ഉമിനീരിന്റെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ച് അയാൾ ചിന്തിക്കാനിടയായത് അങ്ങനെയാണ്. ലോഡ്‌ജ്‌മുറിയുടെ ജനാല തളളിത്തുറന്നപ്പോൾ ഒരു ബോർഡ് കാണുകയായിരുന്നു. ഉമിനീർ എന്നത് പ്രതികരണത്തിന് സജ്ജമാകുന്ന പ്രഥമ ആയുധമെന്നോ, വികാര പ്രയാണത്തിനുളള പ്രധാനകവാടമെന്നോ അയാൾ കരുതി. അല്ലെങ്കിൽ, ‘ഹസ്തരേഖാശാസ്‌ത്രം’ എന്നുവായിച്ചപ്പോൾ കാർക്കിച്ചുതുപ്പില്ലായിരുന്നു. അപ്പുറത്തെ മുറിയിലെ ഭർതൃമതിയും സുന്ദരിയുമായ യുവതിയെ കാണുമ്പോൾ വികാരപരവശനാവില്ലായിരുന്നു.
അയാൾ ഒരു കുറിയ മനുഷ്യൻ, ലോഡ്‌ജിന് മുഴുസമയവാസി. റിസപ്‌ഷനിൽ ചെന്നിരുന്ന് ‘വിടുവാപൊളിഭാണ്ഡം’ അഴിച്ചുവെക്കും. കാലിലെ വ്രണത്തിന് അയാളിലെ ഇത്തരം മാനസികാവസ്ഥയുടെ പ്രായം. ഒരു ഗ്ലാസ് ഫാക്ടറിയിലെ ജോലിക്കിടയിൽ തരിപ്പണമായ യാത്ര. മക്കളില്ല. ഇട്ടെറിഞ്ഞുപോയ ഭാര്യയ്‌ക്കുവേണ്ടിയും അയാൾ യുക്‌തി നിരത്തി.
‘പഞ്ചസാര അളവിനധികമുളള വ്യക്തി! അയാളെയെല്ലാവരും പൊതുവാൾ എന്നുവിളിച്ചു. പൊതുവാൾ സ്‌റ്റെയറിന്റെ വളഞ്ഞപടികളിറങ്ങി താഴേയ്‌ക്കു ചെന്നു. ലോഡ്‌ജുമാനേജർ അശോകൻ ഒരാനുകാലികവും നിവർത്തിപ്പിടിച്ചിരിക്കുന്നു. അയാൾക്കതിനേ സമയമുളളൂ. എപ്പോഴും വായന, ചിന്ത. അവിടെയെങ്ങും ആരുമില്ലെന്നു കണ്ടപ്പോൾ പൊതുവാളിന് സന്തോഷം. അയാൾ ഒരു കാലിഴച്ച് അശോകന്റെ അരുകിലേയ്‌ക്കു ചെന്നു.
’നമ്മുടെ രമേശന്റെ ഭാര്യ ഒന്നുകൊഴുത്തല്ലേ? ഒട്ടുനേരം മിണ്ടാതിരുന്നു, അക്ഷരത്തിൽ തന്നെ പൂണ്ടിരുന്നു അശോകൻ.
പിന്നെ, രണ്ടരയുടെ മണ്ണെണ്ണ മോട്ടോർ സ്‌റ്റാർട്ടാകുംപോലെ കുലിങ്ങിച്ചിരിച്ചു. ‘പ്രായമൊത്തിരിയായില്ലേ മൂപ്പിലൂന്നേ, എന്നിട്ടും കണ്ണസ്ഥാനത്താ. അതു വേറൊരുത്തന്റെ പെണ്ണിനെ……’
‘സൗന്ദര്യമൈശ്വര്യം, ഐശ്വര്യം ദേവത, ദേവതയെല്ലാം; വിദ്യയും വിജയവും.
’അതല്ലേ രമേശനിങ്ങനെ തെണ്ടിനടക്കുന്നത്‘ ’അവനതിനെ എങ്ങനെയാ ഉപയോഗിക്കണന്ന് അറിയില്ല‘
’പിന്നേ, ഇങ്ങാര്‌ടെ…….‘ അശോകനിൽ മണ്ണെണ്ണ പുകഞ്ഞുപൊന്തി. പുക നീരാവിയായി തണുത്തു.
’ഞാൻ ചെയ്യാനുളളതു ചെയ്‌തു, കോയക്കാ നല്ലാളാ പൈസേന്റെ കാര്യത്തില് തട്ടിപ്പില്ല‘. രമേശനിപ്പോൾ സമ്മറുകോയയുടെ പച്ചക്കറിക്കടയിലാണ് ജോലി. ഒരാഴ്‌ച്ച തികച്ചായിട്ടില്ല. അശോകൻ ശരിപ്പെടുത്തി കൊടുത്തതാണ്. കോയ വലിയ ആളാണ്. പണ്ട് മംഗലാപുരത്ത് സമ്മർകേഫ് എന്ന ഹോട്ടലൊക്കെ നടത്തിയിരുന്നു. രമേശനാകട്ടെ സ്ഥിരതയില്ല. ഒരിടത്തും ഇരിപ്പുറയ്‌ക്കില്ല. കിഴിഞ്ഞ നോട്ടമാണ്.
എപ്പോഴുമുണ്ടാവും ഒരു പരാതി. ശൂന്യതയിൽ നിന്നുവരെ അതു പൊക്കിയെടുത്തെന്നുവരും. അച്ഛൻ ഒന്നും ഉണ്ടാക്കിയില്ല. അച്ഛൻ ഉഴപ്പനായിരുന്നു. ഉളളതാകട്ടെ അനുജൻ തട്ടിയെടുത്തു. തനിക്കു കിട്ടിയത് ഒന്നിനും തികഞ്ഞതുമില്ല. അശോകനും രമേശനും നേരത്തേ അറിയും. ഒന്നുരണ്ടു ക്ലാസൊക്കെ ഒന്നിച്ചു പഠിച്ചിട്ടുണ്ട് അശോകൻ കുറച്ചു നന്നായി. പഠിപ്പും വിവരവും കൊണ്ടുമാത്രമാണ്. പറഞ്ഞാൽ, രമേശനെക്കാളും താഴെയായിരുന്നു അശോകന്റെ കുടുംബം. അയാൾ പട്ടണത്തിൽ വന്നു. പത്രത്തിൽ ജോലി ചെയ്‌തു. ബന്ധങ്ങൾ വളർത്തി. ലോഡ്‌ജിലെ പണി ഒരു താവളത്തിനു വേണ്ടി മാത്രമാണ്.
