എഴുത്തുകാരന് മുന്നേ പ്രഭാഷകനായി മാറിയ അഴീക്കോട്…

അഴീക്കോട് വിടവാങ്ങിയിട്ട് ഒരു വര്‍ഷം

2012 ജനുവരി 25 ബുധനാഴ്ച കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്ത് തണുത്തുമരവിച്ച സാഗരനീലിമയുടെ അനശ്വര തീരത്ത് ജ്വലിക്കുന്ന സായാഹ്ന സൂര്യന്റെ അരുണിമയില്‍ ഒരു നൂറായിരം പ്രിയപ്പെട്ടവരെ ശോക കയത്തിലാക്കി മലയാളത്തിലെ ഒരു യുഗപ്രതിഭയുടെ ദേഹം അഗ്നിയുടെ വിശുദ്ധിയിലേക്ക് വിലയം പ്രാപിക്കുകയായിരുന്നു. ആധുനിക നിരൂപണ സാമ്രാജ്യത്തിലെ കുലപതി, ദാര്‍ശ്ശനിക പ്രഭാഷണകലയുടെ ആചാര്യന്‍, പ്രതിഭാധനനായ സാമൂഹ്യ വിമര്‍ശകന്‍, അതീവ ധീഷണശാലിയായ അഭിവന്ദ്യ ഗുരു എന്നിങ്ങനെയെല്ലാമായ കര്‍മ്മമേഖലകളില്‍ ലബ്ധപ്രതിഷ്ഠനായിരുന്ന വാഗ്ദേവതയുടെ പുരുഷാവതാരം ഭൂമിമലയാളത്തിലെ തന്റെ അവതാര ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കി അനന്തവിഹായസുകള്‍ക്കപ്പുറം ഏതോ അജ്ഞാത ലോകത്തേക്കു പറന്നു പോയി. സഹസ്രാബ്ദങ്ങള്‍ നീളുന്ന വരും തലമുറക്ക് ചരമഗീതം കുറിയ്ക്കപ്പെടാതെ മലയാള ഭാഷ നിലനില്‍ക്കുന്നിടത്തോളം കാലം സുവര്‍ണ്ണാക്ഷരക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ ആ വിസ്മയ സാഹിതീ നിര്‍മ്മിതികള്‍ ഒരു ഉത്തമ ബൗദ്ധിക ശേഷിപ്പുകളായി സ്മരണ സ്തംഭങ്ങള്‍ തീര്‍ത്ത് കൈരളിയുടെ ഹൃത്തടത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുമെന്നതില്‍ സംശയം വേണ്ട.

1926 മെയ് മാസം 26- ആം തീയതി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയില്‍ നിത്യാനന്ദാലയത്തില്‍ പനങ്കാവില്‍ വിദ്വാന്‍ പി.ദാമോദരന്റേയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും നാലാമത്തെ സന്താനമായിട്ടാണ് മേടമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കെ. ടി സുകുമാരന്‍ ജനിച്ചത്. അക്കാലത്ത് അഴീക്കോട് ഗ്രാമത്തിന്റെ ചുറ്റുവട്ടത്ത് സംസ്കൃതത്തില്‍ അവഗാഹം നേടിയ ഏക വ്യക്തിയെന്ന നിലയില്‍ വിദ്വാന്‍ പി. ദാമോദാരനെ ഏറെ ആദരിക്കപ്പെട്ടിരുന്നു. പിതാവിന്റെ ഈയൊരു വിദ്യാധനമഹത്വം സമൂഹത്തിലെ സവര്‍ണാവര്‍ണ ഭേദങ്ങളെ കരുതലോടെ ഭേദിക്കാനും തദ്വരാ വൈജ്ഞാനികപരമായ വ്യക്തിവികാസങ്ങള്‍‍ അതിന്റെ ഉന്നത ശ്രേണിയില്‍ തന്നെ ആര്‍ജ്ജിക്കുവാനും കെ. ടി സുകുമാരനു സാധിച്ചു. 1946 -ല്‍ ബി. കോം ബിരുദവും , മലയാളത്തില്‍ ബി. ടിയും , 1955 -ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം. എ യും 1958-ല്‍ സംസ്കൃതത്തില്‍ മറ്റൊരു എം. എ യും 1981 -ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിക്കൊണ്ടാണ് സുകുമാരന്‍ തന്റെ ഔപചാരിക വിദ്യാഭ്യാസത്തിനു വിരാമം കുറിച്ചത്.

വിദ്യാഭ്യാസ വിചക്ഷണനും കര്‍മ്മോത്സുകനുമായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകള്‍ കൊണ്ട് അനുഗ്രഹീതവും , ധന്യവുമായ അക്ഷരമുറ്റമാണ് കാലിക്കറ്റ് സര്‍വകലാശാല. 1971 – ല്‍ മലയാള വിഭാഗം അധ്യക്ഷനായും തുടര്‍ന്ന് 1974 മുതല്‍ 78 വരെ പ്രൊ വൈസ് ചാന്‍സലറായും അദ്ദേഹം അവിടെ തിളങ്ങി. ആത്മാര്‍ത്ഥ സുഹൃത്തായിരുന്ന സാനുമാഷിന്റെ ശുപാര്‍ശയില്‍ 1965 മുതല്‍ ഒരു വ്യാഴവട്ടക്കാലം സാഹിത്യ പരിഷിത്തിന്റെ അദ്ധ്യക്ഷപദവി അലങ്കരിക്കുകയും, തുടര്‍ന്ന് 1993 ല്‍ നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിനു സമക്ഷം വന്നെത്തി.

മലയാളിയുടെ വികാര വിചാര ശീലങ്ങളില്‍ നവ്യോര്‍ജ്ജം പകര്‍ന്നുകൊണ്ട് കാലദേശങ്ങളിലൂടെ ഗതിവേഗേന സഞ്ചരിച്ചുകൊണ്ടിരിക്കെ എപ്പോഴോ ആണ് കെ. ടി സുകുമാരന്‍ , കേരളത്തിന്റെ പ്രിയപ്പെട്ട ‘’ സുകുമാര്‍ അഴീക്കോട്’‘ എന്ന നാമവാഹകനായി അറിയപ്പെടുന്നത് . തന്റെ പ്രാരംഭരചനകളില്‍ കെ. ടി സുകുമാരന്‍ എന്നും സുകുമാരന്‍ പൂതപ്പാറ എന്നുമൊക്കെയായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നീട് അഴീക്കോട് എന്ന തന്റെ മാതൃഗാമത്തില്‍ നിന്നും മൂത്തകുന്നത്തേക്ക് ഔദ്യോഗികാര്‍ത്ഥം എത്തിയപ്പോള്‍‍ ഗ്രാമാത്മകമായ ഗൃഹാതുരത്വ വികാരമാകാം ആ സ്ഥലപ്പേരിനെ തന്റെ പേരിനൊപ്പം വിളക്കിച്ചേര്‍ക്കാന്‍ കാരണമായെതെന്നു തോന്നുന്നു. മൂത്തകുന്നം എന്‍.എസ്.എം ട്രയിനിംഗ് കോളേജിന്റെ മൂന്നാമത്തെ പ്രിന്‍സിപ്പലായി 1962 -ല്‍ ജൂണ്‍ മാസത്തില്‍ ചുമതലയേറ്റ ശേഷം അതുവരെ അറിയപ്പെട്ടിരുന്ന കെ. ടി സുകുമാരന്‍ എന്നതിനു പകരം 1963 ജൂണ്‍ 24 ന് കോളേജ് രജിസ്റ്ററില്‍ ‘ സുകുമാര്‍ അഴീക്കോട്’ എന്നെഴുതിയാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. അന്നു മുതല്‍ക്കാകണം ‘ സുകുമാര്‍ അഴീക്കോട്’ എന്ന അനശ്വരനാമം ഓരോ മലയാളികള്‍‍ക്കുമിടയില്‍ ചിരപ്രതിഷ്ഠ നേടിയത് . താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തെ തന്റെ പേരിനോടൊപ്പം കൊണ്ടു നടന്ന് തനിക്കു