ഖസാക്കിൽ നിന്നും പുന്നയൂർക്കുളത്തേക്ക്‌

വാക്കിന്റെ ശിഷ്ടവ്യസനങ്ങളിലൂടെ പുന്നയൂർക്കുളം ആരംഭിക്കുന്നത്‌ ഒരു നരച്ച ആകാശത്തിൽ നിന്നുമാണ്‌. അവിടെ ഖസാക്കിൽ നിന്നും കാറ്റുകൊണ്ടുവന്ന പട്ടങ്ങൾ പാറി നടക്കുന്നുണ്ടായിരുന്നു. താഴെ, കോവിലന്റെ മണ്ണ്‌…. ശവങ്ങൾ അലിഞ്ഞു ചേർന്ന മണ്ണ്‌. ഗ്രാമ്യമായ ചില ഗന്ധങ്ങൾ പരത്തുന്നുണ്ടായിരുന്നു. ഇപ്പോൾ പുന്നയൂർക്കുളം മാധവിക്കുട്ടിയുടെ ഗൃഹാതുരത്വത്തിന്റെ ചിത്രപടം മാത്രമല്ല. ലോകഭൂപടത്തിലെങ്ങോ ചിതലെടുക്കുന്ന ഒരു ദൃശ്യവിസ്‌മയമാവുകയാണ്‌. നഷ്ടപ്പെട്ട കാലങ്ങളുടെ ചൂണ്ടുവിരലിൽ തൂങ്ങി രവി നടന്നുതുടങ്ങുകയാണ്‌. പുന്നയൂർക്കുളത്തിന്റെ നെഞ്ചിലൂടെ……

പ്രിയപ്പെട്ട എഴുത്തുകാരന്‌….. ഒ.വി.വിജയന്‌…..വാക്കിന്റെ പ്രണയസമസ്യകളോടെ…….

ഗുരുവായൂരിൽ നിന്നു പുന്നയൂർക്കുളത്തേക്കുളള ബസിനു മുക്കാൽ മണിക്കൂർ നീളം. ഈ ദൈർഘ്യത്തിനിടയിലെപ്പോഴോ വായനയുടെ ഗൂഢസുരതാലസ്യത്തിലൂടെ പാലക്കാടൻ മലഞ്ചെരിവുകളിലെ ഉഷ്ണക്കാറ്റ്‌ ആകാശം തിരയുന്നതിന്റെ അനന്തവ്യഥകൾ…. വിജയൻ മനസിലേക്കിറ്റി വീഴുന്നത്‌ ഗുരുവായൂരിലെ ശിഖയിൽ നിന്നുമാണ്‌. ശിഖയുടെ നെഞ്ചകം അന്നു ഷെൽവിയായിരുന്നു. മൾബെറിയുടെ വായനാവസന്തങ്ങളിലൂടെ അക്ഷരചുംബനം നൽകി മാഞ്ഞുപോയ പ്രിയപ്പെട്ട ഷെൽവി…. പിന്നെ മുറതെറ്റിയ ബന്ധങ്ങൾ പോലെ ജോസ്‌, ഉദയശങ്കർ, ബഷീർ മേച്ചേരി……

പുന്നയൂർക്കുളത്തേക്കുളള അവസാന ബസിൽ രവി ആൽത്തറയിൽ വന്നിറങ്ങുന്നു…

ഈശ്വരാ… രവിയെപ്പോലെ ഞാൻ പുന്നയൂർക്കുളത്തെ ആകാശത്തേക്കു പിടഞ്ഞുവീഴുന്നു. നഗരമാവുന്നതിന്റെയും നാഗരികനാവുന്നതിന്റെയും മഹാവേഗങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒപ്പം ബൈജുവും…. പാലക്കാട്ടേക്കുളള സ്വകാര്യയാത്രയിൽ കൂട്ടായിരുന്ന ബൈജു. എസ്‌. ബാബു. നസ്രാക്കിലെ പളളിക്കു മുമ്പിലെ ധ്യാനനിമിഷങ്ങളിൽ നിന്നും അള്ളാപിച്ചാമൊല്ലാക്കയുടെ സൂക്ഷ്‌മരേഖകളിലേക്ക്‌ മനസുകോർത്തുകൊണ്ട്‌…. ഇല്ല ഇവിടെ ശരിയാവില്ല…..

നാലാപ്പാട്ടേക്കുളള വഴിതിരിയുന്നിടത്തു നിന്നുകൊണ്ട്‌ ബൈജു ഇതു പറയുമ്പോൾ അവന്റെ മനസിൽ ഒരു മെട്രോപൊളിറ്റൻ നഗരത്തിന്റെ നിശ്ചയിക്കാനാവാത്ത ജൈവഗണിതങ്ങളും, മങ്കരയുടെ ജൈവസന്ധാരണങ്ങളും കൂടിച്ചേർന്നു പിടയുന്നതു കാണാം.

