യുവാക്കളുടെ ഉപരിപ്ലവ വായനാ വൈമുഖ്യം…

“…വായന മനുഷ്യനെ പൂര്‍ണ്ണവാനാക്കുന്നു

ആലോചന അവനെ തയ്യാറാക്കുന്നു.

എഴുത്ത് അവനെ ശരിയായ മനുഷ്യനാക്കുന്നു…”

ആംഗലേയ ചിന്തകനായ ഫ്രാന്‍സിസ് ബേക്കണിന്റെ വിശ്വപ്രസിദ്ധമായ ഈ വരികള്‍ സാഹിത്യലോകത്തും, അക്കാഡമിക് മേഖലകളിലും സുവര്‍ണ്ണലിപിയില്‍ കൊത്തിവയ്ക്കപ്പെട്ട അക്ഷരതേജസ്സാണ്. വായനയാണ് ഒരുവനെ സമ്പൂര്‍ണ്ണനാക്കുന്നത്. ഇരുട്ടില്‍ നിന്നും വിസ്മയകരമായ അറിവിന്റെ സുവര്‍ണ്ണവെളിച്ചത്തിലേയ്ക്ക് മനുഷ്യനെ നയിക്കുന്നത് വായനയില്‍ നിന്നും അവന്‍ ആര്‍ജ്ജിച്ച അഗ്നിസ്ഫുലിംഗങ്ങളാണ്. പരന്നവായന ഒരുവന്റെ കാഴ്ചപ്പാടിനെ നഖശിഖാന്തം മാറ്റിമറിയ്ക്കും; ജീവിത പാന്ഥാവിനെ വിപുലപ്പെടുത്തും. സംസ്‌ക്കാരസമ്പന്നമായ ഒരു ഉല്‍കൃഷ്ട വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ അയാളുടെ വായനാശീലത്തിന് നിര്‍ണ്ണായകമായ പങ്കാണുള്ളത്. മനസില്‍ ഇരുട്ടിന്റെ കറുത്ത പായല്‍ പിടിച്ച് ജീര്‍ണ്ണതയുടെ കൂത്താടികള്‍ വളര്‍ന്നു പെരുകാതിരിക്കണമെങ്കില്‍ വായനയുടെ ദിവ്യപ്രകാശം ഹൃദയത്തില്‍ ജ്വലിക്കപ്പെടണം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചിക്കാഗോയില്‍ നടന്ന ജന്തുശാസ്ത്രജ്ഞന്മാരുടെ സമ്മേളനത്തില്‍ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞന്‍ തന്റെ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“…. ഒരു മനുഷ്യന് സംസാരിക്കാന്‍ ഏതെല്ലാം അവയവങ്ങള്‍ ആവശ്യമുണ്ടോ അവയത്രയും കുരങ്ങിനുണ്ട്. എന്നിട്ടും കുരങ്ങ് എന്തുകൊണ്ട് മനുഷ്യനേപ്പോലെ സംസാരിക്കുന്നില്ല ?”….

ഈ ചോദ്യം എല്ലാവരേയും ഒന്ന് കുഴക്കി. അല്പനേരത്തിനുശേഷം ഒരാള്‍ അല്പം നര്‍മ്മഭാവത്തോടെ പറഞ്ഞു.

“കുരങ്ങ് ചിന്തിക്കുന്നില്ല, ചിന്തിക്കാത്തതിനാല്‍ അതിന് സംസാരിക്കാനാവില്ല”.

ഇവിടെ ചിന്തയ്ക്കാണ് പ്രാധാന്യം. നല്ലചിന്തകളുണ്ടാകണമെങ്കില്‍ അറിവുണ്ടാകണം. അറിവുണ്ടാകണമെങ്കില്‍ വിശാലമായ വായന കൂടിയേതീരൂ.

