നടുറോഡില്‍ ജീവന്‍ പൊലിയുമ്പോള്‍

2012 മാര്‍ച്ച് പത്താം തീയതി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്ത കലാ- സാഹിത്യ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടുക്കിക്കളഞ്ഞു. 1100 -ല്‍ പരം സിനിമകളില്‍ അഭിനയിച്ച മലയാളത്തിന്റെ സ്വന്തം ഹാസ്യ തമ്പുരാന്‍ ശ്രീ. ജഗതി ശ്രീകുമാര്‍ ‍വാഹനാപകടത്തില്‍ പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.!! ഹാസ്യാവതരണത്തിന് ബഹദൂറിനു ശേഷം അത്യാകര്‍ഷകമായ ഒരു സവിശേഷ ശൈലി സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് ജീവച്ഛവമായി കോമാ സ്റ്റേജില്‍ ആശുപത്രിയില്‍ കിടക്കുന്നത്. ദൗര്‍ഭാഗ്യവശാ‍ലുണ്ടായ വാഹനാപകടം സൃഷ്ടിച്ച ആ ഹാസ്യസാമ്രാട്ടിന്റെ വിടവ് നികത്താന്‍ ഒരു യുഗപ്രതാപി കൂടി ഇനിയും മലയാള സിനിമയില്‍ അവതരിക്കേണ്ടിയിരിക്കുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല . ആഗോളവ്യാപകമായി പ്രതിവര്‍ഷം പത്തുലക്ഷം പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. പരിക്കേല്‍ക്കുന്നവാരാകട്ടെ ഏകദേശം അഞ്ചുകോടിയും. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്, നടുറോഡീല്‍ ജീവഹാനി സംഭവിക്കുന്നത് പ്രതിവര്‍ഷം 1,35, 000 പേര്‍ക്കാണെന്നാണ്. സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വസ്തുതയാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടം സംഭവിക്കുന്നത് മഹാരാഷ്ട്രയിലും, രണ്ടാമത് തമിഴ്നാട്ടിലുമാ‍ണ്. മൂന്നാമത്തെ സ്ഥാനമാണ് കേരളത്തിന്. രാജ്യത്തു നടക്കുന്ന വാഹനാപകടങ്ങളില്‍ പത്തുശതമാനവും നമ്മുടെ കേരളത്തിലാണെത്രെ. കേരളാപോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2000 -ല്‍ 37,022 എണ്ണം വാഹനാപകടങ്ങളും 2005 -ല്‍ 42, 363 ഉം 2010 -ല്‍ 35,085 ഉം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസക്കാലം സംഭവിച്ചിരിക്കുന്ന റോഡപകടം 17,917 എണ്ണവും , അതില്‍, മരണപ്പെട്ടവര്‍ 2132 പേരുമാണെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി , മാര്‍ച്ച് സീസണ്‍ കാലയളവില്‍ 648 മനുഷ്യജീവനുകളാ‍ണ് കേരള റോഡില്‍ നിന്നും പൊലിഞ്ഞു തീര്‍ന്നത്!! … കുടുംബത്തിലെ താങ്ങായി നിന്നവരും, സ്ത്രീജനങ്ങള്‍ക്ക് ജീവിതം നല്‍കുന്നവരും, കലാലോകത്തെ പ്രതിഭകളും മറ്റും അതിദാരുണമായി റോഡില്‍ ഛിന്നഭിന്നമായി അവസാനിക്കുമ്പോള്‍ ഇനി അടുത്തത് ആര്? എന്ന നടുക്കത്തോടെയാണ് സമൂഹം അതേറ്റു വാങ്ങുന്നത്. സംസ്ഥാനത്ത് 135 ലക്ഷം വരുന്ന മനുഷ്യരാണ് ദൈനംദിന യാത്രക്കായി പൊതുനിരത്തിലേക്കിറങ്ങുന്നത്. 2025 ഓടെ ഇത് 185 ലക്ഷമായി ഉയരുമെന്ന് കണക്കാക്കിയിരിക്കുന്നു. കുടുംബത്തെ പോറ്റാനുള്ള അന്നം തേടി ഇപ്രകാരം വീടുവിട്ടിറങ്ങുന്ന യുവസമൂഹം നഗരത്തിലെ തിക്കും തിരക്കുകള്‍ക്കുമിടയില്‍ പലപ്പോഴും ജീവന്‍ പണയം വച്ചാണ് നീന്തിത്തുടിച്ച് ഒരു വിധം കര പറ്റി വീടണയുന്നത്. ആധുനീക നാഗരീക ജീവിതം അതിവേഗതയുടെ വിചിത്രമുഖമാണ് അനാവരണം ചെയ്യുന്നത്. സമയമില്ലായ്മയിലൂടെ വട്ടം കറങ്ങുന്ന മനുഷ്യയന്ത്രങ്ങള്‍ . ഇനി വരാനിരിക്കുന്നതാകട്ടെ ഗ്രാമങ്ങളിലെ 50 ശതമാനത്തോളം വരുന്ന വാഹനവിപ്ലവങ്ങളുടെ കാലമാണ് ; അതുപോലെ അപകടവിപ്ലവങ്ങളുടേയും.

