ആമയും മുയലും ചില നൂലാമാലയും

സ്വപ്‌നം

തർക്കം നടന്നതിന്റെ പിറ്റേന്നാളാണ്‌ ഞാനാ സ്വപ്‌നം കണ്ടത്‌. പിരിഞ്ഞുവളഞ്ഞ പായലുകളും തെളിഞ്ഞ ഓളവുമുള്ള ഒരു തടാകം. ഞാൻ കരയിലാണോ ജലത്തിലാണോയെന്നു വ്യക്‌തമല്ല. ഇടയ്‌ക്കൊരു മരത്തിന്റെ പ്രതിബിംബത്തിലൂടെ ജലത്തിനുള്ളിൽ നടക്കുന്നുണ്ട്‌. അതിന്റെ ഇഴപിരിഞ്ഞ കൊമ്പിലൂടെ ഞാൻ തടാകത്തിനടിയിലെത്തി. പക്ഷേ, നനഞ്ഞതായി അറിവില്ല. തടാകത്തിന്റെ അടിത്തട്ടിലുടെ കരയിലെന്നപോലെ നടന്നു. താമരവേരുകൾക്കും കടുംപച്ച പായലുകൾക്കും കുറുകെ ഒരു മുയൽ കണ്ണിനുനേരെ നീന്തുന്നു. പുറകെ ഒരാമയും. ഒരു ജലകന്യകയുടെ മടിയിലേയ്‌ക്ക്‌ അവ തുഴഞ്ഞുകയറുകയാണ്‌. നീർവളയങ്ങളും കാറ്റുകുമിളകളും പരത്തി വിദഗ്‌ദ്ധമായി നീന്തുന്നതിനിടയിൽ പായലുകൾ അവളുടെ സ്‌തനങ്ങളെ തഴുകിയുലഞ്ഞു. അപ്പോൾ ഞാനുണർന്നു.

തർക്കത്തിന്‌ വഴിവെച്ച സംഭവം

അന്നു ഞങ്ങൾ (അർദ്ധരാത്രിയോടടുത്തുകാണണം) ചില മസാലപ്പടങ്ങൾ കണ്ട്‌ തോമസിന്റെ മുറിയിൽനിന്നും വരുകയാണ്‌. (അവൻ കംപ്യൂട്ടർ വാങ്ങിയതിൽ പിന്നെ ഇടയ്‌ക്കൊക്കെ അങ്ങനെയും ഉണ്ട്‌.) ഉടുമുണ്ടുപോലും പിടിച്ചുനിർത്താൻ ശേഷിയില്ലാതെ ഒരു കുടിയൻ നടുറോഡിലൂടെ പോകുന്നു. ഒരിക്കലതു നിലത്തേയ്‌ക്ക്‌ ഊർന്നുവീഴുകയും അയാളതിനെ ചുരുട്ടി പാമ്പുപോലാക്കി വയറിനുമേൽ കെട്ടിവെക്കുകയും ചെയ്‌തു. റോഡ്‌ ആ ചെറുപട്ടണത്തിൽ നിന്നും ഞങ്ങളുടെ തെരുവിലേയ്‌ക്ക്‌ വഴിപിരിയുന്നിടത്താണ്‌ ഇപ്പോൾ ഞങ്ങൾ നില്‌ക്കുന്ന തട്ടുകട. അവിടെ തൂക്കുവിളക്കിന്റെ മഞ്ഞവെട്ടത്തിൽ പൊട്ടിയൊലിച്ച കോഴിമുട്ടകളുടെ രക്‌തവാസനയിൽ അഷറഫ്‌ സിഗരറ്റ്‌ വാങ്ങി പുകച്ചുരുളുകൾ എയ്‌തുനിന്നു. ഹരീഷ്‌ ഒരു ഡബിൾ ബുൾസൈ കൈവിരലിലൂടെ ഒലിപ്പിച്ച്‌ അതിൽ നാവിളക്കുന്നു. അവന്‌ പാതി മത്തുണ്ട്‌​‍്‌. രാത്രിസിനിമകൾക്ക്‌ രഹസ്യമായി തമ്പടിക്കുന്ന എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി സുഹൃത്തുക്കൾക്കിടയിൽ സ്വല്‌പം ലഹരിയൊക്കെ പതിവുള്ളതാണ്‌. അങ്ങനെ പറഞ്ഞാൽ അനീഷൊഴികെ ഞങ്ങളെല്ലാവരും തരി ലഹരിയുടെ സുഖത്തിലാണ്‌.

അനീഷിനെ ഞങ്ങൾ ‘മദർമാനിയാക്ക്‌’ എന്ന്‌ വിളിച്ചിരുന്നു. അവന്റെയമ്മ മദ്യപാനം, പുകവലി മത്സ്യമാംസാദികൾ ഇത്യാദി കാര്യങ്ങളോട്‌ കടുത്ത വിരോധം കാത്തുസൂക്ഷിക്കുകയും അവ്വിധം മകനിലേയ്‌ക്ക്‌ പകർത്തുകയും ചെയ്‌തു. അഷറഫ്‌ പറയും. ‘ഇവന്‌ കുടിയും വലിയും ഇല്ലന്നേയുള്ളു; ആളുശാറാ. പാവം അമ്മ… ഇവന്റെ മനസിലുള്ള വൃത്തികേടുകൾ അറിയുന്നില്ലല്ലോ!’. രാത്രിസിനിമയെക്കുറിച്ചാണ്‌. അല്ലെങ്കിലും, ഒരമ്മ മകനോട്‌ കുടിക്കരുതെന്നും പുകവലിക്കരുതെന്നും പ്രണയിക്കരുതെന്നും പറയുന്നതിനപ്പുറം എന്ത്‌? എങ്ങനെ?…. അനീഷ്‌ ഒരു നേന്ത്രപ്പഴം ചുണ്ടിൽ തിരുകി രാത്രിസിനിമയുടെ ഓർമ്മയിൽ സ്‌തബ്‌ധനായി നിന്നു.

