തിരക്കഥ ദൃശ്യങ്ങള്‍

സീന്‍ 1

നഗരം

ഒരു ഏ.ടി.എം. ബൂത്തിനുസമീപം അതിനകത്തേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു സുശീലന്‍ എന്ന കള്ളന്‍ . അകത്ത് ഒരാള്‍ കാര്‍ഡ് , മെഷിനിലേക്ക് നിക്ഷേപിച്ച് പണമിടപാട് നടത്തുന്നത് കൗതുക ത്തോടെ സ്വയം മറന്ന് നോക്കി നില്‍ക്കുമ്പോഴാണ് ചുമലില്‍ ഒരു കൈ സ്പര്‍ശിച്ചത് സുശീലനറിയുന്നത് . തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടത് ഡ്യൂട്ടിയിലുള്ള ഒരു സെക്യൂരിറ്റിയെയാണ്. ‘ എന്താ ‘ എന്ന മട്ടിലുള്ള ഒരു നോട്ടവും , സ്ഥലം വിട്ടുകൊള്ളാനുള്ള ആംഗ്യവും കാട്ടി അയാള്‍ സുശീലനെ അവിടെനിന്ന് മടക്കിയയച്ചു . സുശീലന്റെ മുഖത്ത് നിരാശമാത്രം .

ഒരു ഹോട്ടല്‍

ചായ കഴിച്ച് ക്യാഷ് മേശയ്ക്കരികില്‍ വന്നുനില്‍ക്കുക യാണ് സുശീലന്‍ . പണം സ്വീകരിക്കുന്നയാള്‍ നൂറിന്റെ നോട്ടുകള്‍ അതിവേഗം എണ്ണിത്തിട്ടപ്പെടുത്തി റബ്ബര്‍ബാ ന്റിട്ട് കെട്ടുകളാക്കി വയ്ക്കുന്നത് ആര്‍ത്തിയോടെ നോക്കി നിന്നുപോയി അയാള്‍ . കാഷ്യര്‍ , സുശീലന്റെ അസാധാ രണമായ നോട്ടം കണ്ടുപിടിച്ചു . സുശീലന്‍ കീശയില്‍നി ന്നും അഞ്ചുരൂപയുടെ ഒറ്റനാണയമെടുത്ത് ഈര്‍ഷ്യയും നിരാശയും കലര്‍ന്ന ഭാവത്തോടെ മേശപ്പുറത്ത് ശബ്ദ ത്തോടെ ആഞ്ഞടിച്ചു.

ബസ്സ് സ്റ്റാന്റ്

സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഒരു ബസ്സ് . അതില്‍ യാത്രക്കാര്‍ കുറവായിരുന്നു . സ്ത്രീകളുടെ സീറ്റിന്റെ തൊട്ടുപിറകിലായി സുശീലന്‍ ഇരുന്നു . തന്റെ മുന്‍പില്‍ ഒരു സ്ത്രീ ഇരിക്കുക യാണ് . സുശീലന്റെ ശ്രദ്ധമുഴുവനും ആ സ്ത്രീയുടെ കഴുത്തി ലണിഞ്ഞ മാലയിലാണ് . എങ്ങനേയും അത് കരസ്ഥമാ ക്കിയേതീരൂ എന്ന അവസ്ഥയിലാണയാള്‍ . പക്ഷേ തന്റെ തൊട്ടടുത്ത് ഒരു യാത്രക്കാരന്‍ വന്നിരുന്നതോടെ ആ പ്രതീ ക്ഷയും അസ്തമിച്ചു . സുശീലന്‍ നിരാശയോടെ അവിടെ നിന്നുമെഴുന്നേറ്റ് തൊട്ടടുത്ത് വന്നിരുന്ന യാത്രക്കാരനോട് ദേഷ്യം പ്രകടിപ്പിച്ച് , ബസ്സില്‍നിന്നുമിറങ്ങിനടന്നു .

സീന്‍ 2

ഒരു യൂ.പി.സ്കൂള്‍

ആണ്‍കുട്ടികള്‍ മൈതാനത്തില്‍ ബോള്‍കളിയില്‍ ഏര്‍ പ്പെട്ടിരിക്കുകയാണ് . പെണ്‍കുട്ടികള്‍ മറ്റൊരുഭാഗത്ത് ഒളിച്ചുകളിയിലും .

