മഹാത്മാഗാന്ധിയും കുറേ ലൈംഗികാപവാദങ്ങളും ..

പാപ്പരാസികള്‍ അങ്ങിനെയാണ്; സഹസ്രകോടി ജനഹൃദയങ്ങളില്‍ ആരാധനയോടടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഉദാത്ത വിഗ്രഹത്തിന്റെ സൂര്യതേജസ്സിനെ സദാ മലീമസപ്പെടുത്തിക്കൊണ്ടിരിക്കും. ഒന്നുകില്‍ അത് അവരുടെ ഒരുതരം മനോവൈകല്യമാകാം, അല്ലെങ്കില്‍ ഒരാസൂത്രിത കുത്സിതശ്രമമാകാം. ഇത് രണ്ടുമായാലും ഒരു ഉത്തരാധുനീക പരിഷ്‌കൃത സമൂഹത്തിനു അവ ഒട്ടും ആശാസ്യമല്ല. സ്വന്തം ആത്മസംതൃപ്തിയെ തൃപ്തിപ്പെടുത്തുവാനുള്ള ലക്ഷ്യമാണെങ്കില്‍ നമ്മുക്കവരുടെ മനം മാറ്റത്തിനായി പ്രാര്ത്ഥിക്കാം. മറിച്ച് ബോധപൂര്‍വ്വമായ ആസൂത്രിത നീക്കമാണെങ്കില്‍ എന്തുവിലകൊടുത്തും നമ്മുക്കത് നിരുത്സാഹപ്പെടുത്തിയേ പറ്റൂ. ഇത്തരത്തില്‍ തേജോവധം നടത്തപ്പെടുന്നത് പ്രധാനമായും മൂന്നു ലക്ഷ്യ സാക്ഷാത്ക്കാരത്തിനാണ്. അതില്‍ ഒന്നാമത്തേതാണ് നെഗറ്റീവ് പബ്‌ളിസിറ്റിയുടെ മാര്‍ക്കറ്റിംഗ് തന്ത്രം. ഒരു പ്രതിഭാസത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ ന്യൂനവശത്തെ പെരുപ്പിച്ചുകാട്ടി അതിന്റെ സദുദ്ദേശ്യത്തെ നിഷ്പ്രഭമാക്കുകയും അതിനിടയിലേയ്ക്ക് തന്റെ ഉല്പന്നം തിരുകികയറ്റി വിപണനം നടത്തുകയുമാണ് ഇവിടെ ചെയ്യുന്നത്. രണ്ടാമതായി, പുതുതലമുറയിലെ വരേണ്യ മാധ്യമലോകത്ത് വിഗ്രഹഭഞ്ജകനായി ആര്‍ത്തുവിളിച്ച് തന്റേതായ ഒരു പകിട്ടാര്‍ന്ന ഇടം കണ്ടെത്തി പൊതു സമൂഹത്തില്‍ ഉപരിപ്ലവനായകനാകാനുള്ള പ്രശസ്തി ഭ്രമമാണ്. അവസാനമായി, ഒരുതരം വ്യക്തിഹത്യാ ആക്രമണത്തോടെ മുമ്പേ നടന്നവരെ തേജോവധം ചെയ്ത് അവരുടെ മഹത്വശോഭയെ നിര്‍ വീര്യമാക്കി തദ്വാരാ ഉല്കൃഷ്ടാശയങ്ങള്‍ക്ക് മങ്ങലേല്പ്പിച്ച് തന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും സമൂഹത്തില്‍ ശക്തമായ വേരോട്ടമുണ്ടാക്കിയെടുക്കുക. പക്ഷേ, ഇപ്രാവശ്യം, ദോഷൈകദൃക്കുകളായ പപ്പരാസികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് മഹാത്മാഗാന്ധിയെയാണ്. വ്യക്തിഹത്യയുടെ പ്രഭവകേന്ദ്രം പാശ്ചാത്യ രാജ്യങ്ങളായതിനാല്‍ മേല്പറഞ്ഞ ലക്ഷ്യങ്ങളേക്കാളുപരി ഒരുതരം മൃദുവായ സാംസ്‌ക്കാരികാക്രമണമാകാനാണ് സാധ്യത.

