കഥയുടെ പൊന്നുതമ്പുരാന് പ്രണാമം ..

ഗതകാല അത്ഭുത പ്രതിഭകളായ പൂന്താനത്തിന്റേയും, മേല്പ്പത്തൂരിന്റേയുമൊക്കെ നിറസാന്നിദ്ധ്യംകൊണ്ട് ചൈതന്യവല്ക്കരിക്കപ്പെട്ട സാക്ഷാല്‍ ഉണ്ണിക്കണ്ണന്റെ ഈറ്റല്ലത്തില്‍ നിന്നും സര്‍ഗ്ഗത്മകതയാവാഹിച്ച ഉണ്ണികൃഷ്ണന്‍ പുതൂര്‍ എന്ന മഹാ കഥാകാരന്‍ ദേഹവിയോഗം ചെയ്യപ്പെട്ടിരിക്കുന്നു !!… മലയാള സാഹിത്യത്തേയും സംസ്ക്കാരത്തേയും നെഞ്ചോടുചേര്ത്തു ലാളിക്കുന്ന ഓരോ അനുവാചകരും ആര്‍ദ്രതയോടെ ഒന്നു വിതുമ്പി. മീനമാസത്തിലെ കരളുരുക്കുന്ന കൊടിയ താപത്താല്‍ കേരളദേശം ക്ലേശിക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്മാര്‍ പകര്‍ന്നുനല്‍കുന്ന കുളിരാര്‍ന്ന അനുഭവങ്ങളാണ് ഏക ആശ്വാസം. ഇവരുടെ കൂട്ടത്തില്‍ നിന്നാണ് “കഥകളുടെ പൊന്നുതമ്പുരാന്” കാലയവനികയ്ക്കുള്ളില്‍ എന്നെന്നേയ്ക്കുമായി മറഞ്ഞുപോയത്. ആ ആഘാതം സൃഷ്ടിച്ച ശൂന്യതയുടെ കനത്ത മൂടല്‍മഞ്ഞില്‍ നിന്നും ആസ്വാദകലോകം എന്നു വിമുക്തരാകുമെന്നു പറയാന്‍ വയ്യ…..

ആറു പതിറ്റാണ്ടുകള്‍ നീണ്ട തന്റെ സര്‍ഗ്ഗപര്യടനത്തില്‍ എഴുന്നൂറോളം ചെറുകഥകള്‍ റെക്കാഡോടെ സൃഷ്ടിച്ചുകൊണ്ടാണ് ആഗോള സാഹിത്യലോകത്ത് അദ്ദേഹം ചിരപ്രതിഷ്ഠ നേടിയത്. 1950 കളോടെ നാന്ദികുറിച്ച ആ സാഹിത്യജീവിതത്തില്‍ നിന്നും കൈരളിക്ക് സംഭാവനയായി കിട്ടിയത് 34 ചെറുകഥാ സമാഹാരങ്ങളും, 18 നോവലുകളും, രണ്ട് ജീവചരിത്രങ്ങളുമാണ്. നവോദ്ധാനകാലത്തെ പ്രതിഭകള്‍ക്കുശേഷം ഭാഷാവിരചിതമായ കഥാഭാവുകത്വത്തെ സമ്പന്നമാക്കുകയും, നവീകരിക്കുകയും ചെയ്ത എഴുത്തുകാരുടെ ശ്രേണിയില്‍നിന്നും സവിശേഷമായ ഒരു അസ്ഥിത്വവുമായാണ് ഉണ്ണികൃഷ്ണന്‍ പുതൂര്‍ രംഗപ്രവേശം ചെയ്യുന്നത്. തനിക്കുമുമ്പേ ഗമിച്ച ഉഗ്രപ്രതാപികളുടെ ഊര്ജ്ജവും, പ്രചോദനവും തന്റെ സിരകളിലേയ്ക്കാവാഹിച്ച ആത്മവിശ്വാസവും, ജീവിതം നല്കിയ പാഠവുമാണ് അദ്ദേഹത്തിന്റെ അസംസ്കൃതവസ്തു. തന്റെ സമകാലികരായ എം.ടി., ഓ.വി. വിജയന്, ടി. പത്മനാഭന്‍, സി.വി. ശ്രീരാമന്‍, പുനത്തല് തുടങ്ങിയവരുടെ ആഖ്യാനരീതി, പദവിന്യാസം, ഭാവഘടന, പ്രതിപാദനശൈലി, എന്നിവയില്‍ നിന്നും തികച്ചും വിഭിന്നവും, വിജാതീയവുമായ കഥാകഥന രീതിയാണ് പുതൂര്‍ സ്വീകരിച്ചത്. രചനാപരമായ വന്‍ വിപ്ലവങ്ങളോ, കോളിളക്കങ്ങളോ, ഭാഷാപരമായ കസറത്തുകളോ, അട്ടിമറികളോ മറ്റോ ഒന്നും നടത്താതെ കേരളത്തിന്റെ സര്ഗ്ഗാത്മക ജീവിതത്തിലും, ധൈഷണിക വ്യവഹാരത്തിലും പോള്ളുന്ന ജീവിത യാഥാര്ത്ഥ്യങ്ങളുടെ നീറുന്ന കനല്‍ക്കട്ടകള്‍ വാരിവിതറിക്കൊണ്ട് അദ്ദേഹം മുന്നേറി.