അക്ഷരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ദൃഷ്ടിവിന്യാസം നടത്തി പദങ്ങളുടേയും, വാക്കുകളുടേയും ശ്രേണീബന്ധങ്ങളില്‍ നിന്നും ആശയത്തെ ഗ്രഹിക്കലാണ് വായന. അച്ചടിച്ച അക്ഷരങ്ങളില്‍ നിന്നും ആശയത്തിന്റെ ആത്മാവിനെയാണ് വായനയിലൂടെ വേര്‍തിരിച്ചെടുക്കുന്നത്. ഇത് അത്ഭുതകരമായ രസവിദ്യയാണ്. ഭൂമുഖത്ത് മനുഷ്യനുമാത്രം കരഗതമായിട്ടുള്ള ദൈവികവരദാനമാണ്. ഹീറാ ഗുഹയ്ക്കുള്ളില്‍ ഏഗ്രാഗ്രതയോടെ ആത്മജ്ഞാനം അന്വേഷിച്ച പ്രവാചകനായ മുഹമ്മദ് നബി (സ)ക്കു മുമ്പിലുണ്ടായ ആദ്യത്തെ വെളിപാട്തന്നെ “വായിക്കുക” എന്നതായിരുന്നു. നിരക്ഷരനും, വിദ്യാരഹിതനുമായ പ്രവാചകന്‍ ആ അത്ഭുതപ്രബോധനത്തിനുമുമ്പില്‍ ഇതികര്‍ത്തവ്യാമൂഢനായി. “ഭ്രൂണത്തില്‍ നിന്നും നിന്നെ സൃഷ്ടിച്ചവന്റെ നാമത്തില്‍ നീ വായിക്കുക.” (96:2). പക്ഷേ, ഖുര്‍ ആന്റെ ദാര്‍ശനീക കല്പനകള്‍ പ്രകാരം വായനയ്ക്ക് അതിവിപുലമായ അര്‍ത്ഥകല്പനകളാണുള്ളത്. അത് കേവലം പേനയിലും, എഴുത്തിലും ഒതുങ്ങി നില്‍ക്കുന്ന പരിമിത സങ്കല്‍പ്പമല്ല. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനേയും ഓരോ അക്ഷരങ്ങളായി നിരീക്ഷിക്കപ്പെടുന്നു. അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ അര്‍ത്ഥമുണ്ടാകുന്നു. പ്രപഞ്ചത്തിലെ കോടിക്കണക്കിന് അക്ഷരങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ മഹത്തായ അര്‍ത്ഥമുണ്ടാകുന്നു. ഈ അര്‍ത്ഥം ദൃഷ്ടിഗോചരമായ പ്രപഞ്ചത്തേയും മറികടന്ന് ആത്മനിഷ്ഠമായ അറിവും അനുഭവവുമായി മനുഷ്യഹൃദയത്തിലേയ്ക്ക് തിരിച്ചുവരും. ഇപ്രകാരം പ്രപഞ്ചപുസ്തകത്തിന്റെ വിചിത്രവും വിസ്മയകരവുമായ ലിപിവിന്യാസം ഗ്രഹിക്കുവാനുള്ള കാല്‍വപ്പുകളാണ് യഥാര്‍ത്ഥത്തില്‍ വായനയുടെ ദാര്‍ശനീകതലം.

ചിലര്‍ക്ക് വായന ഒരു ലഹരിയാണ്, അറിവിന്റെ ആനന്ദം നല്‍കുന്ന ലഹരി. തങ്ങളുടെ മസ്തിഷ്‌ക്കത്തിന്റെ ഓരോ സൂഷ്മതന്തുവിലും അറിവിന്റെ ശേഖരം കാത്തുസൂക്ഷിക്കാന്‍ വ്യഗ്രതകാണിക്കുന്ന ഇവരുടെ സന്തതസഹചാരിതന്നെ ഉത്കൃഷ്ടഗ്രന്ഥങ്ങളായിരിക്കും. ഇത് മഹാന്മാരായ പലരുടേയും പൊതുവായ ദൗര്‍ബല്യമാണ്. സ്വാമി വിവേകാനന്ദന്‍ ഒരു ശസ്ത്രക്രിയക്കു വിധേയനാകേണ്ടിവന്നപ്പോള്‍ അനസ്‌തേഷ്യക്കു പകരം ആവശ്യപ്പെട്ടത് നല്ല ഒരു ഗ്രന്ഥമായിരുന്നു. വായനയുടെ അഗാധ കയത്തില്‍ മുങ്ങിപ്പോയ അദ്ദേഹം തന്റെ ശരീരം കീറിമുറിയ്ക്കുന്നതിന്റെ വേദന അറിഞ്ഞതേയില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു. ഇതാണ് സ്വാമിജിയുടെ ഏഗാഗ്രതയോടെയുള്ള വായനാ സ്വഭാവം. വിവേകാന്ദനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഈ കഥ അതിശയോക്തികരമെന്നു പറയാമായിരുന്നു. ഒരിക്കല്‍ വിവേകാനന്ദസ്വാമികള്‍ ലൈബ്രറിയില്‍ ഓരോ പുസ്തകങ്ങളെടുത്ത് എല്ലാ പേജുകളും വെറുതെ മറിച്ചുനോക്കി തിരികെ വയ്ക്കുന്ന വിചിത്രമായ കാഴ്ച കണ്ട് അദ്ദേഹത്തിന്റെ സുഹൃത്ത് ചോദിച്ചു.

“സ്വാമിജീ … അങ്ങ് എന്തിനാണ് ഓരോ പുസ്തകവും ഇങ്ങിനെ മറിച്ചുനോക്കുന്നത്?… അതില്‍ കാണാന്‍ ചിത്രങ്ങളൊന്നുമില്ലല്ലോ”…

അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ആ പുസ്തകത്തിലെ പ്രസക്തമായ വരികളത്രയും അയാള്‍ക്ക് കാണാതെ പറഞ്ഞുകൊടുത്തുവത്രേ.

