മലയാളി ഹൗസ് ഇതിനോടകം അന്‍പതോളം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ നാളിന്നുവരെയും ഒരു ടെലിവിഷന്‍ ഷോയ്ക്കും കിട്ടാത്ത എതിര്‍പ്പുകളെയും, വിമര്‍ശനങ്ങളെയുമാണ് സൂര്യാ ടി.വി.യ്ക്കു അഭിമുഖീകരിക്കേണ്ടിവരുന്നത്. ആരൊക്കെ എതിര്‍ത്താലും, എന്തൊക്കൊ സംഭവിച്ചാലും പ്രസ്തുത ഷോയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ചാനല്‍ അധികൃതരുടെ ‘മഹനീയ’ ഉദ്യമം. മലയാളി ഹൗസിന്റെ മുഴുവന്‍ എപ്പിസോഡുകള്‍ തീര്‍ന്നാല്‍ തന്നെയും മലയാളി ഹൗസ് സീസന്‍-2 എന്ന പേരില്‍ രണ്ടാമത്തേതും ഇതിനേക്കാള്‍ ഭീകരതയോടെ കൊണ്ടുവരാനാണ് സംഘാടകരുടെ നീക്കമെന്നാണ് അണിയറ ഭാഷ്യം. അതാണ് നെഗറ്റീവ് പബ്ലിസിറ്റിയുടെ വിജയം. ഒരു പ്രോഗ്രാമിനെതിരെ പ്രചരിക്കുന്ന പ്രതികൂല പ്രതികരണങ്ങള്‍ സാധാരണ ജനങ്ങളില്‍ ആ പരിപാടിയില്‍മേലുള്ള ജിജ്ഞാസയാണുണ്ടാക്കുന്നത്. അതായത്, ന്യൂനപ്രചരണം ജിജ്ഞാസയെ പ്രചോദിപ്പിച്ച് അതിലേക്കാകര്‍ഷിക്കുന്നു. ഇതൊരുതരം അഭിനവ മാര്‍ക്കറ്റിംഗ് തന്ത്രമാണ്. അനവധി പേര്‍ നെഗറ്റീവ് പബ്ലിസിറ്റിയുടെ കുറുക്കുവഴിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരാളാണ് ഫ്രൈഡേ ഫെയിം, ലോസ്ഏജല്‍സില്‍ നിന്നുള്ള റബേക്കാ ബ്ലാക്ക്. പിന്നെ, നമ്മുടെ പ്രിയപ്പെട്ട സന്തോഷ് പണ്ഡിറ്റ്. ഇന്നിപ്പോള്‍, മലയാളി ഹൗസും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സഞ്ചരിച്ച് പണം കൊയ്യുന്നു.
തെലുങ്ക് നടന്‍ നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ ഫിലിം സ്റ്റുഡിയോവില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഗൃഹത്തിലാണ് മലയാളി ഹൗസ് അരങ്ങേറുന്നത്. ഈ വീട്ടില്‍ ബാഹ്യബന്ധങ്ങളെല്ലാം നിഷേധിക്കപ്പെട്ട പതിനാറ് സെലിബ്രിറ്റി താരങ്ങളെ പരിമിത സൗകര്യങ്ങളില്‍ താമസ്സിപ്പിക്കുകയും അവരുടെ ചെയ്തികളെ മുപ്പതോളം ക്യാമറകളാല്‍ ഒപ്പിയെടുത്ത് ടെലിക്കാസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. പത്രം, ടി.വി, ഫോണ്‍, നെറ്റ് എന്നിവയെല്ലാം നിഷേധിക്കപ്പെട്ട സെലിബ്രിറ്റികള്‍ ഒരു വിജന ദ്വീപില്‍ അകപ്പെട്ടതുപോലെയുള്ള മാനസികാവസ്ഥയില്‍ എത്തുന്നു. ഇത് വല്ലാത്തൊരു കുഴപ്പം പിടിച്ച സ്ഥിതിവിശേഷമാണ്. അലസമനസ്സ് ചെകുത്താന്റെ പണിപ്പുര എന്നാണല്ലോ പഴഞ്ചൊല്ല്. യാതൊന്നും ചെയ്യാനില്ലാതെ തീര്‍ത്തും അലസരായ അവരിലെ ചെകുത്താന്റെ മനസ്സിന്റെ അനാവരണമാണ് ഈ ഷോയുടെ മൂഖ്യ ആകര്‍ഷണം. അങ്ങിനെ തിന്നും, കുടിച്ചും, ആടിയും, പാടിയും സുഖിച്ചു കഴിയുന്ന ഉഗ്രപ്രതാപികള്‍ താന്താങ്ങളുടെ മനോദൗര്‍ബല്യങ്ങളിലേയ്ക്ക് ദയനീയമായി കൂപ്പുകുത്തുന്ന അവസ്ഥകളിലാണ് ചാനലിന്റെ കച്ചവടബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
വിരുദ്ധ പ്രകൃതക്കാര്‍ തമ്മിലുള്ള സ്പര്‍ദ്ധാ മത്സരം, അസൂയ, കുശുമ്പ്, അസഹിഷ്ണുത, അതുമൂലമുണ്ടാകുന്ന കലഹങ്ങള്‍, ഉയര്‍ന്ന സ്ഥാനീയക്കാരന്റെ പരിഹാസം, വ്യക്തികളുടെ പക്ഷപാതകരമായ ധ്രുവീകരണം, പാര്‍ശ്വവര്‍ത്തികളുടെ സ്‌നേഹാഭിനയം, യുവത്വപരമായ രതിലീലാ വിനോദം ഇത്തരം പ്രവണതകളുടെ നേര്‍ക്കാഴ്ചകളിലൂടെയാണ് മലയാളി ഹൗസ് കടന്നുപോകുന്നത്. തുല്യ ശക്തികളുടെ അതിജീവനമാണ് ചരിത്രം. ചരിത്രം തുടങ്ങുന്നതുതന്നെ സമൂഹത്തിന്റെ ഹ്രസ്വമാതൃകയായ കുടുംബത്തില്‍ നിന്നുമാണ്. ഒരു ഗാര്‍ഹികാന്തരീക്ഷത്തിലുണ്ടാകുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാന്‍ മനുഷ്യരുടെ പരാക്രമങ്ങളുമാണ് കഥകള്‍ സൃഷ്ടിക്കുന്നതുതന്നെ. ഈ കഥകളാണ് ഇന്നലെകളുടെ ചരിത്രം. ഇന്നലെകളിലൂടെയാണ് ഇന്നുകള്‍ രൂപപ്പെടുന്നതും, നാളെകള്‍ ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ഗാര്‍ഹിക മൂല്യങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. മൂല്യങ്ങളുടെ അമ്മത്തൊട്ടിലാണ് ഉല്‍കൃഷ്ട ഗൃഹങ്ങള്‍. മാതൃകാപരമായി പിറവികൊള്ളുന്ന മഹദ് മൂല്യങ്ങളാകണം സമൂഹത്തിലേയ്ക്കു സന്നിവേശിപ്പിക്കേണ്ടത്. മൂല്യങ്ങളുടെ സ്വാംശീകരണവും, സന്നിവേശീകരണവും പ്രായോഗികമായിതന്നെ നമ്മുക്ക് മലയാളി ഹൗസില്‍ കാണുവാന്‍ സാധിക്കും.
