ഹെസ്‌തിയ

ഒരിക്കൽ നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്‌തമായ പെയിന്റിങ്ങുകളെ കുറിച്ച്‌ സംസാരിക്കവേ ഹെസ്‌തിയ ചോദിച്ചു.

“ദൈവം ഇടത്തെ കരവലയത്തിൽ ഹവ്വയെ അടക്കിപ്പടിച്ച്‌ ആദമിന്‌ നേരെ നീട്ടിയ വലതു കൈ ചൂണ്ടാണി വിരൽതുമ്പിൽ കരുതിവെച്ചത്‌ ജീവിതവും ആത്മാവുമൊണന്നു പറയുന്നു. അല്ലെ? ആദം ചിത്രത്തിലെ കന്യാനിമിഷത്തിനപ്പുറം ആ വിരൽബിന്ദു തൊടുകയും ചെയ്‌തിട്ടുണ്ട്‌. പിന്നെന്തിനാണ്‌ ഈ ചിത്രകാരൻ ആഞ്ജൂ പരസ്‌പരമുള്ള ആ വിരൽ സ്‌പർശത്തിന്റെ മിന്നലൊളി വരക്കാതെ അർദ്ധോക്തിയിൽ നിർത്തി രണ്ടു ബിന്ദുക്കൾക്കിടയിൽ ഒരു ശൂന്യത സൃഷ്‌ടിച്ചുവെച്ചത്‌?”

ഹെസ്‌തിയയുടെ ചോദ്യങ്ങൾ പലപ്പോഴും ഇങ്ങനെയാണ്‌. അവ ചിന്തകളെ തീർത്തും അനാഥമാക്കി മനസ്സിൽ നിഴൽ സ്‌തൂപങ്ങളായി നീണ്ടു കിടക്കും. എത്തിപ്പിടിക്കാനാവാതെ, ചോദ്യത്തിനിടയിൽ സന്നിവേശിപ്പിച്ച ഈ ചുരുക്കെഴുത്തു അവളുടെ ഒരു തമാശയാണ്‌. ‘മൈക്കൽ ആഞ്ജലോ അവൾക്കപ്പോൾ ആഞ്ജു ആണ്‌. ഇങ്ങനെ അവളുടെതുമാത്രമായ അനേകം ചുരുക്കെഴുത്തിന്റേ ഒരു പദാവലി തന്നെ അവൾക്കുണ്ട്‌. ചോദ്യത്തിന്റേ ഉത്തരത്തിനായവൾ കാതോർക്കെ ഞാൻ പതിവുപോലെ തപ്പിത്തടഞ്ഞു ഉത്തരം പറയാൻ ശ്രമിച്ചു.

“അതു ചിലപ്പോൾ കലാസൃഷ്‌ടികളിലെ നിത്യമായ അപൂർണ്ണതയെയും അർദ്ധോക്തികളേയു​‍ും സൂചിപ്പിക്കുന്നതാവാം… തന്റെ അസംതൃപ്‌തമായ ജീവിതത്തെയോർത്ത്‌ ആ ആദിമ സ്‌പർശം നിരാകരിച്ചിരുന്നുവെങ്കിൽ എന്ന്‌ പ്രത്യാശപ്പെട്ടതാവാം…. അതല്ലെങ്കിൽ നിശ്ചേതനമായ ആ വിരൽ വിടവിലെ പ്രപഞ്ച സൃഷ്‌ടിയുടെ നിമിഷത്തെ ഓർമിപ്പിക്കുകയാവാം….” അങ്ങനെയൊക്കെ ആയിക്കൂടെ?

“അല്ല മാഷെ….. അല്ല……. അതിനപ്പുറം എനിക്കും നിനക്കുമറിയാത്ത … ആ മഹാനായ ആഞ്ജൂനുമാത്രമറിയുന്ന ഒരു കാരണമുണ്ട്‌. എത്ര വ്യാഖ്യാനങ്ങൾ പിറന്നാലും കണ്ടെത്താനാവാത്ത ഒന്ന്‌. ഇപ്പൊ തന്നെ നമുക്കിടയിലെ ഒരിക്കലും മായാത്ത ഒരു ശൂന്യതയില്ലേ…. അതുപോലൊന്ന്‌.” ഹെസ്‌തിയ പിന്നെ പൊട്ടിച്ചിരിച്ചു.

അപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ മുഖം മരിച്ചുപോയ ഹിന്ദി ചലച്ചിത്ര നടി സ്‌മിതാ പാട്ടീലായി എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ഇതങ്ങനെയാണ്‌….. നിയതമല്ലാത്ത നിഗൂഢമായ കുറെ മുഖങ്ങളും ഭാവങ്ങളുമാണെനിക്ക്‌ ഹെസ്‌തിയ. ഓരോ സന്ദർഭത്തിലും മാറുന്ന ഭാവങ്ങൾക്കനുസരിച്ച്‌ ഞാനവൾക്ക്‌ എനിക്കിഷ്‌ടപ്പെട്ട മുഖങ്ങൾ നിർമിച്ചുകൊണ്ടിരുന്നു. എപ്പോഴും ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരിക്കാനായിരുന്നു അവൾക്കിഷ്‌ടം. മൗനത്തിന്റെ ഓരോ വിള്ളലുകളിലും അവൾ അക്ഷമപ്രകടിപ്പിക്കുമായിരുന്നു. ഇങ്ങനെ വന്ധ്യമാക്കപ്പെടുന്ന ദീർഘമായ നിമിഷങ്ങളെ കുറിച്ച്‌ അവൾ പറയുന്നത്‌ അതൊരു കൊടുംശിക്ഷയാണെന്നാണ്‌…. രണ്ടു മനസ്സുകളുടെ വാക്‌മയ രേഖീയതയിൽ നിന്നും തെന്നിമാറി, അപരന്‌ നൽകാവുന്ന ഒരു അസഹ്യതയുടെ ശിക്ഷ. അതിനാൽ പുറന്തള്ളാനുള്ള വാക്കുകൾ ഉള്ളിൽ വഴിമാറി നടക്കുമ്പോൾ അവ എത്തിപ്പിടിക്കാനാവാതെ ഒരു മൂളൽ കൊണ്ടെങ്കിലും ഞാനെന്റെ മൗനത്തിന്റെ വിള്ളലുകൾ പൂരിപ്പിച്ചുകൊണ്ടിരുന്നു. ചില നേരങ്ങളിൽ ഒന്നിന്‌ പുറകെ ഒന്നായി ചോദ്യങ്ങളവൾ ഉതിർത്തുകൊണ്ടിരിക്കും. എന്റെ ഉത്തരങ്ങൾക്ക്‌ നേരെ പൊട്ടിച്ചിരിക്കും. തർക്കിക്കുകയും കലഹിക്കുകയും ചെയ്യും. എങ്കിലുമവൾ വിശ്വസിച്ചുപോന്ന ശരികളെ എന്റെ തിരുത്തലുകളുമായി ഐക്യപ്പെടുത്താൻ എനിക്ക്‌ കഴിഞ്ഞിരുന്നു.

ഇങ്ങനെ കണ്ടുമുട്ടുന്ന ദിവസങ്ങളിൽ ഒരു വർത്തമാനാവൃതി പൂർത്തിയാവുന്നതിനു മുമ്പ്‌ എന്നുമവൾ മറക്കാതെയും നിർബന്ധമായും ചെയ്യുന്നൊരു കാര്യമുണ്ട്‌. സ്‌നേഹ ഋതുക്കൾ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന അവളുടെ കൊച്ചുവീടും അതിലൂടെ കടന്നു പോയൊരു ദിവസവും വർദ്ധിച്ച ഉത്സാഹത്തോടെ എനിക്ക്‌ മുന്നിൽ തുറന്നു വെക്കും….

