ഇല്ലംനിറ

പറഞ്ഞുതന്നത്‌ഃ അമ്മുത്തമ്പായി , എം.പി കാർത്ത്യായനിഅമ്മ

തയ്യാറാക്കിയത്‌ഃ വി.ആർ.മുരളീധരൻ, വി.സി.സുപ്രിയ, എം.കെ അജയൻ, പി.രഘു

ഇല്ലംനിറയിലെ പ്രധാന ഘടകം നെൽക്കതിരാണ്‌. ഓണം വിളവെടുപ്പു സംബന്ധിച്ച ഉത്‌സവമായതുകൊണ്ട്‌ ഓണാഘോഷത്തിന്റെ അഥവാ വിളവെടുപ്പിന്റെ പ്രാരംഭചടങ്ങായി ഇല്ലംനിറയെ കണക്കാകാം. പഴയകാലത്ത്‌ ജന്‌മിഭവനങ്ങളിൽ പാട്ടംപോലെ തന്നെ ഇല്ലം നിറയ്‌ക്കുവാനുളള കതിർ എത്തിക്കേണ്ടതും കുടിയനായ കർഷകന്റെ ചുമതലയായിരുന്നു.

ഇല്ലംനിറയുടെ ചടങ്ങുകളിൽ പ്രാദേശികവ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്‌. ചടങ്ങുകളിൽ മാത്രമല്ല ഇല്ലംനിറയുടെ വായ്‌ത്താരികളിലും. തൃശൂർ ജില്ലയിലെ ചെറുവത്തേരിയിൽ ഇല്ലംനിറയ്‌ക്കുളള ശുഭമുഹൂർത്തം കാലേക്കൂട്ടി നിശ്ചയിച്ച്‌ ആ ദിവസം പുലർകാലത്തു കുളിച്ച്‌ ഈറനായി പാടത്തുനിന്നും വിളഞ്ഞ നല്ല കതിർക്കുലകൾ ശേഖരിക്കുന്നു. തുടർന്നു മുറ്റത്തു ചാണകം മെഴുകി അരിമാവണിഞ്ഞു തയ്യാറാക്കിയ കളത്തിൽ ആലിന്റെയും മറ്റും ഇലകൾ കൊണ്ടുവന്ന്‌ അതിൽ നെൽക്കതിരുകളും നിവേദ്യാദികളും വെച്ചു പൂജിക്കുന്നു. അരയാൽ, പേരാൽ, പ്ലാവ്‌, മാവ്‌. ഇല്ലി, നെല്ലി, ഉഴിഞ്ഞ എന്നീ ഇലകളാണ്‌ കതിരിന്റെ കൂടെ ഇല്ലം നിറയ്‌ക്കാൻ ഉപയോഗിക്കുന്നത്‌.

നെൽക്കതിരുകൾ പാടത്തുനിന്നും കൊണ്ടുവരുന്ന സമയത്തു മുമ്പിൽ ദീപവുമായി സുമംഗലികളോ ബാലികമാരോ എതിരേൽക്കുന്നു. ആ സമയത്തു എല്ലാവരും ‘ഇല്ലംനിറ വല്ലംനിറ, പെരുവനത്തു ഇരട്ടയപ്പന്റെ കൊട്ടാരം നിറ, അവിടംപോൽ ഇവിടംനിറ’ എന്നു മൂന്നു പ്രാവിശ്യം ഉറക്കെ ചൊല്ലാറുണ്ട്‌. കതിർ പൂജക്കുശേഷം കതിരും മറ്റു ഇലകളും വാതിലിന്റേയും ജനൽവാതിലുകളുടെയും കട്ടിളപ്പടികളിൽ ചാണകത്തിൽ ചേർത്തി പതിച്ചുവെക്കുന്നു. പുറമെ അറ, പത്തായം, ഉരൽ, ആട്ടുകല്ല്‌ മുതലായവകളിലും തൊഴുത്ത്‌, കയ്യാല, കളപ്പുര മുതലായ ഉപഗൃഹങ്ങളിലും ഫലവൃക്ഷങ്ങളിലും കതിരുപതിക്കാറുണ്ട്‌.