ഒരു പെണ്‍കുട്ടി സ്കൂള്‍ ചുവരില്‍ മുഖം ചേര്‍ത്ത് ഒന്നുമുതല്‍ എണ്ണാന്‍തുടങ്ങുമ്പോള്‍ മറ്റുകുട്ടികള്‍ പലയിടങ്ങളിലാ‍യി ഓടിയൊളിക്കുന്നു .

വിദ്യ എന്ന കുട്ടി ഒളിക്കാനിടം കണ്ടെത്തിയത് മുകളിലേക്ക് അടുക്കിവച്ചിരിക്കുന്ന കല്ലുകള്‍ക്ക് പിറകിലാണ് . ഇതിനിട യില്‍ എണ്ണിക്കൊണ്ടിരുന്ന പെണ്‍കുട്ടി മറ്റുള്ളവരെ കണ്ടെ ത്താന്‍ ശ്രമമാരംഭിച്ചിരുന്നു .

വിദ്യ , അടുക്കിവച്ച കല്ലുകള്‍ക്കുപിറകില്‍ തന്റെ വലതുഭാഗ ത്ത് എന്തോ ശ്രദ്ധയില്‍‌പ്പെട്ട് മണ്ണിളക്കിനോക്കി . ഒരു തിള ക്കമുള്ള വസ്തു വെളിയില്‍ കാണപ്പെട്ടു . അത് പുറത്തേക്കെ ടുത്തപ്പോള്‍ സാമാന്യം വലിയൊരു മാല ! അവളത് ഉള്ളം കയ്യിലൊളിപ്പിച്ച് മെല്ലെ എഴുന്നേറ്റ് സ്കൂള്‍ വരാന്ത ലക്ഷ്യ മാക്കി ഓടി . കളിച്ചുകൊണ്ടിരുന്ന മറ്റുകുട്ടികള്‍ അവളോടു ന്നതുംനോക്കി അന്തംവിട്ടുനിന്നു .

സീന്‍ 3

ഇരുട്ടിലും വെളിച്ചത്തിലുമായി കുളിച്ചുനില്‍ക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു വീട് .

ഗെയിറ്റില്‍ ഒരു സെക്യൂരിറ്റി ടോര്‍ച്ചുമേന്തി അങ്ങോട്ടുമിങ്ങോട്ടും നടന്ന് തന്നെയേല്‍‌പ്പിച്ച കര്‍ത്തവ്യം ഭംഗിയായി നിറവേ റ്റുകയാണ് .

അല്പം കഴിഞ്ഞ് അവിടെ വന്നെത്തുന്ന ഒരു കാറിന് അയാള്‍ ഗേറ്റ് തുറന്നുകൊടുത്തു .

അതേ സമയത്തുതന്നെയാണ് സുശീലനും മറ്റൊരു ഭാഗത്തു കൂടി മതില്‍ ചാടിക്കടക്കുന്നത് . എന്തോ പന്തികേട് തോന്നി യാവണം ആ ഭാഗത്തേക്ക് ടോര്‍ച്ചടിച്ചുനോക്കിയ ശേഷം ആരുമില്ലെന്നുറപ്പുവരുത്തി സെക്യൂരിറ്റി ഗേറ്റടച്ചത് . അപ്പോള്‍ മതിലിനോട് ചേര്ന്ന് പതുങ്ങുകയായിരുന്നു സുശീലന്‍ .

കാറില്‍നിന്നിറങ്ങിയ മൂന്നുപേരില്‍ ഒരാളുടെ കൈവശം ഒരു ബ്രീഫ് കെയ്സുണ്ട് . അവരെ വീട്ടിനകത്തേക്ക് സ്വീകരിക്കു ന്നത് ഒരു നേതാവാണ് . അതിഥികള്‍ സോഫമേല്‍ ഇരുന്ന് ബ്രീഫ് കെയ്സ് ടീപോയ് മേല്‍ വെച്ചു .

