നേരം ഒരുപാടായിട്ടുണ്ട്. ഇരുണ്ട നീല ക്വാളിസിലിരുന്നു ഇവിടേയ്‌ക്കു യാത്ര ചെയ്യുമ്പോഴും ഇരുണ്ടുകൂടിയ മാനവും ഇരുട്ടുകയറിയ ഇരുവശങ്ങളും സമയം സായാഹ്‌ന സൂചകത്തിൽ നിന്നു രാത്രിയിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണെന്ന സത്യം അവളെ ഓർമ്മിപ്പിരുന്നു. തിങ്ങിയ ശബ്ദത്തോടു കൂടിയ സൈഗാൾ പതുങ്ങി പാടിക്കൊണ്ടിരുന്നു. അറിയാതെ തന്റെ കൈകാലുകൾ അതിലേക്കു മുഴുവനായും ലയിച്ചു ചേർന്നിരിക്കണം. ബ്രഹ്‌മാനന്ദം അതു ശ്രദ്ധിച്ചുവെന്നു തോന്നുന്നു.
“ഗാനാ ബദൽനാമേ…”
അയാളുടെ പൗരുഷം നിറഞ്ഞതെങ്കിലും ഒട്ടും ഗാംഭീര്യമില്ലാതിരുന്ന ശബ്ദത്തിൽ ഒരു ഗൂഢാനന്ദം നിഴലിച്ചിരുന്നുവോ? അയാൾ തന്നെ ഇടങ്കണ്ണിട്ടു നോക്കിയിരുന്നുവോ? ഉണ്ടാവണം. ഫാസ്‌റ്റ് സോങ്ങ്‌സ് തനിക്കൊരിക്കലും ആസ്വദിക്കാൻ കഴിയില്ലെന്നാവണം അയാൾ കരുതുന്നത്. അതുകൊണ്ടു തന്നെ, ഞാൻ ഹിമേഷ് രേഷമിയ്യയുടെ ചടുലതാളങ്ങൾക്കും താളം പിടിക്കുന്നുണ്ടെന്ന് അയാളെ അറിയിക്കാൻ ശ്രമിച്ചു. ഫലമുണ്ടായെന്നു വേണം കരുതാൻ. നേരെ നോക്കാതിരുന്നിട്ടുകൂടി അയാളുടെ കണ്ണുകളിലെ കുസൃതിത്തിളക്കം ഒരു നിമിഷനേരത്തേക്കു മങ്ങിയതു അവൾക്കു കാണാൻ കഴിഞ്ഞു. അകക്കണ്ണിന്റെ കാഴ്‌ചയിൽ അവൾ എന്നും വിസ്മയപ്പെട്ടിട്ടുണ്ട്. തലേന്നു രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നവരോടു രാവിലെ ഹസ്തദാസം നടത്തി സംസാരിക്കേണ്ടി വന്ന സന്ദർഭങ്ങൾ തന്റെ ജീവിതത്തിൽ ഒരു നിത്യസംഗതിയായി തീർന്നിരിക്കുന്നെന്നു അവൾ ഓർത്തു.
“ഡ്രിങ്ക്‌സ്, മേം…” – വേണ്ടെന്നു തലകുലുക്കി. സപ്ലൈയർ പയ്യനാണ്. പേരുകേട്ട റെസ്‌റ്റോറന്റിന്റെ സ്വീകരണമുറിയിൽ തൂവെള്ള ഷർട്ടും ഇട്ടു നടന്നിട്ടു പോലും അവൾക്കു അയാളെ കാണാൻ കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു. കണ്ണുപരിശോധനയുടെ സമയമായിരിക്കുന്നു. ഒരു വർഷത്തിലധികമായിരിക്കുന്നു. പവ്വർ മാറിക്കാണണം. അതോ ഇരുട്ടുമുറി ആയതുകൊണ്ടോ?
ഒന്നും കേൾക്കാൻ കഴിയുന്നില്ല. കാതടപ്പിക്കുന്ന സ്വരവീചികൾക്കൊത്തു ചുവടുവെച്ച് സഹപ്രവർത്തകർ. ലേസർ രശ്മികളുടെ ക്രമരഹിതമായ വിന്യാസക്രമങ്ങളിൽ മാത്രം അവൾ അവരുടെ ആട്ടക്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. സുമിത് സർക്കാരിന്റെ അംഗവിക്ഷേപങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ആണുങ്ങളിൽ അയാളുടെ പ്രകടനമാണു മെച്ചപ്പെട്ടത്. പക്ഷേ, ഇടയ്‌ക്കിടെ പോഡിയത്തിൽനിന്നിറങ്ങി കൈകളിൽ ഗ്ലാസേന്തി നടന്നു നീങ്ങുന്ന അയാളുടേത്, ഒരു തുടർച്ച അവകാശപ്പെടാവുന്ന പെർഫോമൻസ് അല്ലേ അല്ല. രാഹുൽ യാദവ് തന്റെ നേർക്കാനടുക്കുന്നതെന്നു തോന്നുന്നു. അവൾ കൂടുതൽ കോൺഷ്യസ് ആയി.
