പെണ്ണെഴുത്തിന്റെ ചമയങ്ങളില്ലാതെ, സഹജമായ പ്രവണതയുടെ രസചേരുവകളില്ലാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രക്ഷുപ്തതയില്ലാതെ തനി നാടന്‍ പത്രഭാഷയില്‍ ഒരു പിടി കഥകളെഴുതി കൈരളിക്കു മുമ്പില്‍ നമ്രശിരസ്ക്കയായി നില്‍ക്കുന്ന ഒരു അനുഗ്രഹീത കഥാകാരി നമ്മുടെ ഇടയിലൂടെ ആരോരുമറിയാതെ കടന്നുപോകുന്നുണ്ട്. അതാണ് ശ്രീമതി ഇന്ദിരാ തുറവൂര്.
‘’ ബാഹ്യമോ, ആന്തരമോ ആയ ഒരൊറ്റ സംഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാവനാ സൃഷ്ടിയാണ് ചെറുകഥ’‘ യെന്നുള്ള സോമര്‍സെറ്റ് മോമിന്റെ നിര്‍വചനത്തോട് ചേര്‍ന്നു നിന്നു കൊണ്ടു തന്നെ പാരമ്പര്യ ഗംഭീര്യതയെ തൃണവത്ക്കരിച്ച് ഉത്തരാധുനിക വൈയക്തിക ലാളിത്യത്തിലേക്ക് ഭാഷയെ നിബന്ധിച്ചുണ്ടാക്കുന്ന അനുഭവവിന്യാസമാണ് തന്റെ കഥ എന്നാണ് അവര്‍ സമൂഹത്തോടു പങ്കുവയ്ക്കുന്നത്. സമൂഹം അതിവിശാലമാണ്. അതിന്റെ സൂക്ഷ്മകണമായ കഥാകാരന്‍ തന്റെ അതിസൂക്ഷ്മ ദൃഷ്ടിയിലൂടെ കാണുന്നതും, തന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്നതെല്ലാം ഭാവനയുടെ മൂശയിലിട്ട് നീറ്റിച്ചെടുക്കുമ്പോള്‍ അതൊരു ഹൃദയസ്പൃക്കായ കഥയായി പരിണമിക്കുന്നു. അതു തന്നെയാണ് ശ്രീമതി ഇന്ദിരയുടെ ആഖ്യാനോര്‍ജ്ജവും. കഥയ്ക്കു നിദാനമായ ജീവതന്തു കഥാകാരന്റെ ഇന്ദ്രിയവുമായി സംവേദിക്കുമ്പോള്‍ കഥയ്ക്കുള്ള പ്രചോദനപരമായ അനുരണനങ്ങള്‍ ഹൃദയത്തില്‍ നടക്കുകയായി. മനസില്‍ നിന്നും ഉദ്ഭൂതമാകുന്ന ഭാവന അതിനൊരു അസ്ഥിരൂപം നല്‍കും. ഭാഷയാണ് ദേഹം നല്‍കുന്നത്. ഉത്തരാധുനിക സ്വഭാവമായ ലാളിത്യവ്യവഹാര ഭാഷയിലൂടെയാകുമ്പോള്‍ അതൊരു സാധാരണക്കാരന്റെ നിശ്വാസമായി വരുന്നു. ശ്രീമതി ഇന്ദിര തന്നിലേക്കവാഹിച്ചു വച്ചിരിക്കുന്നത് ഈയൊരു സവിശേഷതയാണ്.