അപ്പോഴേക്കും സുശീലന്‍ ഒച്ചയുണ്ടാക്കാതെ നടന്ന് ആ വീടിന്റെ ജനാലയ്ക്കരികെ എത്തിയിരുന്നു . ജനല്‍വിടവി ലൂടെ അകത്തേക്കുനോക്കുമ്പോള്‍ തുറന്നുവെച്ച ബ്രീഫ് കെയ്സും അതിനകത്തെ പണത്തിന്റെ അടുക്കുകളും സുശീ ലന്റെ കണ്ണില്‍‌പ്പെടുന്നു .

നേതാവിന്റെ ആര്‍ത്തിപുരണ്ട കണ്ണുകള്‍ ! അയാള്‍ അതടച്ച് അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ സുശീലനും ജനാലയ്ക്ക രികെനിന്ന് അനങ്ങി .

അകത്ത് എന്തോ ശബ്ദം ശബ്ദം കേട്ട് അതിഥികള്‍ ആ ഭാഗത്തേക്ക് തിടുക്കത്തില്‍ കുതിച്ചു . അപ്പോള്‍ കണ്ടത് നില ത്തുവീണുകിടക്കുകയും ഞരങ്ങുകയും ചെയ്യുന്ന നേതാവിനെ യാണ് . ഇരുട്ടില്‍ മറയുന്ന സുശീലന്റെ പിന്‍ഭാഗം .തുറന്നുകി ടക്കുന്ന ഷെല്‍ഫിനുസമീപം നിലത്ത് നേതാവിനരികിലായി ബ്രീഫ് കെയ്സ് . അതില്‍നിന്നും തെറിച്ചുപോയ നോട്ടുകെട്ടു കള്‍ . അതില്‍ ഒരെണ്ണത്തില്‍നിന്നും അല്പം പണം വലിച്ചെ ടുത്ത ലക്ഷണമുണ്ട് . അതിഥികള്‍ നേതാവിനെ എടുത്തുയര്‍ ത്തുന്നതിനൊപ്പം സുശീലന്‍ ഇരുട്ടിലേക്ക് മറയുന്നതും നോക്കിനിന്നുപോയി .

സീന്‍ 3 എ

സുശീലന്‍ ഓടി മതിലുകടക്കാന്‍ ശ്രമിച്ചപ്പോള്‍,സെക്യൂരിറ്റി അയാളെ വലിച്ചുതാഴെയിടാന്‍ തുനിഞ്ഞു . പക്ഷേ സെക്യൂരിറ്റിയില്‍നിന്നും സുശീലന്‍ തന്ത്രപൂര്‍വ്വം രക്ഷ പ്പെട്ടു . ഒരുവിധം സുശീലന്‍ മതില്‍കടന്ന് ഇരുട്ടിലൂടെ ഓടി . സെക്യൂരിറ്റിയും വെറുതെവിടാതെ അയാളെ പിന്തുടര്‍ന്നു , സുശീലന്‍ പൂര്‍ണ്ണമായും ഇരുട്ടിലേക്ക് മറയുന്നതുവരേയും .

സീന്‍ 3 ബി

പിന്നീട് ഇരുട്ടില്‍നിന്നും ഒരു മൈല്‍ക്കുറ്റിമേല്‍ത്തട്ടി നേരെ വെളിച്ചത്തിലേക്ക് പതിക്കുകയായിരുന്നു സുശീലന്‍ . ആ വീഴ്ചയില്‍ അയാളുടെ കാല്‍മുട്ട് പൊട്ടി ചോരയൊലിച്ചു . തൊട്ടപ്പുറത്തുതന്നെ വളര്‍ന്നുനില്‍ക്കുന്ന കാട്ടുചെടികള്‍ അയാളുടെ ശ്രദ്ധയില്‍‌പ്പെട്ടു . പിന്നീട് അവ പറിച്ചെടുത്ത് കാല്‍മുട്ടിലേക്ക് ശക്തിയോടെ പിഴിഞ്ഞു . കത്തുന്നതിന്റെ വേദന അയാളുടെ മുഖത്ത് തെളിഞ്ഞു . ശേഷം , പതുക്കെ കീശയില്‍നിന്നും ആയിരം രൂപയുടെ മൂന്നോളം ചുളിഞ്ഞ നോട്ടുകള്‍ സുശീലന്‍ പുറത്തെടുത്തു . നിരാശ മാറിയ മുഖം . ആദ്യമായി സുശീലന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു . അയാള്‍ ആ നോട്ടുകള്‍ തിരികെ കീശയിലേക്കുതന്നെ നിക്ഷേപിച്ചു .

