പത്രവിതരണ സമരം – ചില നേര്‍ക്കാഴ്ചകള്‍..!!

ശരാശരി പ്രബുദ്ധസമൂഹത്തെ നിരാശപ്പെടുത്തിക്കൊണ്ടാണ് മാര്‍ച്ച് 20 -ആം തീയതി മുതല്‍ അനിശ്ചിത കാലത്തേക്ക് പത്രവിതരണ സമൂഹം പണിമുടക്കിയിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പോഷക ഘടകമായ സെന്റെര്‍ ഓഫ് ഇന്ത്യ ട്രേഡ് യൂണിയനോട് പ്രത്യക്ഷാഭിമുഖ്യമുള്ള ഓള്‍ കേരള ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസേഷിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ന്ന് അനുബന്ധ ട്രേഡ് യൂണിയന്‍ സംഘടനകളായ ഐ. എന്‍. ടി. യു. സി യും , ബി. എം. എസ്സ് ഉം സമരമുഖത്തേക്ക് അണി ചേര്‍ന്ന് സര്‍വ്വസംഘടനാ പണിമുടക്കായി ശക്തിയാര്‍ജ്ജിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ പത്രമായ ദേശാഭിമാനി, കോണ്‍ഗ്രസ്സിന്റെ വീക്ഷണം, ലീഗിന്റെ ചന്ദ്രിക, സി. പി. ഐ യുടെ ജനയുഗം, ബി. ജെ. പി യുടെ ജന്മഭൂമി തുടങ്ങിയ പാര്‍ട്ടിപ്പത്രങ്ങളേയും , മംഗളം, മാധ്യമം, സിറാജ് എന്നീ സാമുദായിക പത്രങ്ങളെയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നുള്ളത് ചില മുന്‍ നിര കുത്തകപ്പത്രങ്ങളെ വെട്ടിയരിയാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സമരതന്ത്രമെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. സി. പി. എം. ജനറല്‍ സെക്രട്ടറിയായ ശ്രീ. പിണറായി വിജയന്‍ ഈ പത്ര വിതരണ സമരത്തിന് യാതൊരു വിധത്തിലുള്ള പിന്തുണയോ , ആശീര്‍വാദമോ നല്‍കിയിട്ടില്ലെന്നത് പൊതു സമൂഹത്തില്‍ നിന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്….!!

പൗരന് ഭരണഘടനാപരമായി ഉറപ്പു നല്‍കിയിരുന്ന അറിവിനുള്ള അവകാശത്തെ ഏതാനും ചിലരുടെ സ്വാര്‍ത്ഥോദ്യമത്തെ തടസ്സപ്പെടുത്തുന്ന പത്രവിതരണ സമരം തീര്‍ത്തും അന്യായവും , സാമൂഹ്യവിരുദ്ധവുമാണെന്നതില്‍ തര്‍ക്കമില്ല. അറിവ് അന്വേഷിക്കുന്നവരുടെ പ്രാഥമിക പാഠപുസ്തകമാണ് പത്രങ്ങള്‍. താന്‍ നിവസിക്കുന്ന സമൂഹത്തിനു പുറമെ ഇതര ആവാസ വ്യവസ്ഥകളുമായി സംവദിക്കാനുള്ള മാനുഷിക ത്വരയെ ശമിപ്പിക്കുവാന്‍ പത്രങ്ങള്‍ അനിവാര്യമാണ്. പ്രഭാത കോഫിക്കൊപ്പം അകത്താക്കേണ്ട ഒരു ചൂടന്‍ വിഭവമാണ് പലര്‍ക്കും പത്ര വാര്‍ത്തകള്.‍ അത്രമേല്‍ സാധാരണക്കാരന്റെ ശീലങ്ങളില്‍ അവിഭാജ്യഘടകമായ പത്രത്തെ നിര്‍ദാക്ഷിണ്യം തടഞ്ഞു വച്ച് വില പേശുന്നത് ഒരു ജനാധിപത്യസമൂഹത്തിലെ സംസ്ക്കാരമായി കരുതാന്‍ വയ്യ. ഏതു വിധേനെയും വാര്‍ത്തകള്‍ ചൂടോടെ ജനങ്ങളിലെത്തിക്കണം ജനങ്ങള്‍ ഭാഗഭാഗുക്കളായ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ നേട്ടകോട്ടങ്ങള്‍ വിലയിരുത്താനും വിശകലം ചെയ്യപ്പെടുവാനും നിഷ്പക്ഷ മാധ്യം കൂടിയേ തീരു.