ഇവിടെ അതിജീവനത്തിന്റെ പ്രത്യയശാസ്ത്രമാണ് അസംസ്‌കൃതവസ്തു. ഓരോ മനുഷ്യ ജീവിക്കും സ്വത്വവും, വ്യക്തിത്വവുമുണ്ട്. അതിന്റെ ബന്ധനത്തില്‍നിന്നുകൊണ്ടുതന്നെ അടരാടി വിജയിക്കുകയെന്നതാണ് ആത്യന്തികലക്ഷ്യം. പലരും അതില്‍ പരാജയപ്പെടുന്നു. അതോടെ സ്വന്തം പ്രതിച്ഛായതന്നെയാണ് വീരമൃത്യു വരിക്കുന്നത്. പ്രോഗ്രാം തീരുന്നതോടെ പലരുടേയും പ്രതിച്ഛായ മലയാളി ഹൗസിന്റെ ശവപ്പറമ്പില്‍ നിന്നും ഉയിര്‍കൊള്ളുന്ന പ്രേതാത്മാക്കളായിരിക്കും. ഉരുകി ദ്രവിച്ച സ്വത്വബോധവും, അപമൃത്യു സംഭവിച്ച പ്രതിച്ഛായയുമായി നാളെകളിലേയ്ക്ക് വഴുതിവീഴുന്ന ഇവര്‍ മനോവിഭ്രാന്തിയുടെ ഊര്‍വ്വതയിലേക്ക് ഉള്‍വലിയുന്ന ദയനീയ ദൃശ്യമായിരിക്കും ഇനി ആഘോഷിക്കപ്പെടുവാന്‍ പോകുന്നത്.
മത്സരരാധിഷ്ടിത മേഖലകളില്‍ സൗഹൃദബന്ധങ്ങള്‍ കപടവും, പരിമിതവുമായിരിക്കുമെന്നത് ഒരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. പരസ്പര ത്യാഗമാണ് സൗഹൃദത്തിന്റെ ആധാരശില. ഇവിടെ നിര്‍മ്മാതാക്കളായ വേദാര്‍ത്ഥക്കാര്‍ നല്‍കുന്ന ലക്ഷങ്ങളാണ് ത്യജിക്കേണ്ടി വരുന്നത്. അതിന് ആരും തയ്യാറല്ലാത്തതിനാല്‍ എന്തു കുത്സിത മാര്‍ഗ്ഗത്തിലൂടെയും ഷോ യുടെ ഭാഗമായി നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെയാണ് യഥാര്‍ത്ഥ മത്സരം കുടികൊള്ളുന്നത്. തനിക്ക് അപ്രിയരായവരെ ഏതുവിധേനെയും പുകച്ചു പുറത്താക്കി താന്താങ്ങളുടെ വിജയലക്ഷ്യം ഉറപ്പിക്കാനുള്ള മത്സരത്തിനിടെ കേവല സൗഹൃദങ്ങള്‍ അപഹാസ്യങ്ങളായി അധഃപതിക്കുന്ന ദയനീയ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഇതര മത്സരവേദികളില്‍ മത്സരാര്‍ത്ഥികളുടെ കലാ-കായിക സാധ്യതകളുമായാണ് മാറ്റുരയ്ക്കപ്പെടുന്നത്. മലയാളി ഹൗസിലെ മത്സരാര്‍ത്ഥികള്‍ താന്താങ്ങളുടെ സ്വഭാവ സവിശേഷതകളുമായാണ് മാറ്റുരയ്ക്കുന്നത്. അവിടെ ആത്മാഭിമാനവും, ഈഗോയും മറ്റും വ്രണപ്പെടുമ്പോള്‍ കലഹങ്ങളും, ബഹളവുമൊക്കയായി അന്തരീക്ഷം പ്രക്ഷുപ്തമാകുന്നു. ഈ സംഘര്‍ഷങ്ങളും, പ്രതിരോധ പ്രകടനങ്ങളുമാണ് മലയാളി ഹൗസ് എന്ന ഷോ യെ ഉദ്വേഗഭരിതമാക്കുന്നത്. പലപ്പോഴും, നിസാര കാര്യങ്ങള്‍ക്കാണ് ഉശിരന്‍ കലഹങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. അപ്പോള്‍, കേരളീയ സമൂഹത്തെ ഒന്നടക്കം പിടിച്ചുകൂലുക്കിയ ഉഗ്രമൂര്‍ത്തികളായ സെലിബ്രിറ്റി താരങ്ങളുടെ ബാലിശമായ മനോവ്യാപാരങ്ങളെയോര്‍ത്ത് പൊതുസമൂഹം മൂക്കത്തു വിരല്‍ വയ്ക്കും. അങ്ങിനെ, വ്യര്‍ത്ഥവും, വിവേകരഹിതവുമായ ചെയ്തികളും, കോപ്രായങ്ങളുമല്ലാതെ അവര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ …
എങ്ങിനെയാണ് ഒരു സൗഹൃദം രൂപപ്പെടുന്നത് ? .. അമിത സമ്പര്‍ക്കം വിജാതീയധ്രുവങ്ങളെ ആകര്‍ഷിക്കുന്നതെങ്ങിനെ? … തീവ്ര സൗഹൃദം എങ്ങിനെ പ്രണയാഗ്നിക്കു തിരികൊളുത്തുന്നു ? .. മൃദുലവികാരവുമായുള്ള മല്പിടുത്തത്തെ ക്യാമറാബോധം സമ്മര്‍ദ്ദത്തിലാക്കുന്നതെങ്ങിനെ ? .. ഇണപ്രാവുകളിലൊന്ന് പുറത്തുപോകുമ്പോഴുള്ള വിരഹ നൊമ്പര ചേഷ്ടാവിലാസങ്ങള്‍ … ഒടുവില്‍, ആസക്തി മൂത്തവനെ വീട്ടുകാര്‍ വലിച്ചെറിയുന്നതെങ്ങിനെ എന്നുവരെ കാണിച്ചുകൊടുത്താണ് മലയാളി ഹൗസ് വിവാദചുഴിയില്‍ അകപ്പെടുന്നത്. ഉപരിയായി സമാന വ്യക്തിപ്രഭാവം നല്‍കുന്ന തന്‍പ്രമാണിത്വം വ്യക്തികളുടെ അഡ്ജസ്റ്റബിലിറ്റിയെ എങ്ങിനെ ബാധിക്കുന്നു ? … നീയ്യോ വലുത് ?ഞാനോ വലുത് ? .. അണ്ടിയോ മൂത്തത് ? മാങ്ങയോ മൂത്തത് ? … ഓരോ മനുഷ്യനിലും അന്തര്‍ലീനമായ ഈ ആന്തരീക മനോപ്രവണത അവന്റെ സ്വത്വപ്രകൃതത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങിനെയെന്ന് കാണിച്ചുകൊടുക്കാന്‍ ഇത്തരം റിയാലിറ്റി ഷോയ്ക്ക് കഴിയുന്നുവെന്നത് ശ്ലാഘനീയമായ വസ്തുതയാണ്.
