ഒരു ഷോ തമ്പുരാന്റെ കൊഞ്ഞനം കുത്തല്‍ !!..

ലോകത്തെമ്പാടുമുള്ള സമസ്ത മലയാളി സമൂഹത്തിന്റേയും എതിര്‍പ്പിനെ തൃണവല്ക്കരിച്ച് നിര്‍ബാധം സംപ്രേക്ഷണം ചെയ്യുന്ന ഒരുപക്ഷേ ലോകത്തിലെതന്നെ ആദ്യത്തെ ടെലിവിഷന്‍ പരിപാടിയായിരിക്കും മലയാളി ഹൗസ്. കോടതിയിലും, വനിതാ കമ്മീഷനിലും പരാതികള്‍ കുമിഞ്ഞുകൂടിയിട്ടും, രാഷ്ട്രീയക്കാരും, സൈബര്‍ ബുദ്ധിജീവുകളും നഖശിഖാന്തം എതിര്‍ത്തിട്ടും പരിപാടിയുടെ സംപ്രേക്ഷണത്തിനു യാതൊരു വിഘ്‌നങ്ങളും വന്നില്ലയെന്നതാണ് അത്ഭുതം. കേരളം ഭരിക്കുന്ന ചാണ്ടി തമ്പുരാനും പരിവാരങ്ങളും സരിതയ്ക്കും ശാലുവിനുമൊപ്പം ‘മലയാളി ഹൗസ് ഓട്ടന്‍തുള്ളന്‍’ കളിക്കുന്നതിനിടെ എന്ത് മലയാളി ഹൗസ് ? .. പക്ഷേ, സാക്ഷര കേരളത്തില്‍ തൊണ്ണൂറു ശതമാനവും സദാചാരാധിഷ്ഠിതമായ കുടുംബമാണെന്നിരിക്കെ പ്രസ്തുത പ്രോഗ്രാമിനെതിരെ സ്വാഭാവികമായും ജനവികാരം ശക്തമായിരിക്കും. അതുകൊണ്ട് കുടുംബ പ്രേക്ഷകര്‍ ഒന്നടക്കം മലയാളി ഹൗസിനെ വലിച്ചുകീറി കുപ്പയിലേയ്‌ക്കെറിഞ്ഞു. ജനപ്രിയ താരങ്ങളായ രേവതി, പ്രദീപ്, സിന്ധു, രാഹുല്‍ ഇവരുടെ തെമ്മാടി കോപ്രായങ്ങള്‍ പരിപാടിയുടെ ജനകീയ വ്യൂവര്‍ഷിപ്പിനെ ദോഷകരമായി ബാധിച്ച അവരുടെ പ്രതിച്ഛായയെ ഉന്മൂലനം ചെയ്തു. മൂല്യബോധമുള്ള നിലവാരമുള്ള കുടുംബ പ്രേക്ഷകര്‍ മലയാളി ഹൗസിലേയ്ക്കു കാര്‍ക്കിച്ചു തുപ്പി. വ്യക്തമായൊരു സെന്‍സര്‍ സംവിധാനമോ, കുറ്റമറ്റ സര്‍ക്കാര്‍ ഇടപെടലോ മറ്റൊന്നുമില്ലാതെ ഒരു ജനാധിപത്യ അധികാരവികേന്ദ്രീകരണ വ്യവസ്ഥിതിയില്‍ കേവലം ഒരു ടെലിവിഷന്‍ പ്രോഗ്രാമിനുവേണ്ടി പൊതുജന വികാരം അങ്ങേയറ്റം മ്ലേച്ഛകരമായി ക്രൂശിക്കപ്പെട്ടു. അത്, കോര്‍പ്പറേറ്റ് ചാനല്‍ പ്രഭുക്കന്മാരുടെ കോഴപ്പണത്തിന്റേയോ, അവിഹിത സ്വാധീനത്തിന്റേയോ ശക്തികൊണ്ടാകാം എന്നു സന്ദേഹിക്കത്തക്കവണ്ണം കാര്യങ്ങളെ കൊണ്ടെത്തിച്ചു.

