(അങ്ങനെ ബ്രാക്കറ്റിൽ ഞാനും പുറത്ത് വൈഷ്ണവും എന്ന സന്ധിയിൽ എത്തിച്ചേർന്നു. ഞാൻ എന്ന ഭാവത്തിന്റെ സുഖം കഥ പറഞ്ഞുതന്ന അവനെക്കാളും എഴുതുന്ന എന്നെയാണു പിടികൂടിയത്. അവനിൽനിന്നും ഒരു നിർദ്ദേശം മാത്രം. ഏതുരീതി അവലംബിച്ചാലും അവന്റെ ആത്മകഥയാണിതെന്ന് ആളുകൾക്ക് മനസിലാവണം.)
മൃതസഞ്ജീവനിയെക്കുറിച്ചുള്ള ഒരു സംഗതിയായിരുന്നു അതിൽ പ്രധാനം. അതൊരു നുണയോ സത്യമോ എന്നു തിരിച്ചറിയാനുള്ള പ്രായം അന്നില്ലായിരുന്നു. തെങ്ങിനു തടംകോരുന്നതിനിടയിൽ കിതയ്‌ക്കുകയും വിയർത്തൊലിക്കുകയും ചെയ്തുകൊണ്ട് കുമാരേട്ടൻ അതു പറഞ്ഞുതീർത്തു. ചിലപ്പോൾ താളിയോലകളിൽനിന്നും കണ്ടെടുത്തതാവാം. പുരാണങ്ങളിലോ മറ്റോ വായിച്ചറിഞ്ഞതുമാവാം. ഇന്നതിനെക്കുറിച്ചു വിശദമായി ചിന്തിക്കുന്നുണ്ട്. ഒരു കുപ്പയിൽ വലിച്ചെറിയേണ്ട അന്ധവിശ്വാസം മാത്രമെന്നു വകതിരിവു വന്നെങ്കിലും അതിന്റെ പരിരംഭണം എന്റെ ബാല്യകാലത്തെ വല്ലാതെ ഉലച്ചിരുന്നു.
ലളിതടീച്ചറുമൊന്നിച്ചുള്ള ബാല്യം പത്തുമണിവെയിലിൽ തുമ്പികളെ കാണുമ്പോലെ ആഹ്ലാദഭരിതമായിരുന്നു. നാലുമണിവിട്ടുവരുമ്പോഴും ടീച്ചറുടെ വാലിൽ തൂങ്ങിനടന്ന ഇക്കിളിപ്പയ്യൻ പിന്നെ വളർന്നു. അപ്പോഴേയ്‌ക്കും ടീച്ചർ സ്മരണകളുടെ കുടിയിരിപ്പുപുറങ്ങളിൽ അവലോകനങ്ങളും അതിയവലോകനങ്ങളുമേറ്റ് അസ്ഥിപഞ്ജരമായി. വിഷയാസക്തിയുടെ മാംസക്കൂട്ടുകൾ പിന്നെയും രൂപങ്ങളെ പുനർജീവിപ്പിച്ചുവെങ്കിലും എല്ലാം ംലാനമായിരുന്നു. ആ വളർച്ച കുറ്റമറ്റതായിരുന്നില്ല. രതിജന്യമായ കുറവുകളും കുത്തിയിരിപ്പുകളും സത്യഗ്രഹങ്ങളുമേറ്റ് മരവിച്ചത്. കുമാരേട്ടന്റെ കഥകൾ ലളിതടീച്ചറെ ഇത്തരത്തിൽ ആവേശിക്കാൻ തുടങ്ങിയപ്പോൾ എന്നിലെ ഉദ്വേഗത്തിന്റെ അതിരുകൾ ലംഘിക്കപ്പെട്ടു. തടം തുറക്കപ്പെടുന്ന തെങ്ങുകളിലേയ്‌ക്കും തോടുകൾ വെട്ടിവശാക്കിയ കവുങ്ങിൻ ചുവടുകളിലേയ്‌ക്കും ചൂടുകഞ്ഞിവെള്ളവുമായി ഞാൻ പിൻചെന്നു. ചവറുകൾ കൊത്തിയിട്ട് പച്ചപ്പുപിടിച്ച തൊടി. മഴ മാറിയിട്ടും മാനസികനില മാറാത്ത മാനം.
മുച്ചങ്കല്ലിലേയ്‌ക്കുവച്ചേറ്റവും സുന്ദരി ടീച്ചറായിരുന്നു. നേരത്തേ പൊലിഞ്ഞുപോയതുകൊണ്ടാവാം ടീച്ചറിലെ അനശ്വരമായ യൗവ്വനതീക്ഷ്‌ണത എന്റെ മനപഥങ്ങളിൽ ഇന്നും വിളങ്ങുന്നു. അമ്മയോടെന്നതിൽ കൂടുതൽ ടീച്ചറോട് മിണ്ടിനടന്ന് ആ വിരൽതുമ്പിനെ വിലകൊടുക്കാതെ സ്വന്തമായനുഭവിച്ച ഞാൻ ഇന്നനുഭവിക്കുന്ന ചെറുപീഡനങ്ങൾ ചില നെറികെട്ട കഥകളുടെ അനുചരനായി വർത്തിച്ചതുകൊണ്ട് വന്നുഭവിച്ചതാവാം.
“ടീച്ചർടെ മോനാ?”
“അല്ല, ലളിതമ്മേന്റെ വീടിന്റെ അട്‌ത്തുള്ള മോനാ.”
ഇങ്ങനെയായിരുന്നു എന്റെ സംസാരം. ചോദ്യമുന്നയിക്കുന്നവർ കവിളിൽനിന്നും ഒരു പുഞ്ചിരി പെറുക്കിയെടുത്തിരുന്നു. അമ്മയും ടീച്ചറും വലിയ കൂട്ട്. ഞാനധികവും ഏതുവീട്ടിലായിരിക്കണമെന്നതിന് വലിയ ചിട്ടവട്ടങ്ങളൊന്നുമില്ല. വീടുകൾ തമ്മിൽ തെല്ലുദൂരമുണ്ടെങ്കിലും വിളിച്ചാൽ വിളിപ്പുറത്തുള്ള വാതിലുകൾ.