അത്രമേല്‍ ഹൃദയഭേദകമായ റോഡപകടങ്ങള്‍ക്കുള്ള മുഖ്യകാരണം വാഹനബാഹുല്യമാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ് സമ്പന്നരിലെ അതിസമ്പന്നര്‍ക്കുമാത്രമായിരുന്നു സ്വന്തമായി വാഹനമുണ്ടായിരുന്നത് . എന്നാലിന്നു സ്ഥിതിയാകെ മാറി . കാറും , ബൈക്കും സാധാരണക്കാരന്റെ വാഹനമായി. വിലകൂടിയ ആഢംബരകാറുകള്‍ പ്രൗഡിയുടെ പര്യായമാവുകയും , തദ്ദ്വാരാ സാധാരണ ജനസമൂഹം ക്രഡിറ്റിലും മറ്റും വാഹനങ്ങള്‍ സ്വന്തമാക്കാനും തുടങ്ങി. വിവാഹാനന്തരം വധൂവരന്‍മാര്‍ക്ക് സഞ്ചരിക്കാന്‍ പുത്തന്‍ വാഹനങ്ങള്‍ സ്ത്രീധനത്തോടൊപ്പം നല്‍കുന്ന പ്രവണതയും സമൂഹത്തില്‍ വര്‍ദ്ധിച്ചു. അങ്ങിനെ പരിമിതമാ‍യ സൗകര്യങ്ങളുള്ള നമ്മുടെ റോഡില്‍ വാഹനങ്ങള്‍ കുമിഞ്ഞു കൂടുവാന്‍ തുടങ്ങി. രണ്ടായിരമാണ്ടില്‍ കേരളത്തില്‍ മൊത്തം 19.1 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2009 ഓടെ ഇത് 48. 80 ലക്ഷമായി വര്‍ദ്ധിച്ചു. 2010 ലാകട്ടെ ഇത് 52 ലക്ഷമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. നാ‍ഷണല്‍ ട്രാ‍ന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റെര്‍ ( നാറ്റ്പാക്ക്) ന്റെ സമീപകാലത്തെ ഒരു പഠനത്തില്‍ പറയുന്നത് കേരളത്തില്‍ ശരാശരി അഞ്ചു ലക്ഷം പുതിയ വാഹനങ്ങള്‍ ഓരോ കൊല്ലവും നിരത്തിലിറങ്ങുന്നതായി പറയുന്നു. 1.6 ലക്ഷം കിലോമീറ്റര്‍ മാത്രം റോഡ് ദൈര്‍ഘ്യമുള്ള നമ്മുടെ സംസ്ഥാനത്ത് 2012 ഓടെ 60 ലക്ഷം വാഹനങ്ങളാണു വന്നു കയറിയത്. ഇതില്‍ 63 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. 1980 ലാകട്ടെ കേവലം രണ്ടുലക്ഷം വാഹനങ്ങള്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളുവെന്നതാണ് സത്യം. ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ കേരളത്തില്‍ 58 ലക്ഷം കുടുംബങ്ങള്‍ക്ക് ഒന്നോ അതിലേറെയോ വാഹനങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അത്രമേല്‍ ഭീമമായ തോതില്‍ വാഹനാവശ്യം കേരളീയ സമൂഹത്തില്‍ ത്വരിതഗതിയില്‍ വര്‍ദ്ധിക്കുകയും , അതിനനുസൃതമായി റോഡുകള്‍ വികസിക്കാത്തതുമാണ് വാഹനാപകടങ്ങള്‍ക്കുള്ള മുഖ്യ കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഒരു പഠനത്തില്‍ പറയുന്നത് , വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ പകുതി പേര്‍ കാല്‍നടക്കാരും , മോട്ടോര്‍സൈക്കിള്‍ക്കാരും സൈക്കിള്‍ സവാരിക്കാരുമാണെന്നാണ്. ഇതിനെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിക്കുന്നതാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ സ്ഥിതിവിവരക്കണക്ക്. 