ലഭിച്ച യശഃസും കീര്‍ത്തിയും ആ ഗ്രാമത്തിനു കൂടി പകര്‍ന്ന് മലയാള സാഹിത്യ ഭൂപടത്തില്‍ അഴീക്കോട് എന്ന ഗ്രാമത്തെ സുവര്‍ണ്ണലിപികളില്‍ ജ്വലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ വസ്തുത തന്റെ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം സ്മരിക്കുന്നത് ഇപ്രകാരമാണ് ‘’ …സത്യം ഞാനിന്നും അഴീക്കോടുകാരനാണ് .ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോടും ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ ‘ നിത്യ സന്നിഹിതന്‍’ ആണ്. എന്റെ പേരിന്റെ കൂടെ അഴീക്കോട് എന്ന ദേശനാമം ഘടിപ്പിച്ചതുകൊണ്ട് പറയുകയല്ല. ഇന്നെന്റെ ഔദ്യോഗിക നാമം തന്നെ ‘സുകുമാര്‍ അഴീക്കോട്’ എന്നാണ്. കെ. ടി സുകുമാരന്‍ എന്ന സുകുമാര പദം മാഞ്ഞുപോയിട്ട് കൊല്ലം ഏറെയായി. എന്റെ പേരിന്റെ പ്രാണാംശമായ അഴീക്കോട് എന്നെ ഉണ്ടാക്കിയെടുത്ത ശക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഈ നാമ പരിഷ്ക്കരണം ജന്മദേശത്തോടുള്ള എന്റെ കൃതജ്ഞതാ സമര്‍പ്പണവും ആരാധനയുമാണെന്ന് തെളിഞ്ഞു വരുന്നു…’‘

ശ്രീ. സുകുമാര്‍ അഴീക്കോടിനെ വൈജ്ഞാനിക ഭണ്ഡാഗാരമാക്കി രൂപപ്പെടുത്തിയതിനു മുമ്പില്‍ പ്രഥമ പ്രേരക ശക്തി സ്വന്തം പിതാവായ വിദ്വാന്‍ പി. ദാമോദരനായിരുന്നു. സംസ്കൃതത്തില്‍ അതീവ വിജ്ഞാനിയായ അദ്ദേഹത്തിന്റെ പ്രേരണക്കു വഴങ്ങിയാണ് അഴീക്കോട് ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലെ ഫോര്‍ത്ത് ഫോമില്‍ സംസ്കൃതം പഠിച്ചത്. അന്ന് അദ്ദേഹത്തിന്റെ സംസ്കൃതം ഗുരുനാഥന്‍ പാണ്ഡിത്യം കൊണ്ട് വിളങ്ങി നിന്ന കൃഷ്ണമാരാര്‍ മാസ്റ്ററായിരുന്നു. സുകുമാരനില്‍ അന്തര്‍ലീനമായിരുന്ന അഴീക്കോടെന്ന മഹാപ്രതിഭയുടെ ഒരു വലിയ ചാലകശക്തിയായിരുന്നു ആ സംസ്കൃതാദ്ധ്യാപകന്‍. എന്നാല്‍ ഗുരുക്കാന്മാരില്‍ പ്രഥമസ്ഥാനീയന്‍ കെ. അച്യുതന്‍ നായരാണ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യവും പ്രാസംഗിക വൈഭവവും നര്‍മ്മ സംഭഷാണവുമാണ് ശ്രീ അഴീക്കോടിനെ ഹഠാദാകര്‍ഷിച്ചത്. ആശാന്റെ വീണപൂവ് പഠിപ്പിച്ച മറ്റൊരു അദ്ധ്യാപകനായ എം. ടി. കുമാരന്‍ അഴീക്കോടിന് ‘ ഹീറോ’ യാണ്. കാരണം അദ്ദേഹത്തിന്റെ പ്രഭാഷണകലയിലെ ചാതുര്യം, വാക്കുകളിലെ മിതത്വം, രസികത്വം, വാഗ്മിത്വം അത്രമേല്‍ പ്രചോദനകരവും ആകര്‍ഷണീയവുമായിരുന്നു. വാഗ്ഭടാനന്ദഗുരുവിന്റെ പ്രിയ ശിഷ്യനായ കുമാരന്‍ മാസ്റ്ററായിരിക്കണം അഴീക്കോടിനെ വാഗ്ഭടാനന്ദഗുരുവിലേക്ക് ആകര്‍ഷിച്ചത്. ആ ആകര്‍ഷണമാണ് അഴീക്കോടിന്റെ ജ്ഞാനദൃഷ്ടിയുടെ അകക്കണ്ണ് തുറപ്പിച്ചത്. ഉപനിഷത്ദര്‍ശനങ്ങളുടെ മറുലോകത്തേയ്ക്ക് മലയാളത്തിന്റെ പ്രിയ വാഗ്മിയെ നടത്തിക്കൊണ്ടുപോയ ഒരു അന്യാദൃശ്യമായ ബന്ധമായിരുന്നു അവിടെ തുടങ്ങിയത്. പിന്നീട് ഒരു വ്യാഴവട്ടക്കാലം ആ വിജ്ഞാന നദിയുടെ ഭാഗമായി അദ്ദേഹം ഒഴുകി…

ശ്രീ സുകുമാര്‍ അഴീക്കോടിനെ ഇതര സാഹിത്യകാരന്മാരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന അദ്ദേഹത്തിന്റെ മാത്രം മൗലീക സവിശേഷതയാണ് വൈജ്ഞാനിക പ്രഭാഷണ സ്വഭാവം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു തരം ‘ ആത്മപ്രകാശനമാണ്‘ പ്രസംഗം. ഗാന്ധിജിയുടെ സൂക്ഷ്മത, വാഗ്ഭടന്റെ ധീരത, പാമ്പന്‍ മാധവന്റെ ഫലിതം, എം. ടി കുമാരന്റെ ക്ഷോഭപരിഹാസങ്ങള്‍,‍ ബ്രഹ്മവ്രതന്റെ വികാരം ഇവയുടെ തന്മയത്വ സമന്വയമായിരുന്നു ശ്രീ അഴീക്കോട് മാഷുടെ പ്രഭാഷണ ശൈലി. തന്റെ കുറിയ ദേഹത്തെ വായുവില്‍ പ്രകമ്പനത്തിനായി വിട്ട് എന്തോ തിരയുന്ന വിരലുകളിലൂടെ വാക്കുകളെ ആവാഹിച്ച് മന്ത്ര സ്ഥായിയില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ ചെന്നു ചേരുന്ന ആരോഹണ ദീക്ഷയില്‍ വാക്കുകളെ വികാരവത്താക്കി തല ചെരിച്ചു പിടിച്ച് അദ്ദേഹം ലോകത്തേക്ക് പടിപടിയായി കയറും. അതാണ് പ്രസംഗത്തിലെ അഴീക്കോടന്‍ ശൈലി. വേദവും വിദ്യാഭ്യാസവും രാഷ്ട്രീയവും കേസരിയും വിവേകാനന്ദനും ഉപനിഷത്തും പുരോഗമനസാഹിത്യവും എന്നു വേണ്ട സമസ്തമേഖലകളേയും സ്പര്‍ശിച്ചുകൊണ്ട് കടന്നു പോകുന്ന പ്രഭാഷണ പ്രവാഹം മൈതാനത്ത് തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പര സഹസ്രം ജനങ്ങളെ സ്തംഭിതരാക്കിക്കളയുമെന്നതാണ് ആ വാഗ്മിത്വത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘’ഓരോ പ്രസംഗത്തില്‍ നിന്നും എനിക്കു കിട്ടുന്ന ഊര്‍ജ്ജമാണ് എന്റെ ആരോഗ്യം. പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖഭാവം കാണുമ്പോള്‍ എനിക്കുണാകുന്ന അനുഭൂതിയില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ കരുത്തനാകുന്നത്’‘ കണ്ണൂര്‍ ടൗണിലുള്ള ഒരു മാടക്കടയുടെ മറവില്‍ 1945 ഏപ്രില്‍ പതിന്നാലിനു വന്ന ഒരു ആശാന്‍ ദിനത്തില്‍ പത്തുപതിനെട്ടാളുകളുള്ള ഒരു സദസ്സിനെ അഭിമുഖീകരിച്ചു നടത്തിയ പ്രസംഗമായിരുന്നു ആ പ്രഭാഷണപ്രതിഭയുടെ പ്രഥമ പ്രഭാഷണമായി രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ പ്രഥമ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറ്റം കുറിച്ചത് ‘ഉപനിഷത്തും നവീന മനോ വിജ്ഞാനവും ‘ എന്ന വിഷയത്തെ അധികരിച്ച് 1949 -ല്‍ ഗുരുവായൂരിലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വാഗ്ഭടാനന്ദ സ്വാമികളില്‍ നിന്നും പകര്‍ന്നു കിട്ടിയ രാമായണം, ഭഗവവത് ഗീതാ ദര്‍ശനം,‍ ജ്ഞാനപ്പാന, നാരായണീയം ഇത്യാദികളെല്ലാം പരീക്ഷിച്ചുനോക്കാനുള്ള ഒരു ദാര്‍ശനിക വേദിയായിരുന്നു ഗുരുവായൂര്‍ പരിസരം. തുടര്‍ന്നങ്ങോട്ട് വര്‍ഷത്തില്‍ 328 എന്ന കണക്കിന് ഇതിനോടകം പതിനായിരത്തിലേറെ പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുള്ളതായി രേഖപ്പെടുത്തിക്കാണുന്നു. ശ്രോതാക്കള്‍ക്ക് ഓരോ പ്രസംഗവും നവ്യമായ അനുഭവമായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ പിതാവിന്റെ കൂടെ പ്രസംഗമണ്ഡപങ്ങളിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തെ പ്രസംഗജ്വരം പിടി കൂടുന്നത്. പിന്നെ വാഗ്ഭടാനന്ദന്‍ സ്വാമി ബ്രഹ്മവ്രതന്‍ എം. ടി കുമാരന്‍ പാമ്പന്‍ മാധവന്‍ എന്നിവരുടെ ഉത്തേജന സ്വാധീനത്താല്‍ ആ ജ്വരം വളര്‍ന്ന് ശക്തിപ്പെട്ട് പ്രാസംഗിക കലയുടെ ഉജ്ജ്വല നക്ഷത്രമായും ദാര്‍ശനീകാചാര്യനായും വളരാന്‍ ശ്രീ അഴീക്കോടിനെ സാധിപ്പിച്ചു.