മുച്ചങ്കല്ലുമുതൽ ചൈത്രവാഹിനിപുഴവരെയുള്ള കണ്ണായ സ്ഥലങ്ങളെല്ലാം എന്റെ മുതുമുത്തച്ഛന്റെതായിരുന്നെന്ന ഒരഭ്യൂഹം നിലവിലുണ്ട്. ഏകദേശം നാലു വലിയ മലകൾ. ഇപ്പോഴതൊക്കെ ചുരുങ്ങിച്ചുരുങ്ങി മുച്ചങ്കല്ലിന്റെ മൂലയിലേയ്‌ക്ക് എല്ലാം ഒതുങ്ങി. എറിഞ്ഞാലെത്തുന്ന നാലു കല്ലുകൾക്കുള്ളിൽ നിർത്താവുന്ന നട്ടുനനയ്‌ക്കാവുന്ന തെങ്ങുകളും കവുങ്ങുകളും വാഴകളും കുരുമുളകുവള്ളിയും. അരയേക്കറോളം പടർന്നുപന്തലിച്ചുനിന്നിരുന്ന മൂന്നു കശുമാവു വെട്ടിമാറ്റി അച്ഛനവിടെ റബ്ബറുനട്ടു. ഇത്തരം കാര്യങ്ങളെല്ലാം അഭിവൃദ്ധിപ്പെടുത്തുന്നതിൽ കുമാരേട്ടന്റെ കണ്ണും കൈയ്യുമുണ്ടായിരുന്നു. അച്ഛൻ ഉമ്മറത്ത് പത്രം വായിച്ചുകിടന്ന് നിർദ്ദേശങ്ങൾ നല്‌കാൻ മാത്രമിഷ്ടപ്പെട്ടിരുന്ന കറുത്ത കണ്ണടവച്ച അലസനായ സർക്കാരുദ്യോഗസ്ഥനായിരുന്നു. നാലുമലകൾക്ക് എന്തുസംഭവിച്ചെന്നതിനെക്കുറിച്ചും കുമാരേട്ടന് ഒരു കഥയുണ്ട്. മുതുമുത്തച്ഛന്റെ പണക്കൊതി. അന്നു പണം വന്നിട്ട് കുറേ കാലമായെങ്കിലും പണക്കൊതി കണ്ടുപിടിക്കപ്പെട്ടിട്ട് അധികമായില്ലെന്നാണ് കുമാരേട്ടൻ പറഞ്ഞത്. സ്ഥലം പകുത്തുപകുത്ത് കണ്ട നസ്രാണികൾക്കെല്ലാം(!) വിറ്റുതുലച്ചു. അക്കാലത്ത് മുച്ചങ്കല്ലിന്റെ ചുറ്റുപാടും കുടിയേറ്റത്തിന്റെ കുത്തൊഴുക്കായിരുന്നു. പണം പത്തായപ്പുരയിലെ രഹസ്യ അറയിൽ കുന്നുകൂടി. സ്ഥലം വില്പന തകൃതിയായി നടന്നു. കോട്ടയത്തുനിന്നും പാലായിൽനിന്നും കുട്ടനാട്ടിൽനിന്നും വന്ന നസ്രാണികൾ മുച്ചങ്കല്ലിനുതാഴെ പള്ളിയുണ്ടാക്കി. പള്ളിക്കൂടമുണ്ടാക്കി. ടീച്ചറുമ്മാരും സാറുമ്മാരും ഉണ്ടായി. (എളേരിത്തട്ടു കുന്നിൽനിന്നുള്ള ഇറക്കങ്ങളിൽ കുട്ടികൾ ഉച്ചക്കഞ്ഞിയുമായി മുച്ചങ്കല്ലിന്റെ നെറുകയിലൂടെ നടന്നുപോകുമ്പോൾ; പണ്ട് കുമാരേട്ടന്റെ തലമുറയിലുള്ളവർ വക്കുപൊട്ടിയ സ്ലേറ്റും കല്ലുപെൻസിലും അതിനും പിന്നിൽ മിഷണറിമാർ ഒരുനേരത്തെ ഭക്ഷണവും പരിലാളനവുമായി ഓരോ മുത്തച്ഛന്മാരെയും എടുത്തുകൊണ്ടുപോയിട്ടും എന്റെ കുട്ടി സംസ്‌കൃതം പഠിച്ചാൽ മതിയെന്നും കാളയെ പൂട്ടാൻ പഠിക്കട്ടെയെന്നും ഓരോരോ മുതുമുത്തച്ഛന്മാരും തെല്ലുഭയപ്പാടോടെ ഒഴിഞ്ഞുമാറിയിരുന്ന കാലത്താണ് വൈഷ്ണവിന്റെ മുതുമുത്തച്ഛനെ ‘പണക്കൊതി’ പിടികൂടുന്നത്.) ഒരിക്കൽ പത്തായപ്പുര മുഴുവനും ഒരു പെരുന്തീ തിന്നുതീർത്തെന്നാണ് പിന്നീടുള്ള കഥ. അത്തരമൊന്ന് മുഴുവനായറിയാമായിരുന്നത് കുമാരേട്ടനു മാത്രമായിരുന്നു. അച്ഛനുപോലും മുതുമുത്തച്ഛൻ നാടുവിട്ടുപോയെന്നല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു. ലളിതടീച്ചറുടെ ഇപ്പോഴത്തെ വീടിനോട് ചേർന്നായിരുന്നു പത്തായപ്പുര. വീടിന്റെ കൂട്ടിയെടുപ്പുസമയത്ത് പത്തായപ്പുരയും കളങ്ങളുടെ ഒരു ഭാഗവും ഇല്ലാതായി. മുച്ചങ്കല്ലിൽനിന്നു നെൽകൃഷിതന്നെ മാഞ്ഞുപോയി. ഇഞ്ചയും പുഞ്ചയും കറുകപ്പുല്ലും എല്ലാം കാലഹരണപ്പെട്ട കൃഷികളായി.
