കാലടിയൊച്ചകൾക്കു കഴിയാത്തത്, ദീർഘനിശ്വാസങ്ങൾക്കു കഴിഞ്ഞേക്കാം. വലിച്ചെറിഞ്ഞ സിഗററ്റുകുറ്റികൾ, നിലത്തു ചിതറിക്കിടക്കുന്നതിലേക്കു നോക്കി സിന്ധു ദീർഘനിശ്വാസമുതിർത്തപ്പോഴാണ് അവളുടെ സാന്നിദ്ധ്യം അറിയാൻ കഴിഞ്ഞത്. “പറഞ്ഞിട്ടു കാര്യമില്ലല്ലോ. എങ്കിലും പറയാണ്ടിരിക്കണേങ്ങനാ? ന്തിനാപ്പൊങ്ങനെ പൊകച്ചുകേറ്റണത്?”
പരമ നിസാംഗത്യത്തോടുകൂടി അവളുടെ മുഖത്തേക്കു ഉറ്റുനോക്കിക്കൊണ്ടിരിക്കാനെ കഴിഞ്ഞുളളൂ. മറുപടിയില്ലെന്നു കണ്ടപ്പോൾ അവൾ സ്ഥലം കാലിയാക്കാനൊരുങ്ങി. ഹൃദയം തുളച്ചുകയറുന്ന ശരചോദ്യങ്ങളെ പലപ്പോലും തടുത്തു നിർത്താൻ കഴിവുളള പരിചയാണു മൗനമെന്നു പ്രിയ പണ്ടേ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, വീണ്ടും സിന്ധുവിന്റെ ചോദ്യം അവിടമാകെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഇത്തവണ പക്ഷേ, അത് സ്വന്തം ശബ്‌ദത്തിലായിരുന്നുവെന്നു മാത്രം. “ന്തിനാപ്പങ്ങനെ പൊകച്ചു കേറ്റണത്?”
പ്രത്യേകിച്ചു കാരണമൊന്നും ഇല്ല. ഇപ്പോഴിത് ഒരു തഴക്കമായിരിക്കുന്നു. പഴക്കം വന്ന തഴക്കം. അതിലേറെ, തന്നെ അറിയാൻ ശ്രമിക്കാത്ത, അല്ലെങ്കിൽ തനിക്കിതുവരെ മനസ്സിലാക്കാൻ കഴിയാത്ത സമൂഹത്തിനോടുളള പ്രതിഷേധം. ചിതറിക്കിടക്കുന്ന സിഗരറ്റുകുറ്റികളിലേക്കു നോക്കിയിരുന്നപ്പോൾ വെറുതെ ഒരു രസത്തിനു അവൾ അത് എണ്ണിനോക്കി. അഞ്ചെണ്ണം തീർത്തിരിക്കുന്നു. ഇന്നലെ ഏഴെണ്ണമായിരുന്നു. സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ അകത്തളങ്ങളിലേക്കു കയറിനിന്നു അവളിലെ കണക്കപ്പിളള മൊഴിഞ്ഞു.
“പ്രതിദിനം അഞ്ചുമുതൽ ഏഴുവരെ വലിച്ചുതളളുന്നുണ്ട്.” അവളിലെ ഉറങ്ങാത്ത ഔത്സുക്യം ഒരു കുഞ്ഞിനെപോലെ ചോദിച്ചു.
“ആദ്യമായി എന്നാണു താൻ വലിച്ചത്?”
അഞ്ചോ ആറോ വയസ്സുളളപ്പോഴാണെന്നു തോന്നുന്നു. അച്ഛച്ഛന്റെ പീപ്പി തനിക്കും വേണമെന്നു വാശിപിടിച്ചു കരഞ്ഞ കുഞ്ഞോമനയ്‌ക്കു ചുണ്ടിലേക്കു ബീഡി തിരുകിക്കൊടുക്കുന്ന ഒരു വയസ്സന്റെ ചിത്രം മനസ്സിലേക്കു കയറി വരുന്നുണ്ട്. ആ വയസ്സനു പക്ഷേ, കൂടുതലൊരു സ്ഥാനവും തന്റെ ജീവിതത്തിലുണ്ടായിരുന്നിരിക്കില്ല. മരണാനന്തരചടങ്ങുകൾക്ക് അവധിയെടുത്ത് ടീച്ചറിനോടു കാരണം പറയുമ്പോൾ പോലും, ഒരു അവധി കിട്ടിയതിന്റെ എന്തെന്നില്ലാത്ത സന്തോഷമായിരുന്നല്ലോ!