‘ എഴുത്തുകാരനാകും മുമ്പ് ഞാന്‍ പ്രഭാഷകനായി എന്നാണ് ശ്രീ അഴീക്കോടിന്റെ മതം. എഴുത്തുകാരനായ അഴീക്കോട് മാഷേക്കാള്‍ ഒരു പക്ഷെ കേരള ദേശം സ്വീകരിച്ചത് പ്രാസംഗികനായ അഴീക്കോട് മാഷെയാണ്. മലയാള സാഹിത്യത്തിന് കനത്ത മുതല്‍ക്കൂട്ടായ ഏതാനും നിരൂപണ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1945 -ല്‍ 4 രൂപ പ്രതിഫലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഥമകാല്‍ വയ്പ്പ്. 1948 – ല്‍ തൈത്തരീയോപനിഷത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ആദ്ധ്യാത്മിക പ്രബന്ധം രചിച്ചു. തുടര്‍ന്നങ്ങോട്ട് നിരൂപണമേഖലയെ ദാര്‍ശനീകവല്‍ക്കരിച്ച മഹത് ഗ്രന്ഥങ്ങളാണ് ആ തൂലികയില്‍ നിന്നും ഉദ്ഭൂതമായത്. അവയില്‍ അദ്ദേഹത്തിനേറ്റവും പ്രിയമായത് തന്റെ 28- ആം വയസില്‍ രചിച്ച ആശാന്റെ സീതാകാവ്യമാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘ പതിറ്റാണ്ടുകളായി നടത്തിയ അക്ഷരകൃഷിയുടെ കന്നിവിളയാണ് ആശാന്റെ സീതാകാവ്യം’‘ അറുപതുകളില്‍ മൂത്തകുന്നം ട്രയിനിംഗ് കോളേജിലെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തു വിരചിതമായ കൃതിയാണ് ‘ ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ വെന്നത്. അഴീക്കോടുമൊത്തുള്ള ഒരു ബസ് യാത്രക്കിടയില്‍ കുട്ടികൃഷ്ണമാരാരാണ് ആ ഗ്രന്ഥത്തിന് പ്രസ്തുത ശീര്‍ഷകം നല്‍കിയത്. ജി യുടെ ‘ സാഗരതീരം’ ശ്രീ അരവിന്ദ ഘോഷിന്റെ ‘ സാഗര്‍ ഗീഥ്’ എന്ന കൃതിയുടെ തനിപ്പകര്‍പ്പാണെന്ന ധാര്‍മ്മികരോഷമായിരുന്നു ആ വിമര്‍ശനത്തിന് ആധാര ശിലയായി പറഞ്ഞു കേള്‍ക്കുന്നത്. ഇതില്‍ നീരസം തോന്നിയ ശ്രീ വാലത്ത് സലിം ‘’ സുകുമാര്‍ അഴീക്കോട് വിമര്‍ശിക്കപ്പെടുന്നു’‘ എന്ന മറുഗ്രന്ഥമെഴുതിയതും അതേതുടര്‍ന്ന് ചില സ്ഫോടന രംഗങ്ങളുണ്ടായതും മറ്റും പ്രസിദ്ധമാണ്. എന്നാല്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സുകുമാര്‍ അഴീക്കോടിന് ഉയര്‍ന്ന പ്രശസ്തിയും ധനാഗമനവും സന്തോഷവും പകര്‍ന്നു നല്‍കിയത് ‘ തത്വമസി’ യുടെ പ്രസിദ്ധീകരണത്തോടെയായിരുന്നു. വാഗ്ഭടാനന്ദ ഗുരുവിന്റെ മികച്ച ശിക്ഷണത്തില്‍ നാലു പതിറ്റാണ്ടു കാലം നടത്തിയ ഉപനിഷത് ജ്ഞാനാര്‍ജ്ജന തപസ്യയില്‍ നിന്നുമാണ് തത്വമസി ജനിക്കുന്നത്. തന്റെ 58 – ആമത്തെ വയസില്‍ എം. ടി യുടെയും എന്‍. പി മുഹമ്മദിന്റെയും പ്രേരണയാലുണ്ടായ ഈ മഹത്ഗ്രന്ഥം വാഗ്ഭടാനന്ദ ഗുരുവിനു സമര്‍പ്പിക്കപ്പെട്ടാതായിട്ടണ് എഴുതിയിരിക്കുന്നത്. ഉപനിഷത്ത് ജ്ഞാനത്തിന്റെ സവിശേഷമായൊരു നവോഥാനം കേരളത്തിലുണ്ടാക്കാന്‍ ഈ ഗ്രന്ഥത്തിനു സാധിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ ഇരുപത്തിനാലോളം അവാര്‍ഡുകള്‍ അഴീക്കോടിനെ തേടിയെത്താന്‍ ഈ ഗ്രന്ഥം ഒരു നിമിത്തമായി.