സീന്‍ 4

ഒരു പഴയ കെട്ടിടം

നേരം പുലരുന്നതേയുള്ളൂ . വെളിച്ചം പൂര്‍ണ്ണമായും കടന്നു വന്നിട്ടില്ല . ഒരു തെരുവിലെ പഴയ കെട്ടിടത്തിനുള്ളിള്‍ ഒരു കീറിയ പായയില്‍ സുശീലന്‍ ഇരിക്കുന്നു . മുമ്പെപ്പോഴോ ഉപയോഗിച്ച ലക്ഷണങ്ങളുള്ള പൊടിപിടിച്ചുകിടക്കുന്ന ഫര്‍ണ്ണിച്ചറുകളും , ചാരിവച്ചിരിക്കുന്ന നിരപ്പലകകളും . പുറം കാഴ്ചകള്‍ അവ്യക്തമായി കാണുന്ന മരയഴിയിട്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ഉള്‍ഭാഗം .

സുശീലന്‍ , പഴയ ഒരു തുണികീറി ചോരയൊലിച്ച കാല്‍മുട്ടി ന്മേല്‍ കെട്ടുകയാണ് .

പെട്ടെന്ന് പ്രഭാതത്തിലെ നിശ്ശബ്ദത ഭേദിച്ച് ബൂട്ടുകളുടെ ശബ്ദം കേള്‍ക്കുന്നു . രണ്ട് പോലീസുകാര്‍ അതിലൂടെ കട ന്നുപോവുകയാണ് . സുശീലന്‍ അവര്‍ കാണാതിരിക്കാനായി അവിടെ പതുങ്ങി . പിന്നീട് കടവാവലുകള്‍ കൂട്ടത്തോടെ പറന്നുവരുന്നതിന്റെ ശബ്ദം കേട്ടുതുടങ്ങി . സുശീലന്‍ അഴികള്‍ക്കുള്ളിലൂടെ ആകാശത്തിലേക്കുനോക്കി . അവിടെയുണ്ടായിരുന്ന ഒരു ആല്‍മരത്തിലേക്ക് കൂട്ടത്തോടെ പറന്നുവന്ന് തൂങ്ങിക്കിട ക്കുന്ന ധാരാളം കടവാവിലുകള്‍ ! അവ കൂട്ടത്തോടെ ശബ്ദ മുണ്ടാക്കി .

സുശീലന്‍ കിടന്നു . പതുക്കെ കണ്ണുകളടഞ്ഞു .

സീന്‍ 5

സ്കൂളിനകത്ത് ഒരു അനുമോദനയോഗം നടക്കുകയാണ് . ഒരു പ്രസംഗത്തിന്റെ അവസാനവാചകങ്ങള്‍ സ്കൂളിന്റെ വിദൂര വീക്ഷണത്തില്‍ വ്യക്തമായും കേള്‍ക്കാം . അനുമോദ നയോഗം നടക്കുന്നയിടത്തേക്ക് ക്യാമറ സമീപിക്കുന്തോറും ശബ്ദം കൂടിക്കൂടി വരുന്നു .

“ ഏതാണ്ട് രണ്ടുമാസങ്ങള്‍ക്കു മുമ്പായിരുന്നല്ലോ തങ്കമണി ടീച്ചറുടെ താലിമാല കളഞ്ഞുപോയത് . നഷ്ടപ്പെട്ടെന്നുതന്നെ നാമേവരും കരുതിയ ആ മാല ഇന്ന് നമ്മുടെ സ്കൂളിലെ ഏഴാന്തരം ബീയിലെ വിദ്യ എന്ന കുട്ടിക്ക് കളഞ്ഞുകിട്ടുകയും യാതൊരു മടിയും കൂടാതെ എന്റെ പക്കല്‍ ഏല്പിക്കുകയു മായിരുന്നു . കുമാരി വിദ്യയുടെ അകമഴിഞ്ഞ സത്യസന്ധത യെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല .വിദ്യ എല്ലാവ ര്‍ക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് . വിദ്യയുടെ സത്യസന്ധതയെ ഈ സ്കൂളിന്റെ പേരിലും , എന്റെ വ്യക്തി പരമായ പേരിലും ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു . നമ്മുടെ സ്കൂള്‍ നല്‍കുന്ന ഒരു എളിയ ഉപഹാരം സ്വീകരിക്കുവാന്‍ വിദ്യയെ ക്ഷണിച്ചുകൊള്ളുന്നു . “

