മലയാളി ഹൗസ് എന്ന അഴിഞ്ഞാട്ട കോപ്രായം!..

ദൃശ്യമാധ്യമരംഗത്ത് ചാനല്‍ബാഹുല്യമുണ്ടാക്കിക്കൊണ്ട് ഈയിടെ കടന്നുവന്ന ന്യൂ ജനറേഷന്‍ ചാനലുകള്‍ അതിജീവനത്തിനായുള്ള കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മത്സരത്തിനു കാഠിന്യം കൂടുംതോറും അന്യായമായതുപോലും ന്യായീകരിക്കപ്പെടുമെന്നത് കേവലതത്വശാസ്ത്രം. സ്വന്തം റേറ്റിംഗ് ഉയര്‍ത്താനുള്ള ഭഗീരഥശ്രമത്തിനിടെ എതിരാളിയെ ഏതുവിധേനെയും മലര്‍ത്തിയടിക്കാനുള്ള കുത്സിത ബുദ്ധിയോടെ ചാനലുകാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കുമുമ്പിലെത്തുന്ന പരിപാടികളില്‍ നിലവാരതകര്‍ച്ചയും, മൂല്യച്യുതിയും മുഴച്ചുനില്‍ക്കും. ചിലപ്പോള്‍ നമ്മുടെ സ്വീകരണമുറിയിലേയ്ക്ക് അഴുക്കുചാല്‍ തുറന്നുവിട്ടതുപോലെ മലീമസപ്പെടുകയും ചെയ്യും. മഹത്തായ മലയാളിത്തത്തേയും, പൈതൃകമൂല്യങ്ങളേയും സാമൂഹ്യപ്രതിബദ്ധതയോടെ ഉയര്‍ത്തിപ്പിടിക്കേണ്ട സ്ഥാനത്ത് കേവലം അസഭ്യപ്രചാരകരായി ചാനലുകള്‍ അധഃപതിക്കുമ്പോള്‍ സാംസ്‌ക്കാരിക കേരളം വിമ്മിട്ടപ്പെടുന്നത് സ്വാഭാവികം. ലോകം ചുരുങ്ങി ഒരുതരം ആഗോളഗ്രാമമായി വളരുമ്പോള്‍ സംസ്‌ക്കാരങ്ങളെല്ലാം വികേന്ദ്രീകരിച്ച് ഒന്നാകുന്ന വിചിത്രപ്രതിഭാസത്തിനിടയില്‍ ഇത്തരം വിമ്മിട്ടങ്ങള്‍ക്ക് യാതൊരു പ്രസക്തിയില്ലെങ്കിലും, ആത്മാഭിമാനമുള്ള അനവധി കുടുംബങ്ങള്‍ ഈ ഭൂമിമലയാളത്തില്‍ ഉള്ളതുകൊണ്ട് ഇത്തരം ന്യൂനപ്രവണതയെ എന്തുവിലകൊടുത്തും നിരുത്സാഹപ്പെടുത്തിയേ പറ്റൂ.

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു മാധ്യമത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തം പ്രാദേശിക സംസ്‌ക്കാരത്തെ ഉയര്‍ത്തിപ്പിടിക്കലാണ്. സാമ്പത്തിക താല്പര്യത്തിനു ദ്വിദീയ സ്ഥാനമാണുള്ളത്. വിപണിയിയില്‍ മത്സരം മുറുകുമ്പോള്‍ ഈ തിയറി തകിടം മറിയും. കോര്‍പ്പറേറ്റ് മേധാവികള്‍ ഫാസിസ്റ്റ് പ്രവണതയോടെ മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍ സാംസ്‌ക്കാരികാധഃപതനം ത്വരിതഗതിയിലാകും. അതാണ് സൂര്യാ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മലയാളി ഹൌസി’ല്‍ നമ്മള്‍ കാണുന്നത്. ഒരു ചാനലിന്റെ മോസ്റ്റ് പ്രൈം ടൈമാണ് രാത്രി 8 മണിമുതല്‍ 9 മണിവരെ എന്നത്. ഈ സമയത്ത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വിജ്ഞാനാധിഷ്ടിതമായ ‘കോടീശ്വരന്‍’ എന്ന പരിപാടി സകുടുംബം ഒന്നടക്കം കേരളദേശം ഹൃത്തടത്തില്‍ സ്വീകരിച്ചുകഴിഞ്ഞു. ഈ പ്രോഗ്രാമിന്റെ പ്രേക്ഷകരെ വിഘടിപ്പിക്കാന്‍ സൂര്യാ ടി.വി കണ്ടെത്തിയ ബദല്‍ പ്രോഗ്രാമായിരുന്നു കോടിശ്വരനോട് ഏറെ സാമ്യം പുലര്‍ത്തിയ നര്‍മ്മാധിഷ്ടിതമായ ‘കോട്ടീശ്വരന്‍’. അതിനു പ്രതീക്ഷിച്ച വിജയം സ്വായത്തമാകാതെ വന്നപ്പോള്‍ സൂര്യാ ടി. വി. തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ വജ്ജ്രായുധമാണ് പുറത്തേയ്‌ക്കെടുത്തത്, അതാണ് ‘ഹോട്ട് ട്രേഡിംഗ്’. അതായത് പച്ചയ്ക്കുപറഞ്ഞാല്‍ രതീവാണിജ്യം. നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ രതികച്ചവടം ചെയ്ത് അഡിക്ഷനാക്കുന്ന സാദാ പൈങ്കിളി സീരിയലുകളുടെ പതിവു ശൈലിവിട്ട് സായിപ്പന്മാരാല്‍ പരീക്ഷിച്ച് വിജയിച്ച പ്രത്യേകതരം ന്യൂതന ശൈലിയുമായാണ് ചാനലിന്റെ കടന്നുവരവ്. അതാണ് സാക്ഷാല്‍ മലയാളി ഹൗസ്. സ്റ്റാര്‍ സിംഗറും, കഥാപ്രസംഗവും, കുക്കറിയും, മാപ്പിളപ്പാട്ടുമൊക്കെ കണ്ടുമടുത്ത ശരാശരി മലയാളിക്ക് ഒരു നവ്യാനനുഭവം പകര്‍ന്നുകൊണ്ടാണ് പ്രസ്തുത പ്രോഗ്രാം ചാനലില്‍ കുടിയിരിക്കുന്നത്.