രമേശൻ മുമ്പ് ഇടയ്‌ക്കൊക്കെ പട്ടണത്തിൽ വരുകയുളളു. അശോകനെ കാണും ഒരു ജോലി. കിട്ടിയാലും സ്ഥിരമായി നിൽക്കില്ല. ഭാര്യ തനിച്ചാണ് . കുട്ടിയായപ്പോൾ അതിനെ കാണാണ്ടിരിക്കാൻ പറ്റില്ല. ഒരിക്കൽ അച്ഛനുമായി അടിയായി. അനുജൻ മഴുവെടുത്തു. പത്തിമടക്കി വിഹിതവും പറ്റി കുറച്ചുനാളങ്ങനെ.
’ഈ കൃഷിപ്പണിയൊക്കെ ഇന്നത്തെകാലത്ത് ആരാ ചെയ്യണേ? ലോൺകിട്ടും. എന്നിട്ടതു തിരിച്ചടക്കാൻ വയ്യാതെ ആത്മഹത്യചെയ്യാനൊന്നും എന്നെക്കിട്ടില്ല. ഡ്രൈവിംഗ് പഠിച്ചു. റിക്ഷയോട്ടി. കുറച്ചുനാൾ അങ്ങനെ പിഴച്ചു. ഒരിക്കലൊരു ദർശനം കിട്ടിയതായി പറഞ്ഞു. ഇനി മുതൽ താൻ വണ്ടിയോട്ടാൻ പാടില്ല.
‘അപകടത്തില മരിക്കും! ആരുപറഞ്ഞാലും അക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാതായി. മരണത്തെക്കുറിച്ച് ഒരു മുന്നറിവ് ആർക്കും കിട്ടും. തിരിച്ചറിയണം.
ഒടുവിലെല്ലാം വിറ്റുതുലച്ചു. കുടുംബസമേതം പട്ടണത്തിലേക്കുപോന്നു. അശോകൻ എല്ലാം കേട്ടു. കുറെയൊക്കെ കണ്ണുകളടച്ചു. രമേശനുവേണ്ടിത്തന്നെ. ഇപ്പോഴാകട്ടെ സിന്ധുവിനെയും അതിന്റെ കുട്ടിയെയുമോർത്തിട്ട്. രമേശനെ പതിയെ പുറന്തളളിത്തുടങ്ങി. ഒരുവിധം നല്ല രീതിയിൽ തന്നെയായിരുന്നു സിന്ധുവിന്റെ കല്യാണം. കുഴപ്പമില്ലാത്ത വീട്ടുകാർ.
’ഡിഗ്രി പാസായ ആളാ സിന്ധു‘ അശോകൻ പറഞ്ഞു.
’ഉവ്വോ!‘ പൊതുവാൾ ജനാലയിലേയ്‌ക്ക് നോക്കി. രമേശൻ വരുന്നുണ്ട്. ഇനിയൊന്നും മിണ്ടെണ്ടന്നർത്ഥത്തിൽ പത്രക്കെട്ടുകളെടുത്ത് കസേരയിലിരുന്നു. രമേശൻ പൊതുവാളിനെയും അശോകനെയും മാറിമാറിനോക്കി. അശോകനോടൊന്തോ സ്വകാര്യമായി പറയണമെന്നുണ്ട്. പക്ഷേ, കണ്ണുകൊണ്ടാഗ്യം കാട്ടി പടികയറി. പൊതുവാൾ പത്രത്താളുകൾ മൂക്കിനോടടുപ്പിച്ച് ചിരിയടക്കി.
ലോഡ്‌ജിന് മൂന്ന് നിലകളാണ്. മൂന്നാമത്തെ ചില മുറികൾ സ്ഥിരം താമസക്കാർക്ക് കൊടുത്തിരിയ്‌ക്കുകയാണ്. അധികം കാറ്റും വെളിച്ചവുമൊന്നും കടക്കില്ലെങ്കിലും വാടക കുറവാണ്. എന്നിട്ടും രമേശനെക്കൊണ്ടത് പറ്റുന്നില്ല. ഇപ്പോഴും നാലുമാസത്തെ കുടിശിക ബാക്കിയുണ്ട്. മുതലാളി ഒന്നും അറിയുന്നില്ല. അശോകനെയയാൾക്ക് അത്ര വിശ്വാസമാണ്. പൊതുവാൾ ചിരിച്ചുകൊണ്ടുതന്നെ പടികയറി. വിഡ്‌ഢികളും സ്വപ്നജീവികളും ഉൻമാദികളും മാത്രമാണ് കാര്യമില്ലാതെ ചിരിക്കുകയെന്ന തത്വം അശോകനോർത്തു. തെല്ലു കഴിയും മുൻപേ രമേശൻ ഇറങ്ങിവന്ന് ശല്യാശല്യങ്ങളായ വില്ലാളികളെല്ലാം കളംവിട്ടെന്നുറപ്പിച്ച് പറഞ്ഞു;
’നമ്മളൊന്നും എന്താ ആണുങ്ങളല്ലേ?‘
’എന്താ?‘
ആ കോയ ആളുശരിയല്ല’ അശോകൻ മാസിക മടക്കിവെച്ചു. ‘മിനിയാന്ന്, ഞാനും വൈഫും കുട്ടീംകൂടെ അമ്പലത്തീന്ന് വർവാ’. അപ്പോഴുണ്ട് കോയ എതിരേ. “ആരാ രെമേശാ കെട്യോളാണോ”
ഞാൻ കുട്ടീനെ മുന്നോട്ട് നിർത്തി. “ഉം, ഇതു ഞങ്ങള്‌ടെ കുട്ടി ഹരി”
എന്നിട്ടും മോനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.
കെട്യോൾടെ പേരെന്താ? കെട്യോൾക്കെന്താ പണീണ്ടോ? ഇങ്ങനെ കുറേ ചോദ്യങ്ങൾ. ഞാനപ്പോത്തന്നെ ആളെ നോട്ടു ചെയ്‌തതാ‘.
