ഒരു കത്തും കൈതച്ചക്കയും

‘ചീഞ്ഞതക്കാളി’ യെന്നു കുറ്റപ്പേരുള്ള മായ മാർഗരറ്റിന്‌ ‘കൈതച്ചക്ക’ യെന്നോമനപ്പേരുള്ള അമല പൗലോസ്‌ കൈകൊടുക്കാൻ എഴുന്നേറ്റു. ‘ഇന്നു നീ പോവ്വല്ലേടാ… എനിക്കു മോണിങ്ങാ’. അതുവരെ തെരേസയുടെ തുടയിൽ തലവെച്ച്‌ കിടക്കുകയായിരുന്നു. തെരേസ ഉച്ഛ്വാസനിശ്വാസങ്ങളിൽ താളാത്മകമായ വികാരപ്പെരുകലുകൾ സൃഷ്‌ടിച്ച്‌ പ്രതിശ്രുതവരനുമായി സെൽഫോൺചാറ്റിംഗ്‌ നടത്തുന്നു. മായയെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ അമല പിന്നെയും തെരേസയുടെ മടിയിൽ കിടന്നു. പാവം മായക്കുഞ്ഞിനെ ഗോവയിൽവച്ച്‌ ഒരു സായിപ്പു പറ്റിച്ചു. ചുളുവിൽ അമേരിക്കയ്‌ക്കു പോകാമെന്നു കരുതി. കുന്നായ്‌മക്കാരി ഷൈനി പറയും

“അഴിഞ്ഞാടി നടന്നിട്ടല്ലേ?. ഇപ്പഴും അവളുടെ സ്വഭാവത്തിനു വലിയ മാറ്റമൊന്നുമില്ല.”

അവളെക്കുറിച്ചാവും അബ്‌ദുള്ള കേട്ടിട്ടുണ്ടാവുക. അവന്റെ താവളത്തിൽ പുകയുന്ന ഗോസിപ്പുകൾ. ‘ഈ നേഴ്‌സുമ്മാരെക്കുറിച്ച്‌ നിനക്കറിയാഞ്ഞിട്ടാ’ അങ്ങനെയൊന്നിനെക്കുറിച്ചാണ്‌ അവൻ പറഞ്ഞത്‌. കൂട്ടങ്ങൾ പരസ്‌പരം പരദുഷണം പറയുകയും ഉന്മാദിക്കുകയും ചെയ്യുകയാണ്‌.

“എടീ… ഈ ഡ്രൈവേഴ്‌സിനെ ഒറ്റയെണ്ണത്തിനെ വിശ്വസിച്ചുപോകല്ലേകേട്ടോ.

അധികം കൊഞ്ചിക്കുഴയാൻ പോകാതെ സ്വന്തം കാര്യം നോക്കിനിന്നാൽ അവനോനുകൊള്ളാം”

അബ്‌ദുള്ളയെക്കുറിച്ച്‌ തനിക്കങ്ങനെ തോന്നിയിട്ടില്ല. ജീവിതത്തിലെ ഒരുപാടു പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്‌തവൻ. ഇപ്പോഴാണ്‌ ‘മാന്യമായയൊരു’ ശമ്പളത്തിന്‌ ജോലിക്കു കയറിയത്‌. മൂല്യങ്ങളെ ആരുടെ മുമ്പിലും അടിയറവെച്ചില്ല. താനും.

ചെക്ക്‌-ഇൻ കഴിഞ്ഞപ്പോൾ ഒരു കൈവീശലിനപ്പുറം അവൻ മാഞ്ഞുമറഞ്ഞെന്ന്‌ അവളറിഞ്ഞു. ഹാൻഡ്‌ ബാഗിൽ അവൻ തന്ന പൈനാപ്പിൾ കഷണങ്ങൾ. പ്ലെയ്‌നിൽ കയറുംമുൻപു കാലിയാക്കണം. ബാഗിന്റെ മറ്റൊരുകള്ളിയിൽ ടിക്കറ്റും പാസ്‌പോർട്ടും ഭദ്രമായി വച്ചു. അവൻ തന്ന കത്ത്‌. അതവിടെത്തന്നെയില്ലേ?.

അവനോട്‌ നൂറുതവണ പറയേണ്ടിവന്നു. ഉപദേശിച്ചു. ഉമ്മ, പെങ്ങൾ, അനുജത്തി, കുഞ്ഞനുജത്തി, അവൻ എല്ലാവരെക്കുറിച്ചും പറഞ്ഞതാണ്‌. “കത്തെഴുതാൻ ഇതുവരെ തോന്നീറ്റ്‌ല്ല.” അമലയ്‌ക്ക്‌ കത്തെഴുതുന്നതിനെക്കുറിച്ച്‌ നല്ല അഭിപ്രായമാണ്‌.

അവളത്‌ മുടങ്ങാതെ അനുവർത്തിക്കുകയും ചെയ്‌തു. സ്വന്തം കൈപ്പടയിലൂടെ…… അക്ഷരത്തെറ്റുകളിലൂടെ….. വെട്ടിത്തിരുത്തലിലൂടെ…… വിഡ്‌ഢിത്തരത്തിലൂടെ…. “നിനക്കെന്താ അക്ഷരമറിയില്ലേ?”

“അതൊന്നും അറിയാഞ്ഞിറ്റല്ല. നമ്മുടെ കഷ്‌ടപ്പാടുകൾ വീട്ടുകാരെ എന്തിനറീക്കണംന്ന്‌ കരുതി ”

തെരേസ വല്ലപ്പോഴുമേ എഴുതൂ. റൂബിയത്തിന്‌ ഫോൺവിളി മാത്രം. ഷൈനിക്ക്‌ ചാറ്റിംഗ്‌ ചാറ്റിംഗ്‌. അവൾക്കതിനുള്ള കോപ്പുകളുണ്ട്‌. കൂട്ടത്തിൽ അവർ ചേച്ചിയെന്നു വിളിക്കുന്നത്‌ മടുപ്പിക്കുന്നുണ്ടെങ്കിലും വഴങ്ങിക്കൊടുക്കാതിരിക്കാൻ ആവില്ല. വയസ്‌ മുപ്പതുകഴിഞ്ഞില്ലേ. രണ്ടിന്റെ വാലിൽ നിലനില്‌ക്കുകയെന്ന ആനുകൂല്യം ഇനിയില്ല. പുതിയപുതിയ പിള്ളേർ വരുന്നു. അവരെ മുത്തിയെടുക്കാനും കൊത്തിക്കൊണ്ടുപോകാനും ചുണക്കുട്ടന്മാർ വരുന്നു.

തെരേസ പറഞ്ഞു.

“ഇത്തവണ എന്തായാലും എല്ലാം ശരിയാകും ചേച്ചീ. ഞാൻ രണ്ടു നൊവേന കൂടുതൽ ചൊല്ലുന്നുണ്ട്‌”

അവളുടെ നൊവേന ചൊല്ലൽ. മാതാവിന്റെ നൊവേന.

“ഞാനും കുറേ ചൊല്ലിയതാ മോളേ. യോഗമില്ലെങ്കിൽ ഒരു നൊവേനയും ഫലിക്കില്ല.”