2011 വര്‍ഷത്തില്‍ കേരളത്തിലുണ്ടാ‍യ 4145 വാ‍ഹനാപകടമരണങ്ങളില്‍ 1713 പേരും മോട്ടോര്‍സൈക്കിള്‍ യാത്രക്കാരും , 1360 പേര്‍ കാല്‍നടക്കാരുമായിരുന്നുവെന്നതാണ്. യുവത്വത്തിന്റെ ചാപല്യത്തില്‍ സി.സി കൂടിയ മേല്‍ത്തരം മോട്ടോര്‍ സൈക്കിള്‍ രണ്ടു പെഗ്ഗിന്റെ പിന്‍ബലത്തില്‍ സ്വയം മറന്ന് പറന്നുപോകുമ്പോള്‍ ആരും വരാനിരിക്കുന്ന ആപത്തിനേക്കുറിച്ച് ചിന്തിക്കാറില്ല. പല്‍ചക്രങ്ങളില്‍ കൂടി ഒരു വിധം തിരിയുന്ന യന്ത്രഭാഗങ്ങള്‍ ഒന്നു ചതിച്ചാല്‍ മതി അതോടെ തന്റെ ശരീരഭാഗങ്ങള്‍ റോഡില്‍ ചതഞ്ഞരഞ്ഞ് ചിന്നിച്ചിതറും എന്നു ചിന്തിക്കാന്‍ ആരാണ് മിനക്കെടുന്നത്. വേഗത തരുന്ന ഒരു തരം ആത്മസുഖം , അതുമാത്രമാണ് ലക്ഷ്യം. അത് സ്വയം നശിപ്പിക്കുക മാത്രമല്ല മറ്റുള്ളവരേക്കൂടി അപായപ്പെടുത്തുകയും ചെയ്യും . ഇത്തരം ചാവേര്‍ പ്രവണതയെ ബോധവല്‍ക്കരിച്ച് നിയന്ത്രിക്കണം . വേണ്ടി വന്നാല്‍ കര്‍ശ്ശന ശിക്ഷാനിയമങ്ങള്‍ കൊണ്ടു വന്നും റോഡ് അതീവ സുരക്ഷിതമാക്കണം . ഈ വസ്തുത മുന്നില്‍ കണ്ടാണ് 2011 മുതല്‍ 2020 വരെയുള്ള ദശകക്കാലം റോഡ് സുരക്ഷാ ദശകമായി കണക്കാക്കി ബോധവത്ക്കരണ പ്രവ‍ര്‍ത്തനങ്ങള്‍ നടത്താന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വാഹന ഉടമകള്‍ ഒന്നാംതരം പണം കായ്ക്കുന്ന മരങ്ങളാണ്. കേരളത്തിലെ മൊത്തം റവന്യൂ വരുമാനത്തിന്റെ 6.7 ശതമാനത്തോളം വരും വാഹന ഉടമകള്‍ അടക്കുന്ന നികുതി. ഈയിനത്തില്‍ 2000 -ല്‍ പിരിഞ്ഞു കിട്ടിയതാകട്ടെ 380 കോടി രൂപയും. ഈ തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആയിരം കോടി കവിഞ്ഞെന്നും പറയപ്പെടുന്നു. ഇതിനു പുറമെയാണ് നിസാരകാരണങ്ങള്‍ പറഞ്ഞ് പതിയിരുന്ന് ആക്രമിച്ച് സര്‍ക്കാരിലേക്കടപ്പിക്കുന്ന കോടികള്‍ വരുന്ന പിഴപ്പണം. ഈ പണത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് അപകടത്തില്‍ പെടുന്നവരെ പരിരക്ഷിക്കാന്‍ ഉതകുന്ന വിധം സര്‍ക്കാര്‍ സംവിധാനം ക്രമപ്പെടുത്തണം. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ജനാധിപത്യ ബോധത്തോടെ ആ വഴി‍ക്ക് തിരിച്ചു വിടണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജില്ലാ – താലൂക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ റോഡപകടത്തില്‍ പെടുന്നവര്‍ക്ക് പ്രത്യേക അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ വേണമെന്ന സുപ്രീം കോടതി വിധി ഇനിയും നീതിയുക്തവും ഫലപ്രദവുമായി നടപ്പിലാക്കിയിട്ടില്ലായെന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്വമുഖത്തിന്റെ മകുടോദാഹരണമാണ്.