പ്രസംഗം തീരുമ്പോള്‍ , ക്യാമറ ഹാളിലേക്ക് പ്രവേശിക്കുക യാണ് . അപ്പോഴേക്കും ഉപഹാരം സ്വീകരിക്കാനായി വിദ്യ വേദിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു . ഹെഡ്മാസ്റ്ററുടെ കയ്യില്‍ നിന്നും സമ്മാനം സ്വീകരിക്കുമ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു ഹാളില്‍ .

വിദ്യയുടെ കയ്യിലെ ഉപഹാരം ഒരു പുസ്തകമായിരുന്നു . ഗാന്ധിജിയുടെ ‘ എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ ‘ എന്ന ഗ്രന്ഥത്തിന്റെ പുറംചട്ടയില്‍ ഗാന്ധിജി നിറഞ്ഞു പുഞ്ചിരിച്ചു .

സീന്‍ 6

ഒരു പഴയ വീടിന്റെ മുന്‍ വശം . സന്ധ്യാനേരം .

മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ പഠനത്തിലേല്‍പ്പെട്ടി രിക്കുന്ന വിദ്യയും അവളുടെ അനിജത്തിയും . അല്പം മാറി , കല്ലടുപ്പില്‍ ഒരു ചെറിയ കലത്തില്‍ തവിയിട്ടിളക്കിക്കൊ ണ്ടിരിക്കുന്ന അവരുടെ ക്ഷീണിതയായ അമ്മ . ഇടയ്ക്ക് ആരെയോ പ്രതീക്ഷിച്ച് അവള്‍ പുറത്തെ ഇരുട്ടിലേക്ക് കണ്ണെറിയുന്നുമുണ്ട് .

വിദ്യയുടെ വായന

“ വവ്വാലുകള്‍ സസ്തനിവര്‍ഗ്ഗത്തില്‍‌പ്പെട്ട ജീവികളാണ് . കുഞ്ഞുങ്ങളെ പ്രസവിക്കുകയും , മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികളെയാണ് സസ്തനികള്‍ എന്നുവിളിക്കുന്നത് . വവ്വാലുകള്‍ പറക്കുന്ന സസ്തനികള്‍ എന്നറിയപ്പെടുന്നു . “

ഇതിനിടയില്‍ വിദ്യയുടെ അനുജത്തി ‘ അച്ഛന്‍ വന്നേ ‘ എന്നു പറഞ്ഞ് പുറത്തേക്കോടിച്ചെന്നപ്പോള്‍ വിദ്യ പുസ്തകമടച്ചു .

കമ്പുകള്‍ ചേര്‍ത്തുകെട്ടിയുണ്ടാക്കിയ ഗെയിറ്റ് തുറന്ന് പുറത്തെ ഇരുട്ടില്‍ ഒരു സഞ്ചിയുമേന്തി സുശീലന്റെ രൂപം പ്രത്യക്ഷപ്പെട്ടു. മകളെ കണ്ടയുടനെ സഞ്ചിയില്‍നിന്നും രണ്ട് ഓറഞ്ചുകള്‍ എടുത്ത് സുശീലന്‍ നല്‍കി . അവള്‍ അച്ഛനില്‍നിന്നും അവ സ്വീകരിച്ച് പറയാന്‍ തുടങ്ങി .

“ അച്ഛാ …. ചേച്ചിക്കിന്ന് സ്കൂളില്‍നിന്നും ഒരു സമ്മാനം കിട്ടി . “

“ സമ്മാനമോ ? എന്തോന്നിനായിരുന്നു മോളെ സമ്മാനം ? “

“ സ്കൂളിലെ തങ്കമണിടീച്ചറുടെ കളഞ്ഞുപോയ മാല ചേച്ചിക്കാ കിട്ടിയത് . അത് തിരിച്ചേല്പിപ്പിച്ചത്റ്റിനായിരുന്ന് സമ്മാനം . ഒരു പുസ്തകമാ സമ്മാനമായി കിട്ട്യത് . വല്യോരു പുസ്തകം . “

സുശീലന്റെ മുഖം അതുകേട്ട് സന്തോഷിക്കുകയും , ആശ്ചര്യ പ്പെടുകയും ചെയ്തെങ്കിലും പെട്ടെന്ന് ഭാവം മാറി ചിന്ത യിലാണ്ടു .

