അടിമപ്പെട്ട (?) അധരങ്ങൾ

തുറന്നു പറയുവാനുളള ധൈര്യം ഇല്ലാത്തതുകൊണ്ടോ അതോ നഷ്‌ടപ്പെട്ടതുകൊണ്ടോ എന്നറിയില്ല മൗനത്തിന്റെ ചങ്ങലക്കണ്ണികൾ അവളുടെ അധരങ്ങളെ വലിച്ചുമുറുക്കി. അടിമകളെയെന്നപോലെ, ചിന്തയുടെ ചക്കാട്ടാൻ നിർബന്ധിക്കുന്ന നിമിഷങ്ങൾ നിർണ്ണായക ഘട്ടങ്ങൾ, ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക്‌ അലിഞ്ഞു ചേർന്നിട്ട്‌ ഒരുപാടു നാളാവുന്നു. അവൾക്ക്‌ ഇപ്പോഴും ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. അനിലിന്റെ കത്തുകൾക്ക്‌ മറുപടി കൊടുക്കേണ്ടതുണ്ടോ? അവളുടെ നിറം മങ്ങിയ സ്വപ്‌നങ്ങളിൽ ഒരിക്കലും അങ്ങനെ ഒരാൾ കടന്നുവന്നിരുന്നില്ല. പക്ഷേ….

അടിമത്തത്തിന്റെ ദുരിതവലയത്തിൽ പെട്ടുപോയ പെൺചുണ്ടിനു ചെറിയുടെ തുടിപ്പും ചുവപ്പും സാധ്യമാകുന്നതെങ്ങനെ? വിജയയോട്‌ ഇന്നലെ പറയേണ്ടതായിരുന്നു. അടിമത്തം വരിക്കാത്ത മൗനം അവളോട്‌ മുറുമുറുത്തു. അർദ്ധരാത്രിവരെ നീണ്ട പാർട്ടിയിൽ കുടിച്ചു തീർത്ത റം ഗ്ലാസ്സുകളുടെ കണക്കു നഷ്‌ടപ്പെട്ടതുകൊണ്ടോ, ഉറക്കം തൂങ്ങലുകൊണ്ടോ ആവോ, പകുതി അടഞ്ഞ കണ്ണുകൾ, വാതിലിൽ മുട്ടി വിളിച്ചപ്പോൾ സമയം വെളുപ്പിന്‌ ഒരു മണി. തിരിച്ചു പോവാൻ വണ്ടി കിട്ടില്ലാത്രേ. “അതോ, നിലത്തുറയ്‌ക്കാത്ത കാലുകൾക്ക്‌, തടിച്ചുരുണ്ട ശരീരത്തെ പിടിച്ചുനിർത്താൻ ശേഷിയില്ലാഞ്ഞോ?”- അവൾക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അവിടെയും അടിമപ്പെട്ടു കഴിഞ്ഞ മൗനം അവളെ തടഞ്ഞു. വിലക്കപ്പെട്ടതെന്ന വിധേയത്വത്തിന്റെ കൽപ്പന, കാവൽപട്ടിയെപോലെ അനുസരിച്ച്‌ അവളുടെ ബീഡിപുകയേറ്റു കറുത്ത പോലുളള ചുണ്ടുകൾ വലിഞ്ഞു മുറുകിതന്നെ ഇരുന്നു. പക്ഷേ, അപ്പോഴും വിജയ നിർബാധം തുടർന്നുകൊണ്ടിരുന്നു.

“സുക്കൂ, നീനു ചെല്ലുവ അല്ല എന്തു, നാനു ഹേലളാരേ, ആതരേ, നിന്ന ഒണഗിത തുട്ടികളിഗേ, നീനു എന്നാതരു മാടബേക്കു. ഏന്റ്‌ യു ആർ വെരി അനീമിക്‌ ടു.”

അപരിചിതർക്ക്‌ ആദിവാസികളുടേതെന്നു തോന്നുന്ന വിജയയുടെ കന്നട ശബ്‌ദങ്ങളിൽ പോലും താൻ ഉറുമ്പിനേക്കാൾ ചെറുതാക്കപ്പെടുന്നതായി അവൾക്കു തോന്നി.