ഫോര്‍മുലേറ്റഡ് ഡോക്യുസോപ് ഷോ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇത്തരം പ്രോഗ്രാമുകള്‍ 1993ല്‍ എം.ടി.വി യാണ് ‘റിയല്‍ വേള്‍ഡ്’ എന്ന വിഖ്യാത നാമത്തിലൂടെ ആദ്യമായി കൊണ്ടുവരുന്നത്. അത് വന്‍ വിജയമായിരുന്നു. ഇന്‍ഡിവിജ്വലിസം അഥവാ വ്യക്തിസ്വാതന്ത്ര്യം സാര്‍വ്വത്രികമായ പാശ്ചാത്യസമൂഹം തങ്ങള്‍ക്ക് വരദാനമായി കിട്ടിയ ജീവിതം ആനന്ദിക്കാനും, ആഘോഷിക്കാനുമാണ് വിനിയോഗിക്കുന്നത്. സംഗീതവും, വയലന്‍സും, രതിവൈകൃതങ്ങളും, മദ്യപാനവും നിറഞ്ഞുനില്‍ക്കുന്ന അവരുടെ ആഘോഷങ്ങളില്‍ രസിപ്പിക്കുന്ന റിയാലിറ്റി ഷോകളും സ്വാഭാവികമായി കടന്നുവരുന്നു. അങ്ങിനെയാണ് റിയല്‍ വേള്‍ഡ് അതിന്റെ ന്യൂതനസ്വഭാവം കൊണ്ട് ഹിറ്റാകുന്നത്. ഇതിന്റെ ചുവടുപിടിച്ച് ബ്രിട്ടനില്‍ ‘ബിഗ്ബ്രദര്‍’ റിയാലിറ്റി ഷോ അരങ്ങേറി. പ്രശസ്ത ബോളിവുഡ് താരം ശില്പാ ഷെട്ടി വംശീയമായി അധിക്ഷേപിക്കപ്പെടുന്നതും ഈ ഷോവിലാണ്. കൂടാതെ, കളേഴ്‌സ് ടി.വി യിലെ ബിഗ് ബോസ്, എം.ടി.വി യിലെ സ്പ്ലീട്‌സ് വില്ല തുടങ്ങിയവ അരങ്ങേറി വിജയം കൊയ്തു. ഇതിനെയെല്ലാം മാതൃകയാക്കി തീര്‍ത്തും കച്ചവട ദൃഷ്ടിയോടെ ചിട്ടപ്പെടുത്തിയതാണ് മലയാളി ഹൗസ് എന്ന പരിപാടി. ദയാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൂര്യാ നെറ്റ്‌വര്‍ക്കിലെ ചാനലുകളില്‍ ആദ്യം ‘തമിഴ് ഹൗസ്’ നിര്‍മ്മിക്കേണ്ടതിനു പകരം മലയാളി ഹൗസ് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യശുദ്ധി ഒന്നു ചിന്തിക്കേണ്ടതുതന്നെയാണ്.

നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ പതിനാറ് പ്രശസ്ത സെലിബ്രിറ്റി യുവതാരങ്ങളെ താമസിപ്പിക്കുന്നു. അതില്‍ 8 പേര്‍ സുന്ദരികളായ പെണ്‍മണികളും ശേഷിക്കുന്ന 8 പേര്‍ എന്തിനും പോന്ന ആണ്‍പ്രജകളുമാണ്. ഇവര്‍ വ്യത്യസ്ഥ തുറകളിലും, കര്‍മ്മ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് സെല്‍ഫോണോ, ഇന്റര്‍നെറ്റോ, ടി.വി യോ, പത്രമോ, പേനയോ, പേപ്പറോ, കമ്പ്യൂട്ടറോ യാതൊന്നും തന്നെ ലഭ്യമല്ലയെന്നത് ശ്രദ്ധേയമാണ്. അതോടെ ഈ മനുഷ്യജന്മങ്ങള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ അകപ്പെട്ടതുപോലെ സമയം തള്ളിനീക്കേണ്ട ദുര്യോഗത്തിലെത്തുന്നു. ഈ അന്തരീക്ഷത്തില്‍ ഇവരുടെ സ്വാഭാവികമായ ജീവിത രീതിയും, പെരുമാറ്റ ശൈലിയും മുപ്പതോളം ക്യാമറകള്‍വച്ച് ഒപ്പിയെടുത്ത് ടെലികാസ്റ്റ് ചെയ്യുന്നു. ഓരോ ആഴ്ചയിലും ഒരാള്‍ വീതം പുറത്തുപോകണമെന്നുള്ള വ്യവസ്ഥയാണ് ഇവരില്‍ മത്സരബുദ്ധിയും, പ്രവ്യത്യോന്മുഖതയുമുണ്ടാക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്ന ആള്‍ക്ക് പതിവുസമ്മാനമായ ഫ്‌ളാറ്റ് ആണ് ലഭിക്കുന്നത്. ഷോയുടെ അവതാരകസ്ഥാനത്ത് മലയാളികളുടെ പ്രിയതാരം രേവതിയെയാണ് കാണുന്നത്. ഇതാണ് പ്രോഗ്രാമിന്റെ കാതല്‍. പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാത്ത മത്സരാര്‍ത്ഥികള്‍ വയ്പ്പും, തീനും, കുശുമ്പും, കുന്നായ്മയുമായി മെയ്യനങ്ങാതെ സുഖിച്ച് കഴിയുന്നു. സുഖം തലയ്ക്കുപിടിക്കുമ്പോള്‍ സ്വാഭാവികമായും സടകുടഞ്ഞെണീക്കുന്നത് രതിലീലാവിനോദങ്ങളാണ്. അങ്ങിനെ, കെട്ടിപ്പിടിച്ചും, ചുംബിച്ചും, അശ്‌ളീലസംഭാഷണവുമൊക്കയായി സ്വര്‍ഗ്ഗരാജ്യത്ത് അഴിഞ്ഞാടി അഭിരമിക്കുന്ന സെലിബ്രിറ്റികള്‍ക്ക് വീടോ, കുടുംബമോ മറ്റോ ഒന്നും തന്നെ വേണ്ട. ലോകാവസാനം വരെ ശൃംഗാര ലഹരിയില്‍ ആന്ദസാഗരത്തിലാറാടി ഹൈദരാബാദിലെ സ്റ്റുഡിയോവില്‍ തന്നെ കഴിഞ്ഞാല്‍ മതി. ആനന്ദം പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ ഏക തടസ്സം മുക്കിലും മൂലയിലും വച്ചിരിക്കുന്ന ക്യാമറകളാണ്. കേരളത്തിലേതുപോലെ മലയാളി ഹൗസിലും രാത്രി നേരം അര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി അധികൃതര്‍ സെലിബ്രിറ്റികളോട് സഹകരിക്കാനുള്ള മനസ്സാക്ഷി കാണിച്ചാല്‍ കാര്യങ്ങളെല്ലാം ഭംഗിയാവും.