ഞാൻ ചിരിക്കും… എന്റെ ഗൂഢമായ ചിരി അവനു ഗോവണിപ്പടി. കല്ലും മണ്ണും ഇലകളും നിറഞ്ഞ ഗോവണിപ്പടിയിലൂടെ അവൻ നടന്നുകയറുന്നത്‌ പുതിയ കെട്ടിടങ്ങളുടെ പണിപ്പുരയിലേക്കാണ്‌. ഒരുപാടു സ്വകാര്യങ്ങളും, സ്വപ്നങ്ങളും, വലിയ ഉമ്മറവുമുളള വീട്‌…. മഴയും, മഞ്ഞും, വെയിലും പെയ്‌തിറങ്ങുന്ന വീട്‌… അതിന്റെ ജൈവജാലകങ്ങളിലെവിടെയൊക്കെയോ പാലക്കാടൻ കാറ്റിന്റെ സൗമ്യമായ തലോടൽ. കരിമ്പനകൾ ഉലയുന്നതിന്റെ ജീവതാളം… നീർമാതളത്തിന്റെ നീറ്റലുമായി വൃദ്ധയായ മാധവിക്കുട്ടി വീണ്ടും കടന്നുവരുമ്പോൾ പുന്നയൂർക്കുളത്തിന്റെ ഭൂമിക ഭൂപടത്തിൽ നിന്നും മാഞ്ഞുമാഞ്ഞ്‌ ഇല്ലാതാവുന്നത്‌ മടക്കയാത്രയിലെ ഒരൊറ്റ അനർഘനിമിഷത്തിലെങ്കിലും കമല അറിഞ്ഞിട്ടുണ്ടാവണം. മാപ്പു ചോദിക്കുന്നു….. അക്ഷരങ്ങളോടു പിൻതിരിഞ്ഞു നിന്ന്‌, മഹാപ്രണയങ്ങളോടു ഇടഞ്ഞു പിരിഞ്ഞ്‌ പുതിയ വഴികൾ വെട്ടിയതിന്‌….. പഴയവഴികൾ മായ്‌ച്ചതിന്‌….

ഈ വഴിയനക്കങ്ങളിലൂടെ രവി നടന്നു പോകുന്നു. രാഷ്‌ട്രീയമെന്നതു പോലെ പ്രസ്ഥാനവല്‌ക്കരിക്കപ്പെട്ട സാഹിത്യത്തിൽ നിന്ന്‌ വിജയൻ അകന്നു നിന്നുവെന്നു പറഞ്ഞത്‌ വി.കെ. ശ്രീരാമനാണ്‌. ശ്രീരാമേട്ടന്റെ ഉളളിൽ പഴയ ചില ചൂട്ടുകറ്റകളുണ്ട്‌. അതിന്റെ തീക്ഷ്‌ണവെളിച്ചത്തിൽ വഴി ചികഞ്ഞിറങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം രവിയും…

നട്ടപ്പാതിരായ്‌ക്ക്‌ കുന്നത്തൂരെ സുനന്ദയിലിരുന്ന്‌ ബൈജു വാക്കുകൾ കൊണ്ടിടയുന്നു. അവൻ സ്വാതന്ത്ര്യത്തിന്റെ സമുദ്രം കടക്കുന്നു. പുതിയ തുറമുഖം തേടുന്നു.

ഡാ​‍ാ​‍ാ.. പിൻവിളി മുറിച്ചുകടന്ന്‌ ആൽത്തറയിലെ കുരിശുരൂപത്തിനു മുമ്പിൽ പുതിയ തുറമുഖം…. അണഞ്ഞുപോയ മെഴുകുതിരികളുടെ വന്യമായ ഇരുട്ടിൽ കപ്പൽഛേദങ്ങൾ… കരിമ്പനക്കാടുകൾ….

തസ്രാക്കിലേക്കുളള വഴിയേത്‌…. അവൻ കരിമ്പനകളോടു ചോദിക്കുന്നു. കരിമ്പനകളിൽ കാറ്റു പിടിക്കുന്നു. കാറ്റിനൊപ്പം പതിഞ്ഞ പാദപതനങ്ങളോടെ രവിയും…. മണൽതിരകൾ ഉയർന്നുപൊങ്ങി മേഘസമസ്യകളോടു മന്ത്രിക്കുന്നു…. ഈശ്വരാ….

ഇവിടം ഗുരുസാഗരം. രവി ബസിറങ്ങിയതും ഇവിടെ… ആൽത്തറയുടെ സ്മൃതിശിഖരങ്ങളിൽ ആലിലകൾ വിറയാർന്നു നിന്നു. ആലിനോടൊട്ടി നിൽക്കുന്ന മാവിന്റെ സ്ര്തൈണമന്ദസ്മിതത്തിലൂടെ ആത്മാവിന്റെ യാനഗോപുരം. പ്രാർത്ഥനയുടെ മൗനം.

ഇതു മധുരം ഗായതി…. ഈശ്വരാ…. ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി ഓർമ്മയിൽ പൊളളുന്നു. പുന്നയൂർക്കുളത്തെ സംസ്‌കൃതികളുടെ പുരാലിഖിതങ്ങൾക്കിടയിലൂടെ മെലിഞ്ഞ ശരീരവും മൗനം നെഞ്ചു തുളയ്‌ക്കുന്ന ദൃഷ്ടിയുമായി വിജയൻ നടന്നു പോവുന്നു. പടിഞ്ഞാറോട്ട്‌… അവിടെ, അസ്തമനത്തിന്റെ കടൽ. കരിമ്പനകളിൽ വന്യമായ രതിയോടെ കൂടുകൂട്ടിയ അസ്തമനസൂര്യൻ. തിട്ടപ്പെടുത്താനാവാത്ത നിറപ്പകർച്ചകളോടെ അനന്തമായ ഇരുട്ടിലേക്ക്‌….. വിജയൻ നടന്നു മറയുകയാണ്‌…. വിജയന്റെ ചിതാഭസ്‌മം ഈ ജലഛായയിൽ അക്ഷരമന്ത്രങ്ങളോടെ….

ഒ.വി വിജയൻ നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ രണ്ടുവർഷം തികയുന്നു….

Generated from archived content: essay1_mar30_07.html Author: nazeer_kadikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here