മത്സരാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിത്വ വിമലീകരണം കൂടി മലയാളി ഹൗസില്‍ നടക്കുന്നുവെന്നത് ഒരു സത്യമാണ്. സദാ മിഴിതുറന്നുനില്‍ക്കുന്ന ക്യാമറക്കണ്ണുകള്‍ക്കുമുമ്പില്‍ ജീവിക്കുന്ന അവര്‍ക്ക് നൈസര്‍ഗ്ഗികമായത് പലതും ശ്രമാവഹമായി മറച്ചു പിടിക്കേണ്ടിവരുന്നു. ഈ ആത്മസംയമനം നല്‍കുന്ന ആത്മവിശ്വാസം അവരുടെ തുടര്‍ന്നുള്ള ജീവിത ഗതിയെതന്നെ മാറ്റിമറിച്ചേയ്ക്കാം. അതുപോലെ തന്നെയാണ് അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസ്സവും. പ്രാരംഭഘട്ടത്തില്‍, അടുക്കള, കിടപ്പുമുറി, ടോയ്‌ലറ്റ് ഇതൊന്നും തൃപ്തികരമായി ലഭ്യമാകാതെ പരിമിതമായ സൗകര്യങ്ങളില്‍ അതിജീവിക്കുന്ന സെലിബ്രിറ്റികള്‍ ഭാവിയില്‍ സ്വന്തം ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളിലെ അഡ്ജസ്റ്റ്‌മെന്റാണ് പരിശീലിക്കപ്പെടുന്നത്. സ്വന്തം ഇച്ഛയ്ക്കും, ഇംഗിതത്തിനുമനുസരിച്ച് ഭക്ഷണ-ജീവിത സൗകര്യങ്ങള്‍ ക്രമീകരിക്കുവാന്‍ സ്വയം തയ്യാറാകുന്നതിലൂടെ ആത്മനിഷ്ഠാപരമായ ഒരുതരം സ്വയംപര്യാപ്തത അംഗങ്ങളില്‍ വളരുവാനിടയാക്കുന്നു. പല സ്വഭാവക്കാരും, പ്രകൃതക്കാരുമായുള്ള രമ്യമായ സഹവര്‍ത്തിത്വം മറ്റുള്ളവരുടെ പ്രത്യേകതകളുമായി അഡ്ജസ്റ്റ് ചെയ്യുവാനുള്ള മനോപ്രവണതയേയും, സംസ്‌ക്കാര-വിജ്ഞാനങ്ങളെ പരസ്പരം അംഗീകരിക്കാനും, സ്വാശീകരിക്കാനുമുള്ള കഴിവിനേയുമാണ് ഉത്തേജിപ്പിക്കുന്നത്.
ഇത്രമേല്‍ ഉദാത്തവും, മഹത്തരവുമായ ഒരു ടെലിവിഷന്‍ പരിപാടിക്കെതിരെ ദേശവ്യാപകമായി ജനരോക്ഷം ശക്തമാകുവാനുള്ള കാരണം എന്ത് ? … ഈ ഷോയുടെ അവതാരക പദവി അലങ്കരിച്ചിരുന്ന മലയാളത്തിന്റെ സ്വന്തം പ്രിയതാരം രേവതി മലയാളി ഹൗസില്‍ നിന്നും പടിയിറങ്ങിപ്പോകുവാനുള്ള കാരണം എന്ത് ? … അതിന് ഒറ്റ ഉത്തരമേയുള്ളൂ … അസഭ്യത അസഹനീയമായി പരിധിവിട്ടുപോയി !!!…. അതോടെ, നിലവാരമുള്ള കുടുംബസദസ്സുകളില്‍ നിന്നും മലയാളി ഹൗസ് അവജ്ഞയോടെ പുറത്തുപോയി. പരിപാടി സകുടുംബം കാണാന്‍ കൊള്ളില്ലെന്ന ആക്ഷേപം മൗത്ത് പബ്ലിസിറ്റിയായി നാടെങ്ങും പ്രചരിച്ചു. അത് റേറ്റിംഗിനെ ഗണ്യമായി ബാധിച്ചു. അതോടെ സംഘാടകര്‍ അങ്കലാപ്പിലായി. പരിപാടിയെ കേരളീയ കുടുംബസദസ്സില്‍ തിരിച്ചു പ്രതിഷ്ഠിക്കുന്നതിനായി ഒരു വൃദ്ധദമ്പതികളെ മലയാളി ഹൗസില്‍ കൊണ്ടുവന്ന് യഥേഷ്ടം വാത്സല്യവര്‍ഷം ചൊരിയിപ്പിച്ചു. കൂടാതെ, ബഹുമാന്യനായ ശ്രീകണ്ഠന്‍ നായരെ വച്ച് സൂര്യാ ചാനലില്‍തന്നെ ഒരു ടോക് ഷോ ചെയ്യിച്ച് ന്യായീകരിപ്പിച്ചു. ഫലം നാസ്തി .. ഭാരതത്തിന് ഒരു പൈതൃക വിശുദ്ധിയുണ്ട്. കേരളത്തിനാകട്ടെ, ഉത്കൃഷ്ടമായ ഒരു സാംസ്‌ക്കാര പാരമ്പര്യവുമുണ്ട്. തറവാടിത്വമഹിമയുള്ള കേരളീയ സദനങ്ങളില്‍ പരസ്പര ബഹുമാനവും, ഊഷ്മളമായ സ്‌നേഹവുമാണ് നിലകൊള്ളുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മലയാളി ഹൗസിലെ സഭ്യേതര വസ്തുതകളെ ന്യായീകരിക്കാന്‍ കഴിയില്ല. “അരുത്” എന്നു പഴമക്കാര്‍ വിലക്കിയിട്ടുള്ള പലതും ഫാഷന്റെ പേരിലും, ന്യൂജനറേഷന്റെ പേരിലും നമ്മുടെ സംസ്‌ക്കാരത്തെ വികലമാക്കുന്ന ദയനീയ കാഴ്ചകളാണ് നമുക്കു ചുറ്റും കാണുന്നത്. ശരീരപ്രദര്‍ശനവും, കാഷ്വല്‍ സെക്‌സും, ലിവിംഗ് ടുഗദറും, ഡേറ്റിംഗും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ശൈലിയില്‍ ന്യായീകരിക്കപ്പെടുന്നത് അത്യന്തം ആപത്ക്കരമാണ്. ഒരുഭാഗത്ത് അച്ചടക്കത്തിന്റേയും, ഒതുക്കത്തിന്റേയും സദാചാര പാഠങ്ങള്‍ പകര്‍ന്നുകൊണ്ട് മക്കളെ വളര്‍ത്തുമ്പോള്‍ മറുവശത്ത് ഉടുതുണിയഴിച്ച് ഉറഞ്ഞുതുള്ളുന്ന കാമത്തേവിടിശ്ശികളുടെ പേക്കൂത്തുകളാണ് കുട്ടികള്‍ കണ്ടുവളരുന്നത്. സ്വാഭാവികമായും അവരില്‍ ആസക്തിപരമായ കൊതിയുണരും. അങ്ങിനെ അപധഃസഞ്ചാരികളാകുന്ന അവരാണ് നാളെ പീഡനക്കേസിലെ പ്രതികളാകുന്നത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പൈശാചിക പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഇത്തരം പ്രകോപനകരമായ പരിപാടികള്‍ക്കുനേരെ ബഹുജനമുന്നേറ്റമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ഈ ഷോ ഉടന്‍ നിര്‍ത്തലാക്കണമെന്ന ആദ്യശബ്ദമുയര്‍ന്നത് സോഷ്യല്‍ മീഡിയ ബുദ്ധിജീവികളില്‍ നിന്നുമാണ്. പിന്നെ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ ടി. എന്‍. സീമ- “മലയാളി ഹൗസ് മലയാളിയുടെ സംസ്‌ക്കാരത്തിനു യോജിച്ചതല്ല. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തതാണ്. അതുകൊണ്ട് പരിപാടി നിരോധിക്കണ”മെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷും, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഈ ആവശ്യത്തില്‍തന്നെ ഉറച്ചുനിന്നു. പരാതികളുടെ പ്രളയപ്രവാഹത്തെത്തുടര്‍ന്ന് (ഈ ലേഖകന്റേതുള്‍പ്പെടെ) സംസ്ഥാന വനിതാ കമ്മീഷന് മൃദുവായതോതിലെങ്കിലും പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. പരിപാടിയുടെ ചില എപ്പിസോഡുകള്‍ കണ്ട കമ്മീഷന്‍ അംഗങ്ങള്‍ക്ക് പരാതിയില്‍ അടിസ്ഥാനമുണ്ടെന്നു ബോധ്യപ്പെടുകയും, തുടര്‍ന്ന്, പരിപാടിയില്‍ ചില ഘടകങ്ങള്‍ നീക്കം ചെയ്യണമെന്നു കാട്ടി പ്രോഗ്രാമിന്റെ അണിയറ ശില്പികള്‍ക്ക് നോട്ടീസ് കൊടുക്കുകയും ചെയ്തുവത്രേ. എന്നിട്ടും അസഭ്യസംപ്രേക്ഷണത്തിനു ഇന്നുവരേയും ഒരുകുറവും വന്നിട്ടില്ലയെന്നതാണ് ദുരൂഹം. പക്ഷേ, ഈ അവസരത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദ് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. “ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സറിഗ് ആവശ്യമാണെ”ത്രേ. അതിന്റെ ചുമതല സെന്‍സര്‍ ബോര്‍ഡ് അംഗം ശാലൂ മേനോനെയോ, ഷക്കീലയേയോ ഏല്‍പ്പിച്ചാല്‍ വളരെ നന്നാവുമെന്നു ലേഖകനു തോന്നുന്നു. മലയാളി ഹൗസിന്റെ വഴിവിട്ടുള്ള പോക്കില്‍ സഹികെട്ട് “രാജാവ് നഗ്നനാണെ”ന്നു വിളിച്ചുപറഞ്ഞതുപോലെ കുട്ടികള്‍ വരെ പ്രതികരിച്ചുവെന്നതാണ് ഏറെ ദയനീയം. മലപ്പുറം അങ്ങാടിപ്പുറത്തെ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിന് ‘കേരളീയ സംസ്‌ക്കാരത്തെ വികൃതമാക്കുന്ന ചാനലുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍’ കത്തുകള്‍ അയച്ചുവെന്നതാണ് പരമസത്യം. എന്നിട്ടും കേരള സര്‍ക്കാന്‍ ഒന്നു അനങ്ങിക്കൊടുത്തില്ല. മന്ത്രിമാരും, എം.എല്‍.എ മാരും ശാലൂ മഹാറാണിയുടേയും, സരിത തമ്പുരാട്ടിയുടേയും കൂടെ ‘മലയാളി ഹൗസ്’ കളിക്കുമ്പോള്‍ ഈ പിള്ളേര് കളിയൊക്കെ ആര് മുഖവിലയ്‌ക്കെടുക്കാന്‍? … ഇനി ഏക ആശ്രയം ജുഡീഷ്വറിയാണ്. മലയാളി ഹൗസ് എന്ന ടെലിവിഷന്‍ ഷോ ഉണ്ടാക്കുന്ന സദാചാര അപചയത്തേയും, സ്ത്രീകളെ അവഹേളിക്കുന്നതിനേയും എതിരെ സാമൂഹ്യപ്രതിബദ്ധരായ അഭിഭാഷകര്‍ വടക്കേ വാഴക്കുളം പ്ലാവട വീട്ടില്‍ സി. ഗിരീഷ് കുമാര്‍ (43), ചേരാനല്ലൂര്‍ മണവാളന്‍ വീട്ടില്‍ ടി. സി. പോളച്ചന്‍ (47), മുടക്കുഴ ആലിയാട്ടുകുടി കെ. മാത്യൂസേണ്‍ (45) ഇവര്‍ ചേര്‍ന്ന് ഒരു സ്വകാര്യ അന്യായം പെരുമ്പാവൂര്‍ മുന്‍സിഫ് കോര്‍ട്ടില്‍ ഫയല്‍ ചെയ്യുകയുണ്ടായി. കോടതി വ്യവഹാരമാണ്. നമ്മുടെ നിയമ വ്യവസ്ഥയാണ്. പ്രതിക്ക് നോട്ടീസയ്ക്കല്‍, സമണ്‍സ്, വാറണ്ട്, ക്രോസ് വിസ്താരം … ഒരുപക്ഷേ കേസ് വര്‍ഷങ്ങള്‍ നീണ്ടു പോയേയ്ക്കാം. അപ്പോഴേയ്ക്കും മലയാളി ഹൗസിന്റെ അഞ്ചാറു സീസണ്‍ എങ്കിലും കടന്നുപോയിട്ടുണ്ടാകും. എങ്കിലും, ആ അഭിഭാഷകര്‍ കാണിച്ച ശുഷ്‌ക്കാന്തിയെ ശ്ലാഘിക്കാതെ തരമില്ല. മലയാളി ഹൗസിന്റെ പിന്‍ഗാമി ബിഗ് ബ്രദര്‍ ഷോയ്ക്ക് എതിരേയും, ലൈംഗിക അരാചകത്വം നിലനില്‍ക്കുന്ന പാശ്ചാത്യ നാടുകളില്‍പ്പോലും പ്രതിഷേധമുണ്ടായിട്ടുണ്ട്. ബിഗ് ബ്രദര്‍ ഷോ നടന്ന ബ്രസീലിലെ സാവാപോളയിലെ ഷോപ്പിംഗ് മാളില്‍ യുവതികളായ മൂന്ന് ഫീമെന്‍ സംഘടനാ പ്രവര്‍ത്തകരാണ് റിയാലിറ്റി ഷോയില്‍ നടക്കുന്ന ചൂഷണത്തിനെതിരെ വസ്ത്രം ധരിക്കാതെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചെത്തിയത്. ഫിമെന്‍ ബ്രസീല്‍ സ്ഥാപക സാറ വിന്റര്‍, അന്നാസ്റ്റില്‍, അമാന്തറോസ്യോ അല്‍ബാ എന്നിവരായിരുന്നു അവര്‍. ഉടനെതന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്. ഷോ നിര്‍ബാധം തുടര്‍ന്നു. അതുപോലെ പ്രതിഷേധങ്ങളെയെല്ലാം വകവയ്ക്കാതെ കേരളത്തിലും മലയാളി ഹൗസ് മുന്നോട്ടുതന്നെ പോകുന്നു.