“കേൾക്കണ്ടേ നിനക്ക്‌… ഇന്നലെ എന്റെ കൊച്ചു കാന്താരിയും മൈനക്കുട്ടനും അവടെ സ്‌കൂളിൽ ഉണ്ടാക്കിയ പൊല്ലാപ്പുകൾ…. ഒരമ്മയുടെ അളവറ്റ ആത്മഹർഷത്തോടെ മകളുടെയും മകന്റെയും കുറുമ്പുകളും കുസൃതികളും ഒരൽപം ഗർവിൽ ചാലിച്ച്‌ അവളത്‌ പറഞ്ഞു തുടങ്ങൂ പിന്നെ സ്‌നേഹ സുന്ദരനായ ഭർത്താവുമായുണ്ടായ നുറുങ്ങു കലഹങ്ങൾ വരെ… ഒരു പാമ്പും ഏണിയും കളിപോലെ കയറ്റിറക്കങ്ങളുടെ രേഖയിലൂടെ തുടക്കം മുതൽ ഒടുക്കം വരെയുമുള്ള ലാവണ്യ നിമിഷങ്ങൾ പറഞ്ഞവൾ ചിരിക്കും…. ആ ചിരിയുടെ ഓളങ്ങൾക്കിടെ എനിക്കുള്ള ഉപദേശങ്ങളും വന്നുചേരും….. ”നീയും ഇങ്ങനൊക്കെ നിന്റെ സരിതയോട്‌ കലഹിച്ച്‌ സ്‌നേഹം കാണിക്കണം…. കണ്ണും മിഴിച്ചു നിൽക്കാതെ ഇതൊക്കെ ഞങ്ങളെ കണ്ടു പഠിച്ചോ. “ ഉള്ളിലുണരുന്ന സന്തോഷത്തിന്റെ ചിരിയമർത്തി എല്ലാം കേട്ടിരിക്കുമ്പോൾ അവളിലെ നൈസർഗികമായ തമാശയുടെ സൗന്ദര്യവും തന്റേടവും ഞാൻ തൊട്ടറിഞ്ഞിരുന്നു. ഇങ്ങനെയൊക്കെയെങ്കിലും ഹെസ്‌തിയ ആരാണ്‌ എന്താണ്‌ എന്നതിനൊന്നും എനിക്ക്‌ ഉത്തരം നല്‌കാൻ കൂട്ടാക്കിയിരുന്നില്ല. കാലങ്ങളെ ചുറ്റി നിൽക്കുന്ന നിഗൂഢമായൊരു നക്ഷത്രമായി മനസ്സിന്റെ കാഴ്‌ചയ്‌ക്കുമപ്പുറം അവളെന്നിൽ എപ്പോഴും പിടിതരാതെ നിന്നു.