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത്‌ കർക്കിടക സംക്രാന്തിക്ക്‌ ചേട്ടാ ഭഗവതിയെ ആട്ടിക്കളഞ്ഞതിനുശേഷം, നല്ല ദിവസങ്ങൾ നോക്കി തിട്ടപ്പെടുത്തിയശേഷം ആണ്‌ ‘നിറ’ നടത്തുന്നത്‌. നിറദിവസത്തിന്റെ തലേന്നാളോ അന്നു പുലർച്ചയ്‌ക്കോ അടിയാളരായ ചെറുമക്കൾ പാടത്തുനിന്നും വിളഞ്ഞകതിരുകൾ ഊരിയെടുത്ത്‌ കൊണ്ടുവന്ന്‌ പടിയ്‌ക്കു പുറത്തു വെയ്‌ക്കുന്നു. നിറയ്‌ക്കുളള കതിര്‌ അരിഞ്ഞെടുക്കരുതെന്നാണ്‌ പ്രമാണം. നിറദിവസം വീട്ടിലുളള കാരണവർ കുളിച്ചു ശുദ്ധമായി തറ്റുടുത്ത്‌ കിണ്ടിവെളളവും കത്തിച്ച നിലവിളക്കും പിടിച്ച്‌ രണ്ടുപേരോടു കൂടിച്ചെന്ന്‌ എതിരേറ്റു കൊണ്ടുവരുന്നു. തറ്റുടുത്ത ആൾ കതിർക്കുല (നെറവെല്ലം) തലയിൽ വെച്ചു കൊണ്ടുവരണം. കൊണ്ടു വരുമ്പോൾ

‘ഇല്ലം നിറ വല്ലം നിറ വട്ടി നിറ കൊട്ട നിറ

പത്തായം നിറ പെട്ടി നിറ ഉണ്ണിക്കുട്ടീടെ വയറു നിറ’

എന്നിങ്ങനെ എല്ലാവരും ചേർന്ന്‌ പറയുന്നു. കിണ്ടിവെളളം മുമ്പിൽ നടന്ന്‌ തളിച്ച്‌ ശുദ്ധമാക്കി വേണം വരാൻ. വിളക്കു പിടിച്ച ആളും നിറവെല്ലത്തിനു മുമ്പിലായി നടക്കണം. വീടിന്റെ ഉമ്മറത്ത്‌ അരിമാവുകൊണ്ട്‌ അണിഞ്ഞതിനുമേൽ കിഴക്കോട്ടു തിരിച്ചുവെച്ച നാക്കിലയിൽ കതിർക്കുലകൊണ്ടുവെയ്‌ക്കണം. പൂവ്‌, അരി, തിരി, നെല്ല്‌, പൂവട (മധുരം ചേർക്കാത്ത നാളികേരം വെച്ച്‌ ചുട്ടെടുക്കുന്ന അട) എന്നിവയും ധൂപദീപങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടാവണം. നിറയ്‌ക്കുന്ന ആൾ കിഴക്കോട്ടു തിരിഞ്ഞിരുന്ന്‌ വിഷ്‌ണുവിനെ മനസ്സിൽ നിനച്ച്‌ പൂജിക്കുന്നു. വിഷ്‌ണുവിന്റെ കൂടെ ഐശ്വര്യദേവതയായ ലക്ഷ്‌മിയും ഉണ്ടാകുമല്ലോ പൂജയ്‌ക്കുശേഷം അട പ്രസാദമായി കൊടുക്കുന്നു. പിന്നീട്‌ ആലിലയിൽ ചാണകം ഉരുളയാക്കിവെച്ച്‌ അത്‌ കതിർക്കുലയ്‌ക്കു മേൽ വെച്ചമർത്തി ‘നിറ’ തുടങ്ങുന്നു. ആദ്യം നിറയ്‌ക്കേണ്ടത്‌ നെല്ലറയും അരിപ്പെട്ടിയും ആണ്‌. പിന്നീട്‌ പുറത്തേക്കു തുറക്കുന്ന വാതിലുകൾക്കു മീതെയും നിറയ്‌ക്കുന്നു. അരിമാവിൽ മുക്കിയ കൈയ്യുകൊണ്ടും വൃത്താകൃതിയിലുളള വസ്‌തുക്കൾ അരിമാവിൽ മുക്കിയും വാതിലുകൾക്കും ജനലുകൾക്കും മീതെ അടയാളം പതിപ്പിക്കുന്നു. ഈ പാടുകൾ അടുത്ത കർക്കിടകസംക്രാന്തിക്ക്‌ വീടുകഴുകി വൃത്തിയാക്കുമ്പോഴേ മായ്‌ക്കുകയുളളൂ.

