അവസാനത്തെ ഊഴം
ഒരൊഴിഞ്ഞ മുറി കിട്ടിയാൽ
എനിക്കൊന്നുറക്കെ കരയണമായിരുന്നു
ഒരൽപ്പമിരുട്ടു കിട്ടിയാൽ
എനിക്കൊന്നൊളിക്കണമായിരുന്നു
ഒരു വെളളക്കടലാസു തന്നാൽ
കവിതയൊന്നെനിക്കു കുറിക്കണമായിരുന്നു
കരളൊന്നെനിക്കു കടമായി തന്നാൽ
കഥയെനിക്കെന്റെ പറയണമായിരുന്നു.
പക്ഷേ…
കരയാനുമായില്ല
പറയാനുമായില്ല
ഒന്നും കുറിക്കാനുമായില്ല.
ഭവ്യമായ് നിങ്ങളെനിക്കായി തീർത്തൊരീ
കയറൊന്നുണ്ടെനിക്കിപ്പോൾ
ഞാന്നുക്കിടക്കാൻ….
ഞാനല്ലാത്ത ഞാൻ
ക്രൂശിലേറി മരിക്കുന്നു
ക്രിസ്‌തുവേശുവല്ല ഞാൻ
ചെളിയിലാണ്ടു കിടക്കുന്നു
താമരയായില്ല ഞാൻ
വാനിലോടിക്കേറുന്നു
വാനമ്പാടിയല്ല ഞാൻ
വാക്കുകൾ കൊണ്ടടിക്കുന്നു
വാചാലനായില്ല ഞാൻ
മൗനത്തിലൊളിക്കുന്നു
ഊമയായിരുന്നില്ല ഞാൻ
വിരഹം തിന്നു തീർക്കുന്നു
വിശപ്പു കെട്ടവനല്ല ഞാൻ
Generated from archived content: poem-feb18.html Author: nazeer-seenalayam