അമല പൗലോസ്‌. അവൾ പാസ്‌പോർട്ടിലെ പേര്‌ തിരിച്ചും മറിച്ചും വായിച്ചുനോക്കി. അതിലെ ഫോട്ടോ. ആറുവർഷമാകാറായില്ലേ കുട്ടീ. എന്തു കുട്ടിത്തമായിരുന്നു നിനക്ക്‌. അതിനും കുറച്ചു പിന്നിൽ. നീ തീരെ മെലിഞ്ഞതായിരുന്നു. നിന്റെ കണ്ണുകൾ തളർന്നിരുന്നു. അന്നതൊരു പോരായ്‌മയായിരുന്നു. എന്നാൽ അതിലേയ്‌ക്ക്‌ തിരിച്ചുപോകാൻ നിനക്ക്‌ കൊതിയല്ലേ?. തെരേസ നൊവേന ചൊല്ലിച്ചൊല്ലി ചെക്കനെ ആവാഹിച്ചുകഴിഞ്ഞു. അടുത്തു തന്നെ മനസമ്മതം കഴിയും. കല്യാണം കഴിയും. ഇവിടെ തിരിച്ചെത്തും. പുതിയൊരു ഫ്ലാറ്റെടുത്ത്‌ താമസം മാറും.

“ചേച്ചീ എനിക്കിതുവല്ലതും വിധിച്ചതാണോ. എത്ര നല്ല ചെക്കനാണ്‌ സ്വരൂപ്‌. എന്നെയവന്‌ ശരിക്കും മനസിലാവും”. പാകവും പക്വവുമായ പ്രായം. ഇരുപത്തിമൂന്നുവയസ്‌. അവൾ ഗൾഫിൽ വന്നിടധികമായില്ല. തന്റെയാ പ്രായത്തിൽ അപ്പച്ചൻ പറഞ്ഞു. ഇങ്ങോട്ടുവന്ന ആലോചനയാണ്‌. നല്ല പിടിപാടുള്ളവർ. പയ്യൻ നല്ലവനെന്ന്‌ ഇടനാഴികൾ, തെങ്ങോലകൾ, നെഞ്ചുകൂടുകൾ, മിടിപ്പുകൾ.

“അമലൂ, നിനക്കതിനധികം പ്രായമൊന്നുമായിട്ടില്ല. നിന്നെ മൂത്തുനരയ്‌ക്കാനൊട്ടു വിടുകയുമില്ല. രണ്ടു വർഷം കൂടി ജോലി ചെയ്യ്‌.” കഴിഞ്ഞവർഷത്തെ ആലോചനക്കോലാഹലങ്ങൾക്കിടെ അതേ അപ്പച്ചൻ. “ഇവൾക്കതിനാരെയും ബോധിക്കില്ലെന്നുവെച്ചാ ഞാനെന്തു ചെയ്യും?.”

എങ്ങനെ ബോധിക്കും. സങ്കൽപങ്ങൾ ഇടിഞ്ഞിടിഞ്ഞുവരുകയാണ്‌. കാലുകൾ ഉറച്ചുപോകുന്നു. പുതിയ വീട്‌, കിണറ്‌, സ്ഥലം, പുന്നാരാങ്ങളയ്‌ക്ക്‌ ജീപ്പ്‌, ആരെയും ഏതുവിധേനയും വളച്ചൊടിക്കാമെന്നും വഴിതിരിച്ചുവിടാമെന്നും വന്നിരിക്കുന്നു.

അങ്ങനെ ആജ്ഞകൾക്ക്‌ അതീതയാണെന്നത്‌ അപകടകരമായൊരു ചുഴിയിലേയ്‌ക്ക്‌ വലിച്ചെറിയപ്പെടലാണോ? അതവൾ തിരിച്ചറിയുന്നുണ്ടോ? അപ്പച്ചൻ തളർന്നുകഴിഞ്ഞു. ശബ്‌ദം ക്ഷയിച്ചുപോയി. “നിനക്കിഷ്‌ടമുള്ളതുപോലെ ചെയ്യാം. മഠത്തിൽ പോകണമെങ്കിൽ അങ്ങനെ. അല്ല ഇങ്ങനെ നിന്നുപിഴയ്‌ക്കണമെങ്കിൽ……..” വേദന കടിച്ചമർത്തുകയാണ്‌. ഈ വിഷയത്തിൽ ഒരു പിതാവിന്റെ ദുഃഖം അനുപമമാണ്‌. കന്യാസ്‌ത്രീമഠത്തിന്റെ ഇരുണ്ടകോണുകളോട്‌ കുരിശുകളോട്‌ സമരസപ്പെടാൻ ഒരിക്കലുമാവില്ല. ചിലപ്പോൾ ഒരു കരിസ്‌മാറ്റിക്ക്‌ ഗായകസംഘത്തിൽ അംഗമാവുന്നതിനെക്കുറിച്ചും പ്രേക്ഷിതപ്രവർത്തനം

നടത്തുന്നതിനെക്കുറിച്ചും ചിന്തിച്ചുപോകാറുണ്ട്‌. ജീവിതത്തിൽ സുരക്ഷിതരല്ലെങ്കിലും സുരക്ഷിത്വബോധം ശക്‌തമായി നിലനില്‌ക്കുന്നതുകൊണ്ട്‌ ഉള്ളിലൂറിത്തെളിയുന്ന ഒരു ഭയമുണ്ട്‌. ഒറ്റപ്പെടുകയാണ്‌. സ്വൈരതയുടെ പുറംകുപ്പായത്തിനുള്ളിൽ ഒളിഞ്ഞിറുക്കുന്ന കൂച്ചുവിലങ്ങുകൾ. കൈതച്ചക്ക കഷണത്തോട്‌ ചുണ്ടുകൾ ചുംബനസമാനം വിലങ്ങിനിന്നപ്പോൾ തൊണ്ടയിലൊരു പുളിപ്പ്‌ അരിച്ചിറങ്ങി. ആളുകൾ കാണുന്നതുമാത്രമാണ്‌ പ്രശ്‌നം. അടുത്ത സീറ്റിലിരുന്ന തടിയൻ ചെറുക്കൻ രണ്ടു ബർഗ്ഗറുകൾ ഒന്നിച്ചകത്താക്കാനുള്ള ശ്രമത്തിലാണ്‌. അതിനിടെയവന്റെ അമ്മ ഒരു പെപ്‌സിക്കുഴൽ തിരുകിക്കയറ്റുന്നുണ്ട്‌. അവന്‌ ശ്വാസം മുട്ടുന്നുണ്ടോ?

അവൻ എല്ലാവരേയും നോക്കുന്നുണ്ട്‌. ഒരു ‘ബർഗ്ഗറോ’ ‘പിസ’​‍്സയോ ആയിരുന്നെങ്കിൽ ഇതിലും ലാഘവത്തോടെ താനും കഴിക്കുമായിരുന്നു. എന്നാലുമിത്‌ തനിക്കേറ്റവും ഇഷ്‌ടപ്പെട്ടത്‌. ഈയ്യിടെയായി ഏറ്റവും സമ്മതനായ ആൾ വാങ്ങിത്തന്നത്‌. ഒരാൾ തന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾതിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു!