കേരളീയ പൊതുസമൂഹത്തെ ഇത്രമേല്‍ പ്രകോപനപ്പെടുത്തിയ സദാചാര വിരുദ്ധപ്രവണതകള്‍ എന്തൊക്കെയാണ് മലയാളി ഹൗസില്‍ നടക്കുന്നത് ? … കാണാകാഴ്ചകള്‍ എന്ന പേരില്‍ രാത്രി 10.30ന് സൂര്യാ ടി.വി സംപ്രേക്ഷണം ചെയ്യുന്നത് ഒന്നു കണ്ടാല്‍ മതി. മെയ്യനങ്ങാതെ തിന്നുസുഖിച്ച് യാതൊന്നും ചെയ്യാനില്ലാത്തവേളയില്‍ ചെയ്തുപോകുന്ന ചില അതിരുവിട്ട പ്രകടനങ്ങളും, പ്രയോഗങ്ങളുമാണ് ഷോയെ വിഷലിപ്തമാക്കുന്നത്. കേരളീയരെ എന്‍ഡോസള്‍ഫാന്‍ തീറ്റിക്കാന്‍ അണ്ണാച്ചികള്‍ പണ്ടേ വിരുതന്മാരാണ്. ഈ മനോഭാവത്തോടെയാണ് ദയാനിധിമാരന്റെ അണ്ണാച്ചിച്ചാനല്‍ കേരളീയരെ ‘സെക്‌സോ’സള്‍ ഫാനും തീറ്റിക്കുന്നത്. ഇതുപോലെയുള്ള ബിഗ് ബ്രദര്‍ ഷോയില്‍ മുമ്പ് എന്താണ് സംഭവിച്ചത് എന്ന് അണ്ണാച്ചികള്‍ക്കും, മാര്‍വാടികള്‍ക്കും നന്നായി അറിയാവുന്നതാണ്. ബ്രസീലില്‍ നടന്ന ബിഗ് ബ്രദറില്‍ 23 വയസുകാരിയായ മോണിക് ആമിനെ 31 വയസുകാരനായ ഡാനിയല്‍ എക്കനീസ് ക്രൂരമായി ബലാത്സംഗം ചെയ്യുകയുണ്ടായി. ബിഗ് ബ്രദര്‍ മൂന്നാം സീസണിലാണ് 5.3 മില്യന്‍ പ്രേക്ഷകര്‍ നോക്കിനില്‍ക്കേ ജെയ്ഡ് ഗൂഡി തന്റെ ഉടുതുണി അഴിച്ചത്. ബിഗ് ബ്രദര്‍ വിവാദ നായിക കിംഗ തന്റെ സ്തനം തുറന്നു കാണിച്ചുകൊണ്ടാണ് കാണികളെ ഞെട്ടിച്ചുകളഞ്ഞത്. അതുപോലെ, ഒരു വൈന്‍ ബോട്ടില്‍കൊണ്ട് സ്വയംഭോഗം ചെയ്യുന്നപോലെ കാണിച്ചുകൊണ്ട് അവര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചുവത്രേ. ഇന്ത്യന്‍ അഭിമാനം ശില്പാ ഷെട്ടി വംശീയമായി അധിക്ഷേപിക്കപ്പെടുന്നതും, മിസ് ഇന്ത്യ- യു.കെ ഡയാനാ ഉപ്പലിനെ വംശീയാധിക്ഷേപത്തിനു ഇരയാകുന്നന്നതും ഇതുപോലെയുള്ള റിയാലിറ്റി ഷോകളിലാണെന്നിരിക്കെ, സൂര്യാ ചാനലും മലയാളി ഹൗസില്‍ നിന്നും പ്രതീക്ഷിക്കുന്നത് മറ്റൊന്നല്ല എന്നതാണ് പരമസത്യം.
മലയാളി ഹൗസിലെ കാണാകാഴ്ചകളില്‍ ഒരു ന്യൂജനറേഷന്‍ ട്രന്‍ഡി ഗേളിന്റെ നിറസാന്നിദ്ധ്യമുണ്ട്. അവളുടെ പേരാണ് തിങ്കള്‍ ബാല്‍. ഉത്തരേന്ത്യന്‍ മാര്‍വാടി തമ്പുരാട്ടികളുടെ സംസ്‌ക്കാരത്തില്‍ ഇവള്‍ വിശുദ്ധയായിരിക്കാം. “വേണ്ടിവന്നാല്‍ ഉടുതുണിയഴിച്ചും ഞാന്‍ ഇവിടെ നടക്കും” എന്നു തിങ്കള്‍ ബാല്‍ ആക്രോശിക്കുമ്പോള്‍ സ്ഥിരബുദ്ധിതെറ്റി ഉറഞ്ഞാടുന്ന ചില സ്ത്രീകോലങ്ങളെയാണ് ഓര്‍മ്മ വരുന്നത്. യുവസുന്ദരന്‍ സന്ദീപ്‌മേനോനുമായുള്ള സംഭാക്ഷണത്തിനിടയില്‍ താന്‍ ആറ് പേരുമായി ലൈംഗികവേഴ്ച നടത്തിയിട്ടുണ്ടെന്നു അവിവാഹിതയായ തിങ്കള്‍ യാതൊരു ഉളുപ്പുമില്ലാതെ തുറന്നു പറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളദേശം തന്നെ നടുങ്ങിപ്പോയി. സന്ദീപിന് മുപ്പത്തഞ്ച് സ്ത്രീകളുമായി വേഴ്ചയിലേര്‍പ്പെട്ട അനുഭവമാണ് ആ പെണ്ണിനോട് പറയാനുണ്ടായിരുന്നത്. കൂടാതെ, പോലീസിനും, കോടതിയ്ക്കും വേണമെങ്കില്‍ ഒരു സ്ത്രീപീഡനക്കേസെടുക്കാനുള്ള അവസരവും തിങ്കല്‍ ബാല്‍ മീഡിയാ ക്യാമറയ്ക്കുമുമ്പില്‍ തരുന്നുണ്ട്. തന്നെ മൂന്നു നാലു വയസ്സുള്ളപ്പോള്‍ ഡല്‍ഹിയില്‍ വച്ച് ഇളയ അമ്മാവന്‍ പീഡിപ്പിച്ചു. ഈ പീഡനം പത്തുവയസ്സുവരെ തുടര്‍ന്നുവത്രേ. അന്നൊക്കെ താന്‍ വേണ്ട .. വേണ്ട . എന്നു പറഞ്ഞ് കരയുമായിരുന്നുവത്രേ. ഭയം മൂലമായിരുന്നു ഇത് അമ്മയോട് പറയാതിരുന്നത്. അതാണ് തിങ്കല്‍ ബാല്‍. ബ്രിഗ് ബ്രദര്‍ ഷോപോലെ മലയാളി ഹൗസിനു ഞെട്ടിക്കത്തക്ക എന്തെങ്കിലും കിട്ടണമെങ്കില്‍ അത് അവളില്‍നിന്നുമായിരിക്കും. അതോടെ മലയാളി ഹൗസിന്റെ റേറ്റിംഗ് 2.5 ടി.ആര്‍.പി യില്‍നിന്ന് ഏഷ്യാനെറ്റിലെ 22 വ്യുവേഴ്‌സ് റേറ്റിംങ്ങുള്ള കോടീശ്വരനെ കടത്തിവെട്ടുമെന്ന് സൂര്യാക്കാര്‍ ദിവാസ്വപ്നം കാണുന്നു.
