അമ്മേ നാരായണ
ശരണമയ്യപ്പാ
കൃതേ യദ്ധ്യായതോ വിഷ്‌ണും
ത്രേതായാം ജയതോ മഖൈഃ
ദ്വാപരേ പരിചര്യായാം
കലൗ തദ്ധരി കീർത്തനാൽ
കൃതയുഗത്തിൽ വിഷ്‌ണുവിനെ ധ്യാനിക്കുന്നവനും ത്രേതായുഗത്തിൽ യാഗാദിയജ്ഞങ്ങൾക്കൊണ്ട് യജിക്കുന്നവനും ദ്വാപരയുഗത്തിൽ പൂജാദികൾകൊണ്ട് ഭഗവത്‌പ്രീതി നേടുന്നുവോ അതെല്ലാം കലിയുഗത്തിൽ കീർത്തനം കൊണ്ട് ലഭ്യമാകുന്നു എന്ന് ശ്രീമദ് ഭാഗവതം നമ്മളെ മനസ്സിലാക്കിത്തരുന്നു.
കലിയുഗത്തിൽ ധർമ്മത്തിന് ച്യുതി സംഭവിക്കുമ്പോഴും അധർമ്മം ഉടലെടുക്കുമ്പോഴും സത്യത്തിന് വിലയില്ലാതെ വരുമ്പോഴും നമുക്കുണ്ടാവുന്ന വിഷമസന്ധികളെ തരണം ചെയ്യുവാൻ ഏകമാർഗ്ഗം ഈശ്വരനാമ സങ്കീർത്തനം ഒന്നുമാത്രമാണ്.
ആ ഒരു അവസ്ഥയിൽ ഈ കലിയുഗത്തിൽ ഈശ്വരസാക്ഷാത്‌കാരത്തിനും മുക്തിക്കും ഒരേ ഒരു വഴി ഭഗവത്‌കഥാശ്രവണം, നാമജപം, കീർത്തനാലാപനം മാത്രമാണ് എന്ന് നമ്മെ പൂർവ്വികരായ ഋഷിശ്രേഷ്‌ഠന്മാർ ബോദ്ധ്യപ്പെടുത്തി തന്നിട്ടുളളതാണല്ലോ. ഈ ഒരു തത്ത്വം മനസ്സിൽ ഉൾക്കൊണ്ട് ശ്രീമാൻ രാമൻപിളള അവർകൾ എഴുതിയ ദേവിദേവന്മാരുടെ കീർത്തനം മനുഷ്യനന്മയ്‌ക്ക് വളരെ പ്രയോജനം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ. ഭക്തിയുടെ നിറവിൽ മനസ്സിൽ ഉൾക്കൊണ്ട സത്‌ഗുണപ്രദാനങ്ങളായ പദങ്ങളെ വാണീദേവിയുടെ കൃപാകടാക്ഷം കൊണ്ട് പുഷ്‌പകൻ മാലകോർക്കുന്നതുപോലെ കോർത്തിണക്കി ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്ന ഈ സ്‌തോത്ര രത്‌നാകരം ഭക്തന്മാർക്ക് വളരെയധികം ഇഷ്‌ടപ്പെടും എന്നതിന് തർക്കമില്ല.
ക്ഷേത്രദർശനത്തിലൂടെ മനസ്സിൽ ഉത്ഭൂതമായ ഭക്തിയുടെ നിറവിൽ അദ്ദേഹം സൃഷ്‌ടിച്ച ഈ കീർത്തനങ്ങൾ ഭക്തർക്ക് ഈശ്വരാരാധനയ്‌ക്കും നന്മയ്‌ക്കും ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ലോകാ സമസ്‌താഃ സുഖിനോ ഭവന്തുഃ
( നീലകണ്‌ഠൻ നമ്പൂതിരിയുടെ അവതാരികയിൽനിന്ന് )
കീർത്തനമാല
കെ.എൻ. രാമൻപിളള
വില – 45.00, കറന്റ് ബുക്‌സ്
Generated from archived content: book2_nov23_05.html Author: neelakandan_nambuthiricr