കൊളോണിയനല്‍ അധിനിവേശം ഭാരതീയ രാഷ്ട്രീയ സാമ്പത്തിക മേഖലകളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കാലം. ബൂര്‍ഷ്വാ ജന്മിമാരും കുത്തക മാടമ്പികളും സംഹാരതാണ്ഡവവമാടിയിരുന്ന സാമൂഹ്യവ്യവസ്ഥ. അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ അവര്‍ണ്ണ ജനസമൂഹം . കൂലിക്കുറവ്. വ്യവസ്ഥയില്ലാത്ത തൊഴില്‍ നിയമങ്ങള്‍ , നിര്‍ബന്ധിത തൊഴില്‍ വ്യവസ്ഥ, ക്രൂര മര്‍ദ്ദനം ഇത്യാദികളാല്‍ യാതന അനുഭവിക്കുന്ന അസംഘടിത തൊഴില്‍ വര്‍ഗം. ഉപരിയായി ശ്രീ. സി. പി രാമസ്വാമിഅയ്യരുടെ മര്‍ദ്ദിത ഭരണം. മലയാളദേശത്തിന്റെ ഈ സാമൂഹ്യദുരന്തത്തിന്റെ മുഖച്ഛായ തിരുത്തിക്കുറിക്കുവാന്‍ ടി. കെ മാധവന്‍ , മൂര്‍ക്കോത്തു കുമാരന്‍ , ഇ. കെ മാധവന്‍ , കെ. വേലായുധന്‍ ആശാന്‍ , ശ്രീനാരായണഗുരു . പി കൃഷ്ണപിള്ള , കെ. വിശ്വനാഥന്‍, എ. കെ. ജി , ഇ. എം. എസ് , ദേവകീ കൃഷ്ണന്‍, ഭൈമി സദാശിവന്‍, മണ്ണാന്തറ പാര്‍വ്വതിയമ്മ , മുതുകുളം പാര്‍വതിയമ്മ തപസ്വനിയമ്മ… ഇങ്ങനെ നീളുന്ന മഹാ വതാരങ്ങള്‍ ജന്മമെടുത്തതിന്റെ കൂട്ടത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ എഴുതിയ ധീരയായ ഒരു മഹാ വനിതയുടെ നാമമായിരുന്നു ശ്രീമതി കെ. ആര്‍ ഗൗരിയമ്മ എന്നത്.
1919 ജൂലൈ പതിനാലാം തീയതി തിരുവോണം നക്ഷത്രത്തില്‍ ശ്രീ. കെ. എ രാമന്റെയും പാര്‍വതി യമ്മയുടെയും ഏഴാമത്തെ മകളായിട്ടാണ് ശ്രീമതി ഗൗരിയമ്മയുടെ ജനനം. സാമൂഹ്യ- സാമുദായിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ഗൗരിയമ്മയുടെ പിതാവ് കെ. എ രാമന്‍. താന്‍ ഉള്‍പ്പെടുന്ന ഈഴവ സമുദായത്തിന് സവര്‍ണ്ണരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന വിവേചനത്തിനും അസഹിഷ്ണുതയ്ക്കും അറുതി വരുത്തുവാന്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നയിക്കപ്പെടുമ്പോള്‍ മുന്നിരയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ‘ ജാതിപ്പിശാചിനെ കെട്ടുകെട്ടിക്കുക’ എന്ന മുദ്രാവാക്യവുമായി ക്ഷേത്രപ്രവേശനാവകാശത്തിനും മദ്യവര്‍ജ്ജനത്തിനുമായി നടത്തിയ ചരിത്രപരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെയുള്ളിലെ പുരോഗമനവിപ്ലവകാരി കത്തിപ്പടരുകയായിരുന്നു. സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ അമരക്കാരായ ശ്രീനാരായണ ഗുരുവും കുമാരനാശാനും പിന്നെ രാമസ്വാമി നായ്ക്കര്‍, ടി. കെ മാധവന്‍ , സി. വി കുഞ്ഞുരാമന്, മൂര്‍ക്കോത്തു കുമാരന്‍ , ഡോ. ഇ. കെ മാധവന്‍ വക്കീല്‍, കൃഷ്ണന്‍ അയ്യപ്പന്‍, എന്‍ ആര്‍ കൃഷ്ണന്‍, കെ. വേലായുധന്‍, ആര്‍ സുഗതന്‍, മിതവാദി പത്രാധിപര്‍ ടി. ഡി കൃഷ്ണന്‍ എന്നീ സാമൂഹ്യ വിശിഷ്ട പ്രതിഭകളൊക്കെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഭവനത്തില്‍ വന്ന് ആതിഥേയം സ്വീകരിച്ചവരാണ്. വിദ്യാര്‍ത്ഥിനിയായിരിക്കെ ഗൗരിയമ്മയുടെ വ്യക്തിത്വരൂപീകരണത്തിന് ഈ വക വസ്തുതകള്‍ പ്രചോദനമായി എന്നുള്ളത് വിതര്‍ക്കിതമാണ്.