പക്ഷേ, ഇവിടെ ഒരു പ്രശ്‌നമുണ്ട്. ഇത് യൂറോപ്പോ, അമേരിക്കയോ ചുരുങ്ങിയ പക്ഷം ബാംഗ്ലൂരോ അല്ല, കേരളമാണ്. സദാചാരപ്രശ്‌നങ്ങള്‍ കൊടികുത്തിവാഴുന്ന സംസ്ഥാനമാണ്. പ്രോഗ്രാമിന്റെ പരസ്യവാചകം തന്നെ ‘ഇന്നുമുതല്‍ നിങ്ങള്‍ക്ക് ഒളിഞ്ഞുനോക്കാന്‍ ലൈസന്‍സ്’ എന്നാണ്. മലയാളദേശത്ത് അന്തസ്സും, അഭിമാനവുമുള്ളവര്‍ ആരുംതന്നെ സകുടുംബം ഒളിഞ്ഞുനോക്കില്ല. അപ്പോള്‍ ഒളിഞ്ഞുനോട്ടഞരമ്പുരോഗികള്‍ക്കുള്ളതാണ് ഈ പ്രോഗ്രാം എന്നു സ്പഷ്ടം. ടെലിവിഷന്‍ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ അതിനു അനവധി പരിമിതികളുണ്ട്. ഇതു മനസ്സിലാക്കിയ സൂര്യ ചാനല്‍ ത്രസിപ്പിക്കുന്ന പലതും നെറ്റിലെ യൂ ട്യൂബില്‍ കേറ്റിയിട്ടിട്ടുണ്ട്. ഒറ്റക്കിരുന്നുകണ്ട് കോള്‍മയിര്‍ കൊള്ളാം. പക്ഷേ, ഇതൊക്കെ കണ്ട് പെണ്‍സംസര്‍ഗ്ഗമില്ലാതെ തികഞ്ഞ ആത്മസംയമനത്തോടെ വേണം ജീവിക്കാന്‍. അല്ലാതെ പ്രകോപനം മൂത്ത് അടുത്ത വീട്ടിലെ മധുരപതിനേഴുകാരിയെ കയറിപിടിച്ചാല്‍ പരിണതഫലങ്ങള്‍ക്ക് സൂര്യാ ടി.വിയോ, വേദാര്‍ത്ഥക്കാരോ ഉത്തരവാദികളല്ല. കണ്ടതിനും കേട്ടതിനും സ്വമേധയോ കേസ്സെടുക്കുന്ന കോടതിയോ, വനിതാ കമ്മീഷനോ ഈ പ്രോഗ്രാം കണ്ടിട്ടില്ല, കേട്ടിട്ടില്ല. ദയവുചെയ്ത് ആരും അവരുടെ ശ്രദ്ധയില്‍പ്പെടുത്താതിരിക്കുക. കാരണം, കേരളം ഭരിക്കുന്നത് ചാണ്ടിതമ്പുരാനാണ്, അല്ലാതെ, അച്ചുമാമനല്ല.

ഒരുകണക്കിനുനോക്കിയാല്‍ ഈ പ്രോഗ്രാം വന്നത് നന്നായി. ചില പകല്‍മാന്യന്മാരുടെ പൊയ്മുഖം അഴിച്ചെടുക്കാറായി. തങ്ങളുടെ സ്വകാര്യജീവിതത്തില്‍ എത്രമാത്രം ‘കൂതറ’കളായിട്ടാണ് ചില ആദരണീയ വ്യക്തികള്‍ ജീവിക്കുന്നത്. മീഡിയകളില്‍ ചില മാസ്മരികവ്യക്തിപ്രഭാവം സൃഷ്ടിച്ച് പൊതുസമൂഹത്തെ കബളിപ്പിച്ച് ആരാധന പിടിച്ചുവാങ്ങി സൂര്യതേജസ്സോടെ തിളങ്ങിയിരുന്നവരുടെ പ്രതിച്ഛായ നാശോന്മുഖമായി പൊട്ടിത്തെറിക്കുന്ന ദയനീയ കാഴ്ചയാണ് പ്രോഗ്രാം അനാവരണം ചെയ്യുന്നത്. എത്ര മറച്ചുപിടിച്ചാലും കൈവിട്ടുപോകുന്ന മനുഷ്യരുടെ ന്യൂനപ്രവണതയുടെ നേര്‍ക്കാഴ്ചയാണ് ഈ പരിപാടിയെ ആകര്‍ഷകമാക്കുന്നത്. സിന്ധുജോയി എന്ന രാഷ്ട്രീയ കോമാളി, ജി. എസ്. പ്രദീപ് എന്ന ബുദ്ധിജീവി കോമാളി, രാഹുല്‍ ഈശ്വര്‍ എന്ന ആത്മീയ കോമാളി, ചിത്രാ അയ്യര്‍ എന്ന പാട്ട് കോമാളി .. . ഇങ്ങനെ ‘കോമാളിപ്രതിഭ’കളുടെ അപൂര്‍വ്വ സംഗമം തന്നെയാണ് മലയാളി ഹൗസില്‍ സംഭവിച്ചിരിക്കുന്നത്. താന്‍ കാണിക്കുന്ന കോമാളിത്തങ്ങളിലും, അഴിഞ്ഞാട്ടത്തിലും ആശങ്ക തോന്നിയ സിന്ധുജോയി തന്നെ ഒരുവേള സന്ദീപിനോട് ചോദിക്കുന്നുണ്ട്, “ഞാന്‍ നാട്ടില്‍ ഇറങ്ങിയാല്‍ എന്നെ ആളുകള്‍ കല്ലെറിയുമോ?”എന്ന്. കല്ലല്ല, വല്ല അമേദ്യം കൊണ്ട് എറിഞ്ഞാലും ജനത്തിനു തൃപ്തികിട്ടില്ല. ഊണും ഉറക്കവുമില്ലാതെ ജീവന്‍പോലും പണയപ്പെടുത്തി മഹാന്മാര്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ തൊഴിലാളിപ്രസ്ഥാനത്തോടു കാപട്യേന ചേര്‍ന്നുനിന്ന് പേരും പ്രശസ്തിയും ആര്‍ജ്ജിച്ച് നേടേണ്ടതെല്ലാം നേടി ഒരു സുപ്രഭാതത്തില്‍ ശത്രുപക്ഷത്തേയ്ക്കു വഞ്ചിച്ചു ചാടിപ്പോയ സിന്ധുജോയിയെ ഇരിക്കപിണ്ഠംവച്ച് പ്രസ്ഥാനം പടിയടച്ചതാണ്. അതോടെ നാടും നാട്ടുകാരും, കേരളദേശവും ഒന്നടങ്കം അവരെ വെറുത്തു. ഇനി അവര്‍ എന്തുകാണിച്ചാലും ആര്‍ക്കും ഒരു ചുക്കുമില്ല. ഇതുപോലെ വേലയും കൂലിയുമില്ലാതെ നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഏതാനും കൂലിതാരങ്ങളുടെ അധഃപതനത്തില്‍ വില്പനമൂല്യം കണ്ടെത്തിയ ചാനല്‍പ്രഗത്ഭരുടെ ദീര്‍ഘവീക്ഷണത്തെ നമിക്കാതെ തരമില്ല.

