വികസനത്തിന്റെ മറുപുറങ്ങൾ

എന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്‌ സമവായം എന്ന വാക്കാണ്‌. വികസനത്തിൽ രാഷ്‌ട്രീയമില്ല എന്നു പറയുമ്പോൾ, തീർച്ചയായും അസമത്വത്തിന്റെ ഏറ്റവും ഉന്നതമായ രൂപം നിലനില്‌ക്കുന്ന ഒരു സമൂഹത്തിൽ ഭരണകൂടം അതിന്റെ എല്ലാ ഫാഷിസ്‌റ്റ്‌ അധികാരങ്ങൾ ഉപയോഗിക്കുന്നിടത്ത്‌, ചൂഷണത്തിന്റെ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുന്നിടത്ത്‌ സമവായം എന്നത്‌ ആരുടെ പക്ഷത്താണ്‌ എന്ന്‌ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാൽ വികസനത്തിന്‌ രാഷ്‌ട്രീയമുണ്ടെന്നും, അതിൽ സമവായത്തിന്‌ യാതൊരു പ്രസക്‌തിയുമില്ല എന്നും വിശ്വസിക്കുന്ന ഒരാളാണ്‌ ഞാൻ.

എ.ഡി.ബി. വായ്പ വിദേശീയമാണ്‌ എന്ന അർത്ഥത്തിൽ മാത്രം എതിർക്കേണ്ട ഒന്നല്ല. ഇത്തരം വായ്പകൾ ആരിൽ നിന്നെടുത്താലും തെറ്റാണ്‌. അത്‌ ഇന്ത്യൻ ബാങ്കുകളിൽ നിന്നായാലും ശരി. കാരണം ആരിൽ നിന്നെടുക്കുന്നു എന്നതല്ല, എന്തിനെടുക്കുന്നു എന്നതാണ്‌ വിഷയം. വായ്പയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചാണ്‌ നാം ചർച്ചചെയ്യേണ്ടതും എതിർക്കേണ്ടതും. കേരളത്തിലെ സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കുവാനാണ്‌ എ.ഡി.ബി വായ്പ ഉപയോഗിക്കുന്നത്‌ എന്ന വാദത്തെ അടിസ്ഥാനമാക്കിയുളള ചർച്ച അപകടകരമാണ്‌. കേരളത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനുളള പ്രതിവിധിയേയല്ല എ.ഡി.ബി. വായ്പ. എ.ഡി.ബി. വായ്പയെടുത്ത്‌ ഗവൺമെന്റ്‌ നടത്തുവാൻ പോകുന്ന വികസനപ്രവർത്തനങ്ങൾ എന്നുപറയുന്നവ എണ്ണമിട്ട്‌ പരിശോധിച്ചാൽ, അതിലൊന്നും കേരളത്തെ മുന്നോട്ടുനയിക്കുന്ന ഒരു പദ്ധതിയും കാണുകയില്ല. മറിച്ച്‌ പത്തടി പുറകോട്ട്‌ നയിക്കുന്ന കാര്യങ്ങൾ മാത്രമെ കാണാൻ കഴിയൂ.

ഇവിടെ ഉപാധികൾക്കും സമവായങ്ങൾക്കും പ്രസക്‌തിയേയില്ല. ‘എക്സി’നെ കൊല്ലാൻ ‘വൈ’ക്ക്‌ ഒരു ലക്ഷം രൂപ കൊടുക്കുന്നു. ഇവിടെ അടിസ്ഥാനപ്രശ്‌നത്തിൽ അഥവാ എക്സിനെ കൊല്ലുന്നു എന്നതിൽ ഉപാധികളില്ല. ഉപാധികൾ ഉണ്ടാവുകയാണെങ്കിൽ അത്‌ കൊന്നതിനുശേഷമാണോ പ്രതിഫലം കിട്ടുക അതോ അതിനുമുമ്പോ എന്ന കാര്യത്തിലായിരിക്കും. കൊല്ലുക എന്ന പ്രവൃത്തിയെ ചർച്ച ചെയ്യുന്ന വിഷയമാക്കുന്നില്ല.