ബൗദ്ധികമായ തിരിച്ചറിവിന്റെ കാലത്തില്‍ ശ്രീമതി ഗൗരിയമ്മക്ക് തന്റെ ചുറ്റുപാടുകളില്‍ കാണുവാനായതെല്ലാം സാമൂഹ്യപരമായ ഉച്ഛനീചത്വങ്ങളായിരുന്നു. മദ്ധ്യവര്‍ത്തി വിഭാഗത്തേയും ഉപരിവര്‍ഗ്ഗത്തേയും അപേക്ഷിച്ച് താഴ്ന്ന് വര്‍ഗ്ഗവിഭാഗക്കാര്‍ ജനസംഖ്യാപരമായി വളരെ കൂടുതലും അവരുടെ ജീവിതനിലവാരം അതീവ ശോച്യാവസ്ഥയിലുമായിരുന്നു. കുടികിടപ്പുകാരായും തോട്ടിവര്‍ഗ്ഗമായും ഫാക്ടറി തൊഴിലാളികളായും മറ്റും അതിജീവിച്ചിരുന്ന നിരക്ഷരരായ ഈ വര്‍ഗ്ഗം തീക്ഷ്ണമായ ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നു. മര്‍ദ്ദിതരും അസംഘടിതരുമായ ഇവരെ ഏകോപിപ്പിച്ച് സാമൂഹ്യബോധമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരികയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു സാമൂഹ്യ വിപ്ലവ നേതാക്കന്മാരുടെ പ്രഥമ ദൗത്യം. ഉത്പാദനോപാധികളായ ഭൂമി, തൊഴില്‍ശാലകള്‍ ഇവയെല്ലാം മേലാളവിഭാഗമായ ജന്മിമാരുടെ അധീനതയിലായിരുന്നു.തിരുമലദേവസ്വം,വേളോര്‍വട്ടദേവസ്വം,കോച്ചാ,തുറവൂര്‍ദേവസ്വം,മരുത്തോര്‍വട്ടംദേവസ്വം,തണ്ണീര്‍മുക്കം തുടങ്ങിയ ദേവസ്വങ്ങളും,ബ്രഹ്മസ്വങ്ങളും,പാലിയത്തച്ചന്‍,കമ്പക്കാരന്‍,പാറായിതരകന്മാര്‍,അന്ത്രപ്പേര്‍മാര്‍, പാട്ടത്തില്‍ കര്‍ത്താക്കന്മാര്‍ , ആനക്കൊട്ടില്‍ കര്‍ത്താക്കന്മാര്‍, ബ്രാഹ്മണ നമ്പൂതിരി കുടുംബാഗങ്ങള്‍ തുടങ്ങിയവരെല്ലാം ആ ദേശത്തെ പേരെടുത്ത ജ്ന്മികളായിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ കാണുന്നു. അദ്ധ്വാനരഹിതരായി സുഖജീവിതം നയിച്ചിരുന്ന അവര്‍ക്ക് കുടികിടപ്പുകാരായ തൊഴിലാളികളോട് തികഞ്ഞ അവജ്ഞയും തീണ്ടിക്കൂടായ്മയുമായിരുന്നു. പകലറുതിയോളം അദ്ധ്വാനിച്ചാല്‍ പണിക്കാരനു കിട്ടുന്ന പ്രതിഫലം അതീവ തുച്ഛമായിരുന്നു. ഈ അവസ്ഥ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്. ‘’ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ജന്മി തെങ്ങിന്‍ തൈകള്‍ കൊടുക്കും. അവര്‍ നട്ടു ദേഹണ്ഡിച്ച് വളമിട്ടു വെള്ളം നനച്ചു കുലപ്പിക്കും. കുലച്ചാല്‍ നാട്ടു നടപ്പനുസരിച്ച് മൂന്നു കൊല്ലത്തെ ആദായം കുടികിടപ്പുകാര്‍ക്ക് എടുക്കാം. മൂന്നു കൊല്ലം കഴിഞ്ഞാല്‍ ജന്മി വസ്തുവില്‍ നിന്നു ആദായമെടുത്തു തുടങ്ങും. ജന്മി ആദായ മെടുത്തുകൊണ്ടിരുന്നാലും വസ്തു സൂക്ഷിക്കുന്നതിനും തൈകള്‍ നനച്ച് ഉണങ്ങാതെ നിലനിര്‍ത്തുന്നതിനും പ്രതിഫലമായി സൂക്ഷതേങ്ങയും, നനക്കുന്നതിനു പ്രതിഫലമായി ആണ്ടില്‍ ഒരീടലിന്റെ തേങ്ങയുടെ തൊണ്ടും, പുരകെട്ടിക്കുന്നതിനു ഒരു പ്രാവശ്യത്തെ ഓലയും കൊടുക്കും. എന്നാലും തര്‍ക്കമുണ്ടായാല്‍ കുടികിടപ്പുകാരെ ബലംപ്രയോഗിച്ച് ഇറക്കിവിടും. ‘ പിന്നീട് നാളികേരത്തിന്റെ വില കൂടി ആയിരം നാളികേരത്തിനു പതിനാലു രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇരുന്നൂറ്റി അന്‍പതു രൂപയായി വന്‍ വര്‍ദ്ധനവുണ്ടായതോടെ ഏതു വിധേയനേയും കുടിയാന്മരേയും കുടികിടപ്പുകാരേയും ഒഴിപ്പിക്കാന്‍ ജന്മിമാര്‍ നെട്ടോട്ടമായി. ഇത് അനവധി കോടതി വ്യവഹാരങ്ങളില്‍ കൊണ്ടെത്തിക്കുകയായിരുന്നു .
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ചേര്‍ത്തല അന്ന് കയര്‍ നിര്‍മ്മാണത്തിനും സംസ്ക്കരണത്തിനും പ്രസിദ്ധമായിരുന്നു. പരമ്പരാഗത കയര്‍ നിര്‍മ്മാണ മേഖല കൂടാതെ ചില വന്‍ കമ്പനികളും കയര്‍ നിര്‍മ്മാണത്തിനായി ആലപ്പുഴയില്‍ ഉണ്ടായിരുന്നു.ഡാറാസ്മെയില്‍ എന്ന യൂറോപ്യന്‍ കമ്പനി വില്യം ഗുഡേക്കര്‍ ബോംബെ കമ്പനി, ആസ്പിന്‍ വാള്‍, മധുര കമ്പനി, വോള്‍ക്കാര്‍ട്ട് ബ്രദേഴ്സ്, പിയേഴ്സ് ലസ്ലി എന്നീ യൂറോപ്യന്‍ കമ്പനികളും കയര്‍ നിര്‍മ്മാണത്തിനായി അന്ന് പ്രസിദ്ധമായിരുന്നു. ഈ മേഖലയില്‍ നാല്പതിനായിരത്തോളം തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ചില പ്രാദേശിക മൂപ്പന്മാര്‍ വഴിയാണ് കമ്പനികള്‍ ആളെ പണിക്കെടുത്തിരുന്നത്. ഈ മൂപ്പന്‍മാരാകട്ടെ തൊഴിലാളികളോട് അതീവ നിന്ദ്യമായാണ് പെരുമാറിയിരുന്നത്. തൊഴില്‍ സമയക്ലിപ്തതയില്ലായ്മ, തുച്ഛമായ വേതനം, നിര്‍ബന്ധിത അമിതാദ്ധ്വാനം, നിസാര കുറ്റങ്ങള്‍ക്ക് മര്‍ദ്ദനം, അവധിയില്ലായ്മ, അടിമപ്പണി എന്നു വേണ്ട ചുരുക്കത്തില്‍ തൊഴില്‍ മേഖല അതീവ ദൂരിതപൂര്‍ണ്ണമായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് കേരളത്തില്‍ ആദ്യമായി ഒരു തൊഴിലാളി സംഘടന നിലവില്‍ വരുന്നത്. കൊല്ലവര്‍ഷം 1097 ല്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പി. കെ ബാവ രൂപം കൊടുത്ത തിരുവാതാം കൂര്‍ ലേബര്‍ അസോസിയേഷന്‍ ആയിരുന്നു ആ സംഘടന. പ്രാരംഭത്തില്‍ തൊഴിലാളികള്‍ക്ക് ഈ സംഘടനയില്‍ അംഗമാകുവാന്‍ ഭയമായിരുന്നു. തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിലൂടെ ഈ സംഘടന നവോത്ഥാനപരമായി മുന്നേറുകയും പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിലേക്കും മുതലാളിമാര്‍ക്കും അയക്കുകയും തദ്വരാ സംഘടനാപ്രവര്‍ത്തനം പുഷ്ടിപ്പെട്ട് സമസ്ത തൊഴിലാളികളുടേയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. ഞായറാഴ്ചകളില്‍ വിശ്രമം വേണം, തൊഴില്‍ സമയത്തിന് ക്ലിപ്തത വരുത്തണം, അടിമവേല അവസാനിപ്പിക്കണം തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ ഉയര്‍ത്തി ഈ തൊഴില്‍ സംഘടന നടത്തിയ പണിമുടക്കാണ് കേരളം കണ്ട ആദ്യത്തെ പൊതു പണിമുടക്കായി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
സമ്പൂര്‍ണ്ണ വിജയമായ ഈ പണിമുടക്കിനെ തുടര്‍ന്നാണ് തൊഴിലാളികളെ രാഷ്ട്രീയ വേദികളിലേക്ക് ആകര്‍ഷിച്ചത്. ശ്രീമതി ഗൗരിയമ്മയുടെ ജേഷ്ഠനായ സുകുമാരന്‍ ഈ വഴിക്കാണ് ട്രേഡ് യൂണിയനിലേക്ക് കടന്നു വന്നതും കയര്‍തൊഴിലാളികളുടെ നേതാവാകുന്നതും. തുടര്‍ന്ന് അദ്ദേഹം എ. കെ. ജി യും ഇ. എം. എസും നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍ക്കട്ട തീസ്സിസിനു ശേഷം ഇന്ത്യയിലൊട്ടാകെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തനം നിരോധിക്കുകയും തന്മൂലം മുന്നിര നേതാക്കന്മാരൊക്കെയും ഒളിവില്‍ പോകുകയും ചെയ്തു. കൂടെ ശ്രീമതി ഗൗരിയമ്മയുടെ ജേഷ്ഠന്‍ സുകുമാരനും വര്‍ഷങ്ങളോളം ഒളിവില്‍ തന്നെ കഴിച്ചു കൂട്ടിയിരുന്നു.
ചങ്ങമ്പുഴയുടെ സതീര്‍ത്ഥ്യയായും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടേയും ജി. ശങ്കരക്കുറുപ്പിന്റേയും പ്രിയ ശിഷ്യയുമായുള്ള മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം സെയിന്റ് ട്രീസാസ് കോളേജില്‍ ബിരുദ പഠനത്തിനു ചേര്‍ന്നു. തുടര്‍ന്ന് ഈഴവ സമുദായത്തിലെ പ്രഥമ വനിതാ അഭിഭാഷകവിദ്യാര്‍ത്ഥിയായി തിരുവനന്തപുരത്ത് പഠനം പൂര്‍ത്തീകരിച്ചു. അതിനുശേഷമാണ് ചേര്‍ത്തലയില്‍ പ്രാക്സ്ടീസ് തുടങ്ങുന്നത്. ചേര്‍ത്തല കോടതിയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി ചേര്‍ന്നുകൊണ്ട് ശ്രീമതി കെ. ആര്‍ ഗൗരിയമ്മ വീണ്ടും ചരിത്രത്തിന്റെ താളുകളില്‍ കയറിപ്പറ്റി.