പാറ്റയും പല്ലിയും എലിയും പൂച്ചയും വാർഡനും ചില പ്രോട്ടീൻ കുട്ടികളും സഹവസിക്കുന്ന ഹോസ്‌റ്റൽ പരിസരത്തെ വാടയിൽ നിന്നുമുള്ള രക്ഷ വിപ്ലവാത്മകമായിരുന്നു. തോമസൊക്കെ ഈ വിപ്ലവം നേരത്തേ നടത്തി. ഇപ്പോഴത്തെ വീട്‌; ചെറുതെങ്കിലും അത്‌ സ്വാതന്ത്രത്തിന്റെ സ്വർഗ്ഗീയ സുഖം തന്നു. ഞങ്ങളതിനെ ‘ഹിൽപാലസ്സ്‌’ എന്നുവിളിച്ചു. തെരുവിലെങ്ങും അങ്ങനെ, സുന്ദരനാമങ്ങളുള്ള വീടുകൾ… എങ്ങും വിദ്യാർത്ഥികൾ… തല്ലും കള്ളുകുടിയും സ്വാതന്ത്രത്തിന്റെ കൂക്കിവിളിയും ബഹളവും.

ഞങ്ങൾ തട്ടുകടയിൽ നിന്നുനേരം കളഞ്ഞപ്പോൾ മദ്യപൻ കാഴ്‌ച്ചയിൽ നിന്നും മറഞ്ഞു. അയാൾക്ക്‌ നാല്‌പതുവയസ്സു പ്രായംവരും. ഏറിയാൽ അൻപത്‌. ആശ്യത്തിലധികം ചെരിച്ചുപിടിച്ച കഴുത്തും ഇരുകൈകളും ഇടത്തോട്ട്‌ കൂട്ടിപ്പിണച്ച്‌ വലത്തുചെരിഞ്ഞുള്ള നടത്തവും അയാൾക്കുണ്ടെന്ന്‌ ഞാൻ നിരീക്ഷിച്ചു. തൂക്കുവിളക്കിന്റെ പ്രകാശം നിലച്ച്‌ തട്ടുകട അടഞ്ഞുവരുമ്പോൾ അഷറഫ്‌ ഒരു പായ്‌ക്കറ്റ്‌ സിഗരറ്റുകൂടി വാങ്ങി പോക്കറ്റിൽ കരുതി. അയാൾ തെരുവുറോഡിനറ്റത്ത്‌ മൂടൽമഞ്ഞിനപ്പുറത്തെ മരച്ചില്ലകൾപോലെ മാഞ്ഞുതീർന്നു. അയാൾ കാഴ്‌ച്ചയിൽനിന്നും മറഞ്ഞല്ലോയെന്ന ചിന്ത എന്നിൽ വ്യസനമായി. ഹരീഷിനും അഷറഫിനും ഇതേ അവസ്ഥ.

‘ഛേ അയാൾ പോയല്ലോയെന്ന്‌’. അനീഷ്‌ രാത്രിസിനിമയുടെ സ്‌മൃതിയിൽ കുറ്റബോധത്തിന്റെ ചാഞ്ഞ കൺപോളകളോടെ വിഷണ്ണനായി നീങ്ങി. (അയാളെ കാണുംവരെ ഞങ്ങളുടെ കാലുകൾ ആരുടെയോ നിയന്ത്രണത്തിലെന്നപോലെ വേഗതയിലായിരുന്നെന്ന്‌ അനീഷ്‌ പിന്നീട്‌ പറഞ്ഞു. അവനതിനോട്‌ പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയത്രേ!)

അയാളുടെ അടുത്തെത്തിയെന്ന ഘട്ടം വന്നപ്പോൾ ഹിൽപാലസ്സിന്റെ കുഞ്ഞുവെളിച്ചം ശ്രദ്ധയിൽപെട്ടു. അതിനുമപ്പുറം മലഞ്ചെരുവിൽ ഒരു വലിയ വീടിന്റെ മട്ടുപ്പാവിനു മുകളിൽ ഫ്ലൂറസെന്റ്‌ വെട്ടം നിലാവിന്റെ അടരിനുതാഴെ വേറിട്ടുനിന്നു. എനിക്ക്‌ അയാളെ പിൻതുടരണമെന്ന വിചിത്രമായ ചിന്തയുണ്ടായി. അതിനെ അവതരിപ്പിക്കവെ അനീഷ്‌ ഹിൽപാലസ്സിലേയ്‌ക്കുള്ള വഴിയേ നടന്നു തുടങ്ങി.

-‘രാത്രീല്‌ കണ്ടവന്റെ പിന്നാലെ നടന്നിട്ട്‌ നമുക്കെന്തുനേട്ടം. ആസമയം കിടന്നുറങ്ങിയാൽ അതെങ്കിലുമായി’

-‘ഒരുത്തന്റെ ഉറക്കം. നിന്നെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. കുറച്ചൊക്കെ ജീവിതം ആസ്വദിക്കാനും പഠിക്കണം’

-‘എത്ര രാത്രികൾ നാമിങ്ങനെ വെറുതേ ഉറങ്ങിത്തീർത്തു. ഇതുമൊരു രസം’

-‘അല്ലാതെ അണെന്നും യൗവ്വനമെന്നും പറഞ്ഞുനടന്നിട്ട്‌ എന്തുകാര്യം?.’

-‘നീ വരുന്നുണ്ടോ?’

-‘ഞാനുണ്ട്‌’

-‘നീയോ’

-‘ഞാനും ഉണ്ട്‌’

അനീഷ്‌ മാത്രം ഇല്ല.

ഞങ്ങളിങ്ങനെ ആദ്യമായൊന്നുമല്ല. നിലാവുള്ള രാത്രി അല്‌പം സാഹസികവും കൗതുകപൂർണ്ണവുമായ യാത്ര വിജനമായ തുരുത്തിലേയ്‌ക്കും അറിയപ്പെടാത്ത മലഞ്ചെരുവിലേയ്‌ക്കും നടത്തുക. ഒരുതരം ഹരമാണ്‌ ഇത്തരം സഞ്ചാരങ്ങൾ (തരി ലഹരി വേണമെന്നുമാത്രം!). പക്ഷേ, ഒരാളെ പിൻതുടർന്നിങ്ങനെ ആദ്യമാണ്‌.

