എന്റെ ഗ്രാമവാസികള് (വിഷ)വെള്ളം കുടിക്കുന്നു ..

പുരാണ പരാമര്‍ശിതവും, ചരിത്ര പ്രധാനവുമായ പുകള്‍പെറ്റ ആലുവ നഗരത്തില്‍ നിന്നും സുമാര്‍ നാലു കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കീഴ്മാട് എന്ന പ്രകൃതി മനോഹരമായ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഒരു വശത്താണ് ഈ ലേഖകന്‍ സകുടുംബം നിവസിക്കുന്നത്. ഹൃദയഹാരിയായ സസ്യലതാദികളാല്‍ സമൃദ്ധവും, കുളിരേകുന്ന ജലാശയങ്ങളാല്‍ നയനാഭിരാമവുമാണ് കീഴ്മാടിന്റെ സൗന്ദര്യം. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭൂമാഫിയ ഗ്രാമത്തെ കാര്‍ന്നുതിന്നുന്നുവെങ്കിലും പ്രകൃതിയുടെ ശക്തമായ പ്രതിരോധത്താല്‍ പച്ചപ്പടര്‍പ്പുകളും ശാന്തമായ തോടുകളും ഒരുവിധം പിടിച്ചു നില്ക്കുന്നു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കീഴ്മാടിലെ ജനസംഖ്യ 32,000 ആണെന്നാണ് പറയുന്നത്. പഞ്ചായത്തിലെ 19 വാര്ഡുകളിലായി അയ്യായിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രസിദ്ധമായ അന്ധവിദ്ധ്യാലയം സ്ഥിതിചെയ്യുന്നത് ഈ കൊച്ചു ഗ്രാമത്തിലാണ്. തീര്ത്തും നിഷ്കളങ്കിതരും, ശരാശരി ജീവിതനിലവാരം നയിക്കുന്നവരുമായ കീഴ്മാടിലെ ഗ്രാമവാസികള്‍ ഇന്നു ഭീതിയയുടെ മുള്‍മുനയിലാണ്. ഈ ദുര്യാഗം മറ്റാര്ക്കും ഉണ്ടാകരുതേയെന്നാണ് അവരുടെ പ്രാര്ത്ഥന. കുടിക്കാനും, പാചകത്തിനുമായി പ്രദേശത്തെ കിണറുകളില്‍ നിന്നും വെള്ളം കോരിയെടുക്കുമ്പോള്‍ വെള്ളത്തിനു ആപത്ക്കരമായ പച്ച നിറം!!… ഇവിടത്തെ ഭൂഗര്ഭ ജലസ്രോതസുകളത്രയും മാരക രാസമാല്യത്താല്‍ വിഷലിപ്തമായിരിക്കുന്നു!!… ഇത് ഏറ്റവും കൂടുതല്‍ രൂക്ഷമായിരിക്കുന്നത് കുളക്കാട് കോളനിയിലാണ്. കീഴ്മാട് ഗ്രാമത്തിലെ ഏറെക്കുറേ മദ്ധ്യഭാഗത്തായിട്ടാണ് കുളക്കാട് കോളനി സ്ഥിതിചെയ്യുന്നത്. ഇവിടെ 178 കുടുംബങ്ങളിലായി 450 ഓളം പേര് ഇടതിങ്ങി താമസിക്കുന്നു. ഇവരില്‍ സിംഹഭാഗവും കൂലിപ്പണിക്കാരും, ചില്ലറ കച്ചവടക്കാരുമാണ്. താഴ്ന്ന ജീവിതനിലവാരം നയിക്കുന്ന ഗ്രാമവാസികളായ ഇവര്‍ക്ക് പറയത്തക്ക വിദ്യാഭ്യാസമോ, അനീതിക്കെതിരെയുള്ള പ്രതികരണബോധമോ ഇല്ലാത്ത അസംഘടിതരാണ്. ഇപ്പോള്‍, ഇവര്‍ ഭരണകൂട അനാസ്ഥയ്ക്കെതിരെ കടുത്ത അമര്‍ഷവും, വിരോധവും ഉള്ളിലൊതുക്കിക്കഴിയുന്നു. ഇവരുടെ ന്യായമായ പ്രശ്നത്തില്‍ ഒരു സത്വര പരിഹാരം കണ്ടെത്താന്‍ അധികാര സ്ഥാനീയര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധവികാരത്തോടെ ബഹിഷ്ക്കരിക്കാനും ഒരുപക്ഷേ ഇവര് തയ്യാറായെന്നുവരും.