ജോലി സൗകര്യാര്‍ത്ഥം ശ്രീമതി ഗൗരിയമ്മ കോടതിക്കു സമീപം ഒരു വീടെടുത്ത് താമസം തുടങ്ങി. ഈ വീട് അനവധി സഖാക്കള്‍ക്ക് ആതിഥേയത്വവും സുരക്ഷിതത്വവും നല്‍കിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പല ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടിക്കാരുടെ ധനപരമായ ചെറിയ ആവശ്യങ്ങളത്രയും വളരെ ബുദ്ധിമുട്ടി അവര്‍ സാധിപ്പിച്ചുകൊടുത്തതും ഈ ഭവനത്തില്‍ വച്ചാണ്. അങ്ങിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ തിരുവതാംകൂര്‍ സെണ്ട്രല്‍ കമ്മറ്റി യോഗം ചേരുന്നതും ഈ വീട്ടില്‍ വച്ചാണ്. ശ്രീമതി കെ. ആര്‍ ഗൗരിയമ്മയെ ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. സത്യത്തില്‍ ശ്രീമതി ഗൗരിയമ്മ സഖാവ് കുമാരപ്പണിക്കരുടെ ഒരു പകരക്കാരിയായിരുന്നു. അദ്ദേഹത്തിന്റെ മേലുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍ വലിക്കാതെ അദ്ദേഹത്തിനു ഒളിവില്‍ തന്നെ കഴിയേണ്ട സാഹചര്യമുണ്ടായപ്പോഴാണ്. പാര്‍ട്ടിയില്‍ ഗൗരിയമ്മ യുടെ നാമധേയം ഉയര്‍ന്നുവന്നത്. ചേര്‍ത്തല അന്ന് ദ്വയാംഗ മണ്ഡലമായിരുന്നു. ഇന്നത്തെ പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍, ചേര്‍ത്തല തെക്ക്, ചേര്‍ത്തല മുനിസിപ്പാലിറ്റി, തണ്ണീര്‍മുക്കം, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു വലിയ പ്രദേശമായിരുന്നു ചേര്‍ത്തല. ദൗര്‍ഭാഗ്യാവശാല്‍ ആ തെരെഞ്ഞെടുപ്പില്‍ ശ്രീമതി ഗൗരിയമ്മ പരാജയപ്പെടുകയാണുണ്ടായത്.
ഇദം പ്രഥമമായുണ്ടായ പരാജയ തിക്താനുഭവം ശ്രീമതി ഗൗരിയമ്മയെ പാര്‍ട്ടിയില്‍ സജീവമായി രംഗത്തുവരാന്‍ ആത്മപ്രചോദനം നല്‍കി. സംഘടനാരംഗത്തും പൊതുസമൂഹത്തിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാനും തൊഴിലാളികളുടേയും അടിയാന്‍മാരുടേയും പ്രീതിയാര്‍ജ്ജിക്കുവാനും വളരെ പെട്ടന്ന് അവര്‍ക്കു കഴിഞ്ഞു. തൊഴിലാളികളെ പ്രകോപിപ്പിച്ച് ഗവണ്മെന്റിനെതിരെ തിരിച്ചുവിട്ടതിന് കാരാഗൃഹവാസം ലഭിച്ചതോടെ പാര്‍ട്ടിയിലെ അവിഭാജ്യഘടകമായി ഗൗരിയമ്മ വളര്‍ന്നു കഴിഞ്ഞു.
സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് അഭിവൃദ്ധി വാഗ്ദാനം ചെയ്ത് സൈദ്ധാന്തിക അടിത്തറയോടെ പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചതുകൊണ്ട് വര്‍ദ്ധിച്ച ജനസമ്മതിയോടെ പാര്‍ട്ടി വളരാനാരംഭിച്ചു. മുമ്പ് സൂചിപ്പിച്ചപോലെ ഫാക്ടറി തൊഴിലാളികളും കര്‍ഷക തൊഴിലാളികളും ഭൂരിപക്ഷമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ അവരുടെ ദുരിത ജീവിതം മെച്ചപ്പെടുത്താനുതകുന്ന വിപ്ലവ ആശയങ്ങളെ അവര്‍ കണ്ണും പൂട്ടി ശിരസാ വഹിച്ചു. ജാഥകളിലും സമ്മേളനങ്ങളിലും സമരമുഖങ്ങളിലുമൊക്കെ ജനാവലി തടിച്ചു കൂടി. അതോടൊപ്പം തന്നെ കെ. ആര്‍ ഗൗരിയമ്മ എന്ന അനിഷേധ്യനാമം ഓരോരുത്തരുടേയും ഹൃത്തടത്തില്‍ സ്ഥാനം പിടിച്ചു. അങ്ങനെ 1952 ലെയും 1954 ലെയും തിരുവതാംകൂര്‍ നിയമസഭയിലേക്ക് മത്സരിച്ച ഗൗരിയമ്മ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടുള്ള ജൈത്രയാത്രയായിരുന്നു.