മലയാളി ഹൗസില്‍ ഒരു ബുദ്ധിജീവി കൂഷ്മാണ്ഠം ഉണ്ട്. ആ മഹാതിരുമേനിയുടെ നാമധേയമാണ് ജി. എസ്. പ്രദീപ്. ആശാന്‍ ഒരു അശ്ലീല ചൊറിച്ചുമല്ലല്‍ വിദഗ്ദ്ധനാണ്. അത് അവിടെ നില്‍ക്കട്ടെ. ജൂണ്‍ 20 ന് സംപ്രേക്ഷണം ചെയ്ത ഷോയില്‍ ശ്രീമാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ജനനേന്ദ്രിയത്തെക്കുറിച്ചുള്ള പരിഹാസ വര്‍ണ്ണനയും, പണ്ഡിറ്റ് ക്വാണ്ടം ഇട്ടതിന്റെ കല്പിത കഥയും മെനഞ്ഞ് അയാള്‍ പരിഹസിച്ചു ചിരിക്കുമ്പോള്‍ ഇതെല്ലാം കേരളദേശം കണ്ട് അയാള്‍ക്കുനേരെ കാര്‍ക്കിച്ചു തുപ്പുന്നുണ്ടല്ലോ എന്നോര്‍ക്കാനുള്ള സാമാന്യ വിവേകം പോലും അയാള്‍ക്കില്ലാതെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ …. ശ്ചെ !!…. യാതൊരു പ്രകോപനവുമില്ലാതെ തന്റെ വ്യക്തിത്വത്തെ കണക്കറ്റ് അപകീര്‍ത്തിപ്പെടുത്തി തേജോവധം ചെയ്തതിന് സന്തോഷ് പണ്ഡിറ്റ് മാനനഷ്ടം ഫയല്‍ ചെയ്യാതിരുന്നാല്‍ അത് അയാളുടെ ഭാഗ്യം.
വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹം നല്ലതാണ്. അത് ആശാസ്യവുമാണ്. പരസ്പരം താങ്ങായി തണലായി ഭവിക്കാന്‍ സ്‌നേഹബന്ധങ്ങള്‍ ഉപകരിക്കും. പക്ഷേ, അത് അമിതമായാല്‍ കേവലം ശരീരസുഖം തേടലില്‍ച്ചെന്ന് അവസാനിക്കും. അത് പെണ്ണുങ്ങള്‍ തമ്മിലായാല്‍ പ്രകൃതിവിരുദ്ധം അഥവാ ലെസ്ബിയനിസം എന്നാണ് മനഃശാസ്ത്ര നാമം. മലയാളി ഹൗസില്‍ ഒരു ലെസ്ബിയന്‍ പ്രവണത വളര്‍ന്നുവരുന്നതായി ചില സൈബര്‍ ബുദ്ധിജീവികള്‍ ആണയിട്ടു പറയുന്നുണ്ട്. അതില്‍ അടിസ്ഥാനമുണ്ടെന്നു തോന്നുന്നില്ല. വീടും കുടുംബവും വിട്ട് മാസങ്ങളോളം സ്റ്റുഡിയോ വാസമനുഷ്ടിക്കുന്ന മത്സരാര്‍ത്ഥികളുടെ മനോവിമ്മിട്ടത്തിന്റെ ബഹിസ്ഫുരണമായിവരുന്ന അമിത വൈകാരികത തെറ്റിദ്ധരിക്കപ്പെട്ട് ഗോസിപ്പുകളായി പുറത്തുവരുന്നതാണ് അതെന്നാണ് ലേഖകന്റെ പക്ഷം.
അങ്ങിനെ, അസഭ്യതകളും, അശ്ലീലതകളും, തെറിവിളിയും, തമ്മില്‍തല്ലുമൊക്കെയായി ഒരു ഷക്കീലപ്പടത്തെ വെല്ലുന്ന മാതിരി പരിപാടി മുന്നോട്ടുപോകുമ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്നപോലെ ഒരു ഒന്നാം തരം എട്ടിന്റെ പണി മലയാളി ഹൗസിനു കിട്ടുന്നത്. മലയാളി ഹൗസ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തനി പകര്‍പ്പാണെന്നും, അത് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും 10 കോടി രൂപ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് ബിഗ് ബോസിന്റെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഗ്രൂപ്പ് പ്രമുഖ അഭിഭാഷകനായ നായിക് ആന്റ് കമ്പനി മുഖേന മുംബൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. എന്‍ഡമോള്‍ ഗ്രൂപ്പു തന്നെയാണ് ബിഗ് ബോസിന്റെ യഥാര്‍ത്ഥ പതിപ്പായ ബിഗ് ബ്രദര്‍ ഷോയും നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രഥമ സംപ്രേക്ഷണം 1999 ല്‍ ആയിരുന്നു. പിന്നീട് 43 ഓളം പതിപ്പുകളിലായി ലോകമെമ്പാടും ബിഗ് ബ്രദര്‍ഷോ അവതരിപ്പിക്കുന്നു. ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ എഡീഷനാണ് കളേഴ്‌സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്, വൈസ് പ്രസിഡന്റ് എന്നീ തസ്തികകളില്‍ ജോലി ചെയ്തിരുന്ന രണ്ടു ഉദ്വോഗസ്ഥന്മാര്‍ എന്‍ഡമോളിന്‍ നിന്നും രാജിവച്ച് വേദാര്‍ത്ഥാ എന്റര്‍ടെയിന്‍മെന്റില്‍ ചേരുകയും ബിഗ് ബോസിന്റെ ക്രിയേറ്റീവ് രഹസ്യങ്ങള്‍ മലയാളി ഹൗസിന് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തതാണ് എന്‍ഡമോള്‍ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. കൂടാതെ കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്‌മെന്റ് സ്ട്രാറ്റജി വിഭാഗം മേധാവിയായി ജോലി ചെയ്തിരുന്ന ഒരു മുന്‍ ഉദ്വോഗസ്ഥന്‍ സണ്‍ ടി.വി ക്കുവേണ്ടി മലയാളി ഹൗസിന്റെ സംപ്രേക്ഷണാവകാശം നേടിക്കൊടുക്കാന്‍ മുന്‍കൈ എടുത്തതും കേസുമായി മുന്നോട്ടുപോകാന്‍ എന്‍ഡമോള്‍ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമങ്ങളെ മുന്‍നിര്‍ത്തി മലയാളി ഹൗസിന്റെ പ്രൊഡക്ഷനും, സംപ്രേക്ഷണവും തടയണമെന്നുള്ള എന്‍ഡമോള്‍ ഗ്രൂപ്പിന്റെ ഹര്‍ജ്ജിയുടെ പരിസമാപ്തി എന്തായിരിക്കുമെന്ന് നമ്മുക്ക് കാത്തിരുന്നു കാണാം.
