ഒരുപക്ഷേ, ഇന്നലെ ആയിരിക്കണം. അല്ലെങ്കിലും സമയബന്ധിതമായി കാര്യങ്ങളെ അച്ചുകളിൽ അടക്കി പരിഹാരമാർഗം തേടുന്ന സ്വഭാവം ഒരിക്കലും അവൾക്കു ഉണ്ടായിരുന്നില്ലല്ലോ. എന്നിട്ടും എന്തിനോ അവൾ കൃത്യസമയം ഓർത്തെടുക്കാൻ ശ്രമിച്ചു. വ്യർത്ഥമാണെന്നറിഞ്ഞിട്ടും. നഴ്‌സറിസ്‌കൂളിൽ പോയിരുന്ന കാലത്ത്, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ഒരുപാടു ചോദ്യങ്ങൾ, ഒരു ശങ്കയുമില്ലാതെ ചോദിക്കുന്ന ആ കൊച്ചുകുട്ടി ആവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു അവൾ മോഹിച്ചു. ആശങ്കകളില്ലാതെ കാലു കഴയ്‌ക്കുന്നുവെന്ന കാരണത്തിൽ, മടിയെ തളച്ചിരുത്തി, അമ്മയുടെ ഒക്കത്തേയ്‌ക്ക് കയറാൻ തക്കം പാർത്തിരുന്നിരുന്ന ചുവപ്പ് ഉടുപ്പിട്ട ആ കുസൃതി. പറഞ്ഞുകേട്ട അറിവാണ്. അതിനേക്കാളേറേ ചുവപ്പ് ഇന്ന് ധന്യയുടെ മനസിന്റെ അകത്തളങ്ങളിലൊന്നും തന്നെ ഇല്ല. അതുകൊണ്ടു തന്നെ “ചുവപ്പ് ഉടുപ്പ്” എന്നുള്ളത് അവൾക്ക് ഊഹിക്കാൻ കഴിയാത്ത ഒരു എൻടിറ്റി ആയി തന്നെ നിലകൊണ്ടു. പക്ഷേ, അമ്മായി എന്തിനാണു ചുവപ്പൊന്നും തന്നെ കാണിക്കരുതെന്നു ശഠിക്കുന്നത്.
കുഞ്ഞുണ്ണിയുടെ ഡ്രോയിംഗ് ബുക്കിൽ കളറടിച്ചെങ്കിലും സമയം കളയാമെന്നാണു കരുതിയിരുന്നത്. “അതൊന്നും വേണ്ടാ കളർ ചെയ്യലൊന്നും വേണ്ട.” എന്നാണു അമ്മായി പറയുന്നത്. റെഡ് ക്രയോൺ ഉപയോഗിക്കാതെ കളറു ചെയ്യുന്നതെങ്ങനെ? കളർ ചെയ്‌തു തരാമെന്നു പറഞ്ഞപ്പോൾ അവന്റെ സന്തോഷം കാണേണ്ടതായിരുന്നു. കിലോ കണക്കിനു ഭാരം ചുമലിലേറ്റി സ്‌കൂൾ യൂണിഫോമിൽ വലിഞ്ഞുകേറി നടന്നുപോകുന്ന അവന്റെ ശോഷിച്ച കാലുകൾ കോയാപ്ലയെ ആണു ഓർമ്മിപ്പിച്ചത്. കാലിയാവുന്നതിനനുസരിച്ച്, കാലിത്തീറ്റ ചാക്കുകളുമായി വീടിന്റെ പടികടന്നു വേച്ചുവേച്ചു നടന്നുവന്നിരുന്ന കോയാപ്ല. എത്ര ക്ഷീണിതനാണെങ്കിലും എന്തൊരു പ്രസന്നതയായിരുന്നു അയാളുടെ മുഖത്ത്.