പത്രവായനക്കാരില്‍ എഴുപതു ശതമാനം പേരും മുഖ്യധാരാ പത്രങ്ങളെടെ മുഖ്യ ഉപഭോക്താക്കളാണ്. അവരില്‍ മുപ്പതു ശതമാനം പേര്‍ക്കും ‘ പത്ര അഡിക്ഷന്‍’ സംഭവിച്ചു കഴിഞ്ഞു. ഇക്കൂട്ടര്‍ക്ക് പത്രരഹിത ചര്യ തീര്‍ത്തും ദുസ്സഹമാണ്. വളരെ ശ്രമാവഹമായി ഓടി നടന്നും മറ്റും തങ്ങളുടെ കോപ്പികള്‍ ഇവര്‍ ഉറപ്പു വരുത്തുന്നു. ഈ വിഭാഗത്തില്‍ പെട്ട ബി. കെ. ലാല്‍ എന്ന വ്യക്തിയുടെ പ്രക്ഷുപ്ത വികാരമായി എന്‍. ഡി. ടി. വി കറസ്പോണ്ടന്റ് റീപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇപ്രാകരമാണ്.

‘’ We are facing a lot of hardships. i have to travel kilometres to the news paper office to get my copy”

വയനാട്ടില്‍ നിന്നുള്ള കുര്യന്‍ എന്ന വ്യക്തിയുടെ അഭിപ്രായവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

” News paper vendors have not distributed news papers to us for the last 20 days. i have a habit of reading the news paper early morning. now a days i have to draive to the news paper office in town to get my copy from news paper office”

ഇതു തന്നെയാണ് ഓരോ സാധാരണക്കാരന്റെ അനുഭവവും ഭാഷ്യവും . തങ്ങള്‍ക്കു പൂര്‍ണ്ണ തൃപ്തി നല്‍കുന്ന പത്രത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ സുലഭമായി കിട്ടുന്ന പാര്‍ട്ടി പത്രങ്ങളെ പ്രതിഷ്ഠിക്കാന്‍ പലരും വിമുഖരാണ്. അതുകൊണ്ടു തന്നെയാണ് ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ , ഡോ. എം. കെ സാനുമാസ്റ്റര്‍ , ഡോ. എം. കെ മുനീര്‍ തുടങ്ങി സാംസ്ക്കാരിക പ്രബുദ്ധരുടെ കൂട്ടായ്മയില്‍ പത്രവിതരണ സമരത്തിനെതിരെ ഒരു പൊതു വികാരം കത്തിപ്പടരുന്നത്.

അടിസ്ഥാനപരമായി 5 ആവശ്യങ്ങളിലൂന്നിയാണ് ഏജന്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന്റെ ഗതി കണക്കുകൂട്ടലുകള്‍ പോലെ വിജയപ്രദമായി മുന്നോട്ടു പോയപ്പോള്‍ സമരക്കാരുടെ ആവശ്യവും വര്‍ദ്ധിച്ചു

1. പത്രവിലയുടെ 50 ശതമാനമായി കമ്മീഷന്‍ ഉയര്‍ത്തുക.

2. സപ്ലിമെന്റിന് പ്രത്യേക കമ്മീഷനും , ഉത്സവകാല ബോണസ്സും ഏര്‍പ്പെടുത്തുക.

3. ഏജന്റുമാരുടെ കൈവശം എത്തുന്നതിനുമുമ്പു തന്നെ പത്രത്തിനുള്ളില്‍ സപ്ലിമെന്റും വച്ചിരിക്കണം.