‘സത്യാഗ്രഹം’ എന്ന വജ്ജ്രായുധം കൊണ്ട് ബ്രിട്ടീഷ് സേനാബലത്തെ ചെറുത്തുതോല്പിച്ച കേവലം അര്ദ്ധനഗ്‌നനായ ഫക്കീറിന്റെ ദാര്ശനീക ആശയങ്ങളെ അന്നും ഇന്നും എന്നും അല്പം അമ്പരപ്പോടെയാണ് പാശ്ചാത്യശക്തികള്‍ നോക്കിക്കാണുന്നത്. മാര്ട്ടിന്‍ ലൂഥര്കിംഗ്, സ്റ്റീവ് ബികോ, നെല്‌സണ്‍ മണ്ഡേല, ഓങ് സാന്‌സൂകി എന്നീ ഉഗ്രപ്രതിഭകളെ മഹാത്മജിയുടെ തത്വസംഹിതകള്‍ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നുവന്നതോടെ പാശ്ചാത്യ ദാര്‍ശനീക ലോബികള്‍ അസഹിഷ്ണാലുക്കളായി. പ്ലേറ്റോയും, അരിസ്‌റ്റോട്ടിലും, സോക്രട്ടീസും, റസ്സലുമൊക്കെ ഉള്‍പ്പെടുന്ന ദാര്ശനീകലോകത്ത് ഒരു മൂന്നാം ലോകത്തുനിന്നുമുള്ള ഒരുവന്റെ തിളക്കമാര്‍ന്ന ചിന്താ സരണികകളെ പ്രതിഷ്ഠിക്കുവാന്‍ സാമ്രാജ്യത്വമേല്‌ക്കോയ്മാ ധാര്‍ഷ്ട്യം അനുവദിക്കുന്നില്ല. ‘എന്റെ ജീവിതമാണെന്റെ സന്ദേശം’ എന്നു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച മഹാത്മജിയുടെ സ്വകാര്യ ജീവിതം അത്ര മഹത്തരമൊന്നുമായിരുന്നില്ല എന്നു സ്ഥാപിച്ച് അദ്ദേഹത്തിന്റെ ചിത്രം വികലമാക്കാനാണ് ഇക്കൂട്ടര്‍ അശ്രാന്ത പരിശ്രമം നടത്തുന്നത്. ഇതിനെതിരെ ഒരു നയതന്ത്ര ഇടപെടലുകള്‍ നടത്തി ചെറുത്തുതോല്പിക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് തയ്യാറാകേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണ്.

മഹാത്മജിയുടെ ശക്തമായ ആശയങ്ങളും, ബുദ്ധിപരമായ നേത്യത്വവും സ്വതന്ത്ര ഇന്ത്യയെന്ന ഒരു മഹാരാജ്യത്തെ പുനര്‍ നിര്‍മിക്കാന്‍ സാധിച്ചതിനാല്‍ അഭിമാനിതനായ സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തിനു ‘രാഷ്ട്രപിതാവ്’ എന്ന സംബോധന ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ഇന്നും, എന്നും സ്വതന്ത്ര ഇന്ത്യയുടെ ഏക രാഷ്ട്രപിതാവായി പൊതുസമൂഹം കാണുന്നത് മഹാത്മജിയെയാണ്. എന്നാല്‍ ഈ സംബോധനാ പദവി ഔദ്യോഗികമല്ല. എങ്കിലും, ആ മഹാത്മാവിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന്റെ ജന്മദിനമായ ഗാന്ധിജയന്തി ദിനത്തെ ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള ഒരു രാജ്യാന്തര വ്യക്തിപ്രഭാവത്തെയാണ് കളങ്കപ്പെടുത്തുവാന്‍ ചില തല്പരശക്തികള്‍ശ്രമിക്കുന്നത്. ഒരായിരം സൂര്യചന്ദ്രന്മാരുടെ പ്രഭാപൂരത്തെ മറയ്ക്കുവാന്‍ ഭൂമുഖത്തെ ഒരു ഛിദ്രശക്തിക്കുമാകില്ല എന്നത് ഒരു നഗ്‌നസത്യമാണ്.