അർബുദത്തിന്റെ നൂതന ചികിത്സയുടെ പഠന ഭാഗമായുള്ള ഒരു സൈബർ പ്രയാണത്തിൽ ഒരിക്കൽ ഞാനെത്തി നിന്നത്‌ ജർമനിയിലെ ഒരു സായിപ്പ്‌ ഡോക്‌ടറുടെ ഗവേഷണ പ്രബന്ധത്തിലായിരുന്നു. വായനക്കൊടുവിൽ കവിയും തത്വചിന്തകനുമായ ഡോക്‌ടറുടെ താളുകൾ അരിച്ചുപെറുക്കവെയാണ്‌ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ ഒരിന്ത്യക്കാരിയെ കാണാനിടയായത്‌. അതായിരിന്നു മലയാളിയായ ഹെസ്‌തിയ. ഒരച്ഛനോടെന്നപോലെ ബഹുമാനം പുലർത്തി ഹോളിസ്‌റ്റിക്‌ വീക്ഷണങ്ങളിൽ ഡോക്‌ടറെ ഖണ്ഡിച്ചെഴുതിയ അവളുടെ ആഴമേറിയ കുറിപ്പുകൾ ആദരവും കൗതുകവുമുണർത്തുന്നതായിരിന്നു. ആ തർക്കത്തിൽ പങ്കു ചേർന്നുകൊണ്ട്‌ ഞാനെഴുതിയ ഒരു ചെറു കുറിപ്പിനെ പിന്തുടർന്ന്‌ പിന്നീടൊരിക്കൽ ഹെസ്‌തിയയുടെ ഒരു കത്ത്‌ സൗഹൃദവുമായി എന്നെ തേടിയെത്തി. ചിരകാലമായി പരിചയമുള്ള സുഹൃത്തെന്ന പോലെ അവൾ സംസാരിച്ചു തുടങ്ങി. അവളിലെ വ്യതിരിക്തമായ ചിന്തകളുടെയും അറിവിന്റെയും ചക്രവാളങ്ങളിൽ അത്ഭുതം കൂറി നിൽക്കെ വളരെ പെട്ടെന്നായിരുന്നു ഞങ്ങളുടെ സൗഹൃദം വളർന്നു വികസിച്ചത്‌. കണ്ടുമുട്ടുന്ന ഇടവേളകളിൽ സൂര്യന്‌ താഴെയുള്ള എന്തും വിഷയമായി വാതോരാതെ അവൾ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഓരോന്നിലും തന്റെ മാത്രമായ തീഷ്‌ണവും പഴുതുകളില്ലാത്തതുമായ ചിന്താമുദ്രണം എന്നത്‌ അവളുടെ സവിശേഷതയായി ഞാൻ കണ്ടു. പക്ഷെ അന്തമില്ലാതെ പടരുന്ന വാക്‌ വിനിമയങ്ങൾക്കിടയിൽ എന്തിനോടും ഏതിനോടുമുള്ള അവളുടെ വിചിത്രമായ സമരസപ്പെടലുകളും ഒത്തുതീർപ്പുകളും എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതേചൊല്ലി ചിലപ്പോഴെല്ലാം വളരെ പരുഷമായി എനിക്ക്‌ പെരുമാറേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ സങ്കടത്തോടെ ഒന്നും മിണ്ടാതെ അവൾ പിൻവാങ്ങി. മറ്റൊരിക്കൽ പ്രത്യക്ഷമാവുമ്പോൾ വ്യാപരിച്ചേക്കാവുന്ന ഖിന്നപ്രകടനങ്ങൾ പ്രതിക്ഷിക്കുന്ന എനിക്ക്‌ പലപ്പോഴും തെറ്റിപ്പോയിരുന്നു. മുമ്പത്തേക്കാൾ പ്രസന്നതയോടെ ഉലഞ്ഞ പഴയ നിമിഷങ്ങളെ വെട്ടി മാറ്റി സൗഹൃദസാന്ദ്രമായ പുതിയ നിമിഷങ്ങളിലേക്ക്‌ ചടുലമായവൾ ഉയിർത്തെഴുനേറ്റു വന്നു. കുറ്റബോധ വിവശനായി തെല്ലു നേരമെങ്കിലും തപ്പിത്തടഞ്ഞു നിന്നിരുന്നത്‌ ഞാനായിരുന്നു. എങ്കിലും തന്നെ ചൂഴ്‌ന്നു വരുന്ന ചോദ്യങ്ങൾക്ക്‌ നേരെ അവളെന്നും സംശയാലുവായി തന്നെ നിന്നു. യാദൃശ്ചികമായിപോലും പുറത്തു വന്നുപോവരുതാത്ത സ്വത്വ ഭൂമികമയെ സൂക്ഷിച്ചു നിർത്തി അവൾ ശ്രദ്ധയോടെ പെരുമാറി. എന്നിലെ ജിജ്ഞാസയെ നിർദാക്ഷിണ്യം വാക്കുകളിൽ മുക്കിക്കൊന്നു. എന്നെ മിക്കപ്പോഴും അലട്ടിയിരുന്നത്‌ ഈ കൺമറയലിന്റെ അജ്ഞാതമായ കാരണങ്ങളായിരുന്നു. എന്നിട്ടും പിന്നീടെപ്പോഴോ പതിയെ പതിയെ അവൾ ആര്‌ എന്തെന്നതിനപ്പുറം ഉറ്റവരുടെ ജന്‌മാന്തര പരമ്പരക്കണ്ണികളിൽ ഏതോ ഒരു കാലത്ത്‌ ജീവിച്ചു മരിച്ചു പോയവളോ അല്ലെങ്കിൽ ഇനി എന്നെങ്കിലും ഭാവിയിൽ ജനിച്ചു വരാനിരിക്കുന്നവളോ ആയി എന്നോടൊപ്പമവൾ മനസ്സിൽ സഞ്ചരിച്ചു തുടങ്ങി.

യവനകഥയിൽ ഗൃഹദേവതയാണ്‌ ഹെസ്‌തിയ. ക്രോനസിന്റെയും റിയയുടെയും മൂന്നു പുത്രിമാരിൽ ഒരാൾ. ഒരേ സമയം മൂത്തവളും ഇളയവളുമെന്നു ജന്മബന്ധത്തിന്റെ അടയാളം നേടിയവൾ. പരിണയനിരാസത്തിലൂടെ പരിത്യാഗ ദീപമായ ദേവകന്യക. കുടുംബത്തിൽ പാചകത്തിന്റെയും അന്നത്തിന്റെയുമൊക്കെ ചുമതലക്കാരിയെന്നും ഗ്രീക്ക്‌ ഐതിഹ്യം പറയുന്നു. ഹെസ്‌തിയയുമായി സംവദിക്കുമ്പോഴൊക്കെ ഈ മിഥോളജി ഞാനോർക്കുമായിരുന്നു. ഈ പേരെങ്ങനെ നിനക്ക്‌ കിട്ടിയെന്ന എന്റെ ചോദ്യത്തിന്‌ എന്റെ ഗ്രേറ്റ്‌ പപ്പക്കുട്ടൻ തന്നെതെന്ന്‌ അവൾ ഉത്തരം നൽകി. അന്നവൾ അച്ഛനെ കുറിച്ച്‌ വാ തോരോതെ സംസാരിച്ചു. അപ്പോഴും അച്ഛനിലെത്താനിടയുള്ള വഴികൾ അവൾ സമർത്ഥമായടച്ചിരുന്നു. അവളെ ചുറ്റി എന്തു പറയുമ്പോഴും അവൾ ചെയ്‌തിരുന്നത്‌ ഒരു കഥ പുലർത്തേണ്ടതായ പ്രാഥമിക ധർമത്തിനപ്പുറം സ്‌ഥിതി വിവരങ്ങളെ സ്‌പർശിക്കാതിരിക്കുക എന്നതായിരുന്നു. തന്റെ തത്തക്കുട്ടിയെന്ന മകളെ കുറിച്ചോ മൈനക്കുട്ടനെന്ന മകനെ കുറിച്ചോ പറയുമ്പോൾ അവർക്ക്‌ ഒരിക്കലും പേരുണ്ടാവില്ല. അവർ പഠിക്കുന്നത്‌ പേരില്ലാത്ത വിദ്യാലയത്തിലാവും. ഭർത്താവ്‌ എഞ്ചിനീയറാവുമ്പോൾ ജോലിചെയ്‌തിരുന്ന സ്‌ഥാപനത്തിനു പേരോ അത്‌ സ്‌ഥിതിചെയ്യുന്ന സ്‌ഥലനാമമോ ഉണ്ടാവില്ല. അതുകൊണ്ട്‌ തന്നെ എല്ലാം പറയുമ്പോഴും ഒന്നും പറയാതിരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. ഇതിങ്ങനെ തുടരവേ പലപ്പോഴും ഈർഷയെക്കാളേറെ വാശിയാണു അതെന്നിൽ ഉണ്ടാക്കിയത്‌. അതിനാൽ അവളിലേക്കു തുറക്കുന്ന ഒരു കുറുക്കുവഴി എന്നെങ്കിലുമുണ്ടാവുമെന്നു തന്നെ ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. അതിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നു.