റോഡില്‍ എല്ലാവര്‍ക്കും തുല്യാവകാശമാണ്. അതുകൊണ്ടു തന്നെ പരസ്പര മര്യാദക്കാണ് മുന്‍ഗണന. മത്സരബുദ്ധിയും , വാശിയും വാഹനഡ്രൈവിംഗിലല്ല വേണ്ടത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ആദരപൂര്‍വ്വം വഴിയൊരുക്കുക. റോഡ് നിയമങ്ങള്‍ നിങ്ങളെ ദ്രോഹിക്കാനല്ല. മറിച്ച്, നിങ്ങളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനാണ്. അതുകൊണ്ട് നിയമങ്ങള്‍ എല്ലാവരും അനുഭാവപൂര്‍വം അനുസരിച്ചേ പറ്റൂ. ഇത്രയുമായാല്‍ തന്നെ വാഹനാപകടങ്ങള്‍ നല്ലൊരു ശതമാനമായി ലഘൂകരിക്കാനാകും. അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ പൗരന്‍മാര്‍ വാഹനങ്ങളുടെ എണ്ണം സ്വമേധയാ കുറച്ചുകൊണ്ടാണ് സുഗമമായ ട്രാഫിക്കിന് ഗവണ്മെന്റിനോട് അഭിനന്ദാര്‍ഹമായി സഹകരിക്കുന്നത്. ഇന്ത്യയേപ്പോലുള്ള അമിത വാഹന ‍ബാഹുല്യമുള്ള രാജ്യങ്ങള്‍ക്ക് അതൊരു മാതൃകയാണ്. സിറ്റിക്കകത്തെ വന്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ‘ ഒറ്റയാള്‍കാറു’ കള്‍ക്ക് സ്വമേധയാ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള സന്‍മനസ് കാണിച്ചാല്‍ അപകടങ്ങള്‍ കുറയുക മാത്രമല്ല , ലക്ഷങ്ങള്‍ വിലമതിക്കുന്ന നിങ്ങളുടെ വഹനങ്ങള്‍ക്ക് ഒരു പോറലുമേല്ക്കുകയില്ല. മറ്റൊരു വലിയ പ്രശ്നം ടിപ്പര്‍ ലോറിയുടേതാണ്. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ തലങ്ങും വിലങ്ങും കൊലവിളിയോടെ ചീറിപ്പാഞ്ഞ് ട്രിപ്പടിക്കുന്ന പ്രസ്തുത വാഹനങ്ങള്‍ക്ക് ഒരു ആത്മപരിശോധനാ തീരുമാനം വിജയിക്കില്ലയെന്നതിനാല്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തി പകല്‍ സമയത്തുള്ള അവയുടെ ഗതാഗതത്തെ പൂര്‍ണ്ണമായും നിരോധിച്ചേ പറ്റു. റോഡില്‍ തന്നെ അലഷ്യമായി പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പോലീസ് നിര്‍ദ്ദാക്ഷിണ്യം ഉടന്‍ പിടിച്ചെടുക്കണം. കാരണം , നിര്‍ത്തിയിട്ട വാഹനത്തിന്റെ പിന്നിലിടിച്ച് അകാലചരമമടഞ്ഞവര്‍ അനവധിയാണ്.