മഹാത്മാഗാന്ധിയുടെ നേര്‍ക്കുള്ള ശക്തമായ ഒരു മിസൈല്‍ തൊടുത്തുവിട്ടിരിക്കുന്നത് മുന്‍ ശത്രുരാജ്യമായ ബ്രിട്ടനില്‍ നിന്നുമാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും, പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ ജോസഫ് ലെവിവെല്ഡ് ആണ് തന്റെ വിവാദ ഗ്രന്ഥമായ ‘ഗ്രേറ്റ് സോള്‍; മഹാത്മാഗാന്ധി ആന്റ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ’ യിലൂടെ കനത്ത ആരോപണങ്ങള്‍ മഹാത്മജിക്കു നേരെ ഉന്നയിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിക്ക് തന്റെ ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്ത് അതായത് 1908 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ ഒരു കൂട്ടുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ഹെര്‍മന്‍ കാലെന്ബാഷ്. ഒരു ജര്‍മ്മന്‍ ജൂതവംശജനായിരുന്ന അയാള്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ഒരു കോടീശ്വരനും, നല്ലൊരു മെയ്യഭ്യാസിയും, വാസ്തുശില്പിയും കൂടിയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇയാള്‍ സൗജന്യമായി നല്കിയ ആയിരം ഏക്കര്‍ ഭൂമിയിലാണ് മഹാത്മാഗാന്ധി ജോഹന്നസ് ബര്ഗില്‍ ടോള്‌സ്‌റ്റോയ് ഫാം സ്ഥാപിച്ചത്. 1908 മുതല്‍ രണ്ടുവര്‍ഷക്കാലം ഗാന്ധിയും കാലെന്‍ ബാഷും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് 1914 ല്‍ ഗാന്ധിജി ഇന്ത്യയിലേയ്ക്ക് തിരിച്ചെങ്കിലും ഇരുവരും തമ്മില്‍ ശക്തമായ ആശയവിനിമയം ഉണ്ടായിരുന്നതായി വിവാദ ഗ്രന്ഥത്തില്‍ പറയുന്നു. ഈ കാലെന്‍ ബാഷും, അന്ന് 38 വയസ്സുണ്ടായിരുന്ന മഹാത്മാ ഗാന്ധിയും തമ്മില്‍ ചില പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ഉണ്ടായിരുന്നതായും ആ ബന്ധത്തില്‍ മനം മയങ്ങിപ്പോയ ഗാന്ധിജി 1908 ല്‍ ഭാര്യയായ കസ്തൂര്‍ബയെ ഉപേക്ഷിച്ചതായും ഉള്ള വ്യക്തമായ സൂചനകളാണ് പ്രസ്തുത വിവാദ ഗ്രന്ഥത്തില്‍ എഴുതിചേര്‍ത്തിരിക്കുന്നത്. കാലെന്‍ ബാഷിനു മഹാത്മാഗാന്ധി അയച്ച ചില കത്തുകളിലെ പരാമര്‍ശങ്ങളിലൂടെയാണ് ഗ്രന്ഥകാരന്‍ ഈയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ‘എത്ര സമ്പൂര്‍ണ്ണമായാണ് താങ്കള്‍ എന്റെ ശരീരത്തിന്റെ ഉടമസ്ഥത കൈയ്യടക്കിയിരിക്കുന്നത്. ആരോടോ ഉള്ള പ്രതികാരമാണ് എനിക്ക് ഈ അടിമത്തം’. ഗാന്ധി തുടരുന്നു. ‘ഒരു സ്ത്രീയേയും ആഗ്രഹപൂര്‍വ്വം നോക്കരുത്. ഈ വഴിവിട്ട ബന്ധത്തെ ഒരു മോശം ബന്ധമായി കാണുന്നില്ലെന്ന് ഗാന്ധി പറഞ്ഞതായും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗലൈംഗിത ക്രിമിനല്‍ കുറ്റമായി ന്യായീകരിക്കപ്പെടുന്ന ആധുനീക നിയമനിലപാടുമായി ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ ഗാന്ധിഭക്തര്‍ക്ക് അത്രയ്‌ക്കൊന്നും രുചിയ്ക്കാത്ത ചില വസ്തുതകളുമായി ഒരു സായിപ്പ് വന്നതിന്റെ ഉദ്ദേശശുദ്ധിയെയാണ് സംശയത്തോടെ വീക്ഷിക്കേണ്ടത്.

അടുത്ത വിവാദം പൊട്ടിപ്പുറപ്പെട്ടത് മഹാത്മാഗാന്ധിയും സരളാദേവി ചൗധരിയും തമ്മിലുള്ള ബന്ധത്തെപ്പെറ്റിയായിരുന്നു. മാര്‍ട്ടിന്‍ എഴുതിയ ‘ഗാന്ധി: വോയ്‌സ് ഓഫ് എ ന്യൂ ഏജ് റവല്യൂഷന്’ എന്ന പുസ്തകവും, ഗാന്ധിയുടെ ചെറുമകനായ രാജ്‌മോഹന്‍ ഗാന്ധി തന്റെ മുത്തച്ഛനെക്കുറിച്ചെഴുതിയ ‘മോഹന്‍ ദാസ്: എ ട്യൂ സ്‌റ്റോറി ഓഫ് എ മാന്‍ ഹിസ് പീപ്പിള്‍ ആന്റ് ആന് എംപയര്‍’ എന്ന ഗ്രന്ഥവുമാണ് ഈ വസ്തുതയ്ക്ക് അടിസ്ഥാനം. ആരാണ് ഈ സരളാദേവി ചൗധരി ?…. മഹാത്മാ ഗാന്ധിയുടെ വിവാഹേതര പ്രണയകഥയിലെ കേവലം പൈങ്കിളി നായിക മാത്രമായിരുന്നില്ല സരള. കോണ്‍ഗ്രസിന്റെ സ്ഥാപകാംഗമായ ജാനകീനാഥ് ഗോശലിന്റെ മകളായി 1872 ല്‍ കല്‍ക്കട്ടയിലാണ് സരളാദേവി ചൗധരി ഭൂജാതയാകുന്നത്. ഗാന്ധിജിയെ ‘മഹാത്മാ’ എന്നു വിശേഷിപ്പിച്ച രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരിയുടെ മകളായിരുന്നു സരള, അതായത് ചെറുമകള്‍. ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ഔന്നത്യവും, കുലീനത്വവുമുള്ള കുടുംബത്തില്‍ പിറന്നവള്‍. 1911 ഡിസംബര്‍ 27 ന് കോല്‍ക്കട്ടയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആലപിക്കപ്പെട്ട ‘ജനഗണമന..’ സരളയുടെ ശബ്ദത്തിലാണ് ആദ്യമായി ലോകം ശ്രവിക്കുന്നത്. ഉന്നതമായി ചിന്തിക്കുകയും, ഒരേ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും, ഓരേ ജനതയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്ത രണ്ടു പ്രതിഭകളെ ചരിത്രം തന്നെ വിളക്കിച്ചേര്‍ക്കുകയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, സ്വദേശി പ്രസ്ഥാനം, ഖിലാഫത് പ്രസ്ഥാനം എന്നീ ചരിത്രമുഹൂര്‍ത്തങ്ങളിലെല്ലാം മഹാത്മജിക്കൊപ്പം അവരുടെ നിറസാന്നിദ്ധ്യവും അലങ്കരിച്ചിരുന്നു. പക്ഷേ, സരളാദേവി വിവാഹിതയായിരുന്നു. റാം ഭുജ് ദത്തായിരുന്നു സരളയുടെ ഭര്‍ത്താവ്. തന്റെ ഹിന്ദുസ്ഥാന്‍ വാരികയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ലേഖനമെഴുതിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റാം ഭുജ് ദത്തിനെ വിചാരണ ചെയ്ത് ജയിലിലടച്ചിരുന്നു. ഈ കാലത്തായിരുന്നു ഗാന്ധിജിയും സരളയുമായുള്ള അവിഹിത സമാഗമങ്ങള്‍ നടന്നത്. അന്ന് ഗാന്ധിജിയ്ക്ക് അമ്പത് വയസ്സും സരളയ്ക്ക് 47 വയസ്സുമായിരുന്നുവെന്ന് ഓര്‍ക്കണം. 1919 ഒക്ടോബര് മുതല്‍ 1920 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിരവധിതവണ ലാഹോറിലെ സരളയുടെ വസതിയില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അതുപോലെ, സരള പല പ്രാവശ്യം സബര്‍മതി സന്ദര്‍ശിച്ചിട്ടുമുണ്ട്. ഒരുവേള മഹാത്മജി അവരെ വിവാഹം ചെയ്താലെന്താ എന്നുവരെ തീരുമാനമെടുത്തിരുന്നുവത്രേ. 1920 മെയ് രണ്ടിന് അദ്ദേഹം അവര്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം പറയുന്നു. ‘എന്റെ ഉറക്കത്തില്‍പ്പോലുമുള്ള നിന്റെ കടന്നുവരവ് തുടരും. നീയ്യാണ് ഏറ്റവും വലിയ ശക്തിയെന്ന് പണ്ഡിറ്റ്ജി (സരളയുടെ ഭര്‍ത്താവ്) പറയുന്നതില്‍ ഒട്ടും അത്ഭുതമില്ല. അദ്ദേഹത്തില്‍ നീ മന്ത്രം പ്രയോഗിച്ചിട്ടുണ്ടാകും. അതുതന്നെയാണ് നീ എന്നിലും പ്രയോഗിച്ചത്’.