’എന്നിട്ടതല്ല പുകില്. ഇന്നലെ കണ്ടപ്പോ പിന്നെയും.
കെട്യോൾക്ക് പണിവേണങ്കി പറഞ്ഞോ ശരിപ്പെടുത്താം‘ ഞാൻ പറഞ്ഞു. ’ഇപ്പോഴവളെ ജോലിക്കൊന്നും വിടാനുദ്ദേശിക്കുന്നില്ല‘ ഇത്രയും കട്ടായം പറഞ്ഞ സ്ഥിതിക്ക് പിന്നിത് ചോദിക്കാവ്വോ? ചോദിച്ചു. ഇന്നു വീണ്ടും.
രെമേശാ നിന്റെ പ്രശ്നങ്ങൾ കുറച്ചൊക്കെ എനിക്കറിയാം. ഞങ്ങളുടെ മതത്തിലേ പെണ്ണുങ്ങൾ ജോലി ചെയ്യുന്നത് തെറ്റുളളൂ. നിങ്ങളുടെ മതത്തില് ആവാല്ലോ. ഇപ്പോ ഞാമ്പറഞ്ഞാ എന്റെ മരുവോന്റെ സ്‌റ്റേഷനറിക്കടേല് പണി തരപ്പെടും. ഫോൺബൂത്തും കോപ്പിമെഷീനും ഒക്കെയുണ്ട്.’
രമേശൻ റിസ്‌പഷനിലെ വളഞ്ഞമേശയിൽ ആഞ്ഞിടിച്ചു. ഈ മരുമകൻ ആരെന്നറിയുമോ? അശോകൻ തലയാട്ടി. പെണ്ണുകേസിലെ പ്രതി സമദ്. അവനെയെനിക്ക് റിക്ഷയോട്ടിക്കുമ്പോഴേ അറിയും. പെണ്ണുപിടിയൻ. കളളൻ.
എനിക്കു തിളച്ചു കയറി. ഞാൻ പറഞ്ഞു. ‘ ശരി കോയക്കാ ആ ജോലിയെന്നാൽ എനിക്കു തന്നേര്’
‘നിനക്കീ ജോലിയില്ലേ’ ചോദ്യം
‘എനിക്കിതു മടുത്തു. തീർത്തും മടുത്തു.’ ഇതുംപറഞ്ഞ് ഞാനിറങ്ങിയിങ്ങ് പോന്നു.
നമ്മൾ ആണുങ്ങൾ ആരുടെ മുന്നിലും തലകുനിക്കുന്നതു ശരിയല്ലല്ലോ!
ആൺമഹത്വം നീ പറയല്ലേ രമേശാ‘ അശോകന് തലപൊളളിത്തുടങ്ങി.
“നീ പറഞ്ഞാ, കോയക്ക എനിക്കു ചീത്തയാവില്ല രമേശാ. അയാളെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്റെ നല്ലതിനാന്നാ എന്റെ വിചാരം. പിന്നെയീ പെണ്ണുപിടിയൻ മരുമകനെ ഞാനറിയില്ല. കുളം മൊത്തം വൃത്തിയെന്നുറപ്പിച്ച് കുളി നടക്കില്ല രമേശാ”
രമേശന് നിരാശയായി. ഒട്ടും അനുകൂലമല്ലാത്ത പ്രതികരണമായിപ്പോയി. തന്നോടാർക്കും സഹതാപം തോന്നുമെന്നാണ് ഓർത്തത്. അയാൾ പത്രക്കെട്ടുകൾക്കിടയിലേക്ക് കയറി. ആരൊക്കെയോ വന്നുപോകുന്നു.. ആരും എങ്ങും തങ്ങിനിൽക്കുന്നില്ല. എന്തുവായിക്കാനാണ്. വെറുതേ പടങ്ങൾ നോക്കി കയറിയിറങ്ങാം. പൊടുന്നനെയതും നിർത്തി ഞെളിഞ്ഞെഴുന്നേറ്റു.
’അതു പിന്നെ; അവളുടെ പഠിപ്പിനു പറ്റിയ ഒരു പണിയാന്നുവെച്ചാ ഞാൻ സമ്മതിക്കില്ലേ? ഇതു തീരെ നിലവാരം കുറഞ്ഞു. ‘അശോകന് തല പൊട്ടി. ഞരമ്പുകൾ വിളളലുകളായി.
’നീ സമ്മതിക്കില്ല രമേശാ, ചത്താലും സമ്മതിക്കില്ല‘
’അതൊന്നുമില്ല. പക്ഷേ, പഠിച്ചവർക്കാണെങ്കിലും ഇന്നത്തെക്കാലത്ത് ജോലി കിട്ടാനില്ലല്ലോ‘
’അതുശരി‘ അശോകനു തിടുക്കമായി. പഴയതും പുതിയതുമായ പത്രങ്ങൾ. കൈകൾ ഇഴഞ്ഞു ചെല്ലുന്നു.
’നോക്ക്“ താളുകൾ, തീയതികൾ, അറിയിപ്പുകൾ. അശോകൻ അവിടിവിടെയായി വട്ടംവരച്ചു. ‘നോക്ക് കണ്ണുതുറന്ന് നോക്ക്’
‘മാർക്കറ്റിങ്ങങ്ങ് എക്‌സിക്യൂട്ടീവ്’, ലേഡീ റിസപ്‌ഷനിസ്‌റ്റ് ഇൻ എ സ്‌റ്റാർ ഹോട്ടൽ., ‘സെക്രട്ടറി ഇൻ എ മൾട്ടി നാഷണൽ കമ്പനി’ രമേശൻ തലകറങ്ങി നിന്നു.
‘ഇതൊന്നും പക്ഷേ നിന്റെ ഭാര്യയ്‌ക്കു പറ്റിയതല്ല. ബിരുദമുണ്ടെന്നു പറഞ്ഞ് വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നവർക്കുവേണ്ടിയല്ല.
കുറച്ചുനാൾ ട്രെയിനിംഗ് നേടേണ്ടിവരും.’ പരതലുകൾ പിന്നെയും തുടർന്നു.
‘ഇതാ ഒരു ടോയ്‌സെന്ററിൽ, അതായത് പാവകളെ വിൽക്കുന്ന കട. പുതിയത്. അവിടെ സെയിൽസ് ലീഡേഴ്‌സിനെ ആവശ്യമുണ്ട്. യംഗ് ആൻഡ് പ്രിറ്റി. ബിരുദം അഭികാമ്യം.’