ഒരു വേള ഒരു കടുത്ത സാമൂഹ്യവിമര്‍ശകനായി അഴീക്കോട് മാഷ് പലപ്പോഴും ഗര്‍ജ്ജിക്കുമായിരുന്നു. സമൂഹത്തിലെ ഉച്ഛനീചത്വങ്ങളേയും രാഷ്ട്രീയമൂല്യച്യുതിയേയും ജീര്‍ണ്ണ സംസ്ക്കാരത്തേയും നഖശിഖാന്തം എതിര്‍ക്കുമ്പോള്‍‍ തിരമാലകളേപ്പോലെ ഹൃദയത്തിലേക്ക് ആഞ്ഞടിച്ചിരുന്ന വാക്കുകളില്‍ ക്ഷോഭവും നര്‍മ്മവും പരിഹാസവും മുന്നറിയിപ്പുകളുമുണ്ടായിരുന്നു. പോരാളിയുടെ രോക്ഷവും വൈജ്ഞാനികന്റെ ഗരിമയും ഗുരുവിന്റെ വിവേകവും ആ വികാരങ്ങളില്‍ തീവ്രശോഭയോടെ പ്രകാശിച്ചിരുന്നു. സമകാലിക കാപട്യങ്ങളെ കണക്കറ്റ് പരിഹസിക്കുമ്പോഴൊക്കെ വലിയൊരു പോരാളിയുടെ ഉജ്ജ്വലഭാവമായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് മുല്ലപ്പെരിയാര്‍ മുതല്‍ പ്ലാച്ചിമടവരെ പ്രശ്നങ്ങളില്‍ അഴീക്കോട് മാഷുടെ പേരുകള്‍‍ വന്നു പോകുന്നത്.

സാഹിത്യവും പ്രഭാഷണങ്ങളും വായനയും മാത്രമല്ല വേറെ ചില സ്വകാര്യ ഇഷ്ടങ്ങളും വിനോദങ്ങളും അഴീക്കോട് മാഷ്ക്കുണ്ടായിരുന്നു. അതിലൊന്നാണ് മത്സ്യസേവ. മൂത്തകുന്നം ഫെറിക്കു സമീപത്തുനിന്നും നല്ല പുഴമീന്‍ കിട്ടിയാല്‍ മാഷ്ക്ക് അത് അതീവ പ്രിയമായിരുന്നു. അപസര്‍പ്പകനോവലുകളോടായിരുന്നു അടുത്ത താല്‍പ്പര്യം. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ , എഡ്ഗാര്‍ വാലസ് , അഗതാ ക്രിസ്റ്റി , ദുര്‍ഖാപ്രസാദ് ഖത്രി എന്നിവയെല്ലാം ആ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ അപസര്‍പ്പക എഴുത്തുകാരാണ് . അടുത്തത് സംഗീതം. കര്‍ണാട്ടിക് സംഗീതം താല്പര്യമാണെങ്കിലും , മൃദംഗവാദനമാണ് കൂടുതല്‍ പ്രിയങ്കരം. അതില്‍ മണിഅയ്യരോടാണ് ഏറെ കമ്പം. പങ്കജ് മല്ലിക്, കെ. എല്‍. സൈഗാള്‍ എന്നിവരും അതീവ പ്രിയപ്പെട്ടവരാണ്. സൈഗാളിന്റെ ‘സോജാ രാജകുമാരി…’ എന്ന ഗാനമാണ് ഹൃദയഹാരിയായി സ്വാധീനിച്ചത്.

