മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!!…

ഉല്പത്തി വിശ്വാസപ്രകാരം നഗ്നനായി ഭൂമിയിലേക്കു കടന്നു വന്ന മനുഷ്യന്‍ നഗ്നനായി തന്നെ ജീവിച്ചുവെന്നാണ്. നഗനത സ്വാഭാവികവും , അകൃത്രിമവും, പ്രകൃത്യാനുസൃതവുമായ സ്വത്വമാണ്. നഗ്നത തന്നെയാണ് സത്യവും, സത്യം നഗ്നവുമാ‍ണ്. പക്ഷെ ജ്ഞാനകനി നുണഞ്ഞതിനെ തുടര്‍ന്ന് ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യന് ആദ്യം ഉണ്ടാകുന്നത് സ്വന്തം ശരീരത്തെക്കുറിച്ചുള്ള ബോധമാണ്. മനോഹരമായ പ്രകൃതിയുടെ ഉള്‍ത്തുടിപ്പില്‍ ആകൃഷ്ടരായ അവന്‍ തികഞ്ഞ സൗന്ദര്യ ബോധത്താല്‍ മാനത്തെ മറക്കാനല്ല അലങ്കരിക്കാനാണ് ശ്രമിച്ചത്. മദ്ധ്യാസ്ത്രേലിയയിലെ അപരിഷ്കൃതരായ ഒരു ഗോത്രവര്‍ഗ്ഗം ഈ ആധുനിക യുഗത്തില്‍ പോലും നഗനരായിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുമ്പോഴാണ് തൂവലുകള്‍കൊണ്ട് അരക്കെട്ട് അലങ്കരിക്കുകയും കാമോദ്ദീപ്തമായി നൃത്തം ചെയ്യുകയും ചെയ്യുന്നത്. സത്യത്തില്‍ എതിര്‍ലിംഗ ജീവികളെ ആകര്‍ഷിക്കാന്‍ മാത്രമാണ് അവര്‍ അലങ്കാരപരമായി ഗുഹ്യപ്രദേശങ്ങളെ മറക്കുന്നത്. ഇത് മാനം മറക്കലല്ല മറിച്ച് ഒരു തരം ആകര്‍ഷ തന്ത്രം മാത്രമാണ്.

ഒരിക്കല്‍, വ്യാസനും യുവകോമളനുമായ വ്യാസപുത്രന്‍ ശുകനും കൂടി നടന്നു പോവുകയായിരുന്നു. ആ സമയം സമീപത്തെ പൊയ്കയില്‍ കുളിച്ചുകൊണ്ടിരുന്ന അപ്സരകന്യകള്‍ നഗനനായ ശുകനെ കണ്ടുവെങ്കിലും ലജ്ജിക്കത്തക്ക യാ‍തൊന്നും അവര്‍ക്ക് അനുഭവപ്പെട്ടില്ല. പക്ഷെ കൗപീനധാരിയായ വ്യാ‍സനെ കണ്ടപ്പോള്‍ അപ്സരസുകള്‍ പൊട്ടിച്ചിരിച്ച കഥ പ്രസിദ്ധമാണല്ലോ. ഇതിന്നര്‍ത്ഥം നഗ്നത സ്വാഭാവീകവും പ്രകൃത്യാനുസൃതവുമാണെന്നാണ്. കൗപീനപരമായ കൃത്രിമത്വം ആഭാസകരവുമാണെന്നല്ലേ? ഉത്തരേന്ത്യന്‍ സന്യാസിമാരിലെ ഒരു വിഭാഗമായ ദിഗംബരന്മാരുടെ പ്രകൃതീ ദര്‍ശനം സാധൂകരിക്കപ്പെടുന്നതും ഈയ്യൊരു പ്രത്യയ ബോധത്തില്‍ നിന്നുമാണ്.