മലയാളി ഹൗസ് എന്നാല്‍ പച്ചയ്ക്കുപറഞ്ഞാല്‍ ‘ഒരു കോഴി വളര്‍ത്തല്‍ കേന്ദ്ര’മാണെന്നാണ് ചില ചെറുപ്പക്കാരുടെ പക്ഷം. പിടയ്ക്കു പിന്നാലെ പൂവന്റെ വലിഞ്ഞു നടത്തവും, പരാക്രമവുമൊക്കെ മലയാളി ഹൗസിനെ ‘പാശ്ചാത്യ ഹൗസ്’ എന്ന ബഹുമതി ചാര്‍ത്തിക്കൊടുത്തു. ഒരു ഷക്കീല ചിത്രം കാണുന്ന ഞെരിപിരിയോടെ രഹസ്യമായി കണ്ട് ആസ്വദിക്കാന്‍ മനോവൈകല്യമുള്ള ഏതാനും ഞരമ്പുരോഗികളുടെ പിന്‍ബലത്താല്‍ മാത്രമാണ് പ്രസ്തുത പരിപാടി പിടിച്ചു നില്‍ക്കുന്നത്. സംസ്‌ക്കാര പാരമ്പര്യമുള്ള കുടുംബക്കാരാരും വൈകൃതങ്ങള്‍ക്ക് മുതിരാറില്ല. ലൈംഗിക അരാജക ജീവികളായ ന്യൂജനറേഷന്‍ താന്തോന്നികളുടെ ജീവിത്തെ പച്ചയ്ക്ക് തുറന്നു കാണിക്കുന്ന മലയാളി ഹൗസിനെ കുടുംബപ്രേക്ഷകര്‍ ആരംഭം മുതല്‍ക്കേ തിരിച്ചറിഞ്ഞ് വലിച്ചെറിഞ്ഞതാണ്. അങ്ങേയറ്റം ആഭാസകരമായ ഈ പരിപാടിയെ തിരിച്ച് കുടുംബ സദസിലേയ്ക്ക് കുടിയിരുത്തുവാനായിട്ടാണ് സാക്ഷാല്‍ ശ്രീമാന്‍ ശീകണ്ഠന്‍ നായര്‍ അവര്‍കള്‍ അവതരിക്കുന്നത്. ജൂണ്‍ 23 -ആം തിയ്യതി ഞായറാഴ്ച സൂര്യയില്‍ തന്നെ സംപ്രേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ ടോക് ഷോ കണ്ട സദാചാര കേരളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടുങ്ങിപ്പോയി.

ആരാണ് നമ്മുടെ കഥാനായകന്‍ ശ്രീ. ശ്രീകണ്ഠന്‍ നായര്‍ ?…

കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തൃശൂര്‍ രാമവര്‍മ്മ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന്, നാടകകൃത്ത്, നടന്‍, ഹാസ്യസാഹിത്യകാരന്‍, തിരക്കഥാകൃത്ത്, അവതാരകന്‍, ചാനല്‍ മേധാവി, പ്രോഫഷണല്‍ കണ്‍സള്‍ട്ടന്റ് എന്നീ ബഹുമുഖ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാരംഭഘട്ടത്തില്‍ അദ്ധ്യാപകനായിരിക്കെ, തന്റെ അന്തര്‍ഹൃത്തിലെവിടേയോ കുടികൊള്ളുന്ന കലാപരമായ സാദ്ധ്യതകളില്‍ അദ്ധ്യാപകവൃത്തി വിലങ്ങുതടിയായപ്പോള്‍ നിസങ്കോചം അത് വലിച്ചെറിഞ്ഞ് ആകാശവാണിയിലെ അനന്തവിഹായസ്സില്‍ ചെന്നു ചേര്‍ന്നു. മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ റേഡിയോയ്ക്ക് സുപ്രധാന സ്ഥാനമുണ്ടായിരുന്ന അന്നത്തെ സുവര്‍ണ്ണകാലത്ത് പരിപാടിയിലെ ആകര്‍ഷണീയതകൊണ്ട് ശ്രീകണ്ഠന്‍ നായരുടെ പ്രവൃത്തിമേഖല ശ്രദ്ധിക്കപ്പെട്ടു. വേറിട്ട ശബ്ദ സ്വഭാവത്തിലൂടെയും, കലാപരമായ സൃഷ്ട്യുന്മുഖതയിലൂടെയും വെളിച്ചത്തില്‍ അദ്ദേഹം ആകാശവാണിയില്‍ നന്നായി ശോഭിച്ചു. റേഡിയോ നാടകങ്ങളിലും, ചിത്രീകരണ പരിപാടികളിലും ക്രിയാത്മക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതോടെ അദ്ദേഹം സര്‍വ്വാത്മനാ സ്വീകാര്യനായി. ടി. പി. രാധാമണിയുടെ കൂടെ ചിത്രീകരിച്ച ‘എങ്കിലും എന്റെ ഗോപാലകൃഷ്ണാ..’ തുടങ്ങിയ നാടകങ്ങള്‍ ഏറെ ജനപ്രീതി പിടിച്ചുപറ്റുകയും, ശ്രീകണ്ഠന്‍ നായരെ ജനലക്ഷങ്ങള്‍ തങ്ങളുടെ ഹൃത്തടത്തിലേയ്ക്ക് സ്വീകരിക്കുകയും ചെയ്തു. പിന്നീട് പിറവികൊണ്ട മലയാളത്തിലെ ആദ്യത്തെചാനലായ ദൂരദര്‍ശനില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗമുണ്ടാകുന്നതോടെയാണ് അദ്ദേഹം ദൃശ്യമാധ്യമപ്രവര്‍ത്തകനായി പ്രഥമ ചുവടുകള്‍ വയ്ക്കുന്നത്. ആ ചുവടുകള്‍ അറം പറ്റിയില്ല. പിന്നീട് കേരളീയ ദൃശ്യമാധ്യമസാമ്രാജ്യത്തിലെ മുടിചൂടാമന്നനായി അത്യുന്നതില്‍ വിരാര്‍ജ്ജിക്കുമ്പോഴും ദൂരദര്‍ശനില്‍ അന്ന് അവതരിപ്പിച്ച പ്രഥമ പ്രോഗ്രാമായ ‘ജസ്റ്റ് എ മിനിട്ടി’നോട് അങ്ങേയറ്റം ഹൃദ്യമായ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പിന്നീട്, സ്വകാര്യമേഖലയില്‍ ഏഷ്യാനെറ്റിന്റെ കടന്നുവരവോടെ അതിന്റെ സ്ഥാപക ചെയര്‍മാനായ ഡോ. രജി മേനോടൊപ്പം വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കാനുള്ള സൗഭാഗ്യമുണ്ടാകുന്നതോടെയാണ് ഒരു കലാകാരനെന്നതിലുപരി ശ്രീകണ്ഠന്‍ നായരിലെ മികച്ച മാധ്യമ അമരക്കാരനെ പൊതുസമൂഹം തിരിച്ചറിയുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത 700 എപ്പിസോഡുകള്‍ തകര്‍ത്തോടിയ ‘നമ്മള്‍ തമ്മില്‍’ എന്ന ന്യൂതനമായ ടോക് ഷോ അദ്ദേഹത്തിന് വ്യാപകമായ ജനസമ്മതി നേടികൊടുക്കുകയും, മലയാളത്തിലെ ടോക് ഷോകളുടെ പിതാവ് എന്ന അലങ്കാരം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍, കോമഡി സ്റ്റാര്‍ തുടങ്ങിയ ജനപ്രിയ പരിപാടികളുടെ മാസ്റ്റര്‍ ബ്രയിനായി നിന്ന് ചാനലിനെ ഇത്രമേല്‍ ലാഭനീയമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നത് ശ്രീകണ്ഠന്‍ നായര്‍ എന്ന അതുല്യ ശക്തിയാണെന്നു കേള്‍ക്കുമ്പോള്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് അഭിമാനമാണ്.

അങ്ങിനെ, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിനെ അതിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും 350 കോടി രൂപ വരുമാനമുള്ള ഒരു കമ്പനിയാക്കി അഭിമാനപൂര്‍വ്വം കരകേറ്റി, നീണ്ട പത്തു വര്‍ഷക്കാലം പ്രോഗ്രാം ഹെഡും, സീനിയര്‍ വൈസ് പ്രസിഡന്റുമൊക്കെയായി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സ്തുത്യര്‍ഹമായി ജ്വലിച്ചുനില്‍ക്കുമ്പോഴാണ് ഒരു മള്‍ട്ടി നാഷ്ണല്‍ കമ്പനിയായ സ്റ്റാറിന്റെ ടേക് ഓവര്‍ വരുന്നത്. ഒരു ദിവസം സ്റ്റാര്‍ ഇന്ത്യയുടെ ചീഫായ ഒരാള്‍ ശ്രീകണ്ഠന്‍ നായരോടു ചോദിച്ചു. “മിസ്റ്റര്‍ നായര്‍ … ടെല്‍ മി എബൗട് യൂവേഴ്‌സ സെല്‍ഫ്”. ശ്രീകണ്ഠന്‍ നായര്‍ സ്തംഭിച്ചുപോയി. അതിനു ഉത്തരം പറഞ്ഞത് എം ഡി. യാണ്. “ഹി ഈസ് എ ബാക്‌ബോണ്‍ ഓഫ് ഏഷ്യനെറ്റ് ഫാമിലി”. അതോടെ, പത്തു വര്‍ഷക്കാലം കുടുംബം പോലും പരിത്യജിച്ച് താനുണ്ടാക്കിയെടുത്ത യശസ്സും, കീര്‍ത്തിയും മാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നു തിരിച്ചറിഞ്ഞ അദ്ദേഹം എം. ഡി. യോടു ചോദിച്ചു .. “ഇങ്ങിനെ എത്രപേരുടെ മുമ്പില്‍ ഞാനെന്റെ ബയോഡാറ്റ വെളിപ്പെടുത്തേണ്ടിവരും” ? പിന്നെ അദ്ദേഹം അവിടെ നിന്നില്ല. നേരെ, പുതിയതായി തുടങ്ങിയ മഴവില്‍ മനോരമ ചാനലിലേയ്ക്ക്. പത്തു വര്‍ഷം കൊണ്ട് ഏഷ്യാനെറ്റിനെ കരകേറ്റിയ ആ വിദഗ്ദ്ധകരങ്ങള്‍ക്ക് കേവലം രണ്ടു വര്‍ഷമേ വേണ്ടിവന്നുള്ളൂ മനോരമയെ കരകേറ്റാന്‍. മനോരമയ്ക്ക് വന്‍ ജനസമ്മതി നേടിക്കൊടുത്ത ‘സമദൂരം’ എന്ന അദ്ദേഹത്തിന്റെ ടോക് ഷോയുടെ അലയൊലികള്‍ ഒരിക്കലും കേരള സമൂഹത്തില്‍ നിന്നും മാഞ്ഞുപോകില്ല. സമദൂരത്തെ കൂടാതെ മറ്റു നാലു പ്രോഗ്രാമുകള്‍ കൂടി ഹിറ്റാക്കിക്കൊണ്ടാണ് അദ്ദേഹം മനോരമയുടെ കണ്‍സള്‍ട്ടന്റ് എന്ന സ്ഥാനത്തുനിന്നും പടിയിറങ്ങിപ്പോകുന്നത്. ഇപ്പോള്‍ സൂര്യാ ചാനലിനുവേണ്ടി ശ്രീകണ്ഠന്‍ നായര്‍ ഷോ ചെയ്യുകയാണ് അദ്ദേഹം. പതിവുപോലെ ആ ഷോയും വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