ആരേയും അമ്പരപ്പിക്കുന്ന യന്ത്രസമാനമായ വേഗതയുള്ള അദ്ദേഹത്തിന്റെ വായനാ നൈപുണ്യവും, ആശയഗ്രഹണ ശേഷിയും പണ്ഡിതരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്. പുസ്തകത്തിന്റെ താളുകള്‍ വേഗത്തില്‍ മറിക്കുമ്പോള്‍തന്നെ അതിലെ ഉള്ളടക്കം മസ്തിഷ്‌ക്കത്തിലേയ്ക്ക് സ്‌കാന്‍ ചെയ്ത് ആവാഹിക്കപ്പെടുന്ന സങ്കീര്‍ണ്ണ സവിശേഷത വിവേകാനന്ദ സ്വാമികള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ഈ അത്ഭുത സാധനയിലൂടെ ലോകത്തുള്ള ഒട്ടുമിക്ക ഉത്കൃഷ്ടകൃതികളും വായിച്ചുതീര്‍ത്തു കിട്ടിയതാണ് സ്വാമിയുടെ വൈജ്ഞാനിക ഭാണ്ഡാകാരം. വിജ്ഞാനദാഹിയായ ഒരു മനുഷ്യന്റെ ജീവല്‍ഭക്ഷണമാണ് ഗ്രന്ഥങ്ങള്‍. ഗ്രന്ഥങ്ങളുമായുള്ള ആത്മബന്ധത്തില്‍ നിന്നുകിട്ടുന്ന വിജ്ഞാനുഭൂതിയില്‍ നിന്നും അവരെ വേര്‍തിരിക്കുവാന്‍ ഒരുകാരണവശാലും സാധിക്കുകയില്ല.

വായന പ്രധാനമായും രണ്ടുവിധത്തിലുണ്ട്. വിജ്ഞാനത്തിനായുള്ള വായനയും, വിനോദത്തിനായുള്ള വായനയും. അക്കാഡമിക് ഗ്രന്ഥങ്ങളും, നിലവാരമുള്ള സാഹിത്യ ഗ്രന്ഥങ്ങളും, ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങളുമെല്ലാം ആദ്യത്തെ വിഭാഗത്തിലാണ് വരുന്നത്. ഇവ മനുഷ്യരുടെ വിജ്ഞാനത്തേയും, ഭാഷയേയും, സര്‍ഗ്ഗശേഷിയേയും പ്രോജ്വലിപ്പിക്കുകയും അവനിലെ വ്യക്തിസത്തയെ വിമലീകരിക്കുകയും ചെയ്യുന്നു. സ്വത്വത്തെ ശുദ്ധീകരിച്ച് പുതിയൊരു മുഖകാന്തി നല്‍കുന്നത് ഇത്തരം ഗ്രന്ഥങ്ങളുടെ വായനയിലൂടെയാണ്. എന്നാല്‍, വ്യക്തിത്വവികാസത്തിന് യാതൊരു വിധത്തിലും പ്രയോജനപ്പെടാത്ത, സമയം കളയാന്‍ വേണ്ടിമാത്രം വായിക്കപ്പെടുന്നവയാണ് വിനോദത്തിനായുള്ള വായന. ഇവിടെ വായനാ പ്രക്രിയ നടക്കുമ്പോള്‍ നൈമിഷിക ആനന്ദം എന്നതിനപ്പുറം മസ്തിഷ്‌ക്കത്തിന്റെ വൈജ്ഞാനിക ശേഖരണത്തിന് യാതൊന്നും തന്നെ മുതല്‍ക്കൂട്ടാവുന്നില്ല. കോമിക്‌സ്, അപസര്‍പ്പകകഥകള്‍, അശ്ലീലമാസികള്‍, ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഒരു ഗൗരവമുള്ള വായനയുടെ പരിധിയില്‍ വരാത്തതിനാല്‍ വിനോദത്തിനായുള്ള വായനയെ ആരും മുഖവിലയ്‌ക്കെടുക്കാറില്ല. മറിച്ച് വിജ്ഞാനത്തിനായുള്ള വായനയാണ് ഒരു വ്യക്തിയുടെ വായനാസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. തന്റെ അഭിരുചിയ്ക്കും, താല്പര്യത്തിനുമൊത്ത് ഏതുഗ്രന്ഥവും തിരഞ്ഞെടുത്ത് വായിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട്. ഉത്്കൃഷ്ടമായ ഗ്രന്ഥങ്ങള്‍ നിങ്ങളിലെ അറിവിനേയും വ്യക്തിത്വത്തേയും ജ്വലിപ്പിക്കുമ്പോള്‍, തരംതാഴ്ന്ന ഗ്രന്ഥങ്ങള്‍ നിങ്ങളിലെ പൈശാചികതയെ ഉത്തേജിപ്പിക്കും. അത് കുറ്റകരമാണെന്നു ഇസ്ലാം മുന്നറിയിപ്പുതരുന്നു. തെറ്റായതും, നിന്ദാര്‍ഹവുമായ മേഖലകളില്‍ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് വിഹരിക്കരുത്. കേള്‍വിയും, കാഴ്ചയും, ചിന്താശേഷിയും പരലോകത്തുവച്ച് വിചാരണചെയ്യപ്പെടും. “..നിനക്കറിവില്ലാത്ത കാര്യത്തിന്റെ പിന്നാലെ നീ പോകരുത് തീര്‍ച്ച; കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പെറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്”. (17:36). അതായത് മനസ്സിനെ മലീമസപ്പെടുത്തുന്ന ആശയങ്ങള്‍ ഗ്രഹിക്കുന്നതില്‍ നിന്നും നിന്റെ ഇന്ദ്രിയത്തെ വിലക്കണം. ശരിയായതും, സാമൂഹ്യ നന്മക്കുതകുന്നതും മാത്രമേ സ്വീകരിക്കാവൂ.