ഇങ്ങനെ പ്രഥമധൂമപാനത്തിൽ നിന്നാണു വലിക്കാനുളള പ്രേരണ കിട്ടിയതെന്നു പറഞ്ഞാൽ അധികമാവും. അതിലേറെ മരിച്ചുപോയ ആ പാവം മനുഷ്യനോടുളള ക്രൂരതയും. അല്ല തീർച്ചയായും അല്ല. പുക, ഉളളിലേക്കു വലിച്ചെടുത്താസ്വദിക്കാത്തിടത്തോളം കാലം അത് ഒരു ധൂമപാനമോ, അതിലേറെ അതിനുളള പ്രേരണയോ ആകുന്നില്ല. അപ്പോൾ പിന്നെ..
വിദ്യാഭ്യാസജീവിതത്തിൽ ഊട്ടിവിനോദയാത്രയ്‌ക്കിടയ്‌ക്ക്, ഒരു തണുത്തു മരവിച്ച പ്രഭാതത്തിലോ? ആവാൻ സാധ്യതയുണ്ട്. വെറും സാധ്യതയല്ല. വളരെയേറെ സാധ്യതയുണ്ട്. കൈകൾ കൂട്ടിത്തിരുമ്മി തണുപ്പകറ്റാൻ വിഫലശ്രമം നടത്തിയിരുന്നപ്പോൾ സഹപാഠികളുടെ ഒളിക്കൂട്ടായ്‌മയും അവിടെ നിന്നുയരുന്ന പുകയും ഒട്ടൊന്നുമല്ല അവളെ ആകാംക്ഷാഭരിതയാക്കിയത്. ഇരച്ചുകയറുന്ന തണുപ്പിനെ വെല്ലാനെന്നവണ്ണം അവർ വ്യാഖ്യാനിച്ചപ്പോൾ അവളും ഒരു ഗോൾഡ്‌ഫ്ലേക്കിനു തിരികൊളുത്തി. ഇല്ല അത് അവളായിരുന്നില്ല. പരിചയജ്ഞാനമില്ലാതിരുന്ന അവൾക്കുവേണ്ടി കൊച്ചുത്രേസ്യയാണെന്നു തോന്നുന്നു, അത് കൊളുത്തി നൽകിയത്. ശ്വാസം ഉളളിലേക്കെടുത്തു കൊളുത്തിയാലേ സിഗരറ്റു കത്തൂ എന്നാവാം അന്നവളതിനു കാരണമേകിയത്. പിന്നീടെപ്പോഴൊക്കെ പ്രിയ ഇതു പരീക്ഷിക്കാനായി സിഗരറ്റു കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ, അന്നെല്ലാം, ആ പഴയ അപരിചിതത്വം നേരിടുന്ന പെൺകുട്ടി അവളിൽ പുനർജ്ജനിച്ചിട്ടുണ്ട്. പിന്നീട്, കത്താത്ത സിഗരറ്റിനെ കത്തിച്ചെടുക്കാൻ അവളാ പരീക്ഷണചിന്ത തന്നെ ഉപേക്ഷിക്കുകയാണു പതിവ്.
അന്ന്, കമ്പിളിക്കുപ്പായത്തിനുളളിൽ കൂട്ടിയിടിക്കാൻ തുടങ്ങിയ നെഞ്ചിനെ, സ്വാഭാവികഭാവങ്ങളിലേക്കു തിരിച്ചെടുക്കാൻ വെറും അഞ്ചു നിമിഷത്തിനുളളിൽ സിഗരറ്റിനു കഴിഞ്ഞിരുന്നു. അപ്പോഴായിരിക്കണം പ്രിയ പുകവലിയുടെ മഹത്വം ആദ്യമായി അറിഞ്ഞത്. പക്ഷേ അതും ഉളളിന്റെ ഉളളിൽ ഒരു സാഹസികരഹസ്യമാക്കി, ഒരു മയിൽപീലിപോലെ കാത്തുസൂക്ഷിച്ചതൊഴിച്ചാൽ ഒരു പ്രകമ്പനവും സൃഷ്‌ടിച്ചിരുന്നില്ലല്ലോ. പിന്നെ എന്നാണ്? കൃത്യമായി പറഞ്ഞാൽ എന്നാണ്, താനൊരു പുകവലിക്കാരിയായത്? പാതിമയക്കത്തിലേക്കു വീണു തുടങ്ങിയ പ്രിയയ്‌ക്ക് ആറുമാസം മുമ്പുളള ഒരു സംഭവം കൺമുമ്പിലെന്നപോലെ അനുഭവവേദ്യമായി. കഴിഞ്ഞ ജനുവരിയിലാണെന്നു തോന്നുന്നു പ്രിയ മാർക്കറ്റിൽ നിന്നും വീട്ടിലേക്കു തിരിച്ചു നടക്കുകയായിരുന്നു. അവളോർത്തു.
