യുദ്ധക്കളം

പ്രതിയോഗിയുടെ

ചെവിയിലിരുന്ന്‌ യുദ്ധം.

രണഭേരിയും

ഘോഷങ്ങളും

അവനെ ബധിരനാക്കി.

അവരുടെ തീക്ഷ്‌ണബുദ്ധി!

സ്വന്തം കാതിൽനോക്കാൻ

ത്രാണിയില്ലാത്തവൻ.

പണ്ടവൻ

കീടങ്ങളുടെ

ചീറിപ്പറക്കൽ

കേട്ടിരുന്നു.

ശ്രുതിപഥം

മുറിച്ചറത്ത്‌ മാറ്റൊലി.

കാതരമായ നിസ്വനങ്ങൾ.

അലമുറയിടുന്ന അമ്മമാർ

അമ്മിഞ്ഞക്കറച്ചുണ്ടിലൂടെ

കരച്ചിൽശല്‌ക്കങ്ങൾ

വലിച്ചെടുത്ത്‌ കുഞ്ഞുങ്ങൾ.

കത്തുന്ന മരത്തിൽ

നെടുവായതുറന്ന്‌

തീതുപ്പുന്ന കിളിക്കൂട്‌.

ചുവന്ന പുഴയിൽ

കണ്ണുകലങ്ങിയ മീനുകൾ.

കർണ്ണപടം പൊട്ടി

ഒലിച്ചുപോയ പ്രതിരോധം.

ബുദ്ധിമാന്മാർ

അവനെ ബധിരനാക്കി.

കാഴ്‌ചയുടെ പ്രായോഗികത

നഷ്‌ടമായതും,

തലച്ചോറു പൊട്ടിത്തെറിച്ചതും,

ശബ്‌ദം അനർത്ഥമായതും

കഴിഞ്ഞ്‌;

നാസികയിൽ നുരഞ്ഞും

വായിൽ പതഞ്ഞും

കണ്ണീരിൽ കുതിർന്നും

സിരകളിൽ പാഞ്ഞും

വിസർജ്ജ്യത്തിലുറഞ്ഞും

യുദ്ധം കളംവിടുമ്പോൾ

കെടുതിയുടെ

കണക്കുകുറിക്കാൻ

ചെവിത്തോണ്ടിയുമായി

ഞങ്ങളിൽ നിന്നൊരാൾ

അവനിലേയ്‌ക്ക്‌ പോകും!

Generated from archived content: poem1_mar7_08.html Author: naveen_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English