ഒരു വാഹനാപകടമുണ്ടാകുമ്പോള്‍‍ അത് റോഡിന്റെ ശോച്യാവസ്ഥ മൂലമാകുന്നത് കേവലം ഒരു ശതമാ‍നമാ‍ണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത് . നമ്മുടെ നാട്ടിലെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ഈ സ്ഥിതി വിവരക്കണക്കില്‍ ക്ഷുഭിതരാകും. കാരണം, അപകടകരമായ വളവും , അശാസ്ത്രീയമായ റോഡ് പണികളും , കുണ്ടും കുഴിയും മറ്റും കൊണ്ട് കേരള റോഡ് സമ്പന്നമാണെന്ന് പകല്‍ പോലെ വ്യക്തമല്ലേ? നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം സുഗമമായ സഞ്ചാരത്തിന് പറ്റിയ റോഡുകള്‍ കേരളത്തിലുള്ളത് കേവലം 20 ശതമാനമാണെന്നു ചൂണ്ടി കാണിക്കുന്നു. ഇതുകൂടാതെയാണ് റോഡ് അഴിമതി. സര്‍ക്കാരിനു വേണ്ടി ഉത്തരവാദിത്വത്തോടെ നിലകൊള്ളേണ്ട മരാമത്ത് ഉദ്യോഗസ്ഥര്‍ ‘ കോണ്ട്രാക്ടര്‍ അനുകൂലി’ കളാവുമ്പോള്‍ നിരത്തുകളുടെ ഗുണനിലവാരം കുറയുകയും , വളരെപ്പെട്ടന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിപ്പോവുകയും ചെയ്യുന്നു. ഇന്ത്യയേപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇത്തരം അഴിമതി പ്രവണതകളെ നിയന്ത്രിക്കുക അസാദ്ധ്യമാണ്.

വാഹനാപകടങ്ങള്‍ക്കുള്ള മുഖ്യമാ‍യ മറ്റൊരു കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ്. അതുകൊണ്ട് ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രക്രിയകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത് . സുരക്ഷിതമായി വാഹനം കൈകാര്യം ചെയ്യേണ്ട വിധം, ലൈസന്‍സുള്ള എല്ലാ ഡ്രൈവര്‍മാര്‍ക്കും അറിയാവുന്നതാണ്. മദ്യപിച്ച് വാഹനമോടിക്കരുത് , വേഗതാനിയന്ത്രണങ്ങള്‍ പാലിക്കുക, നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുക , ഹെല്‍മറ്റ് ധരിക്കുക, രാത്രി എതിര്‍ വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്യുക തുടങ്ങിയ റോഡ് നിയമങ്ങള്‍ ലൈസന്‍സ് പരീക്ഷയുടെ ഭാഗമാണ്. അതുകൊണ്ട് ജനങ്ങളുടെ നികുതിപ്പണമായ കോടികള്‍ തകര്‍ത്തുപൊടിച്ച് ഇവയിലൂന്നിയുള്ള ബോധവത്ക്കരണ യജ്ഞത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പകരം, പൗരന്മാര്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. നിയമപാലകര്‍ സ്വന്തം പോക്കറ്റ് പാലകരാകാതെ അല്‍പ്പം സാമൂഹ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഈ റോഡപകടങ്ങളത്രയും നിഷ്പ്രയാസം ഒഴിവാക്കാവുന്നതേയുള്ളു. അതിന് ആദ്യം വേണ്ടത് , സ്വന്തം ട്രാഫിക്ക് സ്റ്റേഷനു മുമ്പിലെ പൊതുനിരത്തില്‍ അപകടകരമാം വണ്ണം കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളത്രയും അവിടെ നിന്നും നീക്കം ചെയ്ത് സമൂഹത്തിന്റെ വിശ്വാസം കയ്യിലെടുക്കുകയാണ് . രണ്ടാമത്തെ വസ്തുത , ഗവണ്മെന്റ് തന്നെ സ്വമേധയാ നന്നാവുകയെന്നതാണ്. ഈയിടെയാണല്ലോ , പുത്തന്‍ ഗവണ്മെന്റ് മന്ത്രി ശ്രീ. അനൂപ് ജേക്കബ്ബിന്റെ വാഹനം ഇടിച്ച് വെഞ്ഞാറമ്മൂടില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരും , സര്‍ക്കാര്‍ സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കണം . അത്തരം ഒരു സര്‍ക്കാരിനേ ഫലപ്രദമായി നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ധാര്‍മ്മികമായ അവകാശമുള്ളു. അല്ലെങ്കില്‍ തീവ്രവാദ പ്രവണത ജനങ്ങളില്‍ പടര്‍ന്നു പിടിക്കും. ധാര്‍ഷ്ട്യത്തോടേയും , ധിക്കാരത്തോടേയും വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപ്പായും. വാഹനങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കുകയില്ല.

Generated from archived content: essay1_june1_12.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here