സത്യത്തില്‍ മലയാളി ഹൗസ് തങ്ങളുടെ പ്രേക്ഷകരെ കബളിപ്പിക്കുകയാണ്. ഓരോ പ്രേക്ഷകനും ഒരു ഒത്തുകളി ക്രിക്കറ്റ് കണ്ട അമര്‍ഷമായിരിക്കും ആത്യന്തികമായി ഉണ്ടാകുന്നത്. ഗെയിമിനിടെ പുറത്താക്കപ്പെടുന്നവര്‍ നിസ്സങ്കോചം കളിക്കളത്തിലേയ്ക്കുതന്നെ മടങ്ങിയെത്തുന്നതും, പുതിയ പലരും കളിയുടെ ഭാഗമാകുന്നതും മറ്റും ഷോയുടെ കൃത്രിമത്വത്തേയും, വങ്കത്തരത്തേയുമാണ് ദ്വോദിപ്പിക്കുന്നത്. ഒരിക്കല്‍ പുറത്താക്കപ്പെട്ട സന്തോഷ് പണ്ഡിറ്റ് തിരിച്ചുവരുന്ന വിരോധാഭാസമാണ് ആദ്യം ഉണ്ടാകുന്നത്. വ്രണപ്പെട്ട് പുറത്തുപോകുന്ന പണ്ഡിറ്റ് അപകടകാരിയായേക്കാം എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ ക്രയിനില്‍കെട്ടി ഒരു പുഷ്പംപോലെ വീട്ടിനുള്ളിലേക്ക് തിരിച്ചിറക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്. അതുപോലെതന്നെയാണ് റോസിന്റെ കാര്യത്തിലും. മലയാളി ഹൗസിലെ ഏക ഗ്ലാമര്‍ സുന്ദരി റോസിന്‍ ജോളിയാണ്. ശ്രീമാന്‍ രാഹുല്‍ പരികര്‍മ്മിയെ മദിരോന്മത്തനാക്കി വട്ടംചുറ്റിച്ച് ഷോയ്ക്ക് ഒരുതരം മഞ്ഞപരിവേഷം നല്‍കി നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വിവാദമുണ്ടാക്കുവാനും, കാണാകാഴ്ചകളെ കുളിരണിയിക്കുവാനും റോസിന്റെ സ്ഥാനം അവര്‍ണ്ണനീയമാണ്. അതുകൊണ്ടുതന്നെ അവളുടെ പുനഃപ്രവേശവും എളുപ്പമായി. വിജയിക്ക് കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ് എന്നായിരുന്ന പ്രഥമ വാഗ്ദ്ധാനം. ഇപ്പോള്‍ കൈനിറയെ സമ്മാനങ്ങള്‍ എന്നായി അത് ചുരുങ്ങി. ഫ്‌ളാറ്റ് സ്വപ്നം കണ്ട് കളിക്കാനിറങ്ങിയവര്‍ ക്ഷുഭിതരായി നിയമനടപടിയ്ക്ക് മുതിരാതിരുന്നാല്‍ സംഘാടകരുടെ ഭാഗ്യം. ഇപ്രകാരം കൃത്യമായ ഒരു നിയമാവലിയോ, നിയതമായ ഒരു ചട്ടക്കൂടോ, വ്യക്തമായ ഒരു ദീഘവീക്ഷണമോ ഇല്ലാതെ തോന്നുംപടി നടത്തുന്ന ഏക ടെലിവിഷന്‍ ഷോ എന്ന ദുര്‍ഖ്യാതിയും മലയാളി ഹൗസിനു സ്വന്തം.
മലയാളി ഹൗസിന്റെ അണിയറ പ്രവര്‍ത്തകര്‍ പരിപാടിയുടെ അവതാരക ദൗത്യത്തിനായി ആദ്യം ചെല്ലുന്നത് ശ്രീ. മുകേഷിന്റെ അടുത്തേയ്ക്കാണ്. രണ്ടാമത് സന്തോഷ് പണ്ഡിറ്റിന്റെ അടുത്തേയ്ക്കും. ഒരുകോടി രൂപ തന്നാല്‍പ്പോലും സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണില്ലെന്ന് ദുര്‍വാശി പിടിക്കുന്ന അദ്ദേഹവുമായി മാറ്റുരയ്ക്കപ്പെട്ടപ്പോള്‍ സന്തോഷ് പണ്ഡിറ്റുതന്നെ ഷോയുടെ വജ്ജ്രത്തിളക്കമായി പരിണമിക്കുകയായിരുന്നു. അങ്ങിനെയാണ് രേവതി അവതാരക സ്ഥാനത്തേയ്ക്കു വരുന്നത്. പഴയകാല ചലചിത്രനടി ഷീലയെയും സംഘാടകര്‍ ചെന്നു കണ്ടിരുന്നു. പക്ഷേ, മലയാളി ഹൗസ്‌കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൊതുസമൂഹത്തിനു മനസ്സിലായത് സംഘാടകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനേയും, ശോഭന ജോര്‍ജ്ജിനേയും കാണുവാന്‍ ചെന്നതോടെയാണ്. ഭാഗ്യവശാല്‍, ഇരുവരും മൂന്നു മാസക്കാലം കേരളത്തില്‍നിന്നും വിട്ടുനില്‍ക്കാനാവില്ലെന്നുപറഞ്ഞ് സംഘാടകരെ മടക്കി അയക്കുകയായിരുന്നുവെന്നാണ് സൈബര്‍ ലോകത്തുനിന്നുള്ള വിവരണം.
മലയാളി ഹൗസിന്റെ മറ്റൊരു വിമര്‍ശനമായി പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെടുന്നത് മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഭാഷയും, വേഷവുമാണ്. ‘സായിപ്പിന് പാലാക്കാരിയിലുണ്ടായ സന്തതി’യേപ്പോലെ “കുരച്ചു … കുരച്ചു” മലയാളം സംസാരിക്കുന്ന പ്രവണത മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കിട്ടി ആദരിക്കപ്പെട്ട വേളയില്‍ ഒട്ടും ഭൂഷണമല്ല. ശുദ്ധമലയാളത്തിന് പ്രചാരം നല്‍കേണ്ട സ്ഥാനത്ത് സങ്കര മലയാളപ്രയോഗത്തിലൂടെ ഭാഷയെ വികലമായി ഉപയോഗിക്കുമ്പോള്‍ ഭാഷാപ്രേമികള്‍ക്ക് ഹാലിളകുന്നത് സ്വാഭാവികമാണ്. മലയാളി ഹൗസ് എന്ന ശീര്‍ഷത്തില്‍ തന്നെ സങ്കരവൈകല്യം മുഴച്ചിരിക്കുന്നതു കാണാം. ഇത് സംഘാടകരുടെ മുന്‍പറഞ്ഞപോലെയുള്ള ദീര്‍ഘവീക്ഷണമില്ലായ്മ തന്നെയാണ്. പക്ഷേ, ന്യൂജനറേഷന്‍ ആശയ വിനിമയ ശൈലിതന്നെ സങ്കരഭാഷയില്‍ തന്നെയാണ്. ശുദ്ധമലയാളം ഒരു കോര്‍പ്പറേറ്റ് മുതലാളിത്തസംസ്‌ക്കാരത്തിനു ഒട്ടും ചേരുന്നതല്ല. പരിഷ്‌കൃതപോഷ് ജീവിതത്തിന്റെ വ്യവഹാരവിനിമയം ആംഗ്ലേയഭാഷയിലാണ്. അവരുടെ ചിന്തകളിലും, വികാരങ്ങളിലും മലയാളത്തിന്റെ സ്വാധീനംകുറവാണെന്നുള്ളത് ആ ഭാഷയുടെ വരാനിരിക്കുന്ന ആസന്നമൃതിയെയാണ് കാണിക്കുന്നത് എന്ന് വ്യസനത്തോടെ സൂചിപ്പിക്കാതെ വയ്യ. അതുകൊണ്ടുതന്നെ പാശ്ചാത്യശൈലിയിലൂടെ ജീവിക്കുന്ന യംഗ് ജനറേഷന്റെ പരിച്ഛേദത്തില്‍ നിന്നും ശുദ്ധമലയാളം ലഭിക്കുക അസാദ്ധ്യമായതിനാല്‍ ഭാഷാ പ്രേമികള്‍ ഖേദിക്കാതെവയ്യ. ഇംഗ്ലീഷ് ഭാഷയിലെ പുതിയ ശൈലീവിശേഷങ്ങള്‍ ഗ്രഹിക്കുവാന്‍ ഇവരുടെ സംഭാഷണം സൂഷ്മതയോടെ ശ്രവിച്ചാല്‍മതിയെന്നത് ശ്രദ്ധേയമാണ്. അതുപോലെതന്നെയാണ് ഇവരുടെ വേഷവിധാനങ്ങളും, ചേഷ്ടകളും. മറ്റെന്തിനേക്കാളേറെ സ്വന്തം ശരീരസൗകുമാര്യത്തിനു അമിതപ്രാധാന്യം കൊടുക്കുന്ന പരിഷ്‌ക്കാരി നടികളില്‍ നിന്നും മറിച്ചൊന്നും ലഭിക്കാനിടയില്ല.
