താമസി

നിറുത്തിയിടത്തുനിന്നു തുടങ്ങാൻ അവൾക്കാകുമായിരുന്നില്ല. എപ്പോഴും അങ്ങിനെയാണ്‌. ഘടികാരത്തിന്റെ ഓടിക്കൊണ്ടിരിക്കുന്ന സൂചികൾ പോലെ, തിരിഞ്ഞുക്കൊണ്ടിരിക്കുന്ന പൽചക്രങ്ങൾപോലെ അവൾ പണികളെല്ലാം തീർത്തുവെയ്‌ക്കും. എങ്ങാനും നിന്നുപോയാലോ എന്ന പകപ്പാടോടെ. ഒന്നു നിന്നാൽ പിന്നെ, എല്ലാം തീർന്നു. ആദ്യന്തം പിന്നെയും കെട്ടിപൊക്കി, സജീവതയുടെ അതേ ആവൃത്തിയിലേക്കും ആയതിയിലേയ്‌ക്കും ഉറ്റുനോക്കാൻ നിമിഷങ്ങളുടെ കോടികോടി ജന്മങ്ങൾ പിറക്കണം. അപഥസഞ്ചാരം നടത്താൻ എപ്പോഴും തുനിയുന്ന മനസ്സ്‌ അവൾക്കു പുതിയൊരു ചാലു വെട്ടിക്കൊടുത്തു.

യോഗ പഠിച്ചിരുന്ന കാലത്താണു ഈ സ്വഭാവവിശേഷതയെക്കുറിച്ച്‌ വായിച്ചത്‌. താമസം എന്നാണു പേര്‌. എപ്പോഴും ഊർജ്ജസ്വലർ എന്നാൽ ഒന്നു ഇരിക്കുകയോ കിടക്കുകയോ ചെയ്താൽ മതി, പിന്നെ എണീറ്റു നിൽക്കാൻ പോലും വിമുഖത. യോഗ, മഹർഷിവര്യന്മാരാൽ പേരുകേട്ട അഭ്യസനത്തിനു ഇന്നു പിൻഗാമികൾ പലരാണ്‌. മാൻഫ്രഡ്‌ ലെഹറർ ആണു ഇപ്പോൾ അവളുടെ മനസ്സിൽ. അയാളെ, ഒരാളെ ഒന്നു കാണാൻ വേണ്ടി മാത്രമാണു അവൾ ആ മുഖംമൂടി എടുത്തണിഞ്ഞത്‌. യോഗാധ്യായനത്തിന്റെ നിറംകെട്ട മുഖംമൂടി.

മാൻഫ്രഡിനെ ആശംസിക്കാൻ ജർമ്മൻ കരണ്ടുതിന്ന ദിനങ്ങൾ അവൾക്ക്‌ ലക്ഷ്യബോധം നൽകി. എന്നാൽ ചൈതന്യം തുളുമ്പി, തേജസ്സുറ്റ യോഗിയെപോൽ, അയാൾ വന്നുനിന്നപ്പോഴോ നാവുകളിൽ നിന്നുമാത്രമല്ല, മനസ്സിൽ നിന്നുതന്നെ ജർമ്മൻ മൊഴി അപ്പാടെ തുടച്ചുനീക്കപ്പെട്ടിരുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഗ്ലിസറിനിട്ടു തുടച്ച കണ്ണാടിച്ചില്ലുപോലെ അവളുടെ മനസ്സും അയാളിൽ കുടുങ്ങിനിന്നു. തീർത്തും സുതാര്യമായിരുന്നു. പക്ഷേ മോഹത്തിന്റെ കുഞ്ഞലകൾ അവിടെ തത്തിക്കളിച്ചിരുന്നു.

അയാളോടു സംസാരിക്കാൻ വേണ്ടി മാത്രമായി ആംഗലത്തിൽ വാക്കുകൾ തൊടുത്തു. ആവേശം മരവിപ്പിക്കും പോലെ മാൻഫ്രഡ്‌, സൈമണിനെ പരിചയപ്പെടുത്തി. തന്റെ ശക്തിയെന്നു മാൻഫ്രഡ്‌ മഹാദേവൻ മൊഴിഞ്ഞപ്പോൾ, മോഹഭംഗം സുനാമിയായി മനോഭിത്തികളിൽ ആർത്തലച്ചു. പക്ഷെ ഭിത്തികൾക്കു കാഠിന്യമധികമായിരുന്നതുകൊണ്ടോ, അവളുടെ കരിങ്കൽഹൃദയമായിരുന്നതുകൊണ്ടോ എന്തോ, മാൻഫ്രഡിന്റെ യോഗവിദ്യ യൂണിവേഴ്‌സിറ്റി സ്പെയർ പോലെ, അവളുടെ ജീവിതവും പൂർവ്വാധികം ഊർജ്ജസ്വലതയോടെ കാറ്റിൽ ശാഖകളിളക്കി, ഇലകളാൽ താളംപിടിച്ച്‌, ഉയർന്ന ശിരസ്സോടുകൂടി നിന്നു. അങ്ങനെ മാൻഫ്രഡ്‌ എന്ന അധ്യായത്തിനു വിട പറഞ്ഞപ്പോൾ അവൾ കരുതി, ഇനി യോഗാഭ്യാസികളെ നോക്കരുത്‌.