ഫ്രോയിഡിയന്‍ മനഃശാസ്ത്രപ്രകാരം മനുഷ്യര്‍ അടിസ്ഥാനപരമായി ലൈംഗിക ജീവികളാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായ രതിപ്രവണതയില്‍ നിന്നും ഏറെക്കാലം മാറിനില്‍ക്കാന്‍ മനുഷ്യര്‍ക്കാവില്ല. അഥവാ, പ്രതികൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ അവനില്‍ ലൈംഗിക വ്യതിയാനം സംഭവിച്ചിരിക്കും. മലയാളി ഹൗസിലെ മനഃശാസ്ത്ര പശ്ചാത്തലം തികച്ചും സ്വാഭാവികനീതിക്കു വിരുദ്ധമാണ്. അടച്ചിട്ട വീട്ടില്‍ യാതൊന്നും ചെയ്യാനില്ലാതെ മാദകരൂപികളായ എതിര്‍ലിംഗങ്ങളോടൊപ്പം നൈര്‍മ്മല്യ ചോദനകളോടെ കഴിയേണ്ടിവരുമ്പോഴുണ്ടാകുന്ന തീവ്ര മനോസമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ സെലിബ്രറ്റികള്‍ ദയനീയമായി പകച്ചുനില്‍ക്കുകയാണ്. മനസ്സിന്റെ അതിലോലമായ കടിഞ്ഞാണ്‍ ശക്തിയെ പരീക്ഷിച്ച് നിരീക്ഷിക്കുകയാണ് ഇവിടെ മുപ്പതോളം ക്യാമറകള്‍. ചാനലിനാകട്ടെ ചൂടോടെ കിട്ടേണ്ടതും, പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. അപ്പോള്‍ മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നു. സാമൂഹ്യജീവി എന്ന നിലയിലും, ജൈവീക ജീവി എന്ന നിലയിലും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഹനിക്കപ്പെട്ട് തടവറയ്ക്കുള്ളില്‍ ബന്ധിക്കപ്പെട്ടപോലെ കിടക്കുമ്പോള്‍ ക്യാമറക്കണ്ണുകളിലൂടെ ഒളിഞ്ഞുനോക്കി രസിക്കുന്ന ബാഹ്യലോകം മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്, അവര്‍ മരപ്പാവകളല്ല, മറിച്ച്, ചോരയും, നീരും, മാംസവുമുള്ള പച്ച മനുഷ്യജന്മങ്ങളാണ്. മനുഷ്യസഹജമായ ആന്തരീക ചോദനകളുമായുള്ള ദ്വന്ദയുദ്ധത്തിന്റെ അധഃപതനമാണ് സത്യത്തില്‍ ചാനല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. ഇത് ക്രൂരവും, ധാര്‍മ്മികവിരുദ്ധവുമാണ്. ഏറെ താമസിയാതെതന്നെ എല്ലാം കൈവിട്ടുപോകുന്ന ചെളിക്കുഴിയിലേയ്ക്ക് പലരും വഴുതിവീഴുമെന്നത് വിതര്‍ക്കിതവും, മുന്‍ അനുഭവമുള്ളതുമാണ്. ബ്രസീലില്‍ അരങ്ങേറിയ ഇതുപോലെയുള്ള ബിഗ്ബ്രദര്‍ പ്രോഗ്രാമിനിടയില്‍ ഡാനിയല്‍ എക്കനീസ് എന്ന 31 വയസ്സുള്ള മത്സരാര്‍ത്ഥി 23 കാരിയായ വിദ്യാര്‍ത്ഥിനി മോണിക് ആമിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുണ്ടായി. ഇത് ലൈവായി ചിത്രീകരിച്ച ബ്രസീല്‍റിയോ ഡി ജനീറോയിലെ സ്റ്റുഡിയോ പോലീസ് റെയ്ഡ് ചെയ്ത് സംഘാടകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലയാളി ഹൗസിലെ ചില അവതാരങ്ങളുടെ ശരീരഭാഷയും, ചേഷ്ടകളും മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍ റേപ്പ് നടക്കാനിടയില്ല, നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഉഭയകക്ഷീ സമ്മത”ത്തോടെതന്നെ എന്തെങ്കിലും നടക്കാനാണ് സാദ്ധ്യത.