ഭാഷയിലെ ചെറുകഥാ രചനയില്‍ തന്റേതായ ഒരുതരം “പുതൂരിയന്‍ ശൈലി” വെട്ടിതുറന്നുകൊടുത്ത ആ അനുഗ്രഹീതനായ കഥാകാരന്‍ തന്റെ സവിശേഷ ശൈലി രൂപപ്പെടുവാന്‍ ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് മലയാള കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. വീടും വീട്ടുകാരേയും വിട്ട് എഴുത്തിന്റെ ലഹരിയുമായി നാടുനീളെ അലഞ്ഞുനടന്ന് ഒടുവില്‍ കോട്ടയത്ത് എത്തിച്ചേര്ന്നപ്പോള്‍ കയ്യില്‍ ഒരു നയാപൈസയില്ലാതെ വിശന്നുവലഞ്ഞ് ഒരു കടത്തിണ്ണയില്‍ രാത്രിനേരം കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തിനുമുമ്പില്‍ ഒരു ദൈവദൂതനേപ്പോലെ ആ കഥാസുല്‍ത്താന്‍ വന്നു നിന്നു. പരിക്ഷീണിതനായ പുതൂരിനെ താങ്ങിയെഴുനേല്പ്പിച്ച് ചായയ്ക്കുള്ള വഹയും നല്കി തന്റെ ഗൃഹത്തിലേയ്ക്കു ക്ഷണിച്ചു. അതൊരു വലിയ ഹൃദയബന്ധത്തിന്റേയും, പുനര്ജന്മത്തിന്റേയും തുടക്കം കുറിയ്ക്കലായിരുന്നു. ബഷീറിന്റെ കൃതികളെല്ലാംതന്നെ അദ്ദേഹം പലപ്രാവശ്യം ആവേശപൂര്‍ വ്വം വായിക്കുമായിരുന്നു. വീട്ടിലെ പൂമുഖത്തെ മേശപ്പുറത്ത് ഒരു വിശുദ്ധഗ്രന്ഥത്തിന്റെ സ്ഥാനത്തോടെ ബഷീര്‍ കൃതികള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. എന്നും ഉത്തമ ഗുരുനാഥനായി പുതൂരിന്റെ ഹൃത്തടത്തില്‍ ചേക്കേറിയ ബഷീറിന്റെ കൃതികളില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുള്ളത് “ഭൂമിയുടെ അവകാശികളാ”യിരുന്നു. മണ്ണും മനുഷ്യനും സമസ്ത ജീവികളുമായുള്ള അവകാശത്തേയും പരസ്പരപൂരകത്തേയും വരച്ചുകാട്ടിയ, പ്രകൃതിയുടെ ഉള്‍പ്പരപ്പും, വിശാലതയും അനുവാചകന്‍ ബോധ്യപ്പെടുത്തിക്കൊടുത്ത ആ ധ്രുവനക്ഷത്രത്തിന്റെ വഴിവെളിച്ചത്തിലൂടെയാണ് പുതൂരും തന്റെ ഉള്‍ക്കാഴ്ച രൂപപ്പെടുത്തിയത്. ഒരിക്കല്‍ ഒരു യുവഎഴുത്തുകാരന്‍ താന്‍ എഴുതിയ കഥയുമായി ബഷീറിനെ സമീപിച്ചു. കഥ മുഴുവന്‍ വായിച്ചുനോക്കിയ ബഷീര്‍ അയാളോടു ചോദിച്ചു. “കഥയുടെ ബീജം എവിടെന്നു കിട്ടി?”. “അലോചിച്ചുണ്ടാക്കിയതെ”ന്നായിരുന്നു അയാളുടെ മറുപടി. അപ്പോള്‍തന്നെ ആ കഥ നാലായി വലിച്ചുകീറിക്കൊണ്ട് ബഷീര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.