‘ഇതു പറ്റുമോ? ഇങ്ങനെ എത്രയെത്ര!? ആവശ്യക്കാർ അതു തേടിപ്പിടിക്കും. പാവകളെ വിൽക്കുന്ന കട!. രമേശൻ ആലോചിച്ചു. അവിടെ കുട്ടികളെയും കൊണ്ടാവും എല്ലാവരും വരുക. അല്ലെങ്കിൽ, കുട്ടികൾക്കുവേണ്ടി വരുന്നവർ, കുട്ടികളെ ഓർമ്മിക്കുന്നവർ, സ്‌നേഹിക്കാനറിയുന്നവർ. നല്ല മനസ്സിന്റെ ഉടമകൾ.
’ഇതെവിടെയാണ്, ഈ പാവക്കട? രമേശൻ പത്രത്തിലൂടെ വിരലോടിച്ചു. അശോകൻ വായിച്ചു. മോഡേൺ ടോയ് സെന്റർ ന്യൂ ഷോപ്പിംഗ് മാൾ തേർഡ് ക്രോസ് റോഡ്…..
രമേശൻ ഇടയിൽ കയറി. ‘അറിയാം; ഇവിടുന്ന് അരമണിക്കൂർ നടക്കാനേയുളളൂ.
എന്തിനാ….. സിറ്റി ബസ്സുണ്ട് എല്ലാസമയവും. തിരക്ക് കുറവ്. സമയമൊത്തു കിട്ടുകയാണെങ്കിൽ രാവിലെയും വൈകിട്ടും ലേഡീസ് ഒൺലിയുമുണ്ട്. അശോകൻ ഉളളാലെ ചിരിച്ചു.
’കരിക്കിനെ കുറിച്ച് കേൾക്കുമ്പോഴെ അതിനകത്തെ വെളേളാം കുടിച്ചു പൂളും തിന്നു!‘ രമേശനും ചിരിവന്നു.
’അപ്പോൾ ഇന്റർവ്യൂന് പോകുമെന്ന് ഉറപ്പിച്ചോ?
‘ഉം’
ഒരപേക്ഷയുണ്ട്, നീയവളെ ചന്തയിൽ കൊണ്ടുപോവും പോലെ ആവല്ലേ രമേശാ. നല്ലൊരു സാരി വാങ്ങിക്കൊട്. നീയും നല്ലൊരു ഡ്രെസ്സെട്. കൂടെ പോവേണ്ടതല്ലേ?
എന്റെയീ കോലം കണ്ടിട്ട് അവൾക്കു ജോലി കിട്ടുന്നില്ലെങ്കിൽ വേണ്ട. പിന്നെ സാരിയാണെങ്കിൽ കല്യാണത്തിന് വാങ്ങിച്ചതുണ്ട്. നല്ലതാ. ഒരിക്കലേ ഉടുത്തിട്ടുളളൂ‘. അശോകന് സഹതാപം. അയാൾ കുറച്ചുരൂപയെടുത്ത് രമേശന്റെ പോക്കറ്റിൽ വെച്ചു. ’മതിയായില്ലെങ്കിൽ ചോദിക്കണം‘. രമേശനൊന്നും മിണ്ടിയില്ല. അയാൾ പാവകളുടെ ലോകത്തായിരുന്നു.
പുൽക്കൊടിത്തുമ്പിൽ തിളങ്ങി നിന്ന നീഹാരം, സൂര്യസാരപ്രതിഷ്‌ഠ അതിലുണ്ടെന്നും അവളുടെ കണ്ണുകളാണെന്നും വെയിലിലേയ്‌ക്ക് ചാഞ്ഞുവീണ ചെമ്പരത്തിപ്പാവിന്റെ അധരമാണെന്നും നിറനിലാവിൽ ചാടിത്തിമർക്കും മാൻപേടയുടെയോ തെളിജലത്തിൽ ഇളകിമിന്നും പരൽമീനിന്റെയോ ആകാരമാണെന്നും……… അങ്ങനെയങ്ങനെ. മൂത്രവിസർജ്ജനം കഴിഞ്ഞുളള സുഖാലസ്യത്തിൽ മലർന്നുകിടന്ന്, കവിഭാവനയുടെ തുപ്പൽ നിറഞ്ഞ് പൊതുവാളിൽ അയാൾ നേടിയ സൗന്ദര്യദർശനത്തിന്റെ വർണനകൾ വിരിഞ്ഞു.
കിടക്കയിൽ നിന്ന് അയാൾ പതിയെ നിവർന്നു. മുഖത്താകെ പുഞ്ചിരിയുടെ പടർപ്പ്. ഭാവന മായുംമുമ്പേ താഴേയ്‌ക്കോടണമെന്നുണ്ട്. കാലുകളെടുത്തുവച്ചു. വേദനിക്കുന്നു. എന്താണിത്ര വേദന? ഇത്രപെട്ടെന്ന്. ഇപ്പോഴല്ലേ താനല്പം നടന്നത്. അതോ വീണ്ടും മയങ്ങിപ്പോയോ. സമയമെന്തായി. ഉച്ചയായോ? ജനൽകമ്പികളിൽ വെയിൽ മിഴിയുന്നു. റൂംബോയിയെ വിളിച്ചാൽ ചായ കിട്ടും. പക്ഷേ, വാർത്തകളൊന്നും അറിഞ്ഞില്ല. രമേശന്റെ പെണ്ണിന്റെ ഇന്റർവ്യൂ എന്തായി. അതെ, അവളെക്കുറിച്ചാണ് ചിന്ത!. അയാൾക്ക് നടക്കുമ്പോൾ പഴയതിലും ബുദ്ധിമുട്ട് തോന്നി. വലതുകാൽ വേദനിക്കാൻ മാത്രമുളള ഇടമായി. ഇനിയത് മുറിച്ചുകളയണമായിരിക്കും. താഴെ ചില ശബ്ദങ്ങൾ കേൾക്കാനുണ്ട്. കുട്ടിയുടെ കരച്ചിൽ. അവന്റെ വാശിപിടിക്കൽ. പൊതുവാൾ തഴുകിയുണർത്തിയ മുഷിഞ്ഞ ചെളിനിറം റിസപ്‌ഷനിലെ ഭിത്തിയിൽ മലമ്പാമ്പിനെപ്പോലെ മയങ്ങിക്കിടന്നു.