അമലയുടെ പൈനാപ്പിൾകൊതിയിലും അബ്‌ദുള്ളയുടെ മുൻപിലുള്ള കൊഞ്ചിക്കുഴയലിലും അസ്വാഭാവികതയുടെ പരപ്പ്‌ കൂട്ടുകാരികൾ കണ്ടുപിടിച്ചു. അമലയുടെ സ്വഭാവശുദ്ധിക്കു മുന്നിൽ ചോദ്യചിഹ്നങ്ങളിട്ട്‌ അവർ കാത്തിരുന്നു. എങ്കിലും, വെള്ളിയാഴ്‌ച്ച അവൾക്കിത്തിരി സ്വാതന്ത്ര്യം കൊടുക്കാനുള്ള കൗതുകവും അവർ കാട്ടി. വെള്ളിയാഴ്‌ച്ച കുർബ്ബാനയ്‌ക്കു പോകുമ്പോഴാണ്‌ അവളൊറ്റയ്‌ക്കാവുക. എല്ലാവരും നാലുമണി കുർബ്ബാന തിരഞ്ഞെടുക്കും. രാവിലെമാത്രം കിട്ടുന്ന ചെറുതണുപ്പിൽ പുതച്ചുമൂടിക്കിടപ്പാണ്‌ പൊതുവിൽ സ്വീകാര്യമായത്‌. അതിനെ മറികടന്ന്‌ അമല അതിരാവിലെയുണരുന്നത്‌ എന്തിനാണ്‌? അവളെ മാത്രം കൊണ്ടുപോകാൻ അബ്‌ദുള്ള മടിപറയാതെത്തുന്നത്‌ എന്താണ്‌?. ഇല്ല അങ്ങനെയൊന്നുമില്ല. അവർ പരസ്‌പരം വിശേഷങ്ങളും സങ്കടങ്ങളും ഉരുവിടുകമാത്രം….. ചിലദിവസം കട്ടുറുമ്പുകളെപ്പോലെ ചിലർ എണീച്ചുവരും. തെരേസ പറയും ‘ചേച്ചീ വേണ്ട ചേച്ചി’ അവൾക്കു ഭയമാണ്‌.

‘ഇല്ലെടീ അങ്ങനെയൊന്നുമില്ല…’

അബ്‌ദുള്ളയുടെ നൊമ്പരങ്ങൾ തന്നിലേയ്‌ക്കു പടരുന്നത്‌ അറിയുന്നുണ്ടെങ്കിലും അവൾ തീർച്ചപ്പെടുത്തും. ‘ഇല്ലെന്നേ, അങ്ങനെയൊന്നും……’ ഒരിക്കൽ പള്ളിയിൽ കയറാതെ അവർ ഏറെനേരമിരുന്ന്‌ സംസാരിച്ചു.

ഒരറബിയുടെ ഡ്രൈവറായിരുന്നു അബ്‌ദുള്ള. വളരെ തുച്ഛമായ വേതനം. അയാളുടെ മകനെ സ്‌ക്കൂളിൽ കൊണ്ടാക്കുക. പാർക്കിൽ കൊണ്ടുപോകുക. വെറുതെയിരിക്കുമ്പോൾ പയ്യൻ പിന്നിൽനിന്നും കൈമടക്കി കുത്തുകയും കഴുത്തിൽ കടിക്കുകയും ചെയ്യും. അതവൻ സ്‌നേഹിക്കുന്നതാണ്‌. ഒരു മാനുടലിൽ പുലിത്തലപോലെ കുതറുകയും മുരളുകയും ചെയ്യും. വണ്ടി അതിന്റെ വഴിയേ നീങ്ങും. എന്തുവന്നാലും ‘വളയം’ അവനുകൊടുക്കരുതെന്നാണ്‌ പ്രമാണം. പക്ഷേ, വേഗതയേറിയ ട്രാക്കിൽ കയറുമ്പോൾ പയ്യന്‌ കൊതിയേറും. അബ്‌ദുള്ള സമ്മതിക്കാതെയാവുമ്പോൾ മുഖത്ത്‌ തുപ്പുകയും തലപിടിച്ച്‌ വളയത്തിലിടിപ്പിക്കുകയും ചെയ്യും. ‘ഇല്ല തിരിച്ചൊന്നും ചെയ്യാനാവില്ല.

ഉമ്മയെ ഓർമ്മിക്കണം. കുഞ്ഞുപെങ്ങളെ ഓർക്കണം. മൂത്തോൾക്ക്‌ ഒന്നും കൊടുത്തിട്ടില്ല. അവളുടെ മാപ്പിളയെ കൊണ്ടുവരാന്ന്‌ വാക്കു കൊടുത്തതാണ്‌. അവനവിടെ മത്തിവിറ്റു നടക്കുകയാണ്‌. ഒരുകാര്യം. ആർക്കുമറിയാത്തത്‌. ആരും ചിന്തിക്കാത്തത്‌. ഇതിലുമിരട്ടി ചിലനേരങ്ങളിൽ അവനവിടെ ഉണ്ടാക്കുന്നു.’ എന്നാലുമെന്നാലും ഒട്ടും പ്രതികരിക്കാനാവില്ല. സഹികെടുമ്പോൾ അബ്‌ദുള്ള വഴങ്ങിക്കൊടുക്കും. പയ്യന്റെ

ആക്രമണസ്വഭാവം വാഹനത്തിന്റെ സന്തുലനത്തെ തകിടംമറിക്കും. ഒരുദിവസം വിളക്കുമരത്തിലിടിച്ച്‌ രണ്ട്‌ വെയ്‌സ്‌റ്റു പാത്രം തട്ടിത്തെറിപ്പിച്ച്‌ ഒരു വീടിന്റെ മതിലിലിടിച്ച്‌ വണ്ടി നിന്നു.

അന്നബ്‌ദുള്ളയെ പട്ടിണിക്കിട്ടു. പ്രാകൃതമായി ഒരു തൂണിൽ കെട്ടിയിട്ട്‌ ചാട്ടകൊണ്ട്‌ അടിക്കാൻ തുടങ്ങി. എന്തിനെയും നിഷ്‌ഠൂരമായിങ്ങനെ ഉപദ്രവിക്കാൻകിട്ടുന്ന ഒരവസരവും അയാൾ പാഴാക്കില്ല. അറബിപ്പയ്യന്റെ കൈ ഒടിഞ്ഞിരുന്നു. തല പൊട്ടിയിരുന്നു. അബ്‌ദുള്ളയ്‌ക്ക്‌ ഒരു പരുക്കും പറ്റാഞ്ഞതിലാണ്‌ അവർക്കേറ്റവും സങ്കടമെന്ന്‌ തോന്നിപ്പോകും. അടിയുടെ നേരമത്രയും പയ്യന്റെ വായിലേയ്‌ക്ക്‌ ഒരു പൊരിച്ച

കോഴിയെ അപ്പാടെ നീട്ടിപ്പിടിച്ച്‌ അറബിയുടെ പാചകക്കാരൻ കുനിഞ്ഞുനിന്നു. പയ്യനതു കടിച്ചുവലിക്കുകയും കൂക്കിവിളിക്കുകയും ചെയ്‌തു. ഇടയ്‌ക്കയാൾ നാനാതരം പഴങ്ങൾ അവന്റെ വായിൽ തിരുകിക്കയറ്റി. അടികഴിഞ്ഞഴിഞ്ഞ്‌ നിലത്തുവീഴുംവരെ അബ്‌ദുള്ള കരയില്ലെന്ന വാശിയിൽ തന്നെ പിടിച്ചുനിന്നു. പയ്യൻ സുഖമുള്ള ഇടതുകൈകൊണ്ട്‌ ഒരീന്തപ്പഴം എടുത്തു മുഖമുയർത്തി. പാചകക്കാരൻ അതുവാങ്ങി അബ്‌ദുള്ളയുടെ

