മേഘമൽഹാർ

ഏതുകലാരൂപവും ഒഴുകിയെത്താനാഗ്രഹിക്കുന്ന സമുദ്രമാണ്‌ സംഗീതം. അനന്തസാധ്യതകളുളള മാധ്യമം എന്ന നിലയിൽ സിനിമയ്‌ക്ക്‌ ഏറ്റവും അടുപ്പം സംഗീതത്തോടും ചിത്രകലയോടുമാണ്‌. മലയാളസിനിമ ആദ്യകാലംതൊട്ടേ സംഗീതോന്മുഖമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നായ “നീലക്കുയിൽ” സംഗീതത്തിന്റെ സാധ്യതകളെ സൂക്ഷ്‌മമായി പ്രയോഗിച്ചിരുന്നു. പാട്ടുകളുടെ ധാരാളിത്തമാണ്‌ അക്കാലത്തെ സിനിമകളെ സംഗീതാത്മകമാക്കിയതെന്നു പറയാം. പാട്ടുകളുടെ ധാരാളിത്തം കൊണ്ടല്ലാതെ ആദ്യന്ത്യം സൂക്ഷിക്കുന്ന ഭാവലയതാളമുദ്രകൊണ്ട്‌ സംഗീതസാന്ദ്രമായ ഒരു ചിത്രമാണ്‌ മാതൃഭൂമി ഏഷ്യാനെറ്റ്‌ സംരംഭമായ “മേഘമൽഹാർ” എന്ന കമൽചിത്രം.

മഴയുടെ രാഗമാണ്‌ മേഘമൽഹാർ. മിയാതാൻസൻ ആത്‌മാവർപ്പിച്ച്‌ ചിട്ടപ്പെടുത്തിയ രാഗം. പെയ്തു തിമിർക്കുന്ന മഴയല്ല, പെയ്യാത്ത മേഘങ്ങളെ പാടിവിളിക്കുന്ന രാഗമാണ്‌ മേഘമൽഹാർ. നിറഞ്ഞ്‌, വശ്യമായി മോഹിപ്പിച്ച്‌ പെയ്യാതൊഴിഞ്ഞുപോകുന്ന മഴമേഘങ്ങൾ ആതുരഹൃദയങ്ങളിൽ സൃഷ്‌ടിച്ചേക്കാവുന്ന നൊമ്പരമാണ്‌ ഈ ചിത്രത്തിന്റെ സൂക്ഷ്‌മഭാവം. കലയെ അതിന്റെ സമഗ്രതയിൽ സമീപിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗാനമായി മാറുന്നത്‌ അതുകൊണ്ടാണ്‌.

പേരുപോലെതന്നെ രാഗതാളലയഭാവമാണ്‌ ഈ ചിത്രം. ഉപയോഗിച്ചിരിക്കുന്ന പാട്ടുകളുടെ എണ്ണമല്ല ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത്‌, മറിച്ച്‌ സിനിമയിലുടനീളം സൂക്ഷിക്കുന്ന ഭാവപൂർണ്ണതയാണ്‌. ചെറുകഥയുടെ ആഖ്യാനതന്ത്രമുപയോഗിച്ചാണ്‌ കമൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ഒട്ടും സ്ഥൂലമല്ലാതെ, സൂക്ഷ്‌മമായ വിശദാംശങ്ങളിലാണ്‌ “മേഘമൽഹാർ” വികസിക്കുന്നത്‌.

അഡ്വഃരാജീവനും (ബിജുമേനോൻ) നന്ദിതാമേനോനും (സംയുക്ത) തമ്മിലുളള പരസ്പര ബന്ധമാണ്‌ ഈ ചിത്രത്തിന്റെ കഥാതന്തു. സംഗീതത്തോടും സാഹിത്യത്തോടുമുളള അഭിനിവേശവും സ്വാഭാവികമായ യാദൃശ്‌ചികതകളും അവരെ തമ്മിലടുപ്പിക്കുന്നു. രാജീവൻ വിവാഹിതനും രണ്ട്‌ കുട്ടികളുടെ പിതാവുമാണ്‌. നന്ദിതയും വിവാഹിതയാണ്‌. ഒരു കുട്ടിയുടെ അമ്മയും. പ്രത്യക്ഷത്തിൽ നമ്മുടെ സദാചാര സങ്കൽപ്പങ്ങൾക്ക്‌ വിരുദ്ധമായേക്കാവുന്ന ഈ ബന്ധത്തെ അതിമനോഹരമാക്കി അനുഭവിപ്പിക്കുന്നതിൽ കമൽ വിജയിച്ചിട്ടുണ്ട്‌. കഥയുടെ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അപൂർവ്വ വശ്യതയിലൂടെയാണ്‌ കമൽ ഇത്‌ സാധിച്ചത്‌.

