അവളുടെ മനസ്സ് ജീവിതാനുഭവങ്ങളാൽ സമ്പന്നമാണ്. കിച്ച എന്ന 21 കാരിയുടെ കരഞ്ഞുകൊണ്ടിരുന്ന കിച്ചയെയാണ് അന്നു ഞാൻ കണ്ടത്. ജീവിതത്തിൽ സന്തോഷമായാലും ദുഃഖമായാലും സ്വകാര്യത വേണം. എന്ന അവളുടെ തത്വത്തിന് അൽപം പോലും കളങ്കം ഏൽക്കാതിരിക്കുവാൻ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നവൾക്ക് അതിന് കഴിഞ്ഞില്ല.
കിച്ചയ്‌ക്ക് ദുഃഖങ്ങളെ സ്വയം അടക്കിയിരുന്നപ്പോൾ ലഭിച്ചിരുന്ന രസാനുഭൂതിയെ തകർക്കുവാൻ മാത്രം അസഹനീയമായ എന്താണ് അവളെ ബാധിച്ചിരിക്കുന്നത്. ഞാൻ ഏറെ ആരാധിച്ചിരുന്ന കിച്ചയ്‌ക്ക് എന്തു സംഭവിച്ചു എന്നറിയാനുള്ള എന്റെ അന്വേഷണതൃഷ്ണ, എന്റെ രാവുകളെ പകലുകളാക്കി മാറ്റുകയായിരുന്നു. ദൈവമാക്കുന്ന ശക്തിയാണ് അതിന് ഒരു വിരാമം കുറിച്ചത്. കിച്ചയുടെ സഹോദരും എന്റെ തമസ്സാകുന്ന ആശയക്കുഴപ്പത്തിലേയ്‌ക്ക് നവ്യാന്ദചൈതന്യം വീശിയ, കിച്ചയുടെ തന്നെ മനസ്സുള്ള മറ്റൊരു ജീവൻ. എന്നിൽ ആ രാവ് കിച്ചയെക്കുറിച്ചറിയാനുള്ള ആകാംഷയാൽ കുതിക്കുകയും എന്നാൽ ഈശ്വരന്റെ മാനവസൃഷ്ടിയിലുള്ള വൈവിധ്യത്തെക്കുറിച്ചോർത്ത് ഇഴയുകയുമായിരുന്നു.
എന്റെ നിദ്രയെ അവളുടെ ജീവിതാനുഭവങ്ങൾ വരിഞ്ഞുമുറക്കുവാൻ തുടങ്ങിയിരുന്നു. കിച്ചയുടെ പ്രാർത്ഥനകളിൽ അതുമാത്രമാണ്. ഉണ്ടായിരുന്നതെന്ന് എനിക്കറിയാമായിരുന്നു. കിച്ച കൊതിക്കുന്ന ആ ദിനത്തിനായ്.
സാഹചര്യങ്ങൾ മനുഷ്യന്റെ ജീവിതഗതി നിർണ്ണയിക്കുന്നു എന്നത് വളരെ വ്യക്തമായ കിച്ചയുടെ അമ്മയുടെ ജീവിതം തെളിയിക്കുന്നു. രോഗിയായ അമ്മയെയും, സ്നേഹവാത്സല്യങ്ങളാൽ നിറഞ്ഞ അച്ഛനെ ശുശ്രൂഷിച്ചും, പാടത്തും പറമ്പിലുമെല്ലാം അദ്ധ്വാനിച്ചു സ്നേഹത്തിന്റെ കുളിർ തെന്നലായിരുന്നു കിച്ചയുടെ അമ്മ. തനിക്കു നേടാൻ കഴിയാത്തത്, തന്റെ മകളിലൂടെ നേടിയെടുക്കണമെന്ന് അമ്മയും, ബുദ്ധിമുട്ടുകൾ കഴിവതും തന്റെ, കുഞ്ഞുങ്ങളെ അറിയിക്കാതെ ദൃഢമായ ,മനസ്സോടുകൂടി ജീവിതത്തെ കരയ്‌ക്കടുപ്പിക്കാൻ ശ്രമിക്കുന്ന അച്ഛൻ. തന്റെ കുഞ്ഞൂങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾക്കുവേണ്ടി തെല്ലുപോലും ദുഖമില്ലാതെ പൊന്നിൻ വളകൾ ഒന്നൊന്നായ് ഊരി നൽകുന്ന അമ്മയും, സ്നേഹമെന്ന മാസ്മരിക ശക്തിയാൽ അല്ലലുകളെ തുടച്ചുനീക്കുന്ന അച്ചനുമായിരുന്നു. കിച്ചയുടെ മനസ്സിൽ എന്നും. സ്വന്തമായ് അദ്ധ്വാനിച്ച് ലഭിക്കുന്ന ആദ്യ പണം മാതാപിതാക്കന്മാർക്കു സമർപ്പിക്കുന്ന ആ ദിനമായിരുന്നു അവളുടെ ലക്ഷ്യം.
