പർദയ്‌ക്കുള്ളിലെ മുഖം

ഒരു തുടർച്ചകിട്ടാത്തവണ്ണം സ്ഥലകാലബോധപരിധികളെ ഉല്ലംഘിക്കുമാറ്‌ താങ്കൾ പറഞ്ഞ കഥ എന്നിൽ തിളച്ചുമറിയുകയാണ്‌. ശരിതന്നെ, ഒരു പാത്രസൂചന തരുക മാത്രമായിരുന്നില്ല താങ്കൾ ചെയ്‌തത്‌. കഥാപാത്രത്തിന്റെ പുടവ മുതൽ മുടിനാരുവരെയുള്ള ഉദാത്തവർണ്ണന ഞാൻ കേട്ടതല്ലേ!. ഞാനോർക്കുന്നു; ദഹിസർ ചർച്ചിൽനിന്നും നമ്മൾ നേരെ പോയത്‌ ബൊറീവല്ലിയിലുള്ള വൈൻഷാപ്പിലേക്കാണ്‌. രാത്രി വിലേപാർലേയിലുള്ള ഒരു ഡാൻസ്‌ബാറിൽ നിന്നും ബിയർ കുടിക്കുകയും ഒരാഢംബരഹോട്ടലിൽ തങ്ങുകയും ചെയ്‌തു. താങ്കൾ കുവൈത്തിൽ നിന്നും മുംബൈയിൽ ഞാൻ ജോലിചെയ്‌തിരുന്ന കമ്പിനിയുമായി ‘ന്യൂ കൺസ്‌ട്രക്‌ഷൻ എക്യൂപ്‌മെൻസിന്റെ’ വിപണന കയറ്റുമതികാര്യ പ്രാഥമിക ചർച്ചകൾക്കായി വന്നതാണ്‌. എന്നാൽ, താങ്കൾ ഒരു വലിയ സ്ഥാപനത്തിന്റെ എം.ഡി ആയിരിക്കുമെന്നോ ഒരു ധനാഢ്യനായിരിക്കുമെന്നോ താങ്കളുടെ പ്രായം മുപ്പത്തഞ്ചിനുമുകളിലായിരിക്കുമെന്നോ ഞാൻ കരുതിയിരുന്നില്ല. ഞാനൊരു ഗൈഡ്‌ മാത്രമായിരുന്നു. ഇന്നു ഞാൻ കുവൈത്തിലുണ്ട്‌. നാമിനിയെന്നെങ്കിലും കാണുമെന്ന ഉറപ്പില്ല. എങ്കിലും, ഇവിടെക്കാണുന്ന ഓരോ പർദാരൂപവും എന്നിൽ താങ്കളെയുണർത്തുന്നു.

ചിലനേരം ഗതകാലങ്ങളിലെ കടുത്ത ഓർമ്മപ്പൊട്ടുകളിൽ ഒരു തെളിനീർതുള്ളി കണ്ടെത്തുകയും നാമതിൽ ഊളിയിടുകയും ചെയ്യുന്നു. കൺമുന്നിലൂടെ കടന്നുപോകുന്ന ഓരോ കറുത്തരൂപവും അങ്ങനെ അനുപമമായ വികാരാവസ്ഥയ്‌ക്ക്‌ വഴിമാറുമ്പോൾ താങ്കൾ പറഞ്ഞുതുടങ്ങുക. അതെ, താങ്കൾ തന്നെ പറഞ്ഞുകൊൾക….

ഞാൻ ജോൺ മാത്യൂ. സർക്കാർ തലത്തിൽ ഉയർന്ന തസ്‌തികയിലേയ്‌ക്ക്‌ കയറ്റം കിട്ടിയ അമ്മച്ചിയോടൊപ്പം കണ്ണൂർക്ക്‌ വന്ന ബാല്യത്തിലാണ്‌ പർദയണിഞ്ഞ സ്ര്തീകളെ ആദ്യമായി കാണുന്നത്‌. അതൊരു റെയിൽവേസ്‌റ്റേഷനിലായിരുന്നു. പിന്നീട്‌ ഗൾഫിലും മറ്റുമായി അത്തരം ചിലരുമായി ഇടപഴകേണ്ടിവന്നെങ്കിലും സൽമ എന്ന പെൺകുട്ടി വേറിട്ടുനിന്നു. മംഗലാപുരത്ത്‌ എന്റെ ഔദ്യോഗിക ജീവിതത്തിന്റെയും യൗവ്വനത്തിന്റെയും പ്രാരംഭകാലത്ത്‌ ഞങ്ങൾ സഹപ്രവർത്തകരായി ജോലിചെയ്‌തിരുന്നു. ഇടപഴകലുകൾ ആഴപ്പെട്ട്‌ സംഭാഷണം കടമ്പകൾ ഭേതിക്കുമെന്ന്‌ തോന്നിയ ഒരവസരത്തിൽ അവൾ ചോദിച്ചു.

“നിങ്ങൾ പുരുഷന്മാരിലെല്ലാം ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നുന്നൂ അല്ലേ?” അവൾ എന്നെ നോക്കിയാണതു പറഞ്ഞതെന്നു തോന്നി. എന്റെ മിണ്ടാട്ടം പെട്ടെന്ന്‌ മുറിഞ്ഞുപോയി. എന്തുകൊണ്ടിങ്ങനെ ചോദിക്കുന്നെന്ന്‌ ഞാൻ തിരക്കിയില്ല. ഞാൻ പറഞ്ഞു.