പ്രശ്‌നത്തിനുപുറത്ത്‌ തർക്കിക്കുകയും യഥാർത്ഥ പ്രശ്‌നത്തിൽ സമവായം സൃഷ്‌ടിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പരിതസ്ഥിതിയാണ്‌ കേരളത്തിലുളളത്‌. രാഷ്‌ട്രീയ പാർട്ടികൾ മാത്രമല്ല മാധ്യമങ്ങൾ, മാഫിയകൾ, വർഗ്ഗീയ-സാമുദായിക കക്ഷികൾവരെ ഇത്തരം സമവായങ്ങൾ സൃഷ്‌ടിക്കുന്നതിന്‌ സഹായിക്കുന്നു. കേരളത്തിൽ എ.ഡി.ബി. വായ്പ എന്തിന്‌ ഉപയോഗിക്കുന്നു എന്ന ഗൗരവമേറിയ സാമൂഹ്യപ്രശ്‌നത്തേക്കാൾ രണ്ടുകക്ഷികൾ തമ്മിലുളള പളളിത്തർക്കമാണ്‌ മാധ്യമങ്ങൾക്ക്‌ ഇഷ്‌ടവിഷയം. അല്ലെങ്കിൽ ശ്രീനാരായണഗുരു ഹിന്ദു സന്യാസിയാണോ അല്ലയോ എന്ന തർക്കമാണ്‌ കേരളീയർക്ക്‌ മുഖ്യം. അടിസ്ഥാനപരമായി കേരളത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക മുഖം തികച്ചും തകർത്തുകളയുന്ന വായ്പയാണ്‌ നാം എ.ഡി.ബിയിൽ നിന്നും കൈപ്പറ്റുന്നതെന്നും, അതിന്റെ ഉപാധികൾ എത്ര ലളിതമായാലും എത്ര ക്രൂരമായാലും ലക്ഷ്യം എന്തെന്ന്‌ തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ അതിനെ എതിർക്കേണ്ടതാണ്‌.

ഇടതുപക്ഷത്തിന്റെ പക്ഷം

ഡിസംബർ 31-ലെ ദേശാഭിമാനി പത്രത്തിലെ പ്രധാന വാർത്ത ‘ജിം’ന്‌ സർവ്വകക്ഷി പിന്തുണ‘ എന്നായിരുന്നു. ഇതേ വാക്കും വാചകവും തന്നെയായിരുന്നു മലയാള മനോരമയുടേതും, മാതൃഭൂമിയുടേതും. ഇത്‌ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്‌. പാർട്ടി പറഞ്ഞതുപോലല്ല ദേശാഭിമാനിയിൽ വന്നതെന്ന്‌ ഒരു സഖാവ്‌ പറഞ്ഞു. ഇ.എം.എസ്‌ ഇരുന്ന സ്ഥാനത്ത്‌ ഒരു കച്ചവടക്കാരനെ പ്രതിഷ്‌ഠിക്കാൻ വെമ്പുന്ന പാർട്ടിപത്രം ഇതല്ല ഇതിനപ്പുറവും എഴുതും. പാർട്ടി പറഞ്ഞതുപോലെ എഴുതിയില്ലെങ്കിൽ അതിന്റെ വഴി പാർട്ടി നോക്കട്ടെ. നമ്മുടെ പ്രശ്‌നം ഇതല്ല. ഈ പത്രവാർത്ത വരുന്നതിന്‌ മൂന്നുനാലാഴ്‌ച മുമ്പ്‌ കെ.എസ്‌.ഐ.ഡി.സി അച്ചടിച്ച്‌ പുറത്തിറക്കിയ ഒരു കുറിപ്പിൽ ആഗോള നിക്ഷേപസംഗമത്തോടനുബന്ധിച്ച്‌ നടത്തുവാൻ പോകുന്ന ചില പദ്ധതികൾ വിവരിച്ചിട്ടുണ്ട്‌. ഇതിൽ ഏതു പദ്ധതിയാണ്‌ ഇടതുപക്ഷത്തിന്‌ അംഗീകരിക്കുവാൻ കഴിയുക? എങ്കിലും കേരളത്തിലെ ഇടതുപക്ഷം ഇതിന്‌ പച്ചക്കൊടി വീശീക്കഴിഞ്ഞു. ’ഉപാധികൾ‘ ഉണ്ടെന്ന്‌ പറയുന്നുണ്ടെങ്കിലും.

