ശബരിമല – സത്യവും മിഥ്യയും….!!!

ശരാശരി 185 കോടി രൂപ സീസണല്‍ വരുമാനമുള്ള ഒരു വന്‍ ഭക്തിവ്യവസായ കേന്ദ്രമാണ് ഇന്നത്തെ നവീകരിച്ച ശബരിമല. നയനാഭിരാമമായ കാടും മലയും പുഴകളുടേയും മധ്യത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 1535 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശബരിമല മണ്ഡലമാസക്കാലമാകുമ്പോള്‍ ഏകദേശം നാലരക്കോടി ജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ഈയൊരു സവിശേഷത മൂലം ഭക്തരുടെ ആദ്ധ്യാത്മിക ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ഒരു വന്‍ റാക്കറ്റ് ശബരിമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശബരിമലയുടെ ചരിത്രപരവും സാംസ്ക്കാരികവുമായ പൈതൃക മൂല്യത്തെ കളങ്കപ്പെടുത്തുവാനും , തദ്വരാ അളവറ്റ ധനശേഖരം കൊള്ളയടിക്കുവാനും ചിലര്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഭാവനകള്‍‍ മെനഞ്ഞു ണ്ടാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ ശബരിമല യുഗങ്ങളോളം നിഗൂഢമായ ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായി തുടര്‍ന്നു. ഇന്നിപ്പോള്‍ ശാസ്ത്രം ഹൈടെക്കായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്തിനും ഏതിനും ശാസ്ത്രീയാടിത്തറ കൂടിയേ തീരു. അപ്പോള്‍‍ സ്വാഭാവികമായും ശബരിമലയെ ചുറ്റിപ്പറ്റിയും അനവധി പഠനങ്ങളും, പര്യവേഷണങ്ങളും നടന്നു. തുടര്‍ന്ന് അന്ധവിശ്വാസികളേയും, ചൂഷകരേയും ഒന്നടങ്കം ഞെട്ടിച്ച് പല ശാസ്ത്രീയ – ചരിത്ര സത്യങ്ങളും പൊതു സമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. അതുകൊണ്ട് വിജ്ഞാനിയായ എല്ലാ ഭക്തര്‍ക്കും അറിയാം തങ്ങള്‍‍ ഭക്തിപുരസരം ചെന്നെത്തിയിരിക്കുന്നത് മണ്മറഞ്ഞു പോയ ഒരു കാലത്തെ ജനതയുടെ മൂല്യാധിഷ്ഠിത ഭക്തിസംസ്ക്കാരത്തിന്റെ ചരിത്രപരമായ തിരുശേഷിപ്പുകളിലാണെന്ന്.

ചരിത്രാതീതകാലം മുതല്‍ക്കെ അപരിഷ്കൃതരും അജ്ഞരുമായ മനുഷ്യ സമൂഹം തങ്ങളെ ഭീതിപ്പെടുത്തുന്ന പ്രകൃതിപ്രതിഭാസങ്ങളെയും , അതുപോലെ ആദരണീയരായ വ്യക്തികളെയും ആരാധിക്കുവാന്‍ തുടങ്ങി. ഈ ആരാധാപ്രവണതയാണ് പച്ചയായ മനുഷ്യരെ മഹത്വവല്‍ക്കരിച്ചും , വിശുദ്ധവത്ക്കരിച്ചും ദൈവീക സ്ഥാനത്തേക്ക് ഉയര്‍ത്തിയത് . ദൈവങ്ങളുടെ അനിഷേധ്യമായ അസ്ഥിത്വത്തിന് ഐതിഹ്യങ്ങളുടെ പിന്‍ ബലം കൂടിയേ തീരു. അങ്ങനെ ഭാവനാധനനായ മനുഷ്യര്‍ അമ്പരിപ്പിക്കുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും മെനെഞ്ഞെടുത്ത് തലമുറകള്‍ തോറും കൈമാറി. ഒരു തലമുറയില്‍ നിന്നും പുതിയൊരു തലമുറയിലേക്ക് കൈമാറുമ്പോള്‍ തങ്ങളുടേതായ പൊടിപ്പും, തൊങ്ങലും, പര്‍വ്വതീകരണവും, അതിഭാവുകത്വവും അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇങ്ങനെയുണ്ടാകുന്ന അയുക്തികരമായ ഐതിഹ്യവികാരങ്ങളാണ് പലപ്പോഴും ചരിത്ര വികാസത്തിനും, ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കും വിഘാതം സൃഷ്ടിക്കുന്നത്. പക്ഷെ, കാലം അതെല്ലാം ഒരിക്കല്‍ പൊളിച്ചെഴുതും. ആ ഒരു അനിവാര്യതയുടെ സങ്കീര്‍ണ്ണമായ കഥയാണ് ശബരിമലക്ക് പറയുവാനുള്ളത്.

ഐതിഹ്യപരമായി ഏറെ പ്രചരിപ്പിക്കപ്പെടുകയും, വിശ്വസിപ്പിക്കപ്പെടുകയും ചെയ്യുന്ന ശബരിമല കഥയുടെ സംക്ഷിപ്ത വിവരണം ഇപ്രകാരമാണ്. ദേവാസുരന്മാര്‍ സംയുക്തമായി പാലാഴി കടഞ്ഞ് അതില്‍ നിന്നും അമൃത കുംഭം ഉയര്‍ന്നു വന്നപ്പോള്‍‍ സ്വാര്‍ത്ഥമതികളായ അസുരന്മാര്‍ സൂത്രത്തില്‍ അത് തട്ടിയെടുത്ത് പമ്പ കടന്നു. അമൃതകുംഭം വീണ്ടെടുക്കുവാന്‍ മഹാവിഷ്ണു മോഹിനീ രൂപം സ്വീകരിച്ച് തന്റെ മാദകസൗന്ദര്യത്താല്‍ അസുരന്മാരെ വശീകരിച്ച് അമൃതകുംഭം കൈക്കലാകി ദേവന്മാര്‍ക്കു നല്‍കി. ഈ ഉപായ പ്രയോഗത്തില്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ പ്രശംസിച്ചു . പക്ഷേ, പരമശിവന്‍ ആവശ്യപ്പെട്ടത് തനിക്ക് ഒരിക്കല്‍ കൂടി മഹാവിഷ്ണുവിന്റെ മോഹിനീ രൂപം കാണണമെന്നാണ്. വിഷ്ണു ആ ഇംഗിതം ശിരസാ വഹിച്ചു. ആ വശ്യമനോഹര മോഹിനീരൂപത്തില്‍ ശിവന്‍ അഭിഗമിച്ചുണ്ടായതാണ് ഹരിഹരപുത്രന്‍. വിഷ്ണുവിന്റെ തുട പിളര്‍ന്നാണ് അയ്യപ്പന്റെ ജനനം. കുഞ്ഞിനെ ഘോരവനത്തില്‍ ഉപേക്ഷിച്ച് ശിവനും വിഷ്ണുവും കൈലാസ വൈകുണ്ഠങ്ങളിലേക്ക് യാത്രയായി.

