രണ്ടു കവിതകൾ -ഉറങ്ങാതിരിക്കുന്നവർ, ചിരി

ഉറങ്ങാതിരിക്കുന്നവർ

ഉറങ്ങാതിരിക്കുന്നവർ

ഒറ്റയ്‌ക്കാണ്‌.

ഒരു കാറ്റുപോലും

അവർക്കായി

വിരൽ നീട്ടുന്നില്ല.

രാത്രിയുടെ

ചില്ലകളിൽ നിന്ന്‌

ഒരു കിനാവും

അവർക്കു

കൂട്ടിരിക്കുന്നില്ല.

നിശാശലഭങ്ങൾ

അവർക്കായി

ചിറകുവീശുന്നില്ല.

കണ്ണുകൾ

കയ്യിലെടുത്തുകത്തിച്ച്‌

ഉറങ്ങാതിരിക്കുന്നവർ

ചിരിക്കുന്നു.

രാത്രി

പൂ വിടർത്തുന്നതുപോലെ

നിമിഷങ്ങളെ

വിടർത്തിയെടുക്കുന്നു.

നദി

ചിലയിടത്ത്‌

നിശ്ശബ്ദമാകുന്നു.

പച്ചിലകൾ

പുലരിക്കായി

കണ്ണുനീട്ടുന്നു.

ഉറങ്ങാത്തവർ

ചിരി നിർത്തിയിരിക്കുന്നു.

കണ്ണുകളിൽ

നദിയുടെ

ചുരുക്കെഴുത്ത്‌.

നിശ്ശബ്ദം!

അവരിനിയും

ഉറങ്ങിയിട്ടില്ല.

ചിരി

ഞാൻ ചിരിച്ചു

മറുപടിയായി മറ്റാരോ-

ഉടഞ്ഞു ചിതറുന്ന

മണ്ണിന്റെ നിലവിളിപോലെ…

ഞാൻ ചിരിച്ചു

മറുപടിയായി മറ്റാരോ-

അന്ധനായ

സൂര്യന്റെ തേങ്ങൽപോലെ.

ഞാൻ ചിരിച്ചു

മറുപടിയായി മറ്റാരോ-

ഏകാകിയായ

പക്ഷിയുടെ ചിറകടി പോലെ.

ഞാൻ ചിരിച്ചു

മറുപടിയായി മറ്റാരോ-

ഭൂമിയുണ്ടായിരുന്നിടത്തെ

ശൂന്യതയിൽ

കാറ്റുപിടിക്കും പോലെ.

Generated from archived content: poem_april30.html Author: nayanathara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here