ഇതിലെ പ്രധാന പരിപാടി സ്ഥലം വിൽപ്പനയാണ്‌. സർക്കാർ വക സ്ഥലങ്ങൾ സ്വകാര്യവ്യക്തികൾക്ക്‌ കൈമാറ്റം ചെയ്യുകയും അവിടെ അവർ അമ്യൂസ്‌മെന്റ്‌ പാർക്കുകളും, റെസിഡൻഷ്യൽ കോംപ്ലക്‌സുകളും, മറ്റു ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു. ഇത്‌ കേരളത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നവർക്ക്‌ എന്ത്‌ മാറ്റം വരുത്തും എന്ന്‌ ഇടതുപക്ഷം വിശദീകരിച്ചാൽ കൊളളാം.

മറ്റൊരു പരിപാടി കേരളത്തിന്റെ കരിമണൽ വിൽപ്പനയാണ്‌. മൂന്നാമത്തേത്‌ കടൽമണൽ സ്വകാര്യവ്യക്തികൾക്ക്‌ ഖനനം ചെയ്യാൻ അനുമതി കൊടുക്കുക എന്നതാണ്‌. ഇതുവഴി കടലിൽനിന്ന്‌ പ്രതിമണിക്കൂറിൽ നാലായിരം ടൺ എന്ന തോതിൽ മണൽ ഊറ്റിയെടുക്കുകയും ഇതുവഴി നമ്മുടെ ജൈവസമ്പത്തിനേയും, തീരങ്ങളേയും നശിപ്പിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്താകുമെന്ന്‌ പറയുക വയ്യ. ഈ ഉപ്പുമണൽ ശുദ്ധീകരിക്കാനുളള ശുദ്ധജലവും നമ്മുടെ ഭൂമിയിൽ നിന്ന്‌ ഊറ്റിയെടുക്കും. ധാതുസമ്പുഷ്‌ടമായ ഈ മണലിനുവേണ്ടി വിദേശികൾ കാത്തിരിക്കുകയാണ്‌. തൊഴിൽ നഷ്‌ടപ്പെടുന്ന മത്സ്യതൊഴിലാളികളുടെ ജീവിതത്തിന്‌ പകരമാവില്ല സർക്കാരിന്‌ ലഭിക്കുന്ന ചില്ലിത്തുട്ടുകൾ. തകർന്നുപോകുന്ന ഒരാവാസവ്യവസ്ഥയ്‌ക്ക്‌ പകരമാവില്ല ലാഭം കിട്ടിയ ചിലരുടെ ചിരികൾ. ഇതിനെ ഇടതുപക്ഷം എങ്ങിനെ കാണുന്നു?

