എന്നെ നീയറിഞ്ഞതു കൊണ്ട്
എനിക്കു നിന്നെ ആവശ്യമുണ്ട്
എന്നെ പുഞ്ചിരിപ്പിക്കാൻ
നീ പഠിപ്പിച്ച രീതി
എന്നെ സ്നേഹിക്കാൻ
നീ സ്വീകരിച്ച വഴി
എന്നെ എന്നേക്കാളേറെ
മനസ്സിലാക്കാൻ
നീ കാട്ടിയ വ്യഗ്രത
ഇതൊക്കെയായിരിക്കണം
നിന്നെ ആവശ്യമുണ്ടെന്ന്
ഞാനുറപ്പിച്ചു പറയാൻ
കാരണമാകുന്നത്.
നീ വരിഞ്ഞു മുറുക്കിയിരുന്നതു കൊണ്ട്
എനിക്കു പേടി തോന്നിയില്ല
പക്ഷേ;
എനിക്കു ശ്വാസം മുട്ടുകയും
നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്‌തു.
നിന്റെ നോട്ടങ്ങൾക്ക്
എന്റെ മനസിന്റെ തിരക്ക് കൂട്ടാനാവുന്നുണ്ട്
നീയെന്നെ പിടിച്ചു കുലുക്കുമ്പോൾ
എന്നിൽ നിന്നെന്തോ
പുറത്തേക്കൊഴുകുന്നുണ്ട്
നിന്റെ മണം എന്നിൽ പൂക്കൾ വിരിയിക്കയും
അവയെ കായ്‌കനികളാക്കുകയും ചെയ്‌തു
എന്റെയരികിൽ നീ പൂമ്പാറ്റയായി
തേനും ചോരയുമൂറ്റി
എനിക്കു പേടി തോന്നിയില്ല
എന്നാൽ
നീയില്ലാത്തപ്പോൾ
എനിക്ക് വസന്തവും ശിശിരവും
നഷ്ടമാവുന്നു.
Generated from archived content: poem1_jan15_07.html Author: nazeer-seenalayam