“കമോൺ വേൺഡി. ജോയിൻ അസ്. ഫോർ മൈ സേക്ക്, ഹേയ്, ജോയിൻ മി അറ്റ്‌ലീസ്‌റ്റ് ഫോർ 5 മിനിട്ട്‌സ്”.
മദ്യം മണക്കുന്ന ശബ്ദങ്ങളിൽ അയാൾ കൈകളിൽ പിടിച്ച് മുന്നോട്ടാഞ്ഞു വലിക്കുമ്പോൾ അവൾ മനസ്സിൽ ബ്രഹ്‌മാനന്ദത്തെ നൂറുതവണ എങ്കിലും ശപിച്ചിരിക്കണം. അയാളൊരുത്തനാണു തനിക്കു തിരസ്‌കരിക്കാൻ കഴിയാത്തവണ്ണം, തന്നെ ചൊടിപ്പിച്ച് ഇവിടേക്കു കൊണ്ടുവന്നത്. ഇനിയിപ്പോൾ പറഞ്ഞിട്ടു കാര്യമില്ല. ഈ സംഗീതം തന്നെ ബധിരയാക്കിരിക്കുന്നുവെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ പറഞ്ഞില്ല. മുഴങ്ങിക്കേട്ട സീറ്റ്‌സിനനുസരിച്ച് ശരീരം കുലുക്കിയെന്നു വരുത്തി, തിരിച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാണു അത് ശ്രദ്ധിച്ചത്. നിധി പാണ്ഡേയുടെ അമ്പരപ്പു നിറഞ്ഞ കണ്ണുകൾ തന്നെ വീക്ഷിക്കുന്നു. പുത്തൻ ട്രെൻഡായി തീർന്ന നിതംബം കുലുക്കി ഡാൻസിനു അവൾ തന്നെ വെല്ലുവിളിക്കുകയാണെന്നു തോന്നുന്നു. വേണ്ട. ഒരു പുച്ഛനോട്ടത്തോടെ ഇറങ്ങി നടന്നു ലെതർ കൗച്ചിലേക്ക് ചായുന്നതിനു മുമ്പേ, ബ്രഹ്‌മാനന്ദത്തിന്റെ കണ്ണുകൾ തന്നിലേയ്‌ക്ക് ചൂഴ്‌ന്നിറങ്ങുന്നതിൽ അവൾ അസ്വസ്ഥയായി.
അഭിഷേക് സാവന്തിനെ പോലുള്ള മിണ്ടാപ്പൂച്ചകളാണു അവളെ കൂടുതൽ ഞെട്ടിച്ചുകളഞ്ഞത്. അടിച്ചു കയറ്റിയ ഗ്ലാസുകൾക്ക് എണ്ണം പിടിക്കാൻ അവൾ ആവുന്നതും ശ്രമിച്ചു നോക്കി. പക്ഷേ പിടിത്തം തരാതെ അയാളുടെ ഗ്ലാസിലെ മദ്യം എരിപൊരി സഞ്ചാരം നടത്തിയത് അവളുടെ തലയിലായിരുന്നു. എന്നിട്ടും എത്ര സ്വാഭാവികമായാണു അഭിഷേക് പെരുമാറുന്നത്. ഇതിനു മുമ്പ് സഹപാഠിയായിരുന്ന തോമസിന്റെ കപ്പാസിറ്റിയാണു ലോക റെക്കോർഡെന്നു കരുതിയിരുന്ന നന്ദിത, ഒരു പൊളിച്ചെഴുത്തിനു തയ്യാറായി.
മാർക്ക് മാൻഗ്വിനെസ്, തന്റെ നേർക്കു കൈ നീട്ടുന്നു. അവൾക്ക് ഒരു വിഷമവും ഉണ്ടായില്ല. അവളേക്കാൾ 3 ഇരട്ടി എങ്കിലും ഉണ്ടാവും അയാളുടെ പൊക്കം. കപ്പിൾ ഡാൻസിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. ബ്രഹ്‌മാനന്ദം അവളുടെ മുടിയിൽ കയറി ആഞ്ഞുവലിച്ചു കളഞ്ഞു.