പുഴകൾ വിൽക്കുന്ന പ്രൊജക്‌ടുകൾ ആദ്യം മൂന്നെണ്ണമായിരുന്നു. പാലക്കാട്‌, ഗുരുവായൂർ, കൊച്ചി (പെരിയാർ) ഇപ്പോൾ അത്‌ അഞ്ചായി. നെയ്യാറും, മീനച്ചിലാറും ഉൾപ്പെടുത്തി. ഈയടുത്ത്‌ എന്റെ സുഹൃത്തായ ഒരു രാഷ്‌ട്രീയക്കാരൻ പറയുകയാണ്‌. “വെറും രണ്ടു ശതമാനം വെളളം മാത്രമെ പെരിയാറിൽ നിന്ന്‌ എടുക്കുന്നുളളൂവെന്ന്‌. അതും വെറുതെ കടലിലേയ്‌ക്ക്‌ ഒഴുകിപോകുന്നത്‌” പാരിസ്ഥിതികബോധമില്ലാത്ത ഇത്തരം ആളുകളാണ്‌ കേരളത്തിന്റെ ശാപം. ഒരു മനുഷ്യൻ ഒരുദിവസം നാലുലിറ്റർ വെളളം കുടിക്കുമ്പോൾ അതിൽ മൂന്നര ലിറ്ററും മൂത്രമായി പോകുന്നു. എന്തിന്‌ വെറുതെ നാലുലിറ്റർ കുടിക്കണം വെറും അരലിറ്റർ കുടിച്ചാൽ പോരെ എന്നതായിരുന്നു എന്റെ മറുപടി. അദ്ദേഹം പിന്നെയൊന്നും മിണ്ടിയില്ല. പുഴയും ഇതുപോലെ തന്നെയാണ്‌ ഓരോ തുളളിജലവും പുഴയിലൂടെ ഒഴുകുന്നത്‌ ചില ജൈവധർമ്മങ്ങൾ നിർവ്വഹിച്ചാണ്‌. ഇത്തരത്തിലുളള ഒഴുക്കിനെ അശാസ്‌ത്രീയമായി തടഞ്ഞാൽ തകരുന്നത്‌ പ്രകൃതിയുടെ ജൈവസന്തുലനാവസ്ഥയായിരിക്കും.

മന്ത്രി ഉമ്മൻചാണ്ടി പറയുന്നു പെരിയാറിൽ നിന്നും വെളളം എടുക്കുന്നില്ല പകരം ഭൂതത്താൻ കെട്ടിൽനിന്നും എടുക്കാമെന്ന്‌. കൈയ്യിലെ ഞരമ്പുമുറിച്ച്‌ രക്തമെടുക്കുന്നില്ല, കഴുത്തിലെ ഞരമ്പുമുറിച്ചെടുത്തുകൊളളാം എന്നാണ്‌ ഇതിന്റെ അർത്ഥം. പെരിയാറും ഭൂതത്താൻകെട്ടും തമ്മിലുളള ബന്ധം ഉമ്മൻചാണ്ടിക്ക്‌ അറിയാൻ പാടില്ലാത്തത്‌ കേരളീയരുടെ ദൗർഭാഗ്യം. ഇത്തരത്തിലുളള അപകടകരമായ, എങ്കിലും കേൾക്കുന്നവരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ കഴിയുന്ന പ്രസ്താവനകൾ, നിലപാടുകൾ ആണ്‌ ഗവൺമെന്റും ഇതിനെ അനുകൂലിക്കുന്നവരും നടത്തുന്നത്‌. ഖജനാവ്‌ കാലിയാണ്‌ എന്ന ഇ.കെ. ആന്റണിയുടെ ഒരൊറ്റ പ്രസ്താവന കേരളത്തിലെ ജനങ്ങളെ എത്രമാത്രം ബാധിച്ചുവെന്ന്‌ നാം കണ്ടതാണ്‌.

ഇതൊക്കെ എങ്ങിനെയാണ്‌ ഇടതുപക്ഷം അനുകൂലിക്കുക?

വെളളം ആരുടേതാണ്‌?