“അതെ ശരിയാണ്‌ പക്ഷേ, എല്ലാവരിലും ഹിംസ്രജന്തുക്കളല്ല, മറിച്ച്‌ ഒരു പുഴയോരത്തുപോയി ഇളംപുല്ലു തിന്നണമെന്നുകൊതിക്കുന്ന സാധുമൃഗങ്ങൾ. ഭീതിയുണർത്തുന്ന ഒരു നിഴലാട്ടം കണ്ടാൽപോലും ഓടിയൊളിക്കുന്ന ഭീരുക്കൾ”

ഉത്തരംകേട്ട്‌ അവൾ പൊട്ടിച്ചിരിച്ചു. “ജോൺ നിന്നെക്കൊണ്ട്‌ തോറ്റു”.

ചിരിക്കുമ്പോൾ അവളുടെ മുഖത്തെമൂടിയ വേഷത്തലപ്പിൽ വെള്ളിയൊളികൾ മിന്നും. കട്ടിക്കണ്ണടയിലെ ഫ്ലാഷ്‌ബാക്ക്‌ വൃത്തങ്ങൾ പ്രകാശിക്കും. അതല്ലാതെ, ചിരിയുടെ ഉടലഴകുതേടി ഇഴകളുടെ തരി വിടവുകളിലൂടെ മുഖംപരതുമ്പോൾ അവിടെയവളുടെ തുറന്നുവച്ച നോട്ടമുണ്ടെന്ന ചിന്ത എന്റെയിമകളിൽ പരിഭ്രമമായ്‌ വെട്ടിത്തെളിയും. അവൾ വശംതിരിഞ്ഞിരിക്കുമ്പോൾ, ചെയറിന്റെ ലഘുസാന്ദ്രമായ കറക്കത്തിൽ അതിനെയൊരു കോണിലേയ്‌ക്ക്‌ കേന്ദ്രീകരിച്ച്‌ ഞാനങ്ങനെ വ്രതപ്രതിഷ്‌ഠനായിരിക്കുമ്പോൾ, അവൾ പെടുപെടെയൊന്ന്‌ തലവെട്ടിക്കുമ്പോൾ, ഞാനാകെ പിടഞ്ഞുപോകം.

പഠിപ്പിലും ജോലിസ്ഥാനത്തിലും ഏറെ മുന്നിലായിരുന്നെങ്കിലും ജോലിപരിചയത്തിൽ അവളെന്നെ കടത്തിവെട്ടി. ടൈപ്പ്‌റൈറ്ററിൽ അവളുടെ വിരലുകൾ പറന്നു. എന്റെ വർക്കുഷീറ്റും ടൈം ഷെഡ്യൂളും എന്നും അവൾ തന്നെ തയ്യാറാക്കി. ദിവസേന കോൺഫറൻസ്‌ റൂം ഒരുക്കിവെക്കുന്നതിലും അടിച്ചുവാരുന്ന സ്ര്തീകളെക്കൊണ്ട്‌ ജനാലകൾ തുടപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി. തുറന്നകാഴ്‌ച്ചയുള്ള ഞങ്ങളിൽ പലരും കണ്ടെത്താത്ത പലതും കണ്ടെത്തി. ഞാനവളെയൊരിക്കൽ ‘മൈന്യൂട്ട്‌ എറർ ഹണ്ടർ’ എന്നുവിശേഷിപ്പിച്ചു. ഒരു പർച്ചെയ്‌സ്‌ ലെറ്ററിൽ വന്ന പിഴവു കണ്ടെത്തിയപ്പോഴായിരുന്നു അത്‌. പക്ഷേ, പലതും അവൾ കണ്ടില്ല. ഒരിക്കൽ മുഖവാരത്തെ പുൽത്തകിടിയിലൂടെ നടന്നുവരുമ്പോൾ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക്‌ കണ്ടില്ല. ഭാഗ്യത്തിന്‌ വീണില്ല. ഞാൻ ചോദിച്ചു.

“അല്ലെങ്കിലേ പകുതി കണ്ണാണ്‌. അതാണെങ്കിൽ ഇരുട്ടുകൊണ്ട്‌ മറച്ചിരിക്കുന്നു. നോക്കി നടക്കണ്ടേ സൽമാ.”

“ആ ബൈക്ക്‌ അവിടെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും നടപ്പുവഴിയിലാണോ ബൈക്കു പാർക്കുചെയ്യുന്നത്‌.!”

“അവിചാരിതമായ തടസ്സങ്ങളെ പ്രതീക്ഷിച്ചായിരിക്കണം നമ്മുടെ നടത്തം.”

“അതുസാദ്ധ്യമല്ലല്ലോ, തുറന്ന കണ്ണുള്ളവർപോലും പലപ്പോഴും ഒന്നും കാണുന്നില്ല. അങ്ങനെയാണെങ്കിൽ അപകടമെന്ന വാക്കിനുതന്നെ പ്രാധാന്യം നഷ്‌ടപ്പെട്ടു പോകുമായിരുന്നു.”

ഞങ്ങളുടെ ബോസ്‌ നാസർസാറിന്‌ സൽമയെക്കുറിച്ച്‌ നല്ല അഭിപ്രായമാണ്‌. ഇടതടവില്ലാത്ത അവളുടെ സംസാരശൈലിയും തുളുവിലുള്ള പരിജ്ഞാനവുമാവാം അതിനു കാരണം. അവർ തമ്മിൽ തുളു പറയുന്നനേരം എനിക്കേറ്റം വിരസമാണ്‌.

“തുളു എങ്ങനെ പഠിച്ചു?.”

“കാസർകോട്‌ ജില്ലയിലെ ചില സ്ഥലങ്ങളിൽ പലമാതിരി ഭാഷകൾ സംസാരിക്കുന്നവരുണ്ട്‌. എന്റെ കുട്ടിക്കാലം ബദിയടുക്കയിലും കുമ്പളയിലും ഒക്കെയായിരുന്നു.”

“ഇംഗ്ലീഷും നന്നായി സംസാരിക്കുന്നല്ലോ”.

