മൃഗത്തിന്റെ പാല്‍ മനുഷ്യന് നന്നല്ല

പാല്‍, മുട്ട, മാംസം എന്നിവ സമീഹൃതാഹാരപ്പട്ടികയിലെ പോഷകത്രിമൂര്‍ത്തികളാണെന്നാണ് നമ്മുടെ പാരമ്പര്യ വിശ്വാസം. ഈയിടെ പാശ്ചാത്യ നാടുകളില്‍ നടത്തപ്പെട്ട ചില ഗവേഷണ നിരീക്ഷണങ്ങള്‍ ഈ വിശ്വാസത്തിന്റെ മൂലക്കല്ല് ഇളക്കി. ഇവ മൂന്നും ഒരുപോലെ ആപത്ക്കരമാണെന്നും തുടര്‍ച്ചയായുള്ള ഇവയുടെ ഉപയോഗം ശരീരത്തെ രോഗഗ്രസ്ഥമാക്കുമെന്നും പാശ്ചാത്യ ശാസ്ത്രസമൂഹം മുന്നറിയിപ്പു തരുന്നു. പക്ഷേ, ഇവ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു ഭഷ്യക്രമം പുതുരുചികള്‍ തേടുന്ന പുത്തന്‍ തലമുറയ്ക്ക് അന്യമാണുതാനും. സാത്വികാഹാരചര്യയുടെ അനിവാര്യതയെ മുക്തകണ്ഠം പ്രകീര്‍ത്തിക്കുമ്പോള്‍ മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നത് സ്വാഭാവികം. അപ്പോഴും പാലിനോട് ഒരുതരം മൃദുസമീപനമാണ് ഏവരും കൈക്കൊണ്ടിരുന്നത്. പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരമാണ്. അത് ഊര്‍ജ്ജവും സ്‌നിഗ്ദ്ധതയും പ്രദാനം ചെയ്യുന്നു. കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് പാല്‍ അത്യന്താപേക്ഷിതമാണ്. ഇത്യാദി ക്ഷീരാപധാനങ്ങള്‍ ജനങ്ങളില്‍ രൂഢമൂലമാക്കുവാന്‍ തന്മൂലം പാല്‍ മുതലാളിമാര്‍ക്ക് സാധിച്ചുവെന്നതാണ് സത്യം. ഈ വിശ്വാസത്തിന് യുഗങ്ങളോളം തന്നെ പഴക്കമുണ്ട്. യാദവകുലത്തിലെ ശ്രീകൃഷ്ണന്‍ പാലുല്‍പ്പന്ന (വെണ്ണ, നെയ്യ്) പ്രിയനായിരുന്നുവല്ലോ. ഗോപരിപാലനവും ക്ഷീരവ്യാപാരവും അക്കാലത്തു ജനങ്ങള്‍ക്കിടയില്‍ ഗണ്യമായതോതില്‍ പ്രചരിച്ചിരുന്നുവെന്ന് ബന്ധപ്പെട്ട കാവ്യങ്ങളില്‍ കാണുവാന്‍ സാധിക്കും. പക്ഷേ, ദൈവിക ചൈതന്യത്തെ സ്വാംശീകരിച്ച അക്കാലത്തെ അമാനുഷികപ്രതിഭകള്‍പോലും പാലിന്റെ ദോഷവശത്തെ തിരിച്ചറിയുവാനുള്ള വൈഭവം ഇല്ലാതെ പോയി എന്നത് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. അത് തെളിയിക്കുവാന്‍ നമ്മുടെ ആധുനിക ശാസ്ത്രം തന്നെ വേണ്ടി വന്നുവെന്നതാണ് ഏറെ രസകരം.