കാലങ്ങളേറെ കഴിഞ്ഞു. മനുഷ്യര്‍ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും പാതകളിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങി. വേദകാലാരംഭത്തിനു വളരെ മുമ്പു തന്നെ ഗുഹ്യാവയവങ്ങളെ അലങ്കരിച്ച് ആകര്‍ഷിക്കുകയെന്ന വസ്ത്ര സ്വഭാവത്തില്‍ നിന്നും യഥാര്‍ത്ഥത്തില്‍ മാനം മറക്കുക എന്ന അഭിമാനപൂര്‍വമായ പ്രവണതയിലേക്കു സംസ്ക്കാരം വളര്‍ന്നു. സമൂഹത്തില്‍ ചാതുര്‍ണ്യ വ്യവസ്ഥിതി ഉയര്‍ന്നു വന്നു. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ വിരാജിച്ചിരുന്ന നമ്പൂതിരി വര്‍ഗ്ഗം തങ്ങള്‍ക്ക് ആനന്ദകരവും അനുകൂലകരവുമായ ആചാരങ്ങളും നിയമങ്ങളും കൊണ്ടുവരുന്ന കീഴസ്ഥാനീയരില്‍ പ്രസ്തുത ആചാരങ്ങള്‍ ശിരസാ വഹിക്കുവാന്‍ ബാധ്യസ്ഥരായി. കീഴാളന്മാരെ നിരന്തരം ചൂഷണം ചെയ്ത് മെയ്യനങ്ങാതെ തിന്നുകൊഴുക്കുമ്പോള്‍ തിരുമേനിമാര്‍ക്ക് അച്ചിപ്രാന്ത് തലക്കു പിടിക്കും. അങ്ങനെ സുഖിച്ചും രസിച്ചും ആനന്ദത്തോടെ കഴിഞ്ഞിരുന്ന വരേണ്യവര്‍ഗ്ഗം ചില നിബന്ധനകള്‍ കീഴ്ജാതിക്കാരില്‍ അടിച്ചേല്‍പ്പിച്ചു. അതിലൊന്നാണ് ‘ മാറ് മറക്കാതിരിക്കല്‍’ നിബന്ധന. വലുപ്പ ചെറുപ്പങ്ങള്‍ നല്‍കുന്ന വൈവിദ്ധ്യതയുടെ നയനസുഖം എന്നതുതന്നെയായിരുന്നു അതിനു പിന്നിലെ ചേതോവികാരമെന്നു സ്പഷ്ടം. ഈയൊരു അസംബന്ധം സാംസ്ക്കാരിക നവോദ്ധാന പ്രതിഭകള്‍ ചവുട്ടി നടന്ന ഈ മണ്ണില്‍ കഴിഞ്ഞ നൂറ്റാണ്ടുവരെ നിലനിന്നിരുന്നുവെന്നാണ് ഏറെ ആശ്ചര്യകരം.

മലബാര്‍ മാന്വല്‍ 136 – ആം പേജില്‍ വില്യം ലോഗന്‍ പറയുന്നത് ‘’ ജാത്യാചാരപ്രകാരം നായര്‍ സ്ത്രീകള്‍ മാറ് മറക്കാന്‍ പാടില്ല’‘ എന്നാണ്. കൂടാതെ ‘’ പുരുഷന്മാര്‍ കുപ്പായമിടുന്നതും , സ്ത്രീകള്‍ ബ്ലൗസും ജാക്കറ്റും ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ല എന്നു മാത്രമല്ല അങ്ങിനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി ചിലര്‍ വ്യാഖ്യാനിച്ചിരുന്നു’‘ കുഞ്ഞിയമ്മ ശങ്കുവിന്റെ നാരായണഗുരു സ്വാമി എന്ന ഗ്രന്ഥത്തില്‍ 215 ആം പുറത്തില്‍ പറയുന്നത് ഇപ്രകാരമാണ് ‘’ ഇന്നത്തേപ്പോലെ സ്ത്രീകള്‍ മാറുമറക്കുന്ന പതിവ് എന്റെ ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല ‘’ എന്നാണ്. കെ. പി. എസ്സ് മേനോന്‍ തന്റെ ആത്മകഥയില്‍ ( പേജ് 25) പറയുന്നത്”. ”ഒരു സ്ത്രീ മാറു മറച്ചു നടന്നാല്‍ തന്നെയും അഹങ്കരിച്ചു വേഷം കെട്ടിനടക്കുന്നുവെന്ന് പറയാതിരിക്കാന്‍ വേണ്ടി മാന്യന്മാരുടെ സന്നിധിയില്‍ മേല്‍മുണ്ട് എടുത്തുമാറ്റി കളയുന്നതായിരുന്നു പതിവ്”. നായര്‍ ( ശൂദ്ര) സ്ത്രീകളാകട്ടെ ബ്രാഹ്മണര്‍ക്കു മുമ്പില്‍ മാറുമറക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. ഒരിക്കല്‍ ഈ വിലക്കു ലംഘിച്ചു മാറുമറച്ച് ആറ്റിങ്ങല്‍ മഹാറാണിയെ കാണാന്‍ പോയ നായര്‍ സ്ത്രീയുടെ സ്തനങ്ങള്‍ നിഷ്ക്കരുണം ഛേദിച്ചു കളഞ്ഞതും ചരിത്രത്തിലെ അതിക്രൂരതയായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അന്തര്‍ജ്ജനങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മാത്രം മാറുമറക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈ മാറു പ്രദര്‍ശനത്തിനുള്ള ഏക ഐതിഹ്യ പ്രചാരണം പരശുരാമനുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനു വേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറക്കരുതെന്ന് പര‍ശുരാമന്‍ വിലക്കിയിരുന്നെത്രെ. അതായത് , സ്തനദര്‍ശനം ആഹ്ലാദകരവും അത് മേല്‍ക്കോയ്മാ ബ്രാഹ്മണര്‍ക്ക് ആസ്വദിക്കാനുമുള്ളതാണെന്ന് പ്രത്യക്ഷാര്‍ത്ഥം.

കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളുടേയും ഈയൊരു ദയനീയ അവസ്ഥക്കു മാറ്റം വരുത്താന്‍ യത്നിച്ച ഒരു പക്ഷെ ആദ്യത്തെ സാമൂഹ്യ പരിഷ്കര്‍ത്താവാകാം ടിപ്പു സുല്‍ത്താന്‍ . 1788 – ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് സന്ദര്‍ശിച്ച വേളയില്‍ എല്ലാ സ്ത്രീകളോടും മാറ് മറച്ചു നടക്കുവാന്‍ കല്‍പ്പനയുണ്ടായി. പക്ഷെ സവര്‍ണ്ണരുടേ മേല്‍ക്കോയ്മ ഭയപ്പെട്ടിരുന്ന സ്ത്രീകള്‍ മാറ് മറക്കുവാ‍ന്‍ വിസമ്മതിക്കുകയും അതില്‍ കുപിതനായ ടിപ്പുസുല്‍ത്താന്‍ മാറു മറക്കാത്തവരുടെ സ്തനങ്ങള്‍ ഛേദിച്ചു കളയുവാന്‍ വരെ ഉത്തരവിട്ടിരുന്നതായും കേരള സാംസ്ക്കാരിക ചരിത്രത്തില്‍ കാണുന്നു. തുടര്‍ന്നു വന്ന ക്രിസ്ത്യന്‍ മിഷണറിമാരിലൂടെയാ‍ണ് ഒരു അവകാശ സമരബോധം സ്ത്രീകളില്‍ അങ്കുരിച്ചു തുടങ്ങിയത്. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരിലൂടെ യൂറോപ്പിലെ നവീനാശയങ്ങള്‍ കേരളീയ സമൂഹത്തിലേക്കു പ്രചരിക്കുകയും വിപ്ലവകരമായ സാമൂഹിക നേട്ടങ്ങള്‍ക്ക് നാന്ദി കുറിക്കുകയും ചെയ്തു. തിരുവതാം കൂറിലെ ചാന്നട്ടികള്‍( നാടാര്‍ സ്ത്രീകള്‍) ക്രിസ്തുമതം സ്വീകരിച്ച് മാറുമറച്ച് പരിഷ്ക്കാരികളായി രംഗത്തു വന്നതോടെ ഈ മാതൃക പിന്‍ തുടര്‍ന്ന് മറ്റു നാടാര്‍ സ്ത്രീകളും മാറ് മറയ്ക്കാന്‍ തുടങ്ങിയതോടെ യാഥാസ്ഥിതികരായ സവര്‍ണ്ണര്‍ ഈ ‘’ ധിക്കാര’‘ ത്തിനെതിരെ അക്രമാസ്തരായി രംഗത്തു വന്നു. പല ചാന്നാട്ടി പെണ്ണുങ്ങളും തെരുവില്‍ ആക്രമിക്കപ്പെട്ടു. അങ്ങനെ നാടെങ്ങും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1814 ലും 1821 ലും റസിഡന്റ് കേണല്‍ മണ്‍റോ, പുതിയയതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടെങ്കിലും സവര്‍ണ്ണപ്രഭുക്കള്‍ അത് അനുസരിപ്പിക്കാന്‍ അനുവദിച്ചില്ല. ആയിടയ്ക്കാണ് ( അതായത്, 1829 ഫെബ്രുവരി 3 ന് ) ഒരു രാജകീയ വിളബരം പുറത്തുവരുന്നത്. അത് ഇപ്രകാരമായിരുന്നു ”മേല്‍ ജാതിക്കാരുടെ പോല്‍ വസ്ത്രധാരണം പാടില്ലെന്നും , ക്രിസ്ത്യാനികളാകുന്നതിനു മുമ്പുള്ള അവരുടെ ജാതിയുടെ നിലയില്‍ നിന്നു തന്നെ ഉയര്‍ന്ന ജാതികളോട് പെരുമാറണമെന്നു’‘ മായിരുന്നു വിളംബരം. ഇത് വന്‍ കലാപത്തിനു വഴി വച്ചു. വൈകുണ്ഠസ്വാമികളുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍- ഹിന്ദു- നാടാര്‍ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുകയും ഐതിഹാസികമായ പ്രതിഷേധത്തോടെ രംഗത്തുവരികയും ചെയ്തു. ഈ പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമാവുകയും അനവധി പേരുടെ ജീവഹാനിക്കിടയാക്കി ഒരു വന്‍ ലഹളയായി ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു. തികഞ്ഞ പൗരാവകാശബോധത്തോടെ കത്തിപ്പടര്‍ന്ന ഈ ലഹളയാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള കലാപം അഥവാ ‘ചാന്നാര്‍ ലഹള’ യാ‍യി പരിണമിച്ചത്. അന്നത്തെ മദിരാശി ഗവര്‍ണ്ണറായിരുന്ന ചാള്‍സ് ട്രാവെലിന്റെ യുക്തിപൂര്‍വമായ ഇടപെടലോടെയാണ് ലഹളക്ക് ഒട്ടൊന്നു ശമനമുണ്ടാകുന്നത്. അദ്ദേഹം തിരുവതാംകൂര്‍ മഹാരാജാവിന് ഇപ്രകാരമൊരു കത്തെഴുതി. ”സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രധാരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥക്കെതിരെ ഉറച്ച തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഷ്കൃത ലോകമാകെ നമ്മെയോര്‍ത്ത് ലജ്ജിക്കും”. ഇതിനെ തുടര്‍ന്ന് തിരുവതാംകൂറിലെ ഉത്രം തിരുനാള്‍ മഹാരാജാവ് 1034 ആം മാ‍സം കര്‍ക്കിടകം ഒന്നിന് ചരിത്രപ്രസിദ്ധമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ” ചാന്നാട്ടികളുടെ മേല്‍ശീല സംഗതിയെക്കുറിച്ച് 1004 മാണ്ട് മകരമാസം 23 ന് ചെയ്തിട്ടുള്ള വിളംബരത്തിലെ നിബന്ധനകളെക്കൊണ്ട് സങ്കടം ഉള്ളതായി നാം അറിവാന്‍ ഇടവന്നിരിക്കെകൊണ്ടും എല്ലാ ആളുകള്‍ക്കും സങ്കടം കൂടാതെ ആകുന്നിടത്തോളവും നടത്തിക്കണമെന്ന് നമുക്ക് വളരെ മനസിലായിരിക്കെ കൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നിരിക്കുന്ന ചാന്നാട്ടികളെപ്പോലെ ശേഷം ചാന്നാട്ടികളും കുപ്പായം ഇട്ടുകൊള്ളുകയോ മുക്കുവത്തികളേപ്പോലെ എല്ലാ മതത്തിലുമുള്ള ചാന്നാട്ടികളും കുട്ടിശ്ശീല കൊണ്ടുടുത്തു കെട്ടിക്കൊള്ളുകയോ മേല്‍ ജാതിയിലുള്ള സ്ത്രീകളേതുപോലെയല്ലാതെ മറ്റു ഏതു വിധത്തിലെങ്കിലും മാറു മറച്ചുകൊള്ളുകയോ ചെയ്യുന്നതിന് വിരോധമില്ലായ്മകൊണ്ട് ഈ വിവരം സകലമാന പേരും അറിഞ്ഞു കൊള്ളുകയും വേണം”

ഈ വിളംബരം കൊണ്ട് ചാന്നാട്ടികള്‍ക്ക് മാത്രമായി മാറുമറക്കല്‍ അവകാശം നിജപ്പെടുത്തപ്പെട്ടു. പക്ഷെ ഇതര മലയാളി മങ്കമാരുടെ സ്ഥിതി പഴയതുപോലെ തന്നെ നിലനിന്നു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ പിന്നെയും നൂറ്റാണ്ടുകള്‍ വേണ്ടി വന്നു കേരളീയ വനിതകളുടെ അഭിമാനം കാക്കാന്‍, അതായത് 1915 ലെ പെരിനാട് സ്വാതന്ത്ര്യ സമരത്തിലൂടെയാണ് കേരളത്തിലെ അയിത്തജാതിക്കാരുള്‍പ്പെടെ എല്ലാതരം സ്ത്രീകള്‍ക്കും മാറ് മറക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്.