ടീച്ചറുടെ ഭർത്താവ് ഗോപിനാഥൻ. ചുരുങ്ങിയാൽ ഗോപിയേട്ടൻ, ഗോപേട്ടൻ എന്നിങ്ങനെ കുട്ടികൾക്കും ടീച്ചർക്കും നാവുവഴക്കം. കെ. എസ്. ആർ. ടി. സി ബസ്സിലെ കണ്ടക്ടർ. മുച്ചങ്കല്ലുകയറി രണ്ടു സ്റ്ററ്റു ബസ്സേ അക്കാലത്ത് വന്നിരുന്നുള്ളു. അതിലൊന്നിൽ ഗോപിയേട്ടനെ കാണാം. ഗോപിയേട്ടൻ വരാൻ വൈകിയാൽ ടോർച്ചിന്റെ വെട്ടംനോക്കി അച്ഛനുമമ്മയുമിരിക്കും. ടീച്ചറും ഞാനുമിരിക്കും. ടീച്ചർക്ക് കൂട്ടിരുന്നുകൂട്ടിരുന്ന് ടീച്ചറിന്റെ കുട്ടിയെപ്പോലായി ഞാൻ. മടിയിൽ കിടത്തും, കഥ ചൊല്ലിത്തരും. ടീച്ചർ പറയുന്ന കഥകൾ കുമാരേട്ടന്റേതുപോലായിരുന്നില്ല. സാധാരണ കുട്ടികൾ കേൾക്കുന്നവ. എന്നാൽ കുമാരേട്ടന്റെ ഉണ്ണിക്കഥകൾ ടീച്ചർപോലും കേട്ടിട്ടില്ലായിരുന്നു. ആമയുടെയും ഉണ്ണിയപ്പത്തിന്റെയും കഥ. എലിവാലുള്ള മുയലിന്റെ കഥ. പൂപ്പൽപൂവിന്റെയും തുമ്പിയുടെയും കഥ. അങ്ങനെയൊരിക്കൽ വന്നതായിരുന്നു മൃതസഞ്ജീവനിയുടെ കഥ. അതൊരു കഥപോലെയായിരുന്നില്ല മറിച്ച് പ്രയോഗിച്ചുനോക്കാൻ പറ്റിയ ഒരാശയം പോലെയായിരുന്നു കുമാരേട്ടൻ അവതരിപ്പിച്ചത്. വിഡ്‌ഢികളായ കുട്ടികളെ മീൻപിടിത്തം പഠിപ്പിക്കുന്ന അമ്മമാരുടെ വേലത്തരംപോലെ. മോനുണ്ടല്ലോ ചോറിന്റെ ഒരുരുള വായിലിട്ട് വെള്ളത്തിനടിയിൽ ഇരിക്കണം. അനങ്ങാതെ. എന്നിട്ടു വായതുറന്നു പിടിക്കണം. അപ്പോൾ മീൻവരും. ഒറ്റക്കടി.
അന്നു കുമാരേട്ടൻ ചവറുകൾ കൊത്തിക്കൂട്ടുകയായിരുന്നു. കുറ്റിക്കാട്ടിലേയ്‌ക്ക് ഒരു ചെമ്പോത്ത്* പറന്നുവന്നു. കുമാരേട്ടൻ അതിനെ നമിക്കുന്നതുകണ്ടു.
“ഇതങ്ങനത്തെ സാധാരണ പക്ഷിയല്ല വിഷ്ണൂട്ടാ”
“പിന്നെ?!”
“ദൈവോള്ള പക്ഷിയാ. മൃതസഞ്ജീവനി കാണാൻ കഴിവുള്ള ഒരേയൊരു പക്ഷി.”
“മൃതസഞ്ജീവനി?”
“ഒരു ചെടിയാ കുട്ടാ. മരിച്ചവരെ ജീവിപ്പിക്കും. മനുഷ്യന് അമരത്വം നല്‌കുന്ന ഔഷധം.”
മൃതസഞ്ജീവനി ഉൾക്കാട്ടിലും പർവ്വതപ്രദേശങ്ങളിലും ഇന്നുമുണ്ടെന്നാണ് കുമാരേട്ടന്റെ പക്ഷം. എന്നാലത് മനുഷ്യന് സ്വയമേവ അതു കണ്ടെത്താനുള്ള ശേഷിയില്ല. ഒരു വിദ്യയുണ്ട്. ഒരേയൊരു തന്ത്രം. അതിനാദ്യം ചെമ്പോത്തിന്റെ കൂടുകണ്ടെത്തണം. ഒരു മുട്ട എടുത്തുവന്ന് പുഴുങ്ങിയശേഷം തിരികെ യഥാസ്ഥാനത്തു വെക്കണം. ചെമ്പോത്ത് മുട്ടകൾക്ക് അടയിരിക്കും. ഒന്നൊഴിച്ചുള്ള എല്ലാ മുട്ടയും വിരിയും. എന്നാൽ, വിരിയാത്തൊരെണ്ണത്തിനായി പക്ഷി മൃതസഞ്ജീവനിയുടെ ഇലകൾ തേടി പറിച്ചുകൊണ്ടുവരും. ശേഷം, നമ്മൾ പക്ഷിക്കൂടെടുത്തുവന്ന് ഒഴുക്കുള്ള വെള്ളത്തിൽ ഇടണം. സാധാരണമായ ഇലകളും ചുള്ളികളുമെല്ലാം ഒഴുക്കിനൊത്ത് നീങ്ങും. മൃതസഞ്ജീവനി മാത്രം ഒഴുക്കിനെതിരെ നീങ്ങും!