ഫ്ലാറ്റുടമയുടെ കഴുകൻ കണ്ണുകൾക്ക്‌ മറയിട്ട്‌ ഒരു രാത്രി, അവളെ അകത്തു സൂക്ഷിക്കുന്നതു പോരാഞ്ഞ്‌, ആതിഥ്യത്തിന്റെ നിസ്സഹായതയെ ചൊറികുത്തി ചൊറിയുന്ന, അഭയാർത്ഥി പരിവേഷത്തിന്റെ തലക്കന ചോദ്യാവലി.

“സുക്കൂ” – ഏതു മധുരം പൊതിഞ്ഞ അസൂയയാണാവോ, തന്റെ അർത്ഥ ഗാംഭീര്യമുളള പേരെച്ചത്തിനെ, പട്ടിൽ പൊതിഞ്ഞ്‌, ആഭരണവിഭൂഷിതയായ അമ്മാളിന്റെ ചിത്രം കൊണ്ട്‌ മറച്ചു കളഞ്ഞത്‌? രജതജൂബിലിയിലും കന്യകാത്വം വഹിക്കുന്ന തനിക്കു എത്രയോ അനുയോജ്യമാണു ‘സുകന്യ’ എന്ന പേര്‌!

മൊബൈൽ ഫോൺ, പോളിക്‌ടോണിൽ ചിരിക്കുന്നു. ഈ ബസ്സിൽ തന്നെയാവണം ടെലഫോൺ മണിപോലെ ചിരിക്കുന്ന പെൺകുട്ടി. തമിഴ്‌പാട്ടിന്റെ വരികളും തമിഴ്‌മക്കൾ മൊഴികളും അവളുടെ ഹൃദയത്തെ എന്നും ആകാശ ഊയലാട്ടിയിരുന്നു. ആഴ്‌ചകളായി ചിലക്കാത്ത, തന്റെ വിലകുറഞ്ഞ മൊബൈൽ, ബസ്സിന്റെ ജാലകത്തിലൂടെ വലിച്ചെറിയാനാണു അവൾക്കു തോന്നിയത്‌ തന്നെ. ആരും തന്നെ ഓർക്കുന്നില്ലെന്ന ദുഃഖസത്യം ഓർമ്മിപ്പിക്കാൻ മാത്രം, ഹാൻഡ്‌ബാഗിൽ പൊടിപിടിച്ചു കിടക്കുന്ന മൊബൈൽ… ഇതാണു അതിനു പറ്റിയ സമയം. ഔന്ധ്‌ ബ്രിഡ്‌ജിനു താഴെ, തന്റെ ആഴങ്ങളറിയാൻ ആരുമെത്താറില്ലെന്നു പരിഭവിക്കുന്ന, മാലിന്യത്തിൽ കുളിച്ച്‌ മൃതപ്രായയായി ശയിക്കുന്ന പുഴ…. അവൾക്കെങ്കിലും സന്തോഷമാകുമല്ലോ! പക്ഷേ ആരെങ്കിലും വിളിച്ചാലോ? ഒരു ശങ്ക… വലിച്ചെറിയുന്ന അതേ നിമിഷത്തിൽ… വേണ്ട, എന്റെ പ്രിയപ്പെട്ട ഔന്ധ്‌ നദീ, നിനക്കു ഞാൻ മറ്റെന്തെങ്കിലും സമ്മാനിക്കുന്നതാണ്‌. മൂന്ന്‌ ആയിരത്തിന്റെ നിറവും മണവും മങ്ങാത്ത നോട്ടുകൾക്കു പകരം കിട്ടിയതാണീ മൊബൈൽ. കൈമാറി പോയെങ്കിലും ആ നോട്ടുകളുടെ യാത്രാമൊഴി ഇന്നും എന്റെ കാതിലലയടിക്കുന്നു. അതുകൊണ്ട്‌ തൽക്കാലം വേണ്ട.