ഈ കര്‍മ്മങ്ങളെക്കാള്‍ ഉപരിയായി കേരളീയ മീഡിയാ ലോകത്ത് വന്‍ പദ്ധതികള്‍ക്ക് നാന്ദികുറിച്ചുകൊണ്ട് ഒരു മാധ്യമവിപ്ലവം തന്നെ സൃഷ്ടിക്കാന്‍ അദ്ദേഹം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. കെ. മുരളീധരന്‍ ചെയര്‍മാനായ ജനപ്രിയ കമ്മ്യൂണിക്കേഷന്റെ കമ്പനിയും, ലൈസന്‍സും ശ്രീകണ്ഠന്‍ നായരും, രജീമേനോനും ചേര്‍ന്നു സ്വന്തമാക്കുകയും, തല്‍സ്ഥാനത്ത് എന്‍. ടി. വി മാതൃകയില്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസും, ഇംഗ്ലീഷിലും, മലയാളത്തിലുമായി രണ്ട് ചാനലുകളും തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തുവന്നതാണ്. നിലവില്‍ ന്യൂസ് ചാനലുകള്‍ അനവധിയാണെന്നിരിക്കെ താരതമ്യേന മത്സരം കുറവായ ഒരു മുഴുവന്‍ സമയ വിനോദ ചാനലാണ് ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വഴിപിരിഞ്ഞ വേളയില്‍ കെ. മുരളീധരന്‍ അന്ന് ആരംഭിച്ച ജനപ്രിയ ചാനലിന്റെ പ്രവര്‍ത്തനം അദ്ദേഹം പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ പാര്‍ട്ടിക്ക് ജയ്ഹിന്ദ് ചാനല്‍ ഉണ്ടെന്നിരിക്കെ, സ്വന്തം ചാനല്‍ പ്രവര്‍ത്തനം ഏറെക്കുറേ ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് ശ്രീകണ്ഠന്‍ നായര്‍ വിലയ്ക്കു വാങ്ങിയത്. പലരില്‍ നിന്നുമായി ജനപ്രിയ സമാഹരിച്ച അഞ്ചുകോടി രൂപ ഇതിനോടകം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്ത് പി.എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ജനപ്രിയ കമ്മ്യൂണിക്കേഷന്റെ ഓഫീസ് കെട്ടിടം ഇനിമുതല്‍ കെ. കരുണാകരന്‍ അനുസ്മരണ ഓഫീസായി മാറുമെന്നാണ് അറിയുന്നത്. ഏഷ്യാനെറ്റിന്റെ മുന്‍ സാരഥികളായ ഡോ. രജിമേനോനും, ശ്രീകണ്ഠന്‍ നായരും ചേര്‍ന്ന് തുടക്കം കുറിയ്ക്കുന്ന ചാനല്‍ ഭാവിയില്‍ എന്തുകൊണ്ടും ഏഷ്യാനെറ്റിനേക്കാള്‍ മികവുള്ളതായിരിക്കും എന്നാണ് അണിയറസൂചന. കേരളീയ മാധ്യമ ലോകത്തെ ഞെട്ടിച്ചുകളഞ്ഞ ശ്രീകണ്ഠന്‍ നായരുടെ അടുത്ത സംഭാവനയാണ് ‘ഇന്‍സൈറ്റ് മീഡിയാ സിറ്റി’. കൊച്ചിയില്‍ 27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ നിക്ഷേപത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമ പഠനകേന്ദ്രവും, വിപുലമായ സ്റ്റുഡിയോ സംവിധാനങ്ങളും, ഒരേസമയം ഇംഗ്ലീഷിലും, മലയാളത്തിലുമായി രണ്ട് ചാനലുകളുമാണ് മീഡിയാ സിറ്റിയില്‍ വിഭാവന ചെയ്യുന്നത്. ഇതിന്റെ വാര്‍ത്താവിഭാഗം തലവനായി ഭഗത് ചന്ദ്രശേഖറെയാണ് നിയമിച്ചിരിക്കുന്നത്. ഈ പ്രോജക്ടിന്റെ എം. ഡി. യായി ശ്രീകണ്ഠന്‍ നായരുടെ വൈദഗ്ദ്ധ്യമാര്‍ന്ന നേതൃത്വം തന്നെയാണ്. ഇതിനായി പ്രസിദ്ധ വ്യവസായികളില്‍ നിന്നും വന്‍ നിക്ഷേപമാണ് സ്വീകരിക്കുന്നത്. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. കുഞ്ഞാലിക്കുട്ടി പ്രസ്തുത മീഡിയ സിറ്റി സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ അഭിമാനകരമായ പ്രോജക്ട് ലക്ഷ്യം കണ്ടാല്‍ വരും കാലങ്ങളില്‍ കേരളീയ മാധ്യമലോകത്ത് വന്‍ മുന്നേറ്റവും, വിപ്ലവവുമാണ് ഉണ്ടാകാന്‍ പോകുന്നത് എന്നതില്‍ നമ്മുക്ക് അഭിമാനിക്കാം.