സ്ത്രീത്വത്തിന്റെ അഭിമാനത്തെ അങ്ങേയറ്റം വ്രണപ്പെടുത്തിയ മറ്റൊരു ഭരണകൂട അതിക്രമം കൂടി തിരുവതാംകൂര്‍ മഹാരാജ്യത്ത് നിലനിന്നിരുന്നു. അതാണ് ‘ മുലക്കരം’ പതിനാറിനും മുപ്പത്തിയഞ്ചിനുമിടക്ക് പ്രായമുള്ള അവര്‍ണ്ണയുവതികളില്‍ നിന്നും അവരുടെ സ്തനവലുപ്പചെറുപ്പത്തിനനുസരിച്ച് നികുതിയേര്‍പ്പെടുത്തിയിരുന്നു. ആധുനിക പരിഷ്കൃത സംസ്ക്കാരത്തില്‍ നിന്നുകൊണ്ടു നോക്കിയാല്‍ അങ്ങേയറ്റം മ്ലേച്ഛകരമായ ഈ നികുതിയാണ് മുലക്കരം എന്ന പേരില്‍ അറിയപ്പെടുന്നത്. അടിക്കടിയുള്ള യുദ്ധം മൂലം ഖജനാവ് നന്നേ ശോഷിച്ച വേളയില്‍ എണ്ണത്തില്‍ ഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാരില്‍ നിന്നും തൊട്ടതിനും പിടിച്ചതിനുമൊക്കെ കരം ഏര്‍പ്പെടുത്തിയിരുന്നു. തലക്കരം, ഏണിക്കരം, വണ്ടിക്കരം, ഏഴ, കോഴ, താപ്പ്, പിഴ, പുരുഷാന്തരം, ദത്തുകാഴ്ച, പൊന്നരിപ്പ്, അടിമപ്പണം എന്നിങ്ങനെ അടിസ്ഥാന അദ്ധ്വാനവര്‍ഗ്ഗത്തില്‍ നിന്നും നികുതി രൂ‍പത്തില്‍ രാജവംശം പണം തട്ടിയെടുത്തിരുന്നതിന്റെ കൂട്ടത്തില്‍ ഒരു നികുതിയായിരുന്നു മുലക്കരം. ഈ നികുതി പിരിക്കാന്‍ വന്ന രാജകിങ്കരന്മാര്‍ക്കു മുമ്പില്‍ ചേര്‍ത്തല താലൂക്കിലെ കാപ്പുന്തല കുടുംബത്തിലെ നങ്ങേലി എന്ന യുവതി തന്റെ ഇരു സ്തനങ്ങളും ഛേദിച്ചു കളഞ്ഞ് വാഴയിലയില്‍ വച്ചു നല്‍കി. ‘ഇനി എനിക്കു കരം തരേണ്ടല്ലോ’ എന്ന് ആക്രോശിച്ച് പ്രതിഷേധിച്ചതായി രേഖപ്പെടുത്തിക്കാണുന്നു. അന്നു വൈകുന്നേരത്തോടെ രക്തം വാ‍ര്‍ന്ന് ആ ധീര ഈഴവ വിപ്ലവവനിത മരണമടഞ്ഞു. അതില്‍ മനം നൊന്ത് അവരുടെ ഭര്‍ത്താവായ കണ്ടപ്പന്‍ കത്തിയമരുന്ന ആ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്തതുമായാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത്. എന്നിട്ടും, അധികാരികള്‍ മുലക്കരം പിരിക്കല്‍ നിസ്സങ്കോചം തുടര്‍ന്നു. ഈ അസംബന്ധ നികുതിയെ പിന്നീട് പലരും ചോദ്യം ചെയ്യുകയും തിരുവതാംകൂര്‍ ദിവനായിരുന്ന മണ്‍റോ സായിപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ തോന്ന്യാസം അവസാനിപ്പിക്കാ‍ന്‍ പുരോഗമന വാദികള്‍ ശ്രമിച്ചെങ്കിലും ഒരു സ്ത്രീയായ തിരുവതാംകൂര്‍ തമ്പുരാട്ടി റാണി ലക്ഷ്മിഭായ് അത് തെല്ലും വകവച്ചു കൊടുത്തില്ല. മലയാള വര്‍ഷം 986 വരെ ഈ നികുതി തുടര്‍ന്നു. പിന്നീടു വന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് ഈ അധമമായ മുലക്കരം തിരുവതാം കൂറില്‍ നിന്നു നിര്‍ത്തലാക്കിയത്.

മാറിന്റെ വലുപ്പം നോക്കിയുള്ള മുലക്കരം മാറ് മറക്കാ‍നുള്ള അവകാശപ്പോരാട്ടം ചരിത്രത്തിന്റെ സഞ്ചാരഗതിയില്‍ മാതൃത്വത്തിന്റെ തേനമൃത് ചുരത്തുന്ന മാറിടത്തിന്റെ അന്തസും അഭിമാനവും സംരക്ഷിക്കാന്‍ നടത്തപ്പെട്ട വിപ്ലവപോരാട്ടങ്ങള്‍ ഐതിഹാസികവും ചരിത്രഗ്രന്ഥങ്ങളില്‍ സുവര്‍ണ്ണ ലിപികളില്‍ ജ്വലിക്കുന്നവയുമാണ്. പെണ്‍സമൂഹത്തിന്റെ അന്തസും അഭിമാനവും സംരക്ഷിക്കാന്‍ ഇടയാക്കിയ വിപ്ലവപോരാട്ടത്തിന്റെ നാള്‍വഴികള്‍ പലതും രക്തപങ്കിലവും ആത്മാഹൂതികരവുമാണ് .