ഒരു യാത്രാക്കുറിപ്പ്‌

നയി-ദില്ലി കേരളാ എക്‌സ്‌പ്രസ്‌ തെക്കോട്ട്‌ കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു. ഉത്തരേന്ത്യൻ ചൂടിന്റേതായ ഒന്നാം ദിവസം കഴിഞ്ഞ്‌ രണ്ടാംനാളിലെ വിരസമായ സായാഹ്നത്തിൽ ജനലിനരികിൽ വെളിയിലേക്ക്‌ നോക്കിയിരിക്കുകയായിരുന്നു ഞാൻ. കുറേ മുമ്പ്‌ പെയ്‌തു തോർന്ന മഴ ആന്ധ്രയുടെ കാറ്റിനെ ശീതീകരിച്ചിരിക്കുന്നു. ആകാശച്ചരിവ്‌ ചുമന്ന്‌ തുടുത്തിരിക്കുന്നു. നീർക്കണങ്ങളിറ്റ്‌ നിൽക്കുന്ന നിസ്സംഗ മുഖവുമായി പ്രകൃതി. അവൾ വിഷാദഗ്രസ്‌തയോ അതോ സന്ധ്യയുടെ മാസ്‌മര സൗന്ദര്യത്തിന്റെ നിഴലൊളിയോ? മനസ്സ്‌ ഇത്തിരി നേരം ആ കാഴ്‌ചയിൽ ഉടക്കി. ഈർപ്പമുളള കാറ്റ്‌ മനസ്സിന്റെ ഉളളറകളിലേക്ക്‌ കടന്ന്‌ ഓർമ്മച്ചെപ്പിന്റെ മൂടി തുറന്നു. വെളിയിൽ വീണ്ടും മഴത്തുളളികളിറ്റ്‌ വീഴുമ്പോൾ മനസ്സ്‌ ഓർമ്മകളുടെ ഓരോരോ മുത്തുകളെടുത്ത്‌ മാല കോർക്കാൻ തുടങ്ങി.

വർഷങ്ങൾക്ക്‌ മുമ്പ്‌ ഇതേപോലൊരു യാത്ര. പാലക്കാട്‌ സ്‌റ്റേഷനിൽ നിന്നാണെന്ന്‌ തോന്നുന്നു മദ്ധ്യവയസ്‌ക്കയായ ഒരു സ്‌ത്രീയോടൊപ്പം അവൾ കമ്പാർട്ട്‌മെന്റിലേക്ക്‌ കടന്നുവന്നത്‌. അതിസുന്ദരിയല്ലെങ്കിലും നിഷ്‌ക്കളങ്കയും സുന്ദരിയുമായ ഒരു പെൺകുട്ടി. ഒറ്റനോട്ടത്തിൽത്തന്നെ ആരേയും ആകർഷിക്കുന്ന മുഖശ്രീയോടെ അവൾ എതിർവശത്തെ സീറ്റിലിരുന്നു. ഒരു കോണിലെവിടെയോ വിഷാദത്തിന്റെ നിഴലൊളിപ്പിച്ച മുഖവുമായി അവൾ തന്റേതായ ലോകത്തിരുന്നു. കൂടെയുളള സ്‌ത്രീ എന്തൊക്കെയോ പറയുന്നതിന്‌ അവൾ തലകുലുക്കി മറുപടി നൽകിക്കൊണ്ടിരുന്നു. ഒപ്പംതന്നെ കൈയ്യിലിരുന്ന കാരിബാഗിൽ നിന്നും ചില പുസ്‌തകങ്ങളെടുത്ത്‌ വായിക്കാനും തുടങ്ങി. ബന്ധുവായ സ്‌ത്രീ മറ്റുളളവരുമായി സംസാരത്തിലേർപ്പെട്ടു.