പുസ്‌തസഞ്ചിയേക്കാൾ സഹിക്കേണ്ടത്, എന്നും ചുമക്കേണ്ടിവരുന്ന അസൈൻമെന്റുകളാണെന്നു പറഞ്ഞു സങ്കടപ്പെടുന്നതു കണ്ടിട്ടാണ് ഡ്രോയിംഗ് ബുക്കു എടുത്തു തന്നാൽ കളർചെയ്‌തു കൊടുക്കാമെന്നു പറഞ്ഞത്. അതോ, വെറുതെ ഇരുന്നു മുഷിഞ്ഞപ്പോൾ, ഉള്ളിലുറങ്ങി കിടന്ന കുഞ്ഞുപെൺകുട്ടിയുടെ കുസൃതിമോഹം മുളപൊട്ടിയിട്ടോ? ചിന്തകൾ പോലും ധന്യയുടെ ഒറ്റുകാരാണ്. അടുക്കും ചിട്ടയുമില്ലാതെ, അകലങ്ങളിലേക്കോ, അരികിലേയ്‌ക്കോ എന്നില്ലാതെ പറന്നു കളിക്കുന്ന പറവകളെ പോലെ, പൊഴിഞ്ഞുവീഴുന്ന ഇലകളെ പോലെ, അവളുടെ ചിന്തകൾ… എന്തു തന്നെ ഓർത്താലും മനസ്സാക്ഷിക്കുത്തിന്റെ, പശ്ചാത്താപത്തിന്റെ ഒരു മഞ്ഞുകണമെങ്കിലും ഉരുകാനായി ബാക്കി വെച്ചുകൊണ്ടു കടന്നുപോകുന്ന ചിന്തകൾ. ധന്യ, തന്നെ തന്നെ പേടിക്കാൻ തുടങ്ങിയത് അതുകൊണ്ടാവുമോ? അല്ലെന്നോ, ആണെന്നോ തറപ്പിച്ചു പറയാൻ കഴിയാതെ വീണ്ടും അവളുടെ ചിന്തകൾ പറന്നുകളിക്കാൻ തുടങ്ങി. ചോദ്യരൂപം പൂണ്ട് ആകാശചുംബനത്തിനു പ്രപീഢിതയായി പറക്കുന്ന പട്ടങ്ങളെപ്പോലെ. പക്ഷേ ഡോക്ടറച്ചൻ തറപ്പിച്ചുപറഞ്ഞത് അല്ല; എന്നാണ്. പശ്ചാത്തപിക്കുന്ന പാപിക്കു മാപ്പുണ്ട് എന്നു കൂടെ ചേർക്കുകയും ചെയ്‌തു.
ഇന്നാളൊരു ദിവസം, കുഞ്ഞുണ്ണിക്കു ക്ലാസ്സിലേക്കു വേണ്ടി താൻ പട്ടമുണ്ടാക്കി കൊടുക്കുന്നതിനു അമ്മായി സമ്മതം മൂളിയതാണ്. ക്രാഫ്‌റ്റ് പേപ്പറിനായി കടയിൽ പോയിട്ട് അവനു കിട്ടിയത് ചുവപ്പു കടലാസാണത്രെ. അതൊന്നു കാണാൻ കൂടി കഴിഞ്ഞില്ല. കണ്ടപാതി, അമ്മായി കുഞ്ഞുണ്ണിയുടെ ചെവി പൊട്ടിക്കുമ്പോലെ വഴക്കു പറഞ്ഞു. പിന്നെ ആ പാവം ഒറ്റയ്‌ക്കിരുന്നാണ്, അതത്രയും പാടുപെട്ടു ഉണ്ടാക്കിയെടുത്ത പട്ടം പറത്തുന്നതു കാണാൻ പുറത്തോട്ട് ഇറങ്ങാൻ പോലും അമ്മായി സമ്മതിച്ചിരുന്നില്ലല്ലോ. നല്ല രസമാണു പട്ടം പറത്താൻ. അച്ചായന്റെ കോട്ടേഴ്‌സിനടുത്ത് താമസിച്ചിരുന്ന ഗുജറാത്തി പെൺകുട്ടി ‘സൃഷ്ടി ഷാ’ പട്ടം പറത്താൻ വിളിച്ചതോർക്കുന്നുണ്ട്. അവരുടെ നാട്ടിൽ അത് ഒരു വലിയ സംഭവം തന്നെയാണ്. ചുവന്ന പട്ടം കാണരുതെന്നാണു അമ്മായി പറയുന്നത്. പത്രം വെട്ടി ഉണ്ടാക്കുന്ന പട്ടം പറത്താൻ പൊയ്‌ക്കോളൂ എന്നു പറയുകയും ചെയ്‌തു. “ചുവന്ന പട്ടത്തിനെന്താ കൊമ്പുണ്ടാവോ?”