1940 വരെ ഈ അരുതാത്ത ബന്ധം തുടര്‍ന്നു. ഈ അതിതീവ്രപ്രണയ രഹസ്യം സ്വാതന്ത്ര്യ സമര മുന്നണിപ്പോരാളികള്‍ക്കെല്ലാം തന്നെ അറിയാവുന്ന രഹസ്യമായിരുന്നു. ആ പരമ പരസ്യരഹസ്യത്തെ രഹസ്യസ്വഭാവത്തോടെതന്നെ നിലനിര്‍ത്താന് നേതാക്കന്മാര്‍ ശ്രദ്ധിച്ചിരുന്നു. കാരണം, കഥയിലെ നായകനെയും, നായികയേയും രാജ്യത്തിനും, പൊതുസമൂഹത്തിനും അത്യാവശ്യമായിരുന്നു. അടക്കിപ്പിടിച്ച സംസാരങ്ങളും, മുറുമുറുപ്പുകളും, കുത്തുവാക്കുകളും വ്യാപകവും, അസഹ്യവുമായപ്പോള്‍ ദേവദാസ് ഗാന്ധി, മഹാദേവ് ദേശായി, രാജഗോപാലാചാരി എന്നീ നേതാക്കന്മാര്‍ അവസരോചിതമായി ഇടപെടുകയും, ഒടുവില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് സരള ഗാന്ധിയ്ക്ക് എഴുതുകയും ചെയ്തതോടെ ആ പ്രണയചാപല്യങ്ങള്‍ക്കു തിരശ്ശീല വീഴുകയായിരുന്നു. പക്ഷേ, അതീവ ആഴത്തില്‍ വേരൂന്നിയ ആ ഹൃദയ ബന്ധത്തിന്റെ ശേഷിപ്പുകള്‍ ചരിത്രത്തിന്റെ കയ്യൊപ്പോടെ വീണ്ടും തുടര്ന്നു. സരളാ ദേവിയുടെ ഏക മകന് ദീപക് ദത്തിന് ഇന്ദിരാഗാന്ധിയെ വിവാഹം ചെയ്തുകൊടുക്കാന്‍ മഹാത്മജി ജവഹര്‍ ലാല്‍ നെഹ്രുവിനോട് ആവശ്യപ്പെട്ടുവത്ര. ആ വിവാഹാവശ്യം നെഹ്രു നിരസിക്കുകയാണുണ്ടായത്. പിന്നീട് ദീപക് ദത്ത് വിവാഹം ചെയ്തത് ഗാന്ധിജിയുടെ ചെറുമകള്‍ രാധയെയായിരുന്നു.

അന്യന്റെ പത്‌നിയെ മാതൃതുല്യയായി കാണണമെന്ന ആര്‍ഷഭാരത സംസ്‌ക്കാരത്തോട് മാതൃകാപരമായി നീതിപുലര്‍ത്താന്‍ സത്യാന്വേഷിയായ ഒരു ഹൈന്ദവീയ ദാര്ശനികനു കഴിഞ്ഞില്ലയെന്നത് ചരിത്രപരമായ വിരോധാഭാസവൈകല്യമായി മുഴച്ചു നില്ക്കുന്നു. ഉപദേശിയാകാം, അത് വളരെ എളുപ്പവുമാണ്. പക്ഷേ ഉപദേശിക്കപ്പെടുന്നതിലൂടെ മാതൃകാപരമായി ജീവിക്കുകയെന്നതാണ് ദുഷ്‌ക്കരം. ഒരു കര്മ്മയോഗി വിജയിപ്പിച്ചു കാണിക്കേണ്ടത് അതാണ്. ഒരിക്കല്‍, തന്നെ വന്നുകണ്ട ഡോ. ജയപ്രകാശ് നാരായയണനോടും ഭാര്യയോടുമായി ഗാന്ധിജി ആവശ്യപ്പെട്ടത് മൈഥുനത്തില്‍ നിന്നും വിട്ടുനില്ക്കാനായിരുന്നുവത്രേ. മഹാത്മാവിന്റെ ആ മഹദ്വചനം അന്ധമായി സ്വീകരിച്ച് അന്നുമുതല്‍ അക്ഷരാര്ത്ഥത്തില്തന്നെ ബ്രഹ്മചാരിയായ ജയപ്രകാശ് നാരായണന്‍ അപ്രകാരം ചെയ്തതുകൊണ്ട് ജീവിതത്തില്‍ നിന്നും എന്തുനേടി എന്നത് എഴുതിവയ്ക്കാന്‍ പോലും മിനക്കെട്ടില്ല. മഹാത്മാഗാന്ധിയാകട്ടെ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ (1881 ല്) പോര്‍ബന്ദറിലെ വ്യാപാരിയായ ഗോകുല്‍ ദാസ് മകാന്‍ ചിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം ചെയ്തു. കസ്തൂര്‍ബയ്ക്ക് അദ്ദേഹത്തേക്കാള്‍ ഒരുവയസ്സ് പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു. ഏതാനും വര്‍ഹങ്ങള്‍ക്കു ശേഷം, അതായത് ഗാന്ധിജിയുടെ പതിനാറാം വയസ്സുമുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഒരു കിടപ്പ് രോഗിയായി. അത്യന്തം ശുഷ്‌കാന്തിയോടെയുള്ള പരിചരണം അര്‍ഹിക്കും വിധം രോഗശയ്യയിലായ പിതാവിനെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം ദിനങ്ങള്‍ കഴിച്ചുകൂട്ടി. ഒരുദിവസം പിതൃപരിചരണം അമ്മാവനെ ഏല്പ്പിച്ച് അദ്ദേഹം ഭാര്യാ സവിധത്തിലേയ്ക്കുചെന്നു. വിഷയാസക്തി അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. രോഗവേദനയാല്‍ വിമ്മിട്ടപ്പെടുന്ന സ്വന്തം പിതാവിന്റെ ദൈന്യമായ മുഖം തൃണവല്ക്കരിച്ച് ഭാര്യയുമായി മൈഥുനകേളിയിലേര്‍പ്പെട്ടു.. പിന്നെ, ഏതാനും മണിക്കുറുകള്‍ക്കുശേഷം ഭ്യത്യന്‍ പിതാവിന്റെ മരണവാര്‍ത്തയുമായാണ് എത്തിയത്. ഇത് അദ്ദഹത്തില്‍ കുറ്റബോധമുണ്ടാക്കി. അത്യന്തം മനോവേദനയോടെ അദ്ദേഹം മൂകനായി. ‘ഇരട്ടനിന്ദ’ എന്നാണ് ഗാന്ധിജി ഈ സംഭവത്തെ പിന്നീട് വിശേഷിപ്പിച്ചത്. തുടര്‍ന്നങ്ങോട്ട് കടുത്ത ബ്രഹ്മചര്യാ തീരുമാനമായിരുന്നു. നാലു മക്കളായ ശേഷം കസ്തൂര്‍ ബയെ നിസ്സങ്കോചം ഉപേക്ഷിച്ചു. ഈ സന്ദര്‍ഭത്തില്‍ ഒരു അല്പം സന്ദേഹം തോന്നാം, ഒരു സാത്വികനായ ദാര്‍ശനിക സത്യാന്വേഷിക്കു ചേര്‍ന്നതാണോ ഇതൊക്കെയെന്ന്.