ബാല്യത്തിൽ തന്റെ കൂട്ടുകാരിയുടെ മരണത്തിന്‌ കാരണക്കാരിയായതിന്റെ നീറുന്ന ഓർമ്മകൾ നന്ദിതയുടെ മനോഘടനയിൽ സവിശേഷമായി പ്രവർത്തിക്കുന്നുണ്ട്‌. അന്ന്‌ തനിക്ക്‌ സാന്ത്വനവും നിറഞ്ഞ സ്‌നേഹവും തന്ന കളിച്ചെങ്ങാതി രാജീവനാണെന്ന്‌ തിരിച്ചറിയുന്ന നന്ദിത രാജീവനുമായി വല്ലാതെ അടുക്കുന്നു. രാജീവനിൽ നന്ദിത വലിയൊരു സ്വാധീനമായി വളരുകയും ചെയ്യുന്നു. ഒടുവിൽ നമ്മളെ സ്‌നേഹിക്കുന്നവരെ നമുക്ക്‌ നഷ്‌ടപ്പെടരുതെന്ന്‌ പരസ്പരം മനസ്സിലാക്കുന്ന അവർ തങ്ങളുടെ ബാല്യസ്‌മൃതികളുറങ്ങുന്ന കന്യാകുമാരിയുടെ സായാഹ്നത്തിൽ എന്നേക്കുമായി പിരിയുകയാണ്‌.

സിനിമക്കൊടുവിൽ കാലങ്ങൾക്ക്‌ ശേഷമുളള രാജീവന്റെയും നന്ദിതയുടെയും കണ്ടുമുട്ടൽ ഇങ്ങനെയായേക്കാം എന്ന്‌ പറഞ്ഞ്‌ സംവിധായകൻ വീണ്ടും അവരെ നമ്മുടെ കാഴ്‌ചയിലേക്ക്‌ കൊണ്ടുവരുന്നുണ്ട്‌. പരസ്പരം അപരിചിതരെപോലെ ഒരു ഹലോയിൽ ഒരു കടലോളം സ്‌നേഹത്തെ പിടിച്ചുകെട്ടാൻ അവർക്ക്‌ കഴിഞ്ഞു എന്ന്‌ പറഞ്ഞുകൊണ്ട്‌ മേഘമൽഹാർ അവസാനിക്കുന്നു.

കഥാപാത്രസൃഷ്‌ടിയിൽ നമ്മുടെ സിനിമ പൊതുവെ പിൻതുടരുന്ന രീതികൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഈ ചിത്രത്തിനായിട്ടുണ്ട്‌. രാജീവൻ, നന്ദിത എന്നിവരിലൂടെ വികസിക്കുന്ന ഈ കഥയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ അസാമാന്യമായ വൈദഗ്‌ദ്യത്തോടെ കഥയുടെ പിന്നാമ്പുറങ്ങളിലേക്ക്‌ തിരിച്ചുപോകുന്നുണ്ട്‌. ആകാശക്കാഴ്‌ചയുടെ അനന്തസമൃദ്ധിയോടെ രമേഷ്‌ നാരായണന്റെ സംഗീതം ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നു എന്നതും മേഘമൽഹാറിനെ വ്യത്യസ്ഥമായ കഥാനുഭവമാക്കുന്നുണ്ട്‌.

സുഭദ്രമായ എഡിറ്റിംഗ്‌, വെളിച്ചത്തിന്റെ മിതവും സ്വാഭാവികവുമായി വിന്യാസം പുലർത്തുന്ന ഷോട്ടുകൾ എല്ലാം സൂക്ഷ്‌മതയോടെ ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്‌.

മധ്യവർഗ്ഗ ജീവിതത്തിൽ നിന്ന്‌ കഥാപാത്രങ്ങളെ സ്വീകരിക്കുമ്പോൾതന്നെ, പറഞ്ഞുപഴകിയ പൊറംപൂച്ചുകളിലേക്ക്‌ തരിമ്പും വീഴാതെ സൂക്ഷിക്കാൻ സാധിച്ചു എന്നത്‌ കമൽ തന്നെയൊരുക്കിയ തിരക്കഥയുടെ മികവ്‌ തെളിയിക്കുന്നു.

പുരുഷകേന്ദ്രീകൃതമായ ജീവിതവീക്ഷണം തന്നെയാണ്‌ ഈ സിനിമയും സൂക്ഷിക്കുന്നതെങ്കിലും ഹൃദയത്തിലേക്ക്‌ ചേക്കേറുന്ന പക്ഷിയുടെ രാഷ്‌ട്രീയം തിരയുന്നതിലർത്ഥമില്ലല്ലോ. മേഘമൽഹാർ ചേക്കേറുന്നത്‌ ആസ്വാദകന്റെ ഹൃദയത്തിലേക്കാണ്‌.

Generated from archived content: meghamalhar.html Author: nc_santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English