ഇത്തരം കാര്യങ്ങൾ കുമാരേട്ടൻ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചുകളയും. ഇതെന്റെ ബാല്യത്തിലാണു സംഭവിച്ചതെങ്കിലും കൗമാരത്തിൽ അതിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുള്ള പറച്ചിൽ രീതിയായിരുന്നു. ‘ഒരു വികാരവതിയുടെ ശരീരത്തിന് കടുത്ത മധുരമായിരിക്കും. വികാരം കെട്ടടങ്ങിയില്ലെങ്കിൽ അവളെ ഉറുമ്പരിക്കും. കൂറകൾ അവളെ നക്കി രസിക്കും. തേനീച്ചകൾ ആക്രമിക്കും.’ ലളിതടീച്ചറുമായി ബന്ധപ്പെട്ട ഒരു സംസാരമായിരുന്നു അത്. ടീച്ചർ മരിച്ചിട്ട് വർഷങ്ങളായിരുന്നെങ്കിലും ഞങ്ങളുടെ വൈകാരിക ജീവിതത്തെ സമാനഗതമായ സംസാരവിഷയങ്ങൾ മത്തുപിടിപ്പിച്ചുകൊണ്ടിരുന്നു. അവിടെ ഇങ്ങനെ ചോദ്യങ്ങളുണ്ടായി.
“എന്താ ഗോപി പണ്ട് സമയത്തിന് വീട്ടിൽ വരാതിരുന്നതും സമയമാകുംമുൻപേ പോയിരുന്നതും?”
“എന്താ?”
“എന്താ ഗോപിയേട്ടൻ പിന്നീടൊരു കല്യാണം കഴിക്കാതിരുന്നത്?”
“എന്താ?”
ചിലതിനൊക്കെ അടിവരയിടാൻ ഞാനെന്റെ ബാല്യത്തോട് ചോദിച്ചുകൊണ്ടിരുന്നു.
“എന്താ ലളിതമ്മേന്റെ കഴുത്തിന് പറ്റിയേ.”
“ഉറുമ്പു കടിച്ചതാ മോനേ.”
ടീച്ചർ കഴുത്തിലെ തടിപ്പു കാട്ടിത്തന്നു.
“വിഷ്ണൂട്ടനൊന്നു ചൊറിഞ്ഞു തർവോ?”
ടീച്ചർ എനിക്കു തിരിഞ്ഞിരുന്നു.
ഒരുപുറം മുഴുവനും എന്റെ കുഞ്ഞുവിരലുകൾ ചൊറിഞ്ഞുതീർത്തു.
എന്റെ നിഷ്‌കളങ്കതയുടെയും അഭിവാഞ്ഞ്‌ഛയുടെയും കാലഘട്ടമെന്നപോലെ ടീച്ചറുടെ ജീവിതത്തിനും രണ്ടു ഭാഗമുണ്ട്. അതിനിടയിൽ ഒരു നീണ്ട ഘോഷയാത്ര തന്നെയുണ്ട്. ഭ്രാന്തുണ്ട്. അതെ, മുച്ചങ്കല്ലുഭഗവതിയുടെ പുനഃപ്രതിഷ്‌ഠാ മഹോത്സവത്തിനു കലാശക്കൊട്ടുതീർത്ത് ഘോഷയാത്ര പെരുത്തുവരുകയായിരുന്നു. വിധിപ്രകാരം പുതുക്കിയെടുത്ത ഗുഹാക്ഷേത്രത്തിനുചുറ്റും ഉച്ചസ്ഥായിലെത്തിനില്‌ക്കുന്ന ഒച്ചപ്പാടുകൾ. അഞ്ചുമണി ആയിക്കാണണം. കൂക്കിവിളിച്ചുനിന്ന വാഹനങ്ങൾക്ക് വശംകൊടുത്ത് ഘോഷയാത്ര ഒരറ്റത്തേയ്‌ക്കു മെലിഞ്ഞു. ടീച്ചർ ആൾക്കൂട്ടത്തിനഭിമുഖമായി മുന്നോട്ട്. പെട്ടെന്ന്, ഭ്രാന്തിളകുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. ഞാനെവിടെയെന്നറിയില്ല. “ഇതെന്താ ടീച്ചർ”. എന്താ ടീച്ചറെന്നു പരിചയമുള്ളവർ കരയുന്നുണ്ടായിരുന്നു. ആരൊക്കെയോ ശാസിക്കുന്നു. എന്നാലും ആരൊക്കെയോ കരഞ്ഞു. തേനീച്ചക്കൂടിളകിയതുപോലായി ആൾക്കൂട്ടം. ആനവിരണ്ടതുപോലെ. ചിലർ കാഴ്‌ച്ചയ്‌ക്കുതകുംവിധം മരംചാരിയും കയറിയും നിന്നു. ആരിൽനിന്നോ പ്രകോപനമുണ്ടായപ്പോഴാണ് ടീച്ചർ സാരി പറിച്ചുകളഞ്ഞത്. പെണ്ണുങ്ങൾ കണ്ണുപൊത്തി പിൻവലിഞ്ഞു. ടീച്ചർ മുന്നോട്ട് ആഞ്ഞാഞ്ഞു നടക്കുന്നു. മല കയറുകയോ ഇറങ്ങുകയോ ചെയ്യുന്നു. കാർക്കിച്ചു തുപ്പുന്നു. ഉച്ചഭാഷണികൾ ചങ്കുപിളർന്ന് ഒച്ചകൂട്ടി. ‘ആരും പ്രകോപനമുണ്ടാക്കാതിരിക്കുക’. പിന്നാലെ ഒരു വനിതാ പോലീസിനെയുംകൊണ്ട് ജീപ്പ് മുച്ചങ്കല്ലിന്റെ മലകയറി. പോലീസുകാരിക്ക് ടീച്ചറെ എടുത്തെറിയാനുള്ളതിലേറെ തടിയും ആരോഗ്യവുമുണ്ടായിരുന്നു.