“ഷി ഈസ് മൈ പെയർ”
പശ്ചാത്ത്യർക്കു സ്വന്തമായ സ്വാഭാവിക തണുപ്പൻ മട്ടോടുകൂടി മാർക്ക്, ബ്രഹ്‌മാനന്ദത്തിനു തംസ്‌അപ് നേർന്നു മൊഴിഞ്ഞു.
“കൂൾ… ഹേവ് ഫൺ, മേൻ!”
അവൾക്ക് ഇറങ്ങി ഓടണമെന്നുണ്ടായിരുന്നു. പക്ഷേ ട്രാപ്പിൽ അകപ്പെട്ടുപോയല്ലോ. എല്ലാത്തിനും തന്റെ ഔന്നത്യത്തെ പറഞ്ഞാൽ മതിയല്ലേ.
“വന്ദിതയെ ഒഴിച്ച് ബാക്കി എല്ലാവരും എത്തും”.
എന്നു ബ്രഹ്‌മാനന്ദം പറഞ്ഞപ്പോൾ മിണ്ടാതിരുന്നാൽ മതിയായിരുന്നു. ഇതിപ്പോൾ അതിനു വിശദീകരണം തേടി, സ്വയം കെണിയിൽ അകപ്പെട്ടു. ഒരു ചെറിയ തലവേദനയെന്നു പറഞ്ഞതു പിൻവാങ്ങുമ്പോൾ ബ്രഹ്‌മാനന്ദത്തിന്റെ കണ്ണുകളിൽ അവൾ ഒരു എനിമേഷൻ സ്‌ക്രീൻ കണ്ടു. ഇരയാവേണ്ടിയിരുന്ന മുയൽ തലനാരിഴയ്‌ക്കു നഷ്ടമായ കുറുക്കന്റെ അരിശം നിറഞ്ഞ നോട്ടം. അതു താങ്ങാൻ ശേഷിയില്ലാതിരുന്നതുകൊണ്ടു മാത്രമാണ്, അവൾ സുരൂപ ഘോഷിനെ ശ്രദ്ധിക്കാൻ തീരുമാനിച്ചത്. മനസ്സ് എന്തിലെങ്കിലും ഉടക്കി നിർത്തുക എന്നത്, അവൾക്ക് ഏറ്റം ആവശ്യമായ നിമിഷമാണെന്ന തിരിച്ചറിവോടെ.
സുരൂപയുടെ ചലനങ്ങൾക്ക് ഒരു അപരിചിതത്വം ഉണ്ട്. എവിടെയോ കണ്ടുമറന്ന പോലെ. ഒരുപക്ഷേ ശരീരപ്രകൃതി കൊണ്ടായിരിക്കും. പഴയകാല മലയാള സിനിമാ നായകനടി മിസ്സ്. കുമാരിയുടെ ശരീരവടിവ്. എന്നുവെച്ചാൽ ഡംബെല്ലുകളും പുഷ്‌അപ്സും മസിൽ കൊടുത്ത കട്ടക്കൈകളും, കായികാഭ്യാസത്തിന്റെ കരുത്തു പ്രകടിപ്പിക്കുന്ന ദേഹവും. അല്ല. ദേഹപ്രകൃതി മാത്രമായിരിക്കില്ല. എന്തോ ഒരു ആകർഷണീയതുയുണ്ട് അവളുടെ ചലനങ്ങൾക്ക് ഒട്ടും തന്നെ ലാസ്യം ഉണ്ടായിരുന്നില്ലെങ്കിൽ കൂടി. ശരീരത്തിനോടിറുക്കി പിടിച്ച ടോപ്പ്, മുട്ടു മുതൽ കണങ്കാലുവരെ അലുകുകളായ് ആടി ഉലയുന്ന പാർട്ടിവെയർ. കൈമുട്ടിലും ഒരല്പം മുകളിലേക്കു കട്ടുചെയ്ത് നിർത്തിയിരിക്കുന്ന മുടികൂടി ആ ചുറ്റുപാടിലേക്കലിഞ്ഞു ചേർന്നു ആടുകയാണെന്നു തോന്നും. പെട്ടെന്നാണു വന്ദിതയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത്.