അവിടിവിടെയായി ഒറ്റപ്പെട്ട വീടുകളിൽ മദ്യപന്മാരായ വിദ്യാർത്ഥികളുടെ പാട്ടും ബഹളവും. ഞങ്ങൾ ഒരിറക്കവും മലയും കടന്നു. ഇറക്കത്തിനും മലയ്‌ക്കുമിടയിൽ ഒരു പുഴയും പൊക്കംകുറഞ്ഞൊരു പാലവുമുണ്ട്‌. പുഴയിൽ നിറവിന്റെ ജലവിതാനവും അതിന്റെയിരുട്ടിൽ ചില വരകളും കണ്ടു. ഗ്രാമാന്തരത്തിലെ ഉള്ളുണർത്തുന്ന രാത്രിയിൽ നിലാവ്‌ മരങ്ങളിലൂടെ പുൽമെത്തയിലേയ്‌ക്കു പെയ്‌തു.

അയാൾ പെട്ടെന്നാണ്‌ വഴിതെറ്റിച്ചത്‌. ഞങ്ങളൊരു വീട്ടിമരത്തിന്റെ ഇരുട്ടിലായിരുന്നു. എന്തോ അഭിനിവേശത്തിൻ പുറത്ത്‌ വേഗത കൂട്ടുമ്പോൾ മുൻപിൽ റബ്ബർതോട്ടത്തിന്റെ തട്ടുകൾ. ഇലപൊഴിച്ച്‌ റബ്ബർ മരങ്ങൾ. അതിന്റെ ചുള്ളിച്ചില്ലയിലൂടെയും നിലാവു പെയ്യുന്നു. അയാൾ മുന്നിലുണ്ട്‌. നിലാവത്ത്‌ അയാൾ വ്യക്‌തമാവുന്നൂ. ഞങ്ങളുടെ കാലുകൾ പതിയുമ്പോൾ കരിയിലകളിലുണ്ടാകുന്ന ശബ്‌ദം വലുതായിരുന്നു. അയാളൊന്നും അറിഞ്ഞില്ല. കുറേ നടന്നപ്പോൾ ഏതോ ഉൾകാടുപോലെ. സിഗരറ്റിന്റെ പുകച്ചുരുളുകൾ ആകാശത്തെ മൂടുംപോലെ. ഞങ്ങൾ മൂന്നുപേരും പുകയിലയുടെ ഗന്ധസായൂജ്യത്തിലായിരുന്നു. അയാൾക്കുപിന്നിലെ നാട്ടുവഴി ഒരു പാമ്പിനെപ്പോലെ ഞങ്ങൾക്കുനേരെ ഇഴഞ്ഞു. ഒരു ചിലന്തിയെപ്പോലെ അയാളതിനെ സൃഷ്‌ടിച്ചുവിട്ടു. വിജനവും അത്യന്തം ഭീകരവുമായിരുന്നു ചുറ്റിനും. വെളിച്ചത്തിന്റെ തരിമ്പ്‌ എവിടെയും കണ്ടില്ലെങ്കിലും നായ്‌ക്കൾ കരിയിലക്കാട്ടിലൂടെ ഓടുകയും കുരയ്‌ക്കുകയും ചെയ്‌തു. ഒടുവിൽ അയാളൊരു വീട്ടുവിളക്കിന്റെ അരണ്ട വെളിച്ചത്തിലേയ്‌ക്കു കടന്നു. മുറ്റമായിരുന്നു അത്‌. ഞങ്ങളതിന്റെ വേലിക്കെട്ടിനു മറവിൽ ചേർന്നുനിന്നു. അയാളുടെ മകളെന്നാണ്‌ ഞാൻ കരുതുന്നത്‌. ഒരു സുന്ദരിയായ പെൺകുട്ടി നായ്‌ക്കളുടെ ഒച്ചകേട്ടാവണം വാതിൽ തുറന്നു. രണ്ടു നിമിഷം ഉറക്കമുറ്റുന്ന കണ്ണുളോടെ വാതിൽക്കൽ നിന്നു. എന്റെ കാഴ്‌ച്ചയിൽ അവളുടെ പൂർണ്ണകായം തെളിഞ്ഞു.

തിരികെ നടക്കുമ്പോൾ ഞാൻ പറഞ്ഞു.

“അവൾക്ക്‌ ഒരിരുപത്‌ വയസ്സു കാണുമല്ലേ?”

“ആർക്ക്‌?”

“അവൾക്ക്‌. അയാൾക്ക്‌ വാതിൽതുറന്നുകൊടുത്ത ആ പെൺകുട്ടിക്ക്‌”

“അതിന്‌ വാതിൽ അയാൾ, തന്നെ തുറന്ന്‌ അകത്തുകടക്കുകയായിരുന്നില്ലേ?”

അപ്പോൾ, അഷറഫ്‌ ഞങ്ങളെ രണ്ടുപേരെയും ഖണ്ഡിച്ചുകൊണ്ട്‌ പറഞ്ഞു.

“ആരും എവിടെയും വാതിൽ തുറന്നിട്ടില്ല. അയാൾ സിറ്റൗട്ടിൽ കുഴഞ്ഞുവീണതു കണ്ടിട്ടല്ലേ നമ്മൾ തിരികെ നടന്നത്‌?!

ഹരീഷ്‌ എന്നെ കളിയാക്കിയതാവാമെന്നും അവനെയുമിരുത്താൻ അഷറഫ്‌ അടുത്തൊരു നുണ ഇറക്കിയതാവാമെന്നും ഞാൻ കരുതി. ചങ്ങാതിമാർക്കിടയിൽ ഇങ്ങനെ പതിവുള്ളതാണല്ലോ!!

