ഈ വെളളാപ്പിളളി എന്താ ഇങ്ങനെ എന്ന് ചോദിച്ചിട്ട് കാര്യമില്ല. വെളളാപ്പിളളിക്ക് ഇങ്ങിനെ തന്നെ ആകാനെ കഴിയൂ. വെളളാപ്പിളളി ഇങ്ങിനെയായില്ലെങ്കിൽ വെളളാപ്പിളളി എങ്ങിനെയാ വെളളാപ്പിളളിയാകുന്നത്. ശ്രീനാരായണ ഗുരുവിരുന്ന അധ്യക്ഷപദത്തിലിരിക്കുന്ന ടിയാന് ഗുരുവിനേക്കാൾ കേമമായി എന്തെങ്കിലും ചെയ്യുകയും പറയുകയും വേണ്ടെ? വേണമല്ലോ; ജാതിവ്യവസ്ഥ അറബിക്കടലിൽ പോകട്ടെ എന്ന് ആഗ്രഹിച്ച ഗുരുവിനേക്കാൾ മുകളിലായി ജാതിവ്യവസ്ഥനിലനില്‌ക്കുന്ന ഒരു രാജ്യത്ത് ജാതി പറഞ്ഞാലെന്താ എന്നായി വെളളാപ്പിളളി. ഈ രണ്ടു പരാമർശങ്ങളും ഒന്നിനൊന്ന് ശരിയായി കരുതാം. എങ്കിലും ഏതാണ് കൂടുതൽ ശരി എന്നതിന് ഉത്തരം വെളളാപ്പിളളി മാത്രമാണ് ശരി എന്നു മന്ത്രമുരുവിടുന്ന എസ്.എൻ.ഡി.പി.കാർക്ക് ഇന്ന് ഗുരുദേവന്റെ പ്രതിമയും വെളളാപ്പിളളിയുടെ മനസ്സും കാതും മതി.
എന്റെ വെളളാപ്പിളളിസാറെ, ഈ ജാതിവ്യവസ്ഥ നീക്കം ചെയ്യാനാ പിന്നോക്കക്കാരന്റെ അവകാശങ്ങളെക്കുറിച്ച് അംബേദ്‌ക്കറും, നാരായണഗുരുവും, അയ്യങ്കാളിയുമൊക്കെ പഠിപ്പിച്ചത്. അല്ലാതെ ജാതി പറഞ്ഞ് കേമന്മാരാകാനല്ല; ഈ പാഠം പഠിച്ചിട്ടില്ല അല്ലേ; നന്നായി.
കണ്ണാടി പ്രതിഷ്‌ഠിച്ച ഗുരുവിന്റെ കരണത്തടിക്കും വിധം ഗുരുപ്രതിമയെ പൂജിക്കുന്നു എന്ന് ഭാവിക്കുന്ന വെളളാപ്പിളളിയെ നേരെയാക്കാൻ നോക്കിയ പഴയ സുഹൃത്ത് പണ്ഡിതശ്രേഷ്‌ഠൻ സുകുമാർ അഴീക്കോടിന്റെ അവസ്ഥ പട്ടിയെ കല്ലെറിഞ്ഞ് കടി മേടിച്ചവന്റെപോലെയാണ്.
ഈ വികൃതഹൃദയ വെളളാപ്പിളളി ഒരിക്കൽ ഒരു ശ്രീനാരായണ അനുസ്‌മരണവേദിയിൽ തന്റെ ദുരന്ത പ്രഭാഷണം ആരംഭിച്ചത് “എന്റെ പ്രിയ ഈഴവ സഹോദരരെ” എന്നാണ്. ഇതുകേട്ട് ഗുരുദേവനെ സ്‌നേഹിക്കുന്ന ചില (ഈഴവ) സ്‌നേഹിതർ പൊടിയുംതട്ടി അപ്പോൾത്തന്നെ എഴുന്നേറ്റു സ്ഥലം വിട്ടത് ആശ്വാസകരമായ ഒന്നായിത്തോന്നി.
പിന്നെ ഇദ്ദേഹത്തെ അങ്ങിനെയങ്ങ് വിമർശിക്കുവാനും കഴിയില്ലല്ലോ. വിമർശനം മൂത്താൽ ടിയാൻ വിമർശകനെക്കാളും ഉന്നതിയിലെത്തുമെന്നത് ജാതകഗുണം. പ്രഭാഷണവേദികളിൽ അഴീക്കോടിനേക്കാളും റേറ്റ് (രൂപയുടെ കാര്യത്തിലല്ല) ഇന്ന് വെളളാപ്പിളളിസാറിനുതന്നെ.. ഗുരുവേ ശരണം…..
Generated from archived content: nayakan.html