“..കഥയെന്നാല്‍ ആലോചിച്ചുണ്ടാക്കാനുള്ളതല്ല. അത് ജീവിതം എഴുതാനുള്ളതാണ്. ജീവിതം എഴുതി വാ …”

ഉണ്ണികൃഷ്ണന് പുതൂരിനെ സംബന്ധിച്ചും ഈ വസ്തുത അക്ഷരാര്‍ത്ഥത്തില്‍ തന്നെ സത്യമായിരുന്നു. ആത്മസംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ നിന്നുമാണ് പുതൂരിന്റെ കഥകളുണ്ടാകുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളോടുള്ള സര്‍ഗാത്മക സംവാദമാണ് പുതൂര്‍ കഥകള്‍. സ്വന്തവും ചുറ്റുപാടുമുള്ളതുമായ നഗ്നജീവിതം തന്നെയാണ് കഥാ പ്രപഞ്ചം. മനുഷ്യന്റെ ജീവിതം തേടിയുള്ള അലച്ചിലുകള്‍, ഭാരതാംബയുടെ ഉള്‍പ്പരപ്പിലുടെ നടത്തിയ ദീര്ഘയാത്രകള്‍, വ്യത്യസ്ഥ തൊഴിലുകള്‍ നല്കിയ അനുഭവങ്ങള്‍, ഔദ്യോഗിക മേഖലയില്‍ നിന്നുള്ള കനലുകള്‍, സ്വജീവിതം നല്കിയ പാഠങ്ങള്‍, മരുമക്കത്തായ കുടുംബാന്തരീക്ഷത്തില്‍ നിന്നുള്ള സംഘര്ഷങ്ങള്‍ ഇവയില്‍ നിന്നെല്ലാം ഊറിവന്ന വൈവിദ്ധ്യവും, വൈരുദ്ധ്യവുമായ ജീവിത ബീജങ്ങളാണ് പുതൂര്‍ കഥകളെ അത്രമേല്‍ ഹഠാതാകര്ഷകമാക്കുന്നത്. എം.ടി. യുടെ ഭാഷയില്‍ പറഞ്ഞാല്‍ “..ജീവിതത്തിന്റെ അഗാതതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് മുത്തുകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യത്തിനുള്ള വാഗ്ദത്തമാണീ കെട്ടുപിണഞ്ഞ ജീവിത ബന്ധം”.