ഇറയത്തേക്ക് കയറുമ്പോള്‍ വിദ്യ തനിക്ക് കിട്ടിയ സമ്മാ നവുമായി അകത്തുനിന്നും ഇറങ്ങിവന്ന് സുശീലനെ ഏല്പിച്ചു . വിറയാര്‍ന്ന കൈകളോടെ ആ ഗ്രന്ഥം സ്വീകരിച്ചുകൊണ്ട് മകളെ തന്നോടു ചേര്‍ത്തുപിടിച്ചു . അപ്പോഴേക്കും അവരുടെ അമ്മയും നെറ്റിയിലെ വിയര്‍പ്പുതുടച്ചുകൊണ്ട് അരികെയെത്തി അഭിമാനം തുളുമ്പുന്ന പുഞ്ചിരിയോടെ ആ കാഴ്ച നോക്കിനിന്നു .

സീന്‍ 6 എ

മുറിയില്‍ സുശീലന്‍ കുപ്പായമഴിച്ച് അയയില്‍ തൂക്കിയിടുമ്പോ ഴും ഒരു വല്ലായ്മ ദൃശ്യമായിരുന്നു . ഗ്ലാസില്‍ വെള്ളവുമായി വിദ്യയുടെ അമ്മ കടന്നുവരുമ്പോള്‍ വിദ്യ വായന തുടരുന്നുണ്ട്. വിദ്യയുടെ അമ്മ ചോദിച്ചു .

“ എന്താ ഒരു വല്ലായ്ക ? സുഖമില്ലേ ? “

“ ഒരു നേര്‍ത്ത തലവേദന . യാത്രചെയ്തിട്ടാവും . ഞാനൊന്ന് തലചായ്ക്കട്ടെ . “

സുശീലന്‍ വെള്ളം കുടിച്ചുതീര്‍ത്ത് ഗ്ലാസ് തിരികെ നല്‍കി . വിദ്യയുടെ അമ്മ അവിടെനിന്നും തിരിച്ചുപോയി .

അയാള്‍ പായവിരിച്ച് കിടക്കുമ്പോള്‍ വിദ്യയുടെ വായന ഉറക്കെ കേള്‍ക്കാന്‍ തുടങ്ങി .

“ പകലുണര്‍ന്നിരിക്കാത്ത , രാത്രികാലങ്ങളിലുറങ്ങാത്ത വവ്വാലുകള്‍ ഇരുട്ടത്ത് സഞ്ചരിക്കുന്നത് ശബ്ദധ്വനികളുടെ സഹായത്താലാണ് . അള്‍ട്രാസോണിക്ക് ശബ്ദം പുറപ്പെടുവി ക്കാന്‍ കഴിവുള്ള ഇവയ്ക്ക് ഖരവസ്തുക്കളില്‍ത്തട്ടി…… “

കടവാതിലുകള്‍ ചിറകടിക്കുന്നതിന്റെ നേര്‍ത്ത ശബ്ദം വിദ്യയുടെ വായനയ്ക്ക് ഒപ്പം സുശീലന്റെ കാതുകളില്‍ മുഴങ്ങാന്‍ തുടങ്ങി . അയാളുടെ കണ്ണില്‍ നനവ് പരക്കാന്‍ തുടങ്ങിയപ്പോള്‍ മുന്നിലുള്ള കാഴ്ചകള്‍ അവ്യക്തമായി . ക്രമേണ വായനയുടെ ശബ്ദം പതുക്കെ ഇല്ലാതാവുകയും കടവാവലുകളുടെ കലപില ശബ്ദം അസഹ്യമാംവിധം പെരുകാനും തുടങ്ങി .

Generated from archived content: story1_jan24_13.html Author: naveenkumar_kp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here