ആയുസ്സിന്റെ ബാക്കിപത്രം

ഈ മുഖത്ത്‌ വരയ്‌ക്കപ്പെട്ട കറുത്ത

രേഖകളിൽ

ഒരു വേർപാടിന്റെ വ്യഥ

മറഞ്ഞു കിടപ്പുണ്ട്‌.

ഈ കറുത്ത മുടിനാരുകൾക്കിടയിൽ

ഒളിഞ്ഞിരിക്കുന്ന

വെള്ളിക്കമ്പികളിൽ

കാത്തിരിപ്പിന്റെ ദൈർഘ്യമുണ്ട്‌.

നിയന്ത്രണമില്ലാത്ത

ഈ ഹൃദയമിടിപ്പുകളിൽ

ചേക്കേറാനിടമില്ലാതലയുന്ന

പക്ഷിയുടെ ചിറകടികളുടെ

താളപ്പകർച്ചയുണ്ട്‌.

കരച്ചിൽ വറ്റിയ

ഈ കൺതടങ്ങളിൽ

ശവദാഹം കഴിഞ്ഞ

ശ്മശാനത്തിന്റെ ഭീകരമൗനമുണ്ട്‌.

ആയുസ്സിന്റെ നോട്ടുബുക്കിൽ

എഴുതി തെളിയാതെ

ബാക്കിയായൊരു കവിത

ജീവിതം പോലെ

മഷി പറ്റിക്കിടപ്പുണ്ട്‌.

Generated from archived content: poem1_july13_07.html Author: nazeer-seenalayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here