ഈ വഴികൾ പെട്ടെന്നു പിന്നിട്ടു കഴിയുന്നു. ഒരുപക്ഷേ പഴക്കം വന്നതുകൊണ്ടാവും. വഴിയോരത്തും മുമ്പിലും പിമ്പിലുമായി കണ്ണുകൾ ഓടിക്കളിക്കുമ്പോഴും മുമ്പോട്ടുതന്നെ നടകൊളളുന്ന കാലുകൾ. മുമ്പേ ഫീഡു ചെയ്‌തുവച്ച ഏതോ പ്രോഗ്രാമിനനുസരിച്ച് നടക്കുന്ന റോബോട്ടിനെപോലെ. മിഴിവുളള കാഴ്‌ചയേകാൻ ആകാശത്ത് നക്ഷത്രങ്ങളുണ്ട്. കാലുകളുടെ വേഗം കുറയ്‌ക്കാൻ അവയ്‌ക്കായില്ലെങ്കിൽ കൂടി, കൂടെ നടക്കുന്നവർക്കു കഴിയും. കൂട്ടുകാരെന്ന ലേബൽ, തല തിന്നാനുളള ലൈസൻസാണോ എന്ന്, ഇടയ്‌ക്കവൾക്കു തോന്നാറുണ്ട്.
കണ്ണെത്തും അകലത്തിൽ കണ്ട കാഴ്‌ച അവളെ ഞെട്ടിച്ചു. ബാല്യത്തിന്റെ പടി കടക്കാത്ത പിഞ്ചുപൈതങ്ങൾ കല്ലട്ടിമേലിരുന്നു സിഗരറ്റു വലിക്കുന്നു. ഒരുത്തൻ തന്റെ മരുമകനെ പോലിരിക്കുന്നു. പറ്റെ വെട്ടിയ മുടിയും കുസൃതി തിളങ്ങുന്ന കണ്ണുകളും. അവൻ, പക്ഷേ, മറ്റുളളവരിൽ നിന്നെല്ലാമകന്നാണു നിൽക്കുന്നത്. നടവഴിയുടെ ഒത്തമധ്യത്തിലായി.
ആംഗലത്തിലുളള ശകാരവർഷം അവളെ ചിന്തയിൽനിന്നുണർത്തി കളഞ്ഞു. കൂട്ടുകാരാണ്. കുഞ്ഞുങ്ങളെ ആണെന്നു തോന്നുന്നു. വഴിപിഴച്ച ബാല്യത്തിന്റെ നൂറുനൂറു ഉദാഹരണങ്ങൾ നിരത്തി. അവരിൽ ആരാണു കേമൻ എന്നു തെളിയിക്കാൻ ശ്രമിക്കുകയാണെന്നു തോന്നുന്നു. പ്രിയയ്‌ക്കു ഇടപെടണമെന്നു തോന്നി. വളർത്താനും തിരുത്താനും തളർത്താനും കഴിയുന്നതു ഒരേയൊരു ശക്തിക്കാണ്. സമൂഹം എന്നതിനുപേര്. ജനിച്ചു വീഴുമ്പോൾ നിങ്ങളുടെ വായിൽ ഒരുപക്ഷേ സ്വർണ്ണക്കരണ്ടി ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ പറയട്ടെ സുഹൃത്തേ, ഏതോ ഒരു കരണ്ടി വായിലേക്കു നീട്ടി തരാൻ, കൈപിടിച്ചു നല്ലവഴി നടത്താൻ നിങ്ങൾക്കു വേണ്ടപ്പെട്ടവരുണ്ടായിരുന്നില്ലേ? അസംഘടിതരായ, അതിലേറെ അനാഥരുമായ ഈ പിഞ്ചോമനകൾക്ക് ആരായിരിക്കും വഴി കാട്ടിയിരിക്കുക? “ഉളളിൽ തിളച്ചുമറിയുന്ന രോഷം ലാവപോലെ പുറത്തേക്കൊഴുകുമ്പോൾ എങ്കിലും അവർ കുഞ്ഞുങ്ങളോട് വാത്സല്യം കാണിക്കുമെന്നാണു കരുതിയത്. തന്നെത്തന്നെ തുറിച്ചു നോക്കുന്ന കണ്ണുകൾ അതല്ല പക്ഷേ വെളിവാക്കുന്നത്. അൽപസമയത്തെ മൗനത്തിനുശേഷം, അതാ വീണ്ടും ശകാരവർഷം. പക്ഷേ, ഇത്തവണ അതു കുഞ്ഞുങ്ങൾക്കുനേരെ ആയിരുന്നില്ല. ജയിച്ചു എന്നു കരുതാൻ, പക്ഷേ, പ്രിയയ്‌ക്കാവുമായിരുന്നില്ല. ശകാരങ്ങൾക്കു മൂർച്ചയേറി വരുന്നു. മാത്രമോ, അവയുടെ ഉന്നം, അവളുടെ തണുത്തു മരവിച്ചു നീലിച്ച നീണ്ട കഴുത്തായിരുന്നു.
ആകാശത്തിൽ ഒരു കൊളളിയാൻ മിന്നി, അവളുടെ ശ്രദ്ധയെ വഴി തിരിക്കാൻ ശ്രമിച്ചുകൊണ്ട്. ആകാശവേദി എന്നും ജയിച്ചിട്ടേ ഉളളൂ. ഇന്നും കുഞ്ഞുങ്ങൾ തൊട്ടുമുമ്പിലാണ്. കൈയെത്തുന്ന ദൂരത്തിൽ. മരുമകന്റെ സാമ്യമുളള കുഞ്ഞ് ഒട്ടേറെ വ്യത്യസ്‌തനായി കാണപ്പെട്ടു. അവന്റെ കൈകൾ പിന്നോട്ടു പിണച്ചുകെട്ടി വച്ചിരിക്കുന്നു. ഇല്ല, ഉണ്ടാവില്ല, അവന്റെ കൈകൾ സിഗരറ്റിനെ ലാളിക്കുന്നുണ്ടാവില്ല. ആരോ ഉപേക്ഷിച്ചു പോയ, ഞെക്കിയാൽ കരയുന്ന പാവയോ, ഒരു ചക്രം നഷ്‌ടമായ കാറോ, അങ്ങനെ എന്തെങ്കിലും ആയിരിക്കും അവനെ മത്തുപിടിപ്പിക്കുന്നത്, കണ്ണിലെ ദൈന്യത്തെ തോഷതിളക്കമായി മാറ്റിയത്.
കല്ലട്ടി മേലിരിക്കുന്ന കുഞ്ഞുങ്ങൾ, സിഗരറ്റുപുക ഉളളിലേക്കു വലിച്ചെടുത്ത്, ഏതോ വിസ്‌മയലോകത്തെന്നപോലെ, പിന്നീട് മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വിട്ടുകൊണ്ടിരുന്നു. ശരിക്കും മുതിർന്നവരെ അനുകരിക്കുന്നുണ്ട്. അതോ, ഇവർ കഞ്ചാവാണൊ വലിക്കുന്നത്? അവളുടെ നെഞ്ചിടിച്ച് കൂടി. കാലുകൾക്ക് സ്വന്തം ഭാരം തന്നെ താങ്ങാനാവാത്തതുപോലെ തോന്നി.