വിലപ്പെട്ട അനവധി മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയ കലാപത്തിലൂടെ ഉയര്‍ന്നു വന്ന പെണ്‍ അഭിമാനം കേവലം ചില പാശ്ചാത്യ സംസ്ക്കാരത്തില്‍ കുത്തിയൊലിച്ചു പോകുന്നത് ഒരു ദയനീയ ദൃശ്യമാണ്. കുഞ്ഞുങ്ങളെ പ്രസവിച്ചു മുലയൂട്ടുന്ന സസ്തനി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയായ മനുഷ്യന്‍ സ്തനം എന്നത് അതീവ പാവനവും മഹത്തരവുമാണ്. ജീവശാസ്ത്രപരമായി സ്തനത്തിന്റെ പ്രാധാന്യം ജീവശ്വാസത്തോളം തന്നെ പ്രധാനമാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവനു വളരുവാനാവശ്യമായ സന്തുലിത പോഷകങ്ങള്‍ അമൃത് പോലെ ലഭിക്കുന്നതും, അങ്ങനെ ലഭിക്കപ്പെട്ട പോഷകങ്ങള്‍ ജീവശ്വാസം നില്‍ക്കുന്നതുവരെ അവന്റെ ശരീരത്തില്‍ തന്നെ നിലകൊള്ളുന്നതും സ്തനപാനം മൂലമാണല്ലോ. ശരീരശാസ്ത്രപരമായി വാരിയെല്ലുകളുടെ മുകള്‍ഭാഗത്തായി പെക്ടെറാലിസ് എന്ന മാംസപേശിയോടു ചേര്‍ന്നു കാണപ്പെടുന്ന കൊഴുപ്പാര്‍ന്ന മൃദുലാവയവമാണ് സ്തനങ്ങള്‍. ഉമിനീര്‍ ഗ്രന്ഥികളുടേയോ വിയര്‍പ്പുഗ്രന്ഥികളുടേയോ രൂപവ്യത്യാസം വന്ന മാമ്മറി ഗ്രന്ഥികളാണ് സ്തനത്തില്‍ മുലപ്പാലുണ്ടാക്കുന്നത്. കൗമാരത്തില്‍ സ്തനവളര്‍ച്ച ലഘുവേദനയുണ്ടാക്കുമെങ്കിലും അപ്പോള്‍ അനവധി മാനസിക സംഘര്‍ഷങ്ങള്‍ പെണ്‍കുട്ടിയെ വേട്ടയാടിയിരിക്കും. ആ സമയം സ്വന്തം മാതാവിന്റെ മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളുമാണ് പെണ്‍കുട്ടികളുടെ ഉത്തമ സ്വഭാവരൂപീകരണത്തിനു കാരണമാകുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കനുസൃതമായാണ് സ്തനവളര്‍ച്ച ഗ്രോത്ത് ഹോര്‍മ്മോണ്‍ , പ്രൊലാക്ടിന്‍, ഈസ്ട്രജന്‍, പ്രൊസ്റ്റിറോണ്‍ എന്നി അന്ത:സ്രാവി ഗ്രന്ഥികളാണ് അവ നിയന്ത്രിക്കുന്നത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സ്തനകോശത്തിലെ കൊഴുപ്പും നാരുകളും കലര്‍ന്നവയാണ് ആദ്യം ഇലാസ്തികതയാര്‍ജ്ജിക്കുന്നത്. തുടര്‍ന്ന് പാല്‍ക്കുഴലുകളും മുലപ്പാല്‍ ഗ്രന്ഥികളും വികസിക്കാന്‍ തുടങ്ങുന്നു. അതിനുശേഷം പേശിക്കോ ഗ്രന്ഥിക്കോ യാതൊരു വ്യത്യാസവും വരാതെ കൊഴുപ്പിന്റെ അംശത്തില്‍ മാറ്റം വന്നാണ് സ്തനം വളരുന്നത്. തുടര്‍ന്നുണ്ടാകുന്ന ഗര്‍ഭാവസ്ഥ സ്തനത്തില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കുന്നു. ആദ്യത്തെ എട്ടാഴ്ച്ചക്കൊടുവില്‍ സ്തനം ഏകദേശം ഇരട്ടിയോളം വലുപ്പം വയ്ക്കുന്നു. ഏരിയോളിലെ മോണ്ട്ഗോമെറി ഗ്രന്ഥികള്‍ ഇരുണ്ട നിറമാകുന്നു. ഈസ്ട്രജന്റെ അന്ത:സ്രാവി ഗ്രന്ഥി പ്രവര്‍ത്തനം രക്തക്കുഴലുകളെ വലുതാക്കുന്നു. പ്രജസ്റ്റിറോണ്‍ എന്ന സ്രാവകം ഗ്രന്ഥികളെ സജ്ജമാക്കുന്നു. ഈ സമയം പാല്‍ ഉത്പാദനം തുടങ്ങുകയും പ്രസവാനന്തരം ഇതര ഹോര്‍മോണുകളുടെ അളവ് കുറയുകയും പാല്‍ ഉല്പാദനം തുടങ്ങുകയും ചെയ്യുന്നു.