(ഞാൻ ബ്രാക്കറ്റിൽ കയറിക്കൂടാനുള്ള പ്രധാനകാരണം ഈ ഭ്രാന്തുമായി ബന്ധപ്പെട്ട ചില സന്ദേഹങ്ങളാണ്. ടീച്ചർക്ക് ഒറ്റ നിമിഷംകൊണ്ട് ഭ്രാന്തുപിടിച്ചെന്നു പറഞ്ഞപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കുഴപ്പവുമില്ലാതെ സ്വാഭാവികമായി ജീവിച്ചുപോന്നൊരാൾക്ക് അങ്ങനെയെളുപ്പം ഭ്രാന്തുവരില്ലെന്നായിരുന്നു എന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് തർക്കിക്കേണ്ടി വന്നു. ശരിയായിരിക്കാം. ഇതവന്റെ കഥയായിരിക്കാം. അവൻ പറഞ്ഞുതന്നതനുകരിച്ച് എഴുതുക മാത്രമായിരിക്കണം എന്റെ ജോലി. അവൻ എന്റെ കണ്ണിൽ ചുവന്നു. മൂക്കിൽ ചൊറിഞ്ഞു. ചെവിയിൽ കേട്ടുകൊണ്ടിരുന്നു. അത്തരമൊന്നിൽ നിന്നാണ് കുമാരേട്ടന്റെ അസാധാരണമായ വിശദീകരണം പുറത്തുവരുന്നത്. അതും ചില ഉറുമ്പുകളുടെ സംഗതിയായിരുന്നു. നമ്മുടെ ഹൃദയത്തിലും തലച്ചോറിലും ചോരയിലുമൊക്കെ ഉറുമ്പിന്റെ കടികൾ ഉറങ്ങുന്നുണ്ടെന്നായിരുന്നു കുമാരേട്ടൻ. ഉറുമ്പിന്റെ കടികൾ എപ്പോഴാണ് ഉണരുക. അവ എവിടെയാണ് അക്രമിക്കുക. ഇക്കിളിപ്പെടുത്തുക. കുമാരേട്ടൻ കൂടുതൽ സ്പഷ്‌ടനായി. നിങ്ങളവയെ ഉറുമ്പുകൾക്ക് തിരിച്ചുകൊടുക്കുന്നതുപോലെയാണ്. നിങ്ങളിലെ മാധൂര്യവും ചോരച്ചുവയും നിങ്ങൾക്കുപോലും അപ്രാപ്യമായ രഹസ്യങ്ങളായിരിക്കെ നിങ്ങൾ ശാന്തരാണ്. എന്നാണ് നിങ്ങളവയെ രുചിക്കാൻ പഠിക്കുന്നത്. അപ്പോൾ മാത്രമാണ് അവ വെളിപ്പെടുന്നത്. ഉറുമ്പുകളില്ലാത്ത ഉറുമ്പിന്റെ കടികൾ സങ്കീർണമാകുന്നതും ഇളക്കിവിടുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും. ഘോഷയാത്രയുടെ ഒച്ചപ്പാടുകൾക്കിടയിൽ എങ്ങനെയാണവ രുചികരമായത്! സാധാരണഗതിയിൽ ജീവിത പരാജയത്തിൽനിന്നും അതിനൈരാശ്യത്തിൽനിന്നും അമിതാഹ്ലാദത്തിൽ നിന്നും മാത്രമേ ഭ്രാന്തുടലെടുക്കുകയെന്നായിരുന്നു എന്റെ കരുതൽ. അങ്ങനെയെങ്കിൽ കുമാരേട്ടൻ ചിരിക്കുക മാത്രമാണ് ചെയ്‌തത്.)
പിന്നീട് ആഴ്‌ച്ചകൾക്ക് ശേഷമാണ് ഞാൻ ലളിതടീച്ചറെ കാണുന്നത്. ആശുപത്രിയിൽ നിന്നും നേരെ ടീച്ചറുടെ വീട്ടിലേയ്‌ക്ക് കൊണ്ടുപോയതായിരുന്നു. അച്ഛനുമമ്മയും പലതവണ ടീച്ചറെ കാണാൻ പോയി. എന്നെ കൊണ്ടുപോയില്ല. വേണമെന്ന് ഞാൻ വാശിപിടിച്ചുമില്ല. പകരം മോനു കടലമിഠായി തന്നുവിട്ടതു കാണിച്ചു. ഞാനതൊക്കെ തൊടിയിലേയ്‌ക്ക് വലിച്ചെറിഞ്ഞു. എനിക്കു സ്‌ക്കൂളിൽ പോകണമെന്നേ ഇല്ലായിരുന്നു. ‘ഭ്രാന്തി ടീച്ചറുടെ മോൻ’ എന്നു ചില കുട്ടികളെന്നെ കളിയാക്കി. ടീച്ചറുടെ മോനല്ലെന്ന് ഞാൻ കട്ടായം പറഞ്ഞു. സത്യം ചെയ്‌തു. ആദിവസങ്ങളിലെല്ലാം പുരുഷന്മാരും സ്ര്തീകളും കവലയിലും അടുക്കളവരാന്തയിലും കൂട്ടംകൂടിനിന്ന് ചർച്ചകൾ നടത്തി. ചാർത്തിൽ നിന്നും അമ്മയും കൂട്ടുകാരികളുമായിരുന്നു. അമ്മ പറഞ്ഞു.
“ഇപ്പഴും ആ പഴയ ഉന്മേഷം വന്നിട്ടില്ല.”
“ഒരിക്കൽ വന്നാ മതീന്നാ.”
ഓരോന്നങ്ങനെ കേട്ടുതുടങ്ങി. അതുവരെ ആരും പറയാത്തതോ അറിയാത്തതോ
ആയ കാര്യങ്ങൾ.
“ടീച്ചർക്കേ വട്ടുവരുന്നത് ആദ്യായിട്ടൊന്നും അല്ലെന്നാ.”
ഞാൻ കണ്ടിട്ടില്ല.
“ആറു വയസ്സുള്ളൊരാങ്കുട്ടി പെൺകുട്ട്യൾടെ മൂത്രപ്പൊരേ കേറീതിന് അതിന്റെ കിടുങ്ങാമണി പിടിച്ചു ഞെരിച്ചുകളഞ്ഞു.”
ഞാൻ കേട്ടിട്ടില്ല. എന്നാൽ, എനിക്കെല്ലാം കേൾക്കുകയും കാണുകയും വേണമായിരുന്നു. പെണ്ണുങ്ങളുടെ ഇടയിൽ അമ്മയോട് മുട്ടിനിന്നു. അമ്മയെന്നെ തടഞ്ഞില്ല. കേൾക്കുന്ന എല്ലാ കാര്യങ്ങളും എനിക്കു മനസിലായില്ല. വളർന്നപ്പോൾ അവയൊക്കെ തേടിനടന്നു.