യാത്രകൾ ഇഷ്‌ടമായിരുന്ന ഹെസ്‌തിയ ദേശാന്തരികളായവരുടെ കഥകൾ പങ്കുവെക്കുന്നതിനിടെ അന്ന്‌ കുടുംബസമേതമുള്ള ഒരു അവധിക്കാല യാത്രയെ കുറിച്ച്‌ എന്നോട്‌ സൂചിപ്പിച്ചു. യാത്രക്കിടെ ജർമനിയിലെ തന്റെ സുഹൃത്തായ ഡോക്‌ടറെ കാണുക ഒരു ദൗത്യമെന്നും അവൾ പറഞ്ഞു. അത്‌ കേട്ട്‌ എന്നിലെ ഷെർലക്ക്‌ ഹോംസ്‌ പെട്ടെന്ന്‌ ഒരു ചെറു പുഞ്ചിരിയോടെ ഉണർന്നു. ഇത്രയും നാൾ എന്നിലെ അന്വേഷകനിൽ നിന്നും ഡോക്‌ടർ മറഞ്ഞു നിൽക്കയായിരുന്നല്ലോ എന്ന്‌ ഞാനോർത്തു. ഈ ജർമൻ വൈദ്യനിൽ നിന്നും കേരളത്തിലെ ഒരു ഗ്രാമത്തിലൂടെ ഹെസ്‌തിയയുടെ വേരുകളിലേക്കുള്ള ഒരു വഴി പുറപ്പെടുന്നുണ്ടാവാമെന്ന തിരിച്ചറിവ്‌ പുറത്തു കാണിക്കാതെ ഞാൻ മറ്റൊരു വിഷയത്തിലേക്ക്‌ അവളുടെ ശ്രദ്ധയെ മാറ്റി. അതിനുശേഷം കുറെ ദിവസത്തേക്ക്‌ അവളെ കാണുകയുണ്ടായില്ല. അതെങ്ങനെയായിരുന്നു. അവൾ വരുന്നതും പോകുന്നതും ഒരു ഈറൻ കാറ്റ്‌ പോലെയാണ്‌. മനസ്സിലെ വേനൽ തളർച്ചയിൽ എവിടെ നിന്നെന്നില്ലാതെ കടന്നു വന്നു ശീതളമായവൾ വീശി നിൽക്കും. മഴയുടെ ആരവം മനസ്സിനെ മൂടുന്നതിനു മുൻപേ അവൾ പടിയിറങ്ങിയിരിക്കും. ഏതോ ഒരു ദൗത്യം നിർവഹിക്കുന്നത്‌ പോലെ എല്ലാറ്റിനും നിശ്ചിത സമയം അവൾ അളന്നു വെക്കുമായിരുന്നു.

ഇങ്ങനെ ഹെസ്‌തിയയെ കാണാതിരുന്ന ദിവസങ്ങളിലൊന്നിലാണ്‌ ഞാനവളെക്കുറിച്ച്‌ ചിന്തിക്കുകയും ഉദാസീനമായൊരു എഴുത്തിലൂടെ ഡോക്‌ടറെ ബന്ധപ്പെടാൻ തീരുമാനിക്കുകയും ചെയ്‌തത്‌. സ്വയം പുതുക്കിയ പരിചയത്തിന്റെ മുഖവുരക്ക്‌ ശേഷം ഞാനെഴുതി….. ’താങ്കളുടെ സുഹൃത്തായ ഹെസ്‌തിയയെ നേരിൽ കണ്ടു സംസാരിക്കേണ്ടതായ ഒരാവശ്യം വന്നിരിക്കുന്നു. വിലാസവും വിശദവിവരങ്ങളും അയച്ചു തന്നാൽ ഉപകാരമായിരുന്നു. ” ഒരാഴ്‌ചയ്‌ക്ക്‌ ശേഷം മെയിൽ ബോക്‌സിൽ ജർമനിയിലെ ആ ഡോക്‌ടർ എന്റെ ഹൃദയത്തെ ത്രസിപ്പിച്ചുകൊണ്ട്‌ വന്നു നിന്നു. കുറെ ദിവസം ഞാനാ മെയിൽ തുറക്കാതെ ജിഞ്ഞാസയുടെ നിമിഷങ്ങളെ ദീർഘിപ്പിച്ചു. എന്റെ മനസ്സിലെ ഹെസ്‌തിയ പുനർ നിർമിക്കപ്പെടുന്നതെന്തിനെന്ന ചോദ്യം ഒരിടയ്‌ക്കെന്നിൽ കടന്നു വന്നതായിരുന്നു കാരണം. അവ്യക്തതയാൽ അപൂർണ്ണമായ എന്നിലെ ചിത്ര ചതുരത്തിൽ ഹെസ്‌തിയയുടെ സൗന്ദര്യമുള്ളൊരു ജീവിതം ഞാൻ എന്റേതായി വരച്ചു വെച്ചിട്ടുണ്ട്‌. ആരെന്നും എന്തെന്നും അറിയുന്നതിലൂടെ അത്‌ പുതുക്കപ്പെട്ട്‌ ഹെസ്‌തിയ എന്റെ ഉറ്റവരുടെ ജന്മാന്തര പരമ്പരക്കണ്ണികളിൽ നിന്നും വേർപെട്ടു എനിക്കന്യയായി മാറുകയോ എന്നിൽ നിന്നും എന്നന്നേക്കുമായി തിരോഭവിച്ചുപോവുകയോ ചെയ്യുമെന്ന്‌ ഞാൻ തെല്ലിട ഭയപ്പെട്ടു. എന്നിട്ടും നീണ്ടു പോവുന്ന അവളുടെ പിൻമടക്കത്തിന്റെ ഉൽക്കണ്‌ഠയെ മറികടക്കാനാവാതെ ഒടുക്കം ഞാൻ ഡോക്‌ടറെ തുറന്നു വായിക്കുക തന്നെ ചെയ്‌തു. ദീർഘമായ എഴുത്തിന്റെ ഇങ്ങേയറ്റത്തു ഹെസ്‌തിയയെ ഞാൻ ഹൃദയമിടിപ്പോടെ കണ്ടു.