അത്രമേല്‍ ഗുരുതരമായ പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് ഈ പ്രോഗ്രാമിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നത്. സ്ത്രീപീഡനങ്ങളും, കുട്ടികളുടെ ലൈംഗികത്വരയും ക്രമാധികം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രകോപനകരമായ ഇത്തരം പരിപാടികള്‍ അത് എന്തിന്റെ പേരിലായാലും മലയാളികള്‍ക്ക് അസഹനീയവും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയുമാണ്. അതുകൊണ്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അധ്യക്ഷ ടി. എന്‍. സീമ “മലയാളി ഹൗസ് മലയാളിയുടെ സംസ്‌ക്കാരത്തിനു യോജിച്ചതല്ല…” എന്നു പറഞ്ഞ് പ്രതിഷേധിക്കുന്നത്. ഇതേ അഭിപ്രായത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് എം.എല്‍.എയും പ്രതിഷേധം പ്രകടിപ്പിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഈ ഷോയ്‌ക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടുവന്നതോടെ ഒരു രാഷ്ട്രീയ മുന്നേറ്റം തന്നെ ഉണ്ടാകുന്നുവെന്നത് പ്രതീക്ഷാവഹമാണ്. എന്തിനേറെ, മലയാളി ഹൗസിനെതിരെ ശക്തമായ പ്രതിഷേധവുമായി വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ (തോക്ക് സ്വാമി) വരെ രംഗത്തുവന്നുവെന്നതാണ് ഏറെ വിചിത്രം. “സൂര്യാ ടി.വിയില്‍ ആഭാസപരിപാടി നടത്തിയ അധികൃതരും പരിപാടിയില്‍ പങ്കെടുത്ത അഴിഞ്ഞാട്ടക്കാരും സമൂഹത്തോട് മാപ്പ് പറയണം. തന്ത്രി കുടുംബം എന്ന അവകാശത്തോടെയും, അഹങ്കാരത്തോടെയും കാണിക്കുന്ന ഈ പ്രവ്യത്തികള്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ യശസ്സിനു കോട്ടം തട്ടുന്നവയാണ്. ഭാരതയശസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ട രാഹുലിന്റെ സംസ്‌ക്കാരത്തില്‍ മലയാള ലോകം ലജ്ജിക്കുന്നു…” എന്നാണ് തോക്കുസ്വാമിയുടെ പ്രതിഷേധ ശബ്ദം. ഇവയ്‌ക്കെല്ലാം ഉപരിയായി ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയാ ബുദ്ധിജീവികളും ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നുണ്ട്. പൗരസമൂഹത്തിന്റെ ഈവക എതിര്‍പ്പുകളെയൊന്നും വകവയ്ക്കാതെ ഒരു ആത്മപരിശോധന നടത്താന്‍ കൂട്ടാക്കാത്ത ചാനല്‍ ധിക്കാരത്തെ ആശങ്കയോടെയാണ് സാംസ്‌ക്കാരിക പൊതുസമൂഹം നോക്കിക്കാണുന്നത്. വിദേശകുത്തകഭീമനായ പെപ്‌സി തങ്ങളുടെ പരസ്യത്തില്‍ കേരളീയ പൈതൃക കലയായ കഥകളിയെ മോശമായി ചിത്രീകരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയാണ് ശബ്ദമുയര്‍ത്തി രംഗത്തുവന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഒരക്ഷരം പോലും ഉരിയാടിയില്ല. ഒടുവില്‍ തങ്ങളുടെ വീഴ്ച മനസ്സിലാക്കിയ പെപ്‌സി പ്രസ്തുത പരസ്യം ഉപേക്ഷിക്കുകയാണുണ്ടായത്. അതുപോലെ സോഷ്യല്‍ മീഡിയക്കാരുടെ പ്രതിഷേധം ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യപരമായ മര്യാദയിലൂടെ ഒരു തിരുത്തല്‍ നയം ചാനല്‍ സ്വീകരിച്ചാല്‍ ചാനലിന് ജനസമ്മതിയുണ്ടാകും. അതിന് ചെയ്യേണ്ടത് ഇത്രമാത്രം. കോടികള്‍ മുതല്‍ മുടക്കി നടത്തുന്ന പ്രോഗ്രാമുകള്‍ പാടെ ഉപേക്ഷിക്കേണ്ടതില്ല, പകരം ഉപേക്ഷിക്കേണ്ടത് അതിലെ പ്രകോപനകരമായ അസഭ്യരംഗങ്ങള്‍ മാത്രം. സിനിമയിലെ ഐറ്റം ഡാന്‍സുകള്‍ പോലും ദേശീയ വനിതാ കമ്മീഷന്‍ നിരോധിച്ചിരിക്കുന്ന വിവരം ചാനല്‍ ഏമാന്‍ന്മാര്‍ക്ക് അറിയാവുന്നതല്ലേ? ഇനിയും സൂര്യയിലെ പ്രോഗ്രാം നിര്‍ബാധം തുടര്‍ന്നാല്‍ ഒരുപക്ഷേ എതിരാളിയെ മലര്‍ത്തിയടിക്കാന്‍ ഏഷ്യാനെറ്റും ഇതിനേക്കാള്‍ “ഹോട്ടായ” മറ്റൊരു പരിപാടിയുമായി വന്നെന്നിരിക്കും. “പീഡന ഹൗസ്” എന്നായിരിക്കും അതിന്റെ പേര്. അതിലെ സെലിബ്രറ്റി താരങ്ങളുടെ പേരുകള്‍ കേള്‍ക്കുന്നതോടെ കേരളം നടുങ്ങിവിറയ്ക്കും, നയന്‍താര, പ്രഭുദേവ, കുഞ്ഞാലിക്കുട്ടി സാഹിബ് റെജീന, പി.ജെ. കുര്യന്‍, സൂര്യനെല്ലി, ജഗതി, വിതുര, ഷക്കീല, രേഷ്മ, ശോഭാ ജോണ്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പിന്നെ, പി.ജെ. ജോസഫ് …. ഹായ് … കാണാന്‍പോണ പൂരം പറഞ്ഞുകേള്‍പ്പിക്കണോ ? …

മലയാളി ഹൗസിലെ ചില സെലിബ്രിറ്റികളിലൂടെ സഞ്ചരിച്ചാല്‍ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെടും. അവയില്‍ ഒന്നാമനാണ്. ജി. എസ്. പ്രദീപ്.