“മോനിനി അങ്ങോട്ടൊന്നും പോകണ്ട കേട്ടോ.”
ചട്ടയിട്ടുനിന്ന അന്നക്കുട്ടിചേച്ചി പറഞ്ഞു.
എനിക്കെന്തെല്ലാമോ മനസിലാകുമെന്നായി. തുളസിചേച്ചി ശബ്‌ദം വളരെ താഴ്‌ത്തി.
“ആ പോലീസുകാരത്തി വന്നില്ലാരുന്നേ ബാക്കിയിള്ളതൂടെ പറിച്ചുകളയുമായിരുന്നൂന്നാ ഡോക്‌ടറു പറഞ്ഞേ”
“അയ്യോ!” പെണ്ണുങ്ങളെല്ലാം മൂക്കത്ത് വിരലും തടവിയിരുന്നു. ഒന്നിനെയും ഭയമില്ലാതിരുന്ന അമ്മയാകെ മാറി. രാത്രിയെന്നെ എന്തിനെന്നില്ലാതെ ചേർത്തുകിടത്തി.
“മോനിനി ലളിതമ്മേന്റെ അടുത്തു പോകുമോ?”
“ഇല്ല.”
“ഒരിക്കലും പോകില്ല?”
“ഒരിക്കലും.”
അമ്മയുടെ കണ്ണുകൾ പലപ്പോഴും കലങ്ങിയിരുന്നു. ബാല്യം മുരടിച്ചുകെട്ടുപോകുന്നതുപോലെ വർഷങ്ങൾക്കുശേഷം എനിക്കതൊക്കെ കാണാം.
“അമ്മയ്‌ക്കും വരുമോ അസുഖം?”
ഉത്തരമായി അമ്മയെന്നെ പിന്നെയുമിറുക്കെ ചേർത്തുകിടത്തി. രാത്രിയിൽ അച്ഛനോടു ചിലതു ചോദിക്കുന്നതുകേട്ടു. എന്റെ ചെവികൾ തുറന്നുകിടന്നു. ഞാനുറങ്ങുകയായിരുന്നു.
“ഇനി കുട്ടനെ അങ്ങട്ട് വിടണ്ടാല്ലേ?”
“എന്തിനാ പേടി?”
“എങ്ങാനും അങ്ങനെ ചെയ്‌താലോ”
“ഇത്രകാലം അങ്ങനിണ്ടായോ?”
“ഇല്ല”
“പിന്നെ?”
അമ്മ മിണ്ടിയില്ല.
“ഭ്രാന്തു വന്നാലത്തെ മനുഷ്യന്റെ കാര്യാ”
“ആരെങ്കിലും ഇതൊക്കെ കരുത്യോ അല്ലേ?”
“കൊറേ നാളായിട്ട് ഉള്ളില് വിങ്ങണ ചിലതുണ്ടാവും ടീച്ചർക്ക്. ആളും കൊട്ടും കുരവയും കേട്ടപ്പോൾ എളകീതാ.”
“ഞാനിനി അങ്ങട്ട് എന്തായാലും കുട്ടനെ പറഞ്ഞയക്കില്ല”
“വേണ്ട, എങ്ങാനും അങ്ങനെ ചെയ്യാൻ തോന്ന്യാലോ!”
ടീച്ചറെ കൊണ്ടുവന്നത് ഒരു കാറിലായിരുന്നു. വീടുവരെയുള്ള വെട്ടുവഴിയിലൂടെ കാറുകൾക്ക് കുന്നുകയറാനാവാത്തതിനാൽ മുച്ചങ്കല്ലിനു താഴെ നിർത്തി. ടീച്ചർ വളരെ മെല്ലെയായിരുന്നു നടന്നത്. മുഖം നീരുവച്ചപോലെ ംലാനം. കൂടെ ജടകെട്ടിയ മുടിയും വളർന്നയഞ്ഞ താടിയുമായി ഗോപിയേട്ടൻ. ഇത്തിരി പ്രായംചെന്ന ടീച്ചറുടെ അമ്മ. ടീച്ചറെ ഞങ്ങളുടെ വീടിന്റെ ഇറയത്ത് അല്പനേരം ഇരുത്തി. അമ്മ ഒരു ഗ്ലാസ് വെള്ളം കുടിപ്പിച്ചു.
“ആളങ്ങു മിടുക്കിയായല്ലോ” എന്നൊക്കെ അമ്മ പറയുകയാണ്. അത്തരം ആശ്വാസ വചനങ്ങളുടെ അപകടങ്ങളെപ്പോലും ഞാനിന്നു തിരഞ്ഞുപോകുന്നു.