തന്റെ മുമ്പില്‍ വന്നുനില്ക്കുന്ന പ്രതിസന്ധികളോടു സംവദിക്കാതെ യാഥാര്ത്ഥ്യങ്ങളുടെ നേര്‍ക്ക് മുഖംതിരിഞ്ഞുനിന്ന് ഭാഷാപരമായ ചെപ്പടിവിദ്യകള്‍ കാണിക്കാനോ കാല്പനീക കാമുകന്റെ വൃഥാ വ്യഥയൊഴുക്കലൊന്നുമല്ല പുതൂര്‍ ചെയ്യുന്നത്. അനുഭവ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്ക്കാരം ഹൃദയഹാരിയായ ഭാഷയില്‍ പറഞ്ഞവതരിപ്പിച്ചപ്പോള്‍ അതിനു പ്രൗഡിയും, സൗന്ദര്യവും ഒഴുകിവരികയായിരുന്നു. അധാര്‍മ്മികവും, വൈരുദ്ധ്യങ്ങളും നിറഞ്ഞ ആസുര കാലത്ത് അല്പം ഹൃദയസ്പൃക്കോടെ ഉണരുന്ന മനുഷ്യത്വമാണ് മഹത്തായ മതമെന്നു കരുതി ജീവിക്കാന്‍ പഠിപ്പിക്കുകയാണ് പുതൂര്‍ സ്വന്തം കഥകളിലൂടെ. തന്റെ ബന്ധുക്കളെ, മിത്രങ്ങളെ, സ്വജനങ്ങളെ, എതിരാളികളെയെല്ലാം സൃഷ്ടികളിലെ കഥാപാത്രങ്ങളാക്കിയതിലൂടെ അദ്ദേഹത്തിന് നിരവധി തിക്താനുഭവങ്ങളെ അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. വക്കീല്നോട്ടീസും, ഭീഷണിക്കത്തും, തെറിവിളിയും, അസഭ്യവര്‍ഷവുംകൊണ്ട് മനസ്സ് വെന്തു നീറിയിട്ടും എഴുത്തുകാരന്റേതായ സാമൂഹ്യ ധര്‍മ്മത്തില്‍ നിന്നും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ നിന്നും അദ്ദേഹം അണുവിട വ്യതിചലിച്ചില്ല. 32 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പുറത്തുവന്ന “ബലിക്കല്ലി”ന്റെ രചനകൊണ്ട് അദ്ദേഹമൊരു വിധ്വംസകപ്രവര്ത്തകനും, ധിക്കാരിയുമാണെന്ന് മുദ്രകുത്തപ്പെടുകയും, ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്വോഗസ്ഥന്മാരുടെ അധിക്ഷേപത്തിനും, ശകാരത്തിനും നിരന്തരം പാത്രീഭൂതമാവുകയും ചെയ്തു. “ആട്ടുകട്ടില്‍” എന്ന ഗ്രന്ഥം പുറത്തുവന്നതോടെ സ്വന്തം തറവാടിന്റെ പ്രഭാവത്തിന്റേയും, അഭിമാനത്തിന്റേയും നേര്‍ക്ക് കരിവാരിത്തേച്ചവനായി. ഇതുകൂടാതെയാണ് മറ്റൊരു ദുരന്തം പുതൂരിനെ തേടിയെത്തുന്നത്. വളരെ വൈകിയാണ്, അതായത്, മുപ്പത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം വിവാഹിതനാകുന്നത്. അടുത്ത വര്‍ഷം ആറ്റുനോറ്റൊരു കണ്മണി ജനിക്കുന്നു. ഈ കുഞ്ഞിനേയും അമ്മയേയും സ്വഭവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനായി പുതൂര്‍ ഒരു ടാക്സിപിടിച്ച് ഭാര്യാവീട്ടില്‍ ചെല്ലുന്നു. അപ്പോള്‍ കുഞ്ഞിന് പനിയാണെന്നും ദീനം മാറിയ ശേഷം കൊണ്ടുപോയാല്‍ മതിയെന്നു ഭാര്യാപിതാവിന്റെ നിര്ദ്ദേശം വകവയ്ക്കാതെ പുതൂര്‍ നിര്‍ബന്ധബുദ്ധ്യാ കുഞ്ഞിനേയും തള്ളയേയും വീട്ടില്‍ കൊണ്ടുവന്നു. പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ സേവനം തേടിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ചെയ്ത ചികിത്സകളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. പുലര്‍ച്ച മൂന്നു മണിക്ക് ആദ്യത്തെ കണ്മണിയുടെ കണ്ണുകള്‍ എന്നെന്നേയ്ക്കുമായി അടഞ്ഞുകഴിഞ്ഞിരുന്നു. ഇത് അദ്ദേഹത്തെ ക്രമാധികം കുറ്റബോധത്തോടെ തളര്‍ത്തി. ഈ കഥയാണ് “നക്ഷത്രക്കുഞ്ഞ്” എന്ന പേരില്‍ പുറത്തുവന്നത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കഥ ലളിതാംബിക അന്തര്ജ്ജനത്തേയും, നാലപ്പാട് ബാലാമണിയമ്മയേയും വല്ലാതെ ഹഠാതാകര്ഷിക്കുകയും അവരുടെ നിസ്തൂലമായ അഭിനന്ദനങ്ങള്‍ക്ക് പാത്രീഭൂതമാവുകയും ചെയ്തു. ഇപ്രകാരം തീവ്രമായ അനുഭവങ്ങളുടെ മൂശയിലിട്ട് നീറ്റിച്ചെടുത്ത പവിഴമുത്തുകളാണ് പുതൂരിന്റെ കഥകളില്‍ സിംഹഭാഗവും. അതുകൊണ്ടുതന്നെയാണ് വൈയക്തികമായ അനുഭൂതിരസത്തോടെ അവ അനുവാചകരുടെ ഹൃദയഭിത്തികളെ അതിവേഗം തരളിതമാക്കുന്നത്. ഡോ. എം. ലീലാവതി ടീച്ചറുടെ വാക്കുകളില്‍ പറഞ്ഞാല്‍ “…താന്‍ എന്തോ അത് ആയിരിക്കാനല്ലാതെ താന്‍ എന്താകണമെന്ന് ലോകം സങ്കല്പ്പിക്കുന്നുവോ അതായിരിക്കാന്‍ അദ്ദേഹത്തിന് ഒട്ടും ഉത്കണ്ഠയില്ലായിരുന്നു”. അതാണ് സാക്ഷാല്‍ ഉണ്ണികൃഷ്ണന് പുതൂര്‍.

ഔദ്യോഗിക കര്‍മ്മമണ്ഡലം ഗുരുവായൂര്‍ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളുടേയും പ്രഭവ സ്ഥാനം ഗുരുവായൂരും പരിസരപ്രദേശങ്ങളുമാണ്. പൗരാണികവും, ചരിത്ര പ്രസിദ്ധവുമായ ഭക്തി-സംസ്ക്കാര കേന്ദ്രം എന്ന നിലയില്‍ പുകള്‍പ്പെറ്റ മായക്കണ്ണന്റെ വിശുദ്ധനഗരിയിലെ സംസ്ക്കാരമത്രയും ചാലിച്ചെടുത്ത മഷിയിലാണ് അദ്ദേഹത്തിന്റെ കഥാകഥനം. 32 വര്‍ഷക്കാലം ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളില്‍ ജോലിചെയ്തു. ക്ഷേത്ര ഭരണാധികാരികളുടെ അഴിമതികളിലും, അധാര്‍മിക പ്രവൃത്തികളിലുമെല്ലാം കടുത്ത അതൃപ്തിയായിരുന്നു അദ്ദേഹത്തിന്. മാനവീക-ആദ്ധ്യാത്മീക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മാതൃകയാകേണ്ട ദേവസ്വം ബോര്‍ഡ് ഉദ്വോഗസ്ഥദുഷ്പ്രഭുത്വത്തിന്റേയും, ദുര്‍ഭരണത്തിന്റേയും രാവണക്കോട്ടയാകുന്ന ദയനീയ ദൃശ്യത്തില്‍ മനം നൊന്താണ് “ബലിക്കല്ല്” എന്ന ഗ്രന്ഥം പിറവിയെടുക്കുന്നത്. ഇത് അധികാര വര്ഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു. അവര്‍ പുതൂരിനു നേരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നും ഒരു ഭീരുവിനേപ്പോലെ ഒളിച്ചോടാതെ തികഞ്ഞ കരളുറപ്പോടെ അചഞ്ചലം നേരിട്ട പുതൂരിന്റെ തനതായ നിര്‍ഭയതയാണ് എണ്ണമറ്റ കഥകളുടെ പിറവിയ്ക്ക് അടിസ്ഥാനം.