വെളളം വാട്ടർ അതോറിട്ടിയുടേതാണോ? വെളളം സർക്കാരിന്റേയോ മറ്റേതെങ്കിലും വ്യക്തിയുടേതോ ആണെന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല. വെളളം അത്‌ ഉപയോഗിക്കുന്ന മുഴുവൻ ജീവജാലങ്ങളുടേതുമാണെന്ന്‌ ഞാൻ കരുതുന്നു. കടൽ ഫിഷറീസ്‌ വകുപ്പിന്റേയോ ടൂറിസം വകുപ്പിന്റേയോ എന്നും കാട്‌ വനംവകുപ്പിന്റേയോ റവന്യൂ വകുപ്പിന്റേയോ എന്നുമുളള തർക്കത്തിലാണ്‌ നാം. കടലും കാടും ഇവരുടേതാരുടേതുമല്ല. മറിച്ച്‌ കടൽ മത്സ്യത്തൊഴിലാളികളുടേതും കടലിലും കടലുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്ന ഏതൊരു ജീവിയുടേതുമാണ്‌. കാടാകട്ടെ കാട്ടുവാസികളുടേതും കാട്ടിൽ ജീവിക്കുന്ന ഏറ്റവും ചെറിയ ജീവിയുടേതുകൂടിയാണ്‌. ഈ രീതിയിൽ ചിന്തിക്കുമ്പോൾ വെളളം വിൽക്കുവാൻ വാട്ടർ അതോറിട്ടിക്ക്‌ യാതൊരു അവകാശവുമില്ല. വേണമെങ്കിൽ വെളളത്തിന്റെ ഉപയോഗത്തെ നിയന്ത്രിക്കാം. ഭരണകൂടത്തിന്റെ റോൾ അതാണ്‌. ഇതൊക്കെ തിരിച്ചറിഞ്ഞ്‌ അടിസ്ഥാനപരമായി പ്രകൃതിയെ മനസ്സിലാക്കിയുളള വികസനമാണ്‌ ഉണ്ടാകേണ്ടത്‌. ഈയടുത്ത്‌ കെ.വേണു പറഞ്ഞു. ഞാനൊക്കെ ജലത്തെ വൈകാരികമായി കാണുന്നുവെന്ന്‌. ശരിയാണ്‌. ജലത്തെ ഞാൻ വൈകാരികമായി കാണുന്നു. ദാഹം വൈകാരികമാണ്‌. ജീവിക്കാനുളള അവകാശവും വൈകാരികമാണ്‌.

വികസനമെന്നാൽ വിൽപ്പനയോ?

ജിം എന്നത്‌ ഗ്ലോബൽ ഇൻവെസ്‌റ്റ്‌മെന്റ്‌ മീറ്റ്‌ എന്നല്ല എന്നും ഗ്ലോബൽ ഡിസ്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ മീറ്റാണെന്നും നാം കരുതണം. അതായത്‌ പൊതുമുതൽ വിൽക്കാനുളള ചന്തയാണിതെന്നർത്ഥം. പൊതുമുതൽ സ്വകാര്യവ്യക്തികൾക്ക്‌ കൈമാറ്റം ചെയ്യുന്നതിനെ ഡിസ്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ എന്നാണ്‌ കേന്ദ്ര സർക്കാർപോലും പറയുന്നത്‌.

കേരളത്തിലെ അഞ്ചു മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വാർഡുകൾ 100 കോടി രൂപയ്‌ക്ക്‌ വിൽക്കുവാൻ പോകുന്നു. നമ്മുടെ സർക്കാർ പറയും 100 കോടിരൂപ ഇൻവെസ്‌റ്റ്‌മെന്റാണെന്ന്‌. വിൽക്കുന്ന കൂട്ടത്തിൽ മൂന്നു തുറമുഖങ്ങൾ കൂടിയുണ്ട്‌. വിഴിഞ്ഞം, തങ്കശ്ശേരി, മുനമ്പം. എണ്ണം ഇനിയും കൂടാം.

ഇപ്പോൾ കൊച്ചിയിൽ ഏറെ ആവശ്യമായിട്ടുളളത്‌ ഒരു ഗോൾഫ്‌ കോഴ്‌സാണെത്രെ. മറുപടി വളരെ രസകരം. ആഗോളവത്‌ക്കരണമൊക്കെ വരുമ്പോൾ സായിപ്പന്മാർക്ക്‌ രസിക്കാൻ വേണ്ടിയാണെന്ന്‌. ചിലവ്‌ 300 കോടി. പുല്ലുചെത്താനും പന്തുപെറുക്കാനും പത്തിരുപത്‌ പേർക്ക്‌ പണികിട്ടുമായിരിക്കും. ഇതും ഇൻവെസ്‌റ്റ്‌മെന്റായി കൂട്ടാമോ ആവോ?