‘ ഹ്രസ്വകഥകളുടെ തമ്പുരാട്ടി’ യെന്നു വിശേഷിപ്പിച്ചാല്‍ തന്നെ അത് അസ്ഥാനത്താവില്ലെന്നു സാധൂകരിക്കുമാറ് എഴുതിയുണ്ടാക്കപ്പെട്ട അനവധി ഹ്രസ്വകഥകളില്‍ ഒന്നാണ് ‘’ ആലുവ പുഴയുടെ തീരത്ത് ‘’ എന്നത്. പ്രമുഖ കവി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീമതി ഇന്ദിരയും ചേര്‍ന്ന് അഭിനയിച്ച പ്രസ്തുത ശീര്‍ഷകത്തില്‍ തന്നെ ആ കഥയ്ക്കൊരു വിഷ്വല്‍ രൂപം കൊടുക്കാനും അവര്‍ ശ്രമിച്ചുവെന്നത് ഏറെ ശ്ലാഘനീയമായ വസ്തുതയാണ്. ഈ ഹ്രസ്വചിത്രം 2012 ജൂണ്‍ 6 ന് ദൂരദര്‍ശന്‍ ചാനലില്‍ ടെലികാസ്റ്റ് ചെയ്യുകയുണ്ടായി. കഥാകാരിയുടെ ഗൃഹാതുരത്വ ഭാവനകള്‍ ചിറകടിച്ചുയര്‍ന്ന് പറക്കുമ്പോള്‍ അതിനൊരു വൈകാരിക ഭാഷ കൈവരുന്നത് ഈ കഥയിലൂടെയാണ്. ബാല്യനാളുകള്‍ വരെ ആലുവയുടെ ഹൃദയത്തുടിപ്പിന്റെ ഭാഗമായി വളര്‍ന്ന ഇന്ദിരയെ ചേര്‍ത്തലയിലേക്കു പറിച്ചു നട്ടപ്പോള്‍ അനുഭവപ്പെട്ട ഗൃഹാതുരത്വ വികാര വിമ്മിട്ടം ആ കഥയിലുടനീളം ജ്വലിക്കുന്നുണ്ട്.
കഥയിലെ നായിക ഒരു മദ്ധ്യവയസ്ക്കയാണ് . മുട്ടോളം എത്താറായ ഇടതൂര്‍ന്ന മുടിയും , നിസംഗ ദൃഷ്ടികളുമുള്ള ഒരു അന്‍പതോ അറുപതോ വയസുകാരി. കാലത്തിന്റെ അനിവാര്യതയ്ക്കൊപ്പം ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒഴുക്കിനെതിരെ തുഴയുന്ന യുവ സമൂഹം വൃദ്ധരായ മാതാപിതാക്കളെ വീടിന്റെ ഇരുണ്ട അകത്തളങ്ങളില്‍ ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലെ സുഖ സമൃദ്ധിയില്‍ കുടിയേറിപ്പാര്‍ക്കുന്നു. അതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവര്‍ക്കും വേണ്ടേ ഒരു ബെറ്റര്‍ കരിയര്‍, തൊഴില്‍, ഭാവി, സാമ്പത്തികം…
ദേശീയ പരമമായ സാമ്പത്തിക – തൊഴില്‍ മേഖലയിലെ പരിമിതികളില്‍ നിന്നു നോക്കിയാല്‍ അവരെ പഴി പറയാന്‍ സാധിക്കില്ല. ആഗോള പ്രവണതയായ മെച്ചപെട്ട ജീവിത നിലവാരം അവരും ആഗ്രഹിക്കുന്നു. അവ തൃപ്തിപ്പെടുത്തുവാന്‍ ഇന്ത്യന്‍ പശ്ചാത്തലം അഭികാമ്യമല്ലാതെ വരുമ്പോള്‍ അവരും പ്രവാസികളോടു കൂടിച്ചേര്‍ക്കപ്പെടുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ന്ന സാമൂഹ്യ അരക്ഷിതാവസ്ഥയില്‍ വൃദ്ധരായവര്‍ തനിച്ചാവുകയും തനിച്ചുള്ള ജീവിതം അരോചരകവും സുരക്ഷിതത്വരഹിതവുമാകുമ്പോള്‍ ഉയര്‍ന്നു വരുന്ന പ്രത്യാശയാണ് വൃദ്ധ സദനം.