ജി. എസ്. പ്രദീപ്

‘അഭിനവ ബുദ്ധിജീവി’ എന്ന ഓമപ്പേരില്‍ കേരളദേശത്തിന്റെ അഭിമാനമായി ക്ഷിപ്രേന വളര്‍ന്ന ജി. എസ്. പ്രദീപ് സാധാരണ യുവസമൂഹത്തിന്റെ ആരാധ്യ പുരുഷനായിരുന്നു. അശ്വമേധം, രണാങ്കണം എന്നീ ഇന്‍ഫോ ഷോകളിലൂടെ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോഴും അഹങ്കാരത്തിന്റെയും തലക്കനത്തിന്റേയും ജാഡകളില്ലാതിരുന്നത് അദ്ദേഹത്തെ സര്‍വ്വാത്മനാ സ്വീകാര്യനാക്കി. അതുകൊണ്ടുതന്നെ സര്‍വ്വകലാശാലകളിലെ ക്വിസ് മത്സരങ്ങളില്‍ വിധികര്‍ത്താവായി അദ്ദേഹത്തെ ക്ഷണിക്കപ്പെട്ടിരുന്നു. അങ്ങിനെ കേരളീയ ബൗദ്ധികസമൂഹത്തിന്റെ ‘ഗ്രാന്റ് മാസ്റ്ററാ’യി ലബ്ധപ്രതിഷ്ഠനായ അദ്ദേഹം ഭഗീരഥപ്രയത്‌നത്താലുണ്ടാക്കിയ തന്റെ പ്രതിച്ഛായയെ മലയാളി ഹൗസില്‍ ഒരു കാട്ടു ചെന്നായയുടെ ശൗര്യത്തോടെ കടിച്ചുകീറി നശിപ്പിക്കുന്ന ദയനീയ ദൃശ്യമാണ് കാണിക്കുന്നത്. മാദകയുവതരുണിയായ തിങ്കളിനോട് ജി. എസ്. പ്രദീപ് ലൈംഗിക ചുവകലര്‍ന്ന ‘ഇല മുടിയും’, ‘കടി കുറയും’ എന്നീ അശ്ലീല മറിച്ചുചൊല്ലുകള്‍ നടത്തി രമിക്കുമ്പോള്‍ കേവലം ഒരു ബസ്റ്റോപ്പ് പൂവ്വാലന്റെ ഞരമ്പുരോഗത്തിലേയ്ക്ക് അയാള്‍ സ്വയം അധഃപതിക്കുകയായിരുന്നു. മാന്യതയുടെ മൂടുപടം അണിഞ്ഞുകൊണ്ട് അയാള്‍ കണ്ണടച്ചു പാലുകുടിക്കുന്ന പല ദൃശ്യങ്ങളും ചാനല്‍ പുറത്തുവിടുന്നുണ്ട്. കൂടാതെ സീരിയല്‍ നടി സ്‌നേഹാ നമ്പ്യാരേയും സോജന്‍ ജോസഫിനേയും ചേര്‍ത്തുകൊണ്ട് നിര്‍ലജ്ജം ഒരു മൂന്നാംകിട വിഢ്ഢിയേപ്പോലെ ജി. എസ്. പ്രദീപ് ഒരു അശ്ലീലകഥയുണ്ടാക്കി. തന്മൂലം മാനസ്സികമായി പീഢിപ്പിക്കപ്പെട്ട സ്‌നേഹ പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷുപിതയാകുന്നതും മറ്റും നേര്‍സത്യമാണെന്നു ചാനല്‍ അവകാശപ്പെടുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 375 – ആം വകുപ്പ് പ്രകാരം അയാള്‍ സ്ത്രീ പീഡനമാണ് ചെയ്യുന്നത്. ഇത് ചുരുങ്ങിയത് ഏഴു വര്‍ഷം വരെയുള്ള തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇഷ്ടന്റെ മറ്റൊരു ദൗര്‍ബല്യമാണ് പുകവലി. പുകവലിക്കുന്നവരുടെ സമീപത്തുനില്‍ക്കുന്നവര്‍ക്കുപോലും നീക്കോട്ടിന്‍ വിഷബാധ ഏല്‍ക്കുമെന്നതിനാല്‍ പൊതുസ്ഥലത്തുള്ള പുകവലി ബഹു. കേരളാ ഹൈക്കോടതി നിരോധിച്ചതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ അനവധി പേര്‍ തൊഴില്‍ പരമായി നില്‍ക്കുന്ന സ്ഥലം സ്റ്റുഡിയോ ആയാലും പൊതുസ്ഥലമാണ്. പക്ഷേ, ഹൈദരാബാദിലെ സ്റ്റുഡിയോ കേരളാ ഹൈക്കോടതിയുടെ പരിധിക്കുള്ളില്‍ വരാത്തതിനാല്‍ പരാതി നിലനില്‍ക്കില്ല. അതുകൊണ്ട് മലയാളി ഹൗസിന്റെ സ്വന്തം ‘പുകവലി ബ്രാന്റ് അംബാസഡറാ’യി ജി. എസ്. പ്രദീപ് നന്നായി ശോഭിക്കുന്നു. ഏങ്കിലും, അതൊന്നും ഗൗനിക്കാതെ ഇഷ്ടന്‍ താന്‍തന്നെ കൂട്ടത്തില്‍ കേമന്‍ എന്നു വരുത്തിതീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം അയാളെ ‘ബുദ്ധിമാനായ സുന്ദര വിഡ്ഡി’ എന്ന അലങ്കാരമാണ് ചാര്‍ത്തിക്കൊടുക്കുന്നത്.

രാഹുല്‍ ഈശ്വര്‍

ഹൈ ടെക് പൂജാരിയെന്നോ, ന്യൂ ജനറേഷന്‍ സ്വാമിയെന്നോ മറ്റോ വിശേഷിപ്പിക്കാവുന്ന ഒരു കര്‍മ്മയോഗിയുടെ വ്യക്തിത്വമായിരുന്നു രാഹുല്‍ ഈശ്വര്‍ക്ക്. ഇംഗ്ലണ്ടില്‍ നിന്നും ഉപരിപഠനം നടത്തി തിരിച്ചെത്തിയ ഉടന്‍ ചാനല്‍ ഫെയിമിനുവേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു. അതിനുവേണ്ടിയാണ് ആര്‍ഷഭാരതം, ദര്‍ശനം, തത്വചിന്ത, ഫിലോസഫി എന്നൊക്ക ഇടയ്ക്കിടെ ഛര്‍ദ്ദിക്കുന്നത്. ഒരു പാരമ്പര്യ പൂജാരിയായതുകൊണ്ടായിരിക്കണം കാമദേവാകര്‍ഷണ ഏലസ് ജപിച്ച് അരയില്‍ കെട്ടിയിട്ടുണ്ടെന്നു തോന്നുന്നു, കാരണം പെണ്‍മണികള്‍ക്കെല്ലാം ഇഷ്ടനോടാണ് ഏറെ ആകര്‍ഷണം. സത്യത്തില്‍ വലതുപക്ഷ ഹിന്ദു തീവ്രതയുടെ പ്രണേതാവാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയോടുള്ള ഭക്തി മുതലെടുത്ത് ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആത്മീയതയുടെ ചിലവില്‍ അടിച്ചേല്‍പ്പിക്കാന്‍ ചില ഫാസിസ്റ്റ് ചാനലുകാര്‍ കണ്ടെത്തിയ കേവലം ഒരു ഇര മാത്രമാണ് അയാള്‍. താന്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയല്ലന്നും അപ്രകാരം ശരിയല്ലാത്ത കാര്യങ്ങള്‍ ഉറക്കെ പറഞ്ഞെങ്കില്‍ മാത്രമേ തനിക്ക് ചാനലുകളില്‍ ഇടം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഈ യുവാവിന് സാമുഹ്യപ്രതിബദ്ധത ഏഴയലത്തുപോലും തൊട്ടുതീണ്ടിയിട്ടില്ല. ശബരിമലയിലെ വിവാദ നായകന്‍ കണ്ഠര് മോഹനരുടെ സഹോദരീ പുത്രനായ ഈ അഴിഞ്ഞാട്ടക്കാരനാണ് ഭാവിയിലെ ശബരിമല തന്ത്രിയായി അവരോധിക്കപ്പെടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. നിത്യബ്രഹ്മചാരിയായ ശാസ്താവിന്റെ ഏഴയലത്തുപോലും അടുപ്പിക്കാന്‍ കൊള്ളാത്ത കൊള്ളരുതായ്മകളാണ് ഇഷ്ടന്‍ മലയാളി ഹൗസില്‍ കാട്ടിക്കൂട്ടുന്നത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ ബുദ്ധിജീവികളുടെ തെറിയഭിഷേകം മുഴുവനും കിട്ടുന്നത് രാഹുല്‍ ഈശ്വര്‍ക്കാണ്. മാദകമോഹിനിയായ റോസ്‌ലിനാല്‍ രത്യാസക്തനായ വിവാഹിതനായ ഇയാള്‍ അവളെ പറ്റിച്ചേര്‍ന്ന് ശ്രീംഗാരലീലകളാടുകയും, വിവാഹേതര ബന്ധങ്ങളെ പുരാണങ്ങളിലെ അപധഃസഞ്ചാരങ്ങളെ മുന്‍നിര്‍ത്തി ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ “കൊച്ചു കള്ളാ ….” എന്ന കുസൃതികലര്‍ന്ന അഭിനന്ദമാണ് ചാനല്‍ നല്‍കുന്നത്. ഒരുവേള അയാള്‍ അവളെ “ഈ ഷോ കഴിഞ്ഞാല്‍ നമുക്ക് ഗോവയില്‍പ്പോയി രണ്ടുമൂന്നു ദിവസം താമസിക്കണം. ഷോയുടെ ഭാഗമായുള്ള നിര്‍ബന്ധ താമസമാണെന്നു വീട്ടുകാരോടു പറഞ്ഞാല്‍ മതി” എന്നു പറഞ്ഞ് ക്ഷണിക്കുന്നതും സൂര്യാചാനല്‍ നിസ്സങ്കോചം സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു യുവതരുണിയുടെ പൃഷ്ഠ ഭാഗത്ത് രാഹുല്‍ ഈശ്വര്‍ നടത്തുന്ന ‘പെരുവിരല്‍ സുഖിപ്പിക്കലും’ നെറ്റില്‍ ചിത്രം സഹിതം ചൂടുള്ള ചര്‍ച്ചയാണ്. നനഞ്ഞൊട്ടിയ വസ്ത്രവുമായി റോസ്‌ലിന്‍ മഴയത്ത് ഡാന്‍സ് ചെയ്യവേ ഇഷ്ടന്‍ അവളെ വാരിപുണര്‍ന്നു എടുത്തുപൊക്കി കിട്ടിയ സന്ദര്‍ഭം മുതലാക്കുന്നതും കാണാകാഴ്ചകളായി യാതൊരു ഉളുപ്പുമില്ലാതെ സുര്യാ ചാനല്‍ സംപ്രേക്ഷണം ചെയ്തത് കേരളത്തില്‍ സദാചാരാധിഷ്ഠിതമായ ഒരു സെന്‍സര്‍ സംവിധാനം ഇല്ലാത്തതുകൊണ്ടൊന്നുമാത്രമാണ്. ചുരുക്കത്തില്‍ ഇയാളുടെ ഭാര്യക്ക് അല്പമെങ്കിലും അന്തസ്സും, അഭിമാനവും, കുലമഹിമയുമുണ്ടെങ്കില്‍ ഈ ആഭാസന്റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയോടെ മാതൃക കാട്ടുമായിരുന്നു.