വായന നല്ലൊരു ഔഷധമാണ്. സാധാരണനിലയിലുള്ള മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഏകാഗ്രതയോടെയുള്ള വായന അത്യുത്തമമാണ്. സസ്സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് കേവലം ആറുമിനുട്ട് വായനയിലൂടെ മനോവിഷമങ്ങളെ മൂന്നില്‍ രണ്ടായി കുറയ്ക്കാന്‍ കഴിയുമെന്നാണ്. കൂടാതെ, തലച്ചോറിന്റെ ചിന്തിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്ന ടോണിക്കായിട്ടാണ് ന്യൂറോ ശാസ്ത്രജ്ഞന്മാര്‍ വായനയെ കാണുന്നത്. വായിക്കുന്ന ഗ്രന്ഥത്തിലെ സംഭവങ്ങള്‍ ഭാവനയില്‍ നിറഞ്ഞുനില്‍ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും, തദ്വാരാ അള്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളിലേയ്ക്ക് വഴുതിപ്പോകാതെ ഒരു പരിധിവരെ കാക്കാന്‍ വായനയെന്ന ബ്രയിന്‍ എക്‌സര്‍സൈസിനു സാധിക്കുന്നു. ബുദ്ധികൂര്‍മ്മതയ്ക്കും, മനസ്സിന്റെ ഉന്മേഷത്തിനും വായന വളരെ നല്ലതാണ്. നന്നായി വായിക്കുന്നവരാരുംതന്നെ ക്രിമിനല്‍ സംഘങ്ങളില്‍ചെന്ന് ചാടാറില്ല. അതായത് വായനകുറഞ്ഞതിനാലാണ് മലയാളി സമൂഹം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നത് എന്ന അഭിപ്രായമാണ് പ്രശസ്ത എഴുത്തുകാരിയായ വത്സലയ്ക്കുള്ളത്. വായനയുടെ അവിഭാജ്യ ആവശ്യകത ഗ്രാമങ്ങള്‍തോറും നടന്ന് പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചുകൊടുത്ത വായനയുടെ വളര്‍ത്തച്ഛന്‍ കുട്ടനാട്ടിലെ ശീലന്‍പേരൂര്‍ ഗ്രാമത്തിലെ പുതുവായില്‍ നാരായണ പ്പണിക്കരുടെ നാമധേയത്തിലാണ് ജൂണ്‍ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക…” എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌ക്കാരിക വിളംബരജാഥ കേരള ചരിത്രത്തിന്റെ താളുകളില്‍ മിന്നുന്ന സാംസ്‌ക്കാരികാഭിമാനമായി ശോഭിക്കുന്നു. ഗ്രന്ഥശാലയില്ലാത്ത ഒറ്റഗ്രാമം പോലും കേരളത്തിലുണ്ടാകരുത് എന്ന് ആഗ്രഹിച്ച പി. എന്‍. പണിക്കര്‍ ഓരോ വീടുകളും കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ഗ്രന്ഥശാലാപ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 നാണ് വായനാദിനമായി കേരളദേശം കൊണ്ടാടുന്നത്. ആ അക്ഷരവെളിച്ചത്തിലൂടെ അറിവിന്റെ പാരാവാരത്തിലേയ്ക്ക് വളരുന്ന ഓരോ തലമുറയും കടന്നുചെല്ലണം, കാരണം, വായനയിലൂടെയേ പരിവര്‍ത്തന വിധേയമായ മനസ്സിന്റെ ഉടമകളാകാന്‍ കഴിയൂ. അവര്‍ക്കുമാത്രമേ പുത്തന്‍ ഉദാത്ത സാംസ്‌ക്കാരിക മൂല്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ.