രണ്ടായിരത്തിമൂന്നിലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 25 ലക്ഷത്തോളം പശുക്കളുണ്ട്. പ്രതിദിനം ഇവ ചുരത്തുന്നത് ശരാശരി ഒരുകോടി എഴുപതു ലക്ഷം ലിറ്റര്‍ പാലാണ്. ഇതിന്റെ കമ്പോളവിലയാകട്ടെ 25 കോടി രൂപയും!! ആകര്‍ഷകമായ ഈ പാല്‍വിപണി ലക്ഷ്യമാക്കി വരുന്ന സംരംഭകര്‍ കൊള്ളലാഭത്തിനായി പാലിന്റെ മേന്മകളെ പെരുപ്പിച്ചു കാണിക്കുന്നതും, മായമാലിന്യങ്ങള്‍ ചേര്‍ക്കുന്നതും തികച്ചും സ്വാഭാവികമായി വരുന്നു.

പാലിനെ സംബന്ധിച്ചടത്തോളം നമ്മള്‍ പൈതൃകേന വിശ്വസിച്ചുപോരുന്ന ചില ഗുണ ഗണങ്ങളുണ്ട്. പൂര്‍വ്വികരാല്‍ പര്‍വ്വതീകരിച്ച് വിശ്വസിപ്പിക്കപ്പെട്ട ഈ ശ്രേഷ്ഠതകളാലാവണം എല്ലാ ഭവനങ്ങളിലും പാല്‍ ഒരു അവിഭാജ്യ ഘടകമായി മാറിയത്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ഒരു ദിവസത്തേക്ക് 3000 കലോറി ഊര്‍ജ്ജമാണ് വേണ്ടത്. ഊര്‍ജ്ജം സൃഷ്ടിക്കപ്പെടുന്ന ആഹാരഘടകങ്ങള്‍ അന്നജവും കൊഴുപ്പുമാണ്. ഇവ രണ്ടും പാലില്‍ വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്നു. ഒരു പൗണ്ട് പാലില്‍ 165 കലോറി ഊര്‍ജ്ജത്തിനാവശ്യമായ കൊഴുപ്പാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഈ കൊഴുപ്പ് ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ത്വക്കിനെ മാര്‍ദ്ദവമുള്ളതാക്കിത്തീര്‍ക്കുകയും, ആഹാരസാധനങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പാലിലെ കൊഴുപ്പ് ശരീര വളര്‍ച്ചക്കും പുഷ്ടിക്കും, വംശവര്‍ദ്ധനവിനും ഉത്തമമാണ്. ഇതുകൂടാതെ വിറ്റാമിന്‍ എ, ഇ എന്നിവയും, കാത്സ്യവും ശരീരകാന്തി തരുന്ന ‘കരോട്ടിനും’ പാലില്‍ അടങ്ങിയിട്ടുണ്ട്. പാലിലെ കാത്സ്യം ശരീരത്തിനു ആഗിരണം ചെയ്യണമെങ്കില്‍ വിറ്റാമിന്‍ ‘ഡി കൂടിയേ തീരൂ. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പാല്‍ ഉത്തമമാണ്. പാലിന്റെ സവിശേഷമായ കൊഴുപ്പില്‍ കാണപ്പെടുന്ന ആസിഡുകളുടെ തോത് താഴെ ചേര്‍ക്കുന്നു.

ഓലിക്കാസിഡ് – 34%

പമിറ്റിക് – 25%

സ്റ്റിയറിക് – 16.9%

പിറിസ്റ്റിക്ക് – 8.3%

ബുട്ടിറിക്ക് ആസിഡ് – 3.5%

നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ഒരു പ്രധാനഘടകം അന്നജമാണ്. മാംസം ഉള്‍പ്പെടെ ദിനംപ്രതി നമ്മള്‍ കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളിലും അന്നജം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ‘ലാക്‌റ്റോസ്’ എന്ന അന്നജം പാലില്‍ മാത്രമേ അടങ്ങിയിട്ടുള്ളു. പാല്‍ കഴിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത് ഈ ഘടകമാണ്. ഉപരിയായി, ചെറുകുടലിലെ ഉപദ്രവകാരികളായ അണുക്കളെ പുറംതള്ളുവാനും ഇതിനു കഴിവുണ്ട്. പശുവിന്‍ പാലില്‍ 5 ശതമാനവും, മുലപ്പാലില്‍ 7.1 ശതമാനവുമാണ് ലാക്‌റ്റോസ് അടങ്ങിയിട്ടുള്ളത്. പശുവിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന ലാക്‌റ്റോസ് 90 കലോറി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.