അങ്ങനെ ‘ സ്നേഹഭവന്‍ ‘ എന്ന വൃദ്ധ സദനത്തിലെത്തുന്ന കഥാനായിക അവിടെ വച്ച് സമാന ദു:ഖിതനായ മറ്റൊരു മധ്യവയസ്ക്കനെ ( ചുള്ളിക്കാട് ) പരിചയപ്പെടുകയും സൗഹൃദത്തിന്റെ പാരമ്യതയില്‍ തന്റെ പ്രതീക്ഷ അവിടെ ഇറക്കിവയ്ക്കുകയും ചെയ്യുന്നു.
തന്റെ മകന്‍ അമേരിക്കയില്‍ നിന്നു വരുമ്പോള്‍ തന്നെ കൂട്ടിക്കൊണ്ടു പോകുമെന്നുള്ള പ്രത്യാശയാണ് അവര്‍ക്കുള്ളത്. അത് തെറ്റിയില്ല. ഒരു നാള്‍ മകന്‍ അമ്മയെ കൂട്ടിക്കൊണ്ടു പോകുന്നു. ഇതിനോടകം അന്തേവാസികളുമായി പ്രത്യേകിച്ച് മദ്ധ്യവയസ്കനായ മാഷുമായി ആഴത്തിലുള്ള അടുപ്പവും ഹൃദയ ബന്ധവും കൈവരുന്ന അവര്‍ തികഞ്ഞ മനോ വേദനയോടെയാണ് കടന്നു പോകുന്നത്.
കഥ അവിടെ തീരുന്നില്ല. ഏറെ നാളുകള്‍ക്കു ശേഷം സ്നേഹഭവനിലെ അന്തേവാസിയായ മാഷ്ക്ക് ഒരു ഫോണ്‍ കോള്‍ വരുന്നു അത് ഇപ്രകാരമാണ്.
‘’ ഞാന്‍ അവിടേയ്ക്കു വരുന്നു. അന്ന് എന്റെ മകന്റെ കൂടെ ഒരു മദാമ്മയുണ്ടായിരുന്നില്ലേ അവന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയായിരുന്നു. ആ അത് സാരമില്ല വേറൊരു സംസ്ക്കാരവും ജീവിത രീതികളുമായി നടക്കുന്ന ഇവര്‍ക്കിടയില്‍ ഞാനൊരു ബുദ്ധിമുട്ടാവാന്‍ താത്പര്യപ്പെടുന്നില്ല മാഷേ… സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുന്നതല്ലേ നല്ലത് കുറെയേറെ നിര്‍ബന്ധത്തിനു ശേഷം അവന്‍ സമ്മതിച്ചു അങ്ങോട്ടു വരാന്‍ ഒന്നുമില്ലെങ്കിലും നാട്ടില്‍ക്കിടന്ന് മരിക്കുകയെങ്കിലും ചെയ്യാമല്ലോ എന്താ മാഷൊന്നും മിണ്ടാത്തത്?’‘
മാഷ്ക്ക് ഹൃദയത്തില്‍ ആനന്ദം തിരതല്ലുകയായിരുന്നു.
ഇത് കഥയ്ക്കുള്ളിലെ കഥയല്ല സാക്ഷാല്‍ ജീവിതത്തിനുള്ളിലെ കഥയാണ്. സത്യത്തില്‍ കഥാകാരി കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടൂ തന്നെ സുഖകരമായ ഒരു വായനാ -ദൃശ്യാനുഭവം അനുവാചകര്‍ക്ക് നല്‍കുന്ന ഒരു കഥയാ( ഹ്രസ്വ ചിത്ര) ണിത്.
കാലം ന്യൂജനറേഷനാണ്. ഭാര്യാ- ഭര്‍തൃ ജീവിതം പോഷ് നഗരങ്ങളിലെ ഫ്ലാറ്റിനുള്ളില്‍ സമയമില്ലായ്മയുടെ സൂചിമുനയില്‍ ഹോമിക്കപ്പെടുന്നു. വൈകാരിക തീവ്രതയുടെ ആഴം തണുത്ത് മരവിച്ച് ശോഷിച്ചിരിക്കുന്നു. കാലഘട്ടത്തിന്റെ ഈ ദൈന്യാവസ്ഥയില്‍ അന്യവല്‍ക്കരിച്ചുപോകുന്നതായാണ് വയോജനങ്ങളുടെ പരിദേവനങ്ങള്‍. ഇതൊരു ആഗോള മൂല്യച്യുതിയുടെ ഭാഗമാണെന്നോ മാറിയ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്നോ മറ്റോ വിശേഷിപ്പിക്കാം. വികസിത രാജ്യങ്ങള്‍ ചില അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ശക്തമായ നിയമനിര്‍മ്മാണം കൊണ്ടു വന്നും വൃദ്ധരുടെ സമൂഹ്യ സുരക്ഷിതത്വം സംരക്ഷിച്ചു പോരുന്നു എങ്കിലും അശാന്തിയുടെ കരിനിഴല്‍ എല്ലായിടത്തും കാണുവാന്‍ സാധിക്കും. വികസിത രാജ്യങ്ങളില്‍ 4- 6 ശതമാനം വൃദ്ധരാണ് വീടുകളില്‍ മനോവേദനയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്നത്.
ലോകത്തിന് പ്രായമേറുകയാണ്. ഇന്നു ലോക ജനസംഖ്യയുടെ 20 ശതമാനം 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 81 ആകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വൈദ്യശാസ്ത്രത്തിലുണ്ടായ അത്ഭുത പൂര്‍വ്വമായ വളര്‍ച്ച മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തെ ക്രമാധികം ഉയര്‍ത്തുകയും മരണനിരക്കില്‍ വര്‍ദ്ധിച്ച തോതിലുള്ള കുറവ് വരുത്തുകയും ചെയ്തു. തന്മൂലം വൃദ്ധജനങ്ങള്‍ ക്രമാധീതമായി അധികരിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു സാമൂഹ്യപരമായ ബാധ്യതയാക്കാതെ വളരുന്ന തലമുറയ്ക്കുള്ള മാര്‍ഗദര്‍ശിത്വമാര്‍ന്ന മാനുഷ്യ വിഭവശേഷി സ്ത്രോതസായി പരിഗണിക്കപ്പെടണം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 65 വയസ്സിനു മുകളില്‍ വരുന്നവരുടെ എണ്ണം അഞ്ചുവയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുമെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു . അതുപോലെ 2060 ആകുമ്പോഴേക്കും 80 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം മാത്രം 40 കോടി വരുമെന്ന് കണക്കുകള്‍ പറയുന്നു. ഈ ഭീമമായ വയോജനസംഖ്യയുടെ മാനസ്സികാരോഗ്യം സംരക്ഷിക്കുന്നതില്‍ ഓരോ പൗരന്മാര്‍ക്കും സര്‍വ്വോപരി രാഷ്ട്രത്തിനു തന്നെയും ചുമതലയുണ്ട്. ഒരായുഷ്ക്കാലം കൊണ്ടു നേടിയ അനുഭവപ്രക്രിയയിലൂടെയുള്ള അമൂല്യമായ വൈജ്ഞാനിക ശേഷി വളരുന്ന തലമുറയ്ക്കു പകര്‍ന്നു നല്‍കാനുള്ള സ്ഥിതി സാഹചര്യമാണ് മുതിര്‍ന്ന പൗരന്മാരില്‍ നിന്നും ഉണ്ടാക്കേണ്ടത്.
‘’ വയസ്സാലുളവാകുന്ന മനസിന്റെ പരിപക്വത ബുദ്ധിയോ വിദ്യയോ കൊണ്ടു സിദ്ധമായ് വരികില്ലതാന്‍’‘ ( കെ. സി കേശവീയം) എന്നാണല്ലോ കവിമൊഴി.