ഇന്നിപ്പോള്‍ കാലങ്ങളേറെ കഴിഞ്ഞിരിക്കുന്നു. പുരാണങ്ങളും, ഇതിഹാസങ്ങളും, കാവ്യമീമാംസകളും, ആരണ്യകങ്ങളും, അച്ചീചരിതങ്ങളുമെല്ലാം തഴച്ചുവളര്‍ന്നിരുന്ന ഈ മണ്ണിന്റെ വളക്കൂറ് നന്നേ കുറഞ്ഞിരിക്കുന്നു. യുഗപ്രതാപികളായ മഹാകവികളും, നിരൂപണ സാമ്രാട്ടുകള്‍ക്കും പിന്നാലെ പുതുതലമുറയില്‍നിന്നാരുംതന്നെ മുന്നോട്ടുവരുന്നില്ല. വൈജ്ഞാനിക ഭാണ്ഡാകാരങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. എം.ടി., ഓ.എന്‍.വി, ലീലാവതി ടീച്ചര്‍, സാനുമാഷ് എന്നിങ്ങനെയുള്ള ഏതാനുംപേരിലായി മലയാള സാഹിത്യം ജീവനോടെ എത്തിനില്‍ക്കുന്നുവെന്നു പറയാം. “പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ” … എന്നു പ്രഘോഷിച്ച റൂസോ വിന്റെ കാലം അസ്തമിച്ചിരിക്കുന്നു. അഭിനവതലമുറ സുഖലോലുപതയുടേയും, ആര്‍ഭാഢത്തിന്റേയും ഗര്‍വ്വുകളില്‍ ആധുനീക ശാസ്ത്ര സാങ്കേതിക സംസ്‌ക്കാരത്തില്‍ സ്വയം മറന്ന് വിരാര്‍ജ്ജിക്കുമ്പോള്‍ ഗതകാല ഗൃഹാതുര വായനാ അനുഭവത്തിന്റെ ശേഷിപ്പുകളായി ചില ഗ്രാമീണവായനാ ശാലകള്‍ അങ്ങിങ്ങായി നിലനിന്ന് പോകുന്നതു കാണാം. അവിടെ ചില്ലിട്ട അലമാരക്കുള്ളില്‍ കാരാഗൃഹവാസമനുഷ്ടിക്കുന്ന ലോകോത്തര ക്ലാസിക് ഗ്രന്ഥങ്ങള്‍ അനുവാചകന്റെ കരംഗ്രഹിക്കുവാനായി കാത്തിരിക്കുന്നു. സമയമില്ലായ്മയുടെ സൂചിമുനയില്‍ക്കൂടി വട്ടംകറങ്ങുന്ന നവീനലോകം “ഇന്‍സ്റ്റന്റ് റീഡിംഗ്” എന്ന ഒരുതരം ഒപ്പിക്കല്‍ വായനയിലാണ് സായൂജ്യമടയുന്നത്. ചാനല്‍ ചര്‍ച്ചകളുടേയും, ത്രസിപ്പിക്കുന്ന വിനോദ പരിപാടികളുടേയും തടവറയ്ക്കുള്ളില്‍ ആധുനീക മനുഷ്യനെ ബന്ധിച്ചിരിക്കുന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ ചിലര്‍ ട്രയിനില്‍ വച്ചോ, കാറില്‍ വച്ചോ വായന പരിമിതപ്പെടുത്തുന്നു. മറ്റുചിലര്‍ക്ക് പുസ്തകം എന്നത് രാത്രി പത്തുമണിക്കുശേഷം കഴിക്കേണ്ട ഒന്നാംതരം ഒരു ഉറക്കഗുളികയാണ്. ചില പൊങ്ങച്ചവര്‍ഗ്ഗമാകട്ടെ ബഹുവര്‍ണ്ണ തടിയന്‍ പുസ്തകങ്ങള്‍ വച്ചാണ് തങ്ങളുടെ ഷോക്കെയ്‌സ് അലങ്കരിക്കുന്നത്. ആധുനീക ഹൈടെക് യുഗത്തില്‍ ഗൂഗിളില്‍ തിരഞ്ഞുവായിക്കുന്ന ന്യൂനപക്ഷക്കാരുടെ എണ്ണം കൂടിവരികയാണ്. ആദിമനുഷ്യന്‍ ശിലയില്‍ എഴുതി വായിച്ചു. പിന്നെ, ചുമര്‍, താളിയോലകള്‍, തുണി, പാപ്പിറസ്, പേപ്പര്‍ … ഇപ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ടൈപ്പ് ചെയ്ത് വായിക്കുന്നു. ഇവിടെ കയ്യെഴുത്ത്പ്രധാനമായ ആലേഖന പാടവത്തിന് കാലാക്രമേണ പ്രാധാന്യം കുറഞ്ഞുവരികയാണ്. ന്യൂ ജനറേഷന്‍ റീഡേഴ്‌സില്‍ നല്ലൊരുവിഭാഗവും ഗമണ്ടന്‍ പുസ്തകങ്ങള്‍ ചുമന്ന് കൊണ്ടുനടന്ന് വായിക്കുന്നതില്‍ തല്പരല്ല. ഐപോഡ്, ഗാഡ്‌ഗെറ്റ്‌സ്, സ്മാര്‍ട്ട് ഫോണ്‍, ഇ-ബുക്ക് റീഡര്‍ എന്നീ ആധുനീക സാങ്കേതിക സൗകര്യങ്ങള്‍ ഇപയോഗപ്പെടുത്താനാണ് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്‍ഫോര്‍മേഷന്‍ മേഖലയില്‍ ചെറുതല്ലാത്ത ഒരു വായനാവിപ്ലവം നടക്കുന്നുണ്ട്, അത് ഇലക്‌ട്രോണിക് സ്‌ക്രീനിലൂടെയുള്ള ഇ-വായനയിലൂടെയാണ്. ഇനി വരുംകാലങ്ങളില്‍ അച്ചടിച്ച പേപ്പര്‍ പുസ്തകങ്ങള്‍ക്കുപകരം ഇ-ബുക്ക് റീഡറുകളുടെ കാലമായിരിക്കും. സാധാരണ ഒരു പുസ്തകത്തിന്റെ വലുപ്പമുള്ളതും, മസാച്‌സൈറ്റ്‌സ് ഇന്‍സ്റ്റിട്യൂറ്റ് ഓഫ് ടെക്‌നോളജി വികസിപ്പിച്ച ‘ഇ-ഇങ്ക്’ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതുമായ ടാബ് പോലെയിരിക്കുന്ന ഒരു ലഘുഉപകരണമാണ് ഇ-ബുക്ക് റീഡറുകള്‍. സാധാരണ ഇലക്‌ട്രോണിക് സ്‌ക്രീനില്‍ നിന്നുള്ള പശ്ചാത്തല വെളിച്ചം കണ്ണിന് ആയാസകരവും, ദീര്‍ഘനേരവായനയെ തടസ്സപ്പെടുത്തുന്നതുമാണ്. ഈ ന്യൂനത പരിഹരിച്ചുകൊണ്ടാണ് സ്‌ക്രീനിനെ സാധാരണ കടലാസിനു സമാനമായ അവസ്ഥയില്‍ എത്തിക്കുന്ന ഇ-ഇങ്ക് ടെക്‌നോളജി വികസിപ്പിക്കേണ്ടിവന്നത്. ഒരു ഇ-ബുക്കില്‍ ആയിരക്കണക്കിന് ബുക്കുകള്‍ സേവ് ചെയ്ത് സൂക്ഷിക്കാവുന്നതാണ് എന്നത് ഇതിന്റെ അനന്ത സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടാണ് പുലീസ്റ്റര്‍ (1988), നോബല്‍ സമ്മാന (1993) ജോതാവായ ടോണി മോറിസ് വായനയിലുള്ള ആധുനീക സാങ്കേതിക വിദ്യയില്‍ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നത്. “കണ്ണുരുട്ടാതെയും, വടിയെടുക്കാതെയും മനുഷ്യനെ പഠിപ്പിക്കുന്ന ഉത്തമ ഗുരുനാഥന്മാരാണ് പുസ്തകങ്ങള്‍” എന്ന സ്വാമി വിവേകാനന്ദന്റെ വരികളില്‍ ‘പുസ്തകങ്ങള്‍’ എന്നതിനു പകരം ‘ഇ-റീഡറുകള്‍’ എന്ന് തിരുത്തി വായിക്കേണ്ടിവരുന്ന വിപ്ലവകരമായ പുരോഗതിയാണ് ആ മേഖലയില്‍ നടക്കുന്നത്.