ഒരു പെണ്ണിനെ പെണ്ണാക്കുന്നതും പെണ്‍സഹജമായ ആകര്‍ഷണീ‍യത ജ്വലിപ്പിക്കുന്നതുമായ പ്രഭവകേന്ദ്രം സ്തനാധിഷ്ടിതമായ വ്യക്തിത്വമാണ്. ഈയൊരു നഗ്നസത്യം മലയാളത്തിലെ പ്രിയ പെണ്ണുഴെത്തുകാരിയായ മാധവിക്കുട്ടി ”എന്റെ കഥ” എന്ന തന്റെ ആത്മകഥയില്‍ കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരമാണ് ‘’ ഞാന്‍ സുന്ദരായായിരുന്നില്ലെങ്കിലും സൗന്ദര്യമില്ലായ്മ ഒരു പ്രശ്നമായി എനിക്കു നേരിടെണ്ടി വന്നിട്ടില്ല. പലപ്പോഴും എന്റെ സ്തനങ്ങള്‍ ഞാന്‍ സുന്ദരിയാണെന്ന ബോധം എന്നില്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ‍ എന്റെ ഭര്‍ത്താവ് ആദ്യമായി കണ്ടപ്പോള്‍ പകച്ച് ശബ്ദിക്കാനാവാതെ നിന്നു. അതിനു ശേഷം ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുരുപ്പുശീട്ടായി ഉപയോഗിക്കുകയും ചെയ്തു”.

ന്യൂജനറേഷന്‍ പെണ്മണികളെല്ലാവരും തന്നെ മാധവിക്കുട്ടി എഴുതിയതുപോലെ തന്റെ സ്തനത്തെ ഒരു തുറുപ്പുശീട്ടായി തന്നെയാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറിചെയ്തും സിലിക്കന്‍ ദ്രവം സ്പോഞ്ച് രൂപത്തില്‍ കയറ്റി ( ഇംബ്ലാന്റ്‍സ്) യും , സവിശേഷമായ ബ്രാ ധരിച്ചും മറ്റും ഇല്ലാത്ത ഒന്നിനെ പെരുപ്പിച്ചു കാട്ടി ഇറുകിപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് സ്തനത്തെ അത്യാകര്‍ഷകമാക്കി നിലലനിര്‍ത്താന്‍ ഈ പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ക്ക് യാതൊരു ജാള്യതയുമില്ല. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പെണ്‍കുട്ടികള്‍ അതീവ കരുതലോടെയാണ് മാറ് മറച്ചിരുന്നത്. സ്തനത്തെക്കുറിച്ചുള്ള പരാമര്‍‍ശം തന്നെ പെണ്‍കുട്ടികള്‍ക്ക് ലജ്ജാകരവും ജാള്യതാകരവുമായിരുന്നു. ആണ്‍കുട്ടികള്‍ക്കാകട്ടെ പെണ്‍സ്തനം പ്രകോപനപരമായിരുന്നില്ല. മറിച്ച്, ജിഞാസയും കൗതുകവുമാ‍യിരുന്നു. അതുകൊണ്ടുതന്നെ സ്താനകര്‍ഷണത്താല്‍ പെണ്‍കുട്ടികള്‍ വേട്ടയാടപ്പെട്ടിരുന്നില്ല. ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറി ‘’ ഇന്‍ഡിവിജ്വലിസ’‘ ത്തിനു പ്രാമുഖ്യം കൂടി. ലിവ് – ഇന്‍- റിലേഷനും , കാഷ്വല്‍ സെക്സും , ലിവിംഗ് ടുഗദറും , ഡേറ്റിംഗും മറ്റും പാശ്ചാത്യ ലോകത്തു നിന്നും കടന്നു വന്ന് സാര്‍വത്രികമായി .പണ്ടത്തേപ്പോലെ കാച്ചെണ്ണ മണക്കുന്ന ശാലീന സുന്ദരിയൊന്നുമല്ല ന്യൂജനറേഷന്‍ ഗേള്‍സിനു താല്പര്യം. ‘സ്മെക്സി’‘ യായാല്‍ മതി. അതായത് സ്മാര്‍ട്ട് സെക്സി, ബിപാഷാ ബസുവിനേപ്പോലെയോ ആഞ്ജലീനാ ജോളിയുടേതുപോലെയോ ഉള്ള ”സെക്സി അപ്പീല്‍”. സെക്സി അപ്പീല്‍ എന്നാല്‍ മറ്റുള്ളവരുടെ ലൈംഗിക താത്പര്യത്തെ ഉണര്‍ത്താനുള്ള ഒരാളുടെ കഴിവാണ്. അതായത് കൊതിപ്പിക്കാനും ഭ്രമിപ്പിക്കാനുമുള്ള കഴിവ്. ഇത് ആപത്താണ്. ഇന്ത്യയേപ്പോലുള്ള സവിശേഷമായ സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈയൊരു പ്രവണത അതീവ ആപത്ക്കരമാണ്. സ്ത്രീജനങ്ങളെ ‘’ ആര്യപുത്രി’‘ യെന്നും മറ്റും സംബോധന ചെയ്ത് വന്ദിക്കാനും ആദരിക്കാനും പഠിപ്പിച്ച ആര്‍ഷഭാരത സംസ്ക്കാര‍ത്തിന്റെ ഈറ്റില്ലമായ ഭാരതമണ്ണില്‍ പാശ്ചാത്യ വൈകൃതമായ സെക്സിഅപ്പീല്‍ യാതൊരു വിധത്തിലും അഭികാ‍മ്യമല്ല. മറ്റൊരുവന്റെ കാമതൃഷണയെ ഉദ്ദീപിക്കും വിധമുള്ള സെക്സി അപ്പീല്‍ പരമായ വസ്ത്രധാരണം സ്വയം ഒരു പ്രദര്‍ശന മനോരോഗിയാക്കുമെന്നതിലുപരി മറ്റൊരുവനെ കാമപീഢിതനാക്കി പ്രകോപനപ്പെടുത്തുകയും പ്രകോപനം കുറ്റകൃത്യത്തിലേക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല.