മറ്റാരു വിവാദ ഗ്രന്ഥം ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച ‘നേക്കഡ് അംബീഷന്’ ആണ്. ഇതിന്റെ ഗ്രന്ഥകാരനാകട്ടെ, 1995 ല്‍ ഗാന്ധിനെഹ്രു കുടുംബത്തെക്കുറിച്ച് പുസ്തകം എഴുതി ശ്രദ്ധേയനായ പ്രസിദ്ധ ചരിത്രകാരന്‍ ജാഡ് ആഡംസും. നേക്കഡ് അംബീഷനില്‍ മഹാത്മാഗാന്ധിയുടെ ലൈംഗിക തല്പരതയുടെ മുഖമാണ് ഒരുവശത്ത് അനാവരണം ചെയ്യുന്നത്. മഹാത്മജിയുടെ സെക്രട്ടറിയായിരുന്ന പ്യാരിലാലിന്റെ സഹോദരിയായ സുശീലാ നെയ്യാറില്‍ നിന്നാണ് തനിക്ക് മഹാത്മജിയുടെ സ്വകാര്യ ദൗര്‍ലഭ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്. മഹാത്മജിയുടെ അമിത ലൈംഗികാസക്തി കാരണം മുതിര്‍ന്ന നേതാക്കളായ സര്‍ദാര്‍ര് വല്ലഭായ് പട്ടേല്‍, ജെ. കൃപലാനി എന്നിവര്‍ അദ്ദേഹത്തില്‍ നിന്നും ഒരു നിശ്ചിത അകലം കാത്തു സൂക്ഷിച്ചിരുന്നുവത്രേ. വിഭജനകാലഘട്ടത്തിലുണ്ടായ മഹാത്മജിയുടെ ഇത്തരം പ്രവണതകളെ ‘അസ്വാഭാവികം’ എന്നാണ് ജവഹര്‍ ലാല്‍ നെഹ്രു വിശേഷിപ്പിച്ചത്.