രമേശൻ അവിടെ നിൽക്കുന്നു. സിന്ധുവിന്റെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. കുട്ടി അമ്മയുടെ തുടകളിൽത്തല്ലി വാശിപിടിക്കുന്നു. ’അമ്മേ നിക്ക് റോബോട്ടുപാവയെ വേണം‘. ’ഹരി നീ കരഞ്ഞിട്ട് കാര്യല്ല‘. അത് വെല്യോർക്കുളള സ്ഥലാ!, വെല്യോര്‌ടെ പാവേം. നമുക്കതു വേണ്ട’. രമേശന്റെ ആക്രോശം.
സിന്ധു കുട്ടിയെയുമെടുത്ത് നടന്നു. രമേശൻ പിന്നാലെയും. പൊതുവാളർക്ക് വഴിവകഞ്ഞ് മാറി നിന്നു. അയാളുടെ കാലുകൾ മുഴച്ചു. അയാൾ ആംഗ്യംകൊണ്ടും മിഴികൾ കൊണ്ടും ചോദ്യമെറിഞ്ഞു.
‘എന്തായി?’ അശോകനയാളെ അരുകിലേയ്‌ക്ക് വിളിച്ചു.
നന്നാവില്ല പൊതുവാളേ, വലിയവർ വരുന്ന ഷോപ്പാ. അവിടിത്തിരി മോഡേണായി വേഷം ധരിച്ചെന്നുപറഞ്ഞ് ഇവനെന്തുപോകാൻ‘ പൂർണമായൊന്നും പിടികിട്ടിയില്ലെങ്കിലും പൊതുവാളുമത് ശരിവച്ചു. ”എന്തുപോകാൻ?“
’ഗോവൻസിന്റെ ഷോപ്പാ. അവർക്കിവളെ ബോധിക്കുകയും ചെയ്‌തു. കാൽമുട്ടിത്തിരി കാണിച്ചെന്നുവച്ച് എന്തു സംഭവിക്കാൻ. മനുഷ്യരിവിടെ തുണിയേ വേണ്ടന്നുപറഞ്ഞ് നടക്കുന്ന കാലമാ‘ . പൊതുവാളിന്റെ ചിന്തകൾ പാളി. കാൽമുട്ടുമറയാത്ത കുപ്പായമിട്ടുവരുന്ന സിന്ധുവിനെ സങ്കല്പിച്ചെടുത്തു. നന്നായിരിക്കും. അവൾക്കത് ചേരും. പൊടുന്നനെയവിടുന്ന് പിടഞ്ഞെണീറ്റ് ചോദിച്ചുഃ
’രമേശന്റെ കുട്ടിയെന്തിനിങ്ങനെ കരയുന്നു?”
‘അവിടൊരു റോബോട്ടു പാവ – അതു വാങ്ങിക്കൊടുക്കാഞ്ഞ്.
“വാങ്ങിക്കൊടുത്താൽ പ്രശ്‌നം തീർന്നില്ലേ?’
‘വിലയെന്താന്നാ ?”
’എന്താ വില?‘
’ആയിരം രൂപ‘
“ആയിരം രൂപയോ! ഒരു പാവയ്‌ക്കേ…….ഞാൻ വിശ്വസിക്കില്ല’
‘വിശ്വസിക്കണ്ട’
കുട്ടിയുടെ കരച്ചിൽ രണ്ടടി കൊടുത്താൽ മാറും. ഇത്രയും സ്‌റ്റാൻഡേർഡായ ഒരു സ്ഥലത്ത് ഇനി ജോലി കിട്ടിയെന്നു വരില്ല. അശോകൻ കണ്ണുകളടച്ചു തുറന്നു.
‘ഞാൻ ചിലതൊക്കെ തീരുമാനിച്ചുകഴിഞ്ഞു.’
‘എന്ത്?”
’അവരുടെ ഇവിടുത്തെ പൊറുതി മതി‘
’അയ്യോ അപ്പോൾ………‘ പൊതുവാളിന്റെ കണ്ണിൽ ദുഃഖത്തിന്റെ മങ്ങിയ രൂപം തെളിഞ്ഞു. അതയാൾ അശോകനിൽ നിന്നും മറച്ചുപിടിച്ചു.
പൊതുവാൾ പിന്നെയും ചെന്നു കിടന്നു. മനസ്സാകെ അസ്വസ്തമായി. അപ്പുറത്തെ മുറിയിൽ നിന്നും ചില ശബ്ദങ്ങൾ കേൾക്കാം.
സിന്ധുവിന്റെ പതിഞ്ഞസ്വരം പുറത്തേക്കു വന്നു.
’ നമുക്ക് വീട്ടിലേയ്‌ക്ക് തിരിച്ചുപോയാലോ‘ രമേശൻ താഴേയ്‌ക്ക് പാളിനോക്കി.
അച്ഛനതൊന്നും മനസില് വെച്ചിട്ടുണ്ടാവില്ല’
രമേശന്റെ കണ്ണുകളുരുണ്ടു. കൃഷ്ണമണികൾ ഗതിയില്ലാതെ പാഞ്ഞുനടന്നു.
‘അവിടെ അവനില്ലേ? ഏട്ടനെ മഴുകൊണ്ടു കൊല്ലാൻ നോക്കിയവൻ’
‘ആ കുട്ടി അങ്ങനെയൊന്നും കരുതീട്ടുണ്ടാവില്ല. ഒരു വടിയെടുക്കണമെന്ന് കരൂതീട്ടുണ്ടാവും. കിട്ടീത് മഴുവായിപ്പോയി’
‘നീയവനെയെന്തിന് ന്യായീകരിക്കുന്നു. അവന്റെ ചിലസമയത്തെ നോട്ടവും കളികളൊന്നും ശരിയല്ല’
മിഴികളുടെ കാട്ടുപുഴയെ മലവെളളം കവർന്നു. കണ്ണീർ കുത്തൊഴുക്കായി തീരത്തേയ്‌ക്ക് പാഞ്ഞു.
‘ഞാനെന്റെ വീട്ടിൽ പോയാലോന്ന് കരുതീതാ’
‘എന്നിട്ടെന്തേ പോണില്ലേ?’