ഞങ്ങൾ പലതവണ കാണുകയുണ്ടായി. അപ്പോഴെല്ലാം അച്ഛനോ അമ്മയോ കൂടെയുണ്ടായിരുന്നു. എന്നെ മറച്ചുപിടിക്കാൻ അമ്മ അവുന്നത്ര ശ്രമിച്ചു. ടീച്ചറും എന്നെ കണ്ടെന്ന രീതി നടിച്ചില്ലെന്നായിയിരുന്നു ജനലിലൂടെയുള്ള കുഞ്ഞറിവുകൾ തലയിലേയ്‌ക്ക് പെരുത്തത്. ഞാനൊന്ന് മുന്നാക്കം പോകണമായിരുന്നു. അമ്മയെന്നെ പിന്നിലേയ്‌ക്കു വലിച്ചു. അച്ഛനെന്നെ നോക്കി. എന്നാലും, എന്റെ കുഞ്ഞുജനാല തുറന്നുകിടന്നു. ദൂരെ എന്റെയും കിനാവുകളുണ്ടായിരുന്നു. മരച്ചില്ലകൾ ചാഞ്ഞുചാഞ്ഞുകിടന്നതും വാഴയിലകൾ വെയിലിലേയ്‌ക്ക് മുറിഞ്ഞതും പ്രതിബന്ധങ്ങളായിരുനില്ല. എനിക്കു കാണാമായിരുന്നു. അവർ ടീച്ചറെ കുളക്കടവിലേയ്‌ക്ക് കൊണ്ടുപോയി. ദിവസവും അങ്ങനെ കുളിപ്പിക്കണമായിരുന്നു. ടീച്ചറുടെ അമ്മ വാഴയിലയിൽ കുഴച്ചെടുത്ത മരുന്നുകൾ ദേഹമാസകലം തേച്ചുപിടിപ്പിക്കും. തലയിലേയ്‌ക്ക് പച്ചമരുന്നും എണ്ണയും വാരിവയ്‌ക്കും. ടീച്ചർ കൂടുതൽ സുന്ദരിയാവുകയായിരുന്നെന്ന് ഇന്നെനിക്ക് കാണാൻ കഴിയും. ടീച്ചറെ കുളത്തിലേയ്‌ക്ക് മുക്കുമ്പോൾ രണ്ടുപെണ്ണുങ്ങൾ പിടിച്ചിരുന്നു. എങ്ങനെ നീന്തിയിരുന്നതാണ്. എനിക്കുവേണ്ടി മുങ്ങാങ്കുഴി ഇടണമായിരുന്നു. ശ്വാസം പിടിച്ചുപിടിച്ച് കുഴയണമായിരുന്നു. പുറത്തേല്‌ക്കണമായിരുന്നു. തോണിയാകണമായിരുന്നു. ഓരോരോ താമരപ്പൂക്കളെ തൊട്ടുവിരിയിച്ചെന്ന് ചിരിയ്‌ക്കണമായിരുന്നു. ഇടയ്‌ക്കൊക്കെ അമ്മ അവിടേയ്‌ക്ക് പോയി. ഞാനതങ്ങനെ കണ്ടു. അതൊക്കെയും എനിക്കുകാണാൻ മാത്രമായിരുന്നു. അവിടേയ്‌ക്കു നോക്കുന്നതിനെ അമ്മ തടഞ്ഞില്ല. കാരണം അതെന്റെ ജനാലയായിരുന്നു. അമ്മയാ ജനാല അടച്ചില്ല. കാരണം അതെന്റെ കാഴ്‌ച്ചയായിരുന്നു.
അസുഖമൊക്കെ പൂർണമായും ഭേതമായെങ്കിലും ടീച്ചർ സ്‌ക്കൂളിൽപോക്ക് നിർത്തിയെന്നു വന്നു. രണ്ടു മൂന്നു തവണ ഹെഡ്‌മാസ്‌റ്ററും ജയന്തി ടീച്ചറും റോസമ്മടീച്ചറും മറ്റും അവിടം സന്ദർശിച്ചു. ഒരു ദിവസം കുഞ്ഞിമേരി ടീച്ചർ എന്റൊപ്പമാണ് വന്നത്. അമ്മയപ്പോൾ അരകല്ലിനോടായിരുന്നു. ഇത്തിരി തേങ്ങ, ഉണക്കമുളക്, മഞ്ഞൾ.
“ടീച്ചർ കയറിയിരിക്ക്. ഇതൊന്നരച്ചെടുത്താ ഞാങ്കൂടി വരാം”
“അയ്യോ! അതൊന്നും വേണ്ട. വൈഷ്ണവു വരില്ലേ കൂടെ.”
ഞാനപ്പോൾ ചായിപ്പിന്റെ തൂണിനോടായിരുന്നു.
“കുട്ടാ ഒന്നു ലളിതമ്മേന്റെ വീടു കാട്ടി വന്നേ.”
“അവിടധികം തങ്ങണ്ട. ടീച്ചറിന്റൊപ്പം തിരിച്ചുപോന്നോ”
ഞാനകത്തു കയറിയില്ല. പുറത്തു മണ്ണിരകളോടായിരുന്നു. അവിടെ എനിക്കും ടീച്ചർക്കും മാത്രമറിയാവുന്ന കുഴിയാന കൂടുകളുണ്ടായിരുന്നു.
“കുട്ടാ നമ്മുടെ ആനവളർത്തൽകേന്ദ്രം നീ നോക്കിയോ?”
പിന്നിൽ നിന്നാണ്. എന്റെ മണ്ണിൽ കളിച്ച ചെളിപുരണ്ട കൈകൾ കഴുകിയെടുക്കുമ്പോൾ നല്ലോണം വെളുക്കുമായിരുന്നു. അവയെ മുഖത്താകെയിളക്കി ചുംബിക്കും. എന്റമ്മ ഒരിക്കലും അങ്ങനെ ചെയ്‌തില്ല. കുഞ്ഞിമേരിടീച്ചറെ കാത്ത് ഞാനവിടെ നിന്നില്ല. തിരിച്ചിറങ്ങിയ ഒരോ കറുത്ത പടവിലും പച്ചയലങ്കാരങ്ങൾ വിരിഞ്ഞിരുന്നു. എന്തു മിനുസമായിരുന്നു. പഞ്ഞിയെക്കാൾ മാർദവമായിരുന്നു അവയ്‌ക്ക്. ഞങ്ങൾക്കതിൽ തഴുകിയിരിക്കാൻ എന്തുകൊതിയായിരുന്നു. എന്നാലൊരു ദിവസം തനിയെ ടീച്ചറെ തേടിപ്പോകണമെന്നായി. ഒരുപാടു പറയണമായിരുന്നു. വിങ്ങിവിങ്ങി നിറയുകയായിരുന്നു. ഉമ്മറത്തിരുന്ന ടീച്ചറും നടകയറുന്ന ഞാനും ഉള്ളറിഞ്ഞു കണ്ടു.
“വാ ലളിതമ്മേന്റെ വിഷ്ണൂട്ടൻ വാ.”
അങ്ങനെ; കണ്ടുകണ്ടു നിന്നു.