സിന്ധു ജോയി

സാധാരണ രാഷ്ട്രീയ പാര്‍ട്ടികളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചില ‘അവിഹിത സൗകര്യങ്ങള്‍’ ചെയ്തുകൊടുത്താണ് പലരും അധികാര സ്ഥാനങ്ങളില്‍ ഒരു വിധം കയറിപ്പറ്റുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങിനെയല്ല. താഴെ തട്ടില്‍നിന്നും പ്രവര്‍ത്തിച്ച് കഷ്ടപ്പെട്ട് വളര്‍ന്നുവരണം. കല്ലേറും, ലാത്തിയടിയും യഥേഷ്ടം വാങ്ങി തലപൊട്ടി ചോരയൊലിക്കുന്ന ഫോട്ടോ പത്രത്തില്‍ ഫ്രണ്ട് പേജില്‍ അച്ചടിച്ചു വരണം. കവലകള്‍ തോറും വിപ്ലവം, വര്‍ഗ്ഗസമരം, ആഗോളീകരണം, ഉദാരീകരണം, പ്രത്യയശാസ്ത്രം എന്നിങ്ങനെ വായില്‍കൊള്ളാത്ത വാചകങ്ങള്‍ വിളിച്ചുപറഞ്ഞ് ജനങ്ങളെ അന്ധാളിപ്പിക്കണം. ഏറെക്കുറെ ഇപ്രകാരമൊക്കെയാണ് സിന്ധു ജോയി രാഷ്ട്രീയത്തിലേയ്ക്കു കടന്നുവരുന്നത്. വളരെ കുറച്ചുനാളുകള്‍കൊണ്ട് ജനപ്രിയ നേതാവാകാനും, തദ്വാരാ ഉയര്‍ന്ന പദവിയും പ്രശസ്തിയും യഥേഷ്ടം അനുഭവിക്കാനും അവര്‍ക്ക് കഴിഞ്ഞുവെന്നത് ഒരു മഹാഭാഗ്യമാണ്. അങ്ങിനെ ഗൗരിയമ്മയ്ക്കു ശേഷം ഒരു യുവവനിതാ നേതാവിനെ പാര്‍ട്ടിക്കു കിട്ടിയതിന്റെ ചാരിതാര്‍ത്ഥ്യം നിലനില്‍ക്കെയാണ് സ്ത്രീസഹജമായ വിവേകശൂന്യതയുമായി സിന്ധു ജോയി ശത്രുപാളയത്തിലേയ്ക്കു കടന്നുചെല്ലുന്നത്. താന്‍ അന്നുവരെ പ്രസംഗിച്ചു നടന്ന വര്‍ഗ്ഗസമര ആശയങ്ങള്‍ക്ക് കടകവിരുദ്ധമായി ഉമ്മന്‍ കോണ്‍ഗ്രസിന്റെ കൊടിപിടിച്ചു നടക്കുന്ന രാഷ്ട്രീയ കോമാളിയായ സിന്ധു ജോയിയെയാണ് കേരളദേശം പിന്നീടു കാണുന്നത്. പെണ്ണല്ലേ … കേവലം വെറുമൊരു പെണ്ണ് … രാഷ്ട്രീയ പൊതുസമൂഹവും, അഭിമാനബോധമുള്ള തൊഴിലാളി വര്‍ഗ്ഗവും അത് കണ്ണടച്ച് സഹിച്ചു. അങ്ങിനെ, ഒരു പാര്‍ട്ടിക്കും കൊള്ളാതെ ഒരു ‘കറിവേപ്പില പെണ്ണാ’യി വീട്ടില്‍ ചടഞ്ഞുകുത്തിയിരിക്കുമ്പോഴാണ് വന്‍ പ്രതിഫലം വാഗ്ദ്ധാനം ചെയ്ത് സൂര്യാ ചാനലുകാര്‍ വന്ന് പൊക്കിക്കൊണ്ടുപോയി ‘വ്യഭിചാര ഹൗസ്’ എന്ന് ഇന്റര്‍നെറ്റ് ബുദ്ധിജീവികള്‍ പേരിട്ടിരിക്കുന്ന മലയാളി ഹൗസില്‍ വിശിഷ്ട സ്ഥാനം നല്‍കി ആദരിച്ചിരുത്തിയിരിക്കുന്നത്. പാശ്ചാത്യ ബൂര്‍ഷ്വാ മുതലാളിമാരെപ്പോലും ലജ്ജിപ്പിക്കുന്ന വിധം ഈ തൊഴിലാളിപ്രസ്ഥാന വനിതാ വിപ്ലവ നേതാവ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അന്തിക്ക് മൂക്കറ്റം ചാരായം മോന്തിയ മുഴുകുടിയന്മാര്‍ പോലും കാണിക്കില്ല. പാര്‍ട്ടിയിലേയ്ക്കുള്ള പുനഃപ്രവേശത്തെക്കുറിച്ച് കണ്ണീരൊഴുക്കുന്നുണ്ടെങ്കിലും ഇത്രമേല്‍ പ്രതിശ്ചായ നശിച്ച അവരെ തിരിച്ചെടുക്കാന്‍മാത്രം ജീര്‍ണ്ണാവസ്ഥയിലാണ് പാര്‍ട്ടി എന്നു ലേഖകന്‍ കരുതുന്നില്ല. എങ്കിലും എല്ലാവരേയും കുഴപ്പിക്കുന്ന ഒരു ചോദ്യം ഇതാണ്, ഇത്രമാത്രം ആത്മഹത്യാപ്രവണതയോടെ ഉണ്മാദിയായി ഉറഞ്ഞുതുള്ളാന്‍ സിന്ധു ജോയിയെ പ്രേരിപ്പിച്ച മനോവികാരം എന്ത് ? … കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു കാര്യത്തില്‍ സിന്ധു ജോയിയെ സമ്മതിക്കാതെ വയ്യ, വസ്ത്രധാരണ സംസ്‌ക്കാരത്തില്‍ ഒരു യഥാര്‍ത്ഥ മലയാളി യുവതിയായി മലയാളി ഹൗസില്‍ അഭിമാനപൂര്‍വ്വം നില്‍ക്കുന്നത് സാക്ഷാല്‍ സിന്ധു ജോയി മാത്രമാണ്.