അമ്മായിയുടെ ചുവപ്പിനോടുള്ള വിരോധമാണു ധന്യക്കു ചുവപ്പു കാണണമെന്ന മോഹമുണ്ടാക്കുന്നത്. വെറും മോഹമല്ല. നെഞ്ചിനുള്ളിൽ ഒരു തിങ്ങലാണ്. ചുവപ്പ് എന്താണെന്നു അറിയില്ലെന്നു പറഞ്ഞു ഉണ്ണിക്കുട്ടിയും കുഞ്ഞുണ്ണിയും കളിയാക്കുമ്പോഴാണ് കൂടുതൽ ആഴത്തിലേയ്‌ക്ക്, താൻ പോലുമറിയാതെ തന്നിലേക്ക് ചുവപ്പ് ഊഴ്‌ന്നിറങ്ങുന്നത്.
കുഞ്ഞുണ്ണി അർത്ഥം പറഞ്ഞു പഠിക്കുന്നത് ധന്യ കേട്ടിരുന്നു. ശോണിമ എന്നുവച്ചാൽ ചുവപ്പ്. അരുണിമ എന്ന മറ്റൊരർത്ഥവും കൂടി ഉണ്ട്. ധന്യ കുറച്ചൊന്നുറക്കെയാണു ചോദിച്ചത് ഃ
“കുഞ്ഞുണ്ണിയുടെ പിറന്നാളിനു സദ്യയുണ്ണാൻ വന്ന ചങ്ങാതിയുടെ പേര് അരുണിമ എന്നല്ലേ. അപ്പോ അവളാണല്ലേ അരുണിമ?”
“ആ… അങ്ങനെ വേണമെങ്കിലും പറയാം” എന്ന അഴകൊഴയൻ മറുപടി ആണു അവൻ തന്നത്.
അന്നു കണ്ടപ്പോൾ അരുണിമ അത്രയും കുഴപ്പക്കാരിയായൊന്നും തോന്നിയില്ല. എന്തിനാണാവോ എന്നിട്ടും അമ്മായി ആ കുട്ടിയെ ഇങ്ങനെ പേടിക്കുന്നത്? അവൾ ഓർത്തു. നാവിൽ വഴങ്ങാത്ത മലയാളശബ്ദങ്ങളെയും കടിച്ചാൽ മുറിയാത്ത വ്യാകരണത്തേയും കുറ്റം പറഞ്ഞുകൊണ്ടാണു അവൻ അവിടെ നിന്നും ഇറങ്ങിപ്പോയത്.
“കോട്ടേർലിക്ക് 60- മലയാളത്തിൽ വാങ്ങി, ടോട്ടൽ 78-ത്തിലേക്കു ആണ് അവന് പെരുപ്പ് ” – ഉണ്ണിക്കുട്ടി എന്നും അവനെ ചൊറിഞ്ഞും തഴഞ്ഞും മിടുക്കു കാണിക്കുന്നതിൽ കേമി ആയിരുന്നു. പക്ഷേ അത് തടിമിടുക്കിൽ കോമ്പെൻസേറ്റു ചെയ്യുന്നതു കൊണ്ടുമാത്രം, കുഞ്ഞുണ്ണിയുടെ കൂർത്ത നഖങ്ങൾ, ഒരു പൂച്ചക്കുഞ്ഞിന്റേതിന്റെ വൈഭവത്തോടു കൂടി അവളുടെ മുഖത്ത് ചിത്രങ്ങളെഴുതാൻ വഴിയൊരുക്കിയത്.