ശ്രദ്ധിക്കുന്നതായി കണ്ടപ്പോൾ അവരുടെ ഉന്മേഷം വർദ്ധിച്ചു. പെൺകിടാവിന്റെ നയനരശ്‌മികളേറ്റ പൂവാലന്മാരെപോലെ, അവൾ കൂടുതൽ കൂടുതൽ അഭ്യാസങ്ങൾ സിഗരറ്റു പുകയാൽ കാണിച്ചു തുടങ്ങി. റോഡിന്റെ മധ്യത്തിലായി നിൽക്കുന്ന കുഞ്ഞ്, ഒരടിപോലും പുറകോട്ടോ മുമ്പോട്ടോ, വശങ്ങളിലേക്കോ മാറുന്നുണ്ടായിരുന്നില്ല. ശകാരശരങ്ങളുടെ മുന, തന്റെ തൊലിക്കട്ടിയിൽ തട്ടി അറ്റു തുടങ്ങിയിട്ടോ, എന്തോ, കൂട്ടുകാർ മിണ്ടാതായിരിക്കുന്നു. പക്ഷേ, അതു വെറും ഒരു നിമിഷത്തേക്കു മാത്രമായിരുന്നു. പൂർവ്വാധികം ശക്തിയോടെ അവർ ആക്രമിച്ചു തുടങ്ങി. പക്ഷേ, ഇപ്പോൾ മാതൃഭാഷയായ കന്നടത്തിലാണെന്ന വ്യത്യാസമുണ്ട്.
ആ കുഞ്ഞ് വീണ്ടും തന്റെ വഴിമുടക്കിയായി നിൽക്കുന്നു. മാസാന്ത്യം വരേയ്‌ക്കും കഴിഞ്ഞു കൂടാനുളള പലചരക്കു സാധനങ്ങൾ കൈയിലുണ്ടായിരുന്നിട്ടു കൂടി അവനോടുളള വാത്സല്യം കണ്ണുകളിലൂടെ നിറഞ്ഞൊഴുകി. അതു മനസ്സിലാക്കിയിട്ടോ എന്തോ, കാലുകൾ അനങ്ങിയില്ല. അൽപം ശ്രമപ്പെട്ടാൽ മനസ്സിലാക്കാമായിരുന്ന കന്നടയിൽ നിന്നും, ഒന്നും വായിച്ചെടുക്കാൻ സാധിക്കാത്ത ഭാഷയിലേക്കുളള പരിണാമം, പശ്ചാത്തലം അറിഞ്ഞിരിക്കാം. പക്ഷേ, എന്നിട്ടും ആ കുഞ്ഞ് വഴിമാറിയതില്ല.
”എന്റെ കണ്ണുകളിലേക്കു നോക്കൂ കുട്ടീ…“ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അതിനുമുമ്പെ, അവളുടെ എല്ലാ സങ്കല്പങ്ങളേയും തച്ചുടച്ചുകൊണ്ട്, അവൻ പ്രിയയുടെ മുഖത്തേക്കു വായിൽ സൂക്ഷിച്ചുവച്ചിരുന്ന പുകവിട്ടു. കയ്യിൽ കനൽതുളളിയായ് സിഗരറ്റ്. അവൾ വഴിമാറി നിന്നു. അല്ല ഓടുകയായിരുന്നു. കത്തിച്ച സിഗരറ്റിനെ അവൾ ഭയപ്പെടുന്നു. തന്റെ പെട്ടെന്നുളള റിയാക്ഷനിൽ പ്രോത്സാഹിതനായിട്ടെന്നപോലെ അവൻ പിന്നെയും തന്നെ പിന്തുടർന്നു. ഒരുവട്ടം കൂടി ആ ധൂമപാനത്തിന്റെ അലകൾ അവളുടെ മുഖത്തേക്കു ചുറ്റിയെറിഞ്ഞുകൊണ്ട് കടന്നുപോകുമോ? അതിലുമേറെ ആ സിഗരറ്റ് തന്റെ ശരീരത്തിലെവിടെയെങ്കിലും കൊണ്ടാൽ. അവൾ തിരിഞ്ഞുനോക്കാതെ ഓടി. കയ്യിൽ നടുവൊടിക്കുന്ന ഭാരമുണ്ട്. ശരീരം വില്ലുപോലെ വളക്കാൻ മാത്രം പോന്നത്. പക്ഷേ, അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. അന്നുതൊട്ടേ പ്രിയയ്‌ക്കു പുകവലിക്കാൻ പൂതിയേറിയതാണ്.