ഇതിനോടകം യൗവ്വനയുക്തയായി മറിയ ഗൗരിയമ്മ 1957 ലാണ് തന്റെ സമാന രാഷ്ട്രീയ സഹകാരിയായ ടി. വി തോമസിനെ വിവാഹം കഴിക്കുന്നത്. സഖാക്കളും രാഷ്ട്രീയ പ്രേമികളും ആഘോഷപൂര്‍വ്വം കൊണ്ടാടിയ ഒരു മഹോത്സവമായിരുന്നു രാഷ്ട്രീയ താരങ്ങളുടെ വിവാഹസുദിനം. അതേ വര്‍ഷം തന്നെയാണ് സഖാവ് ഇ. എം. എസ്സ് അധികാരത്തില്‍ വന്ന് മന്ത്രിസഭയുണ്ടാക്കുന്നത്. ആ മന്ത്രിസഭയിലെ മന്ത്രിദമ്പതികളായിരിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചുവെന്നതാണ് അപൂര്‍വ്വമായ ചരിത്ര നിയോഗം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റവന്യൂ മന്ത്രിയായിരിക്കാന്‍ ചരിത്രം കരുതി വച്ചിരുന്ന നാമം ഗൗരിയമ്മയുടേതായിരുന്നു.
പക്ഷെ 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നുമായി പാര്‍ട്ടി അറിയപ്പെടാന്‍ തുടങ്ങി. വ്യക്തമായ കാഴ്ചപ്പാടും ക്രിയാത്മകമായ ദീര്‍ഘവീക്ഷണവുമുള്ള ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയോടു ചേര്‍ന്നു നിന്നുകൊണ്ടായിരുന്നു അടിയുറച്ച് നിലപാടുകളെടുത്തത് . എന്നാല്‍ ശ്രീ ടി. വി തോമസാകട്ടെ ഗൗരിയമ്മയില്‍ നിന്നും വ്യത്യസ്തമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെടുത്തത്. ഈ ആശയ സംഘടനം അവരുടെ വ്യക്തി ജീവിതത്തില്‍ താളപ്പിഴകളുണ്ടാക്കി. ഒടുവില്‍ പാര്‍ട്ടി വഴിപിരിഞ്ഞതുപോലെ ദൗര്‍ഭാഗ്യവശാല്‍ ഇരുവരും വഴിതിരിഞ്ഞുപോവാന്‍ തീരുമാനിക്കുകയായിരുന്നു. 1967 -ല്‍ വീണ്ടും ഇ. എം. എസ് മന്ത്രിസഭ അധികാരത്തില്‍ വരികയും ഇരുവരേയും പഴയപോലെ മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. തിരുവനതപുരത്ത് രണ്ട് മന്ത്രിമന്ദിരങ്ങളിലായി ഇരുവരും താമസിച്ചുകൊണ്ട് തങ്ങളുടെ മാനസികമായ അന്തരം പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
ഒരു വേള മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഈ പേര് ഉയര്‍ന്നുവന്നിരുന്നു കഴിവുറ്റ ഒരു ഭരണകര്‍ത്താവും പ്രഗത്ഭ രാഷ്ട്രീയ തന്ത്രജ്ഞയുമായിരുന്നു ഗൗരിയമ്മ. വര്‍ഗ്ഗവിമോചനവും സാമൂഹ്യ അസന്തുലിതയും ഉയര്‍ത്തിക്കാട്ടി മാനവിക പ്രസ്ഥാനങ്ങളിലൂടെ അതിദ്രുതം വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്‍പതുകള്‍ക്കുശേഷം പാര്‍ട്ടിയുടെ അടിസ്ഥാനനയ രേഖയും പ്രവര്‍ത്തനലക്ഷ്യവും പൊതുശൈലിയും തൊഴിലാളി