ഇത്രമാത്രം സാങ്കേതികവിദ്യകള്‍ അരങ്ങുവാഴുമ്പോഴും സാമാന്യമായി പറഞ്ഞാല്‍ സമൂഹത്തില്‍ ഇപ്പോഴും വായന വളരെ പിന്നിലാണ്. “അതിവേഗതയുടെ ലോകമായ ഇന്റര്‍നെറ്റിന് പ്രചാരം വന്നതോടെ മലയാളികളില്‍ വായന ഗണ്യമായി കുറഞ്ഞിരിക്കുന്നു” … എന്ന് അഭിപ്രായം കുറിച്ചിട്ടത് പ്രശസ്ത എഴുത്തുകാരിയായ സുഗതകുമാരിയാണ്. ഉപരിയായി, “…മലയാളത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം കുറയുന്ന” തായിട്ടാണ് ശ്രീ. പന്ന്യന്‍ രവീന്ദ്രന്റെ പരിഭവം. സത്യത്തില്‍ യുവാക്കളുടെ ഇടയിലുള്ള നിലവാരമുള്ള വായനാവികാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വായനയ്ക്കുപകരം സോഷ്യല്‍ മീഡിയകളുമായി ഇടപഴകാനും, ചാനലുകള്‍ ശ്രദ്ധിക്കാനും, വിനോദയാത്ര നടത്താനും, അടിച്ചുപൊളിക്കാനുമൊക്കെയാണ് യുവസമൂഹത്തിനു പ്രിയം. താനൊരു വായനാ ബുദ്ധിജീവിയാണെന്നു മേനിനടിച്ച് നടന്നിരുന്ന എണ്‍പതുകളിലെ യുവാക്കളുടെ ഇടുങ്ങിയ മനോവ്യാപാരങ്ങളല്ല ഇപ്പോഴത്തെ യംഗ് ജനറേഷന്റേത്. വൈക്കം മുഹമ്മദ് ബഷീറും, തകഴിയും, ഓ.വി. വിജയനും, ആശാനും, അയ്യപ്പപ്പണിക്കരും, മാധവിക്കുട്ടിയുമെല്ലാം പകര്‍ന്നു നല്‍കിയ സാംസ്‌ക്കാരിക സുകൃതത്തിന്റെ ഹൃദയഹാര്യതയിലല്ല യുവാക്കള്‍ ജീവിക്കുന്നത്. ഗാംഭീര്യമാര്‍ന്ന മലയാള സാഹിത്യ ശാഖതന്നെ മൃതപ്രായമായി അക്കാഡമി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. പിന്നെയല്ലേ സാഹിത്യകൃതികളുടെ വായനയും, ചര്‍ച്ചയും, വിശകലനങ്ങളും !!.. ദശാബ്ദങ്ങള്‍ക്കുമുമ്പുവരെ വായന മലയാളികള്‍ക്ക് മാനസികോര്‍ജ്ജം പകര്‍ന്നുനല്‍കിയ ദിവ്യ ഔഷധമായിരുന്നു. ഒരു സമൂഹത്തെ നേര്‍വഴിയ്ക്ക് നയിച്ചിരുന്ന വികാരമായിരുന്നു. അക്ഷര സ്‌നേഹം ജീവശ്വാസവും, ആത്മാഭിമാനവുമായി കരുതിയ ഒരു ജനത ഇവിടെയുണ്ടായിരുന്നു. ഒന്നോര്‍ക്കുക, ‘അങ്കില്‍ ടോംസ് ക്യാബിന്‍’ എന്ന പുസ്തകമാണ് അമേരിക്കയില്‍ അടിമകളുടെ മോചനത്തിന് പ്രേരക ശക്തിയായത്. അത്രമേല്‍ സാമൂഹ്യമാറ്റങ്ങള്‍ വരുത്തുവാന്‍ കേവലം പുസ്തകങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ ആ ചുമതല പാശ്ചാത്യ സംസ്‌ക്കാരവാഹകരായ ചില കോര്‍പ്പറേറ്റ് ബൂര്‍ഷ്വാ ചാനലുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. നാലുകോടി മലയാളികള്‍ നിവസിക്കുന്ന നമ്മുടെ ദേശത്ത് വെറും രണ്ടായിരം മൂവ്വായിരം കോപ്പികളാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങളാകട്ടെ കേരളത്തില്‍ അങ്ങോളമിങ്ങോളം പുസ്തകമേളകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് വിറ്റഴിക്കുന്നത്. വീരേന്ദ്രകുമാറിന്റെ യാത്രാവിവരണം മാത്രമാണ് 25000 കോപ്പികള്‍ നിര്‍ബാധം വിറ്റുപോയത്. നാമമാത്രമായ കോപ്പികള്‍ വിറ്റുപോകുന്ന പുസ്തകങ്ങള്‍ക്ക് മുതല്‍മുടക്കിയ പണം തിരിച്ചുപിടിക്കുവാന്‍ പ്രസാധകര്‍ക്ക് വന്‍ വിലകള്‍ ഈടാക്കിവരുന്നു. ഇത് സാധാരണക്കാരെ പുസ്തകം വാങ്ങുന്നതില്‍ നിന്നും അകറ്റുന്നു. ചുരുക്കത്തില്‍ ഗൗരവമുള്ള പരന്ന വായന ഭാഷാതല്പരരിലും, സാഹിത്യ വിദ്യാര്‍ത്ഥികളിലുമായി ചുരുങ്ങിയിരിക്കുന്നു. മദ്ധ്യകേരളത്തിലെ ഒരു എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന ഒരു പഠനത്തില്‍ സാംസ്‌ക്കാരിക കൈരളിയെ നടുക്കിയ ചില സത്യങ്ങളാണ് പുറത്തുവന്നത്. എം.