ഇസ്ലാമീക ദാര്‍ശനീകചര്യ മാതാപിതാക്കന്മാരോടു കരുണകാണിക്കണമെന്നു പ്രഘോഷിക്കുന്നു. അവരോടുള്ള കടമ ആദരപൂര്‍വ്വം നിര്‍വഹിക്കപ്പെടുമ്പോഴാണ് സ്വര്‍ഗ്ഗപ്രവേശം സുസാദ്ധ്യമാകുന്നത്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് സര്‍വ്വനാശമാണെന്ന് പ്രവാചകന്‍ ഊന്നിപ്പറയുന്നു.
‘’ തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നു മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടു പേരും തന്നെയോ നിന്റെയടുക്കല്‍ വച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ നീ ‘ ഛേ’ എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്ക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണമേ എന്നു നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക..’‘ ( 17: 23, 24 )
ഇതാണ് വിശുദ്ധ ഖുറാനിന്റെ നിലപാട്. മാതാപിതാക്കളോടു നന്മ ചെയ്യുക, അവരുടെ അപ്രീതിയ്ക്കു കാരണമാകാതെ ഉത്‍കൃഷ്ട വ്യക്തിയായി ജീവിക്കുക എങ്കില്‍ ആ സേവനം ദൈവമാര്‍ഗ്ഗത്തിലേക്കുള്ള സ്വാര്‍പ്പിതത്തേക്കാളും ധര്‍മ്മ സമരത്തേക്കാളും ഉത്തമമായിരിക്കുമെന്നാണ് വ്യാഖ്യാനിക്കുന്നത്. ഒരിക്കല്‍ പ്രവാചക സദസ്സിലേക്ക് ഒരാള്‍ കടന്നു വന്ന് ഏറെ മെച്ചപ്പെട്ട സഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെന്ന് ആരാഞ്ഞപ്പോള്‍ പ്രവാചകന്റെ മറുപടി ‘’ നിന്റെ മാതാവ്’‘ എന്നായിരുന്നു. മൂന്നു തവണ ആ ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഉത്തരത്തിന് മാറ്റമുണ്ടായില്ല. എന്നാല്‍ നാലാം തവണ ചോദിച്ചപ്പോഴാണ് ‘’ നിന്റെ പിതാവ്’‘ എന്ന് മറുപടി കിട്ടിയത്. ഇത് അന്വര്‍ത്ഥ്വമാക്കുന്നത് നൊന്തു പ്രസവിച്ച മാതാവിന്റെ വിവരണാധീതമായ മഹത്വമാണ് . ഈ മതത്വത്തെയാണ് ആധുനിക കാലഘട്ടത്തില്‍ വൃദ്ധ സദനങ്ങളില്‍ തള്ളി വിടുന്നത്. ഇത് കൊടിയ പാപമാണ്. അതീവ നിന്ദ്യമണ്. ഈ മനോഭാവം മാറണം. ഇന്ത്യയില്‍ , 60 വയസ്സിനു മുകളിലുള്ള മാതാപിതാക്കളെ മതിയായ രീതിയില്‍ പരിചരിക്കാത്ത മക്കള്‍ക്ക് 2007 -ല്‍ പാര്‍ലമെന്റ് പാസാക്കിയ വൃദ്ധജന സംരക്ഷണ നിയമപ്രകാരം മൂന്നു മാസത്തെ തടവു ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തിയിട്ടും മേല്‍പ്പറഞ്ഞ നിന്ദ്യപ്രവര്‍ത്തിയ്ക്ക് യാതൊരു കുറവുമില്ല എന്നതാണ് ഏറെ ദയനീയം.
വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മോഹിനി ഗിരി അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ദേശീയ വയോജന നയം രൂപപ്പെടുന്നത്. അറുപതു വയസു കഴിഞ്ഞ വയോജനങ്ങളുടെ സാമൂഹിക സാമ്പത്തിക ആരോഗ്യ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കണമെന്നു ചൂണ്ടിക്കാട്ടി അനവധി ശുപാര്‍ശകളാണ് മോഹിനി ഗിരി സമിതി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തിലെ എല്ലാ മുതിര്‍ന്ന പൗരന്‍മാരേയും ഗാന്ധി വാര്‍ദ്ധക്യ പെന്‍ഷന്‍ സമിതിയുടെ പരിധിയില്‍ കൊണ്ടു വരണമെന്നും മിനിമം പ്രതിമാസ വാര്‍ദ്ധക്യ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തണമെന്നും മറ്റും സമിതിയുടെ കാതലായ ശുപാര്‍ശയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിത നിക്ഷേപങ്ങള്‍ക്കായി അവസരം ഒരുക്കുക, ആദായനികുതി വിമുക്തരാക്കുക, പൊതുവിതരണ ശൃംഗലയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ സാമ്പത്തീക സുരക്ഷാ ക്രമീകരണങ്ങളും പി. എച്ച്. സി കളിലൂടെയും ആശാപ്രവര്‍ത്തകരിലൂടെയും മറ്റും മുതിര്‍ന്ന പൗരന്മാരെ ആറാറു മാസം വൈദ്യപരിശോധനയ്ക്കു വിധേയരാക്കുകയും അവരുടെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി എഴുതി സൂക്ഷിക്കുകയും വേണം. ചലന ശേഷി കുറവുള്ള വയോജനങ്ങളുടെ വീടുകളില്‍ ചെന്ന് വൈദ്യപരിശോധന നടത്തണം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സഹായത്തോടെ സാന്ത്വന ചികിത്സയും ശ്രുശ്രൂഷയും ( ജെറിയാട്രിക്സ്) മറ്റും നടപ്പിലാക്കേണ്ടതാകുന്നു. ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും വയോജനങ്ങള്‍ക്കെതിരായ പീഢനം ചൂഷണം എന്നിവ നേരിടാനുള്ള കര്‍ക്കശ നിയമങ്ങള്‍ കൊണ്ടു വരണം. പോലീസിന്റെ സഹായത്തോടെ വൃദ്ധജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കണം. മുതിര്‍ന്ന പൗരന്മാരുടെ മാനസികോല്ലാസം മുന്‍ നിര്‍ത്തി സാംസ്ക്കാരിക സംരംഭങ്ങള്‍ പഞ്ചായത്തുകള്‍ തോറും നടപ്പിലാക്കണം. വയോജനങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് സഹായമെത്തിക്കാനായി പ്രാദേശിക തലത്തില്‍ സംവിധാനം ആരംഭിക്കണം. വിവിധ ഭവനനിര്‍മ്മാണ വായ്പ്പകളില്‍ താഴ്ന്ന വരുമാനക്കാരായ വയോധികര്‍ക്ക് മുന്‍ ഗണന നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുകൂടാതെ സഞ്ചരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ബസ്സ്റ്റേഷന്‍, റയില്‍വേ, വിമാനത്താവളം എന്നിവടങ്ങളില്‍ വയോധികര്‍ക്ക് ക്ലേശരഹിതമായി ചെല്ലാനുള്ള സൗകര്യം ഉണ്ടാക്കണം. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനു കീഴില്‍ വയോധികര്‍ക്ക് മാത്രമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുകയും വേണം തുടങ്ങിയ ഉല്‍കൃഷ്ട സാമൂഹ്യ സുരക്ഷാ ക്രമീകരണങ്ങളും മോഹിനി ഗിരി സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു.