ചുണ്ടിൽ തിരുകിക്കയറ്റി. അപ്പോൾ കണ്ണിന്റെ ഉൾക്കുഴികളിൽനിന്നും സർപ്പത്തെപ്പോലെ കണ്ണുനീർ. അവൻ മണ്ണിൽ മൂക്കുരസി ഉടലുലച്ച്‌ ഞെളിപിരികൊണ്ടു. തോറ്റമ്പിയ വിഷത്തുള്ളികൾ വീണൊലിച്ചുപോയ വഴിതുടച്ച്‌ അവൻ മണ്ണിൽതന്നെ കിടന്നു. അടിമേളങ്ങൾ കിളിവാതിലിലൂടെ വീക്ഷിച്ചുനിന്ന അറബിപ്പെണ്ണുങ്ങൾ വാതിലടച്ച്‌ മടങ്ങി. രാത്രിയവന്‌ ബിരിയാണിയും പഴച്ചാറുകളും ലഭിച്ചു. രാവിലെതന്നെ അറബിയിൽ

മാനസാന്തരത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. അയാളവനെ വിളിച്ചുവരുത്തി തോളത്ത്‌ കൈതട്ടി. തന്റെ വിലകൂടിയ കാറിൽകയറ്റികൊണ്ടുപോയി. ഒരാശുപത്രിയിൽ ജോലിക്കുകയറ്റി. അവിടുന്നു മറ്റൊരിടം. സ്വാതന്ത്ര്യം!. എങ്കിലും അയാളിൽ അങ്ങനെയൊരു ഭാവമുണ്ടായിരുന്നു. ‘എനിക്കുനിന്നെ ഏതളവുവരെ ശിക്ഷിക്കാനും അങ്ങേയറ്റം രക്ഷിക്കാനും കഴിയും’ അയാളെ ദൈവമെന്നുവിളിക്കണോ. ഇന്നുമവനറിയില്ല; അയാളുടെ മാനസാന്തരത്തിനുപിന്നിലെ രഹസ്യം. അതെ ദൈവമെന്നു വിളിക്കണം. മുൻപിൽ നില്‌ക്കുമ്പോൾ തലകുനിക്കണം.

മൊബൈൽഫോൺ പ്രകാശിച്ചുണർന്നു. ‘റിംഗ്‌ ടോണുകൾ’

ആത്മസംഘർഷത്തിന്റെ ബഹിർസ്‌ഫുരണമായി. തെരേസയും അബ്‌ദുള്ളയും വിളിച്ചു. ‘കയറിയില്ലേ?. ക്യൂവിലാണോ?.’ നാട്ടിൽനിന്നും അനിയൻ. മാറ്റമില്ല. എല്ലാം പറഞ്ഞപോലെ തന്നെ സംഭവിക്കും. കയറിക്കഴിഞ്ഞിട്ട്‌ മിസ്സടിക്കാം. കൈതച്ചക്കയ്‌ക്ക്‌ നല്ല മധുരം. അവളെ അലട്ടാൻ തുടങ്ങിയ മറ്റൊരു പ്രശ്‌നം അബ്‌ദുള്ളയുടെ കത്തായിരുന്നു. എന്തായിരിക്കും ചെക്കൻ തന്നെക്കുറിച്ച്‌ എഴുതിയിട്ടുണ്ടാവുക. ഒന്നുമെഴുതിയില്ലാന്നു വരുമോ? ഒരു കൈതച്ചക്കകൊതിച്ചി…. ​‍േ​‍േ​‍േഏ….. ഒരു പൈനാപ്പിൾപെണ്ണ്‌. അവളാ കത്തെടുത്ത്‌ മറിച്ചും തിരിച്ചും നോക്കി. ഒരാകാംക്ഷ. അത്രമാത്രം. വിലാസം നോക്കിയിരുന്നപ്പോൾ വലിയമോശമല്ലാത്ത കൈപ്പട. താനൊന്ന്‌ വായിച്ചുനോക്കിയെന്നു പറഞ്ഞ്‌ എന്തുപറ്റാനാണ്‌. അമലയുടെ കൈവിറച്ചു. ചുറ്റിനും ആരൊക്കെയോ അവളെ നോക്കുന്നതായി….. ആരാണവർ? എന്നാണെല്ലാവരും പരിചയക്കാരായത്‌ ! ഇല്ല; തനിക്കതിനു കഴിയില്ല. കത്തു ഭദ്രമായി ബാഗിൽ തിരികെവച്ചു. കൈക്കൂട്ടിൽ തല ശയിപ്പിച്ചു മിഴി പൂട്ടി. ‘ഇല്ലപ്പച്ചാ….. ഇത്തവണ ഞാൻ ബുദ്ധിമുട്ടിക്കില്ല’ ആരുടെയെങ്കിലും നേരെ തലനീട്ടും. കണ്ണുകളടച്ചപ്പച്ചാ…… കണ്ണുകൾ ഇറുകെയടച്ച്‌. ഉറപ്പിച്ചു കഴിഞ്ഞു. അതിനുള്ള പക്വത ആയിക്കഴിഞ്ഞു. എങ്കിലും, അവൾക്കിഷ്‌ടപ്പെടുന്നൊരാളെ കണ്ടെത്താൻ കഴിയുമെന്ന ചിന്തയുണ്ട്‌. ‘നിന്റെ കവിളിലെ കരിപ്പൊട്ടെനിക്ക്‌ ഇഷ്‌ടമായെന്ന്‌ പറയുന്നൊരാളെ’ അവളുടെ കവിളിൽ അഴകുപൊലിപ്പിച്ച്‌ ഒരു മറുകുണ്ട്‌. കൗമാരകാലത്ത്‌ അവൻമാത്രം പറഞ്ഞിരുന്നു.

‘എന്റെ കയ്യിലൊന്നു മുഴുവനായിട്ടു കിട്ടട്ടെ. ഞാനത്‌ നുള്ളിനുള്ളി പറിച്ചെടുക്കും.’

അവനിന്നെവിടെ……..? രാത്രിയവൾ കണ്ണാടിമുൻപിൽ മറുകിനെ തഴുകി ഏറെനേരം ഇരിക്കും.പിന്നെയതിനുചുറ്റും കുഞ്ഞൻ മുഖക്കുരുക്കൾ പൊട്ടിമുളച്ചു. അവൾ എല്ലാത്തിനെയും തഴുകിയുറക്കി. അത്‌ വസന്തകാലമായിരുന്നു. തുരുതുരെ പൊട്ടിമുളയ്‌ക്കുന്ന അമൂല്യ പുഷ്‌പങ്ങൾ. കാതിനുള്ളിൽ കുറുകുന്ന മന്ത്രപ്പക്ഷികൾ ! അന്നു പോളേട്ടൻ ആവഴി വന്നില്ലായിരുന്നെങ്കിൽ അമല മറ്റൊന്നാവുമായാരുന്നു. അവൾക്കത്‌ തീർച്ചയാണ്‌. മറ്റെന്തെങ്കിലും. വേദപാഠക്ലാസ്സ്‌കഴിഞ്ഞു തിരിച്ചുവരവെയാണ്‌. രാവിലെ പോകുമ്പോൾ കാലിയായിക്കിടന്ന പുഴയാണ്‌. മലവെള്ളം വന്ന്‌ അതുനിറഞ്ഞു. എന്നാലും അക്കരെകടക്കാമെന്നു തോന്നി. വികൃതിയായ അനിയൻചെക്കൻ ‘എടാ നിക്കെടാ’ എന്ന അവളുടെ കെഞ്ചൽകേൾക്കാൻ കൂട്ടാക്കാതെ നീന്തിയും തല്ലിയലച്ചോടിയും അക്കരെ കടന്ന്‌ ‘അയ്യേ കൂയ്‌’ എന്നു കളിയാക്കി വീട്ടിലേയ്‌ക്കുള്ള വഴിയേ വലിച്ചുപാഞ്ഞു. അവൾ പാവാട മുട്ടിനുമേൽ ചുരുട്ടിക്കയറ്റി. കൂടെ ബിനിൽ മാത്രം. അവളുടെ പുസ്‌തകങ്ങൾ അവൻ വഹിക്കാമെന്ന്‌ നെഞ്ചുകൂടിനുമേൽ കൂത്തിയമർത്തിയപ്പോൾ കുമ്പപോലപ്പോഴവന്റെ പുസ്‌തകങ്ങൾ, അവളുടെ അനിയന്റെ പുസ്‌തകങ്ങൾ. അവനെന്നിട്ടും ഭാരം തോന്നിയില്ല. തെന്നിത്തെന്നിക്കിടക്കുന്ന കല്ലുകൾക്കുമുകളിലൂടെയാണ്‌ നടത്തം. ഒന്നുതെന്നണമെന്നോ തെന്നിയാലെന്തെന്നോ എങ്ങനെയെന്നോ അവൻ പിന്നിലേയ്‌ക്കു നോക്കുകയായിരുന്നു. അവിടെ വെളുത്തുമെലിഞ്ഞ കാൽമുട്ടുകൾ. ജലപാളികൾ. അവൾ നിന്നുരുകിപ്പോയി. അവനെ നോക്കാൻ ശേഷിയില്ലാതെ തലകുമ്പിട്ട്‌ ജലത്തിന്റെ വകഞ്ഞൊഴുക്കിലേയ്‌ക്ക്‌ നോക്കിനിന്നു. ഒന്നു തെന്നിയാലെങ്ങനെയെന്ന്‌ അവനവളുടെ ഇടതുകയ്യിൽ പിടിച്ചു. മുറുക്കെ. പാവാട പിടിവിട്ടുലഞ്ഞുവീണു. അതു നനഞ്ഞു. ആറ്റുവഞ്ചികൾ പൂത്തുലഞ്ഞോ….. ഇല്ലിമുളകൾ കാറ്റിലുലഞ്ഞുലഞ്ഞ്‌ ബഹളം കൂട്ടിയോ…. അവനെ വല്ലാതെ വിറച്ചു. അവളെയും. പുഴയിൽ വീണൊഴുക്കിൽ കെട്ടിമറിഞ്ഞെന്നാൽ…. ഒട്ടിയൊട്ടി. ഒഴുകിയൊഴുകി. അവൻ. വലതുകൈ അവളുടെ ചുണ്ടിനോട്‌; വിറച്ചുകൊണ്ട്‌…… വിറച്ചുവിറച്ചുകൊണ്ട്‌.

ഇല്ലിമുളകൾ വകഞ്ഞുമാറ്റി പോളേട്ടൻ വന്നത്‌. അണപ്പുകൂടുകയായിരുന്നു. അവൾ തലകുനിച്ചുകൊണ്ടു തന്നെ കാലുകൾ പെടുപെടെ എടുത്തെറിഞ്ഞു. പാവാടയിൽനിന്നും ജലത്തുള്ളികൾ ഇറ്റിറ്റുവീണു. ആ നിമിഷത്തെ അത്ഭുതകരമായി മറികടക്കുകയായിരുന്നു. പോളേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഇത്ര കഷ്‌ടപ്പെട്ടെന്തിനാ പുഴകടക്കാൻ നിന്നത്‌. നിങ്ങക്കപ്പുറത്തൂടെ പാലംകടന്ന്‌ വന്നാപ്പോരാരുന്നോ?”

അവൾക്കെങ്കിലും ഭീതിയുണ്ടായിരുന്നു. പോളേട്ടൻ. അപ്പച്ചന്റെ വലിയ കൂട്ടുകാരനാണ്‌.

അയാൾ ചതിച്ചില്ല……. അല്ലെങ്കിൽ അപ്പച്ചൻ എല്ലാം ഉള്ളിലൊതുക്കി. കുഴിച്ചുമൂടി. അങ്ങനെ വരുമോ?! പിന്നെ ബിനിലിനോട്‌ കളിപറഞ്ഞു കൂട്ടുകൂടി നടന്ന നാളുകൾ. ‘കൗശലസമ്പൂർണ്ണനിമിഷങ്ങൾ’ വിദഗ്‌ദ്ധമായി മറികടക്കപ്പെട്ടു. എന്നാലുമെന്തേ ബിനിൽ അച്ചൻപട്ടത്തിന്‌ പോയി. അവനിനി കല്യാണം കഴിക്കാൻ പറ്റില്ല. സ്വപ്‌നംകണ്ടുനടന്നതല്ലാതെ അവനുവേണ്ടി ഒരു നൊവേനപോലും ചൊല്ലിയില്ല. മലവെള്ളം അലച്ചൊഴുകിവരുമെന്നും അവൻ തിരിച്ചുവരുമെന്നും തഴച്ചുനിൽക്കുന്ന

ആറ്റുവഞ്ചികളിൽ സ്വയം നഷ്‌ടപ്പെടുമെന്നും മാറ്റിമറിയപ്പെട്ട നിമിഷങ്ങളെ വീണ്ടെടുക്കുമെന്നും…….. കിനാവുകൾ കണ്ടു.

അപ്പച്ചൻ എയർപ്പോട്ടിൽ വന്നില്ല.

‘ഏക്കറുകണക്കിനാ ഇഞ്ചിനട്ടിരിക്കുന്നേ അതിട്ടേച്ചു പൗലോച്ചായൻ മോളല്ല ഏതു പൊന്നുതമ്പുരാട്ടി വരുന്നെന്നുപറഞ്ഞാലും കേൾക്കില്ല“ ഇപ്പോൾ ഇഞ്ചിപറിക്കുന്ന സമയം. വിൻസന്റങ്കിളിനും ഇഞ്ചിയുടെ മണം. ദിവസങ്ങളോളം തോട്ടത്തിൽ കഴിഞ്ഞതുകൊണ്ടാവണം. മറിയാന്റിയുടെ കവിൾ വല്ലാതെയൊട്ടിപ്പോയി.

”പിള്ളാരെ കൊണ്ടുവരാമായിരുന്നു.“

”രണ്ടിനും പരീക്ഷയാകൊച്ചേ“

അനൂപ്‌ മെലിഞ്ഞെന്നുതോന്നി. മറിയ അമലയെ തെല്ലു കൊതിയോടെ നോക്കുകയായിരുന്നു. നീല ചുരീദാർ, നീലക്കല്ലുപതിച്ച കമ്മൽ, നീലരത്നമാല, നീലപ്പൊട്ട്‌.

രത്നമാല, ചുരീദാറിലെമുത്തുകൾ. വിരലുകൾ അതിലേ തഴുകിപ്പോയി.

”ഇതാ അല്ലേടീ ഇപ്പഴത്തെ ഫാഷൻ“

മറിയാന്റിയുടെ കാതിലെ ജിമിക്കിക്കമ്മൽ. അതിളകി.

”ഇതിന്റെ കുന്ത്രാണ്ടമങ്ങൊടിഞ്ഞുപോയെടീ.. തട്ടാൻ ഒരുവിധം ഒപ്പിച്ചുനിർത്തിയിരിക്കുവാ“.

”ആന്റിക്കു ഞാൻ പോകാന്നേരം ഈ കമ്മൽ തന്നേക്കാം.“

”ആന്റിയിനി കമ്മലിട്ടില്ലേലും കൊഴപ്പമിലെടീ. മോടെ കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണം.“

പെട്ടെന്ന,​‍്‌ അമലയുടെ മുഖം ഇരുണ്ടു.