പ്രശസ്‌തവും പുരാതനവുമായ കൃസ്‌തീയ കുടുംബത്തിലെ മൂന്നു പുത്രിമാരിൽ മൂത്തവളാണ്‌ ഹെസ്‌തിയ. ഉയർന്ന വിദ്യാഭ്യാസം നേടിയവൾ. കുടുംബത്തിലുണ്ടായ ദൈവ വിളിയിൽ കർത്താവിന്റെ തിരുവധുവായി തിരഞ്ഞെടുക്കപ്പെട്ടവൾ. മൂന്നു വർഷത്തെ ശ്രേഷ്‌ഠ പഠനം പൂർത്തിയാക്കി സഭയുടെ തിരുവസ്‌ത്രം സ്വീകരിക്കാൻ ഒരുങ്ങുകയാണവൾ. ….. ഉൾക്കിടിലത്തോടെ ഇത്രയും സംഗ്രഹിച്ചു ഞാൻ ഡോക്‌ടറെ വായിച്ചു. എന്റെ അമ്പരപ്പുകളിൽ അനേകം ചോദ്യങ്ങളുടെ കടന്നൽ കൂടിളകി. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ ഞാൻ ഉള്ളിലാളുന്ന വിങ്ങലോടെ കണ്ണുകൾ ഇറുകെയടച്ചു. എന്റെ അമ്പരപ്പുകളിൽ അനേകം ചോദ്യങ്ങളുടെ കടന്നൽ കൂടിളകി. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ ഞാൻ ഉളിലാളുന്ന വിങ്ങലോടെ കണ്ണുകൾ ഇറുകെയടച്ചു. എന്റെ മുന്നിലുണ്ടായിരുന്ന തത്തക്കുട്ടിയും മൈന കുട്ടനും വികൃതികളുമായി എന്നെ വലം വെച്ച ശേഷം കണ്ണെത്താ ദൂരത്തേക്ക്‌ ഓടിപ്പോയി. അവളുടെ സ്‌നേഹസുന്ദരൻ ചതുരകള്ളിയിൽ നിന്നും നീളമേറിയ മിനുസത്തിലൂടെ വളഞ്ഞു പുളഞ്ഞു താഴേക്കു ഊർന്ന പ്രത്യക്ഷമായി. ഹെസ്‌തിയ ഒരു ചെറു പുഞ്ചിരിയോടെ ചതുരക്കള്ളികൾ പിന്നിട്ട്‌ ലംബമായ രേഖീയതയുടെ ഏണിപ്പടികൾ ഓരോന്നായി ചവിട്ടികയറി മുകളിലേക്ക്‌ പോയി. ഞാൻ എന്തിനെന്നില്ലാതെ അസ്വസ്‌ഥനായി. ഓരോ സന്ദർഭങ്ങളിലായി ഞാനവൾക്കു നിർമിച്ചുകൊടുത്ത മുഖങ്ങളൊന്നും അവൾക്കു ചേരാതായി…. മുഖമില്ലാത്ത ഹെസ്‌തിയ എന്നിൽ ഒരു പരിഭ്രമമായി മാറി.