ഇന്ത്യയേപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ അഴിമതിയധിഷ്ടിതമായ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്ഥിതി സമത്വ സുന്ദരമായ ദേശീയ വയോജന നയം എത്രകണ്ട് താഴെത്തട്ടുവരെ നടപ്പിലാകുമെന്നത് കാത്തിരുന്നു കാണേണ്ട പൂരമാണ്. രാഷ്ട്രത്തിന്റെ ഈയൊരു ദയനീയ പരിമിതി വയോജനശക്തീകരണത്തിലൂടെയും സംഘടനാ പിന്‍ബലത്തോടെയും മറ്റും മറികടക്കാനുള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യപ്രവര്‍ത്തകരുടേയും മുതിര്‍ന്ന പൗരന്മാരുടേയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. എങ്കില്‍ മാത്രമാണ് ഭാരതീയ വയോജനസമൂഹത്തിന് ശാന്തിയും സമാധാനവും ഉണ്ടാകുന്നത്.
ശ്രീമതി ഇന്ദിരയേപ്പോലെയുള്ള അനവധി കഥാകൃത്തുക്കള്‍ വാര്‍ദ്ധക്യത്തെക്കുറിച്ചും വാര്‍ദ്ധക്യകാലത്തെ ഒറ്റപ്പെടലിനെക്കുറിച്ചു വാവിട്ട് വിലപിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ വിശപ്പും ജന്മിത്വവുമൊക്കെയായിരുന്നു കഥാതന്തുക്കളായി കഥാകാരന്റെ ഹൃദയത്തെ മദിച്ചിരുന്നെങ്കില്‍ ഇന്ന് വാര്‍ദ്ധക്യവും മൂല്യച്യുതിയുമൊക്കെയാണ് . കാലം സ്വാഭാവേന കൊണ്ടു വരുന്ന സമൂല മാറ്റത്തില്‍ കഥാകാരനും പങ്കാളിയാകുന്നു. അതുകൊണ്ടു തന്നെയാണ് പ്രമേയത്തിലെ തീവ്രസൗഹൃദ വികാരം കൊണ്ടും വിരഹവ്യഥകൊണ്ടും , ശ്രീമതി ഇന്ദിരയുടെ ‘’ ആലുവാപ്പുഴയുടെ തീരത്ത്’‘ ശ്രദ്ധേയമാകുന്നത്. കാലിക പ്രസക്തമായ ഒരു വികാരം വളരെ തന്മയത്വത്തോടെ തികച്ചും മൗലീകമായ ഒരു കിളിക്കൂടുണ്ടാക്കി അതില്‍ ചേക്കേറിയിരിക്കുകയാണ്. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍- അതൊരു ഭീതിമത്തായ അവസ്ഥയാണ്. ഒറ്റപ്പെടലിലെ ഏകാന്തത സൗഹൃദങ്ങളില്‍ വിലയം പ്രാപിക്കുമെന്നത് ഒരു മന:ശാസ്ത്ര വസ്തുതയാണ് ആ സൗഹൃദത്തിന്റെ സൗമ്യതലങ്ങളിലേക്ക് ‘’ ആലുവാപുഴയുടെ തീരത്ത്’‘ നമ്മളെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ അവരുടെ പരിവേദനങ്ങളുമായും ആകുലതകളായും നമ്മള്‍ താദാത്മ്യം പ്രാപിക്കുന്നു. രാഷ്ട്രം മേല്‍പ്പറഞ്ഞ പ്രകാരം യുക്തിപരമായി ആകുലതകളില്‍ ഇടപെട്ട് വയോധികരുടെ വ്യാകുലതകള്‍ പരിഹരിക്കട്ടെയെന്നും ശ്രീമതി ഇന്ദിരയ്ക്ക് ഇനിയും അനവധി കഥകളെ ഗര്‍ഭം ധരിക്കാനുള്ള സൗഭാഗ്യം ഈശ്വരന്‍ നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
Generated from archived content: essay1_feb28_13.html Author: nazarrawether
Click this button or press Ctrl+G to toggle between Malayalam and English