ടെലിവിഷന്‍ വിജ്ഞാനത്തിനും, വിനോദത്തിനുമായി സ്വീകരണമുറിയിലിരിക്കെ സാംസ്‌ക്കാരിക പ്രബുദ്ധതയാര്‍ന്ന കേരളീയ പൈതൃകം കളങ്കപ്പെടാതിരിക്കാന്‍ ഇതുപോലെയുള്ള ചാനല്‍ പരിപാടികളെ എന്തുവിലകൊടുത്തും നിരുത്സാഹപ്പെടുത്തിയേ പറ്റൂ. ലൈംഗിക അരാജകത്വം പെരുമ്പറകൊട്ടുന്ന പാശ്ചാത്യനാടുകളില്‍ പിറവിയെടുക്കുന്ന എന്തിനേയും കേരളീയ മണ്ണില്‍ കുടിയിരുത്താന്‍ അനുവദിക്കരുത്. ചില ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വശപ്പെട്ട് അതിനനുവദിച്ചാല്‍ വളര്‍ന്നു വരുന്ന ഭാവിവാഗ്ദ്ധാനങ്ങളോടു ചെയ്യുന്ന ക്രൂരതയാകും. പാശ്ചാത്യ നാടുകളില്‍ ബിഗ് ബോസ് പിറവിയെടുത്തതുപോലെ മറ്റൊരു വിചിത്രമായ റിയാലിറ്റി ഷോയും അവിടെ വിവാദങ്ങളുണ്ടാക്കി അരങ്ങുതകര്‍ത്ത് മുന്നേറുകയാണ്. “നേക്കഡ് ആന്റ് എഫ്രൈഡ്” എന്നാണ് ആ പരിപാടിയുടെ പേര്. ബിഗ് ബോസ് കടലേഴും താണ്ടി മലയാളി ഹൗസായി ഇവിടെ മലയാളിവല്ക്കരിച്ച് ലബ്ധപ്രതിഷ്ഠ നേടിയപോലെ അതിവിദൂരമല്ലാത്ത ഭാവിയില്‍ നേക്കഡ് ആന്റ് എഫ്രൈഡും മലയാളീകരിച്ച് കേരളത്തിലെത്താം. അതിനുമുമ്പായി ഇത്തരം ആപത്ക്കരമായ റിയാലിറ്റി ഷോകള്‍ക്കെതിരെ പൊതുവികാരം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സാംസ്‌ക്കാരിക പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി രംഗത്തേയ്ക്കുവന്ന് ചെറുത്തു തോല്പിക്കണം. എങ്കില്‍ നേക്കഡ് ആന്റ് എഫ്രൈഡും കേരളമണ്ണില്‍ കാലുകുത്തുകയില്ല. അപ്പോള്‍ പിന്നെ എന്താണ് ഈ ആപത്ക്കരമായ നേക്കഡ് ആന്റ് എഫ്രൈഡ് പ്രോഗ്രാം ?… ഡിസ്‌ക്കവറി ചാനലിലാണ് കഴിഞ്ഞ ജൂണ്‍ 23 മുതല്‍ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തുതുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആറു പുരുഷന്മാരും, ആറു സ്ത്രീകളും ഉള്‍പ്പെടെ പന്ത്രണ്ടു പേരടങ്ങിയ ഒരു ചെറുസംഘത്തെ ജോഡികളാക്കി വന്യമൃഗങ്ങളും, പക്ഷികളും നിവസിക്കുന്ന ഘോരവനത്തിലുള്ളില്‍ ഇരുപത്തിയൊന്ന് ദിവസം പൂര്‍ണ്ണ നഗ്നരായി ജീവിക്കാന്‍ വിടുന്നു. ശരീരത്തില്‍ നൂല്‍ ബന്ധം പോലുമില്ലാതെയാണ് ഇവരെ കാട്ടിലേയ്ക്കു ഇറക്കി വിടുന്നത് എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. താന്‍സാനിയ, കോസ്റ്ററിക്ക, മാലിദ്വീപ്, പനാമ, ബോഗിനോ, ലൂസിയാനോ എന്നിവടങ്ങളിലെ വനങ്ങളാണ് പശ്ചാത്തലം. നാളന്നുവരെ ഫാസ്റ്റ് ഫുഡിലും, കാറിലും, ഫ്‌ളാറ്റിലുമൊക്കെയായി ആര്‍ഭാടത്തോടെ കഴിഞ്ഞിരുന്ന ഇവര്‍ തങ്ങളുടെ പ്രതികൂല അന്തരീക്ഷത്തില്‍ എങ്ങിനെ അക്ഷമയോടെ അതിജീവിക്കുന്നു എന്നതാണ് കാട്ടില്‍ അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഒപ്പിയെടുക്കുന്നത്. ദ്വിഗംബര സന്യാസിമാരെപ്പോലും കടത്തിവെട്ടുന്ന വിധത്തില്‍ പൂര്‍ണ്ണ നഗ്നരായുള്ള ഇവരുടെ ജീവിതം ഇതിനോടകംതന്നെ വിവാദമായിരിക്കുകയാണ്. ആഗോളസാംസ്‌ക്കാരികലോകം ഈ ഷോയ്‌ക്കെതിരെ കടുത്തപ്രതികരണങ്ങളുമായിട്ടാണ് രംഗത്തേയ്ക്കു വന്നിരിക്കുന്നത്. ഇതിലെ ദൃശ്യങ്ങള്‍ സമൂഹമനസാക്ഷിയെ ഒന്നടക്കം ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റികളെ വച്ച് ഇതുപോലെയൊരു റിയാലിറ്റി ഷോ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്താല്‍ എങ്ങിനെയിരിക്കും .. ഒന്നു സങ്കല്പ്പിച്ചു നോക്കുക…..
Generated from archived content: essay1_july12_13.html Author: nazarrawether