മലയാളദേശത്തിന്റെ അഭിമാന പ്രിയപുത്രനായ അദ്ദേഹത്തെയും വിമര്‍ശകര്‍ വെറുതെ വിടുന്നില്ല. അവര്‍ക്ക് അദ്ദേഹത്തിന്റെ മറ്റൊരു അപ്രിയമുഖത്തെയാണ് അടിവരയിട്ട് ചൂണ്ടിക്കാണിക്കാനുള്ളത്. അവ ഇപ്രകാരം സംഗ്രഹിക്കാം. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെ അനവധി കാര്യങ്ങള്‍ ചെയ്യാമായിരുന്ന അദ്ദേഹം തികച്ചും സ്വാര്‍ത്ഥ ലാഭഭ്രമത്താല്‍ ചാനലുകള്‍ തോറും ചാടിക്കളിക്കുന്ന ഒരു വിചിത്ര പൊയ്മുഖമുള്ള മനുഷ്യനാണ്. പണ്ട്, സനല്‍പോറ്റി ഏഷ്യാനെറ്റില്‍ നിന്നും ചാടിയത് വിവാദമായിരുന്നു. ഇന്ന് നികേഷും, ഭഗത്ഉം, ഷാനിയുമെല്ലാം ചാനലുകള്‍ തോറും ചാടിക്കളിക്കുന്നത് സാര്‍വ്വത്രികമാണ്. അതുപോലെ ഉയര്‍ന്ന വാഗ്ദാനങ്ങള്‍ക്കുപിന്നാലെ പരക്കം പായുന്ന തരംതാഴ്ന്ന പ്രവണതയാണ് ശ്രീകണ്ഠന്‍ നായര്‍ കാണിക്കുന്നത്. നാളന്നുവരെ തനിക്ക് ഉപ്പും, ചോറുമായി നിന്ന സ്ഥാപനത്തോട് കൂറും, വിധേയത്വവുമുണ്ടായിരുന്നെങ്കില്‍ ഒരു ബാഹ്യമത്സരപ്രതിയോഗിയായി നിന്ന് തേര് തെളിക്കില്ലായിരുന്നു. രാജേഷ് ദീപ് സര്‍ ദേശായിയെപ്പോലെയോ, ബര്‍ക്കദത്തിനേപ്പോലെയോ ഒരു കറതീര്‍ത്ത പ്രോഫഷണലൊന്നുമല്ല അദ്ദേഹം. അതുകൊണ്ടുതന്നെ, അവരെ അനുകരിക്കാനാണ് അദ്ദേഹം പലപ്പോഴും ശ്രമിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ബുദ്ധികേന്ദ്രം ശ്രീകണ്ഠന്‍ നായരാണെങ്കിലും, പ്രസ്തുത പരിപാടി ആദ്യമായി തുടങ്ങിയത് അമൃതാ ചാനലാണ്. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിനു കാരണം അതില്‍ സ്വാഭാവികമായി ഇഴുകി ചേര്‍ന്നിരിക്കുന്ന ചില ജനപ്രിയ എലമെന്റുകളാണ്. സ്‌തോഭജന്യമായ എലിമിനേഷന്‍ റൗണ്ടും, വിധികര്‍ത്താക്കളുടെ ദ്വാര്‍ത്ഥ ഇക്കിളി പ്രയോഗങ്ങളെക്കെ അവയില്‍ ചിലവയാണ്. ശ്രീകണ്ഠന്‍ നായര്‍ അമരത്തില്ലെങ്കിലും ആ തോണി സ്വാഭാവികമായിതന്നെ കരയ്ക്കണയുമെന്ന മിനിമം ഗ്യാരണ്ടിയുണ്ടായിരുന്നു. സ്റ്റാര്‍ സിംഗറിലെ എസ്.എം.എസുകളെല്ലാം ശുദ്ധ തട്ടിപ്പാണെന്നു എം. ജി. ശ്രീകുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ ഈ പരിപാടിയ്ക്ക് ചുക്കാന്‍ പിടിച്ച അമരക്കാരന്റെ കൈകളും ചളി പുരണ്ടവയാണെന്നു തെളിയുകയാണ്. ഗോപകുമാറിന്റെ ‘കണ്ണാടി’യ്ക്ക് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുവാന്‍തക്ക ഉഗ്രശേഷിയുണ്ടായിരുന്നു. പക്ഷേ, ശ്രീകണ്ഠന്‍ നായരുടെ അനവധി ഷോകള്‍ കൊണ്ട് സമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കാത്തതിനാല്‍ അവ കേവലം ഒരു ഷോ മാത്രമായിതന്നെ നിലനില്‍ക്കുന്നു. സ്വതവേ പൈങ്കിളി പ്രകൃതക്കാരനായ ശ്രീകണ്ഠന്‍ നായര്‍ തന്റെ ഷോകളിലുടനീളം പൈങ്കിളി ചേരുവകള്‍ ഇടകലര്‍ത്തിയതുകൊണ്ടാണ് അദ്ദേഹം ഇത്രമേല്‍ ജനപ്രിയങ്കരനായി തീര്‍ന്നത്. ഈ പൈങ്കിളിത്തത്തെ ഉത്തേജിപ്പിച്ചും, വികസിപ്പിച്ചുമാണ് മലയാളി ഹൗസിന്റെ അന്തസത്ത ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ എന്തൊക്കെതന്നെയായാലും, സൂഷ്മമായ കളങ്കങ്ങള്‍ മനോഹരമായ ചന്ദ്രപ്രഭയെ മങ്ങലേല്‍പ്പിപ്പിക്കുന്നില്ല . ശ്രീകണ്ഠന്‍ നായരുടെ കാര്യത്തിലും അതുതന്നെയാണ് സത്യം.

ഇത്രമേല്‍ ഉഗ്രപ്രതാപിയും, മീഡിയ കോര്‍പ്പറേറ്റുമായ ബഹുമാന്യനായ ശ്രീകണ്ഠന്‍ നായരാണ് സര്‍വ്വരാലും ചീത്തവിളിക്കപ്പെടുന്ന ഒരു മൂന്നാംകിട റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലെ സംസ്‌ക്കാരത്തെ ന്യായീകരിക്കാന്‍ തന്റെ ഷോയുടെ ഒരു എപ്പിസോഡ് ചിലവഴിച്ചത്. ലജ്ജാകരം എന്നല്ലാതെ എന്തുപറയാന്‍. ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നു പറയുന്നപോലെ ആ ഷോ കൊണ്ട് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. കാരണം ഷോയില്‍ പങ്കെടുത്ത തൊണ്ണൂറു ശതമാനം പേരും, മലയാളി ഹൗസ് എന്ന പ്രോഗ്രാം സകുടുംബം കാണാന്‍ കൊള്ളില്ലാത്ത അസഭ്യ ഹൗസാണെന്നു ഒറ്റശ്വാസത്തില്‍ അഭിപ്രായപ്പെട്ടു. എന്നിട്ടും ശ്രീകണ്ഠന്‍ നായര്‍ കുലുങ്ങിയില്ല. ‘തിങ്കളിന്റെ ഹോട്ട് വിഷ്വല്‍സിന് രണ്ടു ലക്ഷത്തിലേറെയാണ് ഹിറ്റ്‌സ’ എന്നു അദ്ദേഹം തുള്ളിച്ചാടി പറയുമ്പോള്‍, അവിവാഹിതയായ തിങ്കള്‍ എന്ന പെണ്‍കുട്ടിയുടെ സ്ത്രിത്വത്തെയാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇത് ധാര്‍മ്മിക നീതിയ്ക്ക് നിരക്കാത്തതും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. നൂല്‍ ബന്ധമില്ലാതെ ഏതുയുവതിയുടെ വിഷ്വല്‍സും യൂ ട്യൂബിലിട്ടാല്‍ ലക്ഷങ്ങളൊക്കെതന്നെയാണ് വ്യൂവര്‍ഷിപ്പ്. എന്നുവച്ച് സ്വീകരണമുറിയിലിരിക്കുന്ന ടെലിവിഷന്‍ വഴി പെണ്‍കുട്ടികളുടെ ഹോട്ട് വിഷ്വല്‍സ് സംപ്രേക്ഷണം ചെയ്യണമെന്നാണോ അദ്ദേഹത്തിന്റെ പക്ഷം?. മലയാളി ഹൗസിലെ ചില വിഷ്വല്‍സ് അസാധാരണ അശ്ലീലത കാരണം കാനഡയിലെ സര്‍വ്വറിലിരിക്കുന്ന യൂ ട്യൂബ്കാര്‍ വരെ അത് എടുത്തുകളഞ്ഞ വിവരം ശ്രീകണ്ഠന്‍ നായര്‍ക്ക് അറിയാവുന്നതാണോ ആവോ ?. സകുടുബം ഹോട്ട് വിഷ്വല്‍സ് കാണുകയും, ഹോട്ടായി പരസ്പരം കുതിരകയറുകയും ചെയ്യുന്ന പറവൂര്‍ പീഡനം ഫെയിം സൂധീറിന്റെ കുടുംബം പോലെയുള്ള കുടുംബക്കാര്‍ കേരളത്തില്‍ വളരെ വിരളമാണ്. ലേഖകന്‍ മനസ്സിലാക്കിയിടത്തോളം ശരിയാണെങ്കില്‍, ബഹുമാന്യനായ ശ്രീകണ്ഠന്‍ നായരും അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഉഷയും, വാത്സല്യ പുത്രന്മാരായ ചാരുതയും, ശ്രീരാജും വളരെ സദാരമൂല്യത്തോടെയും, അച്ചടക്കമര്യാദയോടെയുമാണ് നാളിന്നുവരെ ജീവിച്ചിട്ടുള്ളത്. അതുപോലെ നിലവാരമുള്ള കുടുംബക്കാരാണ് കേരളത്തില്‍ മിക്കവാറും എല്ലാവരുംതന്നെ. അതുകൊണ്ടാണ് മലയാളി ഹൗസിലെ അസഭ്യത കേരളീയര്‍ക്ക് അസഹ്യമാകുന്നത്. ഈ യാഥാര്‍ത്ഥ്യം ശ്രീകണ്ഠന്‍ നായര്‍ ഉള്‍ക്കൊള്ളണം. നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ‘തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവന്‍ നാറും’. ദയവുചെയ്ത് നാണം കെട്ട മലയാളി ഹൗസിനെ ഇനിയെങ്കിലും ചുമന്ന് സ്വയം നാറാതിരിക്കാനുള്ള വിവേകം കാണിക്കാന്‍ അപേക്ഷിക്കുന്നു.

വാക്ദ്ധ്വാതങ്ങള്‍ ക്ഷണഭംഗുരം കത്തിക്കയറുമ്പോള്‍ ഗിരീഷ് എന്ന ക്ഷണിതാവ് പറയുന്നത് ഇപ്രകാരമാണ്. “കുടുംബന്ധം തകര്‍ക്കുന്ന ഒന്നാണ് ഈ ഷോ. അതിനെതിരെ കണ്ണും പൂട്ടി ഇരിക്കാന്‍ കഴിയില്ല”. അതുപോലെ തന്നെ, സീമ എന്ന പെണ്‍കുട്ടിയുടെ അഭിപ്രായം “ഇത് മലയാളി ഹൗസല്ല, വെസ്റ്റേണ്‍ ഹൗസാണ്”. കൂടാതെ, “ചുംബനവും, കെട്ടിപ്പിടുത്തവും എങ്ങിനെ മലയാളി സംസ്‌ക്കാരമാകും” ?. എന്നു ആ മിടുക്കി ചോദിക്കുന്നുണ്ട്?. അതുപോലെ, അഖില്‍ എന്ന ക്ഷണിതാവിന്റെ അഭിപ്രായം “മലയാളി ഹൗസില്‍ കാണിക്കുന്ന ആഭാസങ്ങള്‍ മലയാളികളെ നാണം കെടുത്തുന്നു”വെന്നാണ്. ഈ ടോക് ഷോയില്‍ സാമൂഹ്യ സദാചാരത്തെ തികഞ്ഞ വൈകാരികതയോടെ ഉയര്‍ത്തിക്കാട്ടി ധാര്‍മ്മിക ബോധമുണ്ടാക്കിയ അതിഥിയാണ് റഷീദ് ഹാജി. ഈ സദ്‌വ്യക്തികളുടെ മഹത്തായ സദാചാര വാദഗതികളെ പല്ലും നഖവും ഉപയോഗിച്ച് കടിച്ചുകീറി എതിര്‍ക്കുന്ന എതിര്‍വിഭാഗക്കാരുടെ ചേരിയില്‍ ശ്രീകണ്ഠന്‍ നായരും അചഞ്ചലനായി നിന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം. സൂര്യക്കാരുടെ സ്വന്തം പ്രോഗ്രാമിനെ സൂര്യാചാനലില്‍ തന്നെ എതിര്‍ക്കുന്നതു തനിക്ക് ഭൂഷണമല്ല എന്നു തോന്നിയതുകൊണ്ടാകാം അവതാരകന്‍ പക്ഷഭേദസ്വഭാവം കാണിച്ചതെന്നു പൊതുസമൂഹം വിലയിരുത്തുന്നു. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ കേരള സംസ്‌ക്കാരം ആണോ അല്ലയോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മെയ്യനങ്ങാതെ തിന്നും കുടിച്ചും ആടിപ്പാടി അഭിരമിക്കുകയും, ലൈംഗിക കോപ്രായങ്ങള്‍ കാണിക്കുകയും ചെയ്യുന്ന പതിനാറ് പേരുടെ ചെയ്തികളുമായി പ്രൗഡഗംഭീരമായ കേരള സംസ്‌ക്കാരത്തിന് ഒരു ബന്ധവുമില്ല. അവര്‍ സര്‍വ്വ സ്വാന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട് കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളാണ്. മൃഗതുല്യമായ അവരുടെ ചെയ്തികളില്‍ സംസ്‌ക്കാരം കണ്ടെത്തുന്നവരോട് പുച്ഛമാണ് തോന്നുന്നത്. സംസ്‌ക്കാരം എന്നത് മഹത്തായ ഒരു പാരമ്പര്യമാണ്, പൊതുസമൂഹത്തിന്റെ ചര്യയാണ്. ഈ പതിനാറ് പേരുടെ പേക്കൂത്തുകളാണ് കേരളസംസ്‌ക്കാരം എന്നു അരക്കിട്ടുറപ്പിക്കാന്‍വേണ്ടി വൃഥാ കണ്ഠക്ഷോഭം നടത്തുന്ന എതിര്‍ചേരിക്കാര്‍ പ്രത്യേകിച്ച് മലയാളി ഹൗസിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രേയാം ഹരി തുടങ്ങയവര്‍ മലയാളി ഹൗസെന്ന പ്രോഗ്രാം കൊണ്ട് ധനലാഭമുണ്ടാക്കിയവരാണ്. അവര്‍ക്ക് മറിച്ചു പറയുവാന്‍ നിവൃത്തിയില്ല. അതുകൊണ്ട് മത്സരാര്‍ത്ഥികള്‍ ഉടുതുണിയഴിച്ച് ഉറഞ്ഞു തുള്ളിയാലും അതിനെ ന്യായീകരിക്കാന്‍ അവര്‍ ആശയങ്ങള്‍ കണ്ടെത്തിയെന്നുവരും. അത് അവരുടെ ജോലി. നിഷ്പക്ഷനായ ഒരു അവതാരകന്‍ അങ്ങിനെ ആയിക്കൂടാ. ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കാന്‍ നട്ടെല്ലും, ആര്‍ജ്ജവത്വവും അവതാരകനു വേണം. അവിടെയാണ് അവതാരകന്റെ സാമൂഹ്യപ്രതിബദ്ധത അനുവാചകര്‍ മനസ്സിലാക്കുന്നത്. അല്ലാതെ മുടന്തന്‍ന്യായങ്ങളുന്നയിച്ച് പൊതുവികാരത്തെ നിശബ്ദമാക്കുന്നപ്രവണതയുടെ കാപട്യം മനസ്സിലാക്കാനുള്ള വകതിരിവ് സാക്ഷരകേരളത്തിനുണ്ട്. “നഗ്നഫോട്ടോ കണ്ടാല്‍ മലയാളി നോക്കുന്നത് മലയാളിയുടെ സംസ്‌ക്കാരമാണെ”ന്ന അവതാരകന്റെ നിലപാടിനോട് പച്ചതെറി വിളിക്കാത്തതാണ് കേരളീയരുടെ ക്ഷമാസംസ്‌ക്കാരം. സത്യത്തില്‍, കേരളീയ പൈതൃക സംസ്‌ക്കാരത്തില്‍ നുഴഞ്ഞുകയറിയ പാശ്ചാത്യ വൈകൃത ദുരാചാര തീവ്രവാദിയോ മറ്റോ ആണോ ഈ മഹാനായ അവതാരകന്‍ ?. വാസ്തവത്തില്‍, ശ്രീകണ്ഠന്‍ നായര്‍ ‘ചെകുത്താനും കടലിനുമിടയ്ക്ക്’ അകപ്പെട്ട അവസ്ഥയിലാണ്. ആ വികാര വിമ്മിട്ടം നമ്മുക്ക് മനസ്സിലാകും. എങ്കിലും, പ്രസ്തുത ഷോ സംവാദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു പൊതുവികാരമുണ്ട്- അത്, മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ മലയാള സംസ്‌ക്കാരത്തെ അങ്ങേയറ്റം വികലമാക്കുന്നു എന്നതാണ്. എന്നിട്ടും പൂര്‍വ്വാധികം തറയോടെ പ്രസ്തുത പരിപാടി നിര്‍വിഘ്‌നം മുന്നോട്ടു തന്നെ പോകുന്നു. അതിനര്‍ത്ഥം, ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ ഒരു വിമര്‍ശനം ഇവിടെ അര്‍ത്ഥവത്താവുകയാണ്. അദ്ദേഹത്തിന്റെ ഷോ കൊണ്ട് സമൂഹത്തില്‍ ഒരുചലനവും ഉണ്ടാകുന്നില്ല. പിന്നെ എന്തിനാണ് ഇത്തരം ബാലിശമായ കാപട്യഷോകള്‍ നടത്തി ജനങ്ങളെ വിഢികളാക്കുന്നത് ? ….

Generated from archived content: essay1_agu12_13.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English