സിന്ധു തലകുനിച്ചു. കൈപ്പുറം കൊണ്ട് മുഖം തുടച്ചു.
‘എന്റെ അടിവയറ്റില് ചൂട് തോന്നണുണ്ട്. രണ്ടുമൂന്ന് ദിവസമായി എനിക്ക് മനംമറിയുണുണ്ട്’
ഒട്ടും സന്തോഷിപ്പിക്കാത്ത വാർത്ത കേട്ടതുപോലെ രമേശൻ ഭിത്തിയിലിടിച്ചു. അലമാരയിൽ പാത്രങ്ങളിടിഞ്ഞുവീണു.
‘നീയിതെന്നോടെന്തേ നേരത്തെ പറഞ്ഞില്ല?’
‘ഇത്തിരി സന്തോഷം വന്നിട്ട് പറയാമെന്ന് കരുതി.’
‘സന്തോഷം സന്തോഷം. ആരുടെ സന്തോഷം?’ ഒച്ചയലറിപ്പറിഞ്ഞു.
‘പറഞ്ഞിട്ടെന്തിനാ? കുട്ടീനെ കൊല്ലാൻകൂടി രമേശേട്ടന്റേൽ കാശില്ലല്ലോ! സിന്ധു വിതുമ്മികൊണ്ട് കിടക്കയിലേയ്‌ക്ക് കമഴ്‌ന്നു.
ഹരി അലമാരയിലേയ്‌ക്ക് നോക്കി. അടുക്കുതെറ്റിക്കിടക്കുന്ന പാത്രങ്ങൾ. അവന്റെ കരച്ചിൽ നിന്നു. അമ്മ കരയുന്നു. രമേശൻ മുടിതിരുമ്മി. അവ നെറ്റിയിൽ വീണു. അവയ്‌ക്കു പൊളളി. ചിന്തകൾ കൺകളെ കടംകൊണ്ടു. ഉപയോഗമറിയാതെ പരുങ്ങി. അന്ധകാരം. എവിടെയുമന്ധകാരം.
’സിന്ധൂ…… അതിനശോകൻ നമ്മോട് ഈ ലോഡ്‌ജ് വിട്ടുപോകാനൊന്നും പറഞ്ഞില്ലല്ലോ. തൽക്കാലം ഈ മുറിയൊന്നൊഴിഞ്ഞ് കൊടുക്കണം. തെരക്കുളള സമയമായതുകൊണ്ടാവും അവനങ്ങനെ പറഞ്ഞത്. താഴെത്തെ നിലയിൽ മുറി തരാമെന്നും പറഞ്ഞില്ലേ?
നമുക്കെന്തിനാ വലിയ മുറി. ഒന്നു കിടന്നാൽ പോരെ?
‘ജീവിതമാകുമ്പോൾ ഇങ്ങനെ ചില കഷ്ടപ്പാടൊക്കെ സഹിക്കേണ്ടിവരും’
പൊതുവാൾ പുതപ്പിൽ പിടിമുറുക്കി. പുതപ്പു മുഴുവനും ഒരു കൈവെളളയിൽ ഒതുങ്ങില്ലല്ലോ…..‘ കാലിന്റെ വേദന സഹിക്കാനാവുന്നില്ല.
താഴത്തെ മുറിയ്‌ക്ക് ജനാലകളില്ല. വായുകടക്കാൻ ഒരു ദ്വാരമുണ്ട്. പണ്ടവിടം ഒരു കക്കൂസോ കുളിമുറിയോ ആയിരുന്നു. അതിന്റെ പുണ്ണുപിടിച്ച പൈപ്പുകൾ ഭിത്തിയിൽ പടർന്നിരിക്കുന്നു. ഒരു ചെറിയ കട്ടിലുണ്ട്. അതിൽ വെൺച്ചിതലുകൾ ഓടിനടക്കുന്നു. ഭിത്തിയിൽ നിറയെ കുഞ്ഞുസുഷിരങ്ങൾ. അതിൽ നിറയെ പാറ്റകൾ. ആരോ മറന്ന ബീഡിക്കെട്ട്, ഉണങ്ങിപ്പോയ വെറ്റിലക്കൂട്ട്, ഈർകിലിയിൽ തൂക്കിയിട്ട ഉണങ്ങിയ മുല്ലമാല, ആകാശം കണക്കെ മാറാല. രമേശൻ അശോകന്റെ അരുകിൽ ചെന്നു. പല കാര്യങ്ങളുമായി ഒത്തിരി തവണ.
’അവിടെ നിറച്ചും മാറാല‘ അശോകൻ ചൂലെടുത്തുകൊടുത്തു.
’ആ പൈപ്പുകൾ കക്കൂസിൽ നിന്നു വരുന്നതാണോ?‘
അശോകനരിശം. ’ആണെങ്കിൽ; അതു പൊട്ടിയൊലിക്കാനൊന്നും തുടങ്ങിയില്ലല്ലോ?
രാത്രിയായി. ആരോ പകലിൻ കണ്ണുചൂഴ്‌ന്നു. രാത്രികൾ മാത്രമായി.
സിന്ധു പറഞ്ഞു. ‘രാവിലെയെനിക്ക് കുളിക്കാൻ വയ്യ’ ‘കുട്ടിയെപ്പോലും കുളിപ്പിക്കാൻ വയ്യ’ ‘എത്ര വൃത്തികെട്ട കക്കൂസാണ്. നല്ല കൊളുത്തുപോലുമില്ല.
’ആരൊക്കെയാണിവിടെ കറങ്ങിനടക്കുന്നത്. എനിക്കു പേടി തോന്നുന്നു‘. കേൾക്കുന്നില്ലേ ഒച്ച. കുടിയൻമാരാണ്. അപ്പുറത്തെ മുറികൾ മുഴുവനും കുടിയൻമാരാണ്’ ‘ എനിക്കുറക്കം വരുന്നില്ല’
‘എന്തേ നേരം വെളുക്കാത്തത്’. വാതിൽ തുറന്നാൽ റോഡുകാണാം.