”ഇത്തവണ വന്നിരിക്കുന്ന ആലോചനകളൊക്കെ സൂപ്പറാ…​‍്‌

വിൻസന്റങ്കിൾ വായിലെ മഞ്ഞപ്പല്ലുകൾ മുഴുവൻകാട്ടി.

അനൂപ്‌ പറഞ്ഞു.

“പിന്നെയൊരു ഭയങ്കര സംഭവമൊണ്ടായടീ”

മറിയ ഏറ്റുപിടിച്ചു.

“നമ്മുടെ ഷെറിനില്ലേ, അവളെ ജർമ്മൻകാരനൊരു ഡോക്‌ടർ കെട്ടാൻ പോവ്വാത്രേ. എന്നിട്ട്‌ ഇട്ടിച്ചായൻ ഇന്നലെവരെ അരോടും പറയാതെ നടക്കുവാരുന്നു.”

അനൂപ്‌ ഇടയിൽകയറി.

“ഒരു സമാധാനം മാത്രേയൊള്ളു. സായിപ്പൊരു കത്തോലിക്കനാ”

“ഇവൾക്കു പറ്റിയ കുഴപ്പമിതാ. അറബിനാട്ടിത്തന്നെ കിടന്നു.വല്ല ജർമ്മനീലോ, ഇറ്റലീലോ പോയിരുന്നെങ്കിൽ നല്ല നല്ല ആലോചനകള്‌ വരില്ലാരുന്നോ.”

അനുപ്‌ പ്രതിരോധിക്കാൻ നോക്കുകയാണ്‌.

“അറബിനാടും അത്ര മോശമൊന്നുമല്ല” നേർരക്‌തത്തിന്റെ പെടുസങ്കടങ്ങൾ.

“എന്നാലും അറബികൾ ക്രിസ്‌ത്യാനികളല്ലല്ലോ. അവരൊട്ട്‌ മാമോദീസ മുങ്ങുകയുമില്ല”

വളിച്ചതമാശ. അമലയ്‌ക്ക്‌ പുളിച്ചുതെകട്ടി. ജീപ്പിന്റെ ചൊരുക്കാണ്‌. മലകയറുകയാണ്‌. അവളെ ഛർദ്ദിച്ചുതുടങ്ങി. മറിയ പുറംതിരുമ്മികൊണ്ടിരുന്നു. ഇ​‍ീപ്പ്‌ മലകയറ്റം തുടർന്നു. അവളൊന്ന്‌ മയങ്ങിപ്പോയി. ചുറ്റിനും ഇഞ്ചിയുടെ മണം.ഗ്രന്ഥികൾ തളിർക്കുകയാണ്‌. അവളിലെ ഋതുപ്രായം മടങ്ങിയെത്തി. തഴച്ചുനില്‌ക്കുന്ന ഇഞ്ചിച്ചെടികൾ. കടുംപച്ചത്തടങ്ങൾ. അവൾ പുസ്‌തകവുമായി ഇഞ്ചിത്തടങ്ങൾക്കിടയിലെ തണുപ്പിൽ കിടന്നു. രേണുകയ്‌ക്കതു പേടിയാണ്‌. ഇഞ്ചിക്കൂട്ടത്തിനിടയിൽ സർപ്പങ്ങളുണ്ടാവുമെന്നാണ്‌ അവളുടെ പക്ഷം. ’വെറുതേ കിടക്കുന്നൊരുപെണ്ണിനെ സർപ്പങ്ങൾ എന്തുചെയ്യാനാണ്‌‘ ഇഞ്ചിമണം അവളെ ഉണർത്തി. അപ്പച്ചൻ, അമ്മച്ചി. അമ്മച്ചീ… അമ്മച്ചീയെന്ന്‌ കെട്ടിപ്പിടിച്ചങ്ങനെ നിന്നപ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്ന കടലായി. നാലു കടലുകൾ. വീട്ടുകാരെല്ലാം പണിനിർത്തി അമലയുടെ ചുറ്റുംകൂടി. ഇഞ്ചി ചിരണ്ടുന്ന കൂലിപ്പണിക്കാർ രാത്രിയും അതു തുടർന്നു. അവൾ നന്നായി ഉറങ്ങി.

രാവിലെ തന്നെ അവൾക്ക്‌ അബ്‌ദുള്ളയെ ഓർമ്മവന്നു. അവന്റെ കത്ത്‌, അവന്റെ കത്തെന്ന്‌ രണ്ടുതവണ മൂളുകയും ചെയ്‌തു. ഉണരുന്നതിനുമുമ്പേ അവൾക്കത്‌ സാധിച്ചു.

അമ്മച്ചി അവൾക്കായി കുറെയേറെ പലഹാരങ്ങൾ ഉണ്ടാക്കിവച്ചു. വട്ടയപ്പവും കള്ളപ്പവും കുരുമുളകരച്ച കോഴിക്കറിയും പൂവൻപഴവും. പ്രഭാതഭക്ഷണത്തിന്റെ നീണ്ടനിരതന്നെയുണ്ട്‌ മേശപ്പുറത്ത്‌. അവൾക്കെല്ലാം ഒറ്റയിരുപ്പിന്‌ തീർക്കണമെന്ന്‌ തോന്നി. അതിനിടയിൽ ഒരു ഗ്ലാസ്‌ പാൽ ചൂടാറുന്നതിനുമുമ്പ്‌ കുടിച്ചുതീർക്കണമെന്ന്‌ അമ്മച്ചി നിഷ്‌കർഷിച്ചു. അവൾക്കതിന്‌ സാധിച്ചില്ല. കോഴിച്ചാറിൽമുക്കി ഒരു വട്ടയപ്പക്കഷ്‌ണം വായിലേക്കു തിരുകിക്കയറ്റി. രുചിയുടെ പാരമ്യത്തിലെ അസഹ്യാനുഭവത്തിൽ തളർന്നിരുന്നു. അബ്‌ദുള്ളയുടെ കത്ത്‌ വായിക്കാമെന്നുതന്നെ അവൾക്ക്‌ തോന്നി. താനൊരാൾ വായിക്കുന്നതുകൊണ്ട്‌ എന്താണ്‌ കുഴപ്പം? ഒരാൾ പ്രിയതമയ്‌ക്കെഴുതിയ കത്താണെങ്കിൽ വായിക്കരുത്‌. അതിനാണ്‌ സാധാരണഗതിയിൽ പ്രലോഭനം കൂടുകയെങ്കിലും അരുത്‌. എന്നാലിത്‌ ഉമ്മയ്‌ക്ക്‌ മകനെഴുതിയ കത്താണ്‌. അതിൽ താനൊരാൾ കടന്നുകൂടിയതുകൊണ്ട്‌ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ മറ്റൊരാളെ ബാധിക്കില്ല. അതിനെ നിയന്ത്രിക്കാനുള്ള പാകത ഉണ്ടായിരിക്കണം. അതുണ്ട്‌. അക്ഷോഭ്യമായി നിലനില്‌ക്കാനാവണം. അഹ്‌ളാദപ്പെടുന്നതിന്‌ അതിരുകളില്ലെന്ന്‌ സത്യമാണ്‌. മറിച്ചെന്തെങ്കിലുമാണെങ്കിൽ കത്ത്‌ കീറിക്കളയുന്നതിലേയ്‌ക്കൊന്നും തരംതാഴരുത്‌.