‘നിറ’യ്‌ക്കു ശേഷം നടത്തുന്ന ചടങ്ങാണ്‌ ‘പുത്തരി’. ‘ചെറുപുത്തരി’, ‘വലിയപുത്തരി’ ഇങ്ങനെ രണ്ടുതരത്തിൽ ഉണ്ട്‌. ചെറുപുത്തരിയിൽ പുന്നെല്ലിന്റെ അരി എടുത്ത്‌ ശർക്കര പായസം ഉണ്ടാക്കി കഴിക്കുന്നു. ചെറുപുത്തരിക്ക്‌ നെല്ല്‌ കുത്തിയാണ്‌ അരിയാക്കുക. പുഴുങ്ങുകയില്ല. വലിയ പുത്തരിയ്‌ക്കുളള നെല്ല്‌ പുഴുങ്ങിക്കുത്തി അരിയാക്കും. ഇതിന്‌ വിഭവങ്ങളോടുകൂടിയ സദ്യ ഉണ്ടായിരിക്കും. ചെറുപുത്തരിയ്‌ക്കു ശേഷമാണ്‌ വലിയ പുത്തരി സടത്തുക. ചെറുപുത്തരിയ്‌ക്കു നല്ല ദിവസം നോക്കണമെങ്കിലും അതിനുശേഷം നടത്തുന്ന വലിയ പുത്തരിക്ക്‌ ദിവസം നോക്കേണ്ടതില്ല. എങ്കിലും ഞായർ, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ നടത്താറില്ല. കർക്കിടക സംക്രാന്തിയിൽ തുടങ്ങുന്ന ഇല്ലം നിറയുടെ ചടങ്ങുകൾ പൂർണ്ണമാവുന്നത്‌ വലിയ പുത്തരിയോടു കൂടിയാണ്‌. വലിയ പുത്തരിയോടെ പുന്നെല്ല്‌ പഴയ നെല്ലാകുന്നു എന്നാണ്‌ വിശ്വാസം.

ഉത്തരകേരളത്തിൽ നിറയ്‌ക്ക്‌ ആല്‌, മാവ്‌, പ്ലാവ്‌, പൊലുവളളി, കായൽ (മുള) തുടങ്ങിയ പത്തോളം ഇലകൾകൊണ്ട്‌ നിറയോളം കെട്ടിയാണ്‌ നിറ നടത്തുന്നത്‌. ഈ ഇലകൾ വട്ടപ്പലത്തിന്റെ ഇലയിൽ പൊതിഞ്ഞ്‌ തെങ്ങിന്റെ പാന്തംകൊണ്ട്‌ കെട്ടുന്നു. ഇത്തരം ഇരുപതോളം കെട്ടുകൾ ഉണ്ടാക്കി തുളസിത്തറയിൽ വെയ്‌ക്കുന്നു. പിറ്റേന്ന്‌ കതിർക്കതിർ തിരുകിവയ്‌ക്കുന്നു. പിന്നീട്‌ ‘നിറ നിറ പൊലി പൊലി, സോമേശ്വരി അമ്മയുടെ കൊട്ടാരം പോലെ’ എന്ന വായ്‌ത്താരി ചൊല്ലുന്നു.

പാലക്കാടൻ ഗ്രാമങ്ങളിൽ കർക്കിടകത്തിലെ കറുത്തവാവു കഴിഞ്ഞ ആദ്യത്തെ ഞായറാഴ്‌ചയാണ്‌ ‘നിറ’യുടെ മുഹൂർത്തം. കർഷകൻ അതിരാവിലെ മുങ്ങിക്കുളിച്ച്‌ ശുദ്ധമായി തേച്ചുമിനുക്കിയ അരിവാളോടെ പാടശേഖരത്തിലെത്തുന്നു. പഴുത്തു പാകമായ അമ്പതോളം നെൽക്കതിരുകൾ മുറിച്ചെടുക്കുന്നു.