‘എത്ര ശ്രമിച്ചാലും ചില അവസരങ്ങളില്‍ ലൈംഗികാഭിനിവേശം തടയാനാകുന്നില്ല.’ എന്നു മഹാത്മാ ഗാന്ധി പറഞ്ഞതായി ലെവിവെല്ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ആ മഹാത്മാവാണ് എഴുപതാം വയസ്സിലും തന്റെ 17 കാരിയായ മരുമകള്‍ മനുവിനോടൊപ്പം കിടന്നുറങ്ങിയിരുന്നു എന്നതില്‍ ഗ്രന്ഥകാരന് ആശ്ചര്യപ്പെടുന്നത്. മഹാത്മജി യെ സംബന്ധിച്ചിടത്തോളം ഏറ്റവും വിചിത്രമായ യാഥാര്ത്ഥ്യമെന്നത് അദ്ദേഹത്തിന്റെ ബ്രഹ്മചര്യാ പരീക്ഷണമാണ്. അത് അല്പം കടന്ന കയ്യായിപ്പോയി എന്ന സന്ദേഹമായിരുന്നു മഹാത്മജിയുടെ അടുത്ത അനുചരന്മാര്ക്കുപോലും ഉണ്ടായിരുന്നത്. അവസാനകാലത്തെ വാര്‍ദ്ധക്യത്തില്‍ സ്വന്തം ആത്മസംയമനംബ്രഹ്മചര്യാനിഷ്ഠപരിശോധിക്കാനായി ഗാന്ധിജി തന്നേക്കാള്‍ അറുപതോളം വയസ്സ് താഴെയുള്ള മൃദുലാഗാന്ധി, സുശീലാ നയ്യാര്‍ തുടങ്ങിയ അനേകം പെണ്‍കുട്ടികള്‍ക്കൊപ്പം നഗ്‌നനായി ശയിക്കുകയും, അവരെക്കൊണ്ട് മസ്സാജ് ചെയ്യിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രേ. ‘സ്വഭാനിര്‍മ്മിതി’ എന്ന മഹായജ്ഞത്തിന്റെ ഭാഗമായുള്ള ബ്രഹ്മചര്യാപരീക്ഷണം എന്ന ലാഘവത്തോടെയാണ് ഈ പ്രവൃത്തിയെ അദ്ദേഹം ന്യായീകരിച്ചിട്ടുള്ളത്. ഇതില്‍ സുശീല നയ്യാര്‍ മഹാത്മജിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലിന്റെ സഹോദരിയാണ്. പ്യാരേലാലാകട്ടെ മൃദുലാഗാന്ധിയുടെ പിന്നാലെ പ്രണയാഭ്യര്ത്ഥനയുമായി നിരന്തരം നടന്ന് പൊറുതിമുട്ടിച്ചിരുന്നു. അവസാനകാലം വരെ അവിവാഹിതയായിതന്നെ തുടര്‍ന്ന അവര്‍ 1969 ല്‍ തന്റെ നാല്‍പതാം വയസ്സില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ഹൃത്തടത്തില്‍ ലബ്ധപ്രതിഷ്ഠനായ ആരാധ്യ പുരുഷനും ചരിത്ര ഇതിഹാസവുമായ, മഹാത്മജിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ ഗ്രന്ഥകാരനായ ജോസഫ് ലെവിവെല്ഡ് സ്വന്തം നിലയില്‍ ഒരു വിശദീകരണവുമായി രംഗത്തുവന്നു.

‘സ്വവര്‍ഗ്ഗ പ്രേമിയെന്നോ, വംശവെറിയനെന്നോ ഗാന്ധിയെ പരാമര്‍ശിച്ചു ഞാന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്‍ അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ’.

ഈ വിശുദ്ധവചനത്തിന്റെ പൊള്ളത്തരം തിരിച്ചറിയാനുള്ള വകതിരിവെങ്കിലും മൂന്നാം ലോകരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. ‘ജനസേവനത്തിന് ആത്മസമര്പ്പണം ചെയ്യുന്നവര്‍ അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണ’മെന്ന് ഉദ്‌ബോധിപ്പിച്ച മഹാത്മജിയക്കുറിച്ച് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ ഇന്ത്യക്കാര്‍ക്കാവില്ല. മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അമരത്തുനിന്നുകൊണ്ട് അധിനിവേശ മേല്‌ക്കോയ്മയ്ക്കുനേരെ അക്രമരഹിത പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ട് ഭാരതാംബയെ സ്വതന്ത്രമാക്കിയ ആ യുഗപ്രതാപിയുടെ വജ്ജ്രശോഭയെ പങ്കിലമാക്കുവാന്‍ ഒരു ബാഹ്യശക്തിക്കുമാകില്ല. ഒരു പച്ച മനുഷ്യനായി ജനിച്ച് ജീവിച്ച, രക്തവും മജ്ജയും മാംസവും കൊണ്ട് ആവരണം ചെയ്ത ഒരു തരളിത ഹൃദയത്തിന് തന്റെ നേര്‍ വഴികളിലെവിടെയെങ്കിലും വച്ച് അല്പം ഒന്ന് താളം തെറ്റിയാല്‍ തന്നെയും അത് സഹിക്കാനും പൊറുക്കാനും ഒരായിരം തലമുറകള്‍ തയ്യാറാണ്. ഈയ്യൊരു മഹാത്മാവിനെ ഉദരത്തില്‍ വഹിച്ച് പോറ്റിവളര്ത്തി ചരിത്രത്തിനു സമ്മാനിച്ച ഭാരതാംബ എന്നും ധന്യയായിരിക്കുമെന്നതില്‍ സംശയമില്ല.