കേന്ദ്രീകൃതമല്ലാതെ വന്നതുകൊണ്ടാകാം പ്രമുഖരായ പല പ്രഗത്ഭരും പാര്‍ട്ടിമുഖത്തു നിന്നും ഉള്‍വലിഞ്ഞു. താന്‍ സമ്പൂര്‍ണ്ണമായി വിശ്വസിക്കുകയും നാളിന്നുവരെ ചോരയും നീരും പ്രാണശ്വാസവും നല്‍കി കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് വളര്‍ത്തിക്കൊണ്ടു വന്ന പ്രസ്ഥാനത്തില്‍ തനിക്ക് അര്‍ഹതപ്പെട്ടത് കിട്ടാതെ വരുമ്പോള്‍ ചട്ടക്കൂടുകളും ബന്ധനങ്ങളും തകര്‍ത്ത് ചാടിപുറത്തുകടക്കുന്നത് സ്വാഭാവികം. അങ്ങിനെയാണ് 1994 -ല്‍ ജനാധിപത്യ സംരക്ഷണ സമിതി ( ജെ. എസ്സ്. എസ്സ് ) പിറവികൊള്ളുന്നത് . ജെ എസ്സ് എസ്സിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിപദം ഏറ്റെടുത്തുകൊണ്ട് ഗൗരിയമ്മ മറ്റൊരു സവിശേഷ ശൈലിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ജെ. എസ്സ്. എസ്സ് യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി ഒരുപൊതുമുന്നണിയായി പ്രവര്‍ത്തിച്ചുതുടങ്ങി. അന്നത്തെ യു. ഡി എഫ് മന്ത്രിസഭയിലെ കൃഷിവകുപ്പിന്റെ ചുമതലയാണ് ഗൗരിയമ്മ വഹിച്ചിരുന്നത്.
സമകാലിക രാഷ്ട്രീയത്തിലെ ഉരുക്കുവനിത, നവീന ആലപ്പുഴയുടെ രാജശില്‍പ്പി എന്നെല്ലാം വിശേഷിപ്പിക്കപ്പെടുമ്പോഴും 1977 -ലും 2006 ലും 2011 ലും തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് നില്‍ക്കേണ്ടി വന്നതൊഴിച്ചാല്‍ 12 പ്രാവശ്യത്തെ തെരെഞ്ഞെടുപ്പില്‍ വിജയിച്ച് നിയമ സഭയില്‍ 50 വര്‍ഷം സേവനം അര്‍പ്പിക്കാനും അതില്‍ ആറുപ്രവശ്യം മന്ത്രിയായി സമ്പൂര്‍ണ്ണ അധികാരത്തോടെ വിരാര്‍ജ്ജിക്കുവാനും ഒരു വനിതക്കു സാധിച്ചിട്ടുണ്ടെങ്കില്‍ അതിനുടമ ഗൗരിയമ്മ മാത്രമാണ്. അതായത് 16345 ദിവസങ്ങളാണ് അവര്‍ നിയമസഭയില്‍ ഇരുന്ന് ചരിത്രത്തില്‍ കയറിപ്പറ്റിയത്.
ഒട്ടനവധി പ്രസ്ഥാനത്തിന്റെ ചുമതലകള്‍ ഗൗരിയമ്മ നിര്‍വഹിച്ചിട്ടുണ്ട് സി. പി ഐ (എം) ന്റെ സംസ്ഥാന കമ്മറ്റി സെക്രട്ടറി, കേരള കര്‍ഷക സംഘം പ്രസിഡന്റ്, കേരള മഹിളാ സംഘം പ്രസിഡന്റ്, ജെ. എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. പല സ്ഥാനമാനങ്ങളും സമയമില്ലായ്മയാലും വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും ത്യജിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും സമസ്തമേഖലകളിലും ആ വിശിഷ്ട വ്യക്തിത്വത്തിന്റെ അദൃശ്യസാന്നിദ്ധ്യം സ്പഷ്ടമായിരുന്നു.