‘നിറയോ നിറ നിറ നിറയോ നിറ നിറ

ഇല്ലം നിറ, വല്ലം നിറ വല്ലോട്ടിനിറ

നിറയോ നിറ നിറ പീലിക്കുന്നത്തെ

വൈക്കോൽ പോലെ നിറയോ നിറ നിറ’

എന്ന്‌ പറഞ്ഞു കതിർ കൊണ്ടുവരുന്നു. തുടർന്ന്‌ കതിരെല്ലാം ഒരു നാക്കിലയിൽ വെച്ച്‌ വീട്ടിലേയ്‌ക്ക്‌ പടിപ്പുറത്ത്‌ ചാണകം മെഴുകിയേടത്ത്‌ അരിമാവുകൊണ്ട്‌ കോലമണിഞ്ഞതിൽ നിറവളളികൾ കൊണ്ട്‌ ചുറ്റി ഒരു പീഠം ഒരുക്കിവെയ്‌ക്കും. കുന്നി, ഉഴിഞ്ഞ, കരിക്കൊടി, പാല തുടങ്ങിയവയാണ്‌ നിറവളളികൾ. പ്ലാവിന്റെയും മാവിന്റെയും കൊത്തിലകളും. ലഘുവായൊരു പൂജയ്‌ക്കുശേഷം കതിർ വീട്ടകത്തേയ്‌ക്ക്‌. രണ്ടോ മൂന്നോ കതിരുകൾ വളളികൊണ്ടോ ചെറിയ ചാണക ഉരുളകൾകൊണ്ടോ ഉമ്മറത്തൂണിലും നെല്ലറയിലും വാതിൽപ്പടികളിലും ഒട്ടിച്ചും കെട്ടിയും വെക്കുന്നു. ഒരു വർഷത്തെ ധാന്യസമൃദ്ധി വരുന്ന സംതൃപ്‌തി എവിടെയും.

തുടർന്ന്‌ കതിർ വെച്ച ആൾക്ക്‌ ധാന്യോപഹാരങ്ങൾ കൊടുക്കുന്നു. വർഗ്ഗവിഭിന്നത മറന്ന്‌ എല്ലാ വിഭാഗവും നിറയിൽ പങ്കുകൊളളും. മിച്ചവാരം തുടങ്ങിയവയുമായി ബന്ധപ്പെടുന്നതുകൊണ്ട്‌ ചിലയിടത്ത്‌ ക്ഷേത്രങ്ങൾക്ക്‌ ഇതിൽ വലിയ ആധിപത്യവും താത്‌പര്യവും പങ്കാളിത്തവും കാണും.

തൃശൂർജില്ലയിലെ കണിമംഗലത്ത്‌ കർക്കിടമാസത്തിൽ ചേട്ടാഭഗവതിയെ ആട്ടിക്കളഞ്ഞ്‌ അഷ്‌ടമംഗല്യത്തോടുകൂടി ശ്രീഭഗവതിയെ വെക്കുന്ന ചടങ്ങുണ്ട്‌. നിറദിവസമാണ്‌ ഈ അഷ്‌ടമംഗല്യം എടുക്കുക. ആലില, മാവില, പ്ലാവില, ഇല്ലി, നെല്ലി, താള്‌, കൂവ ഇതൊക്കെ ഒരു തൂശനിലയിൽ നടുമുറ്റത്ത്‌കൊണ്ടുവെക്കുന്നു. ഒരു കുടത്തിൽ അരിയും പൂവും ഒരു കിഴി, നെല്ല്‌ ഒരു കിഴി, കുരുമുളക്‌ ഒരു കിഴി, മഞ്ഞൾ ഒരു കിഴി, അങ്ങനെ നാലു കിഴികൾ താളിന്റെ ഇലയിൽ കെട്ടി പൊതിഞ്ഞിടുന്നു. കുടത്തിൽ വെളളം വേണം. പിന്നീട്‌ കുടത്തിന്റെ വായ്‌ കെട്ടുന്നു. ശേഷം പൂജിക്കാനുളളവ കൊണ്ടുവെക്കുന്നു. ഇല്ലം നിറയ്‌ക്ക്‌ അടയുണ്ടാക്കണം.