സന്തോഷ് പണ്ഡിറ്റ്

ബിഗ് സ്‌ക്രീനും, മിനി സ്‌ക്രീനും തമ്മിലുള്ള സ്പര്‍ദ്ധാമത്സരം കൊടികുത്തി വാഴുമ്പോള്‍ ചാനല്‍ ലോബി ബിഗ്‌സ്‌ക്രീനില്‍നിന്നും ഒരുവനെ സൂത്രത്തില്‍ വശീകരിച്ച് വിഢിവേഷം കെട്ടിച്ച് പോരിനിറക്കി വൈരാഗ്യം തീര്‍ക്കുന്നതിനിടെ മലയാളി സമൂഹത്തിന്റെ ഹൃദയത്തിലേയ്ക്ക് കൗശലപൂര്‍വ്വം ആഴ്ന്നിറങ്ങി ചിരപ്രതിഷ്ഠ നേടിയ ഒരു മായക്കണ്ണനാണ് സന്തോഷ് പണ്ഡിറ്റ്. തനിക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന അസഹിഷ്ണാലുക്കള്‍ക്കുനേരെ ഗര്‍ജ്ജിക്കുന്ന സിംഹമായും, ക്ഷുപിത യൗവ്വനമായും ചീറിക്കടിച്ച് അതിജീവിക്കുന്നതിനിടയില്‍ വീണുകിട്ടിയ സുവര്‍ണ്ണ കൊട്ടാരമായ മലയാളി ഹൗസില്‍, സത്യത്തില്‍ താന്‍ ആരാണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞതിന്റെ വിജയത്തില്‍ താരവും, സൂപ്പര്‍ താരവും സന്തോഷ് പണ്ഡിറ്റുതന്നെ. അദ്ദേഹത്തിന്റെ താരമൂല്യം തന്നെയാണ് ഈ പരിപാടിയെ ഉത്തുംഗശ്യംഗത്തിലെത്തിക്കുന്നത്. മലയാളി ഹൗസിലെ ഇതര അന്തേവാസികള്‍ കാമരസപ്രാധാന്യത്തോടെ ആടിതിമിര്‍ക്കുമ്പോള്‍ സ്ത്രീജനങ്ങളോട് യാതൊരു അസഭ്യതയ്ക്കും മുതിരാതെ പക്വസമീപനം കാണിക്കുന്ന സാധാരണക്കാരനായ സന്തോഷ് തന്നെയാണ് സംസ്‌ക്കാരിക കേരളത്തിന്റെ സദാചാരപരിച്ഛേദം. തന്നെ കൂതറയെന്നു വിളിച്ച് ആക്ഷേപിച്ചവരോട് താനല്ല, തനിക്കു ചുറ്റും നില്‍ക്കുന്ന ഇന്ന ഇന്നയാള്‍ക്കാരാണ് യഥാര്‍ത്ഥ കൂതറകള്‍ എന്നു നിശബ്ദനായി കാണിച്ചുകൊടുക്കുകയാണ് അദ്ദേഹം. ഈ ഷോ കൊണ്ട് ആരുടെയെങ്കിലും പ്രതിച്ഛായ അനുകൂലമായി മാറിമറിഞ്ഞിട്ടുണ്ടെങ്കില്‍ അത് സന്തോഷ് പണ്ഡിറ്റിന്റേതുമാത്രമാണ്. സിനിമാക്കാരുടെതായ പതിവു ശൈലിയില്‍ ആടുകയും, പാടുകയും ചെയ്ത് തനിക്കാവുംവിധം പ്രേക്ഷകരെ രസിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രപുറത്താക്കിയാലും ഒരിക്കലും പുറത്താക്കപ്പെടാതെ അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ഈ പരിപാടിയിലുടനീളം ഉണ്ടായിരിക്കും.

മലയാളി ഹൗസിലെ ശേഷിക്കുന്ന കൂതറ താരങ്ങളെക്കുറിച്ച് അപഗ്രഥനം നടത്തി ലേഖകന്റെ തൂലികയെ മലീമസപ്പെടുത്തുവാന്‍ മനസ്സുവരാത്തതിനാല്‍ ക്ഷമാപണത്തോടെ പിന്‍വാങ്ങുന്നു.

Generated from archived content: essay1_june13_13.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here