പുലരിക്കു മുൻപത്തെ കുളിർ പടർന്നുകഴിഞ്ഞു. ഭയം കൂടെയൊരാളായി നടക്കുന്നു. വേഗം കൂടുന്നു. റബ്ബർതോട്ടത്തിന്റെ തട്ടുകൾകഴിഞ്ഞ്‌ ടാർവഴിയായപ്പോൾ ആശ്വാസമായി. പന്നെ പാലം കടന്ന്‌ തെരുവുമുക്കെത്തിയപ്പോൾ ഞാൻ പറഞ്ഞു.

”എന്നാലും നിങ്ങളവളെ കണ്ടില്ലെന്നുപറഞ്ഞാൽ ഭയങ്കര കഷ്‌ടം. അവൾക്കെന്തൊരു സൗന്ദര്യമാണെന്നോ!

ഇല്ലാക്കഥ പറഞ്ഞ്‌ കൊതിപ്പിക്കരതെന്ന്‌ അപേക്ഷിച്ച്‌ അവർ പരസ്‌പരവിരുദ്ധം കാര്യങ്ങൾ ആവർത്തിച്ചു. പിറ്റേദിവസം അനീഷിനോട്‌ ഇക്കഥ പറയവെ അവൻ ഞങ്ങളെ തകർത്തുകളയാൻ നോക്കി.

“നിങ്ങളതിന്‌ ഇന്നലെ എവിടെയും പോയിട്ടില്ലെങ്കിലോ?”

“ഓ, അവൻ മൊത്തത്തിൽ നമുക്കിട്ട്‌ താങ്ങി” അഷറഫ്‌ പറഞ്ഞു.

പക്ഷേ, അനീഷ്‌ അവന്റെ അഭിപ്രായത്തിൽ ഉറച്ചുനില്‌ക്കാൻ കാരണങ്ങൾ നിരത്തവെ എനിക്ക്‌ തലവേദന തുടങ്ങി.

ദിവസം രണ്ടു കഴിഞ്ഞു. ഒരു ചായക്കടയുടെ പണപ്പലകയിൽ ഇരുകൈയ്യും കവച്ചുവെച്ച്‌ ഹരീഷ്‌ നില്‌ക്കുന്നു. ഞാൻ അവനു പിന്നിലുണ്ട്‌. നടകഴിഞ്ഞ്‌ വഴിപിന്നിടുമ്പോൾ അവൻ വലതുകൈയ്യിലെ ചൂണ്ടുവിരൽ ഭൂമിയിലേയ്‌ക്ക്‌ ചുഴറ്റിക്കൊണ്ടിരുന്നു. കീഴ്‌ച്ചുണ്ട്‌ കനപ്പിച്ച്‌ തല കുനിച്ചുപിടിച്ചിരുന്നു. ചിന്തിക്കുമ്പോൾ അവൻ അങ്ങനെയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പൊക്കംകുറഞ്ഞവനും എന്നാൽ ദൃഢഗാത്രമായ അഴകിന്‌ ഉടമയുമായിരുന്നു അവൻ. ഞാൻ അവനൊപ്പമുണ്ട്‌. ഇപ്പോൾ അവനൊരു സംശയംപോലെ.

“എന്നാലും അങ്ങനൊരു പെൺകുട്ടി വാതിൽ തുറന്നിരുന്നോ?”

തുറന്നിരിക്കാം; താൻ ശ്രദ്ധിച്ചില്ലെന്നും വരാമല്ലോ! പക്ഷേ, അഷറഫ്‌ എന്തുകൊണ്ട്‌ മറ്റൊരഭിപ്രായം പറയുകയും അതിനെ തറപ്പിച്ച്‌ ആവർത്തിക്കുകയും ചെയ്യുന്നു. ഹരീഷ്‌ ചോദിച്ചു.

“നമുക്കൊന്ന്‌ അവിടെവരെ പോയാലോ?”

“ഈ രാത്രിയിലോ”

ഓ, ഞാനത്‌ പറഞ്ഞില്ലല്ലോ! ഞങ്ങൾ ഹോട്ടലിൽ നിന്ന്‌ രാത്രിഭക്ഷണം കഴിഞ്ഞിറങ്ങിയതാണ്‌. ഞങ്ങളവിടെ പറ്റുകാരാണ്‌. ഒറ്റക്കാലിൽ പരസ്‌പരവിരുദ്ധമായ ദിശയിലേയ്‌ക്ക്‌ പകച്ചുനില്‌ക്കുന്ന ഇരട്ട ഹാലോജൻ വിളക്കിന്റെ നീണ്ടനിരയും തട്ടുകടയുംകഴിഞ്ഞ്‌ നടക്കുമ്പോൾ ഞങ്ങളയാളെ വീണ്ടും കാണുകയാണ്‌. അയാളുടെ അവസ്ഥ ശോചനീയമായിരുന്നു. നടക്കാനുള്ള ത്രാണി നഷ്‌ടപ്പെട്ട നിലയിൽ ഒരു വശത്തേയ്‌ക്ക്‌മറിഞ്ഞ്‌ പ്രാഞ്ചുകയായിരുന്നു. ഒരു റിക്ഷയ്‌ക്കുവേണ്ടി കൊതിച്ചെങ്കിലും അതു വന്നില്ല. ഞങ്ങളയാളെ താങ്ങിനിർത്തി. ഒന്നുരണ്ടു വാഹനങ്ങൾ തിടുക്കത്തിൽ പട്ടണത്തിലേക്കു പാഞ്ഞുപോയി. ചില യാത്രക്കാർ ഞങ്ങളെ നോക്കി മറഞ്ഞു. ഇടയ്‌ക്കയാൾ എന്റെ തോളിലേയ്‌ക്ക്‌ തലചെരിച്ച്‌ ബോധരഹിതനായി ഊർന്നിഴഞ്ഞു. എനിക്കു ചെടിപ്പുതോന്നി. എന്റെ മെലിഞ്ഞ ശരീരത്തിന്‌ അയാളെ താങ്ങി നടക്കാനുള്ള ശേഷി ഇല്ലായിരുന്നു. എങ്കിലുമൊരു മനോബലംകൊണ്ട്‌ അതിനെ സാധിച്ചെടുത്തു. തെരുവുറോഡുകഴിഞ്ഞ്‌ പുഴയും പാലവും കടന്ന്‌ ഗ്രാമത്തിന്റെ കുഞ്ഞുവഴിയെത്തിയപ്പോൾ ഹരീഷ്‌ ചോദിച്ചു.