ചില ‘ന്യൂജനറേഷന്‍ റൈറ്റേഴ്‌സി’നെപ്പോലെ പണത്തിനോ, പ്രശസ്തിക്കോ വേണ്ടിയല്ല പുതൂര്‍ എഴുതി തുടങ്ങിയത്. അതൊരു കര്‍മ്മയോഗിയുടെ മഹത്തായ നിയോഗമായിരുന്നു. ആദ്യം കവനലീലകളിലായിരുന്നു കമ്പം. പിന്നീട് കാരൂരാണ് അദ്ദേഹത്തെ ഉപദേശിച്ചത്. ‘കവിതയെഴുതിയാല്‍ ജീവിക്കാന്‍ പറ്റില്ല. അതിനു കഥതന്നെ എഴുതണ’മെന്ന്. കവിയ്ക്കും വിശപ്പുണ്ട്. അയാള്‍ക്കു ജീവിക്കുവാന്‍ പൂച്ചെണ്ടും, പൂനിത്തെലാവും മാത്രം പോരാ. വിശപ്പിന്റെ ഉള്‍ വിളിയും, തല നിറയെ ഭാവനയും സമജ്ഞസമായി ഒത്തുചേര്‍ന്നുകിട്ടിയ സിദ്ധിയുമായി അഷ്ടിക്കുള്ള വഹതേടിക്കൊണ്ടുള്ള നെട്ടോട്ടത്തിനിടയിലാണ് ഉണ്ണികൃഷ്ണന്‍ പുതൂര്‍ എന്ന എഴുത്തുകാരന്‍ ജനിക്കുന്നത്. പിന്നെ ഗര്‍ജ്ജിക്കുന്ന സിംഹമായി രോക്ഷാകുലനാവുകയായിരുന്നു. അധികാര പ്രമത്തതയ്‌ക്കെതിരെ, സാമൂഹ്യ നെറികേടുകള്‍ക്കെതിരെ, അനീതിയ്ക്കും കൊള്ളരുതായ്മയ്ക്കുമെതിരെ ആത്മരോക്ഷത്തിന്റെ സര്‍ഗസ്‌ഫോടനങ്ങളാണ് ആ തൂലികയില്‍ നിന്നും ഉദ്ഗമിച്ചത്. അത്തരം സ്വാര്‍പ്പിത സേവനത്തിനു അര്‍ഹതപ്പെട്ട അംഗീകാരങ്ങളൊന്നും അദ്ദേത്തെ തേടിയെത്തിയില്ല. 1968 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡും(നാഴികമണി), 1996 ലെ പത്മപ്രഭാ പുരസ്‌ക്കാരവും (എന്റെ 101 കഥകള്‍), മാത്രമായി ആ അംഗീകാരങ്ങള്‍ ചുരുങ്ങുകയാണുണ്ടായത്. അതില്‍ അദ്ദേഹത്തിനു യാതൊരു പരിഭവമോ, നിരാശയോ ഉണ്ടായിരുന്നില്ല. കാരണം, അദ്ദേഹം ഒരിക്കലും പുരസ്‌ക്കാരങ്ങള്‍ക്കു പുറകേ സഞ്ചരിച്ചിരുന്നില്ല. അംഗീകാരങ്ങളേക്കാള്‍ അതിവിപുലമായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമേഖല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറല്‍ കൗണ്‍സിലിലും അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപ സമിതി അംഗം, ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗം, ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ് മേധാവി എന്നീ അധികാര പദവിയിലെല്ലാം സ്ത്യുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സന്ദര്ഭത്തില്‍ തിക്കൊടിയന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘…ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തത്ര സംഭാവനകള്‍ നല്കിയെന്നുള്ളതാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സവിശേഷത.’….

‘എഴുതാന്‍ പറ്റാത്ത അവസ്ഥയാണ് എനിക്ക് മരണം. എഴുത്താണ് എന്റെ അസ്തിത്വം. ഓര്‍മ്മകള്‍ക്കും, അനുഭവങ്ങള്‍ക്കും മങ്ങലേല്‍ക്കാത്തിടത്തോളം കാലം ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും’. ഇതാണ് പുതൂരിന്റെ വിശുദ്ധവചനം. പ്രായാധിക്യം ശരീരത്തില്‍ ഏറെ പ്രഹരമേല്പ്പിച്ചെങ്കിലും വിറയാര്‍ന്ന വിരലുകള്‍ക്കിടയില്‍ തൂലിക തിരുകി അദ്ദേഹം എഴുതുമായിരുന്നു. ശരീരം രോഗഗ്രസ്ഥമായി. കാലം അതിന്റെ ഇരുണ്ടതും തണുത്തതുമായ തുരങ്കത്തിലൂടെ അദ്ദേഹത്തെ പലതവണ വിളിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുമെങ്കിലും അല്പം അലിവോടെ വിട്ടയ്ക്കാറാണ് പതിവ്. ‘..ഉണ്ണികൃഷ്ണനല്ലേ … ഇനിയും ധാരാളം എഴുതാനുണ്ടാകും … എഴുതട്ടെ …’

പക്ഷേ …. ഇക്കുറി അതുണ്ടായില്ല. പ്രകൃതിയുടെ നിയതമായ നിയമത്തിന് ഒരു നാള്‍ വശപ്പെട്ടേ പറ്റൂ. കഴിഞ്ഞ ഏപ്രില്‍ രണ്ടാം തിയ്യതി ബുധനാഴ്ച വൈകിട്ട് നാലരയോടെ ആ അനുഗ്രഹീത കഥാകാരന്‍ കഥാവശേഷനായി. ….. പണത്തിനും, പ്രശസ്തിക്കും വേണ്ടി ഭാഷയെ വ്യഭിചരിക്കുന്ന താന്തോന്നികളായ പുത്തന്‍ തലമുറയിലെ എഴുത്തുകാര്‍ക്കും, ഭാഷാപ്രേമം എന്ന കപട നാട്യത്താല്‍ അക്കാഡമികളില്‍ നുഴഞ്ഞുകയറി കോടികള്‍ തട്ടിയെടുക്കുന്ന വിദ്വാന്മാര്‍ക്കും, പണ്ഡിത ദുഷ്പ്രഭുക്കന്മാര്‍ മുമ്പ് ഒരുപറ്റം സാത്വികരും, സര്‍ഗധനരുമായ ആദരണീയപ്രതിഭകള്‍ കൈരളിയെ സമ്പന്നമാക്കിയിരുന്നു. അവരാണ് നമ്മുക്ക് ശ്രേഷ്ടമായ ഒരു സംസ്‌ക്കാരവും, ഉത്കൃഷ്ടമായ പാരമ്പര്യവും വരദാനമായി സമ്മാനിച്ചത്. അങ്ങ് ദൂരെ വിശാലമായ ആകാശലോകത്ത് ഉജ്ജ്വലമായി ജ്വലിച്ചുകൊണ്ട് ആ നക്ഷത്രതമ്പുരാക്കന്മാര്‍ നമ്മെ നോക്കിനില്ക്കുണ്ടാകാം. അതിലൊന്ന് നമ്മുടെ പ്രിയപ്പെട്ട ഗുരുവായൂരിന്റെ കഥാകാരനാകാം … ആ വലിയ പ്രതിഭയുടെ ദീപ്തമായ സ്മരണകള്‍ക്കു മുമ്പില്‍ ഈ എളിയ ലേഖകന്റെ അശ്രുപ്രണാമം അര്‍പ്പിക്കുന്നു.

Generated from archived content: essay1_apr10_14.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English