“ഉപ്പയോടൊപ്പം ഞാനും ചെറിയ അനിയനും ഉമ്മയും ഷാർജയിൽപോയി. അവിടുത്തെ തരക്കേടില്ലാത്തൊരു സ്‌ക്കൂളിൽ കുറച്ചുനാൾ പഠിക്കാൻ എനിക്കും സാധിച്ചു.”

“നിങ്ങൾ എത്ര മക്കളാണ്‌”

“ഞാനും രണ്ടനിയന്മാരും. ആദ്യത്തവൻ ബോംബെയിലാണ്‌”. പക്ഷേ, അവന്‌ ഞങ്ങളുമായി അത്ര ബന്ധമൊന്നുമില്ല. അവനെ വളർത്തിയതും മറ്റും ബോംബെയിലുള്ള ഇളയുപ്പയാണ്‌.“

”ചെറിയവൻ?“

”അവനിപ്പോഴെവിടെയെന്ന്‌ സത്യത്തിൽ എനിക്കറിയില്ല. കുറച്ചുകാലം സ്വർണ്ണകള്ളക്കടത്തെന്നൊക്കെ കേട്ടു. പോലീസുപിടിച്ചപ്പോഴാണ്‌ ഞങ്ങളറിഞ്ഞത്‌. അവനെ മൂത്താപ്പ പോർട്ട്‌ ബ്ലയറിലെ സുഹൃത്തിന്റെ അടുത്തേയ്‌ക്കയച്ചു. ആളവിടുന്നും മുങ്ങി. അത്രയേ എനിക്കറിയൂ.“

അപ്പോൾ സൽമയുടെ കൈവിരലുകളിൽ ഒരു വിഷാദം പിരിഞ്ഞുവളരുന്നത്‌ ഞാൻ കണ്ടു.

”ഉപ്പയുണ്ടായിരുന്നെങ്കിൽ അവനിങ്ങനെ ആവില്ലായിരുന്നു. അവൻ നല്ല കുട്ടിയായിരുന്നു.“

”ഉപ്പ?“

”കാറപകടത്തിലാണ്‌ മരിച്ചത്‌. മയ്യത്തുകൂടി ഞങ്ങൾ കണ്ടില്ല.“ അവളുടെ ശബ്‌ദത്തിന്റെ വ്യതിയാനം ഞാൻ ശ്രദ്ധിച്ചു. വിഷാദം അതിലേയ്‌ക്ക്‌ പടരുകയാണ്‌.

”ഉമ്മ മരിച്ചതോടെ ഞങ്ങൾ കുട്ടികൾ നാട്ടിലേയ്‌ക്കുപോന്നു. ഉപ്പയ്‌ക്കു ഞങ്ങളെ പറഞ്ഞയക്കാൻ തീരെ ഇഷ്‌ടമുണ്ടായിരുന്നില്ല. എല്ലാവരും നിർബന്ധിച്ചു. അന്ന്‌ ഉമ്മുമ്മ ജീവനോടെയുണ്ടായിരുന്നു. ഉപ്പ അസ്വസ്ഥനായിരുന്നു.“

”ഉമ്മ മരിച്ചത്‌?“

”ക്യാൻസറായിരുന്നു. വളരെ പെട്ടെന്ന്‌“

”ദുരന്തങ്ങൾ തുടർക്കഥപോലെ?!“

”അതേ ജോൺ, ഓരോ ദുരന്തവും ഓരോ കണ്ണിയാണ്‌. ഒന്ന്‌ അടുത്തതിന്‌ കാരണമായി….“ ദുരന്തത്തിന്റെ ഓർമ്മ അവളുടെ മുഖത്ത്‌ ംലാനത പടർത്തിയിരിക്കണം. അവൾ ബാത്ത്‌റൂമിൽ പോയിവന്ന്‌ പിന്നെയും ഇരുന്നു. അവളുടെ കൈവിരലുകൾ തെളിഞ്ഞെന്ന്‌ തോന്നി. അവളുടെ ശബ്‌ദം തെളിഞ്ഞെന്നു തോന്നി. അവൾ തെളിഞ്ഞെന്നു തോന്നി.

അവൾ പറഞ്ഞു. ”നമ്മളിനി സംസാരിക്കണ്ട ജോൺ“.

”എന്തേ?“

”ഈയിടെയായി എനിക്കൊരു നിയന്ത്രണവുമില്ല. നിന്നോടു സംസാരിക്കുമ്പോൾ പ്രത്യേകിച്ചും. നിനക്ക്‌ ബോറടിക്കുന്നുണ്ടോയെന്നുപോലും നോക്കുന്നില്ല“.

”സൽമയുടെ ശബ്‌ദം മനോഹരമാണ്‌. അതു കേട്ടുകൊണ്ടിരിക്കുന്നതും ഒരു ഭാഗ്യമല്ലേ.“

”സുഖിപ്പിക്കല്ലേ“. അവളുടെ ശബ്‌ദം കുണുങ്ങിവീണു. അവളിങ്ങനെ ഇടതടവില്ലാതെ സംസാരിക്കുന്നതിനു കാരണം ഓഫീസിലെ പ്രത്യേകമായ സാഹചര്യങ്ങളാവണം. രാവിലെയും വൈകിട്ടും വരുന്ന തൂപ്പുകാരിയും ബെല്ലടിച്ചാൽമാത്രം പ്രതികരിക്കുന്ന ഓഫീസ്‌ബോയിയും ഏറെയെത്തുന്ന ഫോൺകോളുകളും ബില്ലും കണക്കുമായിവരുന്ന ഏജന്റുമാരും പോസ്‌റ്റുമാനും കർമ്മത്തിന്‌ യാതൊരു വിഘ്‌നവും വരുത്താതെ കടന്നുപോകും. എന്നാൽ വല്ലപ്പോഴും നാസർസാർ വരുമ്പോൾ എന്നോടുള്ളതൊക്കെ കെട്ടുപോകും. പിന്നെ തുളുവിന്റെ പക്കമേളമാണ്‌. ഞാൻ കണ്ണുകളടച്ച്‌ ചെവിപൊത്തിയിരുന്നാലെന്തെന്ന്‌ ആലോചിക്കും. നാസർസാറിന്റെ മേൽമറയില്ലാത്ത ക്യാബിനിൽനിന്നും ചിരിയും പുളിച്ചുതികട്ടുംപോലത്തെ സംഭാഷണവും ഉയരുമ്പോൾ എനിക്കു​‍്‌ അസൂയയും സങ്കടവും വരും.