കാലം മാറി. കൊല്ലവര്‍ഷം 1108 ഓടെ തിരുവതാംകൂറില്‍ ജന്മി കുടിയാന്‍ റെഗുലേഷന്‍ നിലവില്‍ വന്നു. തുടര്‍ന്നങ്ങോട്ട് അടിയാന്‍ വര്‍ഗ്ഗത്തിനു വംശനാശം സംഭവിച്ചതു പോലെയായി. കേരളീയ സമൂഹം മുതലാളിമാരെക്കൊണ്ടു നിറഞ്ഞു. തൊഴിലാളികളത്രയും അന്യ സംസ്ഥാനക്കാരായി മാറി. അതുകൊണ്ടു തന്നെ തൊഴിലാളി സംഘടനക്കും കാതലായ അടിസ്ഥാന മാറ്റം സംഭവിച്ചിരിക്കുന്നു. നവീന ഹൈടെക് യുഗത്തില്‍ പഴഞ്ചന്‍ കട്ടന്‍ കാപ്പി പരിപ്പുവട ജീവിതചര്യയൊന്നും പുത്തന്‍ സഖാക്കള്‍ക്കു പ്രിയമല്ല. ചിക്കനും മട്ടനും നനുനനുത്ത പാനീയവും വിളമ്പി കോര്‍പ്പറെറ്റ് സ്റ്റൈലില്‍ വേണം പാര്‍ട്ടി പ്രവര്‍ത്തനം. പഴയ എല്ലുന്തിയ നിരക്ഷരരായ പട്ടിണികോലങ്ങളല്ല ഇന്നത്തെ ജനത. അഭ്യസ്ഥവിദ്യരാണ്. കേവലം ആശയം കൊണ്ട് അവരെ കീഴപ്പെടുത്തുക അതീവ ദുഷ്ക്കരമാണ്. ആശയ ബലം പരാജയപ്പെടുന്നിടത്ത് ആയുധബലം കൂടിയേ തീരുവെന്ന് പുതിയ ഗവേഷണാധിഷ്ടിതമായ കണ്ടെത്തല്‍ . ഏതു കുത്സിതമാര്‍ഗ്ഗത്തിലൂടെയും പാര്‍ട്ടിക്കല്ല മറിച്ച് സങ്കുചിതമായ വ്യക്തികള്‍ക്കാണ് അധികാരത്തിലെത്തേണ്ടത് എന്നായി മാറി. അതോടെ സര്‍വ്വതും ദുഷിച്ചു. മൂല്യങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുത്തന്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ടു. ഈയൊരു സാമൂഹ്യ അരക്ഷിതാവസ്ഥയില്‍ പുത്തന്‍ നാഗരീക സഖാക്കള്‍ക്ക വായിച്ചു പഠിക്കേണ്ട ഒരു ഉത്തമ ഗ്രന്ഥമാണ് ഗൗരിയമ്മയുടേയും എ. കെ. ജി യുടെയും ഇ. എം. എസ്സിന്റെയും പോലുള്ളവരുടെ പാര്‍ട്ടീയോത്മുഖ ജീവചരിത്രം.
കൊല്ലവര്‍ഷം 1187 ലെ മിഥുനത്തിലെ തിരുവോണനാളോടെ തൊണ്ണൂറ്റി മൂന്ന് വയസ്സു പൂര്‍ത്തിയാക്കുന്ന ഗൗരിയമ്മ കേരളീയ ജനാധിപത്യ സമരപോരാട്ടങ്ങളുടെ ചരിത്രസ്മരണകള്‍ സമ്മാനിക്കുന്ന അതുല്യഗോപുരമാണ്. ചരിത്രാന്വേഷികളുടെ വൈജ്ഞാനിക കവാടമാണ്. ഈ ആഘോഷവേളയില്‍ അവര്‍ക്ക് സുദീര്‍ഘമായ ആയുരാരോഗ്യ സൗഭാഗ്യങ്ങള്‍ നേരുവാന്‍ ലേഖകന്‍ ഈ എളിയ അവസരം പ്രയോജനപ്പെടുത്തട്ടെ.
Generated from archived content: essay1_july13_12.html Author: nazarrawether