കുഞ്ഞുണ്ണിയുടെ മുഖം കടന്നൽ കുത്തിയതുപോലെ ഉണ്ട്.
“അമ്മേനെ കാണാണ്ട് ഇങ്ക്‌ട് എട്‌ത്തോളൂന്റെ കുഞ്ഞുണ്ണീ, ഡ്രോയിംഗ്, ധന്യേച്ചി എടുപിടീന്നു കഴിച്ചെരാം”
“എടുപിടീന്നാ കഴിക്കാനെന്താ ചോക്ക്‌ലേറ്റാ? ഒന്നും വേണ്ട. ഇനിപ്പോ ധന്യേച്ചിക്ക് നിർബന്ധാണേല്, മഞ്ഞ ആപ്പിൾ വരച്ചോളാൻ പറയും അമ്മ. അതാ തരം. തത്‌ക്കാലൊന്നു മിണ്ടാണ്ട്‌ര്‌ന്നാ മത്യേയ്…”
ധന്യയ്‌ക്കു കരച്ചിൽ വന്നു. ഈ അരുണിമ എന്തിനാണവളെ ഇങ്ങനെ കുഴയ്‌ക്കുന്നത്? അരുണിമയ്‌ക്കു മാത്രമേ ആപ്പിൾ വരയ്‌ക്കാൻ പറ്റൂ എന്നു ഉണ്ടോ? ഒരു നിറമാണു ചുവപ്പെന്നല്ലേ ആദ്യം പറഞ്ഞത്. അരുണിമ ഒരു കുട്ടിയല്ലേ? പത്തുവയസായ ഒരു പെൺകുട്ടി? ഒരു കുട്ടി എങ്ങനെയാണു വെറുമൊരു നിറമായി മാറുന്നത്. ടേബിളിലിരുന്ന കാൽവിൻ ഹോബ്സിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരുപക്ഷേ, കാൽവിനെ പോലെ അരുണിമയും ഒരു ട്രാൻസ്‌മോഗ്രിഫയറിന്റെ സഹായത്തോടുകൂടി…
ധന്യയ്‌ക്കു വല്ലാത്ത വിശപ്പു തോന്നി. അടുക്കളയിലേക്കു കടക്കാനാഞ്ഞതാണ്. പക്ഷേ അമ്മായി ഇപ്പോഴും അയൽപക്കത്തെ അരുണ ചേച്ചിയെ വധിച്ചുകൊണ്ടിരിക്കുന്നു. ഒരായിരം പ്രാവശ്യം ഒരേ കഥ തന്നെ എങ്ങനെയാണ് അരുണചേച്ചിക്ക് കേട്ടിരിക്കാൻ കഴിയുന്നത്. കുഞ്ഞുണ്ണി അവരെ ‘അരണ’ എന്ന ഓമനപേരിലാണു അസാന്നിധ്യത്തിൽ പറയാറ്. അരണയെ പോലെ മങ്ങിയ ഓർമ്മശക്തി ആയിരിക്കും അരുണചേച്ചിക്കും. അല്ലെങ്കിലെങ്ങനെയാ ഒരേ കഥ, പലവട്ടം ശ്രദ്ധിച്ചു കേൾക്കാൻ കഴിയുന്നത്. ഉറങ്ങാൻ കാലം കുഞ്ഞുണ്ണിക്ക് ഓരോ രാത്രിയിലും പുതിയ കഥ വേണമെന്നാണു പറയുന്നത്. ജീവിതത്തിലെ സുഗന്ധവ്യഞ്ജനമാണു വൈവിധ്യം പോലും. നാലാം ക്ലാസ്സിലായിരുന്നിട്ടുകൂടി നാടറിയുന്ന തത്വചിന്തകനെപോലെ ആണു ചില നേരങ്ങളിൽ കുഞ്ഞുണ്ണിയുടെ പെരുമാറ്റം. അരുണചേച്ചി ഏതോ ഗൂഢാഭിലാഷത്തോടു കൂടി ഇന്നും, കഷ്ടംവെച്ചിരുന്ന കഥ കേട്ടുകൊണ്ടിരിക്കുകയാണ്.