കമ്പരാമായണം ബാലകാണ്ടം , ഭാഗവതം അഷ്ടമസ്കയണ്ഡം, സ്കന്ദപുരാണം അസുരകാണ്ഡം എന്നിവയിലെല്ലാമുള്ള ഈ കഥയുടെ തുടര്‍ഭാഗങ്ങളിലാണ് ഹരിഹരസുതന്റെ വളര്‍ച്ചയും, വീരചരിതങ്ങളും, ശാസ്താവിഗ്രഹത്തിലുള്ള ലയനവും മറ്റും വിസ്തരിക്കുന്നത്. ഈ സമയം, അനപത്യ ദു:ഖത്താല്‍ വിങ്ങിക്കഴിയുന്ന പന്തളത്തു രാജാവ് രാജശേഖരന്‍ നായാട്ടിനായി അതുവഴി വരുന്നു. ഒരു കുഞ്ഞിന്റെ ദീനരോദനം കേട്ട രാജാവ് അവിടെ ചെന്നു നോക്കിയപ്പോള്‍‍ ആയിരം സൂര്യ ചന്ദ്രന്‍മാരുടെ തേജസ്സോടെ ഒരു കുഞ്ഞിനെ കാണുകയും അതീവ ആഹ്ലാദത്തോടെ ആ കുഞ്ഞിനെയുമെടുത്ത് കൊട്ടാരത്തില്‍ പോവുകയും ചെയ്തു . കുഞ്ഞിന്റെ കഴുത്തില്‍ ഒരു മണി കാണപ്പെട്ടതിനാല്‍ മണികണ്ഠന്‍ എന്നു നാമകരണം ചെയ്ത് അവനെ വളര്‍ത്തി . ബാലന്‍ വളര്‍ന്നു വേദ ശാസ്ത്രാദികളിലും, അസ്ത്രശാസ്ത്രാദികളിലും ക്ഷത്രിയോചിതമായ വിദ്യകള്‍ ആ ബാലന്‍ അഭ്യസിച്ചു. ആയിടക്കാണ് വാവരുടെ നേതൃത്വത്തില്‍ ഒരു കൊള്ള സംഘം രാജ്യത്തെ വിറപ്പിച്ചത്. മണികണ്ഠനും സംഘവും വാവരോട് ഏറ്റുമുട്ടി. അതീവ യുദ്ധസാമര്‍ത്ഥ്യം കാഴ്ച വച്ച മണികണ്ഠനു മുമ്പില്‍ വാവര്‍ക്ക് ഏറെ നേരം പിടിച്ചു നില്ക്കാനായില്ല. അദ്ദേഹം അടിയറവ് സമ്മതിച്ച് മണികണ്ഠന്റെ ശിഷ്യനായി. ഈ വിജയമാണ് മണികണ്ഠന് സര്‍വ്വ സ്വീകാര്യതയുണ്ടാക്കിയത്.

ആയിടക്കാണ് രാജാവിന് ഒരാണ്‍കുഞ്ഞ് പിറക്കുന്നത്. രാജരാജന്‍ എന്ന പേരില്‍ കുഞ്ഞ് വളര്‍ന്നു. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ രാജ്യഭരണം ദു:സ്സഹമായ രാജാവ് മണികണ്ഠനെ രാജാവാക്കാനുള്ള നീക്കം നടത്തുന്നു. ഇതില്‍ കുപിതരായ മന്ത്രിയും രാജ്ഞിയും മണികണ്ഠനെതിരെ ഗൂഢ തന്ത്രങ്ങള്‍‍ മെനയുന്നു. അവര്‍ രഹസ്യമായി വിഷം നല്‍കിയെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുന്നു. തുടര്‍ന്നാണ് രാജ്ഞിയുടെ ദീനാഭിനയം ഉണ്ടാകുന്നത്. ദീനശമനത്തിന് പുലിപ്പാല്‍ വേണമെന്നും അതുകൊണ്ടു വരുവാന്‍ മണികണ്ഠനെ സ്വന്തം ഇഷ്ടപ്രകാരം നിയുക്തപ്പെടുത്തുകയും ചെയ്തു. പുലിപ്പാലിനായി കൊടും വനത്തിലേക്കിറങ്ങിയ മണികണ്ഠനു മേല്‍ മഹിഷി ചാടി വീണു. വീരശൂരപരാക്രമിയായ ഹരിഹരസുതന്‍ മഹിഷിയെ പൊക്കിയെടുത്ത് ദൂരത്തേയ്ക്കെറിഞ്ഞു. അപ്പോള്‍‍ ശാപഗ്രസ്ഥയായ മഹിഷി തന്റെ പൂര്‍വ്വ രൂപം പ്രാ‍പിച്ച് സുന്ദരിയായ ഒരു യുവതിയായി മാറി. അവള്‍ തന്നെ വേള്‍ക്കാന്‍ മണികണ്ഠനോട് ആവശ്യപ്പെട്ടു. നൈഷ്ഠിക ബ്രഹ്മചാരിയായ മണികണ്ഠന്‍ അത് നിരസിച്ച് തന്റെ സഹോദരിയായി വാമഭാഗത്ത് അല്‍പ്പം അകലെ സ്ഥിതിചെയ്യുവാന്‍ അവള്‍ക്ക് അനുമതി നല്‍കി. അങ്ങിനെ ആ ദേവസ്ത്രീ മാളികപ്പുറത്തമ്മയായി പരിണമിച്ചു.

പുലികളുമായി മണികണ്ഠന്‍ കൊട്ടാരത്തിലേക്കു വിജയശ്രീലാളിതനായി കടന്നു വന്നു. അപ്പോള്‍‍ രാജ്ഞിയുടെ ദീനം ഭേദമായെന്നും ഇനി പുലിപ്പാല്‍ ആവശ്യമില്ലെന്നും രാജാവ് മണികണ്ഠനെ അറിയിക്കുന്നു. തന്റെ മുമ്പില്‍ നില്‍ക്കുന്നത് സാക്ഷാല്‍ ഹരിഹരസുതനാണെന്നു തിരിച്ചറിഞ്ഞ രാജാവ് ഭൂതനാഥനെ സ്തു‍തിക്കുന്നു. തുടര്‍ന്ന് ശബരിയുടെ തപശക്തിയാല്‍ പരിപാവനമായ ശബരിമലയിലേക്കു മണികണ്ഠന്‍ യാത്രയാകുന്നു. യാത്രക്കിടെ മണികണ്ഠന്‍ പരശുരാമനെ കണ്ടുമുട്ടുകയും പരശുരാമന്‍ അദ്ദേഹത്തോടു ഇപ്രകാരം പറയുകയും ചെയ്യുന്നു.

‘’ സ്വാമീ… ഞാന്‍ ഈ കേരളത്തിന്റെ രക്ഷക്കു വേണ്ടി മലമുകളിലും കടല്‍ത്തീരങ്ങളിലും സ്വാമിയുടെ ഏതാനും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി സ്വാമിയെ കണ്ടെത്തിയതായ ഈ ശബരിമലയിലും ഞാന്‍ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുന്നതാണ്’‘

അന്നു മുതല്‍ക്കാണ് അയ്യപ്പന്‍ ശബരിമലയില്‍ വാസം തുടങ്ങിയത്.

ഇതാണടിസ്ഥാന പൗരാണിക ഐതിഹ്യം . ഇതിന്റെ മൂലസ്ത്രോതസാകട്ടെ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥവും . ഈ ഗ്രന്ഥത്തിന്റെ സൃഷ്ടാവ് തന്നെ പറയുന്നത് ഭൂതനാഥോപാഖ്യാനം ബ്രഹ്മാണ്ഠ പുരാണത്തില്‍ നിന്നും അടര്‍ത്തിയെടുത്തിട്ടുള്ള ഒരു ഭാഗമാണെന്നാണ്. എന്നാല്‍ ഈ രണ്ടു കൃതികളെക്കുറിച്ചും ആധികാരികമായി നടത്തപ്പെട്ടിട്ടുള്ള അനവധിപഠനങ്ങള്‍ കാണിക്കുന്നത് ഇങ്ങനെയൊരു ഭൂതനാഥോപാഖ്യാനം ബ്രഹ്മാണ്ഠ പുരാണത്തില്‍ ഇല്ലെന്നാണ്. പുരാണത്തിലെ പഴക്കവും, ശ്ലോക പ്രതിപാദനരീതിയും,ശൈലിയും,വാക്യഘടനയും വച്ചു നോക്കുമ്പോള്‍ ബ്രഹ്മാണ്ഡ പുരാണത്തോട് കിടപിടിക്കത്തക്ക വൈശിഷ്ട്യമൊന്നും ഭൂതനാഥോപാഖ്യാനത്തിനില്ലെന്ന് ഐക്യകണ്ഠ്യേന ഗവേഷകര്‍ പറയുന്നു. ഈ നിഗമനത്തെ സാധൂകരിക്കുമാറ് പ്രസിദ്ധ ഗവേഷകരായ എ. ആര്‍.‍ ശ്രീനിവാസന്‍ 1961 ജനുവരി 21-ആം തീയതി മനോരമ വാരികയില്‍ ഇപ്രകാരം എഴുതുകയുണ്ടായി.