നാസർസാർ എന്നോടധികം മിണ്ടാറില്ല. ചിലപ്പോൾ അത്യാവശ്യമെങ്കിൽ വളരെ വടിവൊത്ത ഇംഗ്ലീഷിൽ നിർദ്ദേശങ്ങൾ വരും. ”ജോൺ, നിങ്ങൾ ബാഗ്ലൂരിൽ, കാലിക്കറ്റിൽ, ട്രിവാൺട്രത്ത്‌ ഇന്ന കമ്പനിവരെ പോയിവരണം“.

അങ്ങനെ പോകേണ്ടിവരുമ്പോൾ ഞാൻ സൽമയെക്കുറിച്ചോർത്ത്‌ എന്തെന്നില്ലാത്ത ആധിയിലായിരിക്കും. അവൾ ഒറ്റയ്‌ക്കാണല്ലോ അല്ലെങ്കിൽ ഒറ്റയ്‌ക്കല്ലല്ലോയെന്നൊക്കെ വെകിളിപിടിച്ച്‌ ചിന്തിക്കും. അവസരം കിട്ടുമ്പോഴൊക്കെ ഫോൺവിളിച്ച്‌ അന്വേഷിക്കും.

”കുഴപ്പമൊന്നുമില്ലല്ലോ?“.

”എന്തു കുഴപ്പം, കൂട്ടിന്‌ ജാനകിയമ്മയുണ്ട്‌“.

അവർക്കാണെങ്കിൽ തുളുവുമറിയാം. മുമ്പ്‌ ഓഫീസിൽ കുറേയാളുകൾ ഉണ്ടായിരുന്നു. ക്ലാർക്കുമാരും ടൈപ്പിസ്‌റ്റുകളും വെവ്വേറെ.

തൂപ്പുകാരി ജാനകിയമ്മ പറയും. ”ഒക്കെ നാസർസാറുമായി തെറ്റിപ്പിരിഞ്ഞു പോയതാ, പിന്നെ ഈ പെണ്ണ്‌ മാത്രമായി. ഇപ്പഴല്ലേ മോൻ വന്നത്‌.“

ഒരിക്കൽ സൽമ പറഞ്ഞു ”ജോണിന്‌ എന്നെക്കുറിച്ച്‌ നല്ല ശ്രദ്ധയുണ്ട്‌. നന്ദി.“

അന്നുരാത്രി യാദൃച്ഛികമായി സൽമയെയും അവളുടെ ഭർത്താവിനെയും മകളെയും നഗരത്തിൽവെച്ച്‌ കാണാനിടയായി. അവറൊരു ഇറച്ചിമാർക്കറ്റിൽനിന്നും പുറത്തേയ്‌ക്ക്‌ വരുകയായിരുന്നു. പർദാവേഷമാണെങ്കിലും സൽമയെ തിരിച്ചറിയാൻ ബുദ്ധിമുട്ട്‌ തോന്നിയില്ല. അവളുടെ നടത്തവും ഫ്ലാഷ്‌ബാക്ക്‌ കണ്ണടയും ഓരോ അടയാളമാണല്ലോ!.

എങ്കിലും, സൽമയെന്നെ ആദ്യം വിളിച്ചു. ‘ജോൺ….’. എന്നെ സംബോധന ചെയ്‌തു.

”ഇതു ജോൺ എന്റെകൂടെ ജോലിചെയ്യുന്ന….“

ഭർത്താവിന്‌ കൈകൊടുക്കുമ്പോൾ അവൻ പറഞ്ഞു ”അറിയാം ഇവൾ പറഞ്ഞിട്ടുണ്ട്‌.“

അവരുടെ മകൾ വസന്തകാലത്ത്‌ ഏറ്റവും നന്നായി പുഞ്ചിരിക്കുന്ന പൂവിനെപ്പോലെ നിന്നു. അവൾക്ക്‌ നാലുവയസ്സ്‌ തികഞ്ഞില്ലെന്ന്‌ സൽമ പറഞ്ഞു. ഞാനാ കുഞ്ഞുകവിളിൽ തലോടി. അവളങ്ങനെ മിനുങ്ങിചിരിച്ചുകൊണ്ട്‌ നോക്കിനിന്നു.

രാത്രിയിൽ ഞാനൊറ്റയ്‌ക്കായപ്പോൾ മുറിയുടെ ജനാലവാതിലുകളടച്ച്‌ കിടക്കയിൽ അമർന്നുകിടന്നപ്പോൾ സൽമയുടെ മകളെന്നെ വല്ലാതെ ബാധിച്ചു. ‘നല്ല ഭംഗിയുള്ള കുട്ടി. നല്ല കവിളുകൾ. നല്ല ചുണ്ടുകൾ. വിരിഞ്ഞുനില്‌ക്കുന്ന വിരാജിതസുമങ്ങളുടെ കണ്ണുകൾ’ അപ്പോഴെന്റെ ഉറ്റസുഹൃത്തുക്കളുടെ ഇനിയും ജനിച്ചിട്ടില്ലാത്ത പ്രേതരൂപങ്ങൾ ഭിത്തിയിൽ തെളിഞ്ഞുവന്ന്‌ അലറി. ‘ഭൂമിയിലേയ്‌ക്കുവച്ചേറ്റവും വൃത്തികെട്ടവൻ; ഒരു കൊച്ചുകുഞ്ഞിനെപ്പോലും വെറുതേ വിടുന്നില്ല.”