“ഇയാളെ വീടുവരെ കൊണ്ടാക്കേണ്ടിവരുമോ?”

“നീയല്ലേ പറഞ്ഞത്‌ അവിടെ പോകണമെന്ന്‌.”

“അതു ഞാൻ വെറുതേ പറഞ്ഞതല്ലേ.”

പക്ഷേ, അയാളെ അവിടെയുപേക്ഷിച്ച്‌ കടന്നുകളയാൻ തോന്നിയില്ല.

ഹരീഷ്‌ സ്വരം താഴ്‌ത്തി പറഞ്ഞു.

“അവളെ ഒന്നുകാണുകയും ചെയ്യാമല്ലോ!”

“ശരിയാണ്‌, ഞാൻ പറഞ്ഞത്‌ സത്യമാണെന്ന്‌ നിനക്കെങ്കിലും ബോധ്യം വരുമല്ലോ.”

അയാളെ ഞങ്ങൾ ചുമക്കുകയായിരുന്നു. കാലുകളും കൈകളും താങ്ങിപ്പിടിച്ച്‌

ഒരു ശവത്തെപ്പോലെ അയാളെ ചുമന്നു. റബ്ബർതോട്ടത്തിലെ കരിയിലയിലൂടെ അയാളെ വലിച്ചിഴച്ചു. ലക്ഷ്യസ്ഥാനമെത്തിയപ്പോൾ ഞങ്ങൾ ഏറെ തളർന്നിരുന്നു. കുറെയേറെ ദൂരം താണ്ടിയതായി തോന്നി. പതിവെന്നപോലെ നായ്‌ക്കളുടെ അസഹ്യമായ കുര. അപ്പോൾ അയാളുടെ ഭാര്യയെന്നുതോന്നിച്ച സ്ര്തീ വാതിൽ തുറന്നു. ഞങ്ങൾ കാര്യം പറയുകയും അയാളെ അകത്തൊരു മരക്കട്ടിലിൽ കിടത്തുകയും ചെയ്‌തു. അവർ നിറകണ്ണുകളോടെ പറഞ്ഞു.

“വലിയ ഉപകാരം മക്കളേ”

ഞാൻ ഞങ്ങളെ പരിചയപ്പെടുത്തി.

ഈ വീടെങ്ങനെ അറിയാം എന്ന ചോദ്യത്തിന്‌ പകൽ ഇതുവഴിയൊക്കെ വന്നിട്ടുണ്ടെന്നും ഞങ്ങളയാളെ വീടിനുമുൻപിൽ കണ്ടിട്ടുണ്ടെന്നും കള്ളം പറഞ്ഞു. അവരുടെ പേര്‌ തെരേസ എന്നായിരുന്നൂ. അയാളുടേത്‌ സ്‌കറിയ എന്നും. അവർ കണ്ണുനീർതുടച്ച്‌ സ്‌നേഹത്തോടെ പരിചരിക്കാൻ തുനിഞ്ഞപ്പോൾ ഞങ്ങളതിൽ മയങ്ങിനിന്നു. അവർ ഞങ്ങൾക്ക്‌ ആവിപൊന്തുന്ന ചായയും ആമയിറച്ചിയും കപ്പപുഴുങ്ങിയതും തന്നു. അവരുടെ വീടിനു പിന്നാമ്പുറത്തെ വെള്ളക്കെട്ടിൽ നിന്നും കിട്ടിയതാണ്‌ ആമയെ. ആമയിറച്ചിയുടെ മാസ്‌മരികരുചിയിൽ ലയിച്ചിരിക്കെ അവർ ഞങ്ങളിലേയ്‌ക്കുറ്റുനോക്കി ഒരു കദനകഥ പറയാൻ തുടങ്ങി.

അവർക്ക്‌ ഒരു മകളുണ്ടായിരുന്നു. ഒരു വർഷം മുൻപ്‌ അവൾ മരിച്ചു. ചെറിയൊരു വയറിളക്കം. അത്രമാത്രം. ദീനം മാറിവന്നെന്ന ഘട്ടത്തിലാണ്‌ മരണം. “അതേപ്പിന്നെ ഇതിയാനൊരു വെളിവുമില്ലാതായി പിള്ളാരേ.. കാണുമ്പഴും കാണാത്തപ്പഴും എല്ലാം ഇങ്ങനെയാ”

വാക്കുകളുടെ കനപ്പെട്ട ഇടറലോടെ കണ്ണുനീർ തുളുമ്പി. അവർ മ്യതസംസ്‌ക്കാരച്ചടങ്ങിന്റെ ആൽബം കാട്ടിത്തന്നു. മുൻതാളിലൊന്നിലലങ്കരിക്കപ്പെട്ട്‌ അവളുടെ പുഞ്ചിരിയൊളിയുന്ന മുഖം. രണ്ടുനാൾമുൻപ്‌ വാതിൽതുറന്നെന്ന്‌ ഞാൻ പറഞ്ഞ അതേ പെൺകുട്ടി!.

അവൾ ഒരു വർഷം മുൻപ്‌ മരിച്ചുപോയെന്ന്‌!.

ഹരീഷ്‌ ദയനീയമായ്‌ നോക്കി.

“ഇതു തന്നെയോ അവൾ?”

അവന്റെ മിഴികൾ ചോദിച്ചു.

“ഇതു തന്നെയോ…..?”

“നിങ്ങൾക്ക്‌ വേറെ മക്കൾ?”

“ഒരു മകൻ.”

“മാത്രം….?!!”

“അതെ, അവൻ കൃഷിപ്പണികളും നോക്കി നടക്കുന്നു.”