‘’ ഭൂതനാഥോപാഖ്യാനമെന്ന പേരില്‍ ഇന്ന് പ്രചുര പ്രചാരം സിദ്ധിച്ചിരിക്കുന്ന കഥ ബ്രഹ്മാണ്ഡ പുരാണത്തില്‍ ഉണ്ടെന്ന് തല്പരകക്ഷികള്‍‍ പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു ഉപാഖ്യാനം ബ്രഹ്മാണ്ഡ പുരാണത്തില്‍ ഇല്ലെന്ന് പണ്ഡിതന്മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇത് യുക്തി വിഹീനവും ചരിത്രദൃഷ്ട്യ സാധൂകരിക്കാന്‍ അസാദ്ധ്യവുമായ കൃത്രിമത്വം ആരുടെ കല്‍പ്പനാശക്തിയില്‍പ്പെട്ടതായാലും അഗണ്യമത്രെ എന്നു പറഞ്ഞ് രാമവര്‍മരാജ അവര്‍കള്‍ ശ്രീ അയ്യപ്പന്‍ ചരിത്രത്തില്‍ ആ കഥ തീരെ ഉപേക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ ഉപാഖ്യാനം ആധുനിക കാലത്ത് ഔചിത്യബോധം ലേശമില്ലാത്ത ഏതോ ഒരു വിദ്വാന്‍ ഉണ്ടാക്കിയതാണെന്ന് നിസംശയം പറയാം’‘

ഈയൊരു ഗവേഷണാ‍ധിഷ്ടിതമായ വിവരണത്തിലൂടെ ഭൂതനാഥോപാഖ്യാനത്തിന്റെ പൗരാണിക പ്രസ്ക്തി നഷ്ടപ്പെടുകയാണ്. അപ്പോള്‍‍ അത് മുന്നോട്ടു വയ്ക്കുന്ന ഐതിഹ്യം കേവലം കെട്ടുകഥയാണെന്നു സാധൂകരിക്കപ്പെടുന്നു.

എന്നാല്‍ ഐതിഹ്യ പണ്ഡിതനായ ശ്രീ. കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് പറയുവാനുള്ളത് മറ്റൊരു രൂപത്തിലുള്ള ഐതിഹ്യമാണ്. അതുപ്രകാരം അയ്യപ്പന്‍ മലയാളിയേയല്ല. തീര്‍ത്തും ഒരു തമിഴനാണ്. അയ്യപ്പനെ രാജാവിനു കിട്ടുന്നതാകട്ടെ ശിശുവായിട്ടല്ല; കോമളനായ ഒരു യുവയോദ്ധാവായിട്ടാണ്. പണ്ട്, പാണ്ഡ്യരാജകുടുംബം രണ്ടായി പിളര്‍ന്ന് ഒരു വിഭാഗം‍ വള്ളിയൂര്‍ എന്ന ദേശത്തും മറ്റേ വിഭാഗം മധുരയിലും താമസമുറപ്പിച്ചു. മധുരയില്‍ താമസമുറപ്പിച്ചുരുന്ന ശാഖയിലെ വലിയ രാജാവ് ഒരു ദിവസം നായാട്ടിനായി പോയപ്പോള്‍ ഘോരവനത്തിനുള്ളില്‍ വച്ച് ശരപ്രയോഗത്തില്‍ അതീവ വിദഗ്ദനായ ഒരു കോമളയുവാവിനെ കണ്ടുമുട്ടുകയും അവന്റെ പ്രകടനത്തില്‍‍ ആകൃഷ്ടനായി കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന് തന്റെ വിശ്വസ്ത സൈനികനാക്കുകയും ചെയ്യുന്നു. ഇതില്‍ അസൂയ മൂത്ത് തമ്പുരാട്ടിയും മന്ത്രിയും കൂടി ഗൂഢാലോചന ചെയ്ത് പുലിപ്പാലിനായി അയ്യപ്പനെ കാട്ടിലേക്കു പറഞ്ഞയക്കുന്നു. ശേഷമെല്ലാം ഏറെക്കുറെ മുന്‍ കഥയിലേതു പോലെ തന്നെയാണ്.

തുടര്‍ന്നുള്ള വിവരണം പണ്ഡിതനായ ശ്രീ. വെട്ടം മാണി കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരം സംഗ്രഹിക്കാം. പുലിപ്പാല്‍ സംഭവത്തിനു ശേഷം മലയാള നാട്ടിലേക്ക് പോയ അയ്യപ്പന്റെ വേര്‍പാടില്‍ മനോപീഢിതനായ രാജാവ് തന്റെ ഭൗതിക വസ്തുക്കളെല്ലാം പാട്ടത്തിനു നല്‍കി മലയാള നാട്ടിലേക്കു അയ്യപ്പനെ തിരഞ്ഞു പോകുന്നു. അങ്ങനെ പന്തളത്തു വച്ച് കൈപ്പുഴതമ്പാന്‍ എന്ന പ്രസിദ്ധ ഇടയ പ്രഭുവിന്റെ കയ്യില്‍ നിന്നും കുറെ ഭൂമി വിലക്കു വാങ്ങി അവിടെ കോവിലും പണിയിച്ച് സകുടുംബം താമസമുറപ്പിച്ചു.

ഒരു സ്വപ്നവെളിപാടിനെ തുടര്‍ന്ന് രാജാവ് ശബരിമലയില്‍ ചെന്ന് കാട് വെട്ടിത്തെളിച്ചു നോക്കിയപ്പോള്‍‍ പര‍ശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്നു അനുമാനിക്കാവുന്ന ഒരു വിഗ്രഹം ലഭിക്കുകയും തുടര്‍ന്ന്, അവിടെ ഒരു ക്ഷേത്രം പണിയിച്ച് ആ വിഗ്രഹത്തെ അവിടെ തന്നെ പ്രതിഷ്ഠിക്കുകയും , അക്കാലത്തെ പ്രസിദ്ധ തന്ത്രിയായിരുന്ന താഴമണ്‍ പോറ്റിയെക്കൊണ്ട് കലശവും ചെയ്യിപ്പിക്കുന്നു. വന്യമൃഗങ്ങള്‍ നിറഞ്ഞ ഘോരവനമായ അവിടെ നിത്യ പൂജ ദുഷ്ക്കരമായതിനാല്‍ മാസം തോറും അഞ്ചു പൂജ മാത്രം മതിയെന്നും മകര സംക്രാന്തി വാര്‍ഷിക വിശേഷദിവസമായി കോണ്ടാടണമെന്നും നിശ്ചയിച്ചു.

ഇത്രയുമാണ് അടിസ്ഥാന ഐതിഹ്യം. ഈ മൂന്നു സംഭവവിവരണങ്ങളിലും കാണുന്ന പൊരുത്തക്കേടുകള്‍ ഐതിഹ്യത്തിന്റെ വിശ്വാസ്യതയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഐതിഹ്യങ്ങള്‍ അതേപടി ശരിയാകണമെന്നില്ല. ശരിയായവയെല്ലാം ഐതിഹ്യങ്ങളാവണമെന്നുമില്ല. കെട്ടുകഥകളിലേയും , ഐതിഹ്യങ്ങളിലേയും യുക്തി വിശകലനം ഒരു പാഴ്വേലയാണെങ്കിലും ചൂഷണത്തിന് ഐതിഹ്യത്തെ മറയാക്കുന്ന ദുഷ്ടലാക്കിനെ ഉന്മൂലനം ചെയ്യാന്‍ പ്രബുദ്ധവത്ക്കരണാര്‍ത്ഥം യുക്തിവിശകലനം നടത്തിയാല്‍ അതില്‍ അപാകതയുണ്ടെന്നു തോന്നുന്നില്ല.