നെല്ലിൽനിന്ന്‌ വലിച്ചെടുത്ത കതിര്‌ പടിയുടെ പുറത്തുകൊണ്ടുവെക്കുന്നു. അഷ്‌ടമംഗല്യത്തോടുകൂടി കതിര്‌ എടുത്തുകൊണ്ടുവരുമ്പോൾ

‘ഇല്ലം എ​‍ിറ വല്ലം നിറ പത്തായം നിറ വട്ടിനിറ കുട്ടനിറ

ഇല്ലത്തമ്മേടെ വയറുനിറ നിറ നിറ നിറയോ നിറ’

എന്നു പറയുന്നു. ഒരാൾ വിളക്കു പിടിക്കും. വിളക്കു പിടിച്ച ആൾ വീടിനുളളിലേക്കു മുമ്പു കയറുന്നു. എന്നിട്ട്‌വാതിൽ ചാരുന്നു. പുറത്തു നിൽക്കുന്ന ആൾ ഇടത്തേ കാലുകൊണ്ട്‌ ഓങ്ങി വലത്തേകാലുകൊണ്ട്‌ തളളിത്തുറക്കുന്നു. അകത്തു കടന്ന ആൾ അരിയും പൂവും നെല്ലും കൂടി പുറത്തുനിൽക്കുന്ന ആളുടെ മേൽ എറിഞ്ഞ്‌ അകത്ത്‌ കയറ്റുന്നു. എന്നിട്ട്‌ നടുമുറ്റത്ത്‌ പൂജിക്കുന്നു. വിറ്റേന്ന്‌ ഈ കുടത്തിൽ നിന്ന്‌ കുട്ടികളെകൊണ്ട്‌ പൊതിയെടുപ്പിക്കും. കുരുമുളകും മഞ്ഞളും കിട്ടിയാൽ നല്ലതാണ്‌. അരിയും പൂവും കിട്ടിയാൽ ദോഷമാണ്‌. ശേഷക്രിയയുണ്ടാകും എന്നർത്ഥം.

ദാരിദ്ര്യത്തിന്റെ കൊടും വറുതിയിൽനിന്നും വിളവെടുപ്പിന്റെ സുഭിക്ഷതയിലേയ്‌ക്കുളള സൂചകമാണ്‌ ഇല്ലംനിറ. ധാന്യക്കതിരുകളും ഇലകളും ഐശ്വര്യത്തിന്റെ പ്രതീകമായി നിത്യവും കണികാണാനായി വീട്ടിലെങ്ങും പതിയ്‌ക്കുന്നത്‌മൂലം കർഷകന്റെ മനസ്സിനു സംതൃപ്‌തിയുളവാകുന്നു. വിളവെടുപ്പിന്‌ മുമ്പ്‌ വീടും പരിസരവും ശുദ്ധമാ​‍്‌ക്കി വെക്കുന്നതുമൂലം ധാന്യസംരക്ഷണം സുഖകരമാകുന്നു. ഇല്ലം എന്നാൽ വീട്‌ എന്നും വല്ലം എന്നാൽ വിത്തു സൂക്ഷിക്കുന്ന പാത്രമെന്നുമാണല്ലോ അർത്ഥം. വീട്ടിലും ഭാവികാലത്ത്‌ കൃഷിക്കും മേന്മയും അഭിവൃദ്ധിയും കരുതിയാണ്‌ ഇത്തരം ചടങ്ങുകൾ നടത്തുന്നത്‌. ഇല്ലം നിറയോടനുബന്ധിച്ച്‌ ധാരാളം കതിർക്കുലകൾ ചേർത്തു മനോഹരമായി മെടങ്ങെടുക്കുന്ന കതിർക്കറ്റ പഴയകാലത്തു വീടുകളിൽ തട്ടിൽനിന്നും തൂക്കിയിടാറുണ്ട്‌. തേങ്ങയും മറ്റു കാർഷിക വിഭവങ്ങളായ മത്തൻ, വെളളരി, കുമ്പളങ്ങ എന്നിവയും ഇപ്രകാരമാണ്‌ സൂക്ഷിക്കാറുളളത്‌. ഇത്തരം വിഭവങ്ങളുടെ ദർശനം പോലും സ്വപ്രയത്‌നത്തിന്റെ മഹിമയെ കർഷകനെ നിരന്തരം ഓർമ്മപ്പെടുത്തിയിരിക്കണം.

Generated from archived content: illum-nira.html Author: nattariv-patana-kendram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English