കുറ്റബോധം തെല്ലുമില്ലാതെ ആ രാത്രിയിൽ സൽമയുടെ മൂടിവയ്‌ക്കപ്പെട്ട മുഖത്തെ അവളുടെ മകളിലൂടെ വായിച്ചെടുത്തു. ഭർത്താവിന്റെ ഒരു രൂപവുമില്ല മകൾക്ക്‌. എല്ലാം സൽമയുടേത്‌. അവളുടെ ഭർത്താവിനോടെനിക്ക്‌ പുച്ഛം തോന്നി.

’നീചൻ. പെണ്ണുങ്ങളുടെ സ്വാതന്ത്രത്തിന്‌ പുല്ലുവിലപോലും നല്‌കാത്തവൻ. പിന്നീടുവന്ന ദിവസങ്ങളിൽ സ്ര്തീസ്വാതന്ത്ര്യം, മതം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാൻ തുടങ്ങി.

“സൽമാ , നിങ്ങളീവേഷം ധരിക്കുന്നത്‌ പുരുഷന്റെ സംതൃപ്തിക്കുവേണ്ടി മാത്രമല്ലേ. ഏതൊരു പെണ്ണിനും അവളുടെ സൗന്ദര്യം പ്രദർശിപ്പിക്കാനുള്ള വ്യഗ്രതയില്ലേ?”

അവൾ കൂടുതൽ ബുദ്ധിമതിയായി. “ഉണ്ടാവാം; പക്ഷേ, സ്വന്തം പുരുഷന്റെ സംതൃപ്തിയിൽ ആഹ്ലാദിക്കാത്ത എത്ര സ്ര്തീകളുണ്ട്‌?. അതല്ലേ പ്രധാനം.”

കൊണ്ടെത്തിക്കാനാഗ്രഹിച്ച കുരുക്കിൽ നിന്നും അവൾ വിദഗ്‌ദ്ധമായി വഴുതിമാറി. ഞാൻ പരുങ്ങിയിരുന്നപ്പോൾ അവൾ പറഞ്ഞു.

“പരമപ്രധാനം മനസ്സിന്റെ വിശുദ്ധിയാണ്‌”. “നാമിന്ന്‌ അശുദ്ധിയെന്നു വിളിക്കുന്നതെല്ലാം മനസ്സിൽ കടന്ന്‌ കുടിയിരുന്ന ശേഷമാണ്‌ പുറത്തുപോകുന്നത്‌.”

ഞാൻ കുരുക്കിന്റെ വട്ടം വലുതാക്കി അതിലൂടെ നോക്കി. അവൾ പ്രതിരോധത്തിന്റെ പാകപ്പെട്ട കരുവിനെ യുക്തമായ സ്ഥാനത്തേയ്‌ക്കുയർത്തി.

“ജോൺ, നമ്മളിനിങ്ങനെ സംസാരിക്കണ്ട. സംസാരിച്ചാൽ തെറ്റെന്ന്‌ ഞാൻ കരുതിയ കാര്യങ്ങളൊക്കെ തെറ്റിയെന്നു തോന്നും. എനിക്കങ്ങനെ ജീവിക്കേണ്ട.”

ദിവസം ചെല്ലുന്തോറും എന്റെ ചിന്താഗതികൾ മുറുകിവന്നു. രാത്രിയിൽ കാമത്തിന്റെ കടവിൽ ചെന്നിരുന്ന്‌ ചിന്തയുടെ ചീളെറിഞ്ഞ്‌ ഓളങ്ങളുണ്ടാക്കി. ഒന്നും തെറ്റല്ലെന്നും ചിലർക്കായിമാത്രം ചിലത്‌ വർഗ്ഗീകരിച്ച്‌ വച്ചിട്ടില്ലെന്നുമുള്ള വികടതത്വങ്ങൾ തഴച്ചുപൊങ്ങി. ഒരുദിവസം ഞാനവളെ കുടുക്കുമെന്നും അന്ന്‌ തൂപ്പുകാരിയും റൂംബോയിയും ഇല്ലാത്തൊരുനേരം ബലമായി ഭിത്തിയിലേയ്‌ക്ക്‌ ചേർത്തുനിർത്തി മൂടുപടം വലിച്ചുകീറുമെന്നും അവളുടെ സുന്ദരമുഖം ദർശിക്കുമെന്നും തൂങ്ങിത്തുടിച്ച ചെഞ്ചുണ്ടിൽ കടിച്ചമർത്തി അവളോടും അവളുടെ പുരുഷനോടും പ്രതിഷേധിക്കുമെന്നും സങ്കല്‌പിച്ചുകൂട്ടി. ഗുപ്‌തമാക്കിവച്ചതിലേയ്‌ക്ക്‌ തുളച്ചുകയറാൻ വെമ്പുന്ന ആവേശത്തിന്റെ മുള്ളുകൾ എന്നിലുണർന്നു. ദിവസങ്ങൾ കടന്നുപോയി. സൽമയുടെ ശബ്‌ദം കൂടുതൽ സരളമായെണെന്ന്‌ തോന്നി. അവൾ രാവിലെ വരുമ്പോൾ വൈകുന്നേരം നടന്നുപോകുമ്പോൾ ഞാൻ വിഹഗവീക്ഷണം നടത്തി. വെളുത്ത വാടകക്കാറുകളുടെ അരുകിലൂടെപോവുന്ന കറുത്ത സൽമ. നീലാകാശത്ത്‌ ഒറ്റയ്‌ക്കോടുന്ന കരിമേഖം. കറുത്തുപരന്ന ടാർറോഡിലെ വെയിൽതിളപ്പിൽ ഉടലിന്റെ മന്ദതാളം. നിഴലാട്ടം. അങ്ങനെ നോക്കിനില്‌ക്കെയാ ശാപത്തിന്റെ ദിനം വന്നെത്തി. കാമത്തിന്റെ ക്രുദ്ധവനത്തിൽ ഉറക്കം നഷ്‌ടപ്പെട്ട്‌ അലഞ്ഞുനടന്നൊരു ഹിംസ്രമൃഗം പല്ലുരുമ്മി.