ശ്രീബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് തുടങ്ങിയ ദാര്ശനീകരെല്ലാവരുംതന്നെ അഹിംസയെക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ, ഗാന്ധിയന്‍ ചിന്തയില്‍ അഹിംസയെന്നത് കേവലം ഹിംസയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കല്‍ എന്ന സങ്കുചിതാര്ത്ഥമല്ല: മറിച്ച് അത് പരമമായ സ്‌നേഹമാണ്. സ്വന്തം ജന്മശത്രുവിനോടുപോലും സര്‍ വനാത്മാനാ ക്ഷമിക്കുന്ന മാനസ്സിക അവസ്ഥയാണ്. ഒരുവന്‍ അഹിംസയിലേയ്ക്കു തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാന് കഴിവില്ലാതെ വരുമ്പോഴല്ല, മറിച്ച് ഹിംസ ചെയ്യുവാന്‍ അല്പംപോലും താല്പര്യം ഇല്ലാതെ വരുമ്പോഴാണ് എന്നാണ് ഗാന്ധിജി ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. മതദാര്‍ശനീകര്‍ വിഭാവനം ചെയ്ത അഹിംസാ ആശയത്തില്‍ നിന്നും ഒരു പടികൂടി മുന്നോട്ടുപോയി അതിനെ രാഷ്ട്രീയ സമരമുഖത്തെത്തിച്ച് എതിരാളിയുടെ മനസ്സിനെ മനഃശാസ്ത്രപരമായി കീഴ്‌പ്പെടുത്താനുള്ള നിയതമായ ആയുധമാക്കി മാറ്റിയാണ് മഹാത്മജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. ഈ ലോകോത്തര ദാര്ശനീക മന്ത്രമായ അഹിംസാ തത്വം മറ്റെന്തിനേക്കാളേറെ അമൂല്യമായ അദ്ദേഹത്തിന്റെ പ്രാണന്‍ രക്ഷിക്കാനുതകിയില്ലല്ലോ എന്നോര്ത്താണ് ഓരോ ഭാരതീയരും മിഴിനീര്‍ വാര്ക്കുന്നത്. അന്ന്, 1948 ജനുവരി 30ാം തിയ്യതി. വൈകുന്നേരം നാലുമണിയോടുകൂടി സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ തന്റെ മകളുമൊത്ത് ഗാന്ധിജിയെ കാണാന്‍ വന്നു. അക്കാലത്ത് കേന്ദ്രമന്ത്രിസഭയില്‍ നെഹ്രുവും, പട്ടേലും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സമയമായിരുന്നു. പ്രാര്ത്ഥനായോഗത്തിനുമുമ്പ് പട്ടേലുമായും പ്രാര്ത്ഥനയ്ക്കു ശേഷം നെഹ്രുവുമായും സംസാരിക്കാനുള്ള തീരുമാനമായിരുന്നു മഹാത്മജിയുടേത്. പട്ടേലുമായി സംസാരിച്ചിരിക്കേ ഒരുപാട് സമയം കടന്നുപോയി. ആഭയും മനുവും പ്രാര്ത്ഥനയ്ക്കു സമയമായെന്നു ഗാന്ധിജിയെ അറിയിച്ചു. പട്ടേലുമായുള്ള സംസാരം അവസാനിപ്പിച്ച് മഹാത്മജി പ്രാര്ത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാര്ത്ഥനാവേദിയിലേയ്ക്ക് പ്രവേശിക്കും വരെ ഫലിതങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നടത്തം. പിന്നെ, കൂടിനിന്ന ജനങ്ങള്‍ ഇരുഭാഗത്തേയ്ക്കും വഴിമാറിക്കൊടുത്തു. മഹാത്മജി മനുവിന്റെ വലത്തേചുമലില്‍ കൈവച്ച് നടന്നു നീങ്ങി… പെട്ടന്നാണ് അത് സംഭവിച്ചത്!!.

കരുത്തനായ ഒരു കാക്കിക്കുപ്പായക്കാരന്‍ കൂടിനിന്ന ആളുകളെ ശക്തിയോടെ വകഞ്ഞുമാറ്റി നമസ്‌ക്കരിക്കാനെന്ന ഭാവേന മഹാത്മജിക്കുമുമ്പില്‍ കുനിഞ്ഞു. മനുവിന്റെ കൈവശമുണ്ടായിരുന്ന നോട്ടുബുക്കും, കണ്ണടക്കൂടും, കോളാമ്പിയും, ജപമാലയും തിരക്കിനിടയില്‍ താഴെ വീണു. താഴെ വീണ ജപമാലയെടുക്കാന് മനു കുനിഞ്ഞ നിമിഷം!!….

ഒന്നിനു പിന്നാലെ ഒന്നായി കാതടപ്പിക്കുന്ന മൂന്നു വെടിയൊച്ചയുണ്ടായി.!! സമയം വൈകുന്നേരം 5.17.

‘രാമ … രാമ ….’

ആ മഹാത്മാവിന്റെ മാറിടം തുരന്നുകൊണ്ട് അഗ്‌നിഗോളം കടന്നുപോയി !! … ലോകചരിത്രത്തിന്റെ നഭോമണ്ഡലത്തില്‍ അത്യപൂര്‍ വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ആ നക്ഷത്ര ദീപം പൊലിഞ്ഞ് ചേതനയറ്റ് ഭൂമാതാവിന്റെ മാറിടത്തിലേയ്ക്ക് പിന്‍ വാങ്ങി …..

Generated from archived content: essay1_apr4_14.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here