എന്താണ് ഇവരുടെ പ്രശ്നം ?… കുളക്കാടില്‍ നിന്നും ഏറെ അകലെയല്ലാതെ ‘പോംമ്പി അഗ്നിപര്‍വതം’ പോലെ സ്ഥിതിചെയ്യുന്ന ഐ.എസ്.ആര്.ഓ യുടെ ഒരു പരീക്ഷണ പ്ലാന്റാണ് ഇന്നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഈ പ്ലാന്റില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു മാരകവിഷമാണ് അമോണിയം പെര്‍ക്ലോറൈറ്റ്. ഒരു ക്ലോറിന്റെ ഘടകത്തോടൊപ്പം നാലു ഓക്സിജന്‍ കണികകള്‍ ചേരുന്നതാണ് പെര്‍ക്ലോറൈറ്റ്. ഇതൊരു റോക്കറ്റ് ഇന്ധനമാണ്. പെര്‍ക്ലോറൈറ്റ് ക്രിസ്റ്റല്‍ രൂപത്തിലാക്കിയാണ് ഇവിടെനിന്നും കൊണ്ടുപോകുന്നത്. ക്രിസ്റ്റല്‍ ആക്കി മാറ്റുമ്പോഴുണ്ടാകുന്ന പെര്‍ക്ലോറൈറ്റിന്റെ അവശിഷ്ടം ഒരു പ്രത്യേക ടാങ്കിലാണ് ഇവിടെ സൂക്ഷിക്കുന്നത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തിരുവനന്തപുരത്തെ വിക്രംസാരാഭായ് സ്പേസ് സെന്ററിലെ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ക്രിസ്റ്റല്‍ രൂപത്തിലുള്ള പെര്‍ക്ലോറൈറ്റാണ് കീഴ്മാടിലെ ഐ.എസ്.ആര്.ഓ പരീക്ഷണപ്ലാന്റില്‍ ഉല്പാദിപ്പിക്കുന്നത്. മാരകവിഷമായ പെര്‍ക്ലോറൈറ്റ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ തൈറോയിഡ് ഗ്രന്ഥിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയഡിന് എത്തിക്കുന്നത് തടയപ്പെടും. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ തൈറോയിഡ് ഹോര്‍മോണുകളായ ലിയോ തൈറോനിന്‍, ലെവോതൈറോക്സിന്‍ എന്നിവയുടെ ഉല്പാദനം നിലയ്ക്കും. ഇത് ശരീരത്തിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളേയും മന്ദഗതിയിലാക്കും. തലച്ചോറിലെ പിറ്റിയൂറ്ററി ഗ്രന്ഥി, ഹൈപ്പോതലാമസ് ഗ്രന്ഥി, കഴുത്തിലെ തൈറോയിഡ് ഗ്രന്ഥി എന്നിവയാണ് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ഹോര്‍മോണുകളാല്‍ നിയന്ത്രിക്കുന്നത്. ഇവ മൂന്നും ഒരുമിച്ച് ഒരു പ്രത്യേക താളത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ശരീരപ്രകൃതികള്‍ സ്വാഭാവികമായി നടക്കുകയുള്ളൂ. രക്തത്തിലെ തൈറോയിഡ് ഹോര്‍മോണുകള്‍ കുറഞ്ഞാല്‍ തലച്ചോറിലെ കോശനിര്‍മ്മാണം അവതാളത്തിലാവുകയും, ഓര്‍മ്മക്കുറവ്, ത്വക് രോഗങ്ങള്‍, മുടികൊഴിച്ചില്‍, വിഷാദരോഗം, മുഖം ചീര്‍ക്കല്‍, സന്ധിവേദന, വിളര്‍ച്ച എന്നിവയുണ്ടാവുകയും ചെയ്യും. മാത്രമല്ല, എല്ലിനകത്തെ മജ്ജ രക്തകോശങ്ങള്‍ നിര്‍മ്മിക്കുന്നത് തടയപ്പെടുന്ന ഹൈപ്പോതൈറോക്സിനേമിയ എന്ന ഗുരുതരമായ രോഗമുണ്ടാവുകയും ചെയ്യും. പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ ഡോ. മഞ്ജുവിന്റെ അഭിപ്രായത്തില്‍ ഗര്‍ഭിണികള്‍ ഈ രാസവസ്തുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിന് കടുത്ത ബുദ്ധിമാന്ദ്യം വരുവാന്‍ സാദ്ധ്യതയുണ്ട്. അത്രമേല്‍ മാരകമായ പെര്‍ക്ലോറൈറ്റ് വികസ്വരരാജ്യങ്ങള്‍ നടുകടലില്‍ കൊണ്ടുപോയി ഒഴുക്കിക്കളയുകയാണ് പതിവ്. ഇന്ത്യയെസംബന്ധിച്ചിടത്തോളം പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തേക്കാള്‍ വലുതാണ് ചില രാഷ്ട്രീയ-സാമുദായിക-സാമ്പത്തീക വശങ്ങള്‍. അതുകൊണ്ടുതന്നെ ജനകീയ താല്പര്യങ്ങള്‍ക്ക് ഇവിടെ ഒരിക്കലും സത്വര പരിഹാരം ഉണ്ടാകാറില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗുരുതരമായ ഭരണകൂട അനാസ്ഥ. ജനങ്ങളുടെ ജീവനല്ല, അവരുടെ സമ്മതിദാനത്തിനുമാത്രമേ ഇവിടെ വിലയുള്ളൂ. അതുകഴിഞ്ഞാല്‍ അധികാരികള്‍ക്ക് അവര്‍, ശശി തരൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കേവലം “ഇരുകാലി മൃഗങ്ങള്‍” മാത്രമാണ്. ഈയൊരു അവഗണാത്മക നിലപാടിന്റെ പാര്‍ശ്വവല്കൃത ഇരകളായി ജീവിതം തള്ളിനീക്കാനാണ് കീഴ്മാടിലെ ഗ്രാമീണരുടെ ദുര്യോഗം. 2011 ജനുവരിയില്‍ തന്നെ കുളക്കാട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ പെര്‍ക്ലോറൈറ്റ് മലിനീകരണം ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഐ.എസ്.ആര്.ഓ യുടെ അന്വേഷണത്തില്‍ അത് സ്ഥിതീകരിക്കുകയും ചെയ്തതാണ്. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലാതെ സാധുക്കളായ ഗ്രാമീണര്‍ കഴിഞ്ഞ നാലു വര്‍ഷക്കാലം വിഷജലം കുടിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് പലര്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ പിടിപ്പെട്ടപ്പോള്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെടുകയും, പ്രശ്നത്തിന്റെ ഗൗരവം പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ-ഔദ്യോഗിക നീക്കങ്ങള്‍ ഒരു ബഹുജനമുന്നേറ്റത്തിന്റെ പ്രക്ഷോഭസ്വഭാവത്തോടെ ഗ്രാമവാസികള്‍ക്കു പിന്നില് അണിനിരന്നു. അതോടെ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍‍ വിഭാഗം ഇവരുടെ മേല്‍ നോട്ടത്തില്‍ നടത്തിയ ജലപരിശോധനയില്‍ പെര്ക്ലോറൈറ്റ് എന്ന രാസമാലിന്യത്തിന്റെ ആപത്ക്കരമായ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. കൂടാതെ, കേന്ദ്രസര്‍ക്കാരിന്റെ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ച് സ്ഥാപനമായ തിരുവനന്തപുരത്തെ നാഷ്ണല്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി (NIIDST) നടത്തിയ പഠനങ്ങള്‍ സമൂഹമനഃസാക്ഷിയെ ഒന്നടക്കം ഞെട്ടിച്ചുകളഞ്ഞു. ഒരു ലിറ്റര്‍ വെള്ളത്തില്‍ പെര്‍ക്ലോറൈറ്റിന്റെ നിയമാനുസൃതമായി അനുവദനീയമായ അളവ് 15 മൈക്രോ ഗ്രാമാണെന്നിരിക്കെ, കുളക്കാടില്‍ നിന്നും ശേഖരിച്ച വെള്ളത്തില്‍ അത് ആയിരം മൈക്രോ ഗ്രാമിലേറെയായിരുന്നു. ഈ മലിന ജലമായിരുന്നു നിര്‍ധനരായ ഗ്രാമീണര്‍ കുടിയ്ക്കാനും, കുളിയ്ക്കാനും ഉപയോഗിച്ചിരുന്നത്. ഈയൊരു ഗുരുതരമായ പശ്ചാത്തലത്തില്‍ രോഗവ്യാപനതോത് മനസ്സിലാക്കാന്‍ ജില്ലാമെഡിക്കല്‍ ഓഫീസറുടേയും, എന്‍.ആര്‍.എച്ച്.എം. കോ ഓര്‍ഡിനേറ്ററുടേയും നേതൃത്വത്തില്‍ 2014 മാര്‍ച്ച് 2 -ആം തിയ്യതി ഒരു മെഡിക്കല്‍ ക്യാമ്പ് ഇവിടെ നടത്തുകയുണ്ടായി. അടുത്ത പത്തു ദിവസത്തിനകം പരിശോധനാഫലം പുറത്തുവിടുമെന്നു പറഞ്ഞ മെഡിക്കല്‍ സംഘം കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ അത് പൂഴ്ത്തിവച്ചുവെന്നതാണ് ഏറെ വിചിത്രം. ഇലക്ഷന് കഴിഞ്ഞതിന്റെ പിറ്റേദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അതിന്പ്രകാരം 438 പേരില്‍ 77 പേര്‍ക്കും തൈറോയിഡ് ബാധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഈ പ്രദേശത്തെ കുടിവെള്ളത്തില്‍ പെര്‍ക്ലോറൈറ്റിന്റെ അളവ് 43,000 പി.പി.എം. (പാര്‍ട്ടിക്കിള്‍ പെര്‍ മില്ല്യണ്‍) ആണെന്നു സ്ഥിതീകരിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പ്രാഥമീകാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ലീവെടുത്ത് സ്ഥലംവിട്ടു. 14 പുരുഷന്മാര്‍, 44 സ്ത്രീകള്‍, 19 കുട്ടികള്‍ എന്നിവര്‍ക്കാണ് ഹൈപ്പര്‍ തൈറോയിഡിസം ബാധിച്ചിരിക്കുന്നതായി പ്രാരംഭപരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. തീര്‍ത്തും നിര്‍ധനരായ ഇവര്‍ക്ക് തുടര്‍ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആസ്പത്രിയിലേയ്ക്കോ, കൊച്ചിന്‍ മെഡിക്കല്‍ കോളേജിലേയ്ക്കോ ചെല്ലണണമെന്നുള്ള കീഴ്മാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ അപക്വമായ നിലപാട് തുടക്കത്തിലേതന്നെ വിവാദമായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ മാരകരോഗബാധിതരായ സാധാരണക്കാരായ ഗ്രാമീണരെ ആസ്പത്രികള്‍ തോറും കയറിയിറങ്ങേണ്ട മനുഷ്യത്വഹീനമായ സമീപനത്തെ ജനാധിപത്യ സമരമുറകളിലൂടെ ചെറുത്തുകൊണ്ട്, അവര്‍ക്ക് പ്രാഥമീകാരോഗ്യ കേന്ദ്രത്തില്തന്നെ സൗജന്യ തുടര്‍ചികിത്സക്കായുള്ള സൗകര്യം സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാക്കിക്കൊടുത്തു. ഐ.