എനിക്കു ക്ഷമനശിച്ചു. ഞാനവളുടെ കൈകളിൽ പിടിച്ചു. ഒന്നുകുതറിയപ്പോൾ വാരിപ്പിടിച്ച്‌ മുഖത്ത്‌ ആഞ്ഞാഞ്ഞു ചുംബിച്ചു.

അവൾ അനങ്ങിയില്ല. എനിക്കു ധൈര്യമേറി. മൂടുപടം വലിച്ചുയർത്തി വീറുകാട്ടി. കണ്ണട നിലത്തുവീണു. ഞാനാമുഖത്തേയ്‌ക്ക്‌ തറച്ചുനോക്കി വിറങ്ങലിച്ചു. അവൾ കടുത്ത അന്ധകാരത്തിൽ വീണെന്നപോലെ നിലത്തുപരതി.

‘സൽമാ’ യെന്ന്‌ ഒരിക്കൽ വിളിച്ചുപോയി. ആകെ പകച്ചുവിയർത്ത്‌ രണ്ടു പടി പിന്നോട്ടുമാറി. കണ്ണടച്ചില്ലിന്റെ വശങ്ങൾ ചിന്നി.

അവൾ ചോദിച്ചു. “എന്തേ നിർത്തിക്കളഞ്ഞത്‌”. വാക്ക്‌ ശരംപോലെ മിന്നി. അവൾ കരയാൻ തുടങ്ങി.

“എന്റെ ഭർത്താവിനെ സമ്മതിക്കണമല്ലേ?” “എന്റെ മകളെ സമ്മതിക്കണമല്ലേ?”

ചോദ്യങ്ങളോരോന്നും ഏന്നെ മുറിപ്പെടുത്തി. ഞാനെന്റെ കസേരയിൽ തളർന്നിരുന്നു. അവൾ ബാത്ത്‌റൂമിൽ പോയി മൂടുപടം ശരിയാക്കി വന്ന്‌ ജോലി തുടർന്നു. കണ്ണടയിൽ മിന്നൽപ്പിണർ, സൂര്യന്റെ തെറിച്ചനോട്ടം.

ഞങ്ങൾ പിന്നൊന്നും സംസാരിച്ചില്ല. അടുത്തദിവസങ്ങളിൽ അവൾ വന്നില്ല. എനിക്കു ദുഖവും ഭീതിയും തോന്നി. നാസർ സാറിന്റെ കോളുകൾ. ജാനകിയമ്മയുടെ നിസാരമല്ലാത്ത ചിരി. റൂംബോയിയുടെ കണ്ണുകൾ താഴ്‌ത്തിയിട്ട നടത്തം. ഏജന്റുമാരുടെ ഇടതടവില്ലാത്ത വരവ്‌. എനിക്കു ഭീതിയേറിവന്നു.

എല്ലാവരും അറിഞ്ഞുകാണുമോ? അവളുടെ ഭർത്താവ്‌ അറിഞ്ഞുകാണുമോ?. എല്ലാനേരവും എന്നെ കുറ്റപ്പെടുത്തി സംസാരമായിരിക്കുമോ?. എനിക്ക്‌ ഓടിയൊളിക്കണമെന്ന്‌ തോന്നി. ഒന്നിനുമൊന്നും ശക്തികിട്ടിയില്ല.

സൽമയുടെ മുഖമെന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. പക്ഷേ, അവൾ വന്നപ്പോൾ ഒരേയൊരുചോദ്യം കൊണ്ട്‌ എന്നെ ശിക്ഷിക്കുകയും രക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്‌തു. ആഴമുള്ള നിരീക്ഷണങ്ങൾകൊണ്ട്‌ വിശദമായെന്നെ പഠിച്ചുകഴിഞ്ഞു.

അവൾ എന്നിലേയ്‌ക്കു കുനിഞ്ഞ്‌ സ്വരം വളരെ താഴ്‌ത്തി. “കുട്ടീ, മൃഗം ഉറങ്ങിയോ”

“ഉറങ്ങി.” പെട്ടെന്നെനിക്കു ചിരിയാണുവന്നത്‌. പിന്നെ കണ്ണുകൾ നിറഞ്ഞു.

“അയ്യോ, കുഴപ്പമായോ” അവൾ പരിതപിച്ചു.

ഞാൻ കണ്ണുകൾ തുടച്ച്‌ കസേരയിൽ മലർന്നിരുന്നു. അടച്ചിട്ട ജനാലയിലൂടെവരുന്ന നീലവെയിലിൽ പഴയ സൽമ. ഗ്ലാസ്സുമാറ്റിയ പഴയ കണ്ണട. അവിടെവച്ച്‌ ഞങ്ങളുടെ യഥാർത്ഥ സൗഹൃദം തുടങ്ങുകയായി.

വീട്ടിലേയ്‌ക്കു ക്ഷണം. നിരസിക്കാനാവില്ലല്ലോ. ചെങ്കൽപാറകൾക്കു നടുവിൽ വെട്ടുവഴിയിലൂടെ നടക്കണം. മദ്ധ്യാഹ്നവെയിലിൽ മയങ്ങിക്കിടക്കുന്ന പാറപ്പൂക്കൾ. പാറകളിൽ തൊണ്ടൻ കശുമാവുകളുടെ പരന്ന കിടപ്പ്‌.

ഞാൻ ചോദിച്ചു. “സൽമയുടെ മുഖത്തിനെന്തുപറ്റി?”.