അമ്മായിയുടെ കഥയിലെ നായികയ്‌ക്കും പേര് ധന്യ എന്നു തന്നെ. പക്ഷേ, കഥാനായിക ധന്യയും താനുമായി ഒരുപാടു വ്യത്യാസമുണ്ടെന്നവൾക്കു തോന്നി. ആ ധന്യ ചുവപ്പിന്റെ ലോകത്തു പാറിപറക്കുന്ന പൂമ്പാറ്റയാണെങ്കിൽ, തനിക്കു നിഷേധിക്കപ്പെട്ട ഗന്ധമാദനമാണു ചുവപ്പ്!
കഥാനായിക കളിച്ചു നടക്കുകയാണ്. കലാലയജീവിതത്തിന്റെ വർണ്ണ സ്വപ്നങ്ങളിലേക്ക് ചുവന്ന ഹൃദയവുമായി വരുന്ന നായകൻ. കമ്മ്യൂണിസത്തിന്റെ തത്വശാസ്‌ത്രങ്ങളിലേക്ക് നായകനാൽ തെളിക്കപ്പെടുന്ന കുഞ്ഞാടായി ധന്യ. ചുവന്നു തുടുത്ത ചെറിപ്പഴങ്ങളെപ്പോലെ തുടുത്തു നിൽക്കുന്ന ഹൃദയങ്ങളെ ചുവപ്പുകൊടിക്കീഴിൽ നിരത്തി നീങ്ങുന്ന യുവത്വം. കാവിക്കാരുടെ തീവ്രഭാഷ്യധ്രുവങ്ങളിൽ ചോര ചിന്തി ചുവപ്പിൽ കുളിച്ചു റോഡിൽ വീഴുന്ന നായകൻ. ഹൃദയം കവർന്നെടുത്തവനോടൊപ്പം ഹൃദയവും നഷ്ടപ്പെട്ടു ആത്മീയക്കാവിയിൽ മുങ്ങികുളിക്കാനൊരുങ്ങുന്നതിനെ എതിർക്കുന്ന ചുവപ്പുപട. അവരുടെ ആക്രമണങ്ങളിൽ പെരുവഴിയിൽ വീണുപോകുന്ന അച്ഛനമ്മമാർ. അവരെ വഹിച്ചു ദൂരേക്കു നീങ്ങുന്ന ചുവപ്പുവിളക്കു മിന്നി തെളിയുന്ന ശകടം. എല്ലാറ്റിനുമൊടുവിലായ് ഡോക്ടറച്ചനെന്ന സൈക്യാട്രിസ്‌റ്റിന്റെ മുറിയിൽ തണ്ണിമത്തൻ ജ്യൂസു കണ്ട് അലറിക്കരയുന്ന നായിക.
ചുരുക്കിപ്പറഞ്ഞാൽ ചുവപ്പിൽ പൊതിഞ്ഞ നായികയുടെ ഇവിടെവരെ എത്തി നിൽക്കാറുള്ള കഥയ്‌ക്ക് അമ്മായി എന്നും പൂർണ്ണവിരാമമിടുന്നതും ഒരേ വാക്യത്തിൽ തന്നെ.
“ബാക്കീള്ള കാര്യം നിൻക്കറിയാല്ലോന്റെ അര്‌ണേ,”
ധന്യ എന്നും ഈ കഥ കേൾക്കാൻ കാതു കൂർപ്പിക്കുന്നത്. ഇത് കഴിഞ്ഞ് എവിടെ എത്തും എന്നറിയാനാണ്. ഒരുപക്ഷേ അപ്പോഴെങ്കിലും അവൾക്ക് ചുവപ്പിനെ അറിയാൻ കഴിഞ്ഞേക്കും. കണ്ടാൽ പച്ചപ്പാവമായ അരുണിമയുടെ കുഴപ്പം പിടിച്ച രഹസ്യസ്വഭാവവും.