എസ്.ആര്‍.ഓ അഞ്ച് ലക്ഷം രൂപ ചിലവിട്ട് 172 വാട്ടര് ടാങ്കുകള്‍ ദുരന്ത ബാധിത പ്രദേശത്ത് വിതരണം ചെയ്തു. വാട്ടര്‍ കണക്ഷന്‍ എത്തിയിട്ടില്ലാത്ത എല്ലാവീടുകളിലും വാട്ടര്‍കണക്ഷന് പഞ്ചായത്ത് ചിലവില്‍ എത്തിച്ചുകൊടുക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപിച്ചു. സാധാരണ ഔദ്യാഗിക പ്രഖ്യാപനങ്ങളെല്ലാം രാഷ്ട്രീയക്കാരുടെ പ്രകടനപത്രികപോലെ വെറും ജലരേഖയാവുകയാണ് പതിവ്. വസ്തുതകള്‍ ഇപ്രകാരമാണെന്നിരിക്കെ കുളക്കാട് നിവാസികളുടെ ജീവനും ആരോഗ്യവും മറ്റെന്തിനേക്കാള്‍ പ്രധാനപ്പെട്ടതാണ്. പൗരന്മാരുടെ ജീവനും, സ്വത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമായ ഒരു ജനാധിപത്യ ഗവണ്മെന്റ് തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയില്ലെങ്കില്‍ സ്വാഭാവികമായും പൗരന്മാര്‍ തീവ്രവാദികളായി സര്‍ക്കാരിനെതിരെ തിരിയും. ഇപ്പോള്‍ മഴക്കാലമായിരിക്കുന്നു. ഭൗമോപരിതലത്തില്‍ നിന്നും വെള്ളം ഇറങ്ങി ഭൗമാന്തര്‍ഭാഗത്തെ രാസമാലിന്യവുമായി ലയിച്ചുചേര്‍ന്ന് സമീപപ്രദേശത്തുകൂടി വ്യാപിക്കുമെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. ഐ.എസ്.ആര്.ഓ യുടെ പരീക്ഷണ പ്ലാന്റില്‍ നിന്നു ലീക്ക് ചെയ്ത അമോണിയം പെര്‍ക്ലോറൈറ്റ് ഭൗമാന്തര്‍ഭാഗത്തു നിന്നും അപ്രത്യക്ഷമാകാന്‍ അനേകം വര്‍ഷങ്ങളെടുക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇനി ചെയ്യാനുള്ളത് യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെയുള്ള “റെമഡിയല്‍ മെഷേഴ്സ് ടെക്നോളജി” വിദേശീയരില്‍ നിന്നും ഇറക്കുമതിചെയ്ത് രാസമാലിന്യത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍ വീര്യമാക്കുകയെന്നതാണ്. കൊടിഭേദമില്ലാതെ എല്ലാപാര്‍ട്ടിക്കാരും മത്സരിച്ച് കയ്യിട്ടുവാരി ശോഷിച്ചുവറ്റിയ ഖജനാവുമായി വിലപിക്കുന്ന കേരള സര്‍ക്കാര്‍ ഈക്കാര്യത്തില്‍ എത്രമാത്രം താല്പര്യം കാണിക്കുമെന്ന് കാത്തിരുന്നു കാണാം. ചുരുങ്ങിയ പക്ഷം മാനവസമൂഹത്തോടു അല്പം കരുണയുണ്ടെങ്കില്‍ ഇതുപോലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായേക്കാവുന്ന രാസമാലിന്യബോംബുകള്‍ ജനസാന്ദ്രതയേറിയ പ്രദേശത്തു സ്ഥാപിക്കാതെ വല്ല കാടിനുള്ളിലോ, മലമ്പ്രദേശത്തോ സ്ഥാപിച്ചാല്‍ നന്നായിരിക്കുമെന്നു ലേഖകന്‍ അധികാരികളോടു സവിനയം അപേക്ഷിക്കുന്നു.

Generated from archived content: essay1_july11_14.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English