അപ്പുറത്ത് പണിമുടങ്ങിപ്പോയ കോൺക്രീറ്റുകെട്ടിടത്തിനു താഴെ ഒരു കൈനോട്ടക്കാരി. തമിഴത്തിയാണ്. ചില മേസ്‌തിരിപ്പണിക്കാരും കൂലിപ്പണിക്കാരും അവരുടെ ചുറ്റിനും നിന്ന് കുശലം പറയുന്നു. കൈകാട്ടി തമാശകളിക്കുന്നു. കാലെടുത്തുവെക്കേണ്ടത് മാലിന്യമൊഴുകുന്ന ഓടയ്‌ക്കു മുകളിലേക്കാണ്. അതിന്റെ സിമന്റു കവറുകൾ പൊട്ടിയിരിക്കുന്നു.
‘സിന്ധു കുട്ടിയെയുമെടുത്ത് പുറത്തിറങ്ങി’. റിസപ്‌ഷനിൽ അശോകനുണ്ട്. തനിച്ച്. പൊതുവാളിനെയൊന്നു കാണണം. രണ്ടുമൂന്നു ദിവസമായി വയ്യാതായിട്ട്. കിടപ്പുതന്നെ. അയാൾ ചിരിച്ചു. സിന്ധു ചിരിച്ചെന്ന് വരുത്തി. ‘മോനേ’ ഹരിയും ചിരിച്ചു.
‘ബുദ്ധിമുട്ടായീന്നറിയാം. പക്ഷെ, കുറച്ചുനാൾകൂടി ക്ഷമിക്കണം.’
സിന്ധുവിന്റെ മുഖം താണു. കണ്ണുകളിരുണ്ടു. ‘അശോകേട്ടനിപ്പോൾ തന്നെ ഒരുപാട് സഹായിച്ചു.
’നിങ്ങളെയെനിക്ക് ബുദ്ധിമുട്ടിക്കണമെന്നേ ഇല്ലായിരുന്നു. ഓണറെ എത്ര നാളെന്നുവെച്ചാ പറ്റിക്കുക.‘
ഒരല്പം മടുപ്പോടെ അവൾ ചോദിച്ചു. ’രമേശേട്ടന് ഗൾഫിലോ മറ്റോ ഒരു ജോലി കിട്ടുമോ?‘
“അതിന് രമേശൻ പോകുമോ?’
‘പോകും. പണ്ടേ അങ്ങനെയൊരാശയുണ്ട്.’
ഞാൻ നോക്കാം. തീർച്ചയായും നോക്കാം‘
’എവിടെം പോകാൻ എന്തും ചെയ്യാൻ ഞാൻ തയ്യാറാ, പക്ഷേ……‘ മുഴുവനാക്കാനാവാതെ അവൾ കരയാൻ തുടങ്ങി. കരഞ്ഞൊടുക്കാനാവാതെ നടക്കാൻ തുടങ്ങി. പൊതുവാളിന്റെ മുറി തുറന്നുകിടന്നിരുന്നു. ഇടനാഴിയിലെങ്ങും ആരുമില്ല. പൊതുവാൾ കട്ടിലിൽ ഇരിക്കുന്നു. വയ്യാത്ത കാൽ ഒരു കുഞ്ഞൻസ്‌റ്റൂളിൽ കയറ്റിവെച്ചിരുന്നു. സിന്ധു കുട്ടിയെ നിലത്തിറക്കി. പൊതുവാളിന്റെ മുഖം അതിശയംകൊണ്ട് വിടർന്നു.
’വയ്യാണ്ട് കിടക്കുകാന്നറിഞ്ഞു. ഇപ്പോഴെങ്ങനെ വേദന കുറവുണ്ടോ?”
ഇത്രനാളിവളിവിടെ അടുത്തുണ്ടായിരുന്നു. അപ്പോഴൊന്നും ഇവിടെ വന്നില്ല. ഇപ്പോൾ……..
‘ഗവൺമെന്റാസ്‌പത്രീന്ന് നേഴ്‌സ് വന്നിരുന്നു. ഒക്കെ വൃത്തിയാക്കി പോയി. ഇപ്പോളിത്തിരി ആശ്വാസമുണ്ട്’
ഹരി അയാളെ അപ്പൂപ്പാ എന്നു വിളിച്ചു. ആകാശം ചെറുതായോ? അതോ പിന്നെയും വലുതായോ? അവൻ അപ്പൂപ്പനോട് ചേർന്നിരുന്നു.
‘എന്റെ അച്ഛനും ഇതുപോലെയായിരുന്നു. അവസാനകാലത്ത് വല്ലാതെ ഒറ്റപ്പെട്ടു’. അയാൾക്ക് എന്താണ് പറയേണ്ടതെന്ന് പിടികിട്ടിയില്ല. ‘നിങ്ങളെ കാണുമ്പോഴൊക്കെ ഞാൻ അച്ഛനെയോർമ്മിച്ചു. അച്ഛനും ഇതുപോലെ വെളുത്ത താടിയുണ്ടായിരുന്നു.’
‘രമേശൻ’?
‘പച്ചക്കറിക്കടേല് പോണുണ്ട്. അവിടുത്തെയാൾക്കാർ നല്ലവരായതുകൊണ്ട് ജോലി പോയില്ല’
‘ഒക്കെ നന്നാവും. വന്നതിൽ വളരെ സന്തോഷം’
അവർ പോകാനൊരുങ്ങിയപ്പോൾ അയാൾ അങ്ങനെ പറഞ്ഞൊപ്പിച്ചു. പിന്നെ ഇരുന്നയിരുപ്പിൽ മലർന്നു. അവരെന്തിനു വന്നു? എന്തെങ്കിലും സഹായം പ്രതീക്ഷിച്ചിരിക്കുമോ? തന്റെ സ്വത്തെല്ലാം അവർക്കു കൊടുക്കാം. പക്ഷേ, തന്റെ കാൽ മുറിച്ചു മാറ്റേണ്ടിവന്നാൽ……താനൊരു വയസൻ, ഇനിയൊരു വെപ്പുകാലില്ലെങ്കിലും ജീവിക്കാം.
സിന്ധു വാതിൽ തുറന്നിട്ടു. തീരെ വെളിച്ചമില്ല.. ബൾബിന്റെ മഞ്ഞവെട്ടം മതിയാവുന്നില്ല. അവൾ നിലത്തിരുന്നു. ഹരിയെ മടിയിലിരുത്തി വൈകുന്നേരമായി. റോഡിലല്പം തിരക്കുണ്ട്. റിക്ഷകളോടുന്നു. മുരളലും മൂളലും.