നൂറുകണക്കിന്‌ ടൂറിസം റിസോർട്ടുകൾ വരുന്നു. മിക്കതും കടൽത്തീരത്താണ്‌. കോവളത്ത്‌ ഈയടുത്ത്‌ ഒരു സംഭവം നടന്നു. മത്സ്യത്തൊഴിലാളികളും കെ.ടി.ഡി.സി.ക്കാരുമായി ഒരു സംഘട്ടനം. വിഷയം മത്സ്യത്തൊഴിലാളികൾ കോവളം ബീച്ചിലേയ്‌ക്ക്‌ കടക്കുവാൻ പാടില്ലയെന്നാണ്‌. ഈ സമയം അവിടെയുണ്ടായിരുന്ന വിവരമുളള ഒരു അമേരിക്കൻ സായിപ്പിന്റെ സംശയം ഇതായിരുന്നു. എന്തുകൊണ്ട്‌ മത്സ്യത്തൊഴിലാളിക്ക്‌ കടൽത്തീരത്ത്‌ വന്നുകൂടാ എന്ന്‌. അത്‌ അവന്റെ അവകാശമല്ലേ എന്ന്‌. ഇത്‌ കെ.ടി.ഡി.സി.ക്കാരോടും മന്ത്രിയോടും പറഞ്ഞിട്ടുകാര്യമില്ല. അവർ തിരിച്ച്‌ ഇങ്ങിനെ ചോദിക്കും -പളളീലെന്താ അച്ചന്‌ കാര്യം?

ഇനിയുമുണ്ട്‌ വികസനങ്ങൾ, കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന ആക്‌സസ്‌ കൺട്രോൾ എക്‌സ്‌പ്രസ്സ്‌ ഹൈവേ, കൊച്ചിയിലെ സ്‌ക്കൈ ബസ്സ്‌. ഇതിന്റെയൊക്കെ പാർശ്വഫലങ്ങൾ കാണാനിരിക്കുന്നതേയൊളളൂ. (ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുക സമൂഹത്തിലെ 80 ശതമാനം പേരായിരിക്കും. ഗുണം അനുഭവിക്കുക ബാക്കിയുളളവരും. അതുകൊണ്ട്‌ ഇത്‌ എല്ലാവർക്കും ദോഷമെന്ന്‌ പറയുക വയ്യ.)

ഇത്തരം വികസനങ്ങളിൽ ഏതാണ്‌ കേരളത്തിൽ സമ്പൂർണമായി ഗുണകരമായി മാറുകയെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഐ.ടി. രംഗത്ത്‌ ഒരു വർഷത്തിനിടയിൽ ഒരുലക്ഷം പേർക്ക്‌ തൊഴിൽ ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ ബാംഗ്ലൂരിൽ ഐ.ടി.രംഗത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ടവരുടെ എണ്ണം രണ്ട്‌ ലക്ഷമാണ്‌. ഐ.ടി. മേഖലയിൽ ജോലി പ്രതീക്ഷിച്ചാവും ഡി.വൈ.എഫ്‌.ഐ.ക്കാർപോലും സമരത്തിനിറങ്ങാത്തത്‌. വലിയ കഷ്‌ടം മാർക്‌സിസ്‌റ്റ്‌ പാർട്ടിയുടെ കൈരളി ടി.വി.യിലെ ന്യൂസ്‌ സ്പോൺസർ ചെയ്യുന്നത്‌ ’ജിം‘ ആണെന്നുളളതാണ്‌.

ഇനി ഇത്രയും പേർക്ക്‌ തൊഴിൽ ലഭിക്കുമെന്ന്‌ കരുതിയാൽ തന്നെ പരമ്പരാഗത തൊഴിൽമേഖലയിലെ 42 ലക്ഷം തൊഴിലാളികളിൽ ഈ വികസന പരിപാടികൾക്ക്‌ ശേഷം എത്രപേർക്ക്‌ തൊഴിലുണ്ടാകണമെന്ന്‌ കണ്ടറിയണം. മത്സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, ആത്‌മഹത്യ ചെയ്‌തുകൊണ്ടിരിക്കുന്ന തോട്ടം തൊഴിലാളികൾ എന്നിവർക്ക്‌ ഈ വികസനംകൊണ്ട്‌ എന്തു ഗുണമുണ്ടാകും.