കിച്ചയുടെ സഹോദരിയെ കണ്ടുമുട്ടുന്നതുവരെ കിച്ചയുടെ തേങ്ങലാർന്ന അന്നു ഞാൻ കണ്ട മുഖമായിരുന്നു എന്റെ മനസ്സിൽ. എന്നിൽ സ്നേഹത്തിന്റെ ആഴമേറിയ സ്പന്ദനങ്ങളെ തൊട്ടുണർത്തുന്നവയായിരുന്നു കിച്ചയുടെ സഹോദരിയിൽ നിന്നും ഞാനറിഞ്ഞവ.
യൗവനോദയത്തിൽ കിച്ചയുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയ അവൻ മുന്ന.
രണ്ടു മനസ്സുകൾ തമ്മിൽ ഇഷ്ടപ്പെടുന്നത് ഒരു തെറ്റാണെന്നു പറയുവാൻ ആർക്കുംകഴിയും? അതെ അതു തന്നെയാണ് കിച്ചയിലും സംഭവിച്ചത്. കുറച്ചു നാളുകൾക്കു മാത്രമായിരുന്നെങ്കിൽ പോലും, കിച്ച മുന്നയിൽ നിന്ന് താൻ ഇതുവരെ കാണാത്ത ഒരു മനസ്സ് അനുഭവിച്ചറിഞ്ഞു.
വെറും മൂന്നു മാസങ്ങൾമാത്രമാണ് താൻ ആകൃഷ്ടയായ് ആ മനസ്സിനെ അവൾക്കു സ്വന്തമാക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. തന്നെ സ്നേഹിക്കുവാൻ മാത്രം പഠിപ്പിച്ചിട്ടുള്ള അച്ഛൻ തന്നെ സ്നേഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണോ ചയ്തത്? അതെയോ, ജീവിതത്തിൽ തന്റെ ലക്ഷ്യത്തെ നേടുവാനുള്ള വിഘനമായ് നിന്ന ഒന്നിനെ അകറ്റുകയാണോ ചെയ്തത്? കടുത്ത ശിവഭക്തയായ കിച്ച നിറകണ്ണുകളോടെ മഹാദേവനോട് ചോദിക്കുന്നു. താൻ ചെയ്തത് തെറ്റാണെങ്കിൽ പൊറുക്കുക എന്നവൾ കേണപേക്ഷിച്ചു.
കാർമേഘങ്ങളാകുന്ന സങ്കടങ്ങളുടെമേൽ സന്തോഷത്തിന്റെ മഴപെയ്യിക്കുന്നതുപേലെ അവൾ അഭിനയിക്കുകയാണിപ്പോൾ, മനസ്സിൽ ഒരു പ്രാർത്ഥന മാത്രവുമായ്. തനിക്കു വിധിച്ചിട്ടുള്ളതാണ് മുന്നയെങ്കിൽ നൽകുക, അവിടുത്തെ ഹിതം മറിച്ചാണെങ്കിൽ അനുഭവകലവറയായ തന്റെ മനസ്സിൽ എന്നും മായാത്ത ഒന്നായ് സൂക്ഷിക്കുവാൻ അനുവദിക്കുക അത്രമാത്രം.
ഇത്രയുമെല്ലാം കിച്ചയുടെ സഹോദരിയിൽ നിന്നും അറിഞ്ഞുകഴിഞ്ഞപ്പോൾ, എനിക്ക് ഒരുപാട് ജീവിതനുഭവങ്ങൾ സ്വായത്തമാക്കുവാൻ കഴിഞ്ഞതുപോലെയും ഒപ്പം ഒരു സംശയം ഉന്നയിക്കുകയും ചെയ്തു
സാഹചര്യങ്ങൾ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെന്ന് കിച്ചയിൽ നിന്നും ഞാൻ അറിഞ്ഞു. ജീവിതലക്ഷ്യങ്ങളെ നിറവേറ്റുന്നതിനുവേണ്ടി, സ്വന്തം ഇഷ്ടത്തെ ത്യജിച്ചതിന്റെ സന്തോഷത്തിലാകാം കിച്ച കരയുന്നത് അന്നു ഞാൻ കണ്ടത്. എങ്കിലും പ്രണയിക്കുന്നത് ഒരു തെറ്റാണോ എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നുറപ്പ്. ഓരോ വ്യക്തിയുടെയും സാഹചര്യം ആണ് ആ ഉത്തരത്തെ നിർണ്ണയിക്കുന്നതെന്ന്. ഈശ്വരന്റെ മാനവസൃഷ്ടിയിലുള്ള അത്ഭുതങ്ങളിൽ ഒന്നുമാത്രമാണ് സ്നേഹത്തിന്റെ വിവിധ മുഖങ്ങളുള്ള ഈ കിച്ച.
Generated from archived content: story5_sept25_08.html Author: navya_menon