സംഭവക്രമങ്ങളുടെ കാലഗണനയ്ക്ക് അജഗതാന്തരം ദൈര്‍ഘ്യമുണ്ട് എന്നതാണ് ഒരു വിരോധാഭാസം. മലയാളദേശത്തേക്കുള്ള യാത്രമദ്ധ്യേ അയ്യപ്പന്‍ പരശുരാമനെ കണ്ടുമുണ്ടുന്നതായും അവര്‍ തമ്മില്‍ ലോക നന്മയെ മുന്‍ നിര്‍ത്തി കുറെ സംസാരിക്കുന്നതായും കുറിച്ചിട്ടുണ്ട്. കൃതയുഗത്തില്‍ ഹരിഹരസുതനായി പിറന്ന അയ്യപ്പനും, തേത്രായുഗത്തിന്റെ മധ്യത്തോടെ ജനിച്ച പരശുരാമനും തമ്മില്‍ കണ്ടുമുട്ടിയെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത കാര്യമാണ്. കാരണം രണ്ടും തമ്മില്‍ 1296000 മനുഷ്യ വര്‍ഷത്തിന്റെ അന്തരമുണ്ട്. അതായത് നാലു യുഗങ്ങളെ ഹൈന്ദവീയര്‍ വിശ്വസിക്കുന്നു. കൃതയുഗം , തേത്രായുഗം, ദ്വാപരയുഗം , കലിയുഗം എന്നിവയാണവ. ഇതില്‍ കൃതയുഗം 4800 ദേവവര്‍ഷമാണ്. ഒരു ദേവവര്‍ഷം 360 മനുഷ്യവര്‍ഷമാണ്. അതായത് 4800 X 360 = 1738000 മനുഷ്യവര്‍ഷമാണ്. കൃതായുഗത്തില്‍ മഹാവിഷ്ണുവിന് മത്സ്യം , കൂര്‍മ്മം, വരാഹം, നരസിംഹം എന്നീ നാല് അവതാരങ്ങളാണ്. ഇതില്‍ പാലാഴി മഥനത്തില്‍ കടകോലായി ഉപയോഗിച്ച് മന്ദരപര്‍വതം താഴ്ന്നു പോകാതിരിക്കാന്‍ ആമയായി അവതരിച്ചതാണ് കൂര്‍മാവതാരം. ഈ രണ്ടാമത്തെ അവതാരത്തോടു കൂടി കൃതയുഗത്തിന്റെ നേര്‍പകുതി കഴിഞ്ഞതായി കണക്കാക്കാം. ഈ സന്ദര്‍ഭത്തിലാണ് വിഷ്ണു മോഹിനിയാകുന്നത്. എന്നതുകൊണ്ട് ഈ കാലയളവിലാണ് അയ്യപ്പന്റെ ജനനമെന്നു അനുമാനിക്കാം. അതായത്, 2400 ദേവവര്‍ഷാവസാനക്കാലത്ത്.

തേത്രായുഗത്തിന്റെ ദൈര്‍ഘ്യം 3600 ദേവവര്‍ഷമാണ്. ഈ കാലയളവില്‍ വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങിയ മൂന്ന് അവതാരങ്ങളാണ് കടന്നു പോകുന്നത്. ഇതില്‍ രണ്ടാമത്തേതായ പരശുരാമാവതാരം നടക്കുന്നത് തേത്രായുഗത്തിലെ 1200 ദേവവര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതായത് അതിനോടകം 2400 + 1200 = 3600 ദേവവര്‍ഷങ്ങളുടെ അന്തരമാണ് വന്നിരിക്കുന്നത്. അതായത് 1296000 മനുഷ്യ വര്‍ഷങ്ങള്‍ !!

ശങ്കുണ്ണിമേനോന്റെ തിരുവാതാങ്കൂര്‍ ചരിത്രത്തില്‍ പറയുന്ന വസ്തുതകളുണ്ട്. അതുപ്രകാരം മധുരയിലെ പാണ്ഡ്യരാജാക്കന്മാരായ തിരുമലനായ്ക്കന്റെ വംശത്തില്‍പ്പെട്ട പന്തളം രാജാവ് ഒരു കുടുംബ വഴക്കിനെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞ് അച്ചന്‍കോവിലില്‍ വന്ന് താമസമാക്കി. അച്ചന്‍ കോവിലിനു പുറമെ കോന്നിയൂരിലും, പന്തളത്തും അവര്‍ കോട്ടകള്‍ കെട്ടി. അക്കാലത്തുണ്ടായ ക്ഷേത്രം കൊള്ളയേയും, കൊട്ടാരം കവര്‍ച്ചയും വിവരിച്ചുകൊണ്ട് അച്ചന്‍കോവിലില്‍ നിന്നും എഴുതിയ രേഖയില്‍ അത് കൊല്ലവര്‍ഷം 345 മീനം 15 ആണെന്നു മന‍സിലാക്കാം. ഈ പന്തളം രാജകുടുംബത്തിലെ പിന്‍ഗാമിയായ പന്തളം രാജാവാണ് അയ്യപ്പനെ കാണുന്നതും വളര്‍ത്തുന്നതും. ഇത് കൊല്ലവര്‍ഷം 1186 ആണെന്നിരിക്കെ അപ്പോള്‍ അയ്യപ്പന്‍ 841 -ആം വര്‍ഷകാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് അനുമാനിക്കാം.

പാണ്ഡ്യരാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ ബുദ്ധമതം കേരളത്തിലെ ഒരു പ്രബല മതമായിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ എ. ഡി 970 – ല്‍ പരശുരാമന്‍ കേരളത്തെ ആക്രമിക്കുന്നതുവരെ ബുദ്ധമതത്തിനായിരുന്നു കേരളീയ സമൂഹത്തില്‍ സര്‍വസ്വീകാര്യത. അശോകന്റെ കാലഘട്ടമായ ബി. സി മൂന്നാം ശതകത്തില്‍ തന്നെ ബുദ്ധമതം കേരളത്തിലും എത്തിയിരുന്നു . അക്കാലത്തു വിരചിതമായ സംഘകൃതികളില്‍ ബുദ്ധമത പ്രചാ‍രണത്തിനായി ബുദ്ധമത ഭിക്ഷുക്കള്‍ സഹിച്ച ത്യാഗങ്ങളേയും, ദുരിതങ്ങളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ബുദ്ധമത തത്വങ്ങളെക്കുറിച്ച് സവിസ്ഥരം പ്രതിപാദിക്കുന്നതിനാല്‍ മണിമേഖല തികച്ചും ഒരു ബൗദ്ധകാവ്യമാണ്. കേരളത്തിലെ ഒരു പള്ളിബാണപെരുമാള്‍ സിംഹാസനം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതായി ഐതിഹ്യമുണ്ട്. കോട്ടയത്തെ കിളിരൂര്‍ ക്ഷേത്രം ,കുട്ടനാട്ടിലെ നീലമ്പേരൂര്‍ ക്ഷേത്രം, തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, പരുശ്ശേരി ദുര്‍ഗ്ഗാ ക്ഷേത്രം, ശ്രീമൂലവാസക്ഷേത്രം എന്നിവയെല്ലാം ഒരു കാലത്തെ ബുദ്ധദേവാലങ്ങളായിരുന്നു. മാവേലിക്കര അമ്പലപ്പുഴ താലൂക്ക് പരുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാ‍രാളം ബുദ്ധന്റെ പ്രതിമകള്‍ കണ്ടെടുക്കുകയുണ്ടായി. അമരകോശം എന്ന സംസ്കൃതകോശത്തിന്റെ കര്‍ത്താവായ അമരസിംഹന്‍ ഒരു ബുദ്ധമതക്കാരനായിരുന്നു. ഇങ്ങനെ, പാണ്ഡ്യനാടിന്റെ പടിഞ്ഞാറേ അതിരും, ദക്ഷിണ കേരളത്തിന്റെ കിഴക്കെ അതിരും ആയ സഹ്യപര്‍വ്വത നിരകള്‍ ഉള്‍പ്പെടെയുള്ള എട്ടു മല ( അജ്ഞനമല, ഗോവര്‍ദ്ധനമല, യമകൂടമല, വിന്ദമല, കാഞ്ചിമല, ക്രൗഞ്ചമല, ത്രികൂടമല ) കളില്‍ ബുദ്ധമത പ്രചാരകരായ ഭിക്ഷുക്കള്‍ ധാരാളമായി പാര്‍ത്തിരുന്നുവെന്ന് തിരുവിളയാടല്‍ തുടങ്ങിയ തമിഴ് പൗരാണിക ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇതില്‍ ക്രൗഞ്ചമല ഒരു കാലത്തെ പ്രശസ്ത ബുദ്ധദേവാലയമായ പഴനി മലയാണ്. എന്നാല്‍, കാഞ്ചിമല ശബരി മലയിലെ പൊന്നമ്പലമേടും. ഇക്കാര്യം അടിവരയിട്ടു പറയുന്നത് തിരുവാങ്ങാട് കൃഷ്ണക്കുറുപ്പിന്റെ ‘ കേരള ചരിത്രം പരശുരാമനിലൂടെ’ എന്ന ഗ്രന്ഥത്തിലാ‍ണ്.