ഈ വക വസ്തുതകള്‍ക്കു ഘടകവിരുദ്ധമായാണ് ആധുനിക ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അവര്‍ മേല്‍ പറഞ്ഞ പൈതൃകധാരണകളെ പാടെ നിഷേധിക്കുന്നു. പാല്‍ മനുഷ്യനു ആവശ്യമില്ലാത്ത കേവലം ഒരു പാഴ്‌വസ്തു മാത്രമാണെന്നും, അത് അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും അവര്‍ അടിവരയിട്ടു സ്ഥാപിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ശിശുരോഗ വിദഗ്ദ്ധനായ ഫ്രാങ്ക് ഓസ്‌കി ”ഡോണ്‍ട് ഡ്രിങ്ക് യുവര്‍ മില്‍ക്ക്” എന്ന തന്റെ വിഖ്യാത പുസ്തകത്തില്‍ പാല്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ അക്കമിട്ടു ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം നിദാനം പാലാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആമാശയ കാന്‍സര്‍, വായുക്ഷോഭം, വിളര്‍ച്ച, ദഹനക്കേട്, മൈഗ്രെയ്ന്‍, എന്നീ രോഗങ്ങള്‍ക്കു പിന്നിലെ ഒരു സൂത്രധാരന്‍ പാലാണ്. കുട്ടികള്‍ക്കുണ്ടാകുന്ന അലര്‍ജി, പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണം പാല്‍സേവയാണെന്നും ആയതിനാല്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടതില്ലെന്നുമാണ് ഡോ:ബെഞ്ചമിന്‍ സ്‌പോക്കിന്റെ അഭിപ്രായം. ഇരുമ്പിന്റെ അഭാവത്തിലുള്ള വിളര്‍ച്ചയ്ക്കും, ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ ചെവിയിലുണ്ടാകുന്ന അണുബാധയ്ക്കും കാരണം പാലിന്റെ ഉപയോഗമാണെന്നു കണ്ടെത്തിയത് ”അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീക്‌സാ”ണ്. പാലിലെ ഒരിനം പശിമയുള്ള പ്രോട്ടീന്‍ ആമാശയ ഭിത്തിയില്‍ ഒട്ടിപ്പിടിച്ച് പോഷകാഹാരം ആഗിരണം ചെയ്യുന്നത് തടയുകയും തന്മൂലം ശരീരം ക്ഷീണിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ന്യൂനപക്ഷ വംശജരായ കുട്ടികള്‍ക്കിടയില്‍ ആസ്ത്മ 52 ശതമാനം കണ്ട് കൂടുവാനുള്ള കാരണം പാലിന്റെ നിരന്തരമായ ഉപയോഗം മൂലമാണെന്ന് ഡയറി എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരില്‍ ആമാശയ കാന്‍സര്‍ വര്‍ദ്ധിക്കുന്നതിനു ഹേതുവായ വില്ലന്‍ പാലാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഹാര്‍വാഡ് സര്‍വ്വകലാശാല നടത്തിയ ഒരു പഠനത്തില്‍ പാല്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് എല്ലിന് ബലക്ഷയവും പേശീരോഗങ്ങളും ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതായി തെളിഞ്ഞിരിക്കുന്നു.

പാലില്‍ മാത്രം ഉള്‍ചേര്‍ന്നിരിക്കുന്ന അന്നജമായ ‘ലാക്‌റ്റോസി’നെ ദഹിപ്പിക്കാനുള്ള ‘ലാക്‌റ്റേയ്‌സ്’ എന്ന എന്‍സൈം ഏഷ്യക്കാരുടെ ശരീരത്തിലില്ല. ‘ദഹിക്കാത്ത ഒന്നില്‍ നിന്ന് നമ്മുടെ ശരീരത്തിന് എന്തു ഗുണമാണ് ലഭിക്കുക?’ ഇത് ചോദിക്കുന്നത് ശ്രീമതി. മേനകാ ഗാന്ധിയാണ്. തുടര്‍ന്നുള്ള അവരുടെ വരികള്‍ ശ്രദ്ധിക്കുക. ”…… പാല്‍ കുടിച്ചതിനുശേഷം ശരീരത്തിലെ രക്തം ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ. രക്തത്തിലെ വെള്ളരക്താണുക്കള്‍ അമിതമായി വര്‍ദ്ധിച്ചിരിക്കുന്നതുകാണാം. ഒരു ഗ്ലാസ് പാല്‍ കുടിച്ചിട്ട് നോക്കുക. രക്തത്തിലെ കൗണ്ട് വര്‍ദ്ധിച്ചിരിക്കുന്നതായും മനസ്സിലാകും. പാല്‍ നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് ഓസ്റ്റിയോപോറോസിസ് എന്ന രോഗം മാംസം ഭക്ഷിക്കുന്നവരെപ്പോലെത്തന്നെ ഉണ്ടാകുന്നു….”

പാലിലെ ലക്‌ട്രോസിനോട് ശരീരം പ്രതികരിക്കുന്നത് സാധാരണ ഭക്ഷ്യ അലര്‍ജിയായാണ്. അമേരിക്കന്‍ കുട്ടികളില്‍ 50 ശതമാനവും ഏഷ്യന്‍ ആഫ്രിക്കന്‍ കുട്ടികളില്‍ 40 ശതമാനവും പാലിനോട് അലര്‍ജിയുള്ളവരാണെന്നു ഡോ: ഫ്രാങ്ക് ഓസ്‌കി പറയുന്നു. ലാക്‌ടോസിനെ ശരീരത്തില്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്ന പഞ്ചസാരയാക്കി മാറ്റാന്‍ ‘ലാക്‌റ്റേയ്‌സ്’ എന്നൊരു എന്‍സൈം കുടലില്‍ ഉല്പാദിപ്പിക്കണം. മിക്കവാറും എല്ലാവരുടേയും ഉദരത്തില്‍ ഈ എന്‍സൈം വളരെ കുറവായിരിക്കും. എന്നാല്‍ മറ്റു ചിലരുടെ ഉള്ളില്‍ അത് ഉല്‍പാദിപ്പിക്കപ്പെടാറേയില്ല. അത്തരം മനുഷ്യരുടെ ഉദരത്തില്‍ പാലിലെ ‘ലാക്‌ടോസ്’ ദഹിക്കാതെ അവശേഷിക്കുകയും, കൂടാതെ ഇത് ബാക്ടീരിയയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് വിനാശകരമായ ആസിഡുകളുണ്ടാക്കുന്നു. ഇപ്രകാരം കുടലില്‍ ഹൈഡ്രജന്‍ഗ്യാസ്, കാര്‍ബണ്‍ഡയോക്‌സൈഡ് തുടങ്ങിയവ രൂപപ്പെടുകയും കുടലില്‍ അസഹ്യമായ വേദനയും ഗ്യാസ്ട്രബിളും ഉണ്ടാവുകയും ചെയ്യുന്നു.

വേണ്ടത്ര ദഹിക്കാതെയാണ് പാലിലെ പ്രോട്ടീന്‍ മനുഷ്യശരീരത്തില്‍ കടക്കുന്നത്. ഇത് ശരീരത്തിലെ പ്രതിരോധപരമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തുടര്‍ച്ചയായി ഇത് സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും തുടര്‍ന്ന് പലവിധ സാംക്രമികരോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യും.

