ഒരു കവി തന്റെ മാത്രം
ഉണ്മയും അതിൻ
തനതായ ഉടലും തേടും
അനുകരണ വിചാരഭയത്താൽ
ഗുരുവിൽനിന്നു വിടചൊല്ലും
ഗുരുവില്ലെന്നും പറയും.
തന്റേതായ ശരീരം
അതിന്റേതായ ചലനം,
തന്റേതായ നയനം
അതിന്റേതായ നോട്ടം
തന്റേതായ വിചാരം
അതിന്റേതായ വികാരം
ആരുടെയെങ്കിലും
എടുപ്പോ,
തുടിപ്പോ,
നടപ്പോ വേണ്ട
വേഷവും വീക്ഷണവും
ദീക്ഷയും;
നോക്കുമ്പോൾ
ഒരു വിചിത്രമനുഷ്യനെപ്പോലെ
നിന്റെ ചന്തി
മനോഹരം
കുലുങ്ങുമ്പോൾ
മറ്റാരുടെയോയെന്ന്
പറയരുത്
അവനത് ചെത്തിക്കളയാൻ തോന്നും
അവന്റെ ഭാര്യ മനോഹരിയെന്ന്
പറഞ്ഞുകൊൾക.
ആരോടും സാദൃശ്യപ്പെടുത്താതിരിക്കുക
അവളുടെ
തല മുണ്ഡനം ചെയ്ത്
കരിതേച്ച് നടത്തിയാലെന്തെന്ന്
ചിന്തിക്കും
അവന്റെ
കുട്ടികൾ,
പട്ടികൾ പൂച്ചകൾ
അവനെപ്പോലെ
വിചിത്രമെന്ന്
പറഞ്ഞുനോക്കൂ
അവൻ നിങ്ങളെ
വാരിപ്പുണർന്നെന്നും
സൽക്കരിച്ചെന്നും വരും
അവന്റെ കാവ്യം
മറ്റൊരാളുടേതുപോലന്നെങ്കിൽ
ജനമധ്യത്തിരുന്നും
പരിസരം മറന്നും
പൊട്ടിക്കരയും
പുസ്തകമെല്ലാം
കത്തിച്ച്
പേനയെല്ലാമൊടിച്ച്
കുറച്ചുനാൾ
പന്നിക്കൂട്ടിൽ
വസിച്ചാലെന്തെന്ന്
ഊറ്റം കൊള്ളും
പുതിയ വാക്കുകൾ,
അതിൻ വൃത്തങ്ങൾ
കണ്ടെത്തിയാലെന്ന്
കൊതിക്കും
ഒരു നരകത്തിൽ
ജനിച്ചു വളർന്ന്…
ഒരുനാളിവിടെ
പൊട്ടിപ്പടർന്ന്….
അറിവും അക്ഷരവും
വീണുകിട്ടി….
അവൻ സ്വപ്നം കാണും,
തന്റേതായ സ്വപ്നം!
Generated from archived content: poem1_mar9_07.html Author: naveen_george
Click this button or press Ctrl+G to toggle between Malayalam and English