ചുരുക്കത്തില്‍ ശാസ്താവ് അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും ശബരിമലയില്‍ ശ്രീഅയ്യപ്പനുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ബുദ്ധമതാചാരങ്ങളാണ് പ്രകടമായി നില്‍ക്കുന്നതെന്നുമുള്ള അഭിപ്രായമാണ് പ്രമുഖ ചരിത്ര പണ്ടിതനായ എ. ശ്രീധരമേനോന് ( കേരള ചരിത്രം) ഉള്ളത്. പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന ഏതാനും വസ്തുതകളിലൂടെയാണ് അദ്ദേഹം അത് സ്ഥാപിക്കുന്നത്. ഒന്നാമതായി, ശബരിമലക്കു പോകുവാന്‍ രണ്ടു മാസക്കാലം വ്രതം നോക്കുന്നത് തന്നെയാണ് ആദ്യത്തെ ബുദ്ധമത സാദൃശ്യം. വ്രതകാലത്ത് ഭക്തന്‍ സസ്യാഹാരിയായും, വിഷയവൈമുഖ്യവും, അക്രമരാഹിത്യവും മറ്റും സ്വീകരിച്ച് സ്വാത്വികനാകുന്നത് ബുദ്ധസൈദ്ധാന്തികതയിലെ അഹിംസാ തത്വമാണ് അനുസ്മരിക്കപ്പെടുന്നത്. അതുപോലെ, ശരണമയ്യപ്പ എന്ന ഭക്തന്റെ വിളി ബുദ്ധമതത്തിലെ ശരണത്രയത്തോട് സാമ്യം പുലര്‍ത്തുന്നു. ബുദ്ധസന്യാസികള്‍ പ്രാര്‍ത്ഥനക്കായി തെരെഞ്ഞെടുക്കുന്നത് നഗര‍ത്തിലെ ബഹളങ്ങളില്‍ നിന്നുമെല്ലാം അകന്ന് സ്വച്ഛന്ദമായ സ്ഥലത്താണ്. അതുപോലെതന്നെയാണ് കാടിനുള്ളിലെ ശാന്തമായ സ്ഥലമാണ് ശബരിമല. കൂടാതെ, അയ്യപ്പന്റെ വിഗ്രഹത്തിനും ബുദ്ധന്റെ വിഗ്രഹത്തിനും തമ്മില്‍ ഇരുപ്പിലും, രൂപത്തിലും സാമ്യമുണ്ടെന്നും വിദഗ്ദര്‍ പറയുന്നു. ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായ ശബ്ദമാണെന്നും, ധര്‍മ്മ ശാസ്താവ് എന്ന് സംബോധന ചെയ്യുമ്പോള്‍ ‘ ധര്‍മ്മം ശരണം ഗച്ചാമി’ എന്ന ബൗദ്ധമന്ത്രത്തിന്റെ രൂപാന്തരീകരണമാണെന്നും പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു.

ശ്രീബുദ്ധന്റെ ആശയ സ്വാംശീകരണത്തിനു മുമ്പ് കേരളത്തില്‍ ദ്രാവിഡന്മാരുടെ സാംസ്ക്കാരിക പൈതൃകമായിരുന്നു. അനവധി ദൈവീകസങ്കല്‍പ്പങ്ങളും അവര്‍ക്കുണ്ടായിരുന്നു. അതിലൊന്നാണ് കൊറ്റവൈ എന്ന ദേവത. ഈ ദേവതയാണ് ആര്യന്‍ അധിനിവേശത്തിനു ശേഷം ദുര്‍ഗ്ഗ, കാളി,‍ ഭഗവതി എന്നീ നാമദേയങ്ങളില്‍ ഹൈന്ദവീയ ദേവന്മാരുടെ അണികളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതുപോലെ മറ്റു ദൈവങ്ങളാണ് മുനീശ്വരന്‍, കറുപ്പന്‍,‍ ഭൈരവന്‍, വീരന്‍, ഇരുളന്‍, കാട്ടേരി, നൊണി, ഭൂതങ്ങള്‍, പഞ്ചുരുളി കൂടാതെ ശാസ്താവും. ഗ്രാമ ദൈവങ്ങളില്‍ ശാ‍സ്താവിനാണ് പ്രധാന സ്ഥാനമെന്ന് വിദ്വാന്‍ ടി. സി. ഭാസ്ക്കരന്‍ മൂസത് പറയുന്നു. ശാസ്താ ദൈവങ്ങള്‍ പലതും ഇന്നു തമിഴ്നാട്ടിലുണ്ട് ‘’ ഈ ശാസ്താവിന്റെ ആരാധകരായിരുന്ന പന്തളം രാജാക്കന്മാര്‍ പന്തളത്ത് സ്ഥിരതാമസമാക്കിയതോടെ അവരുടെ കുലദൈവപ്രമാണിയെ ശബരിമലയില്‍ പ്രതിഷ്ഠിക്കുകയും ആരാധന നടത്തുകയും ചെയ്തിരിക്കാം. ഇങ്ങനെയാണ് ശബരിമലയില്‍ ശാസ്താവ് വരുന്നത് ‘’ (ശ്രീനി പട്ടത്താനം)

ചരിത്രാന്വേഷികള്‍ അയ്യപ്പനെ ദൈവമായിട്ടോ അമാനുഷിക പ്രതിഭയായിട്ടോ മറ്റോ അല്ല കാണുന്നത്. ലഭ്യമായ തെളിവുകളുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ അയ്യപ്പന്‍ കൊല്ലവര്‍ഷം 860 നും 865 നും ഇടക്ക് ജീവിച്ചിരുന്ന ഒരു ചരിത്ര പുരുഷനാണ്. ഡോ. എസ്. കെ നായരുടെ അഭിപ്രായമാകട്ടെ ഒരു ബ്രാഹ്മണനു ജനിച്ച കുട്ടിയാണത്രെ അയ്യപ്പന്‍. ഇതിനു ഉപോല്‍ബലകമായ സംഭവം വിവരിക്കുന്നത് ഇപ്രകാരമാണ്. ഉദയനന്‍ എന്നൊരു കൊള്ളക്കാരന്‍ ശബരിമല ക്ഷേത്രം തീയിട്ടു നശിപ്പിക്കുകയും ശാന്തിക്കാരനെ വധിക്കുകയും ചെയ്യുന്നു . ശാന്തിക്കാരന്റെ മകനായ ജയന്തന്‍ നമ്പൂതിരി ഇതിനെതിരെ പ്രതികാരം ചെയ്യാന്‍ പൊന്നമ്പലമേട്ടില്‍ ചെന്ന് തപസ്സനുഷ്ഠിച്ചു. ഇതിനിടെ കൊള്ളക്കാരന്‍ ഉദയന്‍ പന്തളം രാജാധാനിയില്‍ കയറി അവിടെ നിന്നും ഒരു രാജകന്യകയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചു. ഈ വാര്‍ത്തയറിഞ്ഞയുടന്‍ തപസനുഷ്ഠിച്ചുകൊണ്ടിരുന്ന ജയന്തന്‍ നമ്പൂതിരി കരിമലയില്‍ വേഷപ്രച്ഛന്നനായി ചെന്ന് രാജകന്യകയെ മോചിപ്പിച്ച് സ്വന്തം കളത്രമാക്കി. അവര്‍ക്ക് ഒരു പുത്രന്‍ ജനിക്കുന്നു. ഈ പുത്രനെ പത്തുപന്ത്രണ്ട് വയസുവരെ വളര്‍ത്തിയ ശേഷം പന്തളം രാജാധാനിയിലേക്ക് അയക്കുന്നു. തന്റെ മകളുടെ മകനാണ് അതെന്നു മനസിലാക്കിയ രാജാവ് അതീവ ആഹ്ലാദവാനായി ‘ അയ്യപ്പാ’ എന്നു വിളിക്കുന്നു. അന്നു മുതല്‍ക്കാണ് ആ കുട്ടി അയ്യപ്പനാകുന്നത്.