കൈനോട്ടക്കാരി അവരെനോക്കി ചിരിച്ചു.
കുട്ടി ചോദിച്ചു. ‘അതാരാണമ്മേ?’
അമ്മ പറഞ്ഞു. ‘കൈനോട്ടക്കാരി’
അവരെന്താണ് ചെയ്യുന്നതമ്മേ?‘
’ഭാവി പറയും‘
’ഭാവിയെന്താണമ്മേ?‘
’മോൻ വലുതാവുമ്പോൾ ആരാകുമെന്നത്‘
’ആരാവൂമമ്മേ? റോബോട്ട് പാവയെ വാങ്ങുന്നത്രേം വലിയ ആളാവുമോ?‘
അവൾക്കു ഭയമായി. ആരോ തങ്ങളിൽ സംസാരിക്കുന്നു. തോന്നലുകൾ! ഇളങ്കാറ്റിൽ ചൂടുപുഞ്ചിരി, അതിൽ ഭയമൂകത കെട്ടിമറിയുന്ന തോന്നലുകൾ!
അശോകൻ രമേശനോട് സംസാരിച്ചു. – രക്ഷപ്പെടാനുളള അവസാന പിടിവളളി.
-ഗൾഫിലേയ്‌ക്ക് ഒരവസരമുണ്ട്. – നിനക്കല്ല. സിന്ധുവിന്. അവളുടെ പഠിപ്പിനനുസരിച്ച ജോലി. – ഒരു പീറ്റർ തരകൻ. എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്നു. – നല്ലവൻ. വളരെ നല്ലവൻ. വിശ്വസിക്കാം. – അവനല്ലായിരുന്നെങ്കിൽ ഞാനിതു നിന്നോട് അറിഞ്ഞ ഭാവം നടിക്കില്ലായിരുന്നു. – ഞാനെല്ലാമവനോട് വിശദമായി സംസാരിച്ചു. – മലയാളികൾ. എല്ലാം മലയാളികൾ. ഭാഷയ്‌ക്കൊന്നും ഒരു പ്രശ്നവുമുണ്ടാകില്ല. – തല്‌ക്കാലമുളള ചിലവുകളൊക്കെ ഞാൻ വഹിക്കാം. – ഒന്നുരണ്ടുകൊല്ലം അവളവിടെ നിന്നാൽ നീ പച്ചപിടിക്കും. പിന്നെ നിനക്കും പോകാം.
രമേശൻ തലകുലുക്കി.
-രമേശാ നീ സമ്മതിച്ചു…….? ’ഉവ്വെന്ന്‘
-’വിശ്വസിക്കാനാവുന്നില്ല‘
-നീ നന്നായി രമേശാ. ഈ നിമിഷം നീ നന്നായി. അശോകന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. അയാൾ ഡ്രോയർ തുറന്ന് നോട്ടുകളെണ്ണി. വേഗം വേഗം.
-ഞ്ഞാനിതിപ്പോൾ പീറ്ററിനെ വിളിച്ചു പറയാം. – ഹെഡ്‌പോസ്‌റ്റോഫീസിനടുത്ത് ഒരു ആധാരമെഴുത്ത് നമ്പൂതിരിയുണ്ട്. – അയാളുടെ കൈയ്യിൽ പണം കൊടുത്ത് പാസ്‌പോർട്ടിനാണെന്നു പറയണം. പിന്നെ പത്തുപതിനഞ്ച് ഫോട്ടോയെടുക്കണം. പഴയ സ്‌റ്റാന്റിനെതിർവശത്തുളള രൂപം സ്‌റ്റുഡിയോയിൽ പോയാൽ മതി. ഞാൻ സൂചിപ്പിച്ചേക്കാം. സർട്ടിഫിക്കറ്റിന്റെ രണ്ടുമൂന്നു കോപ്പിയെടുത്തുവെച്ചോളൂ. അതിനവിടത്തന്നെ സൗകര്യമുണ്ട്. ഇതെല്ലാം നാളെത്തന്നെ വേണം. നമുക്കധികം സമയമില്ല.
പൊതുവാൾ ഒരു സ്വപ്നം കാണുകയായിരുന്നു. രമേശനും സിന്ധുവും ഹരിയും കൈനോട്ടക്കാരിയുടെ അടുത്തേയ്‌ക്ക് പോവുകയാണ്. ഹരിയുടെ കൈയിൽ റോബോട്ട് പാവയുണ്ട്. അവർക്കതിന്റെ കൈനോക്കണം. കൈനോട്ടക്കാരി സൂക്ഷ്‌മനേത്രയായി. അതിൽ രേഖകളില്ല! ഭൂതവും ഭാവിയും വർത്തമാനവുമില്ല. രാത്രിയിൽ വന്ന കടവാവലുകൾ ജനലഴികളിൽ തിക്കുമുട്ടി. താഴേ വലിയ ബഹളം. കാലുകൾക്ക് തീരെ വയ്യാണ്ടായി. എങ്കിലും നടക്കാതിരിക്കാനാവുന്നില്ല. അശോകൻ തലയിൽ കൈകൊടുത്ത് നില്‌ക്കുന്നു. പോലീസുകർ. ഓടുന്ന ആളുകൾ. ബഹളം വെയ്‌ക്കുന്ന ആളുകൾ കൈനോട്ടക്കാരി നെഞ്ചത്തടിച്ച് കരയുന്നു. മൂന്നു ശവങ്ങൾ. മൂന്നു ശവങ്ങൾ ഓടയ്‌ക്കു മുകളിലേയ്‌ക്കവർ എടുത്തുവച്ചു.
പൊതുവാൾ……….അയാൾ സ്വപ്നമേത് ജീവിതമേതെന്നറിയാതെ വിറങ്ങലിച്ചു നിന്നു.
ഒരു പോലീസുകാരൻ നാലമതൊരെണ്ണം കൂടിയെന്നു കളിപറഞ്ഞ് ഭവ്യതനടിച്ച് ഒരു റോബോട്ട് പാവയെ അവർക്കിടയിൽവെച്ചു. പൊതുവാൾ സ്വന്തം കൈരേഖയിലേക്കു നോക്കി.
അയാളുടെ വായിൽ തുപ്പൽ നിറഞ്ഞു.
Generated from archived content: story1_dec7_06.html Author: naveen_george