ഉത്തരം വന്നപ്പോൾ കൺപോളകൾ പിടയലിന്റെ ഞൊടിനേരംകൊണ്ട്‌ എന്നെ ഇരുട്ടിലാഴ്‌ത്തി. മടക്കയാത്രയിൽ ഹരീഷ്‌ പ്രേതങ്ങൾ, ഉത്തരം കിട്ടാത്ത ഗുഹാകഥകൾ ഇവയെക്കുറിച്ച്‌ സംസാരിച്ചു. ചുറ്റിനും പിശാചുകൾ വലവിരിച്ചിട്ട താഴ്‌വാരങ്ങൾ. ഭീകരമായ ഇരുട്ടു നിറഞ്ഞ കിടങ്ങുകൾ. നിലാവു വറ്റിത്തീർന്നതുപോലെ. ഭയന്നോടുകയായിരുന്നു പിന്നെ.

ഹിൽപാലസ്സിലെത്തിയപ്പോൾ, അനീഷ്‌ വാതിൽ തുറന്നപ്പോൾ ഞങ്ങൾ വിറയ്‌ക്കുകയായിരുന്നോ?! ഹരീഷ്‌ അയ്യോ! എന്ന്‌ കരഞ്ഞുവോ! (അങ്ങനെ അവർ പറയുന്നു). വൈകാതെ എനിക്കു ഛർദ്ദിക്കണമെന്നുതോന്നി. ഞാൻ ബാത്ത്‌റൂമിൽ കയറി. ഭക്ഷണശകലങ്ങൾ നിറഞ്ഞ ജലപാളികൾ തൊണ്ടയെ ഞെരിച്ചുയർന്നു. കണ്ണുകൾ തള്ളി. അടിവയറ്റിൽ അഗ്നിയാളി. ഹരീഷ്‌ ഒരു ബക്കറ്റിൽ മുഖം പൂഴ്‌ത്തിയിരുന്ന്‌ ഛർദ്ദിച്ചു. എന്റെ ബോധം പോയെന്നായി. കാഴ്‌ച്ചകൾ മങ്ങിമങ്ങി നിന്നു. ശബ്‌ദം കേൾക്കാതെയായി.

തർക്കം

പിറ്റേദിവസം ഞങ്ങൾ തളർന്ന്‌ കട്ടിലിൽ ഇരിക്കവെ അഷറഫ്‌ വന്ന്‌ ജനാലകൾ തുറന്നിട്ടു.

അനീഷ്‌ ഹരീഷിന്റെ അരുകിൽ ഇരുന്നു. അവർ കോളേജിൽനിന്നും നേരത്തേ വന്നു.

മദ്ധ്യാഹ്നത്തിലെ മഞ്ഞവെയിൽ എന്റെ തളർച്ചയിലേക്ക്‌ പതിഞ്ഞുവീണു.

“എന്തായിരുന്നു ഇന്നലെ പുകില്‌.”

“ഞങ്ങളതിരാവിലെ ഡോക്‌ടറെ വിളിച്ചുകൊണ്ടുവന്നു.”

“ഇഞ്ചക്‌ഷൻ തന്നു.”

“വല്ലതും ഓർമ്മയുണ്ടോ?”

അനീഷ്‌ പറഞ്ഞു.

“ഇപ്പോഴെങ്കിലും ബോധം വീണല്ലോ!”

ഹരീഷ്‌ ചിരിച്ചെന്നു വരുത്തി. അനീഷ്‌ തുടർന്നു.

“ആരും അറിയാതിരിക്കാൻ ഞങ്ങളാവുന്നത്ര ശ്രമിച്ചു.”

“നാണക്കേടാണ്‌; കള്ളച്ചാരായമെന്നൊക്കെ പറഞ്ഞാൽ, പിന്നെ ബാക്കിയുള്ളവർക്കുകൂടി പുറത്തിറങ്ങേണ്ട”

അഷറഫിന്റെ ശബ്‌ദത്തിലേക്ക്‌ ചിരി വലുതായി.

“ഇന്നലെ നിങ്ങൾ എന്തു കെട്ട സാധനമാണ്‌ കഴിച്ചത്‌”

“ചാരായം തന്നല്ലേ?” അനീഷ്‌ വിരൽചൂണ്ടി.

“ഇല്ല; ഞങ്ങളിന്നലെ തുള്ളി കുടിച്ചിട്ടില്ല”

“പിന്നേ…….”

“സത്യം” ഹരീഷ്‌ തറപ്പിച്ചുപറഞ്ഞു.

“പിന്നെനിങ്ങൾ രാത്രിമുഴുവൻ എവിടെയായിരുന്നു.?”

“ആ വീട്ടിൽ……” ഞാനാ കഥ പറഞ്ഞുതുടങ്ങി. അങ്ങനെവന്ന്‌ ആമയിറച്ചിയും കപ്പപുഴുങ്ങിയതും കഴിച്ചതിലേക്കെത്തി. പൊടുന്നനെ ഹരീഷ്‌ എന്നെ തടഞ്ഞു.

“ആമയല്ല, മുയൽ.”

“അല്ല; വീടിന്റെ പിന്നാമ്പുറത്തെ വെള്ളക്കെട്ടിൽ നിന്നും കിട്ടിയ ആമയെന്ന്‌ അവർ പറഞ്ഞു.”

“കഷ്‌ടം! നിനക്കെന്താണ്‌?. അവരുടെ ക്യഷിക്കാരനായ മകൻ പൊന്തക്കാട്ടിൽനിന്നും- കെണിവച്ചു പിടിച്ച മുയലെന്ന്‌ അവർ വ്യക്‌തമായും പറഞ്ഞതല്ലേ?”

“ഇല്ല.. മകന്റെ കാര്യം പറഞ്ഞപ്പോൾ അങ്ങനെയവർ പറഞ്ഞിട്ടേയില്ല”.

സ്വയം മറന്ന്‌ തർക്കിച്ചപ്പോൾ അഷറഫ്‌ ഒരുതരം ദുഃഖത്തോടെ ഞങ്ങളെ തടഞ്ഞു.

“ആമയായാലും മുയലായാലും നിങ്ങളിന്നലെ കഴിച്ച ഭക്ഷണത്തിൽ എന്തോ വിഷം കലർന്നിരുന്നു.!”

