വേണ്ടിയല്ലായിരുന്നു ഞാനാ കുഞ്ഞുങ്ങളെ എന്റെ വയറ്റില്‍ ചുമന്നത്. സ്റ്റെഫനിയോടെനിക്ക് സ്നേഹമുള്ളതു കൊണ്ടും സഹതാപം തോന്നിയതു കൊണ്ടും മാത്രം നടാഷയും , സ്റ്റെഫനിയുടെ മക്കളും എനിക്കൊരുപോലെയാണ് . ബിലീവ് മീ ഡാനിയേല്‍ ‘ ‘

ഒരു മാസം മുന്‍പ് ഞാന്‍ ഡോണയെ കണ്ടിരുന്നു. കുട്ടികളുടെ പത്താം പിറന്നാള്‍ ഞാന്‍ മറന്നു പോയെങ്കിലും അവള്‍ മറന്നിരിക്കാനിടയില്ല . എന്നിട്ടും എന്നോടൊന്നും ചോദിച്ചില്ല ഒന്നും ഓര്‍മ്മിപ്പിച്ചുമില്ല

റയന്റെയും ബ്രയന്റെയും പത്താം പിറന്നാളില്‍ എനിക്ക് ഡോണയെ അവരുടെ അടുക്കല്‍ കൊണ്ടുപോകാതെ പറ്റില്ല . ഞാന്‍ ഡോണയെ വിളിച്ചു പലതവണ. ആരും ഫോണെടുത്തില്ല ശനിയാഴ്ച രാവിലെ ഒരുങ്ങി നില്‍ക്കാന്‍ ഓരോ തവണയും മെസ്സേജിട്ടു . നിന്റെ കുട്ടികളെ കാണേണ്ടേ നിനക്ക്?

ഭവിഷ്യത്തുകളേക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നിയെങ്കിലും ഡോണക്ക് കൊടുത്ത വാക്ക് പാലിക്കാം എന്ന സന്തോഷത്തോടെ അവളുടെ വീട്ടിലെത്തിയ ഞാന്‍ അമ്പരന്നു . എന്റെ വരവും പ്രതീക്ഷിച്ച് ഡോണ അവളുടെ വീട്ടില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നില്ല . അടുത്ത വീട്ടിലെ മിസിസ്സ് മര്‍ഫി അവരുടെ വീടിനു പുറത്തു വന്ന് എന്റെ പേരെഴുതിയ ഒരു എന്വ‍ലപ്പ് എന്നെ ഏല്‍പ്പിച്ചു. ഡോണ എവിടെ ? ഞാനവരോടു ചോദിച്ചു . അവര്‍ ഒന്നും പറയാതെ എന്നെ നോക്കി . പിന്നെ അകത്തു കയറി വാതിലടച്ചു. ഞാന്‍ കവര്‍ പൊട്ടിച്ചു. ഡോണ ഒപ്പിട്ട 20, 000 ഡോളറീന്റെ ചെക്കിലേക്ക് നോക്കി . ഒരു കുറിപ്പുപോലുമില്ലാതെ????

Generated from archived content: story1_june15_12.html Author: neena.panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here