ടി. വാസുദേവന്‍ നായര്‍ ആരാണെന്നു എല്ലാവര്‍ക്കും അറിയാം, പക്ഷേ, രണ്ടാമൂഴം എഴുതിയത് ആരെന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കിയവര്‍ 30 ശതമാനം പേരായിരുന്നു. ധര്‍മ്മപുരാണത്തിന്റെ കര്‍ത്താവ് ആര് എന്ന ചോദ്യത്തിന് 80 ശതമാനം പേരും നല്‍കിയ ഉത്തരം വ്യാസന്‍ എന്നായിരുന്നു. ഓ.എന്‍.വി. കുറുപ്പിന്റെ നാലുവരികവിത എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എഴുതിയവര്‍ കേവലം പത്തു ശതമാനം പേര്‍. സച്ചിദാനന്ദന്‍ ആരെന്ന ചോദ്യത്തിനു നോവലിസ്റ്റ് എന്നായിരുന്നു ഏകപക്ഷീയമായ ഉത്തരം. ഇതാണ് യുവാക്കളുടെ വായനാ സ്വഭാവം. ഭാവിയിലെ എഞ്ചിനീയറിഗ് വാഗ്ദ്ധാനങ്ങള്‍ക്ക് എന്തിനാണ് സുഗതകുമാരിയും, മാധവിക്കുട്ടിയും, ബാലാമണിയമ്മയും. അവര്‍ക്ക് അവരുടെ വഴി.. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി. പക്ഷേ, കേരളീയ സംസ്‌ക്കാരത്തിന്റെ ശില്പികളായ എഴുത്തുകാരെയും, കലാകാരെയും അറിയാതെ വളരുന്ന പുതുതലമുറ സാക്ഷരകേരളത്തിനു തന്നെ ലജ്ജാകരമാണ്, ശാപമാണ്. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല; ഒരു ആഗോള പ്രശ്‌നംകൂടിയാണ്. അന്താരാഷ്ട്രതലത്തില്‍തന്നെ വായനാസ്വഭാവം ആശങ്കാകരമായി കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് ലണ്ടനില്‍ നിന്നുമാണ്. ബ്രിട്ടനില്‍ അഞ്ചില്‍ ഒരാള്‍ക്കേ ഷെയിക്‌സ്പിയറാണ് ഹാംലെറ്റ് എഴുതിയതെന്ന് അറിയൂ. ചാള്‍സ് ഡിക്കിന്‍സ് ആണ് ഗ്രേറ്റ് എക്‌സ്‌പെക്‌ടേഷന്‍സ് എഴുതിയതെന്ന് ഉറപ്പിച്ചു പറയാന്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ആകുന്നില്ല. ഒന്‍പതില്‍ ഒരാള്‍ ഒറ്റ പുസ്തകം പോലും കഴിഞ്ഞ വര്‍ഷം വായിച്ചിട്ടില്ല. പുരുഷന്മാരില്‍ പത്തില്‍ ഒരാളും, സ്ത്രീകളില്‍ മുപ്പതില്‍ ഒരാളും ടോയ്‌ലറ്റില്‍ ഇരിക്കുമ്പോഴാണ് പുസ്തകം വായിക്കുന്നത്. എന്നാല്‍ വായനക്കാരില്‍ 50 ശതമാനം പേരും ഉറങ്ങാന്‍ പോകുമ്പോള്‍ മാത്രം വായിക്കുന്നവരാണ്. വായിക്കാന്‍ സമയമില്ല എന്നതാണ് പലരുടേയും പ്രശ്‌നം. ഈ ഒരു പഠനത്തില്‍ നിന്നും അടിവരയിട്ടു മനസിലാക്കേണ്ടത് എന്താണ്?. കുഞ്ഞുണ്ണി മാഷിന്റെ പ്രസിദ്ധമായ ഒരു കവിതയുണ്ട്.

“വായിച്ചാലും വായിച്ചില്ലെങ്കിലും വളരും

വായിച്ചു വളര്‍ന്നാല്‍ വിളയും

വായിക്കാതെ വളര്‍ന്നാല്‍ വളയും”

ഇതിനു അനുബന്ധമായി പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ. എസ്. ശിവദാസ് കൂട്ടിച്ചേര്‍ത്തത് “പണ്ടൊക്ക വളയുകയേയുള്ളു, ഇന്നാണെങ്കില്‍ ‘വലയു’മെന്നാ”ണ്. അങ്ങിനെ വളഞ്ഞും, വലഞ്ഞും വളരുന്ന വല്ലാത്തൊരു അഭിനവ തലമുറയെ നമ്മുക്ക് കൗതുകപൂര്‍വ്വം നിസ്സഹായരായി നോക്കിയിരിക്കാം.

***************

കടപ്പാട് : സ്‌നേഹഭൂമി മാസീക

Generated from archived content: essay1_jan13_14.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here