എറണാകുളത്ത്‌ തീവണ്ടി നിന്നപ്പോൾ അവരവിടെയിറങ്ങി. വെളിയിൽ അവരെ കാത്തുനിന്നിരുന്ന പെൺകുട്ടികളെ കണ്ടപ്പോൾ അവളുടെ മുഖം വിഷാദത്തിന്‌ വിട നൽകിയിരുന്നു. കൂട്ടുകാരികളുടെ കൈപിടിച്ച്‌ ചിരിച്ചുല്ലസിച്ച്‌ കാര്യം പറയുന്ന അവളിലേക്ക്‌ അൽപ്പനേരത്തിനുളളിൽ ആ വിഷാദഭാവം തിരികെയെത്തി. അത്‌ അവളുടെതന്നെ ഒരു ഭാഗമാണെന്ന്‌ തോന്നി. കൂട്ടുകാരികളുടെ കൈപിടിച്ച്‌ ആ സ്‌ത്രീയോടൊപ്പം ഫ്ലാറ്റുഫോമിന്റെ തിരക്കിൽ മറയുമ്പോഴും എല്ലാവരുടെയും ശ്രദ്ധ അവളിൽത്തന്നെയായിരുന്നു.

വണ്ടി അതിന്റെ ലക്ഷ്യത്തിലേക്കുളള യാത്ര തുടർന്നു. അടുത്തിരുന്ന ചേച്ചിയാണ്‌ അവൾ പഠനത്തിൽ മിടുമിടുക്കിയാണെന്നും ഡോക്‌ടറേറ്റിന്‌ സെലക്ഷൻ കിട്ടി “അമ്മ”യുടെ ആശുപത്രിയിൽ ഉപരിപഠനത്തിനായി വന്നതാണെന്നും പറഞ്ഞത്‌. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ വാർത്ത അവൾ ജന്മനാ ഒരു ഊമയാണെന്നതാണ്‌. ഇത്രയും നേരം നിശ്ശബ്‌ദയായിരുന്നത്‌ ഒരു ഗ്രാമീണ പെൺകൊടിയുടെ നാണം കൊണ്ടാവാമെന്ന്‌ കരുതി.

അവളെപ്പറ്റി മനസ്സിൽ മതിപ്പ്‌ കുന്നുകൂടിയപ്പോൾ മറുവശത്ത്‌ ആശങ്കയുടെ ഹിമഗിരി ഉയരുന്നതായി തോന്നി. ഊമയായ അവൾ ഒരു ഡോക്‌ടർ ആയാൽ സമൂഹം എങ്ങനെ പ്രതികരിക്കും? അവൾ എങ്ങനെ രോഗികളുമായി ആശയവിനിമയം നടത്തും? ആളുകളുടെ സഹകരണം അവൾക്ക്‌ കിട്ടുമോ? ഡോ.ഊമ എന്നു പറഞ്ഞ്‌ പരിഹസിക്കില്ലേ? ഇതിനെയൊക്കെ നേരിടാൻ അവൾക്ക്‌ കഴിയുമോ? ഇങ്ങനെയുളള ഒരായിരം ചോദ്യങ്ങളുടെ ചുഴിയിൽപ്പെട്ടു ഞാൻ വട്ടം കറങ്ങി.

ആകാശച്ചരിവിൽ വീണ്ടും കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോഴും എവിടെയോ ഒരു നീലാകാശത്തിന്റെ പ്രത്യാശയിൽ മനസ്സ്‌ ആശ്വാസം കൊണ്ടു. എവിടെയെങ്കിലും പ്രശസ്തയായ ഒരു ഡോക്‌ടർ ആയി അവൾ എല്ലാവരുടേയും സ്‌നേഹം നേടുന്നുണ്ടാവും. ഉറപ്പ്‌.

ആ ശുഭാപ്‌തി വിശ്വാസത്തോടെ യാത്ര തുടർന്നു ഞാനും തീവണ്ടിയും.

Generated from archived content: nativeland2_may6.html Author: naveen_mundukottakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here