പിന്നീടെപ്പോഴോ പതിയെ എന്റെ ചിന്തകളുടെ ഘടന ലളിത രൂപം കൈവരിച്ചു. എന്നിൽ തുറന്നു വെച്ചു കടന്നുപോയ അവളുടെ മോഹങ്ങളുടെ അദ്ധ്യായങ്ങൾക്ക്‌ പൊരുളുകൾ ഞാൻ കണ്ടെത്തി…. ഹെസ്‌തിയയുടെ മുൻ പിറവികളുടെ അങ്ങേയറ്റത്ത്‌ നിന്നാവാം അവൾ എന്നോട്‌ സംസാരിച്ചു തുടങ്ങിയത്‌. പേരിനപ്പുറമൊരു സ്വന്തം മുഖമോ തന്നിലേക്ക്‌ നീളുന്ന ഒരു പാഴ്‌ പഴുതു പോലുമോ മനസ്സുകൊണ്ട്‌ തരാതെ തന്നിലുറയുന്ന ജിവിത സ്വപ്‌നങ്ങളുടെ പ്രദർശനങ്ങൾക്ക്‌ ഒരു ഏകാങ്ക കാണിയായി എന്നെ പ്രതിഷ്‌ഠിച്ചതാവാം. മുന്നിലെത്തുമ്പോഴെല്ലാം ഈ വിശുദ്ധമായ പിൻപിറവിയുടെ വാതിലവൾ കുറച്ചു നേരത്തെക്കെങ്കിലും കൊട്ടിയടച്ചതാവാം. അല്ലെങ്കിൽ ഒരു നിറസൗഹൃദത്തിന്റെ രൂപ ഭംഗിചോരാതെ സൂക്ഷിക്കാൻ മനസ്സിലുടക്കിയ ഏതോ ഒരു ജീവിത കഥ സ്വയം അനുഷ്‌ഠിക്കുന്നതായി ഭാവിച്ചതാവാം. അങ്ങനെയൊക്കെ ആവാനേ തരമുള്ളൂ.

പള്ളിയങ്കണത്തിൽ നിറങ്ങളിൽ നെയ്‌ത തിളങ്ങുന്ന വസ്‌ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തി കുർബാന കൊള്ളുന്ന അനേകം യുവതികൾക്കിടയിൽ എനിക്കിപ്പോൾ ഹെസ്‌തിയയെ കാണാം. എനിക്കവളെ തിരിച്ചറിയാനാവുന്നു. നിറമുള്ള ഉടയാടകളും ആഭരണങ്ങളുമിപ്പോൾ അവളുടെ സ്വ്‌പനങ്ങൾക്കൊപ്പം അഴിച്ചു വെക്കപ്പെടും. ഒറ്റനിറമുള്ള തിരുവസ്‌ത്രത്തിലേക്കവൾ ജീവിതത്തെ മാറ്റിപ്പാർപ്പിക്കും. എന്റേ മനസ്സിലുണ്ടാവുന്ന വേനൽ തളർച്ചയിലേക്ക്‌ ഇനിയെന്നെങ്കിലുമൊരിക്കൽ ഒരീറൻ കാറ്റുപോലെയവൾ പിന്നെയും കടന്നു വന്നേക്കാമെന്ന്‌ വെറുതെ ഞാൻ പ്രത്യാശിക്കുന്നു. അപ്പോളവൾ പുതിയ ജീവിത പരിസരത്തെ സ്വപ്‌നങ്ങൾ പുരട്ടാതെ സത്യമായി എനിക്ക്‌ തുറന്നു വെക്കുമെന്നു വെറുതെ ഞാൻ വിചാരിക്കുന്നു.

Generated from archived content: story_competition9.html Author: nazu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here