എന്നാല്‍ പി. എസ്. തെക്കും ഭാഗത്തിന് പറയുവാനുള്ളത് ‘ ആദിവാസിക്ക് പന്തളം സ്ത്രീക്കോ പന്തളത്തെ മായയ്ക്ക് ആദിവാസി പുരുഷന് ജനിച്ചതോ ആയിരിക്കും അയ്യപ്പന്‍’ എന്നാണ്. ( ശബരിമല ഐതിഹ്യവും ചരിത്രവും പേജ് 63) പക്ഷേ, പണ്ഡിതനായ കെ. ഇ ഭാസ്ക്കരന്‍ തിരുവാര്‍പ്പ് നടത്തിയ ഒരു പഠനം അദ്ദേഹം തന്റെ ശ്രീ. അയ്യപ്പന്‍ എന്ന ഗ്രന്ഥത്തില്‍ കുറിച്ചിട്ടുണ്ട്. അത് ഇപ്രകാരം സംഗ്രഹിക്കാം. ചീരപ്പഞ്ചിറ കുടുംബത്തില്‍ പണിക്കരാശാന്റെ നേതൃത്വത്തില്‍ ഒരു കളരിപ്പയറ്റ് സംഘം ഉണ്ടായിരുന്നു. ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ രാജാക്കന്മാര്‍ ഈ കളരിപ്പയറ്റ് സംഘങ്ങളുടെ സേവനം യഥാവിധി ഉപയോഗിച്ചിരുന്നു . ഈ സംഘം അമ്പലപ്പുഴ, ചേര്‍ത്തല, പന്തളം, കോട്ടയം എന്നീ രാജാക്കന്‍മാരുമായി വളരെ സൗഹൃദത്തില്‍ കഴിഞ്ഞിരു‍ന്നു. അങ്ങെനെയിരിക്കെയാണ് ഉദയനന്റെ നേതൃത്വത്തില്‍ ഒരു കൊള്ള സംഘം പന്തളം രാജാധാനി ആക്രമിക്കുന്നത്. ചീരപ്പന്‍ ചിറ ആശാനും സംഘവും രക്ഷപ്പെടുത്താന്‍ എത്തുന്നതിനു മുമ്പേ ഉദയനന്‍ പന്തളം രാജാധാനി ആക്രമിച്ച് സര്‍വ്വതും കൊള്ള ചെയ്ത് രാജാവിന്റെ ഇളയ സഹോദരിയേയും അപഹരിച്ചു കൊണ്ടുപോയി. ആശാനും കൂട്ടാളികളും ഉദയനെ തിരഞ്ഞ് വനാന്തര്‍ഭാഗത്ത് അലഞ്ഞു. അവസാനം കരിമല മുകളില്‍ വച്ച് സംഘത്തെ കണ്ടു മുട്ടുകയും ഉഗ്രയുദ്ധത്തിനൊടുവില്‍ ഉദയനെ തോല്‍പ്പിച്ച് രാജകുമാരിയെ മോചിപ്പിച്ച് തിരികെ കൊണ്ടുവരുന്നു. അന്യജാതിക്കാര്‍ തൊട്ട് ഭ്രഷ്ട് വന്ന യുവതിയെ സ്വികരിക്കാന്‍ രാജാവ് കൂട്ടാക്കാത്തതിനാല്‍ ഈ സ്ത്രീയെ ചീരപ്പന്‍ ചിറ ആശാന്‍ തന്നെ സ്വീകരിച്ച് തന്റെ ധര്‍മ്മപത്നിയാക്കി. ഇവര്‍ക്ക് ജനിച്ച കുട്ടിയാണ് അയ്യപ്പന്‍.

എന്നാല്‍ പണ്ഡിതനായ പി. എസ്. തെക്കുംഭാഗത്തിന് പറയുവാനുള്ളത് ചീരപ്പന്‍ ചിറ ആശാന്‍ ക്ഷത്രിയനായ അയ്യപ്പന്റെ പിതാവല്ല ഭാര്യാപിതാവാണെന്നാണ്. ആ കഥയെ ഇപ്രകാരം സംഗ്രഹിക്കാം. യുവാവായ അയ്യപ്പന്‍ കളരി ആശാന്മാരില്‍ നിന്നും പ്രസിദ്ധനായ ചീരപ്പന്‍ ചിറ ആശാന്റെയടുക്കല്‍ പൂഴിയങ്കം അഭ്യസിക്കാന്‍ വരുന്നു. പക്ഷേ ചീര‍പ്പന്‍ ചിറക്കാരുടെ എല്ലാമെല്ലാമായ പൂഴിയങ്കം പഠിപ്പിക്കുവാന്‍ ആശാന്‍ കൂട്ടാക്കിയില്ല. പക്ഷേ, മറ്റു പല അഭ്യാസങ്ങളും അഭ്യസിക്കുവാന്‍ അയ്യപ്പന്‍ മൂപ്പനോടൊപ്പം അവിടെ താമസമാക്കുന്നു. മൂപ്പന് അതി സുന്ദരിയായ ഒരു മകളുണ്ട്, പേര് ല‍ളിത. അയ്യപ്പന്റെ സാന്നിദ്ധ്യം ലളിതക്ക് ഇഷ്ടമാകുന്നു. ആ ഇഷ്ടത്തിന്റെ ആധിക്യത്താല്‍ പൂഴിയങ്കം അവള്‍ തന്നെ അയ്യപ്പന് പഠിപ്പിച്ചു കൊടുക്കുന്നു. ഈ പ്രണയം പൂത്തു പുഷ്പ്പിച്ച് ഉച്ഛസ്ഥായിയിലാവുകയും വിവാഹനിശ്ചയം വരെ നടക്കുകയും ചെയ്യുന്നു. ഈ വേളയില്‍ അയ്യപ്പന്‍ ഒരു സ്വര്‍ണ്ണമാല ലളിതക്ക് സമ്മാനിക്കുകയും അതിനു പകരം ലളിത ഒരു തിരുവാഴി തീര്‍ത്ത് അയ്യപ്പന് നല്‍കുകയും ചെയ്യുന്നു. ഈ ലളിതയാണ് മരണാനന്തരം മാളികപ്പുറത്തമ്മയായി മാറിയെതെന്നാണ് തെക്കുംഭാഗത്തില്‍ന്റെ കണ്ടെത്തല്‍. ഇതിന്റെ പ്രത്യാഖ്യാതമാണ് 1950 – ല്‍ കൊല്ലം ഡിസ്ട്രിക്ക് കോര്‍ട്ടില്‍ ശബരിമലയെ സംബന്ധിച്ചും, തിരുവാഭരണത്തെ സംബന്ധിച്ചും ദേവസ്വം ബോര്‍ഡും, പന്തളം രാജാക്കന്‍മാരും തമ്മില്‍ കേസ് നടന്നപ്പോള്‍‍ മറ്റൊരു അവകാശിയായി അയ്യപ്പന്റെ കാമുകിയായ ചീരപ്പന്‍ ചിറ ലളിതയുടെ നാമധേയം ചീരപ്പന്‍ ചിര മൂപ്പന്റെ പിന്‍ഗാമിയായ കൊല്ലം ആശ്രാമത്തുകാരനായ പണിക്കര്‍ വന്നത്.

ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പുരാണങ്ങളിലെ പരാമര്‍ശങ്ങള്‍ ഗഹനമായി ഗ്രഹിക്കുകയാണെങ്കില്‍ നമ്മെ എങ്ങും കൊണ്ടെത്തിക്കുകയില്ല. അയ്യപ്പന്റെ അടിസ്ഥാന വിവരണം എന്നത് കൊണ്ട് ഖ്യാതി സിദ്ധിച്ച ഭൂതനാഥോപാഖ്യാനത്തില്‍ അയ്യപ്പനെക്കുറിച്ച് വിവരിക്കുന്ന രൂപം തന്നെ യാഥാ‍ര്‍ത്ഥ്യത്തില്‍ ശബരിമല ശാസ്താവിന്റേതല്ല. അത് ശിവന്റേതാണ്. പഞ്ചമിചന്ദ്രനെ വെല്ലുന്ന തിരുനെറ്റിക്കു ഉപരിഭാഗത്ത് വിളങ്ങുന്ന ചന്ത്രക്കലയും നെറ്റിയില്‍ തീക്കണ്ണും ഭസ്മരേഖയുമൊക്കെ സാക്ഷാല്‍ ശിവന്റെ രൂപമാണ്. അതുപോലെ പത്മപുരാണം, സ്കന്ദപുരാണം, ഭാഗവതം, ലിംഗപുരാണം എന്നീ ഗ്രന്ഥങ്ങളില്‍ വിഷ്ണുവിന് ശിവനില്‍ നിന്ന് പുത്രനുണ്ടായെന്നു പറയുന്നില്ല. പത്മരൂപത്തില്‍ ഹരിഹര ശക്തികള്‍ കലര്‍ന്ന് ഒരായുധമുണ്ടാക്കി എന്നാണു പറയുന്നത്. ഭാഗവതത്തില്‍ മോഹിനിയെ കണ്ടപ്പോള്‍‍ ശിവന് ഇന്ദ്രീയസ്ഖലനം ഉണ്ടായെന്നു മാത്രമേ പറയുന്നുള്ളു. ലിംഗപുരാണത്തിലും, സ്കന്ദപുരാണത്തിലും ലൈംഗികവൃത്തിയിലേപ്പെട്ടു, വിവാഹം ചെയ്തു എന്നുമൊക്കെയാണ് പറയുന്നത്. പുത്രനുണ്ടായതായി പറയുന്നില്ല.

മൂലകഥ പ്രകാരം മോഹിനീ രൂപം പൂണ്ട വിഷ്ണുവും മഹേശ്വരനും കൂടിച്ചേര്‍ന്ന് അയ്യപ്പനുണ്ടായി എന്നാണല്ലോ. ഇത് ഭാഗികമായി സ്വീകരിക്കാമെങ്കില്‍ പോലും അവിടെയും ചില യുക്തികള്‍ ഉയര്‍ന്നു വരുന്നു. അടിസ്ഥാനപരമായി ഇരുവരും പുരുഷവര്‍ഗ്ഗത്തില്‍ പെട്ടവരാണ്. പുരുഷന് സ്വാഭാവികമായിത്തന്നെ പെണ്‍രൂപം സ്വീകരിക്കാനാകും, അതുപോലെ സ്ത്രീക്കും. പക്ഷേ, പെണ്‍രൂപക്കാരനായ പുരുഷന് ശാരീരികപരമായി പുരുഷത്വത്തില്‍ നിന്നും മാറിനില്‍ക്കാനാവില്ല. അതിനാല്‍ ഇവിടെ ഒരു സ്വവര്‍ഗ്ഗ ഭോഗമാണ് നടന്നിരിക്കുന്നത്. മനുസ്മൃതി (11: 68 )പ്രകാരം സ്വവര്‍ഗ്ഗ രതിക്കാര്‍ക്കുള്ള ശിക്ഷ ജാതിഭ്രഷ്ടാണ്. ജാതിഭ്രഷ്ട് എന്ന കഠിനശിക്ഷ അര്‍ഹമാകും വിധത്തിലുള്ള ഗുരുതരമായ ലൈംഗിക വൈകൃതം പരിപാവനമായ ഹൈന്ദവിയ ദൈവങ്ങളിലാരോപിച്ച് ശാസ്താവിന്റെ ജനനം വികലവും, യുക്തിഹീനവുമാക്കിയ ഐതിഹ്യക്കാരുടെ ശുഷ്ക്കജ്ഞാനം ശാസ്ത്ര സാങ്കേതിക വിദ്യ വാനോളം വളര്‍ന്നു നില്‍ക്കുന്ന ആധുനിക ലോകത്തെ വിജ്ഞാനവാഹികള്‍ അംഗികരിച്ചു കൊടുക്കേണ്ടതുണ്ടോ?..വിഷ്ണുവിന്റെ തുട പിളര്‍ന്നാണ് ജനനം സംഭവിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രപരമായി ഗര്‍ഭപാത്രത്തിന്റെ സ്ഥാനം തുടയിലാണോ‍? എന്നാല്‍ ഈ ഐതിഹ്യഭാവനയ്ക്കു ആശ്രമം ദാമോദരന്‍ നല്‍കിയ വ്യാഖ്യാനം ഏറെ ശ്രദ്ധേയമാണ് .’‘ ശൈവരും വൈഷ്ണവരും തമ്മില്‍ വിശ്വാസപരമായും ആചാരപരമായും ഉണ്ടായിരുന്ന ഭിന്നതകള്‍‍ മുഖേന ഉടലെടുത്ത സ്പര്‍ദ്ധയും, സംഘടനങ്ങളും അനേകം നൂറ്റാണ്ടുകള്‍ നില നിന്നു. ബുദ്ധമതത്തിന്റെ വ്യാപനവും, സ്വാധീനവും ശൈവ- വൈഷ്ണവ വിഭാഗങ്ങളെ പുനര്‍ചിന്തനത്തിനും സമന്വയത്തിനും പ്രേരിപ്പിച്ചു. ഇപ്രകാരം ശൈവ വിശ്വാസത്തിന്റെയും, വൈഷ്ണവ വിശ്വാസത്തിന്റെയും ഏകോപനത്തില്‍ നിന്നും ബുദ്ധമത പ്രചോദിതമായ പുതിയൊരു ദേവകല്‍പ്പനയുണ്ടായി അതാണ് ശ്രി. ധര്‍മ്മശാസ്താവ്.”

മുന്‍പ്രതിപാദിച്ചിട്ടുള്ള ഐതിഹ്യങ്ങളെ അരക്കെട്ടുറപ്പിക്കാന്‍ ഭക്തര്‍ക്കുമുമ്പില്‍ ചില കണ്‍കെട്ടു വിദ്യകള്‍ കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭക്തര്‍ ഭക്തി മൂത്തൊരു തരം ആത്മീയ വിഭ്രാന്തിയില്‍ പോക്കറ്റിലുള്ളത് ഭണ്ഡാരത്തിലിടുകയുള്ളു. അതിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു തരം ചെപ്പടി വിദ്യയാണ് മകര ജ്യോതിസ്സ്. 1940 നു മുമ്പു വരെ ഈ പ്രതിഭാസം ആരും കാണപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ന്നാണ് കച്ചവടവത്ക്കരിക്കപ്പെട്ട ആദ്ധ്യാത്മിക പ്രസ്ഥാനം അത്ഭുതപൂര്‍വമായി വളര്‍ന്നത്. ഇതിനെതുടര്‍ന്ന് , ആരുടേയോ തലയിലുദിച്ച ബുദ്ധിയാകാം ഈ ദിവ്യ ജ്യോതിസ്സ്. പിന്നെ അതിനൊരു ദിവ്യത്വവും അസാധാരണത്വവും ദൈവികതയും ചാര്‍ത്തിക്കൊടുക്കാന്‍ പൗരോഹിത്യ പ്രമാണിമാര്‍ കെട്ടുകഥകള്‍‍ പ്രചരിപ്പിച്ചു. മകരസംക്രാന്തി ദിവസം സന്ധ്യക്ക് അയ്യപ്പന്റെ കണ്ഠത്തില്‍ തിരുവാഭരണം ചാര്‍ത്തുമ്പോള്‍‍ പൊന്നമ്പലമേട്ടില്‍ ദേവകള്‍ ആരതി നടത്തുന്നതാണ് ഈ മകരജ്യോതിസ്സ്. അത് ദര്‍ശിക്കുന്നത് അതീവ പവിത്രവും പുണ്യവുമാണെന്നുവരെ പ്രചരിപ്പിക്കപ്പെട്ടതൊടെ ശബരിമലയില്‍ ഭക്തജനപ്രവാഹം ഗണ്യമായി വര്‍ദ്ധിച്ചു. കാണിക്കവഞ്ചി നിറഞ്ഞൊഴുകി.