2011 ഡിസംബര്‍ 10 -ആം തിയ്യതി തൃശൂര്‍ അമലാ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. വിദഗ്ദ്ധപരിശോധനയില്‍ വൈദ്യലോകം തന്നെ ശോകാദ്രമായി. പ്രകൃതിയുടെ ക്രൗര്യതയാര്‍ന്ന അണു ക്യാന്‍സറായി ശ്വാസകോശത്തിലേക്ക് കടന്നു ചെന്ന് മാഷെ ചതിച്ചു. പരിക്ഷീണീതനായ ആ ദാര്‍ശനീക ഗുരുവിനു സമീപം കലാ – രാഷ്ട്രീയ- സാഹിത്യ കുലപതികള്‍ ആശ്വാസവചനമായി ഓടിയെത്തി. എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജ്ജത്തില്‍ വെല്ലുവിളിക്കുന്നതിനിടെ പിണങ്ങേണ്ടി വന്ന പ്രമുഖരും അക്കൂട്ടത്തിലുണ്ടായിരുന്നു. പതിനെട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സാനു മാസ്റ്റര്‍ കടന്നു വന്നു. ആ പുഃനസമാഗമം നിരൂപണ കുല പ്രതിഭകളുടെ കണ്ണുകളെ ഈറനണിയിച്ചു. സ്പര്‍ദ്ധകളെല്ലാം കഴുകിക്കളഞ്ഞ് ടി. പത്മനാഭനെത്തിയപ്പോള്‍ ആ ചുണ്ടുകള്‍ ഗദ്ഗദത്തോടെ പിറുപിറുത്തു. “നിന്നോട് ഗുസ്തി പിടിക്കാനുള്ള ആരോഗ്യം എനിക്കില്ല പത്മനാഭാ…” പിന്നെ, വിലാസിനി ടീച്ചര്‍…(ഈ ലേഖകന്റെ അഭിവന്ദ്യ അദ്ധ്യാപിക). ദീപ്തമായ പ്രണയത്തെ പതിറ്റാണ്ടുകളോളം ഉള്ളിലൊതുക്കി തൊഴുകയ്യോടെ സര്‍വ്വതിനും മാപ്പിരന്നുകൊണ്ടുള്ള വൈകാരിക മുഹൂര്‍ത്തം. പിന്നെ, വെള്ളാപ്പിള്ളി നടേശന്‍, ഇന്നസെന്റ്, മോഹന്‍ലാല്‍… പരിഭവങ്ങളും, അമര്‍ഷങ്ങളും, വിരോധങ്ങളുമെല്ലാം കരുണയുടെയും, ആര്‍ദ്രതയുടെയും, സ്നേഹത്തിന്റെയും അലയൊഴുക്കില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു. സര്‍വ്വരുടെയും പിണക്കങ്ങളെല്ലാം മഞ്ഞുരുകുന്നതുപോലെ അപ്രത്യക്ഷമായി. മനസ്സ് തീര്‍ത്തും ശാന്തമായി. ഹൃദയത്തിന്റെ അടിത്തട്ടില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളെല്ലാം കഴുകിക്കളഞ്ഞിരിക്കുന്നു. 2012 ജനുവരി 25 ചൊവ്വാഴ്ച രാവിലെ 6.30. എഴുപതുകൊല്ലം നമ്മുടെ സാമൂഹിക ജീവിതത്തെ വാക്കുകള്‍കൊണ്ട് അളന്ന ആ അത്ഭുത വൈജ്ഞാനിക പ്രതിഭാസം അതിന്റെ ഉറവയിലേയ്ക്ക് എന്നെന്നേയ്ക്കുമായി മടങ്ങി. അലയടിച്ചുകൊണ്ടിരുന്ന മഹാ പ്രതിഭാസമുദ്രം പിന്‍വാങ്ങിയിരിക്കുന്നു. നിത്യ നിശബ്ദതയുടെ അഗാധവിസ്മൃതിയിലേയ്ക്ക് വചനം മാംസം ധരിച്ച ആ കൃശഗാത്രന്‍ മെല്ലെ… മടങ്ങി. അക്ഷര കൈരളി ഒരു നടുക്കത്തോടെ മൂകയായി. പ്രകൃതിപോലും ശ്വാസമടക്കി വിതുമ്പി. ഒരു യുഗത്തിന്റെ വികാര വിചാര ശീലങ്ങളെ പ്രചോദിപ്പിച്ച വഴികാണിച്ച അഭിവന്ദ്യപ്രവാചകഗുരുനാഥന് ഈ ലേഖകന്റെ അശ്രുപൂജകളോടെ പ്രണാമം. അക്ഷര രാജകുമാരാ…സോജാ… രാജകുമാരാ… സോജാ…സോജാ…രാജകുമാരാ…

Generated from archived content: essay1_feb1_13.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here