4. അഥവാ ഏജന്റ് തന്നെ സപ്ലിമെന്റ്‍ വയ്ക്കുകയാണെങ്കില്‍ അതിനും പ്രത്യേകം കമ്മീഷന്‍ ഏര്‍പ്പെടുത്തണം.

5. ആവശ്യപ്പെടുത്തത്രയും കോപ്പികള്‍ മാത്രമേ ഏജന്റിനു നല്‍കാവൂ.

ഇവയാണ് മുഖ്യ ആവശ്യങ്ങള്‍ . ഇവ കൂടാതെ മറ്റൊരു പുതിയ ബാലിശമായ ആവശ്യം കൂടി അവര്‍ മുന്നോട്ടു വച്ചു. പത്രവിതരണ ഏജെന്റുമാരെ സ്റ്റാഫുകള്‍‍ക്കു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളോടെ പത്രത്തിലെ സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്നാതാണ് ആവശ്യം.

നിലവിലുള്ള ട്രേഡ് ഡിസ്ക്കൗണ്ട് പത്രത്തിന് 27 ശതമാനം മുതല്‍ 30 ശതമാനം വരെയാണ്. അതായത്, വില്‍ക്കുന്ന ഓരോ മലയാള പത്രത്തിനും പ്രതിമാസം 32 രൂപ 50 പൈസ വീതം ഏജന്റിനു ലഭിക്കുന്നു. ആനുകാലിക വാരികകള്‍ക്ക് 25 ശതമാനമാണ് കമ്മീഷന്‍. ന്യൂസ് പേപ്പര്‍ ഏജന്റു മാരുടെ കോ- ഓഡിനേഷന്‍ കമ്മറ്റി സെക്രട്ടറി ശ്രീ. കെ. കെ. ബാവ പറയുന്നത് ഇപ്രാകരമാണ്. ‘’ 35 വര്‍ഷങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ച നിരക്കാണ് ഞങ്ങള്‍ക്കു നല്‍കുന്നത് നാളിന്നു വരെ അതില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല ആയതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കണം. ‘’

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍സൊസൈറ്റി ദേശീയ പ്രസിഡന്റ് ശ്രീ. അഷിഷ് ബഗ്ഗ ഈ ആവശ്യത്തെ കണിശമായി വിമര്‍ശിച്ച് തള്ളിക്കളയുന്നു. ഏജന്റുമരുടെ ബാലിശമായ കമ്മീഷന്‍ ആവശ്യത്തെ അംഗീകരിക്കാന്‍ മാത്രം സാമ്പത്തിക ഭദ്രതയോടെയല്ല പത്രസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉപരിയായി ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സേവന വാഗ്ദാനങ്ങളാണ് കേരളത്തില്‍ പത്രസ്ഥാപനങ്ങള്‍ നല്‍കുന്നത്. മിക്കവാറും എല്ലാ ഏജന്റുമാരും അനവധി പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ വിതരണക്കാരും , ബിസിനസ് പോലുള്ള പല മെച്ചപ്പെട്ട മുഖ്യ തൊഴില്‍ ചെയ്യുന്നവരുമാണ്. ഇതു കൂടാതെ പത്രസ്ഥാപനങ്ങള്‍ ഏജന്റുമാര്‍ക്കും കുടുംബത്തിനും മെഡിക്കല്‍ റീബേഴ്സ്മെന്റും , സൗജന്യ ആക്സിഡന്റ് ഇന്‍ഷ്വറന്‍സും മറ്റും നല്‍കുന്നുണ്ട്. ആയതിനാല്‍ ഏജന്റുമാരുടെ നിരക്ക് വര്‍ദ്ധന ആവശ്യം യാതൊരു കാരണവാശാ‍ലും നീതീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.