അമ്മച്ചി ക്യൂവിലുള്ള ചെറുക്കന്മാരുടെ ഫോട്ടോകൾ കൊണ്ടുവന്നു. ഒന്നിനുമവൾക്ക്‌ പുതുമ തോന്നിയില്ല. കട്ടിമീശയും ഇത്തിരികയറിയ നെറ്റിയും ചെറുതായെങ്കിലും ഒരു കുടവയറും അടച്ചുകെട്ടലിന്റെ നിഗൂഢതയിൽ നിന്നും സ്വരൂപിച്ചെടുത്ത ഗൗരവവും.

ഈ ഫോട്ടോയൊന്നും കണ്ടാൽ ഒന്നും മനസിലാകുവേലമ്മച്ചീ“

”രണ്ടുപേർ എഞ്ചിനീയർമാരാണ്‌.“

എഞ്ചിനീയർമാർ. അവർ കൂടിവന്നാൽ ചോദിക്കാൻപോകുന്നത്‌ അവൾക്ക്‌ തികട്ടലാണ്‌.

”സി. ജി. എഫ്‌. എൻ. എസ്‌ എഴുതാതിരുന്നതെന്നാ? ഒന്നുകൂടി ശ്രമിക്കാമായിരുന്നില്ലേ?“

അവരിലാർക്കാണ്‌ തന്റെ മുഖത്തെ പുള്ളിമറുക്‌ കണ്ടെത്താനാവുക?.

അല്ല. കുഴപ്പം തനിക്കാണ്‌. വികൃതമായ കാഴ്‌ച്ചപ്പാടുകൾ. പുരുഷവർഗ്ഗത്തെയാകെ

വെറുക്കുകയെന്ന അപകടാവസ്ഥയുടെ പ്രാഥമികനില. അതും തിരിച്ചറിയാനാവുന്നുണ്ട്‌.

നിയന്ത്രണം നിയന്ത്രണം. എന്നാലും എന്തെല്ലാം കാര്യങ്ങളാണ്‌ മനുഷ്യന്‌ ഈ ചുരുങ്ങിയ കാലംകൊണ്ട്‌ നിയന്ത്രിക്കേണ്ടി വരുന്നത്‌ !.

അബ്‌ദുള്ളയുടെ വീട്ടിൽ പോകേണ്ടതിനെക്കുറിച്ച്‌ അവൾ അമ്മച്ചിയോടു പറഞ്ഞു.

”ഒരു കത്താണെങ്കിൽ രണ്ടോമൂന്നോ രൂപമുടക്കി പോസ്‌റ്റു ചെയ്‌താപ്പോരേ“.

”അതല്ലമ്മച്ചീ അവിടുത്തെ പിള്ളാർക്ക്‌ ഇത്തിരി ഡ്രസ്സും തന്നുവിട്ടിട്ടുണ്ട്‌ “ അതവൾ കള്ളം പറഞ്ഞതാണ്‌​‍്‌.

”അന്നാലത്‌ അനൂപിന്റെ കയ്യിലോട്ടുകൊടുത്താൽ ശടേന്നിങ്ങ്‌ കൊടുത്തേച്ച്‌ വരില്ലേ? അപ്പച്ചന്റെ നിർദ്ദേശം.

“എനിക്കു പോണം” എന്നാവർത്തിച്ചപ്പോൾ ആർക്കുമൊന്നും മിണ്ടാനില്ല.

കല്യാണാലോചന നടക്കുന്ന പെണ്ണാ- അമ്മച്ചി ചിന്തിക്കുന്നതങ്ങനെയായിരിക്കും.

എങ്ങാണ്ടോ കിടക്കുന്നൊരുത്തൻ. അതുമൊരു മുസ്ലീം- അപ്പച്ചന്റെ ചിന്ത ഇപ്രകാരവും.

അവൾ കത്തിന്റെ ഉള്ളടക്കം നേടണമെന്ന മോഹത്തിലകപ്പെട്ട്‌ ഒരശ്ലീലപുസ്‌തകം

വായിക്കുന്നതിലും ഭീതിതരമായ കരുതലോടെ ബാത്ത്‌റൂമിൽകയറി കതകടയ്‌ക്കുകയും

വെള്ളം ശക്‌തിയായി തുറന്നുവിടുകയും കണ്ണാടിയിൽനോക്കി ’നിനക്കു മനോരോഗമൊന്നുമില്ലല്ലോ‘ എന്നുച്ചരിക്കുകയും ചെയ്‌തു. അല്ലെങ്കിൽ മുറിയുടെ വാതിലുകളെയും അവിശ്വസിക്കാൻ തക്കവണ്ണം എന്ത്‌ മുഗ്‌ദ്ധവികാരമാണ്‌ തരളിതമാകുന്നത്‌ !.

കത്തുതുറന്നപ്പോൾ സങ്കടംതോന്നി. അതിലേറെ ആശ്‌ചര്യവും. രണ്ടു ശൂന്യമായ കടലാസുകൾ !. ഒരമ്മയ്‌ക്ക്‌ മകനെഴുതിയ കത്ത്‌. അമ്മമാരെ ഇതിലും ക്രൂരമായി മക്കൾക്ക്‌

വേദനിപ്പിക്കാൻ കഴിയുമോ?. അബ്‌ദുള്ള ആരെയൊക്കെയാണ്‌ പരീക്ഷിക്കുന്നത്‌. താൻ വായിച്ചുനോക്കുമെന്ന്‌ അവൻ കണക്കുകൂട്ടിയിരുന്നോ. ’എന്തിന്‌ അവനെന്നെ പരീക്ഷിക്കണം?‘ ഉമ്മയെ അവനിങ്ങനെയാണ്‌ സ്‌നേഹിക്കുന്നതെങ്കിൽ അതിൽ മറ്റൊരാൾ എന്തിന്‌ ആശങ്കപ്പെടണം. ഉമ്മ കത്തുതുറന്ന്‌ മകനെഴുതാത്ത അക്ഷരങ്ങൾ വായിച്ചെടുക്കും. ’പറ്റിച്ചേ.‘ ഉമ്മ വരലുകൊണ്ടു ഭാഷപറയും. ’നിന്നെ ഞാൻ കാണിച്ചുതരുമെടാ.‘

അവരങ്ങനെ ചിരികളിയും പരിഭവവും, ഉദാത്തസ്‌നേഹത്തിന്റെ മറ്റൊരു മുഖം. അവൻ തീരെ കുട്ടിയാണ്‌. അവൾ കടലാസ്സുകൾ പുതിയൊരു കവറിലിട്ടു. വിലാസം പകർത്തിയെഴുതി. മനോഹരമായ അക്ഷരങ്ങൾ കണ്ണുരുട്ടുന്നു. ഇല്ല; ശൂന്യമായ കടലാസ്സുകളെ എന്തിന്‌ ഭയക്കണം?!.