ചുമർ ചാരിയിരുന്ന തന്നിലേക്ക് പൂച്ചക്കുട്ടിയെപ്പോലെ പറ്റിക്കയറി തല തന്റെ തോളിൽ ചായ്‌ച്ചുകൊണ്ട് ഉണ്ണിക്കുട്ടി ചോദിച്ചു “ന്നാലും ധന്യേച്ചി, സ്വകാര്യോയിട്ടെങ്കിലും ന്നോട് പറ. ചോപ്പുമാത്രം അറിയാൻ കഴിയാത്ത സൂക്കേട് കള്ളത്തരല്ലേ. ഹോംവർക്കു ചെയ്യാണ്ടിരിക്കാൻ കുഞ്ഞുണ്ണി കാണിക്കാറ്‌ള്ള പോലൊരു കള്ളത്തരം?
ഡോക്ടറച്ചൻ അമ്മായി പറഞ്ഞ അതേ കഥ പലവട്ടം ധന്യയോടു പറഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യംപോലും അതു കേൾക്കാൻ അവൾക്കു താത്‌പര്യമുണ്ടായിരുന്നില്ല. അതിനു അനുബന്ധമായി അദ്ദേഹവും വേറൊരു കഥ പറഞ്ഞിരുന്നു. അച്ഛനമ്മമാരെ കുരുതി കൊടുക്കേണ്ടി വന്നതിൽ ഉള്ളുനീറി, ചുവപ്പു വിളക്കുകളിൽ നിന്നും സൈൻ ബോർഡുകളിൽ നിന്നും മുഖം തിരിച്ചു. അപ്രതീക്ഷിതമായി അക്രമാസക്തയായും കഴിയുന്ന ധന്യയുടെ പ്രതിഷേധത്തിന്റെ സഹതാപം നേടികൊടുക്കുന്ന കഥ. ”ശക്തമായ പ്രതിബന്ധങ്ങളെ അറിയില്ലെന്നു നടിച്ച്, കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ ജീവിക്കുന്ന ധന്യയുടെ കഥ!“
ഡോക്ടറച്ചന്റെ അവസാനവാക്യം, നീട്ടിയും ചുരുക്കിയും ധന്യയുടെ മനസ്സിന്റെ കൊളുത്തുകളിൽ ഒരുപാടു പ്രാവശ്യം ഒരു ചെറിയ വേദനയായി ഉടക്കി നിന്നിട്ടുണ്ട്. എന്തിനെന്നറിയാത്ത വേദന. അച്ചായൻ സായാഹ്‌ന പ്രാർത്ഥന അവസാനിപ്പിക്കാറുള്ള പോലെ ഡോക്ടറച്ചനും എല്ലാ വിസിറ്റിങ്ങിനു ശേഷവും അവളോടു പറഞ്ഞു. ”പശ്ചാത്താപം പാപത്തിൽ നിന്നു മുക്തമാക്കും“.
ഉണ്ണിക്കുട്ടിയുടെ ചോദ്യം അവളെ ചുഴറ്റിയെറിഞ്ഞു കളഞ്ഞു. ഡോക്ടറച്ചന്റെ ഓർമ്മകളിൽ നിന്നു മുക്തി നേടാൻ അവൾ ആലോചിച്ചെടുക്കാൻ ശ്രമിച്ചു.
ഒരുപക്ഷേ, ഇന്നലെ ആയിരിക്കണം. നട്‌രാജ് പെൻസിലിനു ചുവപ്പു നിറമാണത്രെ. ഉണ്ണിക്കുട്ടി കാണിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്. നാളെ കാണിച്ചുതരാം എന്നവൾ പറഞ്ഞത് ഇന്നലെ ആയിരുന്നില്ലേ?
അമ്മയുടെ സാരിത്തുമ്പു പിടിച്ചു പിൻതുടരുന്ന ഒരു ചുവപ്പു ഉടുപ്പിട്ട പെൺകുഞ്ഞിന്റെ ഔത്സുക്യം അവളിൽ ഇരമ്പിനിന്നു.
Generated from archived content: story1_mar21_07.html Author: navya_p_deviprasad