പത്ര ഏജന്‍സിയെന്നത് കേവലം ഒരു ‘ പാര്‍ട്ട് ടൈം തൊഴിലാ’ ണ് . രാവിലെ എട്ടുമണിയോടെ അവന്റെ ജോലി അവസാനിക്കുന്നു. തുടര്‍ന്ന് അവന്റെ മുഖ്യ തൊഴിലില്‍ വ്യാപൃതനാകാവുന്നതാണ്. ശ്രീ. ആഷിഷ് ബഗ്ഗ പറയുന്നതു പോലെ, പല ഏജന്റുമാരും ബിസിനസുകാരാണ്. കൂടാതെ എല്‍. ഐ. സി ക്കാരും. ഉയര്‍ന്ന ഉദ്യോഗമുള്ളവരും ഈ രംഗത്തുണ്ട്. മുഖ്യ തൊഴിലില്‍ നിന്നുള്ള വരുമാനത്തെക്കൂടാതെയുള്ള ഒരു അധികവരുമാന ( ഉപവരുമാനം) മായിട്ടാണ് ഏജന്‍സി കമ്മീഷനെ കാണേണ്ടത്. ഓരോ ഏജന്റും അനവധി പത്രസ്ഥാപനങ്ങളുടെ വിതരണക്കാരാണ്. അങ്ങിനെ ആയിരക്കണക്കിന് കോപ്പികളാണ് പല ഏജന്റുമാരും നിര്‍ബാധം വിതരണം ചെയ്യുന്നത്. ഇതിനു പുറമെയാണ് 10 രൂപ മുതല്‍ 20 രൂപ വരെ സര്‍വീസ് ചാര്‍ജായി ഏജന്റുമാര്‍ ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ട്രേഡ് ഡിസ്ക്കൗണ്ടിലുള്ള വര്‍ദ്ധനവ് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

പത്ര മാസികകളുടെ പ്രതിഫലനനിരക്ക് സാധാരണ ശതമാനരൂപത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് ഉല്‍പ്പന്നത്തിന്റെ വിലവര്‍ദ്ധിക്കുമ്പോഴൊക്കെ സ്വാഭാവികമായും പ്രതിഫലവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഈയൊരു അനുകൂലവശം കൊണ്ടാണ് നാളിതുവരെ ‘’ കമ്മീഷന്‍ ഇഷ്യൂ’‘ ഏജന്റുമാരെ തെല്ലും അലട്ടാതിരുന്നത്.എന്നാല്‍ Deccan Chronicle, Times of india തുടങ്ങിയ മാര്‍വാടി പത്രങ്ങള്‍ തങ്ങളുടെ ഉയര്‍ന്ന സാമ്പത്തിക ഭദ്രതയില്‍ 50 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നുവെന്നതാണ് ഏജന്റുമാരെ അസാധാരണമായി പ്രലോഭിപ്പിച്ചത്. പ്രസ്തുത പത്രങ്ങള്‍ക്ക് സിറ്റി മാത്രം കേന്ദ്രീകരിച്ച് ഏതാനും ആയിരങ്ങളുടെ സര്‍ക്കുലേഷനാണ് ഉള്ളതെന്നും , മലയാള ദിനപത്രങ്ങള്‍ക്ക് മില്യന്‍ കണക്കിനാണ് സര്‍ക്കുലേഷന്‍ എന്നുള്ള വസ്തുത മറക്കാതിരിക്കുക. തദ്ദനുസൃതമായി വരുമാനവര്‍ദ്ധനവും ഉറപ്പാകുന്നുവന്നത് പച്ചപ്പരമാര്‍ത്ഥമല്ലേ? സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജറുടെ വരികള്‍ ഇവിടെ പ്രസക്തമാണ്.

‘’25% commission is given to the newspaper agents for publication like week likes, monthlies and fortnightes along with 32.40 per month for each copy of the news papers they distribute. this srike is planned political propaganda. these agents are involved in other business during the day time. so we donot have to consider them as our employees. our readers now collect their daily news pappers from our office and we give them news papers at a cost minus the agents commission.”