ഓർമ്മകളിൽ, കടലമിഠായിയുടെ മധുരം നക്കിപ്പിക്കുകയും വലിച്ചകറ്റി കളിപ്പിക്കുകയും ചെയ്‌തു. മടിയിൽ കിടത്തി, കുരങ്ങുകുരങ്ങെന്നൊക്കെ ഗോഷ്ടികാട്ടി തലയിലെ പേൻനോക്കി. അന്നുവരെയുള്ള സംബോധനകൾക്ക് വിരുദ്ധമായി അന്നാദ്യമായി ഞാൻ ‘ടീച്ചറേ’ എന്നു വിളിച്ചു. അവിടെ, കടലുകളെക്കാൾ പരപ്പാർന്ന വിടവുപോലെ ഞങ്ങൾ വേറിട്ടുപോയി. പിന്നെ, സാരിയുടെ കുരുക്കിലേയ്‌ക്ക്, മുതുമുത്തച്ഛന്റെ കത്തിക്കരിഞ്ഞ പത്തായപ്പുരയുടെ അപ്പുറത്തെ ചിതയിലേയ്‌ക്ക് എല്ലാം മാഞ്ഞുതീരാൻ ഒരുങ്ങവെ കുറ്റിക്കാട്ടിൽ നിന്നൊരു ചെമ്പോത്ത് എന്നെ വിളിക്കുകയായിരുന്നു.
‘കൂട്’ കൂടെന്ന്.
ശേഷം, കരിനീലിച്ച് അമ്മയുടെ മടിയിൽ. അമ്മയെന്നെ കുലുക്കി വിറച്ചുകൊണ്ട് കുട്ടനെന്തിനാ ഇപ്പം കാട്ടിലേയ്‌ക്ക് പോയേന്ന്.
“ചെമ്പോത്ത്……..ലളിതമ്മ……….പാമ്പ്”
അമ്മ അലറിവിളിച്ചു. എന്റെമൂക്കിലെ ചീഞ്ഞ കരുതലുകൾ അമ്മയുടെ കവിളിലേയ്‌ക്ക് അളിഞ്ഞമർന്നു. അമ്മയെന്നെ ചുംബിച്ചുകൊണ്ടിരുന്നു. അമ്മയുടെ കണ്ണുകൾ മൃതസഞ്ജീവനിയുടെ കറുത്ത ഇലകൾപോലെ എന്നെ മൂടി.
(എന്റെ ആത്മമിത്രം വൈഷ്ണവിന്റെ അന്ത്യനിമിഷങ്ങളാണു നിങ്ങൾ ഒടുവിൽ വായിച്ചത്. അവൻ പുനർജ്ജനിക്കുകയായിരുന്നു. എന്നിലൂടെ വളരുകയും കിനാവുകളിൽ അഭിരമിക്കുകയും ബാല്യം ചികയുകയും ചെയ്‌തു. എന്നാൽ, കുമ്പസാരവും കുർബ്ബാനയുമില്ലാതെ കൊന്തയിട്ടുനടക്കുന്ന എന്നെ കള്ളനസ്രാണിയെന്നു വിളിക്കാൻമാത്രം സ്വതന്ത്രനും. ഞാനവന്റെ വീട്ടിൽ പോയിട്ടുണ്ട്. താമസിച്ചിട്ടുണ്ട്. എന്നെ കാണുന്നത് വൈഷ്ണവിനെ കാണുന്നതുപോലെയാണെന്ന് അമ്മ ഒരുപാടു തവണ പറഞ്ഞിട്ടുണ്ട്. ഊട്ടുന്നതും ഉറക്കുന്നതും സ്പർശിക്കുന്നതും അങ്ങനെ. കാലങ്ങൾക്കുശേഷം അവന് ലക്ഷ്‌മിയെന്ന അനുജത്തിയുണ്ടായി. കഥകളും കൊണ്ടു വളർന്നു വൃദ്ധനായ കുമാരേട്ടനെ വീണ്ടെടുത്ത് എന്റെ പറമ്പിന്റെ കൊത്തിക്കിളപ്പുകാരനാക്കി. തെങ്ങിലും കവുങ്ങിലും ചവറിലും ചൂടുകഞ്ഞിവെള്ളവുമായി പിൻചെന്നു. വൈഷ്ണവിനോട് ലളിതമ്മ എന്ന വിളിയിൽ നിന്നും ഇപ്പോഴും മാറിനടക്കേണ്ടതിനെക്കുറിച്ച് ചോദിച്ചില്ല. നിനക്കു ടീച്ചറെ കാണാമല്ലോയെന്ന് സംശയിച്ചപ്പോൾ ആത്മാവുകളുടെ നൈരന്തര്യപ്രവർത്തനങ്ങളെക്കുറിച്ച് അവൻ കൂടുതൽ വാചാലനായില്ല. പകരം ശരീരത്തോട് സമാസപ്പെടാതെ ആത്മാവെന്ത് എന്ന കാഴ്‌ച്ചപ്പാടിൽ എന്നോട് കൂട്ടായതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കൽ ടീച്ചറുടെ അസ്ഥിത്തറയിലേയ്‌ക്ക് ഉറുമ്പുകൾ വെട്ടിത്തെളിച്ച പാത അവനെനിക്കു കാട്ടിത്തന്നു. ശരീരത്തിൽനിന്നും ആത്മാവിലേയ്‌ക്ക് പടർന്നുകയറുന്ന ഉറുമ്പിന്റെ വൻനിര. മിന്നൽപോലെ ഒരു കാഴ്‌ച്ചമാത്രം. എന്നാൽ, എന്നെവിട്ടു പോകുന്നതിനെക്കുറിച്ച് അവനിന്ന് ചിന്തയുണ്ടോ?! അവൻ പോകട്ടെ. പടരട്ടെ. പലതാകട്ടെ. എന്നിലൊരു വിശ്വാസം ഉടലെടുത്തിട്ടുണ്ട്. അവൻ ഇനിയും ജീവിക്കുമെന്ന്!)
(അവസാനിച്ചു)
*ചെമ്പോത്ത് = ഉപ്പൻ പക്ഷി.
Generated from archived content: story1_june17_08.html Author: naveen_george