ആശമൂലജീരകാരിഷ്‌ടം സേവിച്ച്‌, അധോവായുവിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക്‌ പവനമുക്താസന പഠിപ്പിക്കാൻ ശ്രമിച്ചപ്പോഴാണു അവൾക്ക്‌ അടുത്ത ഇരയെ കിട്ടിയത്‌. “നീർന്നു കിടന്നു, ഇടതു കാൽമുട്ട്‌ മുകളിലേയ്‌ക്കെടുത്ത്‌, മടക്കി, കാൽമുട്ട്‌ തലയോടടുപ്പിച്ച്‌, ഉദരത്തിൽ ഭാരം കേന്ദ്രീകരിച്ച്‌, നെറ്റി കാൽമുട്ടിൽ മുട്ടിച്ചാൽ പവനമുക്താസനയായി. ഇതുതന്നെ വലതുകാലിനും ചെയ്യണം. ”ഡെമോൺസ്‌ട്രേഷൻ കഴിഞ്ഞപ്പോഴും അവർ അവനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു – തൊഴിലാളി – അവന്റെ അക്കാദമിക നേട്ടങ്ങളിൽ ഇപ്പോഴേ അവനു അഞ്ചു കാമുകിമാർ. അടുത്ത ഇര ഇവൻ തന്നെ. ‘അച്ഛനിച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ’ എന്നപോലെ അവൻ ഹംസത്തെ പറഞ്ഞയച്ചിരിക്കുന്നു- ആറാം പ്രേയസിപട്ടത്തിന്‌. പട്ടമഹിഷിയിൽ കുറഞ്ഞ സ്ഥാനം വേണ്ടെന്ന തീരുമാനത്തിൽ അവനും ഫ്ലാറ്റ്‌. അടങ്ങാത്ത മോഹത്തിന്റെ നിലയ്‌ക്കാത്ത പെയ്‌ത്തുപോലെ, അവനെ ആവേശിച്ചു തുടങ്ങിയപ്പോഴാണ്‌, സമാനചിന്താഗതിക്കാരനായ അവന്റെ കൂട്ടുകാരൻ ഓമനക്കുട്ടനെ കണ്ടത്‌.

എഴുതുമ്പോൾ യാന്ത്രികമായിരുന്നുവെങ്കിലും, അവന്റെ സ്വീകാരം മൂലം അതിനു ജീവനും കാൽപനികതയും കൈവന്നു. അസ്തമയം സൂര്യനു, മഞ്ഞപ്പട്ടു സമ്മാനിച്ച്‌, വേളിയാക്കുന്ന കാഴ്‌ചയിൽ, മനസ്സു തുറന്നു മിഥുനങ്ങളെ പോലിരുന്നപ്പോൾ, ഓമനക്കുട്ടനോടു കളിയായും പകുതി കാര്യമായും അവൻ പറഞ്ഞു. ആദ്യം എഴുതിയ പ്രണയലേഖനത്തെ സ്‌മരിച്ച്‌ ‘എന്റെ സ്വന്തം സൂര്യൻ’ എന്നവൾ അവനെ വിളിച്ചു. എന്നും ഓറഞ്ചുകലർന്ന മഞ്ഞക്കുപ്പായമിട്ടു വന്ന അവനു ആ പേര്‌ അനുയോജ്യമാണെന്നപ്പോൾ അവൾക്കു തോന്നി. അസ്തമയം ഒളിപ്പിച്ചു കടത്തുന്ന സൂര്യനെ താൻ മോഹിക്കുന്നുവെന്നും, അന്തിക്കടലിന്റെ ചുഴിയിൽ പെടാതെ അവൻ തന്റേതാവുമെന്നു കൊതിക്കുന്നുവെന്നും പറഞ്ഞു.

നീണ്ട ഇടവേളയ്‌ക്കുശേഷം അവനെ കണ്ടപ്പോഴാണറിഞ്ഞത്‌, അവനെ അസ്തമയതിര മൂന്നുവട്ടം അടിത്തട്ടിലേയ്‌ക്കു വലിച്ചെടുത്തിരിക്കുന്നു. തന്റേതാവുമെന്ന പ്രതീക്ഷ കൊണ്ടു മാത്രമാണു അവൻ ജീവിതത്തിലേക്കു തിരിച്ചുവന്നതെന്നോർത്ത്‌ അവൾക്കു പേടി തോന്നി. ഇനി അവൻ തന്റേതായാൽ, വിലയേറിയ കുടുംബബന്ധങ്ങൾ തകർത്തു കളയാൻ അവൾക്കാകുമായിരുന്നില്ല. ഇനി ഒരു ദിവസം മാത്രം. അസ്തമയസൂര്യൻ പ്രത്യക്ഷപ്പെടുമ്പോൾ അവൾക്ക്‌ പ്രാരാബ്ധങ്ങളെ തൊട്ടിലാട്ടേണ്ടിവരും. ജീവിതം കെട്ടിപൊക്കാൻ, പുതിയ പാതയിലേക്ക്‌, പ്രവാസി ലോകത്തിലേക്കുളള പാച്ചിലിൽ, ഇനി എവിടെനിന്നു തുടങ്ങാൻ…

അവൾ താമസിയാണല്ലോ.

Generated from archived content: story_feb16_06.html Author: navya_p_deviprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here