നിക്ഷേപകർക്കായി ആയിരത്തി അറുന്നൂറ്‌ കോടിരൂപ സഹായമായി നല്‌കുമെന്ന്‌ സഹകരണവകുപ്പ്‌ മന്ത്രി എം.വി. രാഘവന്റെ പ്രസ്താവന ശ്രദ്ധേയമാണ്‌. നിക്ഷേപകർക്ക്‌ പണം കൊടുക്കുന്ന സിസ്‌റ്റം കേരളത്തിന്റെ പ്രത്യേകതയാകാം. നാം മനസ്സിലാക്കേണ്ടത്‌ ഇവിടെ ഒരു വിദേശീയമായ ഇൻവെസ്‌റ്റ്‌മെന്റ്‌ വരുവാൻ പോകുന്നില്ല എന്നതാണ്‌. കുറെ കച്ചവടക്കാർ വരും. കേരളത്തിലെ പണവും സൗകര്യവും ഉപയോഗിച്ച്‌ ഇടനിലക്കാരായിനിന്ന്‌ ലാഭം ഉണ്ടാക്കും.

നിക്ഷേപകർ എന്നു പറയുന്ന ഈ കൂട്ടർ സ്വദേശികളോ വിദേശികളോ ആകട്ടെ. അവർ കേരളത്തിന്റെ പൊതുമുതൽ ചൂഷണം ചെയ്ത്‌ നാടിനെ നശിപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. മണലൂറ്റുന്നത്‌ സ്വദേശിയായാലും വിദേശിയായാലും തെറ്റുതന്നെ എന്നു കാണണം. ആഗോളമൂലധനവും പ്രാദേശീയ മൂലധനവും പരസ്പരപൂരകങ്ങളാണ്‌. അതായത്‌ എൻട്രോണും ടാറ്റയും, അംബാനിയും ഈ ഭാഷ്യത്തിൽ ഒന്നുതന്നെയാണ്‌. അതിനാൽ അംബാനി എൻട്രോണിനേക്കാൾ ദേശഭക്തിയുണ്ടെന്ന്‌ പറയുക വയ്യ. ഇവിടെ ലാഭമാണ്‌ പ്രശ്‌നം. അതിനാൽ ഈ മൂലധനത്തിന്‌ ദേശമില്ല എന്ന്‌ കാണണം.

ഇപ്പോൾ നിലപാടെടുക്കാനുളള സമയമാണ്‌. കേരളം രക്ഷപ്പെടാനുളള ലാസ്‌റ്റ്‌ ബസ്സാണ്‌ ഇത്തരം വികസനങ്ങളെന്ന്‌ ആന്റണി പറയുന്നു. നമുക്കും ലാസ്‌റ്റ്‌ ബസ്സാണ്‌ ഈ സമയം. ആന്റണിയുടെ കാത്തുനില്പിന്റെ എതിർവശത്താണ്‌ നമ്മളെന്ന്‌ മാത്രം. ഒരു തിരിച്ചു പോക്കാണെന്ന്‌ മാത്രം. സർവ്വനാശത്തിൽനിന്നും തിരിച്ചുപോകാനുളള ഈ ബസ്സിൽ കയറിയില്ലെങ്കിൽ നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ ഏറെയായിരിക്കും.

സി.ആർ. നീലകണ്‌ഠൻനമ്പൂതിരി

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമാണ്‌. എറണാകുളം ജില്ലയിലെ മുനമ്പത്ത്‌ കളിയരങ്ങ്‌ സംഘടിപ്പിച്ച ആഗോളവത്‌ക്കരണത്തിനെതിരായ കൂട്ടായ്‌മയിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.

Generated from archived content: essay_jan17.html Author: neelakandan_nambuthiricr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here