ആധുനീക ഉപഭോക്തൃ സംസ്ക്കാരത്തില്‍ വളരുന്ന പെണ്‍കുട്ടികളെല്ലാവരും തന്നെ തന്റേടികളും ധിക്കാരികളുമാണ് സ്ത്രീപക്ഷ പരിരക്ഷയും സാമൂഹ്യസുരക്ഷിതത്വവും വൈജ്ഞാനിക ശേഷിയും പണക്കൊഴുപ്പും സത്യത്തില്‍ പെണ്‍കുട്ടികളെ താന്തോന്നികളാക്കിയാണ് മാറ്റിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വയം തിരെഞ്ഞെടുക്കാനുള്ള വെല്ലുവിളി യാഥാസ്ഥിതിക മൂല്യങ്ങളെയാണ് പാടെ തകിടം മറിച്ചിരിക്കുന്നത്. ഇത്തരം തലതെറിച്ച പെണ്‍കുട്ടികളെ നല്ല നടപ്പു മര്യാദകള്‍ പഠിപ്പിക്കാന്‍ ആധുനിക അണുകുടുംബത്തില്‍ മുത്തശ്ശിമാരെവിടെ ? അഥവാ ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ തന്നെ സര്‍വ്വ നിഷേധികളായി വളരുന്ന അവര്‍ എവിടെ നിന്നു ചെവിക്കൊള്ളാന്‍? ചുരുങ്ങിയ പക്ഷം സ്ത്രീ സമൂഹത്തിനു കുലീനമായി വസ്ത്രധാരണം ചെയ്യാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ വിപ്ലവസമര പോരാട്ടങ്ങളെങ്കിലും അവരുടെ കാതുകളില്‍ ഓതിക്കൊടുക്കുക. നന്നാവുമെങ്കില്‍ നന്നാവട്ടെ. അല്ലെങ്കില്‍ ഒരു രണ്ടാം മാറുമറക്കല്‍ പ്രക്ഷോഭത്തിനായി സാംസ്ക്കാരിക നായകന്‍മാര്‍ എന്നു സ്വയം അവകാശപ്പെടുന്ന ബുദ്ധി ജീവി വര്‍ഗ്ഗം രംഗത്തു വരട്ടെ. അതുവരെ തോലകവിയുടെ ഈ വരികള്‍ ഉരുവിട്ടുകൊണ്ട് നമുക്കവരെ പരിഹസിക്കാം..

‘’ നാട്ടാര്‍ക്കു മുറ്റമടിച്ചിട്ടു കൂലിയുണ്ടു താനേ വളര്‍ന്നു തലകൂട്ടി മുടിച്ചവാറെ മാറത്തി രണ്ടു മുലവന്നു മുകം തിരിഞ്ഞാ ലെവ്വന്റെ കുപ്പയുമൊരുര്‍വ്വശിയെന്റു തോന്റും..’‘

( അര്‍ത്ഥം‌- നാട്ടുകാരുടെ മുറ്റമടി തുടങ്ങിയ വീട്ടുപണികളൊക്കെ ചെയ്തും അവര്‍ കൂലിയായി കൊടുക്കുന്ന ഭക്ഷണം കഴിച്ചു വളര്‍ന്നു തലപൊക്കം വച്ച് മാറത്തു രണ്ടു മുല വന്ന് മുഖത്തിനു മിനുക്കം വച്ചു കഴിയുമ്പോള്‍ ഏതു മോശപ്പെട്ട പെണ്ണും പിന്നെ നടക്കുന്നതു കണ്ടാല്‍ ഊര്‍വ്വശിയാണെന്നേ തോന്നു…)

Generated from archived content: essay1_nov1_12.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here