കമ്പ്യൂട്ടറിന്റെ ആശ്രിതത്വത്തിൽ ഇന്റർനെറ്റിന്റെ സേവനം ആവശ്യപ്പെടുമ്പോഴും അതെന്തിനാണെന്നു നിർവ്വചിക്കാൻ അവൾക്കു കഴിഞ്ഞില്ല. അല്ലെങ്കിലും എല്ലാത്തിനും കാരണമന്വേഷിച്ച്‌ തൃപ്‌തിയടയാൻ ഒരാൾക്കും ആവില്ല. എങ്കിലും നെഞ്ചിൻകൂട്ടിലിരുന്നു, ഒരു കിളി ചിറകടിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, അനിലിന്റെ മെയിൽ…. ഉവ്വ്‌ വീണ്ടും അതേ ചുവപ്പിൽ ഉരുണ്ട മണ്ടക്കൻ അക്ഷരങ്ങൾ…ആംഗലത്തിൽ ഒറ്റപ്പെടലിൽ അരച്ചെടുത്ത, ഒറ്റുകാരായ വാക്കുകൾ..

ഉളളിലുറങ്ങിക്കിടന്ന അസ്വാസ്ഥ്യങ്ങൾക്കു ജീവൻ നൽകി, അയച്ചു കൊടുത്തപ്പോഴും അതൊരു കഥയായി പ്രസിദ്ധീകൃതമാവുമെന്നു കരുതിയിരുന്നില്ല. ഇതിപ്പോൾ എഴുത്തുകാരും, വിമർശകരും, അതിലേറെ സാധാരണക്കാരും പ്രതികരിച്ചെഴുതിക്കൊണ്ടിരിക്കുമ്പോൾ…. കൂടെ ഒരുപറ്റം, ഒരമ്മ പെറ്റ മക്കളെ പോലുളള കത്തുകൾ പ്രവാസലോകത്തിന്റെ അരികിലാക്കപ്പെടലുകളിൽ, സഹവാസം കാംക്ഷിക്കുന്ന വിഷാദരോഗികളായ പുരുഷന്മാരുടെ കത്തുകൾ. എന്റെ ദൈവമേ!! ഇവരെല്ലാം എന്താണു കരുതുന്നത്‌? കഥാപാത്രങ്ങളിൽ പരകായപ്രവേശം നടത്തുന്നവളാണു കഥാകാരിയെന്നോ? (സത്യം അതാണെങ്കിൽ പോലും..)

പക്ഷേ, അനിൽ… അയാൾ വ്യത്യസ്തനാണ്‌. ആദ്യ സംബോധന തന്നെ വ്യത്യസ്തമായി തോന്നി. “ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ കഥാകാരിക്ക്‌” പത്താംകോട്ടിൽനിന്നും അയാൾ പടച്ചുവിട്ട കത്തുകളിൽ, ഉറഞ്ഞുനിന്ന സൗഹാർദ്ദത്തിന്റെ മഞ്ഞിമ. തമ്മിൽ കാണാതിരുന്നിട്ടും, ശബ്‌ദം കേൾക്കാതിരുന്നിട്ടുകൂടി, ഇളം ചൂടുവെളളം പോലെ അവളുടെ ഹൃദയത്തെ കൂടുതൽ ഉന്മേഷമുളളതാക്കി തീർത്തു. തിരിത്തുണിയിലൂടെ എണ്ണയെന്നപോൽ ഇരച്ചു കയറിയ, അതിനു കൊളുത്താൻ, അവളുടെ ഉദ്ധത നിറഞ്ഞ “പ്രതികരണത്തിനു നന്ദി” തന്നെ ആവശ്യത്തിലധികമായിരുന്നു. പക്ഷേ ഇതിപ്പോൾ, സൗഹാർദ്ദത്തിന്റെ മതിൽക്കെട്ടിൽ നിന്നും, മതിഭ്രമത്തിന്റെ പുരയിടത്തിലേക്ക്‌, അയാളുടെ ചുവടുകൾ തന്നെ തിരിയ്‌ക്കുമെന്നു തോന്നുമ്പോൾ, എന്താണിനി അയാൾക്കെഴുതേണ്ടത്‌?

അധരങ്ങൾ അടിമപ്പെട്ടിരിക്കുന്നതിനാൽ തൂലിക മൗനത്തിനു അടിയറ വെച്ചിരിക്കുന്നുവെന്നോ? ഉരുകിയൊലിച്ചിറങ്ങുന്ന മഞ്ഞുപോലെ, ഇനിയും ഉന്മാദിനിയായ്‌ ഉഴറാൻ കഴിയില്ലെന്നോ?

Generated from archived content: story1_apr20_06.html Author: navya_p_deviprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English