പാറത്തുതോപ്പിലെ കളംപാട്ടിനു കാളിപ്പെണ്ണിന്റെ കളം മാക്കൽ മുടിയാട്ടം. കുട്ടിക്കാലത്ത് ഒരിക്കലും ഒഴിവാക്കാതിരുന്ന, എല്ലാക്കൊല്ലവും സംഭവിക്കുന്ന ഒരു സംഗതിയായിരുന്നു. സുരൂപയ്‌ക്ക് കാളിപെണ്ണിന്റെ മുടിയാട്ടത്തിന്റെ ഒരു ചെറിയ വകഭേദം പോലെ നിന്നുകൊണ്ടുള്ള സുരൂപയുടെ ചേഷ്ടകൾ, അവളെ ബലമായി പിടിച്ചു നിലത്തിരുത്തിയാൽ കാളിപെണ്ണു മുടിയഴിച്ച് കളം മായ്‌ക്കാറുള്ളപോലെ തന്നുണ്ടാവും.
വാഷ്‌റൂമിലെ മങ്ങിയ വെളിച്ചത്തിൽ അവൾ വാച്ചിലേക്കു നോക്കി. പന്ത്രണ്ടര. ഇനിയും വൈകിക്കൂടാ. വൈകി ചെല്ലുമ്പോൾ മേട്രന്റെ കട്ടിക്കണ്ണടയിൽ കൂടിയുള്ള നോട്ടവും, ഗേറ്റുതുറന്നു തരുന്ന ദ്വാരപാലകന്റെ അശ്ലീലച്ചുവയുള്ള ഭാവവും ഓർത്തു അവൾക്കു മനംപുരട്ടൽ അനുഭവപ്പെട്ടു. എത്ര വൈകുന്നുവോ, അത്രയും തീവ്രതയാർന്നായിരിക്കും ഈ രണ്ടുഭാവങ്ങളും. അതുകൊണ്ടു തന്നെ അവൾ എഴുന്നേറ്റു നടന്നു.
“ഥോടി ഓർ രുകിയേനാ…” – രഞ്ജിനി ഗാരുലയാണ്. അവൾ തന്നെ അനുഗമിക്കുന്നുണ്ടായിരുന്നുവെന്നു അപ്പോഴാണവൾ അറിഞ്ഞത്. വീണ്ടും അകത്തേയ്‌ക്ക്… പരിഭവം പറയാതെ കൂടുതൽ ചെല്ലുമ്പോഴേക്കും അവൾ ഒരു ന്യായീകരണം കണ്ടെത്തിയിരുന്നു. “നനഞ്ഞില്ലേ, ഇനി കുളിച്ചു കയറാം..”
പക്ഷേ, നനഞ്ഞതും കുളിച്ചുകയറേണ്ടതും വികടരും വിലക്ഷണരുമായ ഒരു കൂട്ടം പുരുഷന്മാരുടെ കഴുകൻ കണ്ണുകൾക്കു മുമ്പിലാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് ശരീരത്തിലൂടെ ഒരു വൈദ്യുതസഞ്ചാരം അനുഭവപ്പെട്ടു. സുരൂപയുടെ ആട്ടം തന്നെ ശരണം. പറന്നു തുടങ്ങിയാൽ പുതിയ മേച്ചിൽ പുറങ്ങളന്വേഷിച്ച്, പിടി തരാതെ നടക്കുന്ന പരവതാനി പോലാണു മനസ്സ്. അതുകൊണ്ട് തത്‌ക്കാലം സുരൂപ ഘോഷിന്റെ ആട്ടപ്രകടനങ്ങളിലേക്കു കണ്ണുംനട്ടിരിക്കാം. ഒരു മുടിയാട്ടം ഇവിടെയും അത്യാവശ്യമാണ്. കതിരോല മുടിക്കനം താങ്ങി ഉറഞ്ഞാടുന്ന കാളിമാർ ജനിക്കേണ്ടിയിരിക്കുന്നു. അഭിനവദാരികന്മാരുടെ ഉടലും തലയും വേർപെടുത്തി ഉയിരെടുക്കാൻ…
സുരൂപയെ ശ്രദ്ധിക്കുന്തോറും ഗൃഹാതുരത്വം തന്നിൽ ഉറഞ്ഞു കൂടുന്നത് അവൾ അറിഞ്ഞു. ഒരിക്കലും അന്യമാവില്ലെന്നു കുതിയ, ജന്മാന്തരബന്ധം പുലർത്തുന്നുവെന്നു കരുതിയ ജന്മനാട് ഇന്നവൾക്ക് ഓർമ്മകൾ ഒഴിച്ചു നിർത്തിയാൽ അന്യം നിന്നു പോയിരിക്കുന്നു. നാടുമായുള്ള ഓരോ ബന്ധങ്ങളും കുറ്റിമുറിച്ചെറിയുമ്പോഴും നാഭിക്കൊടി ബന്ധം വിച്ഛേദിക്കുന്ന വേദന അവളറിഞ്ഞിരുന്നു. ഇന്നു, ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവണ്ണം ആ നോവ് അവളറിഞ്ഞു. അടിവയറ്റിൽ ഉരുണ്ടുകയറി, സകലഞ്ഞരമ്പുകളേയും ത്രസിപ്പിച്ച് സിരകളിലെ ചൈതന്യം ബാഷ്പീകരിച്ചുകൊണ്ട്, അത് അവളുടെ മേൽ ഇപ്പോൾ മുടിയാട്ടം നടത്തിക്കൊണ്ടിരിക്കയാണ്. അതും ജീവിതത്തിൽ ഒരിക്കൽ പോലും പ്രാധാന്യമർഹിക്കാതിരുന്ന കാളിപെണ്ണ് അവളുടെ ഉള്ളിലാരു വേവായി, തിങ്ങി നിറഞ്ഞ ചുട്ടു ആവിയായി തീരുന്നത്. കാളിപ്പെണ്ണു ഇപ്പോഴും ജീവനോടുകൂടി ഉണ്ടായിരിക്കുമോ? ജീവനോടെ ഉണ്ടെങ്കിൽ… കാപ്പിരികളുടേതുപോലെ ചുരുണ്ടു തോളറ്റം കഴിഞ്ഞതും മാന്ത്രികന്റെ വടിയായി മാറിയ കയറുപോലുള്ള അവളുടെ മുടി ഇപ്പോൾ നരച്ചിട്ടുണ്ടാകുമോ? വഴിയില്ല. കാളിപ്പെണ്ണിന്റെ അമ്മ, ലീല മരിക്കാൻ കാലം പോലും നരച്ചിരുന്നില്ല. മരോട്ടി എണ്ണ പുരട്ടി ദിവസവും തല കഴുകിയിരുന്നതുകൊണ്ടാണെന്നാണു തറവാട്ടിലെ പെണ്ണുങ്ങൾ പറഞ്ഞു കേട്ടിരുന്നത്. കാളിപ്പെണ്ണ് അവളിൽ ഒരു വിങ്ങലായ് ഉയർന്നുപൊങ്ങി. സ്പൈഡർ ക്ലിപ്പിൽ നിന്നും മുടിയിഴകളെ സ്വതന്ത്രമാക്കി, അന്തരീക്ഷത്തിൽ അലയാൻ വിട്ട്, സുരൂപയോടൊപ്പം മറന്നാടുമ്പോൾ അവൾക്കു മുടിയാട്ടമാടുന്ന കാളിയെ തന്നിലേക്കാവേശിച്ച പോലെ തോന്നി. കൈമാറി വരുന്ന ഗ്ലാസ്സുകൾ കാലിയാക്കി തിരിച്ചു കൊടുക്കുമ്പോൾ അവൾക്ക് ദാരികരക്തം കുടിച്ചു തീർക്കുന്ന ഭാവമായിരുന്നു. ഡിന്നറിനുശേഷം, നിലയുറപ്പിച്ചു നടന്നു നീങ്ങുമ്പോൾ സകലരും അവളെ വിശ്വാസം വരാത്തതുപോലെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അവൾക്കു തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗേറ്റു തുറന്നുവരുമ്പോൾ വാച്ച്‌മേനും, എൻട്രി ചെയ്യുമ്പോൾ മേട്രനും പങ്കപ്പാടോടു കൂടി അവളിൽ നിന്നും ആവുന്നത്ര അകലം പാലിക്കുന്നതായി തോന്നി.
“പേടിക്കണം… എല്ലാ ദാരികവേഷങ്ങളും പേടിക്കണം…”
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വാതിലിന്റെ കൊളുത്തു തുറന്നു തരുമ്പോൾ നിമ്മിയും. പക്ഷേ അവളെന്തിനാണ് പേടിക്കുന്നത്?
“തേരാ ദുപ്പട്ട കഹാം ഹേ ബായ്..? നിന്റെ കണ്ണെന്താ, ഇങ്ങനെയിരിക്കുന്നു. വേൺടി, ഡോൻട് മൈൻഡ്, ഓകെ? ആർ യു ഡ്രങ്ക്?..”
പിറ്റേന്നു രാവിലെ ബാഗ്ഗേജുമേന്തി, പെരുവഴിയിലേക്കിറങ്ങുമ്പോൾ അവളറിഞ്ഞു. അവൾക്കു നഷ്ടമായത് നാലുവർഷമായി തുടർന്നുവന്ന ഹോസ്‌റ്റൽ വാസവും, അന്യം വന്നത് നല്ലൊരു പ്രതിച്ഛായയുമാണ്.
Generated from archived content: story1_june15_07.html Author: navya_p_deviprasad
Click this button or press Ctrl+G to toggle between Malayalam and English