ഈ ചുഷണത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരുവാന്‍ ആയുര്‍ സ്വദേശിയായ കെ.പി. സ്വാമിയും രാമദേവന്റെയും നേതൃത്വത്തില്‍ 24 പേരടങ്ങിയ ഒരു സംഘം അതീവ ശ്രമാവഹമായി പൊന്നമ്പലമേട്ടില്‍ ചെല്ലുകയും ജ്യോതിരഹസ്യം പുറം ലോകത്തേക്ക് വെളിവാക്കിക്കൊടുക്കുകയും ചെയ്തു. എണ്‍പതുകളോടെ വിപ്ലവകരമായ അനവധി പര്യവേഷണങ്ങളാണ് ജ്യോതിക്കു പിന്നാലെ അരങ്ങേറിയത്. 1983 -ല്‍ ഒരു സംഘം യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ ചെന്നപ്പോള്‍ അന്നത്തെ ഡി. വൈ. എസ്. പി രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പോലീസുകാര്‍ അവരെ മൃഗിയമായി തല്ലിച്ചതച്ചതും മറ്റും ഇത്തരുണത്തില്‍ അവിസ്മരണീയമാണ്. 1960 മുതല്‍ 64 വരെയും ജ്യോതി കൊളുത്തിയ ഫോറസ്റ്റര്‍ കെ.എന്‍. നടരാജന്‍ പിന്നിട് വെളുപ്പെടുത്തിയതിങ്ങനെ.

‘’ മുകളില്‍ സൂചിപ്പിച്ച വര്‍ഷങ്ങളിലെല്ലാം എന്റെ നേതൃത്വത്തിലാണ് പൊന്നമ്പലമേട്ടില്‍ പോയി മകരജ്യോതിസ് കൊളുത്തിക്കാണിച്ചത്. 60 ലും 61 ലും പോകുമ്പോള്‍ എന്റെ കൂടെ ഇലക്ട്രിക്സിറ്റിബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന സുധാകരനും ഡ്രൈവര്‍ നടരാജനും ഉണ്ടായിരുന്നു. 81 -ല്‍ പോകുമ്പോള്‍ റെയ്ഞ്ചറായ സുധാകരപിള്ളയും ഫോറസ്റ്റു ഗാര്‍ഡായ ലത്തീഫും ഉണ്ടായിരുന്നു’‘

മകരജ്യോതി ദര്‍ശനവേളയില്‍ 1991 ജനുവരിയില്‍ ശബരിമലയില്‍ 51 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ശ്രി. ശ്രീനി പട്ടത്താനം അഭിഭാഷകനായ എ.എക്സ്. വര്‍ഗ്ഗീസ് മുഖാന്തിരം മകരജ്യോതിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സര്‍ക്കാര്‍ അന്വേഷണത്തിനു തയ്യാറാകണം എന്നു കാണിച്ച് ഹൈക്കോര്‍ട്ടില്‍ ഒരു ഹര്‍ജി നല്‍കുകയും പ്രസ്തുത ഹര്‍ജ്ജിയിന്മേല്‍ കോടതി വാ‍ദം കേട്ട ശേഷം അതൊരു വിശ്വാസത്തിന്റെ കാര്യമായതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്നു കാണിച്ച് ഹര്‍ജ്ജി തള്ളുകയും ചെയ്യുകയുണ്ടായി. അവസാനം ഈ വിവാദത്തിനു കൗശലപുര്‍വം വളരെ യുക്തിഭദ്രമായി തയ്യാറാക്കിയ സമര്‍ത്ഥമായ കാച്ചിക്കുറുക്കിയ ഒരു ഉത്തരം നല്‍കി അധികാരികള്‍ തല്‍ക്കാലം തടിയൂരി. അത് ഇപ്രകാരമായിരുന്നു.

‘’ ദീപാരാധന സമയത്ത് ഉഴിയുന്ന വലിയ കര്‍പ്പൂര ജ്യോതി വിഘ്നേശ്വര പൂജയുടെ സമാപനചടങ്ങാണ്. സംക്രമ സന്ധ്യയില്‍ ശബരിമല സന്നിധാനത്തിലെ ദീപാരാധന കാണാന്‍ കഴിയാതെ നിരാശരാകുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഒരേ സമയം സന്നിധാനത്തില്‍ നിന്നോ പുല്ലുമേടില്‍ നിന്നോ ദീപാരാധന കണ്ട് നിര്‍വൃതികൊള്ളാനുള്ള ഒരു ആചാരം കൂടിയാണ് പൊന്നമ്പലമേട്ടിലെ ഈ മകര ജ്യോതി’‘

ഈ നഗ്നസത്യമെങ്കിലും ഉള്‍ക്കൊള്ളാനുള്ള സാമാന്യവിവേകം മനുഷ്യര്‍ക്കുണ്ടായാല്‍ മതി. ശബരിമലയെന്നത് ജ്വലിക്കുന്ന ഒരു സാംസ്ക്കാരിക – ചരിത്ര തിരുശേഷിപ്പാണ്. ഭക്തിയെന്നത് ആത്മത്യാഗത്തിന്റെ ആത്മപരിശോധനയാണ്. അത് ഹൃദയപ്രസാദവും ഹൃദയവിമലീകരണവും സാദ്ധ്യമാക്കും. ഭക്തിക്ക് ചിലപ്പോള്‍ ഒരു പ്രതീകം ആവശ്യമായി വന്നേക്കാം. അതു മാത്രമായിരിക്കണം ശാസ്താവിന്റെ വിഗ്രഹം. അതിനുമപ്പുറം ചൂഷണങ്ങളുടെ ഇരിപ്പിടമാകാനും ശോഭ ജോണിന്റെ കൂട്ടാളികളുടെ മേച്ചില്‍പ്പുറമാകുവാനും സ്വാര്‍ത്ഥകോമരങ്ങളുടെ വിളനിലമാകുവാനും ശബരിമലയെ അനുവദിച്ചു കൂടാ. അതിന്റെ സാംസ്ക്കാരിക പരിശുദ്ധിയും പൈതൃക വിശുദ്ധിയും ചരിത്രപരമായ മൂല്യവും വരും തലമുറ കാത്തുസൂക്ഷിച്ചേ പറ്റു…

Generated from archived content: essay1_dec8_12.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ബ്രഹ്മണ്ഡഡപുരാണത്തിൽ അവസാനത്തെ അദ്ധ്യായങ്ങളിലായി ‘ലളിതോപഖ്യാന’ത്തിന്റെ ഭാഗത്ത് കോടിക്കണക്കിനു വരുന്ന അസുരന്മാരുടെ ഗർവ്വിനെ ശമിപ്പിക്കാൻ ഹരന്റെയും ഹരിയുടെയും ശക്തിയിൽ നിന്നും ഹരിഹരസുതനായ ശാസ്താവ് അവതരിച്ചു എന്നു ഹയഗ്രീവൻ അഗസ്ത്യമുനിയോടു പറയുന്നതായി വർണ്ണന കാണുന്നുണ്ടെങ്കിലും മഹിഷി എന്ന പേര് പരാമർശിച്ചിട്ടു പോലുമില്ല!

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English