“എന്റെ സ്വഭാവത്തിന്‌ ഞാൻ നേരത്തേ പറയേണ്ടതാണ്‌. പക്ഷേ, എല്ലാം മൂടിവയ്‌ക്കാൻ ഒരു കൊതി. ജീവിക്കാനുള്ള കൊതിപോലെ തന്നെ.”

“എന്നാലും….”

-പത്തൊൻപതാമത്തെ വയസ്സിൽ മുഖത്തേയ്‌ക്ക്‌ ആസിഡു കമഴ്‌ത്തുമ്പോൾ, നിന്നുതിളയ്‌ക്കുമ്പോൾ സൽമയ്‌ക്ക്‌ ഭ്രാന്തായിരുന്നോ?!

സൽമ ചെറിയ ചരൽകുന്നിലേയ്‌ക്ക്‌ മുൻകാലെടുത്തുവച്ച്‌ അണച്ചുനിന്നു. വാടിക്കുഴഞ്ഞ പാറപ്പൂക്കൾ ഒരുനിമിഷം ഞെട്ടിയെണിറ്റ്‌ കുഴഞ്ഞ്‌ മയങ്ങിവീണു. ചെങ്കൽപാറയുടെ ചൊറിക്കുഴികളിൽനിന്നും ഉരുളൻമണലുകൾ പൊടുന്നനെ തെറിച്ചുരുണ്ടുവീണു.

“ഭ്രാന്തായിരുന്നു!”

-ആദ്യഭർത്താവ്‌ നല്ലവനായിരുന്നില്ല. ഉമ്മയുമുപ്പയും ഇല്ലാണ്ടായപ്പോൾ എടപ്പാളിലെ മൂത്താപ്പയുടെ വീട്ടിലായിരുന്നു. ബിരുദപഠനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. എത്രയുമെളുപ്പം നിക്കാഹുകഴിഞ്ഞാൽ തലവേദനയൊഴിഞ്ഞെന്ന ചിന്തയിലായിരുന്നു മൂത്താപ്പ. പുതിയാപ്ല; കണ്ടാൽ പഞ്ചപാവം. ആദ്യമൊക്കെ ചെറിയതോതിലായിരുന്നു ഉപദ്രവം. കുറെയൊക്കെ ക്ഷമിക്കാൻ പഠിച്ചു. ഒരിക്കൽ റബ്ബർതോട്ടങ്ങൾ നിറഞ്ഞ മലമ്പ്രദേശത്തേയ്‌ക്ക്‌ അയാൾക്കൊപ്പം പോയി. അവിടെ മലങ്കാട്ടിലയാൾക്ക്‌ കഞ്ചാവുകൃഷിയിൽ പങ്കാളിത്തമുണ്ടായിരുന്നു. ടാപിംഗ്‌ തൊഴിലാളിയെന്ന വ്യാജേനയാണ്‌ താമസം. അട്ടിയിട്ട റബ്ബർഷീറ്റും പുകപ്പുരയും മുറ്റത്ത്‌ പുളിച്ചുനാറുന്ന കുഴമ്പുജലവും ഈച്ചകളും. രാത്രിയിലയാൾ കുടിച്ചുകൂത്താടിവരും. ഇരുട്ടിൽ കെട്ട പുകയുയരും.

സൽമ അങ്ങനെ ജീവിക്കേണ്ടവളായിരുന്നില്ല. ഉപ്പയുണ്ടായിരുന്നെങ്കിൽ……. കുറഞ്ഞപക്ഷം ഉമ്മയോ ആരെങ്കിലും…

പുകയുടെ കെട്ടഗന്ധം മുറിയിൽ നിറയുമ്പോൾ അയാൾ മണ്ണെണ്ണവിളക്കിന്റെ തിരികളുയർത്തിവയ്‌ക്കാൻ പറയും. തൊണ്ടയിൽ നിന്നും ഉരുളൻകല്ലുസ്വരങ്ങൾ മലയിടിഞ്ഞപോലെ വരും.

‘തുണിയഴിക്കീണ്‌ടി.’ അവളഴിക്കും. ‘കുത്തിയിരിക്കീണ്‌ടി’ അവളിരിക്കും.

കൈവിരലുകാട്ടണം. കാട്ടുന്ന വിരൽ ഞെക്കിയമർത്തി ചെമപ്പിക്കും. അതിൽ മൂർച്ചയുള്ള പാക്കുകത്തികൊണ്ട്‌ വരയും. രക്തം ചാടും. മണ്ണെണ്ണവിളക്കിന്റെ മഞ്ഞവെട്ടത്തിൽ അതിന്റെ നീലഹൃദയത്തിൽ ചോരയുംമുറിവും ചുട്ടെടുക്കും. അവൾ അലറിക്കരയും.

ആരുകേൾക്കാൻ…?! കേട്ടെങ്കിലും ആരുവരാൻ….?!.

അയാളതിൽ നക്കും. കരിഞ്ഞ രക്‌തത്തിന്റെ രുചിയുമായി അട്ടഹസിച്ചുകൊണ്ട്‌ ഉടലിലേയ്‌ക്ക്‌ പാഞ്ഞുകയറും. പകൽ മത്തിറങ്ങുമ്പോൾ മലയിറങ്ങിപ്പോയി അരിസാമാനങ്ങളും ഇറച്ചിയും വാങ്ങിവരും.

‘വെച്ചുണ്ടാക്കീണ്‌ടി’. വിരലുകളോരോന്നും മുറയ്‌ക്കു മുറിഞ്ഞും കരിഞ്ഞുമിരിപ്പാണ്‌. പച്ചയിറച്ചിയൽ കത്തിയുരയ്‌ക്കുമ്പോൾ അവൾ കൈവിരലുകൾ മറന്നുപോകും. അതിലേയ്‌ക്ക്‌ കട്ടിമസാലയിട്ട്‌ ഇളക്കേണ്ടതോർത്തു പകച്ചുനില്‌ക്കുമ്പോൾ ഉറക്കച്ചടവുള്ള കണ്ണുകളിൽ ഉരുൾപ്പൊട്ടും.