പത്രവിതരണക്കാരുടെ സമരത്തെത്തുടര്‍ന്ന് പൊതു സമൂഹം ഒരു തരം മീഡിയ ഫ്രീസിനു സമാനമായ ദുരവസ്ഥ അനുഭവിക്കുകയാണ്. ഇത് അരാജകത്വത്തിന്റെ മൃദുരൂപമാണ്. മുന്‍ നിര വര്‍ത്തമാനപത്രങ്ങളുടെ ഉന്മൂലനത്തിനു വഴിവയ്ക്കാവുന്ന ഈ പ്രതിഭാസം സര്‍ക്കാര്‍ മുന്‍ കയ്യെടുത്ത് പരിഹരിക്കണം. പ്രതി വര്‍ഷം 400 കോടി രൂപയാണ് പത്രവ്യവസായത്തിലൂടെ ഏജന്റുമാരുടെ കൈകളിലെത്തിയിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറി. 35 ലക്ഷം കോപ്പികള്‍ വിറ്റുവരവുള്ള പ്രമുഖ പത്രങ്ങള്‍ക്ക് 30 ശതമാനം അതായത് ഏകദേശം പത്തുലക്ഷം കോപ്പികളായി സര്‍ക്കുലേഷന്‍ കുറഞ്ഞു. ഈയൊരു വിടവ് മുതലെടുത്ത് നേട്ടം കൊയ്യാന്‍ ചില പാര്‍ട്ടി പത്രങ്ങളും സാമുദായിക പത്രങ്ങളും ഇടിച്ചു കയറി വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. തന്മൂലം പക്ഷപാതരഹിതമായ ഒരു വിചിന്തനബോധം പൗരന്മാരില്‍ നിന്നും അകന്നു പോകാം. ഏജന്റുമാരുടെ സമരത്തിനു ബദല്‍സംവിധാനമൊരുക്കി പത്രങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. ഏജന്റുമാ‍രുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെയുള്ള ഒരു പത്രപ്രസ്ഥാനത്തിനു കരുത്തു പകരണം. പത്രത്തിന് ഏജന്റുമാരുടെ മുമ്പില്‍ തലകുനിക്കേണ്ടി വന്നാല്‍ തന്മൂലമുണ്ടാകുന്ന ബാദ്ധ്യതക്ക് പത്രത്തിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇത് കോടികള്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകും.

വസ്തുതകള്‍ ഇപ്രകാരമാണെന്നിരിക്കെ പത്രസമരമെന്നും കടന്നു ചെല്ലാത്ത മറ്റൊരു ലോകമുണ്ട്. മാറിയ ആധുനീക നാഗരിക ഐ.ടി സംസ്ക്കാരലോകം .പഴഞ്ചന്‍ സാമ്പ്രദായിക വാര്‍ത്താമിനിമയോപാധിയായ നെടു നീളന്‍ പത്രക്കടലാസിന് ആ ഹൈടെക് ലോകത്തില്‍ സ്വാധീനം നന്നേ വിരളമാണ്. സമയമില്ലായ്മയുടെ സൂചിമുനയില്‍ കൂടി വട്ടം കറങ്ങുന്ന പ്രൊഫഷണലുകള്‍ക്ക് യാത്രക്കിടയിലെ ലാപ് ടോപ്പ് ഐപാഡ് ഇ- വായനയാണ് മുഖ്യം. ഇന്റെര്‍നെറ്റ് പത്രങ്ങളും , ചാനല്‍ വാര്‍ത്താവിശകലനങ്ങളും കൊണ്ട് ആ ലോകം തീര്‍ത്തും ധന്യവും , തൃപ്തവുമാണ്. വരും കാലങ്ങളില്‍ പത്രം എന്ന പ്രതിഭാസം തന്നെ മ്യൂസിയത്തില്‍ ഇടം പിടിക്കുന്ന ഒരു നവീന ഡിജിറ്റല്‍ ലോകത്തിന് നാന്ദി കുറിക്കുകയാണിവിടെ…..

Generated from archived content: essay1_apr23_12.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English