ഇവയ്‌ക്കെല്ലാം പുറമെയാണ് സാമൂഹ്യദ്രോഹികളായ പാല്‍ വ്യാപാരികളുടെ മായം ചേര്‍ക്കല്‍ മഹാമഹം അരങ്ങേറുന്നത്. പ്രസ്തുത ഹീനകര്‍മ്മത്തോടെ പാല്‍ തീര്‍ത്തും വിഷസമാനമായി മാറുന്നു. യൂറിയ മുതല്‍ ആന്റിബയോട്ടിക്കുകള്‍ വരെ പാലില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ന്റേര്‍ഡ് ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ) വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ശേഖരിച്ച 1791 ഓളം സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 68.4 ശതമാനവും നിശ്ചിത ഗുണനിലവാരം പുലര്‍ത്തുന്നവയല്ലെന്ന് കണ്ടെത്തുകയുണ്ടായി. മോര്‍ച്ചറിയില്‍ മൃതദേഹം കേടുവരാതെ സൂക്ഷിക്കാനുള്ള ഫോര്‍മാലിന്‍ ഉള്‍പ്പെടെ, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ആന്റി ബയോട്ടിക്‌സ്, യൂറിയ, അമോണിയം സള്‍ഫേറ്റ്, സ്റ്റാര്‍ച്ച്, കാസ്റ്റിക് സോഡ, പൊട്ടാസ്യം ബൈ ക്രോമേറ്റ് സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നീ രാസപദാര്‍ത്ഥങ്ങള്‍ പാല്‍ കേടാവാതിരിക്കാനും, കൊഴുപ്പിനും വേണ്ടി വ്യാപകമായി ചേര്‍ക്കുന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്. ഈ ‘രാസപാലി’ന്റെ നിത്യോപയോഗം നിങ്ങളുടെ വൃക്ക-നാഡീവ്യൂഹം-കരള്‍-ഹൃദയം എന്നിവയുടെ പ്രവര്‍ ത്തനത്തെ തകരാറിലാക്കുകയും, മരണം വരെ സംഭവിപ്പിക്കുകയും ചെയ്യും. കൂടാതെ അമിതമായി വെള്ളം ചേര്‍ത്തശേഷം പാലിനു കൊഴുപ്പു കിട്ടാന്‍ അതില്‍ വന്‍തോതില്‍ മണ്ണിരകളെ പിടിച്ചിട്ട് അരിച്ചെടുക്കുന്ന രീതിയും ചില കാപാലിക കച്ചവടക്കാര്‍ സ്വീകരിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലില്‍ ഇതുകൂടാതെ മറ്റെന്തെന്തെല്ലാം രാസമാലിന്യങ്ങള്‍ ചേര്‍ക്കുന്നുണ്ട് എന്നുള്ളത് ദൈവത്തിനുമാത്രം അറിയുന്ന ഒരു രഹസ്യമാണ്.

ചുരുക്കത്തില്‍, സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ‘റിസ്‌ക്ക്’ എടുക്കാന്‍ താല്പര്യമില്ലായെങ്കില്‍ എന്തിനാണ് ഇത്രമേല്‍ ആപത് സാദ്ധ്യതയുള്ള പാല്‍ വേണമെന്നു ശഠിക്കുന്നത്. പ്രകൃതിവാദികളേപ്പോലെ ‘പശുവിന്റെ പാല്‍ പശുവിന്‍കുട്ടിക്കുതന്നെ’ വിട്ടുകൊടുക്കുന്നതല്ലേ ബുദ്ധി… അല്ലാതെ, മൃഗക്കുട്ടിക്കുള്ള പാല്‍ മനുഷ്യക്കുട്ടി അപഹരിച്ചെടുത്ത് കുടിക്കുന്നതാണോ പ്രകൃത്യാനുസൃതം? അഥവാ, പാല്‍ വേണമെന്നു നിര്‍ബന്ധബുദ്ധിയാണെങ്കില്‍ അതിനും മേനകാഗാന്ധി തന്നെ ഉത്തരം തരുന്നുണ്ട്. അതാണ് നിര്‍ദ്ദോഷകാരിയായ സാക്ഷാല്‍ സോയാമില്‍ക്ക്!!

Generated from archived content: essay1_dec19_13.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English