‘എവിടാണ്‌ടി പന്നീ’ യെന്ന ഒച്ചകേൾക്കുമ്പോൾ കൈകൾ അറിയാതെ പാഞ്ഞുപോവും. എങ്ങനെയാണ്‌ പിടിച്ചുനില്‌ക്കുക! വലിച്ചെറിഞ്ഞു കൈകുടയുമ്പോൾ തെറിച്ചുപോവുന്ന മാംസത്തുണ്ടും മസാലയും പോലെ ജീവിതവും പോവുകയാണ്‌. ഭിത്തിയിൽ തലയിടിച്ച്‌ മരിക്കാൻ.

ഒരു ദിവസം കഞ്ചാവുവേട്ടയ്‌ക്കു വന്ന പോലീസുകാരനുമായി കൈകോർത്തുപിടിച്ച്‌ അയാൾ വന്നു. പോലീസുവാനിന്റെ ഡ്രൈവറും കൂടെയുണ്ടായിരുന്നു. സൽമയുടെ ഇപ്പോഴത്തെ ഭർത്താവ്‌. അവളോട്‌ ആദ്യമായി സഹതാപം കാട്ടിയ ആൾ. അവളെ രക്ഷിച്ചവൻ.

അകത്ത്‌ കഞ്ചാവും കൂത്തും നടക്കുമ്പോൾ അവൻ പുറത്തു കാവൽനില്‌ക്കുകയായിരുന്നു. പെട്ടെന്ന്‌, ദയനീയമായ നിലവിളി കേട്ടു. പോലീസുകാരനും അയാളും ഇറങ്ങി എങ്ങോട്ടെന്നില്ലാതെ പരക്കംപാഞ്ഞു.

അവനവളെയും ചുമന്ന്‌ മലയടിവാരത്തിലേയ്‌ക്കോടി. സംഭവമറിഞ്ഞ്‌ സാഹതാപവുമായി മൂത്താപ്പയും ഇളയാപ്പയും മാമന്മാരും ആശുപത്രിയിൽ ചെന്നു.

“ഞാനവരുടെകൂടെ പോകണമായിരുന്നോ?” ചോദ്യം കഴിഞ്ഞപ്പോൾ സൽമയുടെ വീടിന്റെ പടിയെത്തിയിരുന്നു. അവൾ മൂടുപടമുയർത്തി കണ്ണടയൂരി. കണ്ണുതുടക്കുകയും മൂക്ക്‌ പിഴിയുകയും ചെയ്‌തു. മഴപെയ്‌തുതോർന്നൊരു വൈകുന്നേരംപോലെ അവിടെ തണലിന്റെ തണുപ്പ്‌ നിറഞ്ഞുപരന്നു. അവളുടെ ഭർത്താവിനു കൈകൊടുക്കുമ്പോൾ വലിയൊരു മനുഷ്യനെ വീണ്ടും സ്പർശിക്കാനായെന്ന്‌ മനസാ പറഞ്ഞു. അവളുടെ മകളുടെ കവിളിൽ തലോടുമ്പോൾ അങ്ങേയറ്റം വാത്സല്യം തോന്നി.

-കണ്ണിനു വിദഗ്‌ദ്ധ ചികിത്സ തേടണം, പ്ലാസ്‌റ്റിക്ക്‌ സർജറികൊണ്ട്‌ മുഖത്തിന്റെ കാര്യം നേരെയാക്കാം.

-അതിനൊക്കെ ഒരുപാടു പണം വേണ്ടേ?

-പണം ഉണ്ടാകും. ആശ്വസിക്കുക.

അതുപറയവെ സൽമയുടെ തുറന്നുവെച്ച മുഖത്ത്‌ ഹൃദ്യമായ പുഞ്ചിരി തെളിഞ്ഞു. ഭർത്താവിന്റെ കണ്ണുകൾ തിളങ്ങി.

കഥ താങ്കൾ പറയുന്ന രീതിയിലായിരുന്നെങ്കിലും എന്റേതായ നീട്ടിക്കുറുക്കലും മെഴുകുപുരട്ടലും ചായംപൂശലും അതിന്റെ സത്തയെ കളങ്കപ്പെടുത്തിയെങ്കിൽ പൊറുക്കുക. താങ്കളെന്നോട്‌ കഥപറഞ്ഞതിന്റെ വികാരവശം ഇവിടെ മനഃപൂർവ്വം ഗോപ്യമാക്കുകയാണ്‌. മനുഷ്യനിൽ പരിപൂർണസംതൃപ്‌തിയെന്തെന്നതിനെക്കുറിച്ച്‌ എനിക്കിപ്പോഴും വ്യക്‌തമായ ധാരണയില്ല. എനിക്കയച്ച അവസാന സന്ദേശത്തിലെ അറിവുവച്ച്‌ താങ്കളിവിടെ ജോലിചെയ്‌തിരുന്ന ഓഫീസ്‌ തേടിപ്പോകാനൊരുങ്ങി ഇബ്‌നേ ഖൽദൂൺ സ്‌ട്രീറ്റിലൂടെ നടക്കവെ ചെറിയ മഴപെയ്‌തു. കുവൈത്തിൽ മഴ വിരളമാണ്‌. കുറച്ചകലെ കറുത്ത കുടചൂടി മൂന്നുപർദയണിഞ്ഞ സ്‌ത്രീകൾ റോഡുമുറിച്ചുകടക്കാൻ ശ്രമിക്കുന്നു. അവർ പാക്കിസ്ഥാനികളായിരിക്കുമെന്ന്‌ ഞാൻ കരുതി.

Generated from archived content: story1_apr10_07.html Author: naveen_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here