“മനസ്സിന്‌ പിടിക്കാത്തതെന്തോ കഴിച്ചതാവാമെന്നാണ്‌ ഡോക്‌ടർ പറഞ്ഞത്‌”

“നിങ്ങൾ ചാരായം കുടിച്ചെന്ന്‌ ഞങ്ങൾ കരുതി” അനീഷ്‌ പറഞ്ഞു.

“ഞാൻ ആമയിറച്ചി അദ്യമായാണ്‌ കഴിക്കുന്നത്‌”

“ഞാൻ മുയലിറച്ചിയും ആദ്യമായാണ്‌” ഹരീഷ്‌ അപ്പോഴുമെനിക്കു വിലങ്ങനെ നിന്നു.

“നിർത്ത്‌…..” അനീഷ്‌ ഒച്ചവെച്ചു. “നിങ്ങളിന്നലെ എന്ത്‌ കൂടോത്രത്തിന്റെ ഭക്ഷണമാണ്‌ കഴിച്ചത്‌?”

എന്റെ നെഞ്ചിലൊരു മിന്നൽ വിളഞ്ഞു. അടിവയറ്റിൽ ആമയ്‌ക്കും മുയലിനും മേലെ എന്തോ തികട്ടിവന്നു.

സത്യം തേടി…..

ആമയോ മുയലോ എന്ന തർക്കം ഞങ്ങളെ പുതിയൊരു വഴിത്തിരിവിലെത്തിച്ചു. എന്തോ കുഴപ്പമുണ്ടെന്നു നിശ്‌ചയം. സത്യമറിയണം, അതിനായി ഒരു പകൽ അവിടേയ്‌ക്ക്‌ പോകാൻ തീരുമാനിച്ചു. പലകാരണങ്ങളാൽ അതങ്ങനെ നീണ്ടുപോയി. മറ്റൊരു പരീക്ഷണത്തിനു മുതിരാതെ പരീക്ഷ കഴിയുംവരെ കാത്തിരുന്ന്‌ ഒരു തിങ്കളാഴ്‌ച്ച ആ ഉദ്യമത്തിനായി തയ്യാറെടുത്തു. അനീഷ്‌ ഒരു ഡിജിറ്റൽ ക്യാമറയും അഷറഫ്‌ ഒരു സ്‌റ്റിൽക്യാമറയും കരുതിയിരുന്നു.! ഞാനാകട്ടെ രഹസ്യമായി ഒരു കുരിശും.

തെരുവുവഴിയും പാലവും കടന്നു. പുഴ പതിവിലും വറ്റിയിരുന്നു. റബ്ബർതോട്ടം തുടങ്ങുന്നിടത്ത്‌ ഒരു കുഴഞ്ഞുമറിച്ചിൽ. വഴിതെറ്റുന്നതായി തോന്നി. കുറേ ഇടവഴികൾ. ഒന്നിൽനിന്നും പിരിഞ്ഞുവളഞ്ഞ്‌, അങ്ങനെ….

പക്ഷേ, ഏതിലെ പോകണമെന്ന്‌ ആരും ശങ്കിച്ചുനിന്നില്ല. നാട്ടുവഴികൾ പലതു പിന്നിട്ടു. പതിയെ വഴിതെറ്റിയെന്ന സംശയവും മാഞ്ഞുപോയി. അങ്ങനെ നടന്ന്‌ ഒരു പുഴക്കരയിലെത്തി. ഞങ്ങൾ പുഴവക്കത്ത്‌ നിന്നു. അതിന്റെ കുഞ്ഞോളങ്ങളിൽ കിളിർത്ത്‌ അനീഷ്‌ പറഞ്ഞു.

“എനിക്കീ പുഴയെ നല്ല പരിചയം തോന്നുന്നു”

എങ്ങനെ പരിചയമെന്ന്‌ അവനറിയില്ല. അവന്റെ നാട്ടിൽ ഇങ്ങനെയൊരു പുഴയില്ല. അവനാണെങ്കിൽ ഈ മലനാട്ടിൽ മുൻപ്‌ വന്ന ഓർമ്മയുമില്ല.

“പിന്നെങ്ങനെ പരിചയം?!!”

ഞങ്ങൾ നിന്നിടത്ത്‌ ഒരു കടവും തോണിയും ഉണ്ടായിരുന്നു. തോണിക്കാരൻ ഞങ്ങളെ ഉറ്റുനോക്കി. ആ പുഴയുടെ പേര്‌ ‘വള്ളിപ്പുഴ’യെന്ന്‌ അനീഷ്‌ പറഞ്ഞു. കടത്തുകാരൻ അതു ശരിവച്ചു. അവൻ ആവേശത്തോടെ കടവിന്റെ മരപ്പടികളിറങ്ങി.

അവൻ പറഞ്ഞു.

“നമ്മളാദ്യം അക്കരെയെത്തുന്നു.”

നിറഞ്ഞൊഴുകുന്ന പുഴയിൽ കാറ്റയച്ച ഓളങ്ങളെ തുഴ വെട്ടിമുറിച്ചു.

അനീഷ്‌ സംസാരിച്ചുകൊണ്ടിരുന്നു.

പുഴയുടെ ഉത്ഭവസ്ഥാനത്താണ്‌ തടാകം. ജലകന്യകയുടെ സ്‌തുതിപ്പാട്ടിൽ വായുസഞ്ചാരം നിലച്ചുപോയ കരക്കാട്ടിൽ, കൈതത്തഴപ്പുകൾക്കിടയിൽ വനദുർഗ്ഗയുടെ പ്രതിഷ്‌ഠ. ജലകന്യകയുടെ മെയ്യനക്കത്തിൽ, അവളുടെ മനോഹര സാന്നിദ്ധ്യത്തിൽ വിരിഞ്ഞുനില്‌ക്കുന്ന താമരപ്പൂക്കൾ. ഇലകൾക്കുമുകളിൽ തുറന്നുണർന്ന ആമ്പൽപൂക്കൾ. അത്രയും മനോഹരമായൊരു സ്ഥലമില്ല. രാജകുമാരിയുടെ ഐതിഹ്യകഥയിൽ അവളെ വിഴുങ്ങിയ മുതല ഇന്നുമവിടെയുണ്ടത്രേ!

താമരപ്പൂക്കൾക്കിടയിൽ നീന്തിത്തുടിച്ച രാജകുമാരി.

അരയ്‌ക്കു താഴെ കാലുകൾ നഷ്‌ടപ്പെട്ട രാജകുമാരി.

ഒടുവിൽ വനദുർഗ്ഗയുടെ അനുഗ്രഹത്താൽ മത്സ്യത്തിന്റെ പാതിയുടൽകിട്ടി ജലകന്യകയായി. അക്കരെയിറങ്ങി ഞങ്ങൾ കടവുകൾ താണ്ടി. അനീഷിന്‌ ഓരോ കടവും അവിടെ വസിക്കുന്നവരെയും ചിരപരിചയം. നിരന്നുനിരന്ന്‌ ഓലവീടുകളും കടവിന്റെ പിൻവഴിയിൽ ഇല്ലിച്ചില്ലകളാൽ തീർത്ത വേലിക്കെട്ടും. കടവത്ത്‌ മാറുമറയ്‌ക്കാതെ കുളിക്കുന്ന പെണ്ണുങ്ങളുടെ പേര്‌ അവൻ നിരത്തി. ‘ചോതി’, ‘പാറു’, ‘മുറത്തി’. അവർ ഞങ്ങളെ കണ്ട്‌ മാറത്ത്‌ കൈമറ തീർക്കുകയോ, ഊളിയിട്ട്‌ മറയുകയോ ചെയ്‌തില്ല. ഇടവഴിയിലും വീട്ടുമുറ്റത്തും തെങ്ങിൻതോപ്പിൽ പശുക്കൾക്കിടയിലും കൊഴുത്ത മുലകളേന്തിയ പെണ്ണുങ്ങളെ കണ്ടു. ആണുങ്ങൾ എവിടെയെന്ന്‌ ഞങ്ങൾ അറിഞ്ഞില്ല. കുട്ടികളെയൊട്ടു തിരക്കിയതുമില്ല.

തടാകക്കരയിലെ ശാന്തമായ കാറ്റ്‌ വീശാൻ തുടങ്ങി. അവിടെ ജലത്തിമിർപ്പിൽ കുറേ മനോഹരാംഗികൾ നീരാടുന്നു. അവർ താമരയല്ലിയിൽ തൊട്ടുതഴുകി വനദുർഗ്ഗയ്‌ക്ക്‌ സ്‌തുതിപ്പാട്ടുപാടി പ്രതിഷ്‌ഠയിൽ പൂക്കൾ ഇറുത്തുവച്ചു. ആ ഗ്രാമത്തിലെ കന്യകമാരാണെന്ന്‌ അനീഷ്‌ പറഞ്ഞു. നീരാട്ടം ഒരു നേർച്ചയാണ്‌. കാലങ്ങളോളം യൗവ്വനവതികളും കന്യകമാരും ആയിരിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ഭീകരനായ മുതലയുടെ സാന്നിദ്ധ്യമുണ്ടെന്ന അറിവിലും അവർ കുളി മുടക്കിയില്ല.

തടാകം വിട്ട്‌ തിരികെയെത്തിയപ്പോൾ കാത്തുനില്‌ക്കുകയായിരുന്ന തോണിക്കാരന്റെ കണ്ണുകൾ സന്ധ്യയിലേയ്‌ക്ക്‌ മറിഞ്ഞു. കൊച്ചിരുട്ട്‌ പരന്നുതുടങ്ങി. ഞങ്ങൾ വളരെ ക്ഷീണിതരും തളർന്നുവീഴാൻ തുടങ്ങുന്നവരുമായിരുന്നു. എങ്ങനെയാണ്‌ ഹിൽപാലസ്സിലേയ്‌ക്കും യഥാക്രമം കിടക്കയിലേയ്‌ക്കും ഉറക്കത്തിലേയ്‌ക്കും എത്തിയതെന്നറിയില്ല.

ഉണർന്നപ്പോൾ ഞങ്ങൾ അത്ഭുതകരമായ നിമിഷങ്ങളെയോരോന്നും വിചിന്തനം ചെയ്‌ത്‌ വാചാലമായി. ഹരീഷ്‌ ചോദിച്ചു.

“തോണിക്കാരന്‌ മദ്യപന്റെ ഛായയുണ്ടായിരുന്നില്ലേ?”

“ഉണ്ടായിരുന്നു.” ഞാൻ പറഞ്ഞു.

“എന്തേ നമ്മളത്‌, അപ്പോൾ ഓർത്തില്ല”

ഞാൻ ചിന്തിച്ചു.

എന്തുകൊണ്ട്‌ അനീഷ്‌ ജലകന്യകയുടെ കഥ പറഞ്ഞപ്പോൾ ഞാനെന്റെ സ്വപ്‌നത്തെ മറന്നു. ആയിരിക്കുന്ന അവസ്ഥയെയും അന്വേഷിച്ചുപോയതിനെയും മറന്നു.

കണ്ടെത്തിയതിലേയ്‌ക്കു മാത്രമായി കണ്ണുകൾ. നമ്മൾ ഏതോ ഭ്രമാത്മകലോകത്തുകൂടി സഞ്ചരിച്ച്‌ ഇപ്പോൾ എല്ലാം ഓർത്തിരിക്കാൻ വിധിക്കപ്പെട്ടവർ.

നാം, നമ്മെ മറന്നുവോ?!

അതിശയത്തോടെ ഒരു കാര്യംകൂടി പറയട്ടെ ‘അനീഷിന്റെ ക്യാമറയിൽ പതിഞ്ഞത്‌ കുറേ റബ്ബർമരങ്ങളും പൊന്തക്കാടും മാത്രമായിരുന്നു..!’

Generated from archived content: story1_dec19_07.html Author: naveen_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here