അനൂപിന്‌ ദുഃഖം അവനൊരു വിസ തരപ്പെടാത്തതിലായിരുന്നു. സാധിക്കുമായിരുന്നിട്ടും അവളത്‌ ചെയ്യാതിരുന്നത്‌ അവനെയൊരു ഡ്രൈവറായി പലർക്കും പരിചയപ്പെടുത്തേണ്ടതിലുള്ള വൈഷമ്യമോർത്താണ്‌. തൊഴിലധിഷ്‌ഠിതമായ മറ്റുപല ഇടങ്ങളിലേയ്‌ക്കു പറിച്ചുനടാൻ നോക്കിയെങ്കിലും അവിടെയൊന്നും തങ്ങിനില്‌ക്കാനാവാതെ അവൻ കൊച്ചുപട്ടണത്തിന്റെ ഇട്ടാവട്ടങ്ങളിൽ ഓട്ടോറിക്ഷയോട്ടിത്തുടങ്ങി. അവൾക്കത്‌ നാണക്കേടും. അങ്ങനെയാണ്‌ ജീപ്പുവാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചുതുടങ്ങിയത്‌. ’വാടകയ്‌ക്കോട്ടുവാണേലും സ്വന്തമായൊരു വണ്ടിയുള്ളത്‌ മാന്യതയല്ലേ?‘

അബ്‌ദുള്ളയുടെ വീട്ടിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ പെരുമഴയുടെ ഓർമ്മപോലെ അവൾ അനുജനെ നോക്കുകയായിരുന്നു. വഴിയിലൊരിടത്തിറങ്ങി കുറച്ചുടുപ്പുകളും ചുരീദാറും സാരിയും വാങ്ങി. പച്ചയടിച്ച കുറേ വീടുകൾക്കിടയിലൂടെയായുരുന്നു അവർക്ക്‌ പോകേണ്ടിയിരുന്നത്‌. വണ്ടി പോകില്ല. തെല്ലുദൂരെയൊരിടുങ്ങിയ മൂലയിൽ അബ്‌ദുള്ളയുടെ വീട്‌ ഒരാൾ കാട്ടിക്കൊടുത്തു. കുഞ്ഞുകൂരകളുടെ ഇളംതിണ്ണകളിൽ അലസരായിരുന്ന പെണ്ണുങ്ങൾ തട്ടം മൂടിമൂടിയെണീറ്റ്‌ ആശ്ചര്യപ്പെട്ട്‌ നോക്കി. അനൂപിന്‌ അമർഷം തോന്നി. മൺകട്ടകൾകൊണ്ടു തീർത്തൊരു വീടായിരുന്നു അത്‌. ’അബ്‌ദുള്ളേടെ അടുത്തൂന്നു വരുകാ‘ന്നു പറഞ്ഞപ്പോൾ ഉമ്മ എന്തെന്നില്ലാത്ത സന്തോഷവും വെപ്രാളവും കാട്ടി. അനൂപിന്‌ ഒരു മരക്കസേര ഇട്ടുകൊടുത്തു. അകത്ത്‌ പെറ്റുകിടക്കുന്ന ആമിന തല എത്തിച്ചുനോക്കി. അബ്‌ദുള്ള ഇതറിഞ്ഞിട്ടില്ല.

“എന്നായിരുന്നു?”

“മൂന്നുദീസായി”

അമല തറയിൽ ആമിനയുടെ അടുത്തിരുന്നു.

“ഓൻ മോളെക്കുറിച്ചു പറഞ്ഞിരുന്നു. ഇങ്ങട്ട്‌ വരുംന്നുമാത്രം പറഞ്ഞില്ല”.

ആമീനയുടെ നെഞ്ചിലൊട്ടി കൂട്ടിക്കുറുമ്പൻ മുലപ്പാൽ ഈമ്പിയെടുക്കുകയാണ്‌.

അമലയുടെ നെഞ്ചകത്തുനിന്നും നൊമ്പരച്ചൂരയുടെ ആരവം മുലഞ്ഞെട്ടുകളിൽ ഇരച്ചെത്തി.

സ്‌ത്രീയിൽ മറ്റെന്തിനെക്കാളും ഉത്‌കൃഷ്‌ടമായ വികാരം മാതൃത്വമാണെന്ന്‌ അവൾക്കുതോന്നി.

“ഇത്തവണ കല്യാണണ്ടാവും അല്ലേ?​‍്‌

അമല ചിരിച്ചു.

”ഇവൾടെ കല്യാണം പതിനാറു വയസില്‌ കഴിഞ്ഞു. ഒരു കൊല്ലംകൊണ്ട്‌ പെറും ചെയ്‌തു.“

അമലയുടെ നെഞ്ചുകനത്തുവന്നു. എത്ര പ്രസവവാർഡുകൾ, രക്‌തപങ്കിലമായ ഇടങ്ങൾ, ചീറ്റിയൊഴുകുന്ന മുലപ്പാൽ. അമ്മമാർ, ചോരക്കുഞ്ഞുങ്ങൾ. എല്ലാം കണ്ടു തഴമ്പിച്ചതാണ്‌. എന്നിട്ടുമൊരു കൊച്ചുപെണ്ണിനുമുൻപിൽ തളരുകയാണ്‌.

കൗമാരത്തിൽ കുരുവിക്കൂടുകൾപോലെ മുലകൾ. ഉണ്ണിക്കുരുവി തലപുറത്തിട്ട്‌. അവൾ തട്ടിൻപുറത്ത്‌ ഒളിച്ചിരുന്ന്‌ നഗ്‌നമായ നെഞ്ചിൽ മരപ്പാവയെ ചേർത്തുവച്ച്‌ ’ഉഞ്ഞുവാവ ഇഞ്ഞമ്മിഞ്ഞി കൂച്ചോ കേട്ടോ‘ എന്ന്‌. ഒരുദിവസംഇരുട്ടിൽ തന്റെ കുറിഞ്ഞിപ്പൂച്ചയെ പൊള്ളിനില്‌ക്കുന്ന ഹൃദയതടങ്ങളിൽ വിടവുകളിൽ ചേർത്തുകിടത്തി.

അതവിടെ കുറുകിമുരണ്ടു.

ഉമ്മ ഒരു പാത്രത്തിൽ കഷണങ്ങളാക്കിയ കൈതച്ചക്ക കൊണ്ടുവന്നു.

”ഇതിഷ്‌ടാവ്വ്വോന്ന്‌ അറിയില്ല“ -ഭാഗ്യം അവനൊന്നും പറഞ്ഞിട്ടില്ല.

”അധികം പഴുത്തിറ്റില്ല. ഇവ്‌ട്‌ത്തെ പറമ്പില്‌ ആദ്യായിറ്റു പിടിക്കണതാ“

ആകസ്മികക്കാഴ്‌ച്ചകൾ. ഇങ്ങനെ സംഭവിക്കുന്നതു ഭാഗ്യമോ? പരാജയമോ?

”ഇളയമോള്‌ സ്‌ക്കൂളില്‌ പോയി. ഇല്ലാരുന്നെങ്കിൽ ടൗണീന്ന്‌ എന്തെങ്കിലും വാങ്ങാരുന്നു.“

ഉമ്മ വല്ലാതെ ദുഃഖിച്ചു.

”ഒരു ദിവസം കുട്ടി പറഞ്ഞിട്ട്‌ വർവോ?. ഉമ്മയ്‌ക്കില്ലെങ്കിൽ വലിയ സങ്കടമാ“.

അവൾ തലയാട്ടി. കൈതച്ചക്കയിൽ തൊട്ടു. പുളിയാണ്‌. മധുരമാണ്‌.

ഇറങ്ങാൻനേരം എന്തോ മറന്നെന്ന കള്ളച്ചിരിയാൽ മണിപേഴ്‌സ്‌തുറന്നു കത്തെടുത്തത്‌.

യാത്രതുടരവെ കത്തിൽ എന്തെങ്കിലും എഴുതിച്ചേർക്കേണ്ടതായിരുന്നെന്ന്‌ അവൾക്കു തോന്നി.

’അത്രയും സ്വാതന്ത്ര്യമെടുക്കാൻ താൻ അബ്‌ദുള്ളയുടെ ആരാണ്‌!‘

കൈതച്ചക്കയുടെ ചവർപ്പ്‌ തൊണ്ടയിൽ മുറവിളികൂട്ടി. അവൾക്ക്‌ ദാഹം തോന്നി.

Generated from archived content: story1_feb15_08.html Author: naveen_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here