*************
അടുത്ത വാരാന്തത്തിലാണെന്നു തോന്നുന്നു, കുരുത്തംകെട്ടവനെന്നു പേരുകേട്ട, വിശ്വസ്‌തനായ സുഹൃത്തിനെ തേടിപിടിച്ച് കാടുകയറിയത്. ഒളിസങ്കേതത്തിലെത്തി, വളരെ ശ്രദ്ധയോടു കൂടി, കൈയ്യിൽ കരുതിയിരുന്ന സിഗരറ്റുപാക്കറ്റ് തുറന്ന്, ഒന്ന് അയാൾ ചുണ്ടിൽ ചേർത്തു. പ്രീകെജിയിൽ പഠിക്കുന്ന കുട്ടികളോടെന്നപോലെ അയാൾ സിഗററ്റു കൊളുത്താനുളള പ്രക്രിയ വിവരിച്ചു. പ്രിയയുടെ ശ്വാസനാളങ്ങളിലേക്കു വലിഞ്ഞു കയറിയ പുകയോട് ശ്വാസകോശങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ടായിരുന്നു. കണ്ണിലൂടെ നീരായും സ്വനതന്ത്രികളിലൂടെ ചുമയായും അത് പുറത്തുവന്നുകൊണ്ടിരുന്നു. ആ ഒരു ദിവസത്തെ പ്രാക്‌ടിക്കൽ ക്ലാസ്സിനുശേഷമായിരുന്നിരിക്കണം, താൻ ഒരു പുകവലിക്കാരിയായി മാറിയത്. ആണുങ്ങൾക്കുമാത്രം പറഞ്ഞിട്ടുളളതാണെന്നു പറഞ്ഞു, പലവട്ടം അയാൾ അവളെ നിരുത്സാഹപ്പെടുത്തി. തൊണ്ട കാറി വന്ന ചുമയും അയാളുടെ മൊഴിയെ സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷേ, അയാളുടെ ഉപദേശം, ഒരു വെല്ലുവിളിയായാണ് അവൾക്ക് തോന്നിയത്. അതുകൊണ്ടു മാത്രമാണ് അവൾ പിന്നെയും പുകവലിക്കാൻ തുടങ്ങിയത്.
”അതേയ്, വലിച്ചുകേറ്റി കഴിഞ്ഞാലിനി പൊറത്തോട്ടു വാ. പതിനൊന്നര്യായിര്‌ക്കുന്നു. ആഹാരം കഴിക്ക്‌ണ്‌ണ്ടോ?“- സിന്ധുവിന്റെ വിളിയാണ്. ഡൈനിംഗ് ടേബിളിനുനേരെ ഇരിക്കുമ്പോൾ, സിന്ധു വീണ്ടും ഓർമ്മിപ്പിച്ചു.
”പ്രിയേടെ സെല്ല്, വൈബ്രേറ്റ് ചെയ്യ്‌ണ്‌ണ്ടായിരുന്നു. വീട്ടീന്നാന്നു തോന്നുന്നു. രണ്ടോ മൂന്നോ കോളായി കാണും.“
ഇത് മാസാദ്യവാരം. കാശെത്താത്തതിനാലാവും. മാസാദ്യത്തിൽ മാത്രം സ്‌നേഹം വഴിഞ്ഞൊഴുകുന്ന കുടുംബത്തെ ഓർത്തതുകൊണ്ടോ, എന്തോ, അവളുടെ കണ്ണുകളിൽ ഒരു സിഗരറ്റുപോലെ എന്തോ ഒന്ന്, കത്തിയെരിയുന്നത് സിന്ധുവിനു കാണാൻ കഴിഞ്ഞു. ബാൽക്കണിക്കുതാഴെ ബെഞ്ചാരെക്കുട്ടികൾ കൊളുത്തിയ സിഗരറ്റ്, പക്ഷേ പ്രിയയുടെ നെഞ്ചിനെയാണു എരിച്ചതെന്നു തോന്നുന്നു. അവളുടെ കണ്ണു നീറികൊണ്ടിരുന്നു. അടുക്കളയിൽ വത്തൻ പൊരിച്ചെടുക്കുമ്പോൾ പൊങ്ങിയ പുകയേക്കാളേറെ, അത് അവളുടെ കണ്ണിനുമുകളിൽ ഒരു ധൂമപടലം തീർത്തു.
Generated from archived content: story1_aug2